2007 ല്‍ ചിന്തകനും എഴുത്തുകാരനുമായ എം.എന്‍. വിജയന്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: "നമ്മെ നയിക്കുന്നവര്‍ക്ക് പണം പ്രണയം പോലെ ഒരു ദൗര്‍ബല്യമായിത്തീര്‍ന്നിരിക്കുന്നു. ഊണിലും ഉറക്കത്തിലും ഇതവരുടെ സുഖദമായ സ്വപ്നമായി മാറിക്കഴിഞ്ഞു. പണത്തിനുവേണ്ടി അവര്‍ എന്തുവേണമെങ്കിലും ഉപേക്ഷിക്കും - സ്നേഹവും പ്രതിബദ്ധതയും പ്രത്യയശാസ്ത്രവും വരെ. വിപ്ലവത്തിന്‍റെ പഴയ നിനവുകള്‍ ഇവര്‍ക്ക് പേക്കിനാവാകും." മരണത്തിന് തൊട്ടുമുമ്പ് എം.എന്‍. വിജയന്‍ നിരീക്ഷിച്ചതുപോലെ "കണ്ണീരും ചോരച്ചാലുകളും നീന്തിക്കടന്ന പഴയ നിനവുകള്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ക്കുപോലും ഇന്ന് ബാദ്ധ്യതയാകുകയാണ്."
സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ മുതലാളിത്തത്തിന്‍റെ "അനിവാര്യമായ വിജയം" കൊണ്ടാടുന്നത് ഇന്ന് വലതു-ഇടതു വ്യത്യാസമില്ലാതെയാണ്. വിപ്ലവത്തിന്‍റെ മുദ്രാവാക്യങ്ങള്‍ മൗനത്തിന്‍റെ തടവറയിലാണ്. മുതലാളിത്തലോകം സൃഷ്ടിക്കുന്ന ആസക്തിയും മാസ്മരികതയും സര്‍വ്വവ്യാപിയായ ഒരു പ്രതിഭാസമാണ്. ഇതിന്‍റെ രാഷ്ട്രീയ-സാംസ്ക്കാരിക രൂപങ്ങള്‍ നാം സങ്കല്‍പ്പിക്കുന്നതിനപ്പുറം സങ്കീര്‍ണ്ണമായ തലങ്ങളിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു.
ജനാധിപത്യ-ഭരണസംവിധാനങ്ങളിലേക്കുള്ള മുതലാളിത്തത്തിന്‍റെ തന്ത്രപരമായ നുഴഞ്ഞുകയറ്റമാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ആഗോള മൂലധനത്തിന്‍റെ വ്യാപനവും വ്യവഹാരവും ഇന്ന് കേവലം 'സ്വാധീനം' എന്ന ഒറ്റവാക്കിലൂടെയല്ല മനസ്സിലാക്കപ്പെടേണ്ടത്. സ്വാധീനമെന്ന മൃദുപദത്തിനപ്പുറം സ്വാംശീകരണമെന്ന ബലതന്ത്രമുണ്ട്. അത് നമ്മെ മാറ്റുകയല്ല, കീഴടക്കുകയാണ്. വിവര-വിനിമയസാങ്കേതികവിദ്യ ഈ കീഴടക്കലിന് വേണ്ട തന്ത്രപരമായ പശ്ചാത്തലവും സാംസ്ക്കാരികമായ ഭൂമികയും സൃഷ്ടിക്കുന്നു. നമ്മള്‍ ചിന്തിക്കുന്നത് തന്നെ നമുക്ക് വേണ്ടിയാകരുത്. മുതലാളിത്തം പറയുന്നതും ആവശ്യപ്പെടുന്നതും മാത്രം ചെയ്യുക. അതിനായി നാം ജീവിതം സമര്‍പ്പിക്കുക. ഒരു കാലത്ത് മത-സാംസ്ക്കാരിക സ്വത്വങ്ങളാണ് മൂല്യവ്യവഹാരം ചെയ്തിരുന്നത്. ഇന്നത് ഏറ്റെടുത്തിരിക്കുന്നത് മുതലാളിത്തസംവിധാനങ്ങളാണ്. മുതലാളിത്തം തന്നെ ഒരു മതമായി മാറിയ സാമൂഹികാവസ്ഥ. ഒരു ഭാഗത്ത് സാമൂഹിക വിപണിയില്‍ തിരഞ്ഞെടുക്കാനുള്ള നമ്മുടെ അവകാശം നിര്‍ണ്ണയിക്കപ്പെട്ടവയില്‍ നിന്നു മാത്രമായിത്തീര്‍ന്നിരിക്കുന്നു. ഒരു ബദല്‍ ഉല്പന്നം സ്വപ്നം കാണാന്‍ കൂടി ഇന്നത്തെ സാങ്കേതിക മുതലാളിത്തം (Techno-Capitalism) നമ്മെ അനുവദിക്കുന്നില്ല. ഇതിന്‍റെ ഫലം വസ്തുക്കള്‍ മനുഷ്യനെ സൃഷ്ടിക്കുന്നു; മനുഷ്യനല്ല വസ്തുക്കളെ സൃഷ്ടിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മുതലാളിത്തത്തിന്‍റെ വളര്‍ച്ച സാമൂഹികസുരക്ഷയിലൂന്നിയ സാമ്പത്തിക തന്ത്രങ്ങളിലൂടെയായിരുന്നത് ക്രമേണ മനുഷ്യസുരക്ഷ (human Security) എന്ന വ്യക്തിവാദ (Individualistic) കേന്ദ്രീകൃതമായ നവലിബറല്‍ തലത്തിലേക്ക് മാറി. ഭരണകൂടം കമ്പോളത്തിന് വേണ്ടി സാമൂഹിക ഉത്തരവാദിത്വം വിട്ടൊഴിയുമ്പോള്‍ അത് ജനാധിപത്യസംവിധാനങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന പരിക്ക് നമുക്ക് ഇന്ന് വിഷയമേ അല്ലാതായിതീര്‍ന്നിരിക്കുന്നു. ഇതിന്‍റെ പ്രതിധ്വനിയും പ്രത്യാഘാതങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന ഭരണ-നിയമനിര്‍മ്മാണ സംവിധാനങ്ങളില്‍ വളരെ പ്രകടമായിത്തുടങ്ങി.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെ വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക ഭരണസംവിധാനങ്ങളുള്ള എല്ലാ രാജ്യങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. മുതലാളിത്തം ഇന്ന് അതിന്‍റെ ആര്‍ത്ഥികലക്ഷ്യങ്ങള്‍ നേടുന്നത് സുതാര്യമായ ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെയല്ല. ഭരണ-രാഷ്ട്രീയ മണ്ഡലത്തില്‍ പിന്നാമ്പുറവ്യവഹാരങ്ങള്‍ നടത്തിയും രഹസ്യവേഴ്ചകളിലൂടെയും അത് ലക്ഷ്യം കാണുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയം പ്രായോഗിക രാഷ്ട്രീയത്തിന് വഴിമാറിക്കഴിഞ്ഞ ഇരുപതാംനൂറ്റാണ്ടിന്‍റെ അന്ത്യദശകം ഇത്തരം ഇടപാടുകള്‍ക്ക് വേണ്ടി സാമൂഹിക-സാമ്പത്തിക അന്തരീക്ഷം സൃഷ്ടിച്ചു. നവലിബറല്‍ നയങ്ങള്‍ ഏറ്റെടുത്ത ഭരണകൂടങ്ങള്‍ക്കും അതിന്‍റെ സിരാകേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ മേലാളന്മാര്‍ക്കും പിന്നാമ്പുറരാഷ്ട്രീയ ഇടപാടുകള്‍ 'സേവന ഉത്തേജക' പാക്കേജുകളാണ്. അതിനെ 'അഴിമതി' എന്നു പേരിട്ടുവിളിച്ചല്ല പറയേണ്ടതെന്നുമാത്രം! ഇത്തരം 'ഉത്തേജക' പാക്കേജുകള്‍ ഏറിവരുമ്പോഴാണ് മാധ്യമങ്ങള്‍ ഇടപെടുന്നത്. ഇത് പിന്നീട് വിവാദങ്ങളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഭരണകൂടം അതിനു വേണ്ട 'ഇര'കളെ സൃഷ്ടിച്ചിരിക്കും. ചിലര്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്യും. അതിന് തയ്യാറാകുന്ന ചാവേറുകള്‍ ഇന്ന് ഉറപ്പാക്കിക്കഴിഞ്ഞിരിക്കും. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിവിവാദങ്ങള്‍ മുറുകുമ്പോഴും ഭരണകൂടം ഇളകാതെ ഇരിക്കുന്നതും ഇത്തരം ചാവേറുകള്‍ നമുക്കുള്ളതുകൊണ്ടാണ്. മാധ്യമങ്ങളും പൊതുസമൂഹവും അവരുടെ പിന്നാലെ പാഞ്ഞുകൊള്ളും. യഥാര്‍ത്ഥകുറ്റക്കാര്‍ തിരശ്ശീലക്ക് പിന്നില്‍ പിന്നെയും തിരക്കഥ രചിച്ചുകൊണ്ടിരിക്കും. അവരെ ഒന്നു തൊടാന്‍ കൂടി നമുക്ക് കഴിയില്ല.
ഇന്ത്യയില്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ തന്നെ മൂലധനശക്തികള്‍ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ തങ്ങളുടെ ഇടം ഉറപ്പാക്കിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനമൂലധനത്തിന്‍റെ നല്ലൊരുപങ്കും ടാറ്റായും ബിര്‍ലയും ഉള്‍പ്പെട്ട വന്‍കിട വ്യവസായങ്ങളാണ് നല്‍കിവന്നിരുന്നത്. അതിന്‍റെ പ്രതിഫലം 1930 കളുടെ അന്ത്യം മുതല്‍ കോണ്‍ഗ്രസ് നല്‍കിത്തുടങ്ങി. പാര്‍ട്ടിക്കുള്ളിലെ പ്ലാംനിഗ് കമ്മീഷന്‍ നിയന്ത്രിച്ചിരുന്നത് ടാറ്റായായിരുന്നു. അവര്‍തന്നെ മുന്‍കൈയ്യെടുത്ത് നടത്തിയ 1944 ലെ വ്യവസായ കൂട്ടുകെട്ടുകളുടെ സമ്മേളനവും അതിന്‍റെ ഒടുവില്‍ പുറത്തിറക്കിയ 'ബോംബെ പ്ലാനും' ഇന്ത്യയുടെ വികസനത്തിന്‍റെ ദിശ നിര്‍ണ്ണയിച്ച സുപ്രധാന ഘടകങ്ങളായിരുന്നു എന്ന് ജവഹര്‍ലാല്‍ നെഹ്രു തന്നെ എഴുതിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ വ്യവസായ-സാമ്പത്തിക-ആണവ നയരൂപീകരണത്തിന് ടാറ്റായും ബിര്‍ലായും ഉള്‍പ്പെട്ട വ്യവസായ കൂട്ടുകെട്ട് വഹിച്ച പങ്ക് തന്ത്രപ്രാധാന്യമുള്ളതായിരുന്നു. നാലു ദശകങ്ങള്‍ക്ക് ശേഷം പുത്തന്‍ സാമ്പത്തിക നയമെന്ന പേരില്‍ തുടങ്ങിവെച്ച പരിഷ്ക്കാരങ്ങള്‍ രാഷ്ട്രീയ-വ്യവസായ കൂട്ടുകെട്ടിന് പുതിയ മാനങ്ങള്‍ നല്‍കി. ഭരണകൂടത്തിന്‍റെയും കമ്പോളത്തിന്‍റെയും 'തുറന്ന' സമീപനം അഴിമതിയുടെ വെള്ളപ്പാച്ചിലിന് ആക്കംകൂട്ടി. വന്‍കിട കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയക്കാരുടെ ചെറുചലനങ്ങള്‍ പോലും നിയന്ത്രിക്കാന്‍ തുടങ്ങി.
അസോസിയേഷന്‍ ഫോര്‍ ഡിമോക്രാറ്റിക് റിഫോംസ് (ADR) കഴിഞ്ഞ ഒരു ദശകത്തെ ഇത്തരം ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തിയതോടെ പിന്നാമ്പുറത്തു നടക്കുന്ന രഹസ്യ ഇടപാടുകളെക്കുറിച്ചുള്ള ചില സൂചനകളെങ്കിലും നമുക്ക് ലഭിച്ചു തുടങ്ങി.
2004-2012 കാലഘട്ടത്തില്‍ ഇന്ത്യയിലെ ദേശീയരാഷ്ട്രീയ കക്ഷികള്‍ സമാഹരിച്ച മൂലധനത്തിന്‍റെ 87 ശതമാനവും വന്‍കിട കോര്‍പ്പറേറ്റു കമ്പനികളില്‍ നിന്നാണെന്നാണ് ADR ന്‍റെ പഠനങ്ങള്‍ കാണിക്കുന്നത്. 435 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ മാത്രം സ്വീകരിച്ച സംഭാവന. ഇതില്‍ 378 കോടിയും വന്‍കിട കമ്പനികളില്‍ നിന്നായിരുന്നു. ബി.ജെ.പിയായിരുന്നു ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ ദേശീയ പാര്‍ട്ടി - 192 കോടി. കോണ്‍ഗ്രസ്സിന്‍റെ വിഹിതം 172 കോടി. ആദിത്യ ബിര്‍ല ഗ്രൂപ്പാണ് പാര്‍ട്ടികള്‍ക്ക് പണം നല്‍കിയിരുന്നവരില്‍ മുമ്പില്‍ നില്‍ക്കുന്നത്. അവര്‍ കോണ്‍ഗ്രസ്സിന് 36.4 കോടിയും ബി.ജെ.പിക്ക് 26.6 കോടിയും നല്‍കി. ടോറന്‍റ് പവറും ടാറ്റായും തുടങ്ങി നിരവധി കമ്പനികള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണമൊഴുക്കി. സി.പി.എം. ഈ വഴിക്ക് സ്വീകരിച്ചത് 1.8 കോടി. കോണ്‍ഗ്രസ്സ് തങ്ങളുടെ മൂലധനത്തിന്‍റെ നല്ലൊരുപങ്കും ട്രസ്റ്റുകളില്‍ നിന്നും കമ്പനി കൂട്ടായ്മകളില്‍ നിന്നുമാണ് സ്വീകരിച്ചത് (ഏതാണ്ട് 70.3 കോടി). ബി.ജെ.പി.യാവട്ടെ ഉല്പാദന മേഖലയിലെ കമ്പനികളില്‍ നിന്നാണ് പണം സ്വീകരിച്ചിരിക്കുന്നത് (58.2കോടി). വിദേശ കമ്പനികളില്‍ നിന്നും പണം വാങ്ങിയിട്ടുള്ളതിന്‍റെ കണക്കുകള്‍ അത്ര സുതാര്യമല്ല. എന്നാലും കോണ്‍ഗ്രസ്സ് 9.8 കോടിയും ബി.ജെ.പി. 19.4 കോടിയും നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ വിവാദ വ്യവസായ ഗ്രൂപ്പുകളായ വേദാന്തയും ഡോ കെമിക്കല്‍സും ഉള്‍പ്പെടും.
CAG റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ആദിത്യ ബിര്‍ല ഗ്രൂപ്പിന്‍റെ ഹിന്‍റാല്‍ക്കോയും ടാറ്റാപവറും ഉള്‍പ്പടെ 25 കമ്പനികള്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി വിവാദങ്ങളില്‍ നേരിട്ടു പങ്കാളിയായിരുന്നു എന്നാണ്. മൂലധനപ്രവാഹത്തിന്‍റെ കുത്തൊഴുക്കില്‍ ഇന്ത്യന്‍പാര്‍ലമെന്‍റിന്‍റെ സ്വഭാവഘടനയില്‍ പോലും മാറ്റങ്ങള്‍ വന്നു തുടങ്ങി. എം.പി.മാരാകാന്‍ വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നും പണം സ്വീകരിക്കുന്നവര്‍ ഒരു ഭാഗത്ത് കൂടിവരുമ്പോള്‍, മറുഭാഗത്ത് പണാധിപത്യത്തിന്‍റെ പ്രത്യക്ഷത്തിലുള്ള സാന്നിദ്ധ്യം പാര്‍ലമെന്‍റില്‍ ദൃശ്യമായിത്തുടങ്ങി. ഒരു കോണ്‍ഗ്രസ് അംഗത്തിന്‍റെ മാത്രം സ്വത്ത് കേവലം അഞ്ചുവര്‍ഷം (2004-2009) കൊണ്ട് 3024 ശതമാനം വര്‍ദ്ധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു - 9.25 കോടിയില്‍ നിന്ന് 289 കോടിയായി. ഇക്കഴിഞ്ഞ ലോക്സഭയില്‍ 25 ശതമാനം അംഗങ്ങളും വ്യവസായം, കച്ചവടം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ആധിപത്യമുറപ്പിച്ചവരായിരുന്നു. മുന്‍കാലങ്ങളില്‍ നിയമം, കൃഷി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ ശതമാനം പാര്‍ലമെന്‍റില്‍ വളരെ ഉയര്‍ന്നതായിരുന്നു. 2009 ലെ കണക്കുപ്രകാരം 36 പാര്‍ലമെന്‍റംഗങ്ങളുടെ പ്രഖ്യാപിക്കപ്പെട്ട സ്വത്ത് 252 ദശലക്ഷം ഡോളറായിരുന്നു (ഏതാണ്ട് 1238കോടിരൂപ). ഒരു സോഷ്യലിസ്റ്റ് രാജ്യമായി കരുതിയിരുന്ന ചൈനയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുതലാളിത്തപാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയ ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലെത്തുന്നവര്‍ അതിസമ്പന്നരാണ്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിലെ 70 അതിസമ്പന്നരുടെ സ്വത്ത് 89.9 ബില്യണ്‍ ഡോളറാണത്രേ. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
എന്താണ് ഇതെല്ലാം സൂചിപ്പിക്കുന്നത്? രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ മൂലധനത്തിന്‍റെ വേരോട്ടം പണ്ടെങ്ങുമില്ലാത്ത വിധം ശക്തമായിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ ജനാധിപത്യസംവിധാനങ്ങളെ വിലയ്ക്കെടുക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍ നിലംപൊത്തിയത് അണിയറയില്‍ പ്രവര്‍ത്തിച്ച ഒരു കോര്‍പ്പറേറ്റ് ഭീമന്‍റെ പ്രവര്‍ത്തനഫലമയിരുന്നുവെന്ന് കേജറിവാള്‍ തന്നെ തുറന്നടിച്ചു. പണാധിപത്യത്തിന്‍റെ സങ്കീര്‍ണ്ണമായ ദുരവസ്ഥയാണ് വാസ്തവത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ജനനത്തിന് കാരണമായത്. ആ അര്‍ത്ഥത്തില്‍ 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പണാധിപത്യത്തിന്‍റെ നേര്‍ക്ക് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
(ലേഖകന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ രാജ്യാന്തരപഠനവകുപ്പ് മേധാവിയും കെ.എന്‍.രാജ് സെന്‍ററിന്‍റെ ഡയറക്ടറുമാണ്.)