news-details
കവർ സ്റ്റോറി

സബര്‍മതിയില്‍ നിന്ന് ഒരു കിണ്ടി ജലം മാത്രം

പതിനഞ്ചടി നീളം, പത്തടി വീതി, ഇരുവശത്തും രണ്ട് വലിയ ജനാലകള്‍, രണ്ട് വാതിലുകള്‍. തീ ജ്വലിപ്പിക്കുവാന്‍ ഇഷ്ടികയില്‍ നിര്‍മ്മിച്ച അടുപ്പ്. ഒരു ക്ലോസറ്റ് ഉള്‍പ്പെടെ ചില്ലറ അനുബന്ധങ്ങള്‍. മസാച്ചുസെറ്റ്സിലെ ആരണ്യത്തില്‍ വാല്‍ഡന്‍ പൊയ്കയുടെ തീരത്ത് 1845-ല്‍ ഒരു കൊച്ചുവീട് നിര്‍മ്മിച്ചു, മൊത്തം ചെലവ് 28.12 ഡോളര്‍. ആ കുടിലില്‍ രണ്ടരവര്‍ഷക്കാലം ഏകാന്തവാസം അനുഷ്ഠിച്ചതിനുശേഷമാണ് തോറാ 'വാല്‍ഡന്‍' എഴുതിയത്. രണ്ടരവര്‍ഷക്കാലത്തെ ഏകാന്തവാസത്തിന്‍റെ വൈവിധ്യമാര്‍ന്ന നേരറിവുകളും നേരനുഭവങ്ങളും.  Reading, Sounds, Solitude, The bean feild, The village, The ponds  എന്നിങ്ങനെയൊക്കെ തിരിച്ചിട്ടുള്ള വാല്‍ഡന്‍ തുടങ്ങുന്നത് Economy എന്ന ഖണ്ഡത്തോടെയാണ്. എത്രയും സരളമായ, സുതാര്യമായ ഒരു സമ്പദ്ഘടനയില്‍ അത്രയും കാലം കഴിഞ്ഞ്, തോറാ വാല്‍ഡന്‍ പ്രകൃതിയുടെ നാനാഭാവങ്ങളില്‍ സ്വയം തേടി. സ്വയം അറിഞ്ഞു. ലോകത്തിനാകെ സ്വതന്ത്ര സരളമായ ജീവിതത്തിന്‍റെ സന്ദേശങ്ങള്‍ നല്‍കി. ധനത്തിന്‍റെ ആഗമനവിനിമയങ്ങള്‍ ഏറ്റവും കുറഞ്ഞ അവസ്ഥയില്‍ വസിച്ച് തോറാ ജിവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ലളിതമായ സമ്പദ്ഘടനയില്‍ ജീവിച്ചുകൊണ്ട് ജീവിതത്തിന്‍റെ വലിയ തുറസ്സുകള്‍ തേടി. രണ്ടരവര്‍ഷം കഴിഞ്ഞ് ജനപദജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന് വാല്‍ഡന്‍ അനുഭവവും ദര്‍ശനവും ലോകത്തിന് നല്‍കി. ധനത്തിന്‍റെയും സാമ്പ്രദായികമായ ജീവിതഘടനകളുടെയും നിഷേധമായിരുന്നു തോറായുടെ വാല്‍ഡന്‍ ജീവിതം.

തോറായുടെ 'സിവില്‍ നിസ്സഹകരണ' ത്തില്‍ വലിയ ധര്‍മ്മസമരങ്ങള്‍ ദര്‍ശിച്ച ഗാന്ധി ഏകാന്തമായ ആശ്രമങ്ങള്‍ പണിതില്ല. വലിയ ശ്രമങ്ങളുടെ മണ്ഡലമായിരുന്നു ഗാന്ധിയുടെ ആശ്രമങ്ങള്‍. മനുഷ്യന്‍റെ സമൂഹജീവിതത്തിന്‍റെയും വ്യക്തിജീവിതത്തിന്‍റെയും നേരായ ചേര്‍ച്ചകള്‍ ഗാന്ധി അവിടെ അന്വേഷിക്കുകയും പരീക്ഷിക്കുകയും ചെയ്തു. സബര്‍മതിയിലായാലും വാര്‍ധയിലായാലും ആശ്രമനിര്‍മ്മിതി സരളമായിരുന്നു. സാരള്യം നിറഞ്ഞ ആശ്രമവാസ്തുഘടനയിലും ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങളിലെ സരളവ്യവസ്ഥകളിലും ഗാന്ധി എത്രയോ പേരെ ഉള്‍ക്കൊണ്ടു. സബര്‍മതിയില്‍ നിന്ന് ഒരു കിണ്ടി ജലവുമായി നടന്നുവരുന്ന ഗാന്ധിയോട് "എന്തേ ഇത്ര കുറച്ച്........"  എന്നാരായവേ, "ഇത്രയേ എനിക്കാവശ്യമുള്ളൂ. ഒഴുകുന്നത് എത്രയോ ചരാചരങ്ങള്‍ക്കുവേണ്ടി" എന്ന് ഗാന്ധി പറഞ്ഞു.

കൊല്‍ക്കൊത്തയില്‍ മദര്‍ വസിച്ച മഠത്തിലെ ചെറിയ മുറിക്കു മുന്നില്‍ വിസ്മയത്തോടെ നിന്നിട്ടുണ്ട്. വീതികുറഞ്ഞ ഒരു കട്ടില്‍, ഒരു ചെറിയ ഡസ്ക്, ബഞ്ച് അത്രയുമേയുള്ളൂ. മദര്‍ അവസാനകാലത്ത് എഴുതിയിരുന്ന പേന, ഏതാണ്ട് മുപ്പത്തിയഞ്ച് വര്‍ഷമായി മദര്‍ എഴുതിക്കൊണ്ടിരുന്ന പേനതന്നെ. അതില്‍ മഷി നിറച്ച് വീണ്ടും. ആ ചെറിയ പ്രവൃത്തിതന്നെ എത്രയോ വലിയ സന്ദേശമാണ്. (നാം ദിനംപ്രതി എത്രയോ ലക്ഷം ഒഴിഞ്ഞ പേനകള്‍ ഭൂമിയിലേയ്ക്ക് വലിച്ചെറിയുന്നു!) ഭൗതികമായ സമ്പത്തിനെ ത്യജിക്കുന്നതുകൊണ്ടാവാം കാരുണ്യത്തിന്‍റെ മഹാസമ്പന്നതയില്‍, മദര്‍ പ്രാര്‍ത്ഥനാ നിരതമായത്.

* * * *

വലിയ ഭൗതിക പരിണാമങ്ങളിലൂടെ ലോകം മുന്നോട്ടുപോകുകയാണ്. മഹാവേഗമാര്‍ന്ന ജീവിതം. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന തിരക്കുകള്‍. ഇവിടെ ഓരോ വസ്തുവും അതിന്‍റെ അടിസ്ഥാനലക്ഷ്യം വിട്ട് മറ്റെന്തൊക്കെയോ ആയി പരിണമിക്കുന്നു. വീട് പാര്‍ക്കുവാനുള്ള ഇടമാണ്. എന്നാല്‍ ഇന്ന് വീട് പാര്‍ക്കുവാന്‍ മാത്രമുള്ള ഇടമല്ല, വീട് നമ്മെ പ്രതിനിധാനം ചെയ്യുന്നു എന്ന് നാം വിചാരിക്കുന്നു. കൂറ്റന്‍ മതിലുകളും എടുപ്പുകളും ആര്‍ഭാടങ്ങളും നിറഞ്ഞ വീട് ഒരുവനെ സമൂഹമദ്ധ്യത്തില്‍ പ്രത്യക്ഷവല്‍ക്കരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. വാഹനമെന്നത് ഇന്ന് നമ്മെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്ന ഒരു യന്ത്രസംവിധാനം മാത്രമല്ല. ഒരു കാര്‍ നിങ്ങളെ അല്ലെങ്കില്‍ എന്നെ സമൂഹമദ്ധ്യത്തില്‍ നിര്‍ണ്ണയം ചെയ്യുന്നുവെന്ന് നാം വിചാരിക്കുന്നു. ഇങ്ങനെ ഓരോ വസ്തുക്കളും അതിന്‍റെ അടിസ്ഥാന ഉപയോഗത്തില്‍ നിന്നുമാറി വ്യക്തികളുടെ പ്രതിഷ്ഠാപനങ്ങളായി മാറുന്നു. അതല്ലെങ്കില്‍ ആ വസ്തുക്കളെ സൃഷ്ടിക്കുന്ന ധനത്തിന്‍റെ പ്രത്യക്ഷമായി നാം നമ്മെ അടയാളപ്പെടുത്തുന്നു. ചുറ്റിനുമുള്ള കമ്പോളവും ജീവിതശൈലികളും അതങ്ങിനെതന്നെ എന്ന് നിങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അമിതമായ ധനം കൊണ്ട് സ്വയം അടയാളപ്പെടുത്തുവാന്‍ കഴിയും എന്ന വിചാരം പ്രധാനമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആ അടയാളപ്പെടുത്തലിനെ വീണ്ടും വീണ്ടും പ്രൗഢമാക്കുവാനും അലങ്കാരപ്പെടുത്തുവാനും നിരന്തരമായി നാം ശ്രമം തുടരുന്നു. അങ്ങനെ ധനത്തിന്‍റെ പൂര്‍ണ്ണവിധേയത്വത്തിലേയ്ക്ക് നാം നമ്മുടെ ജീവിതത്തെ ഉപേക്ഷിക്കുന്നു. അതിനായുള്ള അശാന്തപലായനങ്ങളില്‍ അകപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ നാം നമ്മുടെ മനസ്സില്‍ നിന്നുതന്നെ അകറ്റപ്പെടുന്നു.

* * * *

ധനത്തിന്‍റെ സമാഹരണമെന്നത് ജീവിതത്തിന്‍റെ മുഖ്യലക്ഷ്യമായിത്തീരുമ്പോള്‍ മറഞ്ഞുപോകുന്നത് ജീവിതത്തിന്‍റെ അനന്തമായ വൈചിത്ര്യഭംഗികളാണ്. ഇതിനായി മാത്രം ജീവിതത്തിന്‍റെ ഏറെ സമയവും വിനിയോഗിക്കപ്പെടുമ്പോള്‍, നഷ്ടമായിത്തീരുന്നത് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളുടെയും പാരസ്പര്യത്തിന്‍റെയും സ്നേഹസമയങ്ങളാണ്. ക്രമേണ എന്തും ധനാഗമമായി മാത്രം ബന്ധപ്പെട്ടുകൊണ്ടുള്ള ചിന്തയും പ്രവൃത്തിയുമായി മാറുന്നു. ഓഹരിക്കമ്പോളത്തിലെ അശാന്തജന്മങ്ങളായി അലഞ്ഞുമറഞ്ഞവര്‍ എത്രയോ പേരുണ്ട്. ലാളിത്യത്തില്‍ ഒരു ലാഘവഭാവമുണ്ട്. അനായാസതയുണ്ട്. അതില്‍ സ്വാതന്ത്ര്യത്തിന്‍റെ സമയസഞ്ചാരങ്ങളുണ്ട്. ധനത്തിന്‍റെ അമിതമായ കേന്ദ്രീകരണം ജീവിതത്തിന്‍റെ ലളിതയുക്തികളെയും ഘടനകളെയും തകര്‍ക്കുന്നു. സഹാനുഭൂതി (Compassion) എന്ന മനോഭാവം പുലരാതെ പരിസരങ്ങളിലെ ജീവിതത്തെ നമുക്കു കാണുവാന്‍ കഴിയില്ല. വര്‍ദ്ധിതധനമണ്ഡലം ഈ സഹാനുഭൂതിയെ ഇല്ലായ്മ ചെയ്യുന്നു. ക്രമേണ മനുഷ്യത്വത്തെയും.

* * * *

"ഒരിക്കല്‍ ഒരു ദൈവാന്വേഷി ഉണ്ടായിരുന്നു" - കസന്‍ദ് സാക്കിസിന്‍റെ സെന്‍റ് ഫ്രാന്‍സിസ് പറയുന്നു. "വര്‍ഷങ്ങളായി അയാള്‍ ദൈവത്തെ കാണാന്‍ കഴിയാതെ ഉഴലുകയാണ്. ഏതോ ഒരു പ്രതിബന്ധം എപ്പോഴും അയാളെ ചൂഴ്ന്നു. ആ നിര്‍ഭാഗ്യവാന്‍ വിതുമ്പി, നിലവിളിച്ചു, എല്ലാം വെറുതെ. ദൈവദര്‍ശനത്തില്‍നിന്നു തന്നെ തടയുന്നതെന്തെന്ന് അയാള്‍ക്ക് മനസ്സിലായില്ല. ഒരു പ്രഭാതത്തില്‍ അതിസന്തോഷത്തോടെ അയാള്‍ കിടക്കയില്‍നിന്ന് എഴുന്നേറ്റു. അയാളത് കണ്ടെത്തിയിരിക്കുന്നു. ഭംഗിയായി അലങ്കാരപ്പണികള്‍ ചെയ്ത ചെറിയ ഒരു കുടം. അയാള്‍ കൈവശം സൂക്ഷിച്ചിരുന്ന ഏകധനം. അത്രമേല്‍ സ്നേഹം അതിനോടയാള്‍ക്ക് ഉണ്ടായിരുന്നു. അയാള്‍ അതെടുത്ത് ആയിരം കഷണങ്ങളായി ഉടച്ചുകളഞ്ഞു. പിന്നെ കണ്ണുകള്‍ ഉയര്‍ത്തി, ആദ്യമായി ദൈവത്തെ കണ്ടു....."

ഉന്നതമായ നിരാസക്തിയെയും നിര്‍ധനത്വത്തെയും ഉദാഹരിക്കുവാന്‍ ഫ്രാന്‍സിസ് പറഞ്ഞ ഈ കഥ, സാധാരണ മനുഷ്യജീവിതങ്ങളിലും പുലരുന്നത് അതിനുള്ളിലെ സന്ദേശാത്മകത കൊണ്ടാണ്. ഗാര്‍ഹസ്ഥ്യത്തില്‍, അതിന്‍റെ പ്രായോഗികതയെക്കുറിച്ച് നമുക്ക് സംശയങ്ങള്‍ തോന്നാം. മുഴുവന്‍ പരിത്യജിച്ച് നിങ്ങള്‍ക്ക് ഒരു കുടുംബം നടത്തുവാന്‍ കഴിയില്ല. എങ്കിലും ചില അവശ്യഘട്ടങ്ങളില്‍ ഉന്നതമായ കര്‍മ്മങ്ങള്‍ക്കും സേവനത്തിനും വേണ്ടി പ്രിയമായത് ചിലത് ത്യജിക്കേണ്ടി വന്നേക്കാം. സമ്പന്നതയും ഭൗതിക വസ്തുപ്രളയവും മാത്രമാണ് ജീവിതത്തെ ആനന്ദമുള്ളതാക്കുന്നത് എന്ന സാമാന്യധാരണയ്ക്കെതിരെയുള്ള ഒരു സന്ദേശമാണത്. അമിതഭൗതികതയ്ക്കെതിരെയുള്ള ജാഗരൂകതയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്.

* * * *

സ്വത്ത് അല്ലെങ്കില്‍ ധനം സന്തോഷം നല്കണമെന്നില്ല എന്ന് സരതുഷ്ട്ര പറയുന്നുണ്ട്. ധനമുള്ളതുകൊണ്ടുമാത്രം ഒരു ധനികനും സന്തോഷവാനാകുന്നുമില്ല, മറ്റുള്ളവരുടെ സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നവനാണ് ഏറ്റവും സന്തോഷിക്കുന്നത് എന്ന് സരൗഷ്ട്ര പറയുന്നു.

എനിക്കറിയാവുന്ന ഒരാള്‍. അവിവാഹിതന്‍. എത്രയോ ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ്. പക്ഷേ ജീവിതത്തിന്‍റെ, ഏറെക്കുറെ അകാലം എന്നുപറയാവുന്ന അവസാനത്തില്‍ അവശനിലയില്‍ ആരോ ആശു പത്രിയിലെത്തിക്കവേ, അയാളുടെ ശരീരം നിര്‍ജലീകരണത്തിന് വിധേയമായിരുന്നുവത്രേ... ഡീ ഹൈഡ്രേഷന്‍. ഒടുവില്‍ ഒരു കുപ്പി ജലം വാങ്ങുവാന്‍കൂടി ആരുമില്ലായിരുന്നുവോ? സംഭരിച്ച ധനമത്രയും ആ മനുഷ്യനെ സംബന്ധിച്ച് അപ്രസക്തമായി. ആ ധനം സഹാനുഭൂതിയോടെ മറ്റുള്ളവര്‍ക്കായി ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലോ ?

കേരളം ഇത്രമേല്‍ സമ്പന്നമല്ലാതിരുന്നകാലത്ത് മനുഷ്യര്‍ തമ്മിലുള്ള പാരസ്പര്യം കൂടുതലായിരുന്നുവെന്ന് പറയേണ്ടിവരും. ചുറ്റുവട്ടത്തുള്ള വീടുകള്‍, മനുഷ്യര്‍- ഇവയൊക്കെ ഇന്ന് നമുക്ക് അത്രമേല്‍ പ്രധാനമല്ല. അയല്‍പക്കങ്ങള്‍ തമ്മില്‍ പഴയകാലത്തെ വിനിമയങ്ങള്‍ ഇന്നില്ല. തിരിച്ച് ഒന്നും ആവശ്യപ്പെടാത്ത പാരസ്പര്യങ്ങള്‍ ഇന്നു നാം വച്ചുപുലര്‍ത്തുന്നുമില്ല. എന്നാല്‍ സമ്പത്തിന്‍റെയും പദവികളുടെയും കാര്യത്തില്‍ അയല്‍വക്കങ്ങളുമായി മത്സരത്തിന് നാം തയ്യാറാകുന്നു. സ്വയം വിലയിരുത്തുന്നതുപോലും ചുറ്റുവട്ടത്തെ ജീവിതത്തോട് തുലനം ചെയ്തുനോക്കിയിട്ടാണ്. അയല്‍വീട്ടിലെ കുട്ടിയേക്കാള്‍ കേമന്‍ സ്വന്തം കുട്ടിയാണെന്ന് വിചാരിക്കുന്നു. അല്ലെങ്കില്‍ അതിനായി അവനെ/അവളെ മത്സരിപ്പിക്കുന്നു. താങ്ങാനാകുന്നതിനപ്പുറമുള്ള ശിക്ഷണങ്ങള്‍ നല്‍കുന്നു. അങ്ങനെ ധനത്തിനൊപ്പം മത്സരത്തിന് നിങ്ങളുടെ ഉമ്മറത്ത് ഒരു ഇരിപ്പിടം ലഭിക്കുന്നു. ക്രമേണ ജീവിതം ഭൗതികമായ ആനന്ദത്തിന്‍റേതുമാത്രമായിത്തീരുന്നു. ജീവിതത്തിന്‍റെ നൈസര്‍ഗ്ഗികതയും ലാഘവവും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നു. ഉള്ളില്‍ അശാന്തി വിങ്ങുന്നു. നിങ്ങള്‍ പാടുപെട്ട് ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് കുട്ടിയെ പഠിപ്പിക്കുമ്പോള്‍ ഒരിക്കല്‍ അതവന്‍ തിരിച്ചുനല്‍കണമെന്ന മോഹം ഗൂഢമായി ഉള്ളില്‍ പതിയിരിക്കുന്നു. പണം കായ്ക്കാന്‍ ഒരു മരം നടുന്നതുപോലെ നാം കുട്ടികളെയും നനച്ച് വളര്‍ത്തുന്നു. ബഹുവര്‍ണ്ണങ്ങളിലേയ്ക്ക് തുറക്കുന്ന ജീവിത ജാലകങ്ങളെല്ലാം അവനു മുന്നില്‍ അടയ്ക്കുന്നു. ഭാവികാലത്തിന് വേണ്ടി, അവനു വര്‍ത്തമാനകാലം നഷ്ടപ്പെടുന്നു. ധനവും പദവികളും ജീവിതവിജയത്തെ നിര്‍ണ്ണയിക്കുന്ന വ്യവസ്ഥയില്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ബാല്യം തന്നെ നഷ്ടപ്പെടുന്നു.

* * * *

പ്രപഞ്ചഭംഗികളില്‍ നിന്ന് ശാന്തി എന്നിലേയ്ക്ക് വരട്ടെ എന്ന് ഭാരതീയവേദങ്ങളില്‍ പ്രാര്‍ത്ഥനയുണ്ട്. ആകാശത്തിന്‍റെ ശാന്തി, വായുമണ്ഡലത്തിന്‍റെ ശാന്തി, ഭൂമിയുടെ ശാന്തി, ജലത്തിന്‍റെ ശാന്തി, ചെടികളുടെ ശാന്തി, മരങ്ങളുടെ ശാന്തി, ബ്രഹ്മത്തിന്‍റെ ശാന്തി, പ്രപഞ്ചത്തിന്‍റെ ശാന്തി, ശാന്തിയുടെ ശാന്തി- ഈ ശാന്തി എന്നിലേയ്ക്ക് വരട്ടെ എന്നു പ്രാര്‍ത്ഥന. ഇത് ധനത്തിന്‍റെ വലിയ ക്രയവിക്രയങ്ങളിലൂടെ നേടാവുന്ന ശാന്തിയല്ല. അത് ഭൂമിയിലേയ്ക്ക്, പരിസരങ്ങളിലേയ്ക്ക് സ്വയം വിനിമയം ചെയ്യുമ്പോഴുള്ള ശാന്തിയാണ്. ആരണ്യങ്ങളില്‍ ഋഷിമാര്‍ പുലര്‍ന്നുവന്ന സമ്പദ്വ്യവസ്ഥ ഏതാണ്? 'ഋഷിഖേത്തി'എന്ന് ഒരു കൃഷി വ്യവസ്ഥയുണ്ട്. മണ്ണിന്‍റെ ജൈവശേഷിയില്‍ മാത്രം വിശ്വസിച്ച് നൈസര്‍ഗ്ഗികമായി ചെയ്യുന്ന കൃഷി. ഈ രീതിയാണ് ഫുക്കുവോക്കയും മറ്റും പിന്നീട് കൃഷിദര്‍ശനമാക്കിയത്. 'ഋഷിഖേത്തി'യില്‍ ഉരുവം കൊള്ളുന്ന സരളസമ്പദ്വ്യവസ്ഥയ്ക്ക്, ഒറ്റപ്പെട്ട അനുകൂലനങ്ങള്‍ ഇന്ന് ലോകമാകെ ഉണ്ട്. 'ചെറുതെത്ര മനോഹരം' എന്ന് ഷൂമാക്കര്‍ പറഞ്ഞത് എഴുപതുകളുടെ പുനര്‍ചിന്തനങ്ങളുടെയും വേരുകളിലേയ്ക്കുള്ള മടക്കത്തിന്‍റെയും (back to roots) ഒക്കെ പ്രേരണ കൊണ്ടാണ്. എന്നാല്‍ ദശകങ്ങള്‍ പിന്നിടവേ നാം വീണ്ടും വലുതിന്‍റെ കലുഷമനോഹാരിതകളിലേയ്ക്ക് ചേക്കേറുന്നു, നാം നമ്മുടെ ആനന്ദം ഇന്ന് പണം കൊടുത്തുവാങ്ങുന്നു.

"പറയാനാവാത്ത അനന്തമായ നിധി നിങ്ങളില്‍ തന്നെയുണ്ട്. പ്രശ്നം ഒന്നുമാത്രമാണ്. നിങ്ങളത് നിങ്ങളില്‍ തന്നെ തിരയുന്നില്ല. നിങ്ങള്‍ നോക്കുന്നത് പുറത്തേയ്ക്കാണ്" എന്ന് മെഹര്‍ബാബ പറയുന്നുണ്ട്.

* * * *

ഗഡ്വാള്‍ ഹിമാലയത്തിലെ രുദ്രനാഥിലേയ്ക്കുള്ള മലകയറ്റം. ഹിമാലയവനങ്ങളുടെ സാന്ദ്രസൗന്ദര്യത്തിലൂടെയാണ് നടത്തം. ഗേവേശ്വറില്‍ നിന്ന് രണ്ട് ദിവസത്തെ നടത്തം കൊണ്ടേ രുദ്രനാഥിലെത്തു. ഒക്കെയും ഹിമാലയത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന ദൃശ്യങ്ങളിലൂടെ. ആടുകളെ മേയ്ച്ച് നടക്കുന്ന പഹാഡികളുടെ ചെറിയ കുടിലുകളിലാണ് ഇടയ്ക്ക് വിശ്രമം. കയറ്റത്തിന്‍റെ ക്ലേശത്തില്‍ അത്തരമൊരു കുടിലില്‍ ഞങ്ങള്‍ കയറി. പുറത്ത് മഴ ചാറുന്നുണ്ട്. നല്ല തണുപ്പ്. മേഘധൂമങ്ങള്‍ മരങ്ങള്‍ക്കും  മഴയ്ക്കുമിടയില്‍ പാറിനിറയുന്നുണ്ട്. കുടിലിന്‍റെ മൂലയില്‍ ചെറിയൊരടുപ്പ്. പഹാഡികളിലൊരാള്‍ ഗോതമ്പ് മാവ് കുഴച്ചു തുടങ്ങി. മറ്റൊരാള്‍ പുറത്തെ മഴയത്തേക്കിറങ്ങി, ചില ചെടികള്‍ പറിച്ചുവന്നു: അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചപ്പാത്തിയും പറിച്ചുകൊണ്ടുവന്ന കാട്ടുചീരയാല്‍ രുചികരമായ സബ്ജിയും കടുംചായയും. പുലര്‍ച്ചെ നടന്നുതുടങ്ങിയ ഞങ്ങള്‍, ഹിമവാന്‍റെ അനുഗ്രഹം പോലെ ലഭിച്ച ആ പ്രാതല്‍ സന്തോഷത്തോടെ കഴിച്ചു. എത്രയോ സരളമായ ആ അവസ്ഥയില്‍ ഞങ്ങള്‍ സുഖകരമായി പുലര്‍ന്നു. ലളിതമായ ആ സമ്പദ്ഘടന ഞങ്ങളെ വയര്‍നിറയെ ഊട്ടി. മഞ്ഞിറങ്ങുന്ന മലയോരങ്ങളിലേയ്ക്ക് ഞങ്ങള്‍ നടന്നുകയറി.

സമ്പത്തിന്‍റെ കേന്ദ്രീകരണം, സാമൂഹികമായ അവ്യവസ്ഥകള്‍ക്കും ഇല്ലായ്മകള്‍ക്കും ചൂഷണത്തിനും വഴിതെളിക്കുമെന്നത് യാതൊരു സാമ്പത്തികശാസ്ത്രവും പഠിക്കാതെ തന്നെ നമുക്ക് തിരിച്ചറിയാം. മതവും ആത്മീയതയും ഉള്‍പ്പെടെയുള്ള ഭൗതികാതീതം എന്നു നാം സാമാന്യേന വ്യവഹരിക്കുന്ന ഇടങ്ങളില്‍പോലും സമ്പത്തിന്‍റെ കേന്ദ്രീകരണമാണ് ഇന്ന് നടക്കുന്നത്. സമ്പത്തിന്‍റെ നിര്‍ബാധമായ ആഗമനത്തിലൂടെ നമ്മുടെ ആരാധനാലയങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും വ്യവസായവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന രീതി ഇന്ന് നിലവിലുണ്ട്. ലളിതമായ ദേവാലയ ഘടനകളില്‍ നിറഞ്ഞുനില്‍ക്കുന്ന സൗമ്യതയും ലാളിത്യവും ഭംഗിയും അന്തരീക്ഷവിശുദ്ധിയും അമിതമായ ആര്‍ഭാടങ്ങള്‍ നിറഞ്ഞ ദേവാലയങ്ങളില്‍ നമുക്ക് അനുഭവിക്കുവാന്‍ കഴിയില്ല. അധാര്‍മ്മികമായി സ്വരൂപിക്കപ്പെടുന്ന പണത്തിന്‍റെ ഒരു ഭാഗമാണ് പലപ്പോഴും ദേവാലയങ്ങളിലേയ്ക്ക് ഒഴുക്കപ്പെടുന്നത്. അതുവഴി ദാതാവിന്‍റെ സാമൂഹികമായ ബഹുമാന്യതയും കീര്‍ത്തിയും വര്‍ദ്ധിക്കുന്നു എന്ന് കരുതപ്പെടുന്നു. സൗമ്യദീപ്തമായ കല്‍മണ്ഡപങ്ങളെയും ശിലാശ്രീകോവിലുകളെയും ദൈവോന്മുഖമായ വാസ്തുകലയുടെ ധ്യാനഭാഗമായി കാണേണ്ടതാണ്. ലാളിത്യവും കലാസുഭഗതയും നിറഞ്ഞ ചില പഴയ പള്ളികളില്‍ ദൈവം മുഴങ്ങി നില്‍ക്കുംപോലെ തോന്നും. എന്നാല്‍ ഇതൊക്കെ ആര്‍ഭാടങ്ങളിലേയ്ക്ക് പരിണമിപ്പിക്കവേ, നാം ഉന്നതമായ ദൈവബോധത്തില്‍ നിന്നും അകന്നുപോകുകയാണ്. അശരണരുടെയും ആലംബഹീനരുടെയും ദൈവത്തിന് എങ്ങിനെയാണ് ആര്‍ഭാടം നിറഞ്ഞ ദേവാലയങ്ങളില്‍ വര്‍ത്തിക്കുവാന്‍ കഴിയുക? ദൈവത്തില്‍ നാം ഒരു ദുരാഗ്രഹിയുടെ മനസ്സ് വായിക്കരുത്.

* * * * 

ഇത്, ധനത്തിനെതിരെ, സമ്പത്തിനെതിരെയുള്ള സാക്ഷ്യങ്ങളല്ല, വിശേഷിച്ചും ഒരു കുടുംബഘടനയില്‍ സമ്പത്ത് പ്രധാനവുമാണ്. എന്നാല്‍ ധനമാണ് അന്തിമമായ, നിയാമകമായ മുഴക്കോല്‍ എന്ന ധാരണയാണ് തിരുത്തേണ്ടത്. ആസക്തി നിറഞ്ഞ പലായനങ്ങളാണ് ഒഴിവാക്കേണ്ടത്. തീക്ഷ്ണ ഭൗതികതയുടെ ഈ ലോകത്ത് ലളിതമായ ചുവടുവയ്പ്പുകളോടെ വഴിയോരം ചേര്‍ന്ന് പോകുക എന്നത് ശ്രമകരമായ ദൗത്യമാണ്.

രണ്ടരവര്‍ഷക്കാലത്തെ ഏകാന്തവും ലളിതവുമായ ആരണ്യവാസത്തിനുശേഷം തോറാ വാല്‍ഡന്‍ പൊയ്ക വിട്ടു. ' I had several more lives to live'എന്നാണ് തോറാ കാരണം പറഞ്ഞത്. ഒരുവന്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് നേര്‍ക്ക് ആത്മവിശ്വാസത്തോടെ നീങ്ങിയാല്‍, താന്‍ ഭാവന ചെയ്ത ജീവിതം നയിക്കണമെന്ന് ഉത്സാഹിച്ചാല്‍, സാധാരണ നിലയില്‍ പ്രതീക്ഷിക്കാനാവാത്ത വിജയങ്ങള്‍  സംഭവിക്കുമെന്ന് തോറാ വാല്‍ഡന്‍ ഫലശ്രുതിയില്‍ എഴുതുന്നുണ്ട്." "" He will live with the license of a higher order of beings. In proportion as he simplifies his life, the laws of the universe will appear less complex, and solitude will not be solitude, nor poverty poverty, nor weakness weakness''എന്ന് തോറാ വിശദീകരിക്കുന്നു. നമ്മുടെ ഇച്ഛാശക്തി പ്രധാനമാകുമ്പോള്‍, ധനം ഉള്‍പ്പെടെ എന്തും, ഏതു ദാരിദ്ര്യാവസ്ഥയും നമുക്ക് വിധേയമായിത്തീരുമെന്ന് തോറാ എന്നേ തെളിയിച്ചു. എല്ലാ ദിശയില്‍ നിന്നും വെളിച്ചം എന്നിലേയ്ക്ക് പകരട്ടെ എന്ന് ഉപനിഷത്ത്. മനസ്സിന്‍റെ ആകാശം സ്വതന്ത്രമാക്കി, പുതിയ വഴികളിലൂടെ നടന്നുതുടങ്ങുമ്പോള്‍, ഇതാ നാം നമ്മെയും മറ്റുള്ളവരെയും പരിസരങ്ങളെയും അറിയുന്നു. സബര്‍മതിയില്‍ നിന്ന് ഒരു കിണ്ടി ജലവുമായി നടന്നുവരുന്ന ഗാന്ധിയെ കണ്ടുമുട്ടുന്നു. ദാരിദ്ര്യവും സ്നേഹവും ശാന്തിയുമായി അസ്സീസിയിലെ തെരുവുകളിലലയുന്ന ഫ്രാന്‍സിസിനെ കണ്ടുമുട്ടുന്നു. 

You can share this post!

നാളേയ്ക്കായ്

മരിയ ജേക്കബ്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts