news-details
കഥ

അലമാരയുടെ മുകളിലത്തെ തട്ടില്‍നിന്നും തടിച്ച ഫോട്ടോ ആല്‍ബം എടുത്ത് സുഷ്മിത കട്ടിലില്‍ വച്ചു. സൗകര്യപ്രദമായി ഒന്നിരുന്നിട്ട് അവള്‍ അതിന്‍റെ ആദ്യപേജ് മറിച്ചു. അതില്‍ അതാ അവള്‍ നില്ക്കുന്നു: ഒന്നാന്തരം കല്യാണസാരിയുടുത്ത്, അല്പമൊന്നു ചരിഞ്ഞ്, ലജ്ജയും പുഞ്ചിരിയും കലര്‍ന്ന മുഖത്തോടെ. അണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം വര്‍ഷങ്ങള്‍കൊണ്ട് അമ്മ സമ്പാദിച്ചെടുത്തതാണ്. അവളുടെ ഓരോ ജന്മദിനത്തിനും അവളുടെ ഇഷ്ടം പോലെ പാവയോ ഉടുപ്പോ അമ്മ വാങ്ങിച്ചുകൊടുത്തില്ല. പകരം ഒരു മാലയോ, കമ്മലോ, നെക്ലേസോ ഒക്കെ വാങ്ങി. സുഷ്മിതയുടെ കരതലം സ്നേഹത്തോടെ ഫോട്ടോകളുടെ മുകളിലൂടെ നീങ്ങി. ആദ്യമൂന്നു പേജുകള്‍ നിറയെ അവള്‍ പലപോസുകളില്‍ നില്ക്കുന്ന ഫോട്ടോകളായിരുന്നു. തലയില്‍ മുടിചൂടിയും അല്ലാതെയും, കണ്ണിമകള്‍ താഴേയ്ക്കാക്കി, ചിലപ്പോള്‍ നേരെനോക്കിയും ഒക്കെ കുറെയെണ്ണം. എത്ര ഒതുക്കവും സുന്ദരവുമായിരുന്നു അന്നു തന്‍റെ ശരീരം. എല്ലാംകൂടി ഒരു നാല്പത്തഞ്ചുകിലോ കാണും. പിന്നെ മുട്ടൊപ്പം നില്ക്കുന്ന കറുത്ത നീളന്‍ മുടി. പല വര്‍ഷങ്ങള്‍കൊണ്ട് തന്‍റെ അമ്മ സ്വര്‍ണ്ണം ശേഖരിച്ചു. താനാകട്ടെ കുറെ വണ്ണം ശേഖരിച്ചുവച്ചിരിക്കുന്നു. ഇന്നിപ്പോള്‍ അവളുടെ തൂക്കം എണ്‍പത്തഞ്ചു കിലോയാണ്. പിന്നെ പഴയ പ്രസരിപ്പും നീളന്‍മുടിയും എല്ലാം പൊയ്പോയിരിക്കുന്നു. സങ്കടം കൊണ്ടു ചിരിവരുമോ? എന്തായാലും അതാണവള്‍ ചെയ്തത്. ആല്‍ബത്തിലെ ബാക്കിയുള്ള ഫോട്ടോകള്‍ കാണാന്‍ അവള്‍ക്കു മനസ്സുവന്നില്ല. അതുകൊണ്ട് അതവള്‍ അടച്ചുവച്ചു.

ഇരുപത്താറുകൊല്ലങ്ങള്‍ക്കുമുമ്പാണ് റോയി ചൗധരിയുടെ കുടുംബം അവളെ പെണ്ണുകാണാനെത്തിയത്. ഒരു കുടുംബസുഹൃത്തു വഴിയാണ് അത് സംഭവിച്ചത്. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ പോലും ആവാത്ത വേഗത്തിലാണു കാര്യങ്ങള്‍ നീങ്ങിയത്. പാര്‍ത്ഥറോയി ചൗധരി ഒരു എഞ്ചിനീയറാണ്, ഉടനെ അയാള്‍ എം.ബി.എ പൂര്‍ത്തിയാക്കും -അയാളുടെ മാതാപിതാക്കള്‍ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ഡിഗ്രിക്ക് സുഷ്മിതയെടുത്തത് രാഷ്ട്രതന്ത്രവും ചരിത്രവുമാണ്. തനിക്കു പഠിക്കാന്‍ വലിയ കഴിവില്ല എന്ന് അവള്‍ക്കറിയാമായിരുന്നു. കോളേജില്‍നിന്ന് രക്ഷപെടുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ അവര്‍ ആശ്വാസം കൊണ്ടു. കാല്പനികതയായിരുന്നു അവളുടെ ഇഷ്ടലോകം. 'പ്രൈഡ് ആന്‍റ് പ്രെജൂഡിസി'ലെ വില്ല്യം സാര്‍സിയായിരുന്നു അവളുടെ ഹീറോ.

സാര്‍സിയെപ്പോലെ പാര്‍ത്ഥ? ഒരു പരിഹാസച്ചിരി വിടര്‍ന്നു അവളില്‍. ആദ്യത്തെ അഞ്ചുകൊല്ലങ്ങള്‍ അവള്‍ അയാളുമായി ചങ്ങാത്തം കൂടാന്‍ നോക്കി. പിന്നീട് അതവള്‍ ഉപേക്ഷിച്ചു. അയാളെന്നും ഒറ്റയാനായിരുന്നു. കേള്‍ക്കാനോ സംസാരിക്കാനോ കൂട്ടാക്കില്ല. അതിന് അയാള്‍ പറഞ്ഞ കാരണം താന്‍ എം.ബി.എ ചെയ്യുകയാണ് എന്നാണ്. പക്ഷേ ഇരുപത്താറുകൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ എം.ബി.എ പൂര്‍ത്തിയാക്കിയിട്ടില്ല.
മിക്ക ശനിയാഴ്ചകളിലും അത്താഴത്തിന് അയാളുടെ മൂന്നു സുഹൃത്തുക്കളുമുണ്ടാകും. അന്നേ ദിവസം വളരെ ശ്രദ്ധയോടെയാണ് പാര്‍ത്ഥ ഉടുത്തൊരുങ്ങിയിരുന്നത്. ചുളിവൊട്ടും വീഴാത്ത വെള്ളകുര്‍ത്തയും വിലകൂടിയ വാച്ചും അന്നയാള്‍ ധരിക്കും. പിന്നെ ഏറ്റവും നല്ല ആഫ്റ്റര്‍ ഷേവും പൂശും. സ്വീകരണമുറിയുടെ നടുക്കുള്ള മേശപ്പുറത്ത് അമര്‍ത്യസെന്നിന്‍റെയോ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെയോ ഒരു പുസ്തകം ചിലപ്പോള്‍ അയാള്‍ അശ്രദ്ധമായിട്ടെന്ന മട്ടില്‍ ഇട്ടിട്ടുണ്ടാകും. താനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നതാണ് അതെന്ന തോന്നലുണ്ടാക്കാന്‍ പുസ്തകത്തിന്‍റെ നടുക്ക് അയാള്‍ ഒരു ബുക്ക് മാര്‍ക്കും വയ്ക്കും. കൗതുകത്തോടെയാണ് സുഷ്മിത ഇതെല്ലാം വീക്ഷിച്ചത്. അയാളുടെ അതിഥികളെ പരിചരിക്കുന്നതോ അവര്‍ക്കു വച്ചുവിളമ്പികൊടുക്കുന്നതോ അവള്‍ക്കു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. പക്ഷേ അവരുടെ മുമ്പില്‍ വച്ച് അയാള്‍ അവളോട് സംസാരിക്കുന്ന രീതി അവള്‍ക്കു പൊറുക്കാനാകുമായിരുന്നില്ല.  മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉന്നതസ്ഥാനത്തായിരുന്നു ആ മൂന്നുപേരും. പാര്‍ത്ഥയാകട്ടെ ഒരുപാടുപുറകിലും.

ഭക്ഷണം വിളമ്പാന്‍ അവള്‍ അടുക്കളയില്‍ തയ്യാറെടുക്കുമ്പോള്‍ ചിലപ്പോള്‍ പാര്‍ത്ഥയുടെ പ്രഖ്യാപനം കേള്‍ക്കാം: "സുഹൃത്തുക്കളേ കപ്പലിതാ പുറപ്പെടാന്‍ തയ്യാറാകുന്നു. ഉടന്‍തന്നെ ഭക്ഷണം നിങ്ങളുടെ മുമ്പില്‍ എത്തിയിരിക്കും." തുടര്‍ന്ന് വലിയ പൊട്ടിച്ചിരി മുഴങ്ങും.

ഒരു ദിവസം, സുഹൃത്തുക്കള്‍ പോയതിനുശേഷം, സുഷ്മിത പാര്‍ത്ഥയോടു ചോദിച്ചു: "നിങ്ങളുടെ  സുഹൃത്തുക്കളുടെ മുമ്പില്‍ വച്ച് എന്തിനാണ് നിങ്ങളെന്നെ അപമാനിക്കുന്നത്?" പാര്‍ത്ഥ ആശ്ചര്യപ്പെട്ടു: "അപമാനമോ? ഞാന്‍ വെറുതെ കളിതമാശ പറയുന്നതല്ലേ?"

സുഷ്മിത പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നില്ല. പാര്‍ത്ഥ പഠിച്ചത് അതിലാണുതാനും. അതുകൊണ്ട് അവളുടെ ഇംഗ്ലീഷും ഉച്ചാരണശൈലിയുമെല്ലാമായിരുന്നു പാര്‍ത്ഥയ്ക്കു പരിഹസിക്കാനുള്ള മറ്റൊരു വിഷയം.
ഒരു ശനിയാഴ്ച രാത്രി തന്‍റെ സൗഹൃദസമ്മേളനത്തില്‍വച്ച് ഇനിമുതലുള്ള സൗഹൃദസന്ധ്യകളില്‍ ഭാസ്കറും ഉണ്ടാകുമെന്ന് പാര്‍ത്ഥ പ്രഖ്യാപിച്ചു. "ഭാസ്കറോ? ആ തടിയന്‍?" ഒരാള്‍ ആശ്ചര്യപ്പെട്ടു. "അതെ, അയാള്‍ തന്നെ. ആ പമ്പരവിഡ്ഢി. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായി അയാള്‍ വിലസുകയാണ്". "പോക്കറ്റുനിറയെ ഇഷ്ടം പോലെ കിമ്പളം കിട്ടുന്നുണ്ടാകണം. നമുക്കറിയാമല്ലോ ഇന്ത്യന്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ എത്തരക്കാരാണെന്ന്".

പിറ്റേ ശനിയാഴ്ച ഭാസ്കര്‍ എത്തി. 'ഉരുണ്ടുവന്നു' എന്നുപറയുന്നതാകും കൂടുതല്‍ ശരി. ശരിക്കും ഗോളാകൃതിയിലുള്ള ഒരാളായിരുന്നു അയാള്‍. എന്നാല്‍ അയാള്‍ ചിരിക്കുമ്പോഴാകട്ടെ സൂര്യനുദിക്കുന്നതുപോലെ തോന്നും. ചുറ്റും സന്തോഷം പ്രസരിപ്പിക്കാന്‍ അയാള്‍ക്കാകുമായിരുന്നു. ആദ്യത്തെ ആഴ്ച കൂട്ടുകാരുടെ എല്ലാ പരിഹാസങ്ങളും കളിതമാശകളും അയാള്‍ ശരിക്കും ആസ്വദിച്ചു. ചീട്ടുകളിക്കാന്‍ നാലുപേരുടെ ആവശ്യമേ ഉള്ളല്ലോ. അതുകൊണ്ട് പിറ്റേ ശനിയാഴ്ച ഭാസ്കര്‍ പ്രഖ്യാപിച്ചു: " എനിക്കൊന്നും ഇവിടെ ചെയ്യാനില്ലാത്തതുകൊണ്ട് ഞാന്‍ മിസ്സസ് പാര്‍ത്ഥയെ സഹായിക്കാന്‍ അടുക്കളയില്‍ പോകുന്നു."

അന്നുമുതല്‍ എല്ലാ ശനിയാഴ്ചയും സുഷ്മിതയെ അടുക്കളയില്‍ സഹായിക്കാന്‍ ഭാസ്കറുമുണ്ടാകും. പാചകവിധികള്‍ അവര്‍ പരസ്പരം പറഞ്ഞുകൊടുക്കും. ഭാസ്കറിനു പാചകം വലിയ ഇഷ്ടമായിരുന്നു. ടി.വി. പ്രോഗ്രാമുകളില്‍ അയാളേറെ ആസ്വദിച്ചത് പാചക പ്രോഗ്രാമായിരുന്നു. സാവധാനം അവരുടെ സംസാരം കുട്ടിക്കാലത്തെക്കുറിച്ചും യൗവ്വനകാലത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും പഴയ ഹിന്ദിഗാനങ്ങളെക്കുറിച്ചുമൊക്കെയായി. ഭാസ്കര്‍ ഒരു വിഭാര്യനാണെന്നു സാവധാനം സുഷ്മിതയറിഞ്ഞു. പത്തുകൊല്ലം മുമ്പാണ് ക്യാന്‍സര്‍ മൂലം അയാളുടെ ഭാര്യ അയാളെ വിട്ടുപോയത്.

"എന്തേ താങ്കള്‍ വീണ്ടും വിവാഹം കഴിച്ചില്ല?" സുഷ്മിത ചോദിച്ചു. "എനിക്കു പറ്റിയ ഒരാളെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍" അയാളുടെ മറുപടി കേട്ട്, എന്തോ വലിയ സന്തോഷത്താല്‍ അവളുടെ മുഖം ചുമന്നു. അന്നുമുതല്‍ ശനിയാഴ്ച വന്നണയാന്‍ അവള്‍ കാത്തിരുന്നു. "മിസ്റ്റര്‍ സഹായകന്‍" എന്നു പാര്‍ത്ഥയുടെ സുഹൃത്തുക്കള്‍ ഭാസ്കറിനു പേരുമിട്ടു,

ഒരു ശനിയാഴ്ച ഭാസ്കര്‍ സുഷ്മിതയോടു പറഞ്ഞു: "നാഗ്പൂരിലേയ്ക്ക് എനിക്കു സ്ഥലം മാറ്റമാണ്. ബുധനാഴ്ച പോകുകയാണ്" തന്‍റെ കണ്ണുകള്‍ നിറയുന്നത് സുഷ്മിത അറിഞ്ഞു. അവള്‍ പെട്ടെന്നു മുഖം തിരിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ഉറക്കമെണീറ്റ പാര്‍ത്ഥ ചായ കിട്ടാന്‍ വേണ്ടി ഉറക്കെ ഭാര്യയെ വിളിച്ചിട്ടും മറുപടി കിട്ടിയില്ല. "എന്തിന്‍റെ കുഴപ്പമാ ഇവള്‍ക്ക്? ഒന്നു വിളിച്ചാല്‍പോലും കേള്‍ക്കാതായല്ലോ."

അയാള്‍ ആളൊഴിഞ്ഞുകിടന്ന അടുക്കളയില്‍ വന്നു നോക്കിയപ്പോള്‍ മേശപ്പുറത്ത് ഒരു പോസ്റ്റ് കാര്‍ഡുകിടക്കുന്നതു കണ്ടു. മനോഹരമായ സൂര്യോദയത്തിന്‍റെ സുന്ദരമായ ഒരു ചിത്രം. കൂട്ടത്തില്‍ ഒരു ചെറുകുറിപ്പും.

"പ്രിയ പാര്‍ത്ഥ, എനിക്കു നിങ്ങളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ കാര്‍ഡെഴുതുന്നത്. ഞാന്‍ പോകുകയാണ്. ലോക്കര്‍ കാലിയാണെന്നതുകണ്ട് പരിഭ്രമിക്കേണ്ട. ഞാന്‍ എന്‍റെ ആഭരണങ്ങളെല്ലാം എടുക്കുന്നു. അഭിവാദനങ്ങള്‍. സുഷ്മിത."

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts