news-details
കവർ സ്റ്റോറി

സാധാരണക്കാരന്‍റെ ദൈവം

റഷ്യയിലെ വോള്‍ഗാ ജില്ലയില്‍ പ്രചാരത്തിലി രിക്കുന്ന ഐതിഹ്യം എന്ന കുറിപ്പോടെ ലിയോ ടോള്‍സ്റ്റോയ് എഴുതിയ 'മൂന്നു സന്ന്യാസിമാര്‍' എന്ന ഒരു ചെറുകഥയുണ്ട്. പണ്ഡിതനും ദൈവ ശാസ്ത്രജ്ഞനുമായ ഒരു മെത്രാന്‍ തന്‍റെ യാത്രയ്ക്കിടെ, ഒരു ദ്വീപില്‍ മറ്റു മനുഷ്യ സമ്പര്‍ക്കങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന മൂന്നു പേരുണ്ട് എന്നു കേട്ട് അവിടെയിറങ്ങി അവരെ കാണാനാഗ്രഹിക്കുന്നു. അദ്ഭുതസിദ്ധികളുള്ള മൂന്നു സന്ന്യാ സിമാര്‍ എന്നാണ് മുക്കുവര്‍ക്ക് അവരെക്കുറിച്ചുള്ള അഭിപ്രായമെങ്കിലും 'പ്രായം ചെന്ന മൂന്നു മൂഢന്‍ മാര്‍' എന്നാണ് അവരെക്കുറിച്ച് കപ്പലിന്‍റെ കപ്പിത്താന്‍ മെത്രാനോടു പറയുന്നത്. എങ്കിലും മെത്രാന്‍ അവരെ കാണാനിറങ്ങി. പ്രാര്‍ത്ഥനയെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ ഗാഢമായ അറിവില്ലാത്ത നിഷ്കളങ്കരായ മൂന്നുപേര്‍. 'ഞങ്ങളും മൂന്നുപേര്‍, നിങ്ങളും മൂന്നുപേര്‍, ഞങ്ങ ളില്‍ കാരുണ്യം ഉണ്ടാകണമേ' എന്ന് ഇടയ്ക്കിടെ പറയാറുണ്ട് എന്നല്ലാതെ മറ്റു ദൈവശാസ്ത്രമോ പ്രാര്‍ത്ഥനകളോ അവര്‍ക്ക് അറിഞ്ഞുകൂടാ. കുറെ യേറെ നേരം അവര്‍ക്കൊപ്പം ചെലവഴിച്ച്, ബൈബിളിലുള്ള ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന മെത്രാന്‍ അവരെ പഠിപ്പിച്ചു. അവരത് ആവര്‍ത്തിച്ചു ചൊല്ലുന്നതു കേട്ടിട്ടാണ് അദ്ദേഹം തിരികെ പോരുന്നത്. രാത്രിയുടെ ഒരു യാമം കഴിഞ്ഞപ്പോള്‍ കടല്‍പ്പ രപ്പില്‍ വിചിത്രമായ ആ കാഴ്ച അദ്ദേഹം കാണുകയാണ്. 'ദൈവത്തിന്‍റെ മനുഷ്യാ, ആ പ്രാര്‍ത്ഥന ഞങ്ങള്‍ മറന്നു പോയി, ഒന്നുകൂടി പഠിപ്പിച്ചു തരണമേ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് കടലിലെ ഓളപ്പരപ്പിനു മുകളിലൂടെ അതിവേഗം ഓടിവരികയാണ് ആ മൂന്നുപേര്‍!

മനുഷ്യജീവിതവും ദൈവാരാധനയും എന്നു ചിന്തിക്കുമ്പോള്‍ എന്തുകൊണ്ടോ ആദ്യമേ ഓര്‍മയില്‍ വരുന്നത് ഈ കഥയാണ്.  ധ്യാനഗുരുക്കന്‍മാരില്‍ നിന്നും, പണ്ഡിതരില്‍ നിന്നും ദൈവശാ സ്ത്രജ്ഞരില്‍ നിന്നും, ഇടവക വൈദികരുടെ ഞായറാഴ്ച പ്രസംഗങ്ങളില്‍ നിന്നും, സന്ന്യാസിനിമാരില്‍ നിന്നും, ആത്മീയ സുഹൃത്തുക്കളില്‍ നിന്നുമെല്ലാം ഈ ചെറിയ ജീവിതത്തിനിടയില്‍,  ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍  കേട്ടിട്ടുണ്ട് ദൈവാരാധനയെക്കുറിച്ച്. ഉപയോഗിക്കേണ്ട സ്തുതിപ്പുകളെക്കുറിച്ച്. നന്ദി പ്രകരണങ്ങളെക്കുറിച്ച്. പറഞ്ഞു പ്രാര്‍ത്ഥിക്കേണ്ട വചനഭാഗങ്ങളെക്കുറിച്ച്. ആ സമയത്തെ മനോഭാവങ്ങളെക്കുറിച്ച്. എന്തിനധികം ആരാധനാ സമയത്തെ ശരീരഭാഷയെക്കുറിച്ച്(body language) വരെ ഗാഢമായ പ്രഭാഷണങ്ങള്‍. ഒരിക്കല്‍ ഒരു സുഹൃത്ത് അമ്പരപ്പോടെയും ഒട്ടൊരു ആശങ്കയോടെയും പറഞ്ഞത്, 'നമ്മുടെ പ്രാര്‍ത്ഥന കളൊക്കെ അങ്ങ് മുകളിലെത്തുന്നോ എന്നു പോലും ആര്‍ക്കറിയാം!'

ചെറുതല്ല, ദൈവാരാധനയെക്കുറിച്ചുള്ള വെറും സാധാരണക്കാരന്‍റെ ഉല്‍ക്കണ്ഠകള്‍!

എന്തെല്ലാം ടെക്നിക്കുകളും രീതിശാസ്ത്ര ങ്ങളും കൊണ്ടു പഠിച്ചാലും പരീക്ഷാ ഹാളില്‍ കയ റുമ്പോള്‍ തലയിലെന്തു ബാക്കി നില്‍ക്കുന്നുവോ അതിനു മാത്രമേ നിലനില്‍പ്പുള്ളൂ. വളരെ നന്നായി പഠിച്ചു വന്ന ഭാഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പോലും ആദ്യമായി കാണുംപോലെ അമ്പരന്നു പോകുന്നവരുണ്ട്! എന്നു പറയും പോലെയാണ്, യഥാര്‍ത്ഥ ദൈവാരാധനാ സമയം. എത്രയോ തീവ്രമായ പ്രഭാഷണങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെ ങ്കിലും ആ സമയത്ത് തലച്ചോര്‍ അതെല്ലാം അടച്ചുകളയും. തികച്ചും ബ്ലാങ്കായി നിന്നു പോകുന്ന, വാക്കുകളും അര്‍ത്ഥനകളുമില്ലാത്ത, നന്ദി പ്രകരണങ്ങളില്ലാത്ത വെറും ശൂന്യവേളകള്‍! നഷ്ടബോ ധത്തോടെ പിന്തിരിഞ്ഞു പോരുമ്പോള്‍ ആശ്വസിപ്പിച്ചിട്ടുള്ളത് വി.പൗലോസാണ്, ഈ വാക്കുകള്‍ കൊണ്ട് - 'നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.' (റോമാ 8 : 26). ഇത്രയധികം ആശ്വാസം നല്‍കിയ വചനം മറ്റൊന്നുണ്ടാകില്ല.
കൊച്ചു ജീവിതത്തിന്‍റെ ആത്മീയയാത്രയുടെ ഒറ്റയടിപ്പാതകള്‍. അതിനിടയിലെവിടെയോ വീണു കിട്ടിയ ചില ബോധ്യങ്ങളുണ്ട്. ഔപചാരികതകളും അകലങ്ങളുമെല്ലാം വിട്ടിട്ട്, കൂടെ നടക്കുന്ന ഒരാളോടു പറയുന്ന കൊച്ചുവര്‍ത്തമാനമാണ് യഥാര്‍ത്ഥ ഹൃദയം തുറക്കലും ആരാധനയുമെന്ന്. അതിനു കാലവും സമയവും വേണ്ടെന്ന്. എന്തിനധികം, ഒരു ദേവാലയത്തിനകത്തും സക്രാരിമുമ്പിലും മാത്രമേ പാടുള്ളൂ എന്ന പിടിവാശി പോലും വേണ്ടെന്ന്. അതൊക്കെയൊരു വെളിപാടായി കിട്ടിയതാണെന്നേ പറയാനൊക്കൂ. പത്തു നീണ്ട വര്‍ഷക്കാലം രോഗിയായിരുന്നു അപ്പന്‍. രോഗിക്കും രോഗീശുശ്രൂഷകര്‍ക്കും സന്തോഷമുള്ളതൊന്നും അതിനിടയിലുണ്ടായിരുന്നില്ല. അവസാനത്തെ രണ്ടു വര്‍ഷക്കാലം അങ്ങേയറ്റം കിടപ്പിലുമായിരുന്നു അദ്ദേഹം. ഒരു വൈകുന്നേരം അപ്പന്‍റെ  രോഗക്കിടക്ക വിട്ട്, ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ, പുറത്ത് അസ്തമന സൂര്യന്‍റെ അവസാന വര്‍ണവും കണ്ട് യാത്ര ചെയ്ത ബസിലെ ശാന്തവും സ്വച്ഛവുമായ നിമിഷ ങ്ങളില്‍ എന്‍റെ ഹൃദയത്തിലെ സങ്കടം മുഴുവന്‍ അണപൊട്ടിയൊഴുകി. മുമ്പിലെ സീറ്റിലേക്ക് തല കുമ്പിട്ടിരുന്ന്, കവിളിലൂടെ ഒഴുകിയ കണ്ണീര്‍ ചാലുകള്‍ക്കിടെ ദൈവത്തോട് ഇങ്ങിനെ പുലമ്പിക്കൊ ണ്ടേയിരുന്നു. 'എന്തിനാണിതെല്ലാം? ആരെ പാഠം പഠിപ്പിക്കാനാണിത്? എന്നെയോ? അപ്പനെയോ? മതിയാക്കിക്കൂടെ?' പത്തു വര്‍ഷമായി ഉള്ളില്‍ കിടന്ന വേദനകളെല്ലാം ഒന്നര മണിക്കൂര്‍ കൊണ്ട് കരഞ്ഞു തീര്‍ക്കുകയായിരുന്നു. ബസിറങ്ങി മുറിയിലെത്തിയപ്പോഴേക്കും വീട്ടില്‍ നിന്നും ഫോണ്‍ വന്നു, അപ്പന്‍ ദൈവസന്നിധിയിലേക്ക് പൊയ്ക്കഴിഞ്ഞുവെന്ന്!

ദൈവവുമായുള്ള വല്ലാത്തൊരു ഗാഢബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്. അങ്ങ് ആകാശത്തെവിടെയോ ഉള്ള distant myth അല്ല എന്ന്, കൂടെ നടന്ന് കേള്‍ക്കുന്നുണ്ടെന്ന അഗാധമായ ബോധ്യം. കേള്‍ക്കുക മാത്രമല്ല, ചേര്‍ത്തുപിടിക്കുന്നുവെന്നും.

നാക്കു പിഴകളെക്കുറിച്ച്, ബലഹീനതകളെക്കുറിച്ച്, ജീവിതം അവസാനിപ്പിച്ചാലെന്ത് എന്ന തോന്നലിനെക്കുറിച്ച്, അമിതമായ ആത്മരോഷത്തെക്കുറിച്ച്, പരാജയങ്ങളെയും നിരാശകളെയും കുറിച്ച്, അസൂയകളെക്കുറിച്ച്, ക്ഷമിക്കാന്‍ കഴിയാത്തതിനെക്കുറിച്ച്, സ്വയം ഏറ്റുപറഞ്ഞ് തല കുമ്പിട്ട് നിന്ന എത്രയോ നിമിഷങ്ങളുണ്ട്. 'ചിയര്‍ അപ്പ് മാന്‍' എന്ന് പറഞ്ഞാണ് എന്നെ ആശ്വസിപ്പിച്ചിട്ടുള്ളത് എന്നു പറഞ്ഞാല്‍ അഹങ്കാരമാണെന്ന് പറയരുത്, പ്ലീസ്. സങ്കടങ്ങളില്‍ മാത്രമല്ല, സന്തോഷങ്ങളിലും എല്ലാം എണ്ണിപ്പെറുക്കിത്തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ചെറു ചിരിയോടെ അവിടുന്ന് കേട്ടിരുന്നിട്ടു മുണ്ട്. ഒരായുസു മുഴുവന്‍ പരാതിപ്പെട്ട ചില കാര്യങ്ങള്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ മറുപടികള്‍ക്കു മുമ്പില്‍ നന്ദി പറയാന്‍പോലും മറന്ന് അന്തം വിട്ടിട്ടുമുണ്ട്.

ചിലപ്പോള്‍ അമ്മയുടെ മുഖവും സ്വരവുമാണ്... മറ്റു ചിലപ്പോള്‍ സുഹൃത്തും വഴികാട്ടിയുമായ അപ്പനെപോലെ. മറ്റു ചിലപ്പോള്‍ എന്തു ചോദിച്ചാലും മിണ്ടാട്ടമില്ലാത്ത നിസ്സംഗനായ മുനിയെപ്പോലെ. ചിലപ്പോഴൊക്കെ ശകാരിക്കുന്ന അധ്യാപകനെപ്പോലെ. സാരമില്ലെന്ന് തോളില്‍ തട്ടുന്ന സുഹൃത്തിനെപ്പോലെ. യാത്രകളില്‍. കുളിമുറി യില്‍. ഉറക്കത്തിന്‍റെ ഏതോ യാമങ്ങളില്‍. ജോലിയിടങ്ങളില്‍. വിജനതയില്‍. വിഷാദത്തില്‍. എപ്പോഴും അവിടുന്ന് എന്‍റെ ചുറ്റുവട്ടത്തു തന്നെയുണ്ടായിരുന്നു. പ്രാര്‍ത്ഥനയുടെ ശീലുകളെക്കാള്‍ കൊച്ചു വര്‍ത്തമാനങ്ങള്‍ക്കും നെടുവീര്‍പ്പുകള്‍ക്കുമൊപ്പം.

ആ സാന്നിധ്യം തരുന്ന ഒരുറപ്പുണ്ട്. എത്ര കടുപ്പമേറിയ ഒറ്റ വഴിയിലും തനിച്ചാവില്ലെന്ന ഉറപ്പ്. മധുരം പുരട്ടിയ വാക്കുകള്‍ കൊണ്ടല്ല ഹൃദയത്തിന്‍റെ നെടുവീര്‍പ്പുകള്‍ കൊണ്ടു തന്നെയാണ് അവിടുത്തെ ഹൃദയത്തിലേക്കു പാലം പണിയാനാകുക എന്ന ബോധ്യം. കേള്‍ക്കുമെന്നും മറുപടി കിട്ടുമെന്നുമുള്ള തീര്‍ച്ച. വണ്‍വേ ട്രാഫിക് സംഭാഷണമല്ല, മറുപടിയും സാന്ത്വനവും ഉണ്ട് എന്ന തീര്‍ച്ച.

ഈ വാക്കുകള്‍ കുറിക്കുമ്പോഴും, ഒരു ചിരിയോടെ കൂടെത്തന്നെയിരിക്കുന്നുണ്ട്. എഴുത്തിനിടക്ക് എന്‍റെ കണ്ണു നിറഞ്ഞപ്പോള്‍ അയ്യേ എന്ന് എന്നെ നാണംവയ്ക്കുകപോലും ചെയ്ത, ഒരു സാധാരണക്കാരന്‍റെ ദൈവം.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts