എന്തിനാണ് ആരാധനക്രമവുമായി ബന്ധപ്പെട്ട് ഇത്രയേറെ വാദകോലാഹലങ്ങള്‍? ഇത്രയേറെ പ്രാധാന്യമുള്ളതാണോ എന്തായാലും ഈ ആരാധനക്രമം എന്നത്? നിത്യവും അല്ലെങ്കില്‍ എല്ലാ ഞായറാഴ്ചയും ദിവ്യബലിക്ക് പോയതു കൊണ്ട് എന്തെങ്കിലും പറയത്തക്ക മാറ്റം പോയവ ര്‍ക്ക് പോവാത്തവരില്‍നിന്ന് കാണാനുണ്ടോ? വെറുപ്പ് പടര്‍ത്താനും ആശയപരമായി വ്യത്യസ്ത രായവരെ കൈയ്യേറ്റം ചെയ്യാനും തെറി വിളിക്കാനും അല്ലേ ആരാധനക്രമത്തെ ഹൃദയത്തോടടുക്കുന്ന വര്‍ക്ക് കഴിയുന്നുള്ളൂ? ഇതെല്ലാം ഇന്ന് പൊതുവേ ചോദിച്ചു കേള്‍ക്കപ്പെടുന്ന ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങള്‍ക്കുതന്നെ എന്തെങ്കിലും പ്രസക്തി യുണ്ടോ? ഒരന്വേഷണം ആവശ്യമില്ലേ?
സഭയുടെ ആരാധനയെയും ആരാധനയുടെ പരമരൂപമായ വി. കുര്‍ബാനയെക്കുറിച്ചും സഭാ പിതാക്കന്മാരും സഭാപ്രബോധനങ്ങളും കുറച്ചൊ ന്നുമല്ല പറയുന്നത്. അതുകൊണ്ടു മാത്രമല്ല, ദിവ്യകാരുണ്യത്തെക്കുറിച്ച് സുവിശേഷങ്ങളും മറ്റ് പുതിയനിയമ ഗ്രന്ഥങ്ങളും ഏറെ പ്രാധാന്യ ത്തോടെ തന്നെ ഏറെ പ്രതിപാദിക്കുന്നുണ്ട്, എന്നതുകൊണ്ടും ആയതിന് ക്രൈസ്തവ അസ്തി ത്വവുമായി അടര്‍ത്താനാവാത്ത ബന്ധം ഉണ്ടെന്ന് നിരീക്ഷിക്കണം. സഭാജീവിതത്തിന്‍റെ സ്രോതസ്സും പരമശൃംഗവുമാണ് ലിറ്റര്‍ജി എന്ന് നാം എപ്പോഴും കേള്‍ക്കുന്നതാണ്. എന്നാല്‍, സാക്രോസാങ്തും കൊണ്‍ചീലിയും (Sacrosanctum Concilium)എന്ന വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനക്രമത്തെ സംബന്ധിച്ച കോണ്‍സ്റ്റിറ്റ്യൂഷന്‍റെ 10-ാം ഖണ്ഡിക യില്‍ പറയുന്ന അതിന്‍റെ പൂര്‍ണ്ണ രൂപമനുസരിച്ച് 'സഭയുടെ പ്രവര്‍ത്തനമെല്ലാം ലക്ഷ്യം വക്കുന്ന പരമകോടിയാണ് ലിറ്റര്‍ജി; അതേസമയം, അവളുടെ എല്ലാ ശക്തിയും ഉറവയെടുക്കുന്ന സ്രോതസ്സു മാണത്.' എന്നുവച്ചാല്‍ സഭാമക്കളുടെ സര്‍വ്വപ്രവര്‍ ത്തനങ്ങളും ആരാധനയിലേക്ക് നയിക്കണം; സര്‍വ്വ പ്രവര്‍ത്തനങ്ങളുടെയും ശക്തി സ്രോതസ്സും ആരാധനയാവണം, എന്നല്ലേ?
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥ ത്തില്‍ നാം ഇങ്ങനെ വായിക്കുന്നുണ്ട്. 'പരിശുദ്ധ ആരാധനക്രമം സഭയുടെ പ്രവര്‍ത്തനത്തെ മുഴുവനായും ഉള്‍ക്കൊള്ളുന്നില്ല.' സുവിശേഷവല്‍ ക്കരണം, വിശ്വാസം, മാനസാന്തരം എന്നിവ അതിനുമുന്‍പായി ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍, അതിനുശേഷമാവട്ടെ, ആത്മാവിലുള്ള പുതിയ ജീവിതം, സഭയുടെ ദൗത്യത്തിലെ പങ്കാളിത്തം, അവളുടെ ഐക്യത്തിനായുള്ള ശുശ്രൂഷ എന്നി ങ്ങനെയുള്ള അതിന്‍റെ ഫലങ്ങള്‍ വിശ്വാസികളുടെ ജീവിതത്തില്‍ ഉത്പാദിപ്പിക്കാനും അതിനു കഴിയണം.' (1072)
എന്നാല്‍, മതബോധന ഗ്രന്ഥം ചുമ്മാ ഇങ്ങനെ യങ്ങ് പറയുകയല്ല, സാക്രോസാങ്ക്തും കൊണ്‍ ചീലിയും(SC) 9-ാം ഖണ്ഡിക ഉദ്ധരിച്ചുകൊണ്ടാ ണത് പറയുന്നത്. ആരാധനക്രമം എന്നാല്‍ എല്ലാമല്ല. അതിനുമുമ്പും പിമ്പും സംഗതികള്‍ ഉണ്ടാകേണ്ടതുണ്ട്. മാനസാന്തരം അതിനുമുമ്പ് ഉണ്ടായെങ്കിലേ ആരാധന ആരാധനയാവൂ. ആത്മാവിലുള്ള നവജീവിതവും കൂട്ടായ്മയും ഐക്യവും അത് ഉത്പാദിപ്പിക്കുകയും വേണം.
ഡിസംബറിന്‍റെ അന്ത്യനാളില്‍ തിരുസന്നിധിയി ലേക്ക് വിളിക്കപ്പെട്ട ബനഡിക്റ്റ് XVI പാപ്പാ കര്‍ദ്ദിനാള്‍ ആകുന്നതിനൊക്കെ വളരെമുമ്പ്, ഫാദര്‍ ജോസഫ് റാറ്റ്സിംങര്‍ ആയിരിക്കുമ്പോള്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ യുവതയുടെ വിപ്ലവശബ്ദമായിരുന്നു. നലം തികഞ്ഞ ദൈവ ശാസ്ത്രജ്ഞന്‍ എന്ന നിലയിലായിരുന്നു അദ്ദേഹം കൗണ്‍സിലിലേക്ക് കൊണ്ടുവരപ്പെട്ടതും അവിടെ ശക്തമായ സാന്നിധ്യമായതും. വര്‍ഷങ്ങള്‍ക്കു ശേഷം പിന്തിരിഞ്ഞു നോക്കി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഏറ്റവും വിലപ്പെട്ട സംഭാവനയെന്നത് 'പെസഹാ രഹസ്യ' - ത്തിന്മേല്‍ അടിസ്ഥാനമിട്ടതാണ് സഭ യുടെ ആരാധന എന്ന തിരിച്ചറിവും വീണ്ടെടു പ്പുമായിരുന്നു എന്നാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ രേഖകളിലെല്ലാം 'ക്രിസ്തുവിന്‍റെ പീഡാസഹനവും മരണവും ഉത്ഥാനവും' എന്നീ രഹസ്യങ്ങള്‍ പെസഹാ രഹസ്യങ്ങള്‍ എന്ന നില യിലാണ് നാം കാണുക. എന്നാല്‍, സിനഡാനന്തര വിചിന്തനങ്ങളിലും ദൈവശാസ്ത്ര നിലപാടു കളിലും 'ക്രിസ്തു രഹസ്യം' മുഴുവനും ചേര്‍ന്ന താണ് പെസഹാ രഹസ്യം എന്ന് കൂടുതല്‍ വിപുല മായ അര്‍ത്ഥമാനങ്ങള്‍ നമുക്ക് കാണാം. ആറാം നൂറ്റാണ്ടില്‍ മാര്‍പാപ്പയായിരുന്ന വി. ഗ്രിഗറി ദ് ഗ്രെയ്റ്റ് പറയും പോലെ 'നമുക്ക് സാബത്ത് എന്നാല്‍, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തു എന്ന വ്യക്തിയാണ്.'
ദിവ്യകാരുണ്യത്തെക്കുറിച്ചുതന്നെ ഒരു സിനഡ് വിളിച്ചു കൂട്ടിയത് ബനഡിക്റ്റ് XVI പാപ്പായുടെ കാലത്താണ്. 2005-ലെ സിനഡിനു ശേഷം പാപ്പാ യുടെ 'സാക്രോസാങ്ക്തും(sacrosanctum)കാരിതാ ത്തിസ്' (64) എന്ന പ്രബോധന രേഖയില്‍ ആരാധന ക്രമത്തിന്‍റെ രഹസ്യത്തെ പ്രബോധിപ്പിക്കുമ്പോള്‍ മൂന്നുകാര്യങ്ങള്‍ പ്രത്യേകം മാനിക്കേണ്ടതുണ്ട് എന്നദ്ദേഹം എടുത്തുപറയുന്നു.
1. പഴയ നിയമത്തിന്‍റെ മുഴുവന്‍ ചരിത്രവുമായി ബന്ധപ്പെട്ട് യേശുവിന്‍റെ ജീവിതത്തിലെ സംഭവ ങ്ങളുടെ, പ്രത്യേകിച്ച് പെസഹാ രഹസ്യത്തിന്‍റെ വ്യാഖ്യാനം.
2. ശുശ്രൂഷയിലെ അടയാളങ്ങളുടെയും ആംഗ്യങ്ങളുടെയും അര്‍ത്ഥങ്ങളുടെ വ്യാഖ്യാനം.
3. ആരാധനക്രമത്തില്‍ ആഘോഷിക്കുന്ന ആചാരങ്ങള്‍ ക്രിസ്തീയ ജീവിതത്തിലെ- അധ്വാനം, ഉത്തരവാദിത്തം, ചിന്തകള്‍, വികാര ങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, വിശ്രമം എന്നിങ്ങനെയുള്ള എല്ലാ തലങ്ങളിലും എപ്രകാരം സ്വാധീനം ചെലുത്തണം എന്നതിനെക്കുറിച്ചുള്ള ബോധനം.
മേലുദ്ധരിച്ച പ്രബോധന രേഖയില്‍ 'യേശുവിന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍'ക്കുകൂടി പാപ്പാ പ്രാധാന്യം നല്കുന്നതു ശ്രദ്ധിക്കുക. അതുപോലെ, ആരാധനക്രമം ജീവിതഗന്ധിയാ വണം - അത് മനുഷ്യ ജീവിതത്തിലെ അധ്വാനം, ഉത്തരവാദിത്തങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, വിശ്രമം എന്നിങ്ങനെ സമസ്ത മേഖലകളെയും സ്വാധീനിക്കേണ്ടതാണ് എന്നതു കൂടി നമ്മുടെ പര്യാലോചനയില്‍ പെടണം. സഭ യുടെ ആരാധനയും സഭയുടെ ജീവിതവും എണ്ണ യും വെള്ളവും പോലെ പരസ്പരം കലരാതെ മുന്നോട്ടു പോകേണ്ടവയല്ല, മറിച്ച് ഒന്ന് മറ്റൊന്നിനെ സ്വാധീനിക്കുകയും ഗുണപരമായി മാറ്റിത്തീര്‍ക്കു കയും ചെയ്യേണ്ടതാണ്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ നാം ഇങ്ങനെ വായിക്കുന്നു:
'സഭയുടെ ആരാധനയില്‍ മുഖ്യമായും തന്‍റെ പെസഹാ രഹസ്യമാണ് ക്രിസ്തു സൂചിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്നത്. ഭൂമിയിലെ അവന്‍റെ ജീവിതകാലത്ത് തന്‍റെ പ്രബോധനങ്ങ ളിലൂടെ യേശു തന്‍റെ പെസഹാരഹസ്യം പരസ്യമാക്കുകയും തന്‍റെ പ്രവൃത്തികളിലൂടെ അത് മുന്‍കൂട്ടി കാണിക്കുകയും ചെയ്തിരുന്നു.' ((CCC 1085) തീര്‍ച്ചയായും യേശുവിന്‍റെ പീഡാസഹനവും മരണവും ഉത്ഥാനവും അവന്‍റെ ജീവിതത്തിന്‍റെ സാരാംശം തന്നെയാണെന്നതില്‍ സംശയമില്ല. അവന്‍റെ ജനന- ജീവിത- പ്രബോധന- പ്രവര്‍ത്തന ങ്ങളുടെ ആകെത്തുകയായി നമുക്കതിനെ കാണാം. എന്നാല്‍, പീഡാസഹനവും മരണവും ഉത്ഥാനവു മാണ് പെസഹാരഹസ്യം - പെസഹാ രഹസ്യ മാണ് ലിറ്റര്‍ജി എന്നുപറയുമ്പോള്‍ അതിന് വേരു കള്‍ നഷ്ടപ്പെട്ടു പോകുന്നുണ്ട്. അങ്ങനെയായി പ്പോകുമ്പോള്‍ യേശുവിന്‍റെ പ്രബോധനത്തിലെ അഷ്ട ഭാഗ്യങ്ങളോ, പരസ്പരം സ്നേഹിക്കാനുള്ള കല്പനയോ, യേശുവിന്‍റെ ദൗത്യത്തിന്‍റെ കേന്ദ്ര മായി അവന്‍ മുന്നോട്ടുവച്ച ദൈവരാജ്യമോ നേരിട്ട് സൂചിപ്പിക്കാതെതന്നെ നമ്മുടെ കുര്‍ബാന പൂര്‍ത്തിയാകും. നാലുഭാഗത്തുനിന്നും ഒറ്റതിരി ഞ്ഞുവന്ന്, ദേവാലയത്തില്‍ ഒരുമിച്ചുനിന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലി, ദിവ്യകാരുണ്യം സ്വീകരിച്ച ജനം, ഒരുമിച്ച് ചേര്‍ന്ന ആരോടും ഒരു വാക്കു പോലും പറയാതെ, ഒരല്പം പോലും സ്നേഹം പങ്കിടാതെ, ഒറ്റതിരിഞ്ഞുതന്നെ പലവഴി പോവു കയും ചെയ്യുന്ന ദുരന്തം ഉണ്ടാവും. ജീവിതത്തോട് കണക്റ്റ് ചെയ്യാതെയാകുമ്പോള്‍ അതിഭക്തിയുടെ വൈകാരികതയില്‍ ദിവ്യകാരുണ്യനാഥന്‍ ചുരു ങ്ങിപ്പോകും. നന്നായി പാടി ബലിയര്‍പ്പിച്ച സംതൃപ്തി ഏവര്‍ക്കും ഉണ്ടായിരിക്കുകയും ചെയ്യും.
യേശുവിന്‍റെ കുരിശിലെ ബലി, സ്നേഹ വിരുന്നിന്‍റെ കൂദാശ, ഐക്യത്തിന്‍റെ അടയാളം, ഉപവിയുടെ കെട്ടുറപ്പ് -ഒക്കെയാണ് ആരാധന എന്നും ഇവയെല്ലാം ക്രിസ്തു തന്‍റെ മണവാട്ടിയായ സഭയ്ക്ക് ഈ സ്നേഹകൂദാശയിലൂടെ പകര്‍ന്നു നല്കുകയാണെന്നും പറയുന്നുണ്ട്, സാക്രോസാ ങ്തും കൊണ്‍ചീലിയും ((SC)) (47). നൂറ്റാണ്ടു കളിലൂടെയുള്ള ആരാധനക്രമത്തിലെ രഹസ്യ ങ്ങളുടെ ചുരുളഴിക്കല്‍ എന്ന മിസ്റ്റഗോഗി (Mystagogy) വഴിയായി ഒത്തിരി ആശയസംപു ഷ്ടിയും അര്‍ത്ഥവൈപുല്യവും നമ്മുടെ ആരാധന ക്രമ അവബോധത്തില്‍ വന്നു ചേര്‍ന്നിട്ടുണ്ട്.
ആരാധനയില്‍ സംഭവിക്കുന്നത് എന്താണ്; ആരുടെ കര്‍മ്മമാണ് ആരാധന; എന്നിത്യാദി കാര്യങ്ങള്‍ അതിലെ രഹസ്യത്തെ വെളിവാക്കു ന്നുണ്ട്. പിതാവായ ദൈവമാണ് ആരാധനയുടെ ഉറവിടവും ലക്ഷ്യവും എന്ന് നാം സഭയുടെ പ്രമാണരേഖകളില്‍ വായിക്കുന്നുണ്ട്. പുത്രന്‍റെ ജീവിതബലിയാണ് നാം അനുഷ്ഠിക്കുന്നത് എന്നും പറയാം. ആയതില്‍ സംപ്രീതനാകുന്ന പിതാവ് നമ്മെ തന്നോട് ചേര്‍ക്കുകയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പുത്രനാണ് തന്നെത്തന്നെ സമര്‍പ്പിക്കുന്നത്. പുത്രന്‍ തന്നെത്തന്നെ നല്കുക യാണ് - തന്‍റെ പ്രിയപ്പെട്ട മണവാട്ടിക്ക്. അവള്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാ നുമാണ് പുത്രന്‍ തന്നെത്തന്നെ അവള്‍ക്ക് നല്കു ന്നത്. സഭക്കാണ് കൂദാശയും ബലികളും ആവശ്യ മുള്ളത്. സഭയാണ് തന്‍റെ നാഥന്‍റെ ഓര്‍മ്മയാ ചരിക്കുന്നത്. സഭ ആചരിക്കുന്ന ഓര്‍മ്മയിലേക്ക് പുത്രന്‍ ഇറങ്ങി വരികയും തന്നെത്തന്നെ നല്കുക യുമാണ്. പരിശുദ്ധാത്മാവാണ് പരിത്രാണകന്‍. പരിശുദ്ധാത്മാവിന്‍റെ ആവാസം തിരുശരീര രക്തങ്ങളുടെമേലും അതുപോലെ ദൈവജനത്തിനു മേലും ഒരുപോലെ ഉണ്ടാവുകയും ദൈവജനം പരിശുദ്ധാത്മ ആവാസത്തിലൂടെ മിശിഹായുടെ ശരീര രക്തങ്ങളായിത്തീര്‍ന്ന ദിവ്യഭോജ്യങ്ങള്‍ ഉള്‍ക്കൊള്ളുക വഴി കൂടുതല്‍ ശക്തിയും കൃപയും ആര്‍ജ്ജിക്കുകയുമാണ്. എന്നിങ്ങനെ പല കോണുകളിലൂടെ പല വിധത്തില്‍ നമുക്ക് ഈ മഹാ രഹസ്യങ്ങളെ വ്യാഖ്യാനിക്കുകയും സ്വായത്തമാക്കുകയും അനുഷ്ഠിക്കുകയും ചെയ്യാം. ഇതില്‍ ഒന്ന് മറ്റൊന്നിനെക്കാള്‍ പ്രധാനമാണ് എന്ന് ആണയിടുമ്പോള്‍ നാം ഈ രഹസ്യത്തെ അപൂര്‍ണ്ണ മാക്കിക്കളയുന്നു. അതിനാല്‍ പിതാവിന്‍റെ പ്രവൃ ത്തിയും പുത്രന്‍റെ പ്രവൃത്തിയും പരിശുദ്ധാ ത്മാവിന്‍റെ പ്രവൃത്തിയും, കുറഞ്ഞൊരു തോതില്‍ സഭയുടെ പ്രവൃത്തിയുമാണ് പരിശുദ്ധ കുര്‍ബാന.
ജീവിതത്തോട് ആരാധന സംവദിക്കേ ണ്ടതിനായി, നൂറ്റാണ്ടുകളിലൂടെ ഊറിക്കൂടിയ അമിതമായ സങ്കീര്‍ണ്ണതകള്‍ നീക്കം ചെയ്ത് ആരാധനക്രമത്തെ ലളിതമാക്കണം എന്നും 'സാക്രോസാങ്തും കൊണ്‍ചീലിയും(SC) എന്ന പ്രമാണരേഖ എടുത്തു പറയുന്നുണ്ട് (50) എന്നുള്ള കാര്യവും നമുക്ക് മറക്കാതിരിക്കാം.
ലോകമെങ്ങും പോയി സുവിശേഷം പ്രസംഗി ക്കുവിന്‍ എന്ന സുവിശേഷ പ്രഘോഷണ ദൗത്യം സ്വീകരിച്ച അപ്പസ്തോലന്മാര്‍ അക്കാലത്തെ അറിയപ്പെടുന്ന എല്ലാ നാടുകളിലേക്കും പോയി എന്ന് നാം അറിയുന്നു. അക്കാലത്ത് യഹൂദ ജനത ലോകമെമ്പാടുമുള്ള എല്ലാ നഗരങ്ങളിലുംതന്നെ കച്ചവടാവശ്യങ്ങള്‍ക്കായി ചിതറിപ്പാര്‍ത്തിരുന്നു. അവിടങ്ങളിലെ യഹൂദ സാന്നിധ്യത്തിന്‍റെ പേരില്‍ ഡിയാസ്പൊറ (diaspora) എന്നാണ് ആ നാടുകളെല്ലാം ഒറ്റവാക്കില്‍ അറിയപ്പെട്ടിരുന്നത്. കൊച്ചിയും കൊടുങ്ങല്ലൂരും മുതല്‍ മുംബൈ വരെ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. യഹൂദ സമൂ ഹത്തിന്‍റെ ആതിഥ്യത്തിലേക്കാണ് അപ്പസ്തോ ലന്മാര്‍ ആദ്യമായി എത്തുന്നത്. യഹൂദനായി, യൂദാ ഗോത്രത്തില്‍ ദാവീദിന്‍റെ കുടുംബ പരമ്പരയില്‍ ജനിച്ച യേശു ദൈവപുത്രനായിരുന്നു, മിശിഹായാ യിരുന്നു; അവനെ യഹൂദ നേതൃത്വം കൊന്നു; പക്ഷേ ദൈവം അവനെ ഉയിര്‍പ്പിച്ചു; അവനെ ക്രിസ്തുവാക്കി വാഴിച്ചു, അവനില്‍ വിശ്വസിക്കു ന്നവര്‍ക്കെല്ലാം അവന്‍ വഴി രക്ഷയും നിത്യജീവനും ലഭിക്കും എന്നായിരുന്നല്ലോ അപ്പസ്തോലന്മാരുടെ പ്രസംഗത്തിന്‍റെ ഉള്ളടക്കം. യഹൂദരെ മാനസാന്തര പ്പെടുത്താനായിരുന്നു പത്രോസും, പത്രോസിനെ പ്പോലെ മറ്റു പല ശിഷ്യന്മാരും പ്രാഥമികമായി പരിശ്രമിച്ചത്. ആദിമകാലത്ത് യഹൂദ ജനതയിലെ ഒരു വിഭാഗം (sect) മാത്രമായിരുന്നു ക്രിസ്തുവിശ്വാ സികള്‍. വേണ്ടത്ര ധ്യാന വിചിന്തനങ്ങള്‍ ഉണ്ടാകു ന്നതിനു മുമ്പ് പത്രോസും യോഹന്നാനും മറ്റു ശിഷ്യരും പ്രാര്‍ത്ഥനക്കായി ജറൂസലെം ദേവാലയ ത്തില്‍ പോകുന്നതും അവിടെ പ്രസംഗിക്കുന്നതും ഒക്കെ നാം കാണുന്നുമുണ്ടല്ലോ.
അതുകൊണ്ടൊക്കെതന്നെ, നമുക്ക് ലഭ്യമായ പല പുതിയനിയമഗ്രന്ഥങ്ങളും യഹൂദരുടെ സാംസ്കാരിക ഭാഷയില്‍ എഴുതപ്പെട്ടതും സമൃദ്ധ മായി യഹൂദ രൂപകങ്ങളും സാഹിത്യരൂപങ്ങളും ഉപയോഗിക്കുന്നതുമായിരുന്നു. എല്ലായിടത്തും തന്നെ ഏതാനും യഹൂദര്‍ മാനസാന്തരപ്പെട്ട് മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനികള്‍ ആയിരുന്നു. ആദിമ ക്രൈസ്തവ സമൂഹത്തില്‍ മിക്കയിടത്തും വിജാതീയരില്‍ നിന്ന് കൂടി ച്ചേര്‍ന്നവരോടൊപ്പം മുന്‍ യഹൂദരും ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ യഹൂദ പാരമ്പര്യത്തില്‍ നിന്നുള്ള ഡിസ്കോഴ്സുകള്‍ക്ക് ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ പ്രാമുഖ്യം കൈവന്നു.
പൗലോസും സീലാസും ബര്‍ണബാസുമൊക്കെ യാണ് വിജാതീയരോടുള്ള മുന്‍ഗണനയോടുകൂടി സുവിശേഷം പ്രസംഗിച്ചവര്‍. അവരുടെ വിചിന്തന ങ്ങളും നിലപാടുകളും വലിയൊരളവില്‍ സ്വാധീനി ച്ചതിന്‍റെ ഫലമാണ് ക്രൈസ്തവ സമൂഹം യഹൂദ ജനതയുടെ പ്രവേശന കര്‍മ്മമായിരുന്ന പരിഛേ ദനം എന്ന അവശ്യോപാധി ഉപേക്ഷിക്കുന്നതിന് നിമിത്തമായത്. പകരം, മാമ്മോദീസ ക്രൈസ്തവ ര്‍ക്ക് സഭാപ്രവേശന കര്‍മ്മമായി മാറി. അടുത്ത ഘട്ടമായി ക്രൈസ്തവര്‍ യഹൂദരുടെ ജറൂസലെം ദേവാലയം ഉപേക്ഷിക്കുന്നു. ദേവാലയം ഉപേക്ഷി ക്കുന്നതിന് മുമ്പുതന്നെ അവര്‍ യഹൂദ പൗരോ ഹിത്യം ഉപേക്ഷിച്ചിരുന്നു. ലേവിയുടെ ഗോത്ര ത്തില്‍, അഹറോന്‍റെ വംശത്തില്‍ പെട്ടവര്‍ ആയിരുന്നു യഹൂദ പുരോഹിതര്‍. വംശപരമായും കുടുംബപരമായും കൈമാറിക്കിട്ടുന്നത്. ('പൗരോ ഹിത്യത്തില്‍ വ്യത്യാസം വരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റം വരുന്നു' - ഹെബ്രാ. 7: 12). യേശു വിന്‍റെ അന്ത്യ അത്താഴത്തിന്‍റെയും കുരിശുമര ണത്തിന്‍റെയും അനുസ്മരണമായ വീടുകളിലെ അപ്പം മുറിക്കല്‍ ശുശ്രൂഷ യഹൂദരുടെ ബലികള്‍ക്ക് പകരമായി ഭവിച്ചു.
താമസിയാതെ നാം കാണുന്നത് യഹൂദരുടെ ഏറ്റവും പ്രധാന നിയമാനുഷ്ഠാനമായ സാബത്ത് ഉപേക്ഷിക്കപ്പെടുന്നതാണ്. യഹൂദരുടെ സാബത്ത് ആഴ്ചയുടെ അവസാന / ഏഴാം ദിവസമായ ശനി യാഴ്ചയായിരുന്നു - ദൈവം വിശ്രമിക്കുന്നു എന്നു കരുതപ്പെടുന്ന ദിവസം. (അതുപേക്ഷിക്കുന്ന തോടെ, നൂറുകണക്കിന് യഹൂദ നിയമങ്ങളാണ് ക്രൈസ്തവര്‍ക്ക് അസാധുവായി പോയത്!). പകരം കര്‍ത്താവ് ഉയിര്‍പ്പിക്കപ്പെട്ടതും ശിഷ്യര്‍ക്ക് പലവുരു പ്രത്യക്ഷപ്പെട്ടതുമായ 'ആഴ്ചയുടെ ആദ്യ ദിവസം' - ഞായറാഴ്ച - ക്രൈസ്തവര്‍ കര്‍ത്താവിന്‍റെ ദിവസമാക്കി സാബത്തിന് പകരം വച്ചു.
യഹൂദരുടെ നിയമങ്ങളിലെ പ്രാധാന്യമുണ്ടായി രുന്ന അടുത്ത ഇനം ഭക്ഷണത്തിന്‍റെ ശുദ്ധിയും അശുദ്ധിയും ആയിരുന്നു. ഇന്നയിന്ന മൃഗങ്ങള്‍, മത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവ ശുദ്ധവും ബാക്കി യെല്ലാം അശുദ്ധവും; അന്യദേവന്/ വിഗ്രഹത്തിന് അര്‍പ്പിച്ചവ അശുദ്ധം / നിഷിദ്ധം എന്നിങ്ങ നെയുള്ള എല്ലാ നിയമങ്ങളും അസാധുവാക്കിക്കൊ ണ്ടാണ് 'വായില്‍ നിന്ന് വയറ്റിലേക്ക് പോകുന്നവ യല്ല, ഉള്ളില്‍ നിന്ന് / ഹൃദയത്തില്‍ നിന്ന് പുറത്തു വരുന്നവയാണ് മനുഷ്യരെ അശുദ്ധരാക്കുന്നത്' എന്ന യേശുവചനം അവര്‍ക്ക് വിടുതലേകിയത്. യഹൂദ നിയമപ്രകാരം (ലേവി. 12) ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ ഒരാഴ്ചത്തേക്കും പെണ്‍ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ രണ്ടാഴ്ച ത്തേക്കും അശുദ്ധയായിരിക്കും. (യേശുവിനെ പരിഛേദനം ചെയ്യുന്നത് എട്ടാം ദിവസമാണ് എന്നോര്‍ക്കുക). ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി വീണ്ടും 33 ദിവസം കാത്തിരിക്കണം (യേശുവിനെ ദേവാലയത്തില്‍ കാഴ്ച വക്കുന്നത് 40-ാം ദിവസ മാണ് എന്നോര്‍ക്കുക). എന്നാല്‍, പെണ്‍കുഞ്ഞിന് ജന്മം നല്കിയ സ്ത്രീ രണ്ടാഴ്ചക്കു ശേഷം 66 ദിവസം കാത്തിരുന്നാലേ രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണം സാധ്യമാകുമായിരുന്നുള്ളൂ. ഭക്ഷണ ത്തിന്‍റെ ശുദ്ധാശുദ്ധ നിയമങ്ങളോടൊപ്പം ആണിനും പെണ്ണിനും രണ്ടു രീതി കല്പിക്കുന്ന ശരീരത്തിന്‍റെ അശുദ്ധി എന്നതും ക്രൈസ്തവര്‍ ഉപേക്ഷിച്ചു.
പയ്യെ പയ്യെ യഹൂദരുടെ സിനഗോഗുകളും ക്രൈസ്തവര്‍ ഉപേക്ഷിച്ചു. യഹൂദരുടെ മത പഞ്ചാംഗം ചാന്ദ്രമാസങ്ങളും ചാന്ദ്രവര്‍ഷവും അടിസ്ഥാനമിട്ടതായിരുന്നു. ഞായറാഴ്ചക്ക് (Sun-day) ഊന്നല്‍ വന്നപ്പോള്‍ ചാന്ദ്രവര്‍ഷം മിക്കവാറും ക്രൈസ്തവര്‍ ഉപേക്ഷിച്ചു. സൗരവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയായി മിക്കവാറും അവരുടെ പഞ്ചാംഗം. എന്നാല്‍, യഹൂദരുടെ തിരുവചന ഗ്രന്ഥങ്ങള്‍ മാത്രം ക്രൈസ്തവര്‍ ഉപേക്ഷിച്ചില്ല. കാരണം ക്രിസ്തുവിന്‍റെ സാംഗത്യവും സാംസ്കാ രിക പശ്ചാത്തലവും പഴയ നിയമമായിരുന്നു. ക്രിസ്തു പഴയ നിയമത്തിന്‍റെ പൂര്‍ത്തീകരണമാ യതിനാല്‍ പഴയ നിയമത്തെ അതില്‍ത്തന്നെ ഉപയോഗിക്കുകയായിരുന്നില്ല ക്രൈസ്തവര്‍, പിന്നെയോ ക്രിസ്തുവിന്‍റെ കോണ്‍ടെക്റ്റ് എന്ന നിലയില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. പഴയ നിയമം വായിക്കുമ്പോഴൊക്കെയും ക്രിസ്തുവിനെ പറ്റി പറയുന്നവ കാണാനും ക്രിസ്തുവിന്‍റെ പൂര്‍ണ്ണത അനുഭവിക്കാനുമാണ് അവര്‍ അത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
യഹൂദര്‍ 'അബ്രാഹത്തിന്‍റെയും ഇസഹാക്കി ന്‍റെയും യാക്കോബിന്‍റെയും ദൈവമേ' എന്നോ പല പ്രത്യയ രൂപങ്ങള്‍ ചേര്‍ത്ത് 'യാഹ്വേഹ്' ആയ ദൈവമേ എന്നോ ആണ് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍, 'പിതാവും പുത്രനും പരിശു ദ്ധാത്മാവുമായ ദൈവമേ' എന്ന് അഭിസംബോധന ചെയ്താണ് ക്രൈസ്തവര്‍ സ്വന്തമായി പ്രാര്‍ത്ഥി ക്കാന്‍ ആരംഭിക്കുന്നത്.
ഇങ്ങനെ, യഹൂദരുടെ ദൈവവും ദേവാലയവും പൗരോഹിത്യവും രക്തബലികളും ക്ഷാളനങ്ങളും ദിക്കുകളും അമാവാസികളും പഞ്ചാംഗവും പരിഛേ ദനവും സിനഗോഗും സാബത്തും ഭക്ഷണവും ശുദ്ധതാവാദങ്ങളും ആണ്‍-പെണ്‍ വേര്‍തിരിവു കളും ക്രൈസ്തവര്‍ ഉപേക്ഷിച്ചു. ക്രിസ്തുവില്‍ അവര്‍ക്കു ലഭിച്ചവയെ അവര്‍ പകരം പ്രതിഷ്ഠിച്ചു. 'യേശുക്രിസ്തുവിലുളള വിശ്വാസം വഴി നിങ്ങളെല്ലാ വരും ദൈവപുത്രരാണ്... യഹൂദനെന്നോ ഗ്രീക്കു കാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്'(ഗലാ. 3:28) എന്ന് പൗലോസ് എഴുതുമ്പോള്‍ അതുണര്‍ ത്തുന്ന മുഴക്കങ്ങള്‍ ചില്ലറയല്ല.
ആരാധനയും ജീവിതവും പരസ്പരം ബന്ധപ്പെ ട്ടിരിക്കണം. ജീവിതവുമായി ബന്ധപ്പെടാതെ ആരാധന സത്യസന്ധമാവില്ല. ബൈബിളിലെ ആദ്യബലിയില്‍പ്പോലും അത് പ്രകടമാണ്. ആബേലിന്‍റെ ബലിയും കായേന്‍റെ ബലിയും. തങ്ങളുടെ അധ്വാനത്തിന്‍റെയും ജീവിതത്തിന്‍റെയും ഏറ്റവും നല്ലതും അത്ര നല്ലതല്ലാത്തതുമാണ് അവരിരുവരും ബലിയര്‍പ്പിക്കുന്നത്. സമരിയാക്കാരി സ്ത്രീയോട് യേശു പറയുന്നു: 'യഥാര്‍ത്ഥ ആരാ ധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോ ള്‍ത്തന്നെയാണ്' (യോഹ. 4:23). 'ആത്മാവിലുള്ള ആരാധന' എന്നതിനെ തെറ്റിദ്ധരിച്ച് ബാഹ്യമായ ആരാധനകള്‍ യേശുവിന്‍റെ ചൈതന്യത്തിന് എതിരാണ് എന്ന് അതിനെ വ്യാഖ്യാനിക്കു ന്നവരുണ്ട്. 'അത് ഇപ്പോള്‍ത്തന്നെയാണ്' എന്ന തില്‍ നിന്ന് അവന്‍ തന്നിലേക്കുതന്നെയാണ് ആ പ്രസ്താവനയില്‍ വിരല്‍ചൂണ്ടുന്നത് എന്ന് വ്യക്തം. യേശുവിന്‍റെ ആരാധനയാണ് പിതാവ് ശിഷ്യരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 'ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്ന് വളരെ അകലെ യാണ്' (മത്താ. 15: 8) എന്ന യേശുവിന്‍റെ പരിദേ വനം ആത്മാവിലുള്ള ആരാധനയെ ഹൃദയപൂര്‍ വ്വമുള്ള ആരാധനയായി വ്യക്തമാക്കിത്തരുന്നുണ്ട്.
ജീവിത സ്പര്‍ശിയല്ലാത്ത ആരാധന സത്യമില്ലാത്ത ആരാധനയാണ്. വീണ്ടും വീണ്ടും യേശു ജീവിതത്തെ ആരാധനയുമായി ബന്ധിപ്പി ക്കുന്നത് കാണാം. 'നീ ബലിപീഠത്തില്‍ കാഴ്ചയ ര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെ വച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തി നുമുമ്പില്‍ വച്ചിട്ട് പോയി സഹോദരനോട് രമ്യത പ്പെടുക; പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക' (മത്താ. 5:23) എന്ന നേര്‍വചനം നോക്കുക. അതല്ലെങ്കില്‍, '...എന്നാല്‍, നിങ്ങള്‍, പറയുന്നു, ആരെങ്കിലും തന്‍റെ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കേണ്ടത് വഴിപാടായി നല്കി ക്കഴിഞ്ഞു എന്നുപറഞ്ഞാല്‍ പിന്നെ അവരെ അവന്‍ സംരക്ഷിക്കേണ്ടതില്ല എന്ന്' (മത്താ. 15:5). സഹോദ രസ്നേഹം, രമ്യത, ഐക്യം, മാതൃ -പിതൃ ഭക്തി എന്നിവക്കെല്ലാം ബലിക്കു മുന്നിലാണ് സ്ഥാനം. സത്യമായ ബലിയേ ബലിയാകൂ.
യേശു പറഞ്ഞ ഉപമകളില്‍ അദ്വിതീയമാ യതാണ് നല്ല സമറായക്കാരന്‍റെ ഉപമ (ലൂക്ക. 10: 30-36). അയല്‍ക്കാരനാവുക എന്നാല്‍ എന്താണ് എന്നു മാത്രമല്ല പ്രസ്തുത ഉപമ പറഞ്ഞുവ ക്കുന്നത്. ജറൂസലേമില്‍ നിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നവന്‍റെ 'വഴിയേ'തന്നെയാണ് (was going along that road) പുരോഹിതനും ലേവായനും പോകുന്നതും 'അവനെക്കണ്ട് മറുവശത്തുകൂടി കടന്നു പോകു'ന്നതും. ആരാധന കഴിഞ്ഞ് വരികയാണവര്‍ എന്നാണ് സൂചന. ദേവാലയത്തില്‍ ബലി ചെയ്ത മൃഗത്തിന്‍റെ ഇറച്ചിയും എണ്ണയും ധാന്യവും, അതൊക്കെ ചുമക്കാന്‍ കഴുതയും, ജറീക്കോയില്‍ സ്വന്തം വീടും അവര്‍ക്കുണ്ടായിരുന്നു എന്നാണ് വ്യംഗ്യം. എന്നിട്ടും അപരനിലെ സഹോദരനെ കണ്ടില്ലെന്നു നടിച്ച് പോകുന്നവരുടെ - ജീവിതവുമായി ബന്ധമില്ലാത്ത - ദൈവത്തിന് സ്വീകാര്യമാകാതെ പോകുന്ന ബലികളെക്കുറിച്ച് കൂടി ഇവിടെ യേശു സൂക്ഷ്മ മായി പ്രതിപാദിക്കുന്നുണ്ടെന്നു തോന്നുന്നില്ലേ?
സ്വീകാര്യമായ ബലി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുതന്നെയാണ് ഹെബ്രായ ലേഖനം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത്. 'അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു' (7:27). 'അവന്‍ ... നിത്യരക്ഷ സാധിച്ചത് കോലാടു കളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്തിലൂ ടെയല്ല, സ്വന്തം രക്തത്തിലൂടെയാണ് ' (9:12). ഇവിടെയൊക്കെ യേശു സ്വന്തം ശരീരത്തിലാണ്; രക്തം കൊണ്ടാണ് ബലിയര്‍പ്പിച്ചത് എന്ന് ഗ്രന്ഥ കാരന്‍ യഹൂദ സാംസ്കാരിക ഭാഷയിലെ ബലി-രൂപകം ഉപയോഗിച്ച് പറയുമ്പോഴും അതിന്‍റെ അര്‍ത്ഥം കൊല്ലപ്പെടുക എന്ന ശാരീരിക കര്‍മ്മമല്ല, മറിച്ച് സ്വയം ദാനം ചെയ്യുന്ന, സ്വയംബലി ചെയ്യുന്ന സ്നേഹം (Self-gifting, self-sacrificing love) ആണ് എന്ന് നാം തിരിച്ചറിയുന്നുണ്ട്. ശരീരത്തില്‍ പീഡന മേറ്റും സ്നേഹിക്കുക എന്ന സ്നേഹപാരമ്യമാണ് നാം ഇവിടെ കാണുന്നത്. 'അവന്‍ ലോകത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുള്‍ചെയ്തു: ബലികളും കാഴ്ചകളും അവിടന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടന്ന് എനിക്കൊരു ശരീരം സജ്ജമാ ക്കിയിരിക്കുന്നു' (10: 5, 10). ദൈവം മാംസമായി, നമ്മിലൊന്നായി, നമ്മുടെ ഇടയില്‍ പാര്‍ത്തു. മാംസമായ സ്നേഹമാണ്/ദൈവമാണ് സ്വശരീ രത്തെ(മാംസത്തെ)ത്തന്നെ തന്‍റെ സ്നേഹത്താല്‍ 'ബലി'യാക്കുന്നത്.
ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് എഴുതുന്നു: 'ആകയാല്‍, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും, മറിച്ച് പൂര്‍ണ്ണധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും ക്രിസ്തു എന്‍റെ ശരീരത്തില്‍ - ജീവിതം വഴിയോ മരണം വഴിയോ - മഹത്വപ്പെടണമെന്നും എനിക്ക് തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്. എനിക്ക് ജീവിതം ക്രിസ്തുവാണ്' (ഫിലി. 1: 20-21). തന്‍റെ ജീവിതത്തില്‍, തന്‍റെ ശരീരത്തില്‍ താന്‍ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിനെക്കുറിച്ച് - താന്‍തന്നെ ബലിയാകുന്നതിനെക്കുറിച്ചാണ് പൗലോസ് ശ്ലീഹാ പറയുന്നത്. തനിക്ക് 'ജീവിതം ക്രിസ്തുവാണ്' എന്ന ഏറ്റവും ധീരമായ പ്രസ്താ വനയും നാം ഇവിടെ കാണുന്നു. പൗലോസ് വീണ്ടും എഴുതുന്നു: 'രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും ശിക്ഷിക്കപ്പെടുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിന് ക്രിസ്തുവിന്‍റെ പരിമളമാണ്' (2 കോറി.2.15). ക്രിസ്തു സ്വന്തം ശരീരം ബലിയായി സമര്‍പ്പിച്ചതുപോലെ, തന്‍റെ ജീവിതവും തന്‍റെ ശരീരത്തില്‍ ദൈവത്തിനുള്ള പരിമളമായിത്തീരുന്നു എന്ന് പൗലോസ് ശ്ലീഹാ അവകാശപ്പെടുന്നത് കാണുക.
വി. പൗലോസ് വിശ്വാസികളോടായി പറയുന്നതും മറ്റൊന്നല്ല. 'ആകയാല്‍ സഹോദരരേ, ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികര വുമായ സജീവ ബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന'(റോമ. 12: 1). യേശു അര്‍പ്പിച്ചതുപോലെ, താന്‍ അര്‍പ്പിച്ചു കൊണ്ടിരിക്കുന്നതുപോലെ, സഹോദരരും സ്വശരീരങ്ങളെ സജീവ ബലിയാ ക്കണം. ശരീരത്തെ അഥവാ ജീവിതത്തെ സജീവ മായ ബലിയാക്കി യഥാര്‍ത്ഥമായ ആരാധനയര്‍ പ്പിക്കാന്‍ പറയുന്നിടത്താണ് ഹെബ്രായ ലേഖന ത്തിലെ യഹൂദ പദാവലിയുടെ ഭാരം നീങ്ങിപ്പോ കുന്നത്. അവിടെയാണ് നാം യേശുവിന്‍റെ കുരിശു മരണത്തിലേക്കും പെസഹാ അത്താഴത്തിലേക്കും അതിനുമുമ്പുള്ള ജീവിതത്തിലേക്കും മടങ്ങിപ്പോ കേണ്ടി വരുന്നത്.
എന്തായിരുന്നു യേശുവിന്‍റെ കുരിശായി ഭവിച്ചത്? അല്ലെങ്കില്‍ എന്തായിരുന്നു യേശുവിനെ കുരിശുമരണത്തിലേക്ക് എത്തിച്ചത്? മാനുഷിക മായും ചരിത്രപരമായും സുവിശേഷാധിഷ്ഠിതവും ആയി പറഞ്ഞാല്‍, ചില കാരണങ്ങള്‍ നമുക്ക് അക്കമിട്ട് പറയാം.
1. ദൈവകല്പനയുടെ മര്‍മ്മമെന്തെന്ന് തിരിച്ചറിയാതെ, മാനുഷിക നിയമങ്ങളെ ദൈവക ല്പനകളാക്കി വ്യാഖ്യാനിച്ച് ജനതയുടെ മേല്‍ കെട്ടിവച്ച യഹൂദ മതത്തിന്‍റെ സ്ഥാപനവല്ക്കരി ക്കപ്പെടലിനെ ചോദ്യം ചെയ്തത്. യേശുവിനത് ചെയ്യാതിരിക്കാമായിരുന്നോ? ചെയ്യാതിരുന്നാല്‍ സത്യംതന്നെയായ ദൈവത്തിന്‍റെ പുത്രനല്ലതായി പ്പോകുമായിരുന്നു അവന്‍.
2. സാബത്തുനിയമം ലംഘിച്ച് ആ ദിവസ ങ്ങളില്‍ രോഗശാന്തി നല്കിയത്. യേശുവിനത് ചെയ്യാതിരിക്കാമായിരുന്നോ? അത് ചെയ്യാതിരു ന്നാല്‍ സ്നേഹത്താല്‍ പ്രചോദിതമായി 'സദാ പ്രവര്‍ത്തനനിരതനാകുന്ന', സ്നേഹംതന്നെയായ, ദൈവത്തിന്‍റെ പുത്രനല്ലാതായിപോകുമായിരുന്നു അവന്‍.
3. ചുങ്കക്കാരോടും പാപികളോടും കൂട്ടു കൂടുകയും അവരോടൊപ്പം ഭക്ഷിക്കുകയും ചെയ്തത്. യേശുവിന് അത് ഒഴിവാക്കാമായിരുന്നോ? അങ്ങനെ ചെയ്തിരുന്നെങ്കില്‍, ദുഷ്ടരും ശിഷ്ടരുമായ എല്ലാവരെയും സൃഷ്ടിച്ച് സ്നേഹിച്ച് പരിപാലി ക്കുന്ന ദൈവത്തിന്‍റെ പുത്രനല്ലാതായിപ്പോകുമാ യിരുന്നു, അവന്‍.
4. ഭക്ഷണത്തിന്‍റെയും ശരീരത്തിന്‍റെയും ശുദ്ധാശുദ്ധ കല്പനകളെ അവന്‍ മാനിക്കാ തിരുന്നത്. അത് യേശുവിന് ഒഴിവാക്കാമാ യിരുന്നോ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ കാലിത്തൊഴുത്തില്‍ പിറന്ന 'ഇമ്മാനുവല്‍' താനല്ലാതായിപ്പോകുമായിരുന്നു.
5. ബലിയര്‍പ്പിക്കാന്‍ വരുന്ന തീര്‍ത്ഥാടകര്‍ക്ക് ജറൂസലെം ദേവാലയത്തിന്‍റെ പ്രവേശന കവാടത്തി നകത്ത് (വിജാതീയരുടെ അങ്കണത്തില്‍) വിതരണം ചെയ്യുകയായിരുന്ന ബലിവസ്തുക്കളായ ആടുമാ ടുകള്‍, പ്രാവുകള്‍ എന്നിവയെ അവിടെനിന്ന് നിഷ്കാസനം ചെയ്യുകയും, പല നാടുകളില്‍ നിന്നുള്ള അശുദ്ധമായ നാണയങ്ങള്‍ക്ക് പകരമായി ദേവാലയ ഭണ്ഡാരത്തിലിടാനുള്ള ശുദ്ധമായ നാണയം കൊടുക്കുകയും ചെയ്യുന്നവരെ അവന്‍ ഓടിക്കുകയും ചെയ്യുന്നു. യേശുവിനത് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നോ? എങ്കില്‍, രക്തബലികളില്‍ സംപ്രീതനാകുന്നവനാണ് ദൈവമെന്നും, ശുദ്ധവും അശുദ്ധവും എന്ന് രണ്ടുതരം വസ്തുക്കള്‍ ഭൂമിയിലുണ്ടെന്നും അവന്‍ സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്യുകയായിപ്പോയേനെ.
ഇസ്രായേലിനെ ദൈവം തിരഞ്ഞെടുത്തെങ്കിലും അവര്‍ ദൈവത്തോട് സഹകരിക്കാതായാല്‍ ദൈവം അവരെ ഉപേക്ഷിക്കും എന്നു പറഞ്ഞതും, ചുങ്ക ക്കാരനോടൊപ്പം ഭക്ഷണം കഴിച്ചതും, സാബത്ത് ദിവസം രോഗികള്‍ക്ക് സൗഖ്യം നല്കിയതും, എല്ലാ നിയമങ്ങളും ദൈവകല്പനകളല്ല എന്ന് പറഞ്ഞതും, സ്പര്‍ശിച്ചുകൂടായിരുന്ന കുഷ്ഠരോ ഗിയെയും മരിച്ചവരെയും സ്പര്‍ശിച്ചതും, പ്രധാനമാ യവക്ക് ഊന്നല്‍ നല്കാന്‍ അപ്രധാനമായവയെ വലിച്ചെറിഞ്ഞതും, വികലമാക്കപ്പെട്ടിരുന്ന ദൈവ ത്തിന്‍റെ ചിത്രം ഭേദ്യം ചെയ്തതുമായിരുന്നു യേശു വിന് പീഡാനുഭവവും കുരിശുമരണവും കൊണ്ടു വന്നത്. ജീവിതത്തിന്‍റെ ഓരോ നിമിഷവും ദൈവത്തോട് പ്രത്യുത്തരിച്ചുകൊണ്ട് വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ, ശുദ്ധാശുദ്ധ വ്യത്യാസമില്ലാതെ, സാബത്ത് -അസാബത്ത് വ്യത്യാസമില്ലാതെ ഓരോ ആളെയും മഹത്വത്തോടെ കണ്ട് സ്നേഹിച്ചതാ യിരുന്നു യേശുവിന്‍റെ അനുദിന ജീവിതബലി. അപ്രകാരം അനുദിനം ഓരോ വ്യക്തിക്കും വേണ്ടി ചോരപൊടിഞ്ഞ് മുറിഞ്ഞതുകൊണ്ടാണ്, ജീവിതാ ന്ത്യത്തില്‍ അവന് 'വാങ്ങി ഭക്ഷിക്കൂ, നിങ്ങള്‍ക്കു വേണ്ടി മുറിക്കപ്പെടുന്ന എന്‍റെ ശരീരമാണിത്; വാങ്ങി കുടിക്കൂ, നിങ്ങള്‍ക്കും ലോകം മുഴുവനും വേണ്ടി ചിന്തപ്പെടുന്ന എന്‍റെ ചോരയാണിത്' എന്ന് പറയാനും സ്വയം പകര്‍ന്നു നല്കാനും കഴിഞ്ഞത്. മുറിക്കപ്പെടുന്നതും ചിന്തപ്പെടുന്നതുമായ പ്രസ്തുത ജീവിതബലിയാണ് തന്‍റെ ഓര്‍മ്മക്കായി ഓരോ ദിവസവും അര്‍പ്പിക്കാനും, സഭയായി ഒരുമിച്ചുകൂടു മ്പോഴെല്ലാം ബലിയുടെ കൂദാശയായി അര്‍പ്പി ക്കാനും അവന്‍ കല്പിക്കുന്നത്.
ജീവിതം ബലിയും ബലി ജീവിതവുമാകു ന്നില്ലെങ്കില്‍ ശിരസ്സായ ക്രിസ്തുവിനോട് ചേരാതെ പോകും സഭയെന്ന ശരീരം. 'നിങ്ങള്‍ക്ക് ഞാന്‍ ഒരു കല്പന തരുന്നു: ഞാന്‍ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍' എന്ന കല്പനക്ക് യേശുതന്ന സ്വന്തം മാതൃക ആരാധനയില്‍ ആഘോഷിക്കപ്പെടാതെ പോകും. 'അനുദിനം നിന്‍റെ കുരിശുമെടുത്ത് എന്‍റെ പിന്നാലെ വരിക' എന്ന ആഹ്വാനം വെറുംവാക്കായി പോകും; ആരാധന അനുഷ്ഠാനമായിപ്പോകും; യേശുവിന്‍റെ ദൈവരാജ്യം എന്ന സ്വപ്നം നഷ്ടസ്വപ്നമാകും. അസ്വീകാര്യങ്ങളായ മാനസാന്തരമില്ലാത്ത ബലി കള്‍ മാത്രം അവശേഷിക്കും. സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ യാതൊരു സാംഗത്യവുമില്ലാത്ത വെറും മുക്കുപണ്ടങ്ങളുടെ ആഭരണങ്ങളാകും; സഭ തന്നെയും ഒരു മ്യൂസിയമാകും.