news-details
കവർ സ്റ്റോറി

പുരുഷന്മാര്‍ വീട്ടില്‍ എന്തു ചെയ്യുന്നു?

പുരുഷന്മാര്‍ വീട്ടില്‍ എന്തു ചെയ്യുന്നു?

1. വീടുമായി ബന്ധപ്പെട്ട ചര്യകളെ സ്ത്രീപക്ഷത്തുനിന്നു കാണുന്നതിന്‍റെ പ്രസക്തിയെന്ത്?

വീടുമായി ബന്ധപ്പെട്ട ചര്യകള്‍ എന്ന പ്രയോഗം കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് വ്യക്തമല്ല. ഗൃഹഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സ്ത്രീപക്ഷത്തു നിന്ന് അവയെ കാണുന്നതിന് സവിശേഷ പ്രസക്തിയുണ്ട്.

2. വീട്ടിലെ ജോലികള്‍ മാന്യതയില്ലാത്തതായി, വിലകെട്ടതായി കരുതുന്നതുകൊണ്ടാണോ ഭൂരിഭാഗം പുരുഷന്മാരും അതില്‍നിന്നു വിട്ടുനില്‍ക്കുന്നത്?

ഇതത്ര ലളിതമായ ഒന്നല്ല. യഥാര്‍ത്ഥത്തില്‍ അദ്ധ്വാനമുപയോഗിച്ചുള്ള എല്ലാ ജോലികളെയും മാന്യതയില്ലാത്തതായി കാണുന്ന ഗുമസ്ഥാത്മകമായ ഒരു മനോനിലയാണ് മലയാളിക്ക് പൊതുവെ ഉള്ളത്. ഇത് നമ്മുടെ ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന ഫ്യൂഡല്‍ മനോഘടനയുടെ ഭാഗമാണ്. സ്വയം യാതൊരു പണിയും ചെയ്യാതെ മറ്റുള്ളവരുടെ അദ്ധ്വാനം ചൂഷണം ചെയ്ത് അവരുടെ വിയര്‍പ്പുകൊണ്ട് ജീവിക്കുന്ന ഫ്യൂഡല്‍ ജന്മിയാണ് സമൂഹത്തില്‍ ഏറ്റവുമധികം മാനിക്കപ്പെടുന്ന ആള്‍. ബ്രാഹ്മണര്‍ക്കിടയിലുള്ള ആഢ്യ-ആസ്യ വ്യത്യാസങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒന്നുകൂടി വ്യക്തമാകും. വൈദ്യം, തച്ചുശാസ്ത്രം, മന്ത്രവാദം, പാചകം തുടങ്ങിയ തൊഴിലുകള്‍ പരമ്പരാഗതമായി ചെയ്യുന്ന നമ്പൂതിരിമാര്‍ ആ വക യാതൊന്നും ചെയ്യാത്ത നമ്പൂതിരിമാരേക്കാള്‍ ശ്രേണിയില്‍ താഴ്ന്നവരായാണ് പരിഗണിക്കപ്പെടുന്നത്. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ക്കൂടി വേണം ഗൃഹജോലികളുടെ വിഷയവും പരിശോധിക്കാന്‍.

3. അടുക്കളയും അതിലെ കര്‍മ്മങ്ങളും സ്ത്രീകള്‍ക്ക് തീറെഴുതുന്ന സംസ്കാരം പുരഷാധിപത്യത്തിന്‍റെ ഉപോല്പന്നമാണോ?

തീര്‍ച്ചയായും ഇന്നതങ്ങനെതന്നെയാണ്. ഇത് ഗോത്രജീവിതകാലത്തുതന്നെ ഉള്ള ഒന്നാണ്. പുരുഷന്മാര്‍ വേട്ടയാടി ഭക്ഷണം സമ്പാദിച്ചുകൊണ്ടു വരികയും സ്ത്രീകള്‍ ആഹാരം പാകം ചെയ്യുകയും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളത് അക്കാലത്തെ സ്വാഭാവികമായ ഒരു തൊഴില്‍ വിഭജനമായിരുന്നു. അതിന് അതിന്‍റേതായ യുക്തിയുണ്ടായിരുന്നു. ആധുനികകാലത്ത് സാമൂഹ്യബന്ധങ്ങളിലും ഉല്‍പ്പാദനബന്ധങ്ങളിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നിട്ടും പലകാര്യങ്ങളിലുമെന്ന പോലെ ഇതിലും പുരുഷാധിപത്യ അധീശാധികാരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

4. അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിയ സ്ത്രീയെ അടുക്കള പിന്തുടരുകയാണോ? അവിടെ പുരുഷന് ഉത്തരവാദിത്തങ്ങളില്ലേ?

സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടും വീട്ടുജോലികള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി തുടരുന്നത് ഒരു വൈരുദ്ധ്യം തന്നെയാണ്. ഒരു കുടുംബത്തിന്‍റെ ജീവിതാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രയത്നങ്ങള്‍ ഒറ്റയ്ക്ക് ഭര്‍ത്താവ് അഥവാ പുരുഷന്‍ നിര്‍വഹിക്കുന്നുവെങ്കില്‍ പാചകം ഉള്‍പ്പെടെയുള്ള ഗാര്‍ഹിക വൃത്തികള്‍ ഭാര്യ അഥവാ സ്ത്രീ ചെയ്യുന്നതില്‍ ഒരു സ്വാഭാവിക യുക്തി ഉണ്ട് എന്നുകാണാം. എന്നാല്‍ രണ്ടുപേരും ജീവിതായോധനത്തില്‍ ഏര്‍പ്പെടുന്ന സന്ദര്‍ഭത്തില്‍ ഗൃഹഭരണം ഒരാളുടെ മാത്രം ഉത്തരവാദിത്തമാകുന്നത് അനീതിയാണ്.

5. എന്തുകൊണ്ടാണ് നമ്മുടെ പുരുഷന്മാര്‍ ഇങ്ങനെയായത്? ഇതിനുപിന്നിലെ സാംസ്കാരിക-രാഷ്ട്രീയ-മത-സാമ്പത്തിക- ചരിത്ര വിവക്ഷകള്‍ എന്തെല്ലാമാണ്?

ഇത് ഒരു വലിയ വിഷയമാണ്. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് വിശദമാക്കാവുന്ന ഒന്നല്ല. സാമൂഹ്യ-നരവംശ ശാസ്ത്രജ്ഞന്മാരും ചരിത്രപണ്ഡിതന്മാരുമെല്ലാമാണ് അതിനെക്കുറിച്ച് പറയേണ്ടത്. തൊലിപ്പുറമേക്കു മാത്രം ആധുനികമായ നമ്മുടെ സമൂഹത്തില്‍ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ അങ്ങേയറ്റം അപരിഷ്കൃതവും അനാരോഗ്യകരവുമാണ്. ഇവിടെ നിലനിന്നിരുന്ന പ്രാചീനമായ സ്ത്രീ-പുരുഷ വ്യവഹാരങ്ങള്‍ അപരിഷ്കൃതങ്ങളായിരുന്നുവെങ്കിലും അതിനകത്ത് സ്ത്രീ അത്രകണ്ട് അപ്രസക്തയോ ലൈംഗികത ഒരു പറയാന്‍ കൊള്ളാത്ത വിഷയമോ ആയിരുന്നില്ല. പില്‍ക്കാലത്തു വന്ന ക്രിസ്ത്യന്‍ ഇസ്ലാം മതങ്ങളുടെ സ്വാധീനം സ്ത്രീക്ക് ഒട്ടും അനുകൂലമായ നിലയിലുള്ളതായിരുന്നില്ല. ലൈംഗികതയുമായി ബന്ധപ്പെട്ട പാപബോധം, കുടുംബബന്ധത്തിന് കല്‍പ്പിച്ചു പോന്ന ദിവ്യത്വം സ്ത്രീക്കു മാത്രമായി നിര്‍ദ്ദേശിക്കപ്പെട്ട പാതിവ്രത്യം, കന്യകാത്വം എന്ന അസംബന്ധം, ബഹുഭാര്യാത്വം ഇങ്ങനെ ഒട്ടനവധി സ്ത്രീവിരുദ്ധ പരികല്‍പ്പനകള്‍ മതങ്ങളുടെ സംഭാവനകളാണ്. മതശാസനകള്‍ അവയുടെ ചരിത്രപരവും കാലികവുമായ ധര്‍മ്മങ്ങള്‍ നിറവേറ്റുവാനായി രൂപപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യബോധം വിഗണിച്ചുകൊണ്ട് സര്‍വകാലത്തേക്കും ബാധകമായ, മാറ്റങ്ങള്‍ക്കതീതമായ ശാസനകളായാണ് ഇന്നും കരുതിപ്പോരുന്നത് എന്നുള്ളത് ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു.

6. വീട്ടിലെ നിത്യകര്‍മ്മങ്ങള്‍ക്കിടയില്‍ വളര്‍ന്നുയരാന്‍ സ്ത്രീകള്‍ക്ക് ചിലപ്പോഴെങ്കിലും സാധിക്കാതെ വരുന്നില്ലേ? ഏകപക്ഷീയവും അബോധപരവുമായ ഒരു അടിച്ചേല്പിക്കല്‍ ഇവിടെയെല്ലാം കാണാവുന്നതല്ലേ?

തീര്‍ച്ചയായും.

7. തൊഴില്‍വിഭജനത്തില്‍ വീടുമായി ബന്ധപ്പെട്ട ജോലികള്‍ സ്ത്രീകള്‍ക്കു കല്പിച്ചുകൊടുത്തതിനു പിന്നിലെ താല്പര്യത്തെ എങ്ങനെ നോക്കിക്കാണുന്നു? സ്ത്രീകള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഗുണഭോക്താവായ അധികാരിയായി പുരുഷന്‍ മാറുകയാണോ?

ഗോത്രകാല രീതികളുടെ ഒരു തുടര്‍ച്ചയാണിത് എന്നു സൂചിപ്പിച്ചിരുന്നുവല്ലൊ. മാറിയ ആധുനിക ജീവിത പരിസരത്തില്‍ ഇത്തരമൊരു കാഴ്ചപ്പാടിന് ഒരു സാധൂകരണവുമില്ല.
 
8. പുരുഷന്‍റെ ചിന്താഗതിയില്‍ ഇനിയും മാറ്റങ്ങള്‍ വരേണ്ടതല്ലേ? 'അടുക്കള തിരിച്ചു പിടിക്കുക' എന്ന മുദ്രാവാക്യത്തില്‍ പുരുഷന്‍റെ പങ്കെന്താണ്?

പുരുഷന്‍റെയും സമൂഹത്തിന്‍റെയും ചിന്താഗതികളില്‍ മാറ്റം വരുന്നുണ്ട് എന്നതിനുള്ള തെളിവാണ് ഇത്തരം സംവാദങ്ങള്‍ ഉണ്ടാവുന്നു എന്നതുപോലും. ജീവനശൈലിയില്‍ വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും കുടുംബത്തിനകത്തെ തൊഴില്‍ വിഭജനത്തെയും സ്വാധീനിക്കുക തന്നെ ചെയ്യും. ഭാര്യയും ഭര്‍ത്താവും ജോലിയെടുത്ത് കുടുംബം പോറ്റുന്ന ഒരു സാഹചര്യത്തില്‍ ഇത് ഒരു അനിവാര്യതയാവുക തന്നെ ചെയ്യും. പുരുഷന് അവബോധമുണ്ടാക്കുക എന്നതോടൊപ്പം തന്നെ പ്രധാനമാണ് സ്ത്രീ ചില ഉറച്ച നിലപാടുകള്‍ എടുക്കുക എന്നുള്ളതും.

9. വീട്ടുജോലികളുമായി ബന്ധപ്പെട്ട് ഒരു ചൂഷണമല്ലേ പുരുഷലോകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്?

അതെ.

10. 'അടുക്കളയില്‍ തേഞ്ഞുതീരുന്ന വീട്ടുപകരണമാണ് ഞാന്‍' എന്ന് സാവിത്രി രാജീവിന്‍റെ 'പ്രതിഷ്ഠ' എന്ന കവിതയിലെ ആഖ്യാതാവ് പറയുന്നത് എങ്ങനെയാണ് വായിച്ചെടുക്കുന്നത്? അടുക്കളയിലെ ഉപകരണമായി സ്ത്രീയെ പ്രതിഷ്ഠിച്ച സംസ്കാരത്തെ വിമര്‍ശനബുദ്ധിയോടെ നോക്കിക്കാണേണ്ടതല്ലേ? കുറേക്കൂടി സര്‍ഗാത്മകമായ കുടുംബാന്തരീക്ഷവും ലോകവും സൃഷ്ടിക്കാന്‍ അത്തരമൊരു സമീപനം സഹായിക്കില്ലേ?

തീര്‍ച്ചയായും ശരിയാണ്, ചൂഷണമുക്തമായ ഒരു ലോകമുണ്ടാവാന്‍ ആഗ്രഹിക്കുന്നവരാരും മറിച്ചു ചിന്തിക്കില്ല. ഉദ്ധരിച്ച കവിതയ്ക്കൊരു അടിക്കുറിപ്പായി ഈ വരികള്‍ കൂടി ചേര്‍ക്കുന്നു.

അടുക്കളയില്‍ തേഞ്ഞുതീരുന്ന
ഒരു വീട്ടുപകരണമാണ് ഞാന്‍
എന്നവള്‍ പറഞ്ഞു
ഞാനവളെ നോക്കി.
ഫ്രിഡ്ജും മിക്സിയും നോക്കി
വാഷിങ്ങ് മെഷീന്‍ നോക്കി.
വൈദ്യുത അടുപ്പു നോക്കി.
അടുക്കളയും അതിലെ മറ്റുപകരണങ്ങളും നോക്കി.
ഗഡുക്കളും തവണകളുമായി പണമടച്ച്
തേഞ്ഞുതീരുന്ന എന്നെ അവള്‍ നോക്കിയതേ ഇല്ല

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts