news-details
കവർ സ്റ്റോറി

'ദിവ്യരഹസ്യത്തെ' അഭിമുഖീകരിക്കാത്ത കുര്‍ബാനകള്‍

'അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം' എന്ന് നിരൂപിച്ചിരുന്ന ഒരു പൊതു ദൈവസങ്കല്പത്തില്‍ നിന്നും 'ദൈവത്തിന് ഒരു മുഖം ഉണ്ട്, അത് ക്രിസ്തുവിന്‍റെ മുഖമാണ്,' എന്ന് ഈയിടെ ആ 'തിരുമുഖ' ദര്‍ശനത്തിനു വിളിക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പാ നമ്മെ നിരന്തരം അനുസ്മരിപ്പിക്കുമായിരുന്നു. ആ ക്രിസ്തുവിന്‍റെ തിരുസ്മരണയാണ് ഓരോ ബലിയര്‍പ്പണവും. മനുഷ്യകുലത്തിന്‍റെ  നിത്യതയ്ക്കായി  സമര്‍പ്പിച്ച ക്രിസ്തുവിന്‍റെ ത്യാഗബലിയുടെ ഓര്‍മയും, നമ്മുടെ നിത്യജീവിതത്തെ മുന്‍നിര്‍ത്തിയുള്ള പ്രത്യാശ യുടെ ഉറപ്പുമാണ് ഓരോ ബലിയും. 'വിശുദ്ധ കുര്‍ബ്ബാന ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രവും ഉച്ചസ്ഥായിയുമാണ്,' എന്ന് വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതിന്‍റെ അര്‍ഥം; നമ്മുടെ ക്രൈസ്തവ ജീവിതം ഉരുത്തിരിയുന്നതും അത് നിലയുറപ്പിച്ചിരിക്കുന്നതും വിശുദ്ധ കുര്‍ബാനയിലാണ് എന്നാണ്.

എന്താണ് ഈ വിശുദ്ധ കുര്‍ബാന? ക്രിസ്തു മതം ആചാരങ്ങളുടെയോ, ഒരു കൂട്ടം നിയമാവലിയുടെയോ ഒരു മതമല്ല. മറിച്ച്, ഇത് ക്രിസ്തു എന്ന വ്യക്തിയെ കണ്ടുമുട്ടലാണ് (encounter) എന്നും ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധ കുര്‍ബ്ബാന ഒരു മതാനുഷ്ഠാനമല്ല, മറിച്ചു ക്രിസ്തുവെന്ന 'ദൈവിക രഹസ്യത്തെ' അഭിമുഖീകരിക്കലാണ് (encounter). അല്ലാതെ ഒരു ആചാരാനുഷ്ഠാനത്തിന്‍റെ ഉത്പന്നം (product) അല്ല അത്. 'ഉത്പന്നം' പരസ്യപ്പെടുത്താനും വിറ്റഴിക്കാനുമുള്ളതാണ്. അതിന്‍റെ കമ്പോളവത്കരണം മാത്സര്യത്തിനും പോരിനും കാരണമാകും. ക്രിസ്തു എന്ന വ്യക്തിയെ സഭാസമൂഹം വിശുദ്ധ കുര്‍ബാനയില്‍ അഭിമുഖീകരിക്കുകയാണ്.  ബലിയര്‍പ്പണത്തില്‍ പുരോഹിതന്‍, ബലിയര്‍പ്പകന്‍ എന്ന നിലയില്‍ ഒരേ സമയം മറ്റൊരു ക്രിസ്തുവും (Alter Christus), ദൈവത്തിന്‍റെയും ജനത്തിന്‍റെയും ശുശ്രൂഷകനുമാണ്. ബലിയര്‍പ്പണത്തില്‍ നാം ക്രിസ്തുവെന്ന ദൈവികരഹസ്യത്തെ അഭിമുഖീകരിക്കുന്നില്ല എങ്കിലുള്ള വൈരുധ്യമാകട്ടെ, ബലിയര്‍പ്പണം ഒരു 'പ്രകടനം' (performance) ആയി ചുരുങ്ങും എന്നുള്ളതാണ്.

ബലിയര്‍പ്പണത്തെ  ഒരു പ്രകടനം ആയി ചുരുക്കാം  എന്നതാണ് അതിന്‍റെ വൈരുധ്യം. പ്രകടനത്തില്‍, കുര്‍ബ്ബാന ക്രിസ്തുവെന്ന ദൈവിക രഹസ്യത്തെ അഭിമുഖീകരിക്കയല്ല, മറിച്ചു, ബലിയര്‍പ്പകനെ, അത് അര്‍പ്പിക്കുന്ന രീതികള്‍, സമ്പ്രദായങ്ങള്‍ എന്നിവയെ മാത്രം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ഉദാഹരണം മാത്രം സൂചിപ്പിക്കാം. 'കുര്‍ബ്ബാന എങ്ങനെയുണ്ടായിരുന്നു?' എന്ന പൊതുവെ നിര്‍മ്മലം എന്ന് കരുതാവുന്ന  ചോദ്യത്തില്‍ തന്നെ, കുര്‍ബാനയുടെ 'ദൈവിക രഹസ്യാത്മക' എന്ന അന്തസത്തയിലേക്കല്ല, മറിച്ച് അതിന്‍റെ പ്രകടനത്തിലേക്കു തന്നെയാണ്  അറി യാതെയെങ്കിലും ചോദ്യം തിരിയുന്നത്. ബലിയര്‍ പ്പകന്‍ അള്‍ത്താരയിലെ ശുശ്രൂഷകനാണ് എന്ന ബോധ്യം, താന്‍  ദൈവരഹസ്യങ്ങളുടെ കാവല്‍ക്കാരന്‍ മാത്രമാണ് എന്ന ബോധ്യത്തിലേക്കു നയിക്കും. എന്നാല്‍, പ്രകടനപരത ചുരുക്കത്തില്‍ മ്ലേച്ഛമായ വിഗ്രഹാരാധനയാണ്.

എന്തുകൊണ്ട് കുര്‍ബാന പ്രകടനപരതയിലേക്ക് മാറി? കൂദാശകള്‍ പരികര്‍മം ചെയുന്ന കാര്‍മ്മിക ന്‍റെയോ, അതിന്‍റെ സ്വീകര്‍ത്താക്കളായ അര്‍ത്ഥികളുടെയോ വ്യക്തിപരമായ പാപങ്ങള്‍ കുര്‍ബാനയെയോ, കൂദാശകളെയോ അസാധുവാക്കുന്നില്ല എന്ന ഒരു പഠനമാണ്, "Ex Opera  Operato'എന്നത്. ഇതിന്‍റെ ആന്തരാര്‍ത്ഥം, കൂദാശകള്‍ അതില്‍ത്തന്നെ സാധുവാണ് എന്നും, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ ആശ്രയിച്ചല്ല അതിന്‍റെ നിലനില്‍പ്പ് എന്നുമാണ്. കാരണം ഇത് കര്‍ത്താവിന്‍റെ കൂദാശയാണ്, കര്‍ത്താവു നേരിട്ട് സ്ഥാപിച്ചതുമാണ്; നമ്മള്‍ അതിന്‍റെ ഉപകരണങ്ങള്‍ മാത്രമാണ്. ഇതില്‍ കടന്നുകൂടിയിരിക്കുന്ന 'പ്രശ്നം' ആകട്ടെ, പരികര്‍മിയോ, അര്‍ഥിയോ എങ്ങനെയുമാകട്ടെ, കുര്‍ബാന സാധുവാണ് എന്ന വാദം  വെറും കര്‍മ്മാനുഷ്ഠാനങ്ങളിലേക്കു നമ്മെ നയിച്ചു; ആരാധനയുടെ ആത്മാവ് പിന്‍വാങ്ങുകയും ചെയ്തു. പ്രാര്‍ത്ഥനയുടെ ആത്മാവ് ഇല്ലെങ്കിലും, ചെയ്യുന്ന കര്‍മങ്ങളുടെ കൃത്യത ചൂണ്ടിക്കാട്ടി, ഓരോരുത്തരുടെയും വാദങ്ങള്‍ക്കുള്ള ന്യായീകരണമായി ഇതിനെ എടുക്കുകയും ചെയ്യാം. യാന്ത്രികത ആത്മീയതയെ വിഴുങ്ങി എന്നു ചുരുക്കം.

എന്നാല്‍ പരികര്‍മിയും അര്‍ത്ഥിയും കഴിവതും പ്രസാദവരാവസ്ഥയില്‍ ആയിരിക്കണം എന്നതാണ് സഭയുടെ പഠനം. തന്‍റെ (ഔദ്യോഗിക) സ്ഥാനം ആവശ്യപ്പെടുന്ന വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്നു വ്യക്തം. ചുരുക്കത്തില്‍, വിശുദ്ധ കുര്‍ബാനയുടെ പ്രകടനപരത, അതിനെ, പാപാവസ്ഥയെ അതിലംഘിക്കുന്ന ബലിയില്‍ നിന്നും; 'ബലിയര്‍പ്പിച്ചു' പാപം ചെയ്യുന്ന ദുരവസ്ഥ യിലേക്കു തള്ളിയിടുകയാണ്. "Fools rush in  where Angels fear to tread' എന്ന സൂക്തം ഇവിടെ അര്‍ത്ഥവത്താണ്.

കുര്‍ബാന പ്രകടനപരതയിലേക്കു മാറിയതിനു മറ്റൊരു കാരണം, നാം എന്നും  അര്‍പ്പിച്ചു കൊണ്ടി രുന്നതുകൊണ്ട് മാത്രം ഇതിന്‍റെ ഫലത്തെക്കുറിച്ച് എല്ലാവര്‍ക്കും ഉത്തമ ബോധ്യമുണ്ടായിരുന്നു എന്ന് മൂഢമായി ധരിച്ചു പോയി.  വിശുദ്ധ കുര്‍ബാനയുടെ ആത്മീയ, ദൈവശാസ്ത്ര മാനങ്ങള്‍ ക്രിസ്തീയ ജീവിതത്തിന്‍റെ കേന്ദ്രമായി മാറിയതുമില്ല, മറിച്ചു, അനുഷ്ഠാനങ്ങള്‍ ആത്മീയതയുടെ അളവുകോ ലായി മാറുകയും ചെയ്തു.

ചര്‍ച്ചകളും, തീരുമാനങ്ങളും കൂടുതലായും രീതികള്‍, സമ്പ്രദായങ്ങള്‍ എന്നിവയിലേക്ക് മാത്ര മായി ചുരുക്കുകയും, ആത്മീയ ഫലങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ പരാജയപ്പെടുകയും ചെയ്തു. ഒരു പാരമ്പര്യത്തിന്‍റെ വ്യതിരിക്തത ഉറപ്പാക്കേണ്ടത്  ശാഠ്യത്തിലൂടെയല്ല, മറിച്ചു, നിരന്തര പ്രാര്‍ത്ഥനയിലൂടെയും, പ്രബോധനങ്ങളിലൂടെയും ഉരുത്തിരിഞ്ഞു വരേണ്ടതാണ്. lex orandi, lex credenti [the law of prayer (is) the law of belief എന്നൊരു ചൊല്ലുണ്ട്.

ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുന്ന രീതിയാണ്  ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്‍റെ പ്രകടമായ രീതി.  ക്രൈസ്തവമല്ലാത്ത സെക്കുലര്‍ രീതികള്‍ അവലംബിച്ചല്ല കുര്‍ബാനയിലെ ക്രിസ്തുവി നെയോ, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെയോ  വെളിവാക്കേണ്ടത്, മറിച്ചു, പ്രാര്‍ത്ഥനയില്‍, ബലിയില്‍, അവനെ കണ്ടുമുട്ടുകയും, കാട്ടികൊടുക്കുകയുമാണ് വേണ്ടത്. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ നാം തന്നെയും വിശുദ്ധ കുര്‍ബാനയെ അവഹേളി ക്കുകയും, നിന്ദിക്കുകയുമാണ് ചെയ്യുന്നത്.

ക്രിസ്തു ദൈവത്തിന്‍റെ മുഖമാണെന്നും, ആ ക്രിസ്തുവിനെയാണ് കുര്‍ബാനയില്‍ നാം അഭിമുഖീകരിക്കുന്നതെന്നും കണ്ടു. വിശുദ്ധ കുര്‍ബാനയിലൂടെ അവന്‍റെ 'മണിക്കൂറിലേക്കാണ്' (സമയം) നാം പ്രവേശിക്കുന്നതെന്നാണ് ഭാഗ്യ സ്മരണാര്‍ഹനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഓര്‍മിപ്പിക്കുന്നത്. 'അവന്‍റെ മണിക്കൂര്‍,' എന്നത് രക്ഷാകരമായ മണിക്കൂറാണ്. ഈ ബലി കുരിശിലെ ബലിയോടും ഇന്നത്തെ (എന്‍റെയും, നിങ്ങളുടെയും) ചരിത്ര 'മണിക്കൂറുമായും' ബന്ധപ്പെട്ടു നില്‍ക്കുന്നു. ക്രിസ്തുവിന്‍റെ മണി ക്കൂറും നമ്മുടെ മണിക്കൂറും ഒന്നാകുന്ന അപൂര്‍വ്വതയാണത്. ഈ ബലിക്ക് രണ്ടു മണിക്കൂറുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനും, ഇന്നത്തെ മണിക്കൂറിനെ വിശുദ്ധീകരിക്കാനും കഴിയും.

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, ദൈവശാസ്ത്രപരമായ ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും എടുക്കേണ്ട അടിസ്ഥാന നിലപാടിനെക്കുറിച്ചു തന്‍റെ ആത്മകഥയില്‍ (Aus meinem Leben, P.67) ഒരു അനുഭവം സൂചിപ്പിക്കുന്നുണ്ട്. 1950 -ല്‍  പന്ത്രണ്ടാം പിയൂസ് പാപ്പാ, മാതാവിന്‍റെ സ്വര്‍ഗ്ഗാ രോപണം ഒരു വിശ്വാസ സത്യമായി (dogma)  പ്രഖ്യാപിക്കുന്നതിന് മുമ്പായി എല്ലാ ദൈവശാസ്ത്ര വിദ്യാപീഠങ്ങളില്‍ നിന്നും അവരുടെ അഭിപ്രായങ്ങള്‍ തേടിയിരുന്നു. ബെനഡിക്ട് പാപ്പാ പഠിച്ചിരുന്ന മ്യൂണിക്കിലെ യൂണിവേഴ്സിറ്റിയിലെ തന്‍റെ പ്രിയപ്പെട്ട അധ്യാപകനും, തന്‍റെ രണ്ടു ഡോക്ടറല്‍ ഗവേഷണങ്ങളുടെയും ഗൈഡ് (Doktorvater) ആയിരുന്ന Prof. Dr. Gottlieb Söhngen മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു ഡോഗ്മ ആയി പ്രഖ്യാപിക്കുന്നതിന് എതിരായിട്ടുള്ള പ്രബന്ധം ആണ് അവതരിപ്പിച്ചത്. അങ്ങനെയുള്ള ഒരു ചര്‍ച്ചയുടെ അവസരത്തില്‍, ഹെയ്ഡല്‍ബെര്‍ഗില്‍ (Heidel berg) നിന്നുള്ള പ്രശസ്ത പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്‍ Edmund Schlink, പാപ്പയുടെ അദ്ധ്യാപകനോട് ഇങ്ങനെ ചോദിച്ചത്രേ. 'ഇത് ഒരു ഡോഗ്മയായി പ്രഖ്യാപിക്കപ്പെട്ടാല്‍ താങ്കള്‍ എന്ത് ചെയ്യും? കത്തോലിക്കാ സഭ വിട്ടുപോകുമോ?' 'ഇത് ഒരു ഡോഗ്മയായി പ്രഖ്യപിക്കപ്പെട്ടാല്‍, കത്തോലിക്കാ സഭ എന്നെക്കാളും വിജ്ഞാനമതിയാണെന്നും, എന്‍റെ പാണ്ഡിത്യത്തേക്കാളും ഞാന്‍ എന്‍റെ സഭയുടെ പഠനങ്ങളില്‍ വിശ്വസിക്കുമെന്നും' ആയി രുന്നു പാപ്പയുടെ അധ്യാപകന്‍റെ മറുപടി. സ്വന്തം 'പഠനങ്ങളുടെ' അടിസ്ഥാനത്തില്‍ ഉയിര്‍ കൊള്ളുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതുമായ 'അഭിമാനത്തില്‍' നിന്നും വിശുദ്ധ കുര്‍ബാനയുടെ അഭിമാനവും അന്തസ്സും സംരക്ഷിക്കുന്ന നിലപാടുകളിലേക്കു നമുക്ക് വളരാനാകട്ടെ.

വിശുദ്ധ കുര്‍ബാന ഒരേ സമയം ദാനവും ദൗത്യവുമാണ്. ദാനം, ഇത് നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ടു എന്നതും; ദൗത്യം, നാം വിശുദ്ധ കുര്‍ബാനയുടെ സേവകരും ഉപാസകരും മാത്രമാണ് എന്നതുമാണ്. അങ്ങനെയാണ് നാം ലിറ്റര്‍ ജിയുടെ പ്രകടനപരതയില്‍ നിന്നും അതിന്‍റെ ആത്മാവിലേക്ക് പ്രവേശിക്കുന്നത്. ഈ 'മഹാ രഹസ്യത്തിനു' മുന്നില്‍ തൊഴുകൈകളോടെ പറയാനാവുന്നത് ഇത്ര മാത്രം; 'ഈ അവര്‍ണ നീയമായ ദാനത്തിനു നന്ദി.'

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts