news-details
ഓര്‍മ്മ

ബനഡിക്ട് പതിനാറാമനെ ഓര്‍മ്മിക്കുമ്പോള്‍...

ചുമതലകളൊഴിഞ്ഞ്, തന്‍റെ സുദീര്‍ഘ ജീവിതത്തിന്‍റെ അവസാനവര്‍ഷങ്ങള്‍, വത്തിക്കാനിലെ സഭയുടെ മാതാവിന്‍റെ മഠ -(Mater Ecclesiae Convent) ത്തില്‍ ധ്യാനത്തിലും പ്രാര്‍ത്ഥനയിലും കഴിഞ്ഞ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2022 ഡിസംബര്‍ 31ന് 95-ാം വയസ്സില്‍ അന്തരിച്ചു. പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരന്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് റാറ്റ്സിംഗറെ അദ്ദേഹത്തിന്‍റെ മരണത്തിനു  മുമ്പായി ഒരു നോക്ക് കാണുന്നതിന് 2020 ജൂണ്‍ 18 മുതല്‍ 20 വരെ റീഗെന്‍സ്ബര്‍ഗിലേക്ക് നടത്തിയ യാത്രയൊഴിച്ച്, സ്ഥാനമൊഴിഞ്ഞശേഷം ബെനഡിക്ട് പതിനാറാമന്‍ എവിടേയ്ക്കും പോയില്ല. പൗരോഹിത്യത്തിന്‍റെ അറുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 2016 ജൂണ്‍ 28ന് അപ്പസ്തോലിക് പാലസിലെ ക്ലമന്‍റൈന്‍ ഹാളില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന പൊതുചടങ്ങ്.  

ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ പലതവണ സന്ദര്‍ശിച്ചു. സുഹൃത്തുക്കളും സന്ദര്‍ശകരും അദ്ദേഹത്തെ കാണുകയും വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. അതുവഴി അദ്ദേഹത്തിന്‍റെ ഔചിത്യപൂര്‍ണ്ണവും അതേസമയം ജാഗരൂകവുമായ സാന്നിധ്യം നാം അനുഭവിച്ചുപോന്നു. ചിലപ്പോഴൊക്കെ കത്തുകളുടെയും ചെറുസന്ദേശങ്ങളുടെയും രൂപത്തിലുള്ള പ്രതികരണങ്ങളിലൂടെ അദ്ദേഹത്തിന്‍റെ സഹാനുഭൂതിയും വിശ്വാസതീക്ഷ്ണതയും അത്യഗാധ ആത്മീയനിറവും വെളിവാക്കപ്പെട്ടു. അത്യപൂര്‍വ്വമായിട്ടെങ്കിലും അത്യന്തം പ്രസക്തമായ ഉള്ളടക്കത്തോടെ ലേഖനങ്ങളും ഉണ്ടായി.

ബവേറിയ മുതല്‍ റോം വരെ: നീണ്ട ജീവിതത്തിന്‍റെ നിരവധി ഘട്ടങ്ങള്‍

ബവേറിയായിലെ മക്തല്‍ ആം ഇന്നില്‍ 1927 ഏപ്രില്‍ 16ന് ജോസഫ് റാറ്റ്സിംഗര്‍ ജനിച്ചു. ദുഃഖശനിയാഴ്ച പുലര്‍ച്ചെ പിറന്നുവീണ അദ്ദേഹത്തെ, അദ്ദേഹംതന്നെ വിശേഷിപ്പിക്കുംപോലെ, ഉയിര്‍പ്പുരാവില്‍ വിശുദ്ധീകരിക്കപ്പെട്ട വെള്ളത്താല്‍ അന്നുതന്നെ ജ്ഞാനസ്നാനം ചെയ്തു.

"കൃപയുടെ അടയാളമായി എന്‍റെ ജീവിതം തുടക്കംമുതല്‍ ഉയിര്‍പ്പിന്‍റെ യോഗാത്മകതയില്‍ നിമജ്ജനം ചെയ്യപ്പെട്ടതില്‍ ഞാന്‍ ഏറെ കൃതാര്‍ത്ഥനാണ്", എന്നദ്ദേഹം ഇതേക്കുറിച്ച് പറയുകയുണ്ടായി. കത്തോലിക്കാ പാരമ്പര്യത്തില്‍ അടിയുറച്ച എളിയ ബവേറിയന്‍ കുടുംബത്തിലാണ് ജോസഫിന്‍റെ ജനനം. ജോസഫ് എന്നുതന്നെ പേരുള്ള പിതാവ് പോലീസുകാരനായിരുന്നു. വീട്ടമ്മയായ അമ്മ മരിയ കുടുംബച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ പാചകക്കാരിയായി ഇടയ്ക്ക് ജോലി നോക്കിപ്പോന്നു. സഹോദരി മരിയക്കും സഹോദരന്‍ ജോര്‍ജിനും പിന്നാലെ മൂന്നാമത്തെയും ഒടുവിലത്തെയും സന്തതിയായി ജോസഫ് പിറന്നു.

ജോസഫിന്‍റെ കുട്ടിക്കാലം സാധാരണവും ആഹ്ലാദകരവുമായിരുന്നു. പിതാവിന്‍റെ സ്ഥലംമാറ്റത്തിനൊപ്പം കുടുംബവും പുതിയ സ്ഥലങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു. മക്തല്‍ ആം ഇന്നിനു ശേഷം 1929ല്‍ എത്തിച്ചേര്‍ന്ന റ്റിറ്റ്മോണിങ്ങ് ജോസഫിന്‍റെ ബാല്യകാലസ്വപ്നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും അരങ്ങൊരുക്കി. 1932ല്‍ അഷോവിലേയ്ക്കും 1937ല്‍ ട്രാവണ്‍സ്റ്റയിനിലേക്കും കുടുംബം താമസം മാറി. ട്രാവണ്‍സ്റ്റയിനിലെ അതിരൂപതാ സെമിനാരിയില്‍ ജ്യേഷ്ഠന്‍ ജോര്‍ജിനു പിന്നാലെ 1939-ല്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ജോസഫും ചേര്‍ന്നു. നാസിഭരണത്തിന്‍റെ ഉദയകാലമായിരുന്നു അത്. വരാന്‍ പോകുന്ന കൊടുങ്കാറ്റിന്‍റെ സൂചനകള്‍ ജോസഫിനും ലഭിച്ചിരുന്നു. നാസിവിരുദ്ധ മനോഭാവം പക്ഷേ അക്രമങ്ങളിലേക്ക് വഴുതിവീഴാതെ കാത്ത ബവേറിയന്‍ പ്രവിശ്യയുടെയും കുടുംബത്തിന്‍റെയും  കത്തോലിക്കാ അന്തരീക്ഷം ജോസഫിനും സംരക്ഷണമായി. പക്ഷേ, ചേര്‍ന്ന് അധികം താമസിയാതെ സെമിനാരി അടച്ചുപൂട്ടപ്പെടുകയും നാസിപാര്‍ട്ടിയുടെ യുവജനവിഭാഗമായ ഹിറ്റ്ലര്‍ യൂത്തില്‍ ചേരാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തതോടെ നാസിസത്തിന്‍റെ ക്രൗര്യത്തിന് ജോസഫും നേരിട്ട് ഇരയായി. ഹിറ്റ്ലര്‍ യൂത്തിന്‍റെ കുത്സിതപ്രവര്‍ത്തനങ്ങളില്‍ ജോസഫ് പക്ഷേ പങ്കെടുത്തില്ല. പതിനാറാമത്തെ വയസ്സില്‍, രണ്ടാം ലോകമഹായുദ്ധം അതിരൂക്ഷമായിരിക്കേ, മ്യൂണിക്ക് നഗരത്തില്‍ ആന്‍റി എയര്‍ക്രാഫ്റ്റ് ജോലിയില്‍ ജോസഫ് നിയമിതനായി. പട്ടാളക്കാരനായിരുന്നെങ്കിലും സെമിനാരിയില്‍ നിന്ന് പുറത്താക്കപ്പെട്ട മറ്റുള്ളവരെപ്പോലെ പഠനം തുടരാനും നഗരത്തിലെ സ്കൂളില്‍ ക്ലാസുകളില്‍ പങ്കെടുക്കാനും ജോസഫിനും അനുവാദം ലഭിച്ചിരുന്നു.

1984 സെപ്റ്റംബറില്‍ ആന്‍റി എയര്‍ക്രാഫ്റ്റ് ജോലിയില്‍നിന്ന് വിടുതല്‍ നല്കി ആസ്ട്രിയയുടെയും ഹംഗറിയുടെയും സ്ലോവാക്യയുടെയും അതിര്‍ത്തിയായ ബര്‍ഗന്‍ലാന്‍ഡില്‍ തൊഴിലാളിയായും അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് അവിടെ നിന്ന് ട്രാവണ്‍സ്റ്റയിനിലെ ബാരക്കിലേക്കും ജോസഫ് അയയ്ക്കപ്പെട്ടു. ജര്‍മ്മനിയുടെ പതനത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വത്തിന്‍റെ നാളുകളില്‍ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും എത്തിച്ചേര്‍ന്ന അമേരിക്കന്‍ സൈന്യം യുദ്ധത്തടവുകാരനായി പിടികൂടി മറ്റ് അമ്പതിനായിരം പേര്‍ക്കൊപ്പം ഉമ്മിനടുത്ത തുറന്ന ജയിലില്‍ അടച്ചു. ഒടുവില്‍ 1945 ജൂണ്‍ 16ന് സ്വതന്ത്രനായി ജോസഫ് കുടുംബത്തോടൊപ്പം ചേര്‍ന്നു.

ഈ സംഭവവികാസങ്ങള്‍ക്കെല്ലാം ഇടയിലും പൗരോഹിത്യത്തോടുള്ള ആഭിമുഖ്യം അല്‍പ്പവും കുറഞ്ഞില്ല. അനിശ്ചിതത്വം തുടരുകയായിരുന്നെങ്കിലും മ്യൂണിക്കിലും ഫ്രീസിംഗിലുമായി ജോസഫ് പഠനം തുടര്‍ന്നു. ആത്മീയവിവേകത്തിന്‍റെ പക്വതയില്‍ പൗരോഹിത്യത്തിലേക്ക് തയ്യാറെടുത്ത അദ്ദേഹം ആത്മീയവും സാംസ്കാരികവുമായ ഔന്നത്യം പുലര്‍ത്തിയിരുന്ന മഹദ്വ്യക്തികളുടെ മാര്‍ഗിര്‍ദ്ദേശത്തില്‍ അത്യധികം ഔത്സുക്യത്തോടെയും അഭിനിവേശത്തോടെയും ദൈവശാസ്ത്രപഠനത്തിന്‍റെ ലോകത്തിലേക്ക് കടന്നു. ഇക്കാലത്താണ്, പിന്നീട് അദ്ദേഹത്തിന്‍റെ നിലപാടുകളുടെ ഉരകല്ലും പ്രിയപ്പെട്ട പ്രാമാണിക ഗ്രന്ഥകാരനുമായി മാറിയ വിശുദ്ധ അഗസ്റ്റിന്‍റെ ചിന്തകളുമായി പരിചയപ്പെടുന്നത്. ഹെന്‍റി ലൂബക്കിനെപ്പോലുള്ള മഹാന്മാരായ സമകാലീന ദൈവശാസ്ത്രജ്ഞരുടെ രചനകള്‍ ഔത്സുക്യത്തോടെ വായിച്ചുതുടങ്ങുന്നതും അക്കാലത്താണ്.

1951 ജൂണ്‍ 29 ന് ഫ്രീസിംഗ് കത്തീഡ്രലില്‍ മ്യൂണിക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മൈക്കിള്‍ വോണ്‍ ഫോളാബറില്‍ നിന്ന് ജോര്‍ജും ജോസഫും പൗരോഹിത്യം സ്വീകരിച്ചു. അത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ദൈവശാസ്ത്ര ഗവേഷണത്തിലും അധ്യാപനത്തിലും അത്യധികം ആകൃഷ്ടനായിരിക്കെത്തന്നെ പൗരോഹിത്യം ജോസഫിന്‍റെ അടിസ്ഥാനനിയോഗമായി തുടര്‍ന്നു.  വചനശുശ്രൂഷയെയും ഇടയശുശ്രൂഷയെയും അത്യഗാധമായ സാംസ്കാരിക ഉള്‍ക്കാഴ്ചയോടെ, സജീവമായി, ആരാധനാശുശ്രൂഷയില്‍ ഉള്‍ച്ചേര്‍ത്ത് ആനന്ദത്തോടെയും അര്‍പ്പണബോധത്തോടെയും അത്യധികം കൃതജ്ഞതയോടെയും അദ്ദേഹം പൗരോഹിത്യത്തില്‍ ജീവിച്ചു.

പട്ടമേറ്റശേഷം ഒരു വര്‍ഷം മ്യൂണിക്കിന്‍റെ പ്രാന്തത്തിലുള്ള ഇടവകയില്‍ തീക്ഷ്ണമതിയായ വികാരിയച്ചനൊപ്പം ജോസഫ് പരിശീലനം നേടി. "എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം" എന്ന് വളരെക്കാലത്തിനുശേഷം അദ്ദേഹം ഓര്‍മ്മിക്കുമാറ് പ്രതിബദ്ധതയോടെയും ഔത്സുക്യത്തോടെയും അദ്ദേഹം തന്‍റെ കടമകള്‍ നിര്‍വ്വഹിച്ചു. ഇടയന്‍റെ ഊഷ്മളമായ  കരുതല്‍ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ സജീവമായി സ്പന്ദിക്കുന്ന റാറ്റ്സിംഗറെ അതിനാല്‍ത്തന്നെ നിസ്സംഗനും കാര്യമാത്രപ്രസക്തനുമായ പണ്ഡിതന്‍ മാത്രമായി പരിഗണിക്കുന്നത് തികച്ചും തെറ്റാവും.  അതേസമയം പഠനത്തിലും അധ്യാപനത്തിലും അതിപ്രാഗത്ഭ്യം അന്നേ തെളിയിച്ച യുവവൈദികന് അത് തികച്ചും യോജിക്കുന്ന മേഖലയായി മാറുകയും ചെയ്തു.

1953ല്‍ സെന്‍റ് അഗസ്റ്റിനില്‍ ഗവേഷണബിരുദം നേടിയശേഷം അധ്യാപനത്തിനുള്ള അനുമതിക്കുള്ള ശ്രമമായി. സെന്‍റ് ബൊണാവെഞ്ചറെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രബന്ധത്തിന്മേല്‍ മ്യൂണിക്ക് സര്‍വ്വകലാശാലയിലെ നിര്‍ണായക സ്വാധീനമുള്ള രണ്ട് അധ്യാപകരായ ഗോട്ട്ലീബ് സോന്‍ജെനും (അദ്ദേഹത്തിന്‍റെ ഗുരു) മൈക്കിള്‍ ഷിമോസും തമ്മില്‍ പരസ്യമായി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചത് റാറ്റ്സിംഗറുടെ ജീവിതത്തിലെ ദുര്‍ഘടവും നാടകീയവുമായ അനുഭവമായി. ഒടുവില്‍ റാറ്റ്സിംഗറുടെ പ്രബന്ധം അംഗീകരിക്കപ്പെട്ടു. അങ്ങനെ 1957ല്‍ റാറ്റ്സിംഗര്‍ അധ്യാപകനായി. എന്നാല്‍ ആ സംഘര്‍ഷം ഉള്‍ക്കനമുള്ള ഒരു അവബോധത്തിന് തുടക്കമിട്ടു. അന്നുവരെ ഉജ്വലവിജയങ്ങളും ഉദാരമായ പ്രശംസകളും മാത്രം ഏറ്റുവാങ്ങിയ യുവദൈവശാസ്ത്രജഞന്‍ തന്‍റെ അധ്യാപനഭാവിയെത്തന്നെ അട്ടിമറിക്കപ്പെട്ടേക്കാവുംവിധം കടുത്ത വിമര്‍ശനം എന്ന പുതിയ അനുഭവം നേരിട്ടു. സംവാദത്തിലെ ശരിതെറ്റുകള്‍ എന്തുതന്നെയായിരുന്നാലും ഒരു ചെറുപ്പക്കാരന് തന്‍റെ പരിമിതികള്‍ തിരിച്ചറിയാനും വിമര്‍ശനങ്ങള്‍ സഹിക്കാനും പ്രതികൂല അനുഭവങ്ങള്‍ അനുഭവിക്കാനും ഉതകുമെന്നതിനാല്‍ നിന്ദനങ്ങള്‍ നല്ലതും ആവശ്യവുമാണെന്ന് എല്ലാറ്റിനും ഒടുവില്‍ റാറ്റ്സിംഗര്‍ വിവേകത്തോടെ തിരിച്ചറിഞ്ഞു.  അങ്ങനെ റാറ്റ്സിംഗര്‍ അധ്യാപകനായി. രണ്ടു ദശാബ്ദം നീണ്ട അധ്യാപനകാലം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ നിര്‍ണായകഘട്ടമായിരുന്നു. കുറഞ്ഞപക്ഷം താന്‍ വിളിക്കപ്പെട്ടത് എന്ന് അദ്ദേഹം കരുതിയ കാര്യങ്ങളും അദ്ദേഹം ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞ കാലമായിരുന്നു അത്. എങ്കിലും ഈ കാലയളവിനും വ്യത്യസ്തമായ പല പല ഘട്ടങ്ങളുണ്ടായി. ഫ്രീസിംഗില്‍ ഹൈസ്കൂള്‍ തലത്തില്‍ അടിസ്ഥാനപ്രമാണങ്ങളും- (dogma) അടിസ്ഥാനദൈവശസ്ത്രവും (Fundamental Theology) പഠിപ്പിച്ചശേഷം 1959-63 കാലഘട്ടത്തില്‍ ബോണ്‍ സര്‍വ്വകലാശാലയില്‍ അടിസ്ഥാന ദൈവശാസ്ത്രാധ്യാപകനായി അദ്ദേഹം നിയോഗിതനായി. തുടര്‍ന്ന് 1963-66 കാലഘട്ടത്തില്‍ മ്യൂണ്‍സ്റ്ററിലും 1966-69ല്‍ ട്യൂബിങ്ങ്ഗനിലും ഒടുവില്‍ 1969-77 കാലഘട്ടത്തില്‍ റീഗന്‍സ്ബര്‍ഗിലും പ്രാമാണിക ദൈവശാസ്ത്രത്തില്‍  (Dogmatic Theology) അധ്യാപകനായി. അദ്ദേഹത്തിന്‍റെ സര്‍വ്വകലാശാല അധ്യാപനം ഉള്ളടക്കത്തിന്‍റെ ആഴംകൊണ്ടും വിവരണത്തിലെ വ്യക്തത കൊണ്ടും ഭാഷയിലെ ഭംഗിയും ശ്രദ്ധയും കൊണ്ടും അന്യാദൃശവും അങ്ങേയറ്റം അനുകരണീയവുമായിരുന്നു. പിന്നീട് മാര്‍പാപ്പയായി തീര്‍ന്ന അധ്യാപകന്‍റെ ഈദൃശ ഗുണങ്ങള്‍ വിശാലവും ലോകോത്തരവുമായ നിലവാരത്തില്‍ പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്‍റെ രചനകളില്‍ വായിക്കാനും പ്രഭാഷണങ്ങളിലും വേദപാഠങ്ങളിലും ഞായറാഴ്ച പ്രസംഗങ്ങളിലും കേള്‍ക്കാനും നമുക്ക് കഴിഞ്ഞു.

റാറ്റ്സിംഗറിന്‍റെ ജീവിതത്തിലെ നിര്‍ണായകമായൊരു ഘട്ടം ഇക്കാലയളവിലായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ കൊളോണിലെ മുതിര്‍ന്ന കര്‍ദ്ദിനാള്‍ ജോസഫ് ഫ്രിംഗ്സിന്‍റെ ദൈവശാസ്ത്ര ഉപദേഷ്ടാവ് എന്ന നിലയില്‍ അദ്ദേഹത്തിനു പങ്കെടുക്കാന്‍ കഴിഞ്ഞു. സൂനഹദോസിന്‍റെ വിളംബരം വരുന്ന കാലത്ത് കൊളോണ്‍ രൂപതയില്‍പ്പെട്ട ബോണില്‍ അധ്യാപകനാണ് റാറ്റ്സിംഗര്‍.  സൂനഹദോസിന്‍റെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ഏറെ ശ്രദ്ധിക്കപ്പെട്ട പ്രഭാഷണത്തിലൂടെ അദ്ദേഹം തന്‍റെ വരവറിയിച്ചു. ഏറെക്കുറെ അന്ധനായിരുന്നെങ്കിലും  രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ നിര്‍ണായക സ്വാധീനമായിരുന്നു കര്‍ദ്ദിനാള്‍ ഫ്രിംഗ്സ്. ഫ്രാന്‍സും ജര്‍മ്മനിയും ബല്‍ജിയവുമടങ്ങുന്ന മധ്യ ഉത്തരയൂറോപ്പില്‍ നിന്നുള്ള മതമേലദ്ധ്യക്ഷന്മാരില്‍ പ്രമുഖനും. സൂനഹദോസിന്‍റെ വിചിന്തനങ്ങളില്‍ അദ്ദേഹം നിര്‍ണായക സ്വാധീനം ചെലുത്തി. റോമിന്‍റെ അക്കാദമിക് ശൈലികളില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷത്തില്‍  പരിശീലനം നേടിയ മുപ്പതുകളുടെ തുടക്കത്തില്‍ മാത്രം എത്തിയ യുവാവായ റാറ്റ്സിംഗര്‍, ഫ്രിംഗ്സിനെ അനുഗമിക്കുകയും അദ്ദേഹത്തിനുവേണ്ടി പ്രഭാഷണത്തിനുള്ള കുറിപ്പുകളും സംവാദങ്ങളില്‍ ഇടപെടുന്നതിനുള്ള നക്കലുകളും തയ്യാറാക്കി നല്‍കുകയും ചെയ്തു. അവയൊക്കെ ഏറെ ശ്രദ്ധേയവുമായി.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ രേഖകള്‍ തയ്യാറാക്കുന്നതിന് തന്‍റേതായ സംഭാവനകള്‍ നല്‍കുന്നതിന് മാത്രമല്ല, അക്കാലത്തെ മുന്‍നിര ദൈവശാസ്ത്രജ്ഞനായ റാനര്‍, ലുബാക്, കോങ്ങ്ഗാര്‍, ചെനു, ഡാനിയേലോ, ഫിലിപ്സ് തുടങ്ങിയവരുമായി വ്യക്തിപരമായി സംവദിക്കുന്നതിനുള്ള അസുലഭ അവസരവും റോമില്‍ തങ്ങിയ അക്കാലത്ത് അദ്ദേഹത്തിനു ലഭിച്ചു. അതോടൊപ്പം സഭയുടെ സാര്‍വലൗകികതയും, സമകാലികലോകം നേരിടുന്ന വെല്ലുവിളികളും, ആഴത്തിലും, നൂറ്റാണ്ട് കണ്ട ഏറ്റവും സുപ്രധാന സഭാസംവാദത്തിന്‍റെ അകത്തളങ്ങളില്‍ നിന്ന് നേരിട്ടും അനുഭവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അത് അദ്ദേഹത്തിന്‍റെ അനുഭവചക്രവാളത്തെ ലോകത്തിന്‍റെ അതിരുകളോളം വികസിപ്പിച്ചു. അദ്ദേഹത്തിന്‍റെ ദൈവശാസ്ത്ര, പൗരോഹിത്യ വിചാരങ്ങള്‍ നിര്‍ണായക ചോദ്യങ്ങള്‍കൊണ്ട് സമ്പന്നമായി. ഇനി അദ്ദേഹത്തിന് പരിമിതമായ. സങ്കുചിതമായ കാഴ്ചപ്പാടിനുള്ളില്‍ അടഞ്ഞിരിക്കാന്‍ ആവില്ല.

റാറ്റ്സിംഗറിന്‍റെ ജീവിതത്തിലെ നിര്‍ണായകമായൊരു ഘട്ടം ഇക്കാലയളവിലായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ കൊളോണിലെ മുതിര്‍ന്ന കര്‍ദ്ദിനാള്‍ ജോസഫ് ഫ്രിംഗ്സിന്‍റെ ദൈവശാസ്ത്ര ഉപദേഷ്ടാവ് എന്ന നിലയില്‍ അദ്ദേഹത്തിനു പങ്കെടുക്കാന്‍ കഴിഞ്ഞു. സൂനഹദോസിന്‍റെ വിളംബരം വരുന്ന കാലത്ത് കൊളോണ്‍ രൂപതയില്‍പ്പെട്ട ബോണില്‍ അധ്യാപകനാണ് റാറ്റ്സിംഗര്‍.  സൂനഹദോസിന്‍റെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ഏറെ ശ്രദ്ധിക്കപ്പെട്ട പ്രഭാഷണത്തിലൂടെ അദ്ദേഹം തന്‍റെ വരവറിയിച്ചു. ഏറെക്കുറെ അന്ധനായിരുന്നെങ്കിലും  രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ നിര്‍ണായക സ്വാധീനമായിരുന്നു കര്‍ദ്ദിനാള്‍ ഫ്രിംഗ്സ്. ഫ്രാന്‍സും ജര്‍മ്മനിയും ബല്‍ജിയവുമടങ്ങുന്ന മധ്യ ഉത്തരയൂറോപ്പില്‍ നിന്നുള്ള മതമേലദ്ധ്യക്ഷന്മാരില്‍ പ്രമുഖനും. സൂനഹദോസിന്‍റെ വിചിന്തനങ്ങളില്‍ അദ്ദേഹം നിര്‍ണായക സ്വാധീനം ചെലുത്തി. റോമിന്‍റെ അക്കാദമിക് ശൈലികളില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷത്തില്‍  പരിശീലനം നേടിയ മുപ്പതുകളുടെ തുടക്കത്തില്‍ മാത്രം എത്തിയ യുവാവായ റാറ്റ്സിംഗര്‍, ഫ്രിംഗ്സിനെ അനുഗമിക്കുകയും അദ്ദേഹത്തിനുവേണ്ടി പ്രഭാഷണത്തിനുള്ള കുറിപ്പുകളും സംവാദങ്ങളില്‍ ഇടപെടുന്നതിനുള്ള നക്കലുകളും തയ്യാറാക്കി നല്‍കുകയും ചെയ്തു. അവയൊക്കെ ഏറെ ശ്രദ്ധേയവുമായി.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ രേഖകള്‍ തയ്യാറാക്കുന്നതിന് തന്‍റേതായ സംഭാവനകള്‍ നല്‍കുന്നതിന് മാത്രമല്ല, അക്കാലത്തെ മുന്‍നിര ദൈവശാസ്ത്രജ്ഞരായ റാനര്‍, ലുബാക്, കോങ്ങ്ഗാര്‍, ചെനു, ഡാനിയേലോ, ഫിലിപ്സ് തുടങ്ങിയവരുമായി വ്യക്തിപരമായി സംവദിക്കുന്നതിനുള്ള അസുലഭ അവസരവും റോമില്‍ തങ്ങിയ അക്കാലത്ത് അദ്ദേഹത്തിനു ലഭിച്ചു. അതോടൊപ്പം സഭയുടെ സാര്‍വലൗകികതയും, സമകാലികലോകം നേരിടുന്ന വെല്ലുവിളികളും, ആഴത്തിലും, നൂറ്റാണ്ട് കണ്ട ഏറ്റവും സുപ്രധാന സഭാസംവാദത്തിന്‍റെ അകത്തളങ്ങളില്‍ നിന്ന് നേരിട്ടും അനുഭവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അത് അദ്ദേഹത്തിന്‍റെ അനുഭവചക്രവാളത്തെ ലോകത്തിന്‍റെ അതിരുകളോളം വികസിപ്പിച്ചു. അദ്ദേഹത്തിന്‍റെ ദൈവശാസ്ത്ര, പൗരോഹിത്യ വിചാരങ്ങള്‍ നിര്‍ണായക ചോദ്യങ്ങള്‍കൊണ്ട് സമ്പന്നമായി. ഇനി അദ്ദേഹത്തിന് പരിമിതമായ സങ്കുചിതമായ കാഴ്ചപ്പാടിനുള്ളില്‍ അടഞ്ഞിരിക്കാന്‍ ആവില്ല.  

എല്ലാം പക്ഷേ എളുപ്പമായിരുന്നില്ല. തടസ്സങ്ങളില്ലാത്തതുമായിരുന്നില്ല. അധ്യാപനത്തില്‍ അടിക്കടിയുണ്ടായ മാറ്റങ്ങള്‍ അതിന്‍റെ സൂചനയായി. സൂനഹദോസിന്‍റെ ക്രിയാത്മകവും ശുഭോദര്‍ക്കവുമായ അന്തരീക്ഷം, പൗരോഹിത്യ ദൈവശാസ്ത്രമേഖലകളില്‍ ഭിന്നതയ്ക്കും പ്രതിലോമ സംഭവവികാസങ്ങള്‍ക്കും വഴിമാറി. സഭയില്‍ ദൈവശാസ്ത്രജ്ഞരുടെ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ പ്രത്യേകിച്ച് ജര്‍മ്മനിയില്‍ ചൂടുപിടിച്ചു. ട്യൂബിങ്ങ്ഗനിലേക്ക് റാറ്റ്സിംഗറെ ക്ഷണിച്ചുവരുത്തിയ ഹാന്‍സ് കങ്ങുമായുള്ള അഭിപ്രായവ്യത്യാസം യോജിക്കാന്‍ ഒരിക്കലും ആകാത്തവിധം അവരുടെ വഴികളെ അകറ്റി.

"കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങളുടെ വ്യാഖ്യാനത്തിനായി രൂപംകൊണ്ട, അങ്ങനെ ആയിരിക്കേണ്ട ദൈവശാസ്ത്രം അങ്ങനെയല്ലാതായിരിക്കുന്നു. അതിനാല്‍ എന്നെപ്പോലൊരു കത്തോലിക്കാദൈവശാസ്ത്രജ്ഞന് ആ ദൈവശാസ്ത്രവുമായി യോജിക്കാന്‍ കഴിയുകയില്ല" എന്ന് അദ്ദേഹം കങ്ങിനും കൂട്ടര്‍ക്കും മറുപടി നല്കുകയുണ്ടായി.    

ഈ സാഹചര്യത്തില്‍, സര്‍വ്വകലാശാലാന്തരീക്ഷം കലുഷിതമാക്കിയ 1968ലെ വിദ്യാര്‍ത്ഥിപ്രക്ഷോഭം കൂടി കണക്കിലെടുത്ത്, റാറ്റ്സിംഗര്‍ ട്യൂബിങ്ങ്ഗന്‍ വിട്ട് കൂടുതല്‍ ശാന്തമായ റീഗെന്‍സ്ബര്‍ഗില്‍ എത്തി. തുടര്‍ന്നുള്ള കാലയളവ് തീക്ഷ്ണമോ, ഫലപ്രദമോ ആയിരുന്നില്ല എന്ന് പക്ഷേ ആരും കരുതേണ്ടതില്ല. 1968ല്‍ തന്നെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട അദ്ദേഹത്തിന്‍റെ കൃതി 'ക്രൈസ്തവികതയ്ക്ക് ഒരാമുഖം'(An Introduction to Christianity) പ്രസിദ്ധീകൃതമായി. വിശ്വാസപ്രമാണത്തിന് (Apostolic Creed) വ്യാഖ്യാനമായി എല്ലാ വിഷയങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രിയെന്ന നിലയില്‍ രൂപപ്പെടുത്തിയ ഈ പുസ്തകം ഇരുപത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ഇന്നും പുതിയ പതിപ്പുകള്‍ ഇറങ്ങുന്ന വലിയ വിജയം നേടുകയും ചെയ്തു. ഘനഗംഭീരമായ ഉള്ളടക്കം അതിലളിതമായി പ്രതിപാദിക്കുകയെന്ന അതിശയിപ്പിക്കുന്ന വൈരുധ്യം ഈ പുസ്തകത്തിന് അക്കാദമിക് മേഖലയ്ക്ക് പുറത്ത് ശ്രദ്ധ നേടിക്കൊടുത്തു. "ലോകജീവിതത്തിന്‍റെ അര്‍ത്ഥം അടയിരിക്കുന്നത് 'നിങ്ങളില്‍' (അപരനില്‍) ആണെന്ന്" ക്രൈസ്തവവിശ്വാസത്തിന്‍റെ വൈയക്തികതലത്തെ റാറ്റ്സിംഗര്‍ ഈ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു. "എന്നെ നിലനിര്‍ത്തുന്ന 'നിന്നെ' (അപരനെ) കണ്ടെത്തുകയാണ് അപ്പോള്‍ വിശ്വാസം. മനുഷ്യനും മനുഷ്യനുമായുള്ള എല്ലാ അപൂര്‍ണ്ണ അഭിമുഖങ്ങളും അനശ്വരസ്നേഹത്തിന്‍റെ വാഗ്ദാനങ്ങളാണ്. ആ സ്നേഹം നമ്മെ അനശ്വരതയിലേക്ക് നയിക്കുക മാത്രമല്ല, ഇപ്പോള്‍ ഇവിടെ നമ്മെ പൂര്‍ണരാക്കുകയും ചെയ്യുന്നു".  

റീഗെന്‍സ് ബര്‍ഗിലെ തുടര്‍വര്‍ഷങ്ങളിലെ അധ്യാപനം ക്ലാസുമുറികളില്‍ ഒതുങ്ങിയില്ല. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഗൈഡായി. പൗരോഹിത്യത്തിന്‍റെ കാലങ്ങളിലുടനീളം ശിഷ്യവൃന്ദത്തെ പരുവപ്പെടുത്തുന്നതിലും സ്ഥൈര്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിലും ആദരീണമായ വിശ്വസ്തതയോടെ അദ്ദേഹം നടത്തിയ വലിയ ശ്രമങ്ങള്‍ അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ രൂപംകൊണ്ട സാംസ്കാരികവും ആത്മീയവുമായ അത്യസാധാരണമാം വിധം ആഴമേറിയ ബന്ധങ്ങളില്‍ തെളിയുന്നു. എന്നാല്‍ മ്യുണിക്ക് ആര്‍ച്ചുബിഷപ്പും ജര്‍മ്മന്‍ കത്തോലിക്കാ വിശ്വാസത്തിന്‍റെ അനിഷേധ്യ തലവനുമായിരുന്ന കര്‍ദ്ദിനാള്‍ ജൂലിയസ് ഡോഫ്നറുടെ  മരണം, അക്കാദമികവും സാംസ്കാരികവുമായ പക്വത കൈവരിക്കേണ്ട അമ്പതാംവയസ്സില്‍ റാറ്റ്സിംഗറുടെ ജീവിതത്തെ ഉലച്ചു. ഡോഫ്നറുടെ പിന്‍ഗാമി എന്ന ദുഷ്കരദൗത്യം ഏറ്റെടുക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ റാറ്റ്സിംഗറോട് നിര്‍ദ്ദേശിച്ചു. ജര്‍മ്മന്‍ സഭയുടെ മുഖ്യപൗരോഹിത്യപദവികള്‍ സാംസ്കാരിക ഔന്നത്യമുള്ളവരെ ഭരമേല്പിക്കുക അനുചിതമാവില്ല എന്ന് മാര്‍പാപ്പാമാര്‍ ചിന്തിക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. അംഗീകരിക്കപ്പെട്ട ദൈവശാസ്ത്രജ്ഞനായ റാറ്റ്സിംഗര്‍, സൂനഹദോസ് അനന്തരസംഘര്‍ഷ കാലഘട്ടത്തില്‍ സഭയോട് ആഴത്തില്‍ ആഭിമുഖ്യം പുലര്‍ത്തിയ, അദ്ദേഹം സ്വയം വിശേഷിപ്പിക്കുംപോലെ 'ബവേറിയന്‍ ദേശാഭിമാനി'യും കൂടിയാണ്. തീരുമാനം അത്യധികം ദുഷ്കരമായിരുന്നു, പക്ഷേ ആ അധ്യാപകന്. എങ്കിലും തന്നില്‍നിന്ന് ആവശ്യപ്പെടുന്ന സേവനം നല്‍കാനുള്ള സന്നദ്ധതയ്ക്ക് തന്നെ മുന്‍തൂക്കം ലഭിച്ചു.  1977 മെയ് 28ന് അദ്ദേഹം മെത്രാനായി സ്ഥാനമേറ്റു. ഒട്ടും വൈകാതെ പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി. ജൂണ്‍ 27ന് റോമില്‍ റാറ്റ്സിംഗര്‍ കര്‍ദ്ദിനാളിന്‍റെ സ്ഥാനചിഹ്നം ഏറ്റുവാങ്ങി.

ആദര്‍ശമായി അദ്ദേഹം 'സത്യത്തിന്‍റെ സഹകാരികള്‍ ' എന്ന വിശുദ്ധ യോഹന്നാന്‍റെ മൂന്നാം ലേഖന(1:8)ത്തിലെ വാക്യം സ്വീകരിച്ചു. പഠനത്തിലും അധ്യാപനത്തിലുമുള്ള ദൈവശാസ്ത്രജ്ഞന്‍റെ പ്രതിബദ്ധതയ്ക്കും, പ്രബോധനത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുമുള്ള സഭാമേലധ്യക്ഷന്‍റെ പ്രതിബദ്ധതയ്ക്കുമിടയിലെ തുടര്‍ച്ചയെ വ്യക്തമാക്കാന്‍ ഇതിലും യോജിച്ച മറ്റൊന്ന് കണ്ടെത്താന്‍ ആര്‍ക്കാണ് കഴിയുക. ഇതൊരു ജീവിതകാലത്തിനു മുഴുവന്‍ ഉതകുന്ന എല്ലാ ചുമതലകള്‍ക്കും മാര്‍ഗനിര്‍ദ്ദേശകമാകുന്ന മുദ്രാവാക്യവുമാണല്ലോ. മഹത്തായൊരു രൂപതയ്ക്ക് വഴികാട്ടേണ്ടുന്ന ഇടയനെന്ന നിലയില്‍ മ്യൂണിക്ക് ആര്‍ച്ച് ബിഷപ്പെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ സേവനം തീക്ഷ്ണമായിരുന്നെങ്കിലും ഹ്രസ്വവുമായിരുന്നു. മൂന്നു മാര്‍പാപ്പാമാരുടെയും മാര്‍പാപ്പായെ തിരഞ്ഞെടുക്കാനുള്ള രണ്ട് ഉച്ചകോടി (കോണ്‍ക്ലേവ് 1978) കളുടെയും കാലമായിരുന്നു അത്. ഒടുവില്‍, മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍റെ മ്യൂണിക്കില്‍ അവസാനിച്ച 1980ലെ ആദ്യ ജര്‍മ്മന്‍ സന്ദര്‍ശനവും. റാറ്റ്സിംഗര്‍ അതോടകം മാര്‍പാപ്പയുടെ അഭിനന്ദനത്തിന് പാത്രീഭൂതനായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍റെ  കാലത്തെ, കുടുംബം ചര്‍ച്ചാവിഷയമായ, 1980ലെ ആദ്യ സിനഡിന്‍റെ മുഖ്യകാര്യദര്‍ശിയായി കര്‍ദ്ദിനാള്‍ റാറ്റ്സിംഗറെ മാര്‍പാപ്പ ചുമതലപ്പെടുത്തി. അല്പവും വൈകാതെ, വിശ്വാസതിരുസംഘത്തിന്‍റെ (Congregation of the Doctrine of  Faith)തലവനായി റോമിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. റാറ്റ്സിംഗര്‍  ആദ്യം എതിര്‍ത്തു. മാര്‍പാപ്പയുടെ തീരുമാനം പക്ഷേ ഉറച്ചതായിരുന്നു. 1981 നവംബര്‍ 25ന് വിശ്വാസതിരുസംഘത്തിന്‍റെ തലവനായി മാര്‍പാപ്പ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തു. 1982 മാര്‍ച്ചില്‍ അദ്ദേഹം റോമിലേക്ക് സ്ഥിരതാമസത്തിന് എത്തി.

കര്‍ദ്ദിനാള്‍ പ്രീഫെക്ട്

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മാര്‍പാപ്പ പദവിയില്‍ ഇരുന്ന, സഭാജീവിതത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ വിശ്വസ്ത സഹപ്രവര്‍ത്തകരില്‍ ഒരാളായി 23 വര്‍ഷം റാറ്റ്സിംഗര്‍ പ്രവര്‍ത്തിച്ചു. രണ്ട് വ്യക്തിത്വങ്ങളുടെയും വ്യത്യസ്തതകളെ അംഗീകരിക്കുന്നതിനൊപ്പം മാര്‍പാപ്പായും പ്രീഫെക്ടും തമ്മിലുള്ള ബന്ധം ഉറച്ചതും ഉദാരവും ഊഷ്മളവുമായിരുന്നു. അത് പരസ്പരബഹുമാനത്തിലും ആദരവിലും അടിയുറച്ചതുമായിരുന്നു. സഭാചരിത്രത്തിലെ ജോണ്‍പോള്‍ രണ്ടാമന്‍ യുഗത്തിലെ സുപ്രധാന വ്യക്തിത്വങ്ങളിലൊന്നായി കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍, മാര്‍പാപ്പ പദവിക്ക് വിശ്വസ്തതയോടെ വ്യാഖ്യാനങ്ങള്‍ നല്‍കി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ക്ക് റാറ്റ്സിംഗര്‍ ദൈവശാസ്ത്രവേരുകളുടെ പിന്തുണ നല്‍കി. മഹാനായ പോപ്പും മഹാനായ പ്രിഫെക്ടും തമ്മിലുള്ള അത്യസാധാരണമാം വിധം ഫലപ്രദമായ അതിശക്തമായ ആ കൂട്ടുകെട്ട് ലോകസംസാരത്തിന് ഹേതുവായതില്‍ അസ്വഭാവികതയൊന്നുമില്ലല്ലോ.

റാറ്റ്സിംഗറുടെ ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ അത്യധികം മതിപ്പുളവാക്കുന്നതായി. സഹപ്രവര്‍ത്തകരെ നയിക്കുന്നതിനും അവരെ കേള്‍ക്കുന്നതിനും അത്യസാധാരണമായ ഉദ്ഗ്രഥന ശേഷിയില്‍ അവരുടെ സംഭാവനകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നതിനാല്‍ അക്കാലത്തെ രേഖകളൊക്കെയും കൂട്ടായ്മയുടെ പ്രതിഫലനമായി മാറി. വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയില്‍ ചര്‍ച്ചകളെല്ലാം ദൈവശാസ്ത്രപരമായി തീവ്രമായിരുന്നതിനാല്‍ അതു പക്ഷേ ഒട്ടും എളുപ്പമായിരുന്നില്ല.
ഇക്കാലയളവിലെ ഏറ്റവും ശ്രദ്ധേയമായ മൂന്നുസംഭവങ്ങളില്‍ ഏറ്റവും പ്രധാനം, 1980 കളുടെ ആദ്യം സഭയെ പിടിച്ചുകുലുക്കിയ വിമോചനദൈവശാസ്ത്രത്തില്‍, വിശ്വാസതിരുസംഘം നടത്തിയ ഇടപെടലായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ദൈവശാസ്ത്രചിന്താധാരയില്‍ മാര്‍ക്സിയന്‍ തത്ത്വചിന്ത ചെലുത്തിയ സ്വാധീനത്തില്‍ മാര്‍പാപ്പയ്ക്കുണ്ടായിരുന്ന അത്യധികമായ ഉത്കണ്ഠ ഉള്‍ക്കൊണ്ട തിരുസംഘത്തലവന്‍ അത്യന്തം സങ്കീര്‍ണവും അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുമായ വിഷയത്തെ സധൈര്യം അഭിമുഖീകരിച്ചു.

വിമോചനദൈവശാസ്ത്രത്തിന്‍റെ ഋണാത്മകമായ മാര്‍ഗഭ്രംശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന 1984ലെ  ആദ്യ പ്രബോധനരേഖയും (ഇന്‍സ്ട്രക്ഷന്‍) അതിന്‍റെ ധനാത്മകവശങ്ങളുടെ മൂല്യം തിരിച്ചറിയുന്ന 1986ലെ രണ്ടാമത്തെ പ്രബോധനരേഖയുമായിരുന്നു അതിന്‍റെ ഫലം. വിമര്‍ശനാത്മക പ്രതികരണങ്ങളും - പ്രത്യേകിച്ച് ആദ്യരേഖയോട് - സജീവ സംവാദങ്ങളും- ബ്രസീലിയന്‍ ദൈവശാസ്ത്രജ്ഞന്‍  ലെയനാര്‍ഡോ ബോഫ് പോലുള്ള വിവാദ ദൈവശാസ്ത്രജ്ഞരില്‍ നിന്നടക്കം - ഒട്ടും കുറവായിരുന്നില്ല. വിശ്വാസതിരുസംഘത്തിന്‍റെ എല്ലാ തലവന്മാര്‍ക്കും ഏറ്റുവാങ്ങേണ്ടിവന്നതുപോലെതന്നെ മുരടനായ സെന്‍സര്‍, യാഥാസ്ഥിതികത്വത്തിന്‍റെ സൂക്ഷിപ്പുകാരന്‍. സ്വതന്ത്രമായ ദൈവശാസ്ത്രഗവേഷണങ്ങളുടെ എതിരാളി എന്നീ വിശേഷണങ്ങള്‍ ലഭിക്കുന്നതിന്     റാറ്റ്സിംഗര്‍ക്കുണ്ടായിരുന്ന സാംസ്കാരിക ഔന്നത്യം ഒട്ടും തടസ്സമായില്ല. ജര്‍മ്മന്‍കാരനായിരുന്നതിനാല്‍ അല്‍പവും ബഹുമാന്യമല്ലാത്ത 'പാന്‍സര്‍ കര്‍ദ്ദിനാള്‍' (പട്ടാളകര്‍ദ്ദിനാള്‍) എന്ന ഇരട്ടപ്പേരും അദ്ദേഹത്തിനു വീണുകിട്ടി.

ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വിശ്വാസതിരുസംഘത്തിന്‍റെ മറ്റൊരു പ്രമാണരേഖയും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ജൂബിലി വര്‍ഷമായ രണ്ടായിരത്തില്‍ പ്രസിദ്ധീകൃതമായ, എല്ലാവരുടെയും രക്ഷയില്‍ യേശുവിന്‍റെ പ്രാമാണ്യം വിശദീകരിക്കുന്ന യേശുമിശിഹായുടെ പ്രഖ്യാപനം(Declaration of Dominus Jesus)ആയിരുന്നു അത്. സഭാ ഐക്യത്തിന്‍റെയും മറ്റു മതങ്ങളുമായുള്ള സംവാദത്തിന്‍റെയും വക്താക്കളായിരുന്നു ഇക്കുറി വിമര്‍ശകര്‍. അപ്പോഴും, സഭാവിശ്വാസത്തിന്‍റെ ചില അനിവാര്യ മേഖലകളെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന തെറ്റിദ്ധാരണകളില്‍ നിന്നും തെറ്റായ വഴികളില്‍ നിന്നും സംരക്ഷിക്കപ്പെടണമെന്ന ജോണ്‍ പോള്‍ രണ്ടാമന്‍റെ ഉദ്ദേശ്യങ്ങളോട് തികച്ചും ചേര്‍ന്നുപോകുന്നതായിരുന്നു റാറ്റ്സിംഗറുടെ നിലപാടെന്നതിന് ഒരു സംശയവും ഉണ്ടായിരുന്നില്ല.

ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും അചിരേണ സമവായത്തിലേക്കും സാര്‍വ്വത്രിക അംഗീകാരത്തിലേക്കും നയിച്ചതുമായ കത്തോലിക്കാ സഭയുടെ പുതിയ വേദപാഠമായിരുന്നു മൂന്നാമത്തെ ഉദ്യമം. കത്തോലിക്കാ വിശ്വാസത്തിന്‍റെ സമഗ്രവും സമ്പൂര്‍ണവും സൂക്ഷ്മവുമായ പാഠം സൂനഹദോസുകളുടെ പുതുക്കലുകളുടെ വെളിച്ചത്തില്‍ സമകാലത്തിന്‍റെ ഭാഷയ്ക്കു യോജിച്ച വിധത്തില്‍ തയ്യാറാക്കാന്‍ 1982ലെ സിനഡ് നിര്‍ദ്ദേശിച്ചു. കര്‍ദ്ദിനാള്‍ റാറ്റ്സിംഗറെയും അദ്ദേഹം അധ്യക്ഷം വഹിക്കുന്ന സംഘത്തെയും മാര്‍പാപ്പ ആ ദൗത്യത്തിന്‍റെ ചുമതലയേല്‍പ്പിച്ചു. ദൈവശാസ്ത്രപരവും പൗരോഹിത്യപരവുമായ  സംവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഒരു കാലഘട്ടത്തിനൊടുവില്‍, കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് 1992 ആയപ്പോഴേക്കും പൊതുവേ സ്വീകാര്യമാകും വിധം ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിനെ അത്ഭുതം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ ആവില്ല. അടിസ്ഥാനപ്രമാണങ്ങളില്‍ അചഞ്ചല കാഴ്ചപ്പാടും ക്രൈസ്തവജീവിതത്തിന്‍റെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള ഉത്തമബോധ്യവും ചേര്‍ന്ന അത്യസാധാരണ ആധികാരികതയ്ക്കു മാത്രമേ ഈ ഉദ്യമത്തെ നയിക്കാനും ഫലപ്രാപ്തിയില്‍ എത്തിക്കാനും കഴിയുമായിരുന്നുള്ളൂ. കാലത്തിന്‍റെ പ്രതീക്ഷകള്‍ക്കൊപ്പം അത് ഉയര്‍ന്നുനിന്നു. 'ക്രൈസ്തവികതയ്ക്ക് ഒരാമുഖം' എഴുതിയ ഗ്രന്ഥകാരനില്‍ 25 വര്‍ഷം മുന്‍പ് നാം തിരിച്ചറിയുകയും ആരാധിക്കുകയും ചെയ്ത അതേ മൂല്യങ്ങള്‍ തന്നെയല്ലേ ഇതും. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്തിന്‍റെ ഏറ്റവും നിര്‍ണായകവും ഗുണാത്മകവുമായ സംഭാവനയാണ്, സഭാജീവിതത്തിനായുള്ള സുരക്ഷിതവും മൂല്യവത്തുമായ പഠനോപകരണമായ വേദപാഠം. ഫ്രാന്‍സിസ് മാര്‍പാപ്പ അടിക്കടി അതില്‍നിന്ന് ഉദ്ധരിക്കുന്നത് വെറുതെയല്ല.
അങ്ങനെ റാറ്റ്സിംഗറുടെ ദീര്‍ഘമായ ഔദ്യോഗികജീവിതത്തിന്‍റെ, പൗരോഹിത്യഭാഷയില്‍ അതിപ്രധാനമായ രണ്ട് മുന്‍ഘട്ടങ്ങളിലെന്നപോലെ അപ്രതീക്ഷിതവുമായ, അവസാനഘട്ടത്തിലേക്ക് നാം പ്രവേശിക്കുന്നു. അപ്രതീക്ഷിതമെന്നു പറഞ്ഞാലും ജോണ്‍പോള്‍ രണ്ടാമന്‍റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ മാര്‍പാപ്പാ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണങ്ങള്‍ പലതുമുണ്ടായിരുന്നു താനും. മുന്‍ മാര്‍പാപ്പയുമായുണ്ടായിരുന്ന ദീര്‍ഘകാലത്തെ സൗഹൃദപൂര്‍ണമായ സഹപ്രവര്‍ത്തനം, ബൗദ്ധികവും ആത്മീയവുമായ ഔന്നത്യം, അധികാരത്തോടുള്ള നിര്‍മ്മമത. അങ്ങനെ 2005 ഏപ്രില്‍ 19 ന് എഴുപത്തിയെട്ടാം വയസ്സില്‍ കത്തോലിക്കാസഭയുടെ 265-ാമത് മാര്‍പാപ്പയായി ജോസഫ് റാറ്റ്സിംഗര്‍ സ്ഥാനമേറ്റു. ബെനഡിക്ട് എന്ന നാമധേയത്തില്‍, ആ പേരില്‍ മാര്‍പാപ്പ പദവി വഹിച്ച പതിനാറാമനായി സ്ഥാനമേല്‍ക്കുമ്പോള്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കു മുന്നില്‍, "ദൈവത്തിന്‍റെ മുന്തിരിത്തോട്ടത്തിലെ എളിയവനും വിനീതനുമായ സേവകനെ"ന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
എട്ടുവര്‍ഷക്കാലം മാത്രം നീണ്ട ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അജപാലനകാലം ചടുലമായ പ്രവര്‍ത്തനരീതികളാല്‍ അദ്ദേഹത്തിന്‍റെ പ്രായത്തെ മറികടന്ന് ചരിത്രത്തില്‍ ഇടം നേടി. വത്തിക്കാനിലെ പതിവ് ആഘോഷങ്ങള്‍ക്കും ആചരണങ്ങള്‍ക്കും പുറമേ ലോകശ്രദ്ധ ആകര്‍ഷിച്ച 24  വിദേശപര്യടനങ്ങള്‍. അഞ്ചുഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന 24 രാജ്യങ്ങളില്‍ സന്ദര്‍ശനം. ഇറ്റലിക്കുള്ളില്‍ മാത്രം 29 പര്യടനം. മെത്രാന്മാരുടെ സിനഡിന്‍റെ അഞ്ച് സമ്മേളനങ്ങള്‍. മൂന്ന് സാധാരണ പൊതുസിനഡുകള്‍ - ജോണ്‍ പോള്‍ രണ്ടാമന്‍ വിളിച്ചുചേര്‍ത്ത വിശുദ്ധകുര്‍ബാനയെക്കുറിച്ചുള്ള സിനഡിന്‍റെ തുടര്‍ച്ച (2005), ദൈവവചനത്തെക്കുറിച്ചുള്ള 2008 ലെ സിനഡ്, പുതിയ സുവിശേഷവത്കരണത്തെക്കുറിച്ചുള്ള 2012 ലെ സിനഡ്.

2009ല്‍ ആഫ്രിക്കയിലെ സഭയ്ക്കുവേണ്ടിയും 2010ല്‍ മധ്യപൂര്‍വ്വ ഏഷ്യയിലെ സഭയ്ക്കുവേണ്ടിയും പ്രത്യേകം സിനഡുകള്‍. 2012 ലെ പൊതുസിനഡ് ഒഴിച്ച് ബാക്കിയെല്ലാം അവയുടെ അന്ത്യത്തില്‍ പുറത്തുവന്ന അതിപ്രധാനമായ അപ്പസ്തോലിക പ്രബോധനങ്ങളാല്‍ ശ്രദ്ധേയമായി.

മൂന്ന് ചാക്രികലേഖനങ്ങള്‍ അടക്കമുള്ള പ്രധാന പ്രബോധനരേഖകള്‍. അവയില്‍ ചൈനയിലെ കത്തോലിക്കര്‍ക്കുള്ള കത്ത് (പെന്തക്കോസ്ത് 2007)  അതിപ്രധാനം. 'വിശ്വാസവര്‍ഷ'ത്തെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാതെ പോകുന്നത് ഒരുപക്ഷേ അനീതിയാവും. ബെനഡിക്ട് പതിനാറാമന്‍റെ അജപാലനകാലത്തിന്‍റെ പ്രധാന നാഴികക്കല്ലെന്തെന്ന പീറ്റര്‍ സീവാള്‍ഡിന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയില്‍ അതിനുള്ള ഉത്തരമുണ്ട്. വിശ്വാസത്തിലേക്ക് നവ്യമായൊരു പ്രോത്സാഹനത്തിനും വിശ്വാസചൈതന്യത്തിലുള്ള ജീവിതത്തിനും ക്രിസ്തുവിലൂടെ ദൈവത്തെ കണ്ടെത്തുന്നതിനും അതുവഴി വിശ്വാസത്തിന്‍റെ കാതല്‍ കണ്ടെത്തുന്നതിനും പ്രേരകമായ വിശ്വാസവര്‍ഷത്തില്‍ അതു വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു ആ മറുപടി..

അദ്ദേഹത്തിന്‍റെ അജപാലനകാലത്തിന്‍റെ മുന്‍ഗണനകളിലേക്ക് തുറക്കുന്ന താക്കോല്‍ ഈ വാക്കുകളിലുണ്ട്. ഫ്രഞ്ച് ആര്‍ച്ച്ബിഷപ്പ് മാര്‍സല്‍ ലെഫെബ്വറിനാല്‍ അഭിഷേകം ചെയ്യപ്പെടുകയും, വില്യംസണ്‍ വിവാദത്തില്‍ ഉള്‍പ്പെടുകയും ചെയ്ത മെത്രാന്മാരുടെ പുറത്താക്കല്‍ പിന്‍വലിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ 2009 മാര്‍ച്ച് 10ന് മെത്രാന്മാര്‍ക്കയച്ച (Letter to the Bishop)ഹൃദയസ്പര്‍ശിയും ഋജുവും തീവ്രവുമായ ഇടയലേഖനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ അതു വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ സഭാഭരണത്തിന്‍റെ സാക്ഷ്യമായി ഇതിനെ കണക്കാക്കാം. "ലോകത്ത് പലയിടത്തും വിശ്വാസദീപം ഇനി ജ്വലിക്കാനാവാത്ത വിധം കെട്ടുപോകുന്ന നമ്മുടെ  ഈ കാലത്ത് ദൈവസാന്നിധ്യം ഈ ലോകത്ത് ഉറപ്പാക്കുക എന്നതും ജനങ്ങള്‍ക്ക് ദൈവസാന്നിധ്യം അനുഭവവേദ്യമാക്കുക എന്നതുമാണ് അതിപ്രധാനം. ഏതെങ്കിലുമൊരു ദൈവമല്ല, സീനായില്‍ വെളിപ്പെട്ട ദൈവം. അവസാനംവരെയും നിലനിന്ന സ്നേഹ(യോഹ. 13 :1)ത്തില്‍ നാം തിരിച്ചറിഞ്ഞ മുഖത്തിനുടമായ ദൈവം. കുരിശില്‍ മരിച്ച് ഉയിര്‍ത്ത യേശുക്രിസ്തുവില്‍ നാം കണ്ട ദൈവം."

അദ്ദേഹത്തിന്‍റെ ചാക്രികലേഖനങ്ങളുടെ വിഷയവും വിവരണവും ഈ ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ടാണെന്ന് കാണാന്‍ വിഷമമില്ല. ബോധപൂര്‍വ്വം എണ്ണം പരിമിതപ്പെടുത്തിയ ചാക്രികലേഖനങ്ങളില്‍ അദ്ദേഹം ദൈവശാസ്ത്രമൂല്യങ്ങളായ സാര്‍വ്വലൗകിക സ്നേഹം (ദൈവം സ്നേഹമാകുന്നു Deus Coritas Est 2005 ), പ്രത്യാശ (പ്രത്യാശയില്‍ രക്ഷ Spe Salus 2007 ), വിശ്വാസം(വിശ്വാസദീപം Lumen Fidei  അപൂര്‍ണം) എന്നിവയ്ക്ക് ഊന്നല്‍ നല്കുകയും ചെയ്തു.

You can share this post!

മഹാനായ മാര്‍പ്പാപ്പ: ബനഡിക്ട് പതിനാറാമന്‍

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts