ഓരോ കണ്ണാടിക്കുള്ളിലും
സ്വന്തം നഗ്നതയില്‍ ബന്ധിതയായ ഒരു സ്ത്രീയുണ്ടെന്ന്
പുരുഷന്‍ സംശയിക്കുന്നു.
സുതാര്യയായ മറ്റൊരു സ്ത്രീ.
എത്ര ഉണര്‍ത്താന്‍ ശ്രമിച്ചാലും
അവള്‍ ഉണരുകയില്ല.
ഒരു നക്ഷത്രത്തിന്‍റെ ഗന്ധം നുകര്‍ന്ന്
അവള്‍ ഉറങ്ങിപ്പോയി.
അതേ നക്ഷത്രം നുകര്‍ന്ന്
അവന്‍ ഉറങ്ങാതെ കിടക്കുന്നു.
ആണ്‍ നോട്ടങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുമ്പോള്‍ ഗ്രീക്ക് കവിയായ യാനിസ് റിറ്റ്സോസിന്‍റെ ഈ വരികള്‍ ഓര്‍മ്മയിലെത്തുന്നു. He is the subject, he is the absolute. She is the other. പുരുഷന്‍ തുറന്നുവച്ച കണ്ണിലൂടെ മാത്രമാണ് ലോകം പുലരുന്നതെന്ന് തോന്നും. അവന്‍ കാണുന്നു, അവള്‍ കാണപ്പെടുന്നു. പുരുഷന്‍റെ കാഴ്ചകളിലെ സ്വീകര്‍ത്താവുമാത്രമായി സ്ത്രീ വിധേയപ്പെട്ടു നില്‍ക്കുന്നു. നോക്കുന്നതിലെ ഹിംസ നോക്കപ്പെടുന്നതിലെ വിധേയത. അതേതാണ്ട് വേട്ടക്കാരനും ഇരയും തമ്മിലുള്ള അധികാരബന്ധമാണ്. പുരുഷനാണ് നോട്ടത്തിന്‍റെ അധികാരി. നോട്ടത്തിന്‍റെ അധീശത്വം എല്ലായ്പ്പോഴും അവനാണ്. അതിനാല്‍ അവന്‍ നോക്കുകയല്ല തുറിച്ചുനോക്കുകയാണ്, ഒളിഞ്ഞുനോക്കുകയാണ് എന്നാണ് സാര്‍ത്ര് പറയുന്നത്. Active male, passive female.
ആണ്‍നോട്ടങ്ങളിലെപ്പോഴും അധികാരത്തിന്‍റെയും അധിനിവേശത്തിന്‍റെയും ആസക്തികളുടെയും കളങ്കങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ മിക്കപ്പോഴും ഹിംസയുടെ രാജഭാരമുണ്ട്. ആണ്‍നോട്ടങ്ങള്‍ സ്ത്രീയുടെ ശരീരത്തെ അശ്ലീലതയോടെ കീറിമുറിക്കുന്നു എന്നാണ് സിമോണ്‍ ദ് ബുവാ പറയുന്നത്. അവന്‍ നോക്കുമ്പോള്‍ പെണ്ണിനെ പൂര്‍ണ്ണതയില്‍ കാണുന്നില്ല. ശകലങ്ങളാക്കുന്നു. അവയവങ്ങള്‍ അഴിച്ചുനോക്കുവാനാണ് അവനിഷ്ടം. ഐന്ദ്രിയമോഹകങ്ങളായ കാഴ്ചകളില്‍ കലങ്ങുകയും ചിതറുകയും ചെയ്യുന്ന കണ്ണുകളാണ് അവന്‍റേത്. അവന്‍ പെണ്ണിന്‍റെ മുഖത്തേക്ക് നോക്കില്ല. കണ്ണില്‍, പുരികത്തില്‍, മൂക്കില്‍, തോളില്‍, മാറിടത്തില്‍, വിരലുകളില്‍, അരക്കെട്ടില്‍, നാഭിയില്‍, കണങ്കാലില്‍ നോട്ടങ്ങള്‍ ചിതറിക്കുകയാണ്. ആണ്‍കണ്ണിന്‍റെ രുചികള്‍ കെട്ടുമാഞ്ഞുപോകുന്നു. തൃഷ്ണകളെ ഉലയ്ക്കുന്ന മോഹബിംബങ്ങള്‍ മാത്രമാണ് പെണ്ണുങ്ങളെന്ന് അവന്‍ ഉറപ്പിച്ചുകഴിഞ്ഞു. സ്വന്തം ആണത്തത്തെക്കുറിച്ച് അവനേറെ ദുരഭിമാനങ്ങളുണ്ട്, അവകാശവാദങ്ങളുണ്ട്. പെണ്ണിനേയും മണ്ണിനേയും കീഴടക്കുന്നതാണ് ആണത്തം എന്നവന്‍ നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. പെണ്ണിനെ നിസ്സാരമാക്കുന്നതും അദൃശ്യയാക്കുന്നതും ഒരു പലഹാരവസ്തുപോലെ ആസ്വദിക്കുന്നതും കണ്ണിനിമ്പം പകരുന്ന ചമയസാമഗ്രികളില്‍ അലങ്കാരവസ്തുവാക്കുന്നതും ആണ് ആണത്തത്തിന്‍റെ ലൈംഗികാധികാരമായി അവന്‍ കാണുന്നത്. പുരുഷ പ്രാമാണികതയുടെ അശ്ലീലമായ ആധിപത്യവാസനയാണിത്.
പുരുഷന്‍റെ മേല്‍ക്കോയ്മയില്‍ സമ്പത്തും അധികാരവും ലൈംഗികതയും കൃത്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. പുരുഷാധികാരം എല്ലാം പ്രയോഗിക്കാനുള്ളതാണ്. പെണ്മയാകട്ടെ പ്രയോഗിക്കപ്പെടാനുള്ളതും. കാഴ്ചച്ചന്തകളില്‍ അതാണ് കാണുന്നത്.
കാഴ്ചകള്‍ രാജ്യഭാരം നടത്തുന്ന കാലമാണിത്. ദൃശ്യത തേര്‍വാഴ്ച നടത്തുന്ന ഒരു പുരുഷ നാഗരികത. വാക്കുകളും ആദര്‍ശങ്ങളും പിന്‍മടങ്ങുകയാണ്. യാഥാര്‍ത്ഥ്യത്തിലല്ല പ്രതീതികളിലാണ് ഈ കാലത്തിന്‍റെ ശ്രദ്ധയും താല്‍പര്യവും. പ്രത്യക്ഷഭംഗികളെ മാത്രമാണ് ആണ്‍കാഴ്ച സ്നേഹിക്കുന്നത്. ഒരു ദൃശ്യസദ്യയില്‍ പങ്കെടുക്കുവാന്‍ കൊതിയോടെ ഇറങ്ങിത്തിരിച്ച കണ്ണുകളാണ് അവന്‍റേത്. ആണ്‍നോട്ടങ്ങള്‍ വായ്നോട്ടങ്ങളാകുന്നതിങ്ങനെയാണ്. പുരുഷന്‍ പുറംലോകത്തേയ്ക്ക് ഇറങ്ങിനടക്കുന്നതുതന്നെ ദൃശ്യകാമങ്ങളില്‍ ദാഹിക്കുന്ന കണ്ണുകളുമായാണെന്ന് ഫെമിനിസ്റ്റുകള്‍ക്കൊരു പ്രബലവാദമുണ്ട്. ലോകം അവന് ഒരു സൗന്ദര്യമത്സരവേദിമാത്രമാകുന്നു. ആഗ്രഹത്തിന്‍റെ ഭാഷയാണ് ആണ്‍നോട്ടത്തിന്‍റെ വിനിമയവഴി.
ഫെമിനിസ്റ്റ് സിനിമയെക്കുറിച്ചുള്ള ഏറ്റവും ആഴമേറിയ സൈദ്ധാന്തിക പഠനം നടത്തിയ ലോറ Visual pleasure and narrative cinema എന്ന പ്രബന്ധത്തിലാണ് male gaze എന്ന പദം സമര്‍ത്ഥമായി അവതരിപ്പിച്ചിട്ടുള്ളത്. ആണ്‍നോട്ടങ്ങളാണ് സിനിമയുടെ ഭാഷയും വ്യാകരണവും നിശ്ചയിക്കുന്നത്. നായകന്‍റെ നോട്ടസ്ഥാനങ്ങളില്‍ നായിക സ്വയം കീഴ്പ്പെട്ടുനില്‍ക്കുന്നു. പുരുഷന്‍റെ ഉശിരന്‍ നോട്ടങ്ങള്‍ക്കുമുമ്പില്‍ സ്ത്രീകഥാപാത്രങ്ങളെ ഒതുക്കിനിര്‍ത്തിയും നിയന്ത്രിച്ചുനിര്‍ത്തിയുമാണ് മുഖ്യധാരാ സിനിമകള്‍ ഉണ്ടാകുന്നത്.
പുരുഷന്‍റെ നയനരതിയും ആത്മരതിയും പോഷിപ്പിക്കുന്ന വിധം സിനിമയില്‍ മാത്രമല്ല ലോകം തന്നെയും ഡിസൈന്‍ചെയ്യപ്പെട്ടിരിക്കയാണ്. പെണ്ണ് എങ്ങനെ എവിടെ എപ്പോള്‍ പ്രത്യക്ഷപ്പെടണമെന്നും അപ്രത്യക്ഷമാകണമെന്നും നിശ്ചയിക്കുന്നത് ആണിന്‍റെ കണ്ണുകളാണ്. പെണ്ണിന്‍റെ ശരീരരൂപങ്ങളെയും സ്ഥലകാലങ്ങളെയും തീരുമാനിക്കുന്നത് ആണത്തമാണ്. കാമറയുടെ നോട്ടവും സ്ക്രീനിലേയ്ക്കുള്ള പ്രേക്ഷകരുടെ നോട്ടവും ആണത്തത്തിന്‍റെ ആംഗിളുകളിലൂടെ മാത്രമാണ് നടക്കുന്നത്. തിയറ്ററിന്‍റെ ഇരുട്ടും സ്വകാര്യതയും കാണികള്‍ക്ക് ഒളിഞ്ഞുനോട്ടത്തിനുള്ള സന്ദര്‍ഭമൊരുക്കുന്നു. പ്രാഥമിക ആസക്തികള്‍ക്കും ആത്മരതികള്‍ക്കും ഇണങ്ങുംവിധം സ്ക്രീന്‍ അവന് ഒരു മാന്ത്രിക കണ്ണാടിയാണ്. നയനരതിയുടെ ഏതറ്റം വരേയും സിനിമ കൊണ്ടുപോകുന്നു. ദൃശ്യാനന്ദങ്ങളില്‍ ഒളിഞ്ഞുനോട്ടത്തിനാണ് മുന്‍ഗണന. സ്വന്തം ശരീരത്തില്‍ ആത്മരതി കണ്ടെത്തുന്ന നാര്‍സിസ്റ്റ് താദാത്മ്യപ്പെടലാണ് അവിടെ നടക്കുന്നത്. നോക്കുന്നതിലൂടെ അനുഭവിക്കുന്ന ലൈംഗീകാനന്ദങ്ങളും സ്ത്രീയുടെ ശരീരഭാഷയില്‍ കടന്നുകയറി സ്വന്തം ഇഷ്ടത്തിനൊപ്പം അതിനെ വെട്ടിമുറിക്കുന്നതും നിരവധി സിനിമാ കാഴ്ചകളെ മുന്‍നിര്‍ത്തി ലോറാ മുല്‍വേ അപഗ്രഥിക്കുന്നുണ്ട്. male gaze നെക്കുറിച്ചുള്ള ആദ്യത്തെ ഫെമിനിസ്റ്റ് വീക്ഷണമാണ് 1973 ല്‍ രചിച്ച ആ പ്രബന്ധം.
പുരുഷാധിപത്യത്തോടൊപ്പം ഉപഭോഗാര്‍ത്തിയും ഹിംസാത്മകതയും ചേര്‍ന്നിരിക്കുന്ന നാഗരികതയുടെ വര്‍ത്തമാനകാലപരിസരത്തിലാണ് ഈ ലോകം ഇന്ന് നിലനില്‍ക്കുന്നത്. സാമൂഹികതയുടെയും ആത്മീയോന്നതിയുടെയും വിച്ഛേദമാണ് വിപണി നിയന്ത്രിക്കുന്ന ആഗോളീകരണം. ഇന്ദ്രിയങ്ങളുടെ സ്വകാര്യവല്‍ക്കരണവും ആന്തരികശൂന്യതയും കാഴ്ചകളെ ലൈംഗികമോഹത്തിന്‍റെ ഉടുപ്പണിയിക്കുന്നു. ഒരു മോട്ടോര്‍സൈക്കിളിന്‍റെ പരസ്യം ഇങ്ങനെയാണ് -‘Long legged and easy to live with’ നീളമേറിയ കാലുകളോടുകൂടിയതും സുഖത്തില്‍ ഒന്നിച്ചു ജീവിക്കാന്‍ പറ്റുന്നതും. മോട്ടോര്‍ സൈക്കിളിന്‍റെ ചക്രങ്ങളെ നീളമേറിയ കാലുകളോടുകൂടിയ സ്ത്രീയുടെ ശരീരവുമായിബന്ധപ്പെടുത്തി സുഖവും സന്തോഷവുമായി പറ്റിച്ചേര്‍ന്ന് ജീവിക്കാന്‍ മോഹിപ്പിക്കുന്ന ഈ വിപണനതന്ത്രം തീര്‍ച്ചയായും ഒരു ആണ്‍നോട്ടത്തിനു മാത്രം നിര്‍മ്മിക്കാന്‍ കഴിയുന്ന ഒന്നാണ്. ചരക്കിനെ വ്യക്തിവല്‍ക്കരിക്കുകയും വ്യക്തിയെ ചരക്കുവല്‍ക്കരിക്കുകയും ചെയ്യുന്ന പുരുഷാധിപത്യ ഉപഭോഗസംസ്കൃതിയുടെ മാനുഷിക വിരുദ്ധതയെയാണ് ഈ പരസ്യം സ്വഭാവവല്‍ക്കരിക്കുന്നത്. അടിമുടി സ്ത്രീവിരുദ്ധമാണത്. കുട്ടികള്‍ക്കായി തയ്യാറാക്കുന്ന കളിപ്പാട്ടങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. ആണ്‍കുട്ടിക്ക് അധികാര ചിഹ്നങ്ങളായി പോര്‍വിമാനങ്ങളും തോക്കുകളുമാണ് കളിപ്പാട്ടങ്ങളെങ്കില്‍, പെണ്‍കുട്ടികള്‍ക്ക് പാവക്കുഞ്ഞും മുയല്‍ക്കുഞ്ഞുമാണ്. വേട്ടക്കാരും ഇരകളുമായി ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും എത്ര സ്വാഭാവികമായിട്ടാണ് കളിപ്പാട്ടങ്ങളില്‍ വേര്‍തിരിക്കുന്നത് എന്നുനോക്കുക.
ഒരു പുരുഷന്‍റെ വിജയത്തിനു പിറകില്‍ ഒരു സ്ത്രീയുണ്ടെന്ന് സര്‍വ്വത്ര അംഗീകരിക്കപ്പെട്ട ചൊല്ലാണ്. എന്തുകൊണ്ട് പുരുഷന്‍റെ വിജയത്തിന്‍റെ മുന്നില്‍ അവളെ അവതരിപ്പിക്കുന്നില്ല. ആകാശത്തിന്‍റെ പാതി സ്ത്രീയായിട്ടും എവിടെയും അവള്‍ മാറ്റിനിര്‍ത്തപ്പെടുകയാണ്. അവളിലെ സൗന്ദര്യമല്ല, കരുത്തല്ല, ആത്മശക്തിയല്ല പുരുഷന് പ്രിയം. എത്രത്തോളം സെക്സിയായി പ്രദര്‍ശനവസ്തുവാക്കാമോ, കാഴ്ചപ്പണ്ടമാക്കാമോ എന്നതാണ് അവന്‍റെ ശ്രദ്ധയും കൗതുകവും.
പുരുഷന്‍റെ കണ്ണുകള്‍ക്ക് വളരെ വേഗം അല്‍ഷിമേഴ്സ് രോഗം പടരുന്നുണ്ടോയെന്ന് സംശയിക്കണം. ആഴമുള്ള കാഴ്ചകള്‍ ഓര്‍മ്മകളിലെ കാഴ്ചകള്‍, എല്ലാം പെട്ടെന്ന് മറവിയിലാണ്ടുപോകുന്നു. ഒരു ടൂറിസ്റ്റിന്‍റെ ഉപരിപ്ലവമായ കാഴ്ചപ്പുറം മാത്രം. കാഴ്ചകള്‍ക്ക് ഭൂതവര്‍ത്തമാന ഭാവിയില്ല. നൈരന്തര്യമില്ല. അധികസഞ്ചാരമില്ല. ഐന്ദ്രിയതയുടെ പ്രലോഭനകാഴ്ചകളില്‍ മാത്രം അത് അഭിരമിക്കുന്നു. ദൃശ്യകാമങ്ങളുടെ നയനസുഖത്തിനപ്പുറം ഭാവനയോ സ്വപ്നമോ ചരിത്രമോ ഇല്ലാത്ത മൂല്യവിരുദ്ധതയാണ് ആണ്‍നോട്ടത്തിന്‍റെ സ്വഭാവം.
ഒളിപ്പിച്ചുവച്ച വിഷപ്പല്ലുകള്‍ പുറത്തുകാട്ടി മതവും ശാസ്ത്രവും രാഷ്ട്രീയവും മാധ്യമങ്ങളും വിപണിയും ആണത്തപ്രകടനത്തിന്‍റെ ഹിംസ രൂപങ്ങളായി മാറുന്നു. ഈ ലോകത്തെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് പുരുഷപ്രകൃതമാണ്. വേട്ടക്കാരന്‍റെ തേറ്റയും കൊമ്പും മുളപ്പിച്ച ആസക്തി നിറഞ്ഞ കണ്ണുകളുമായി അവന്‍ ഈ ലോകത്തെ അത്രയേറെ മുറിപ്പെടുത്തുന്നുണ്ട്. പുരുഷന്‍റെ അരക്ഷിതബോധവും ഭയവും അസ്വതന്ത്രതയുമാണ് ഒരുപക്ഷേ അവനെ ഇത്രമേല്‍ ഹിംസാലുവാക്കുന്നത്. ആന്തരികതയില്‍ അവന്‍ അശാന്തനാണ്. അസൂയാലുവും അസഹിഷ്ണുവുമാണ്. ഏകാധിപതിയുടെ മനശ്ശാസ്ത്രവും ഇതുതന്നെ.
ലോകത്തിലെ ഏതൊരു അധികാരിയുടെയും പീഡകന്‍റേയും തൊലിയുരിഞ്ഞുനോക്കിയാല്‍ ദയനീയവും ദാരുണവുമായ ആണത്തത്തിന്‍റെ വിരൂപമായ ആന്തരികലോകം കാണാം. കീറിപ്പറിഞ്ഞുപോയ ഒരാത്മാവാണ് അവന്‍റേത്. ആത്മവിശ്വാസമില്ലായ്മകൊണ്ടും അപകര്‍ഷതാബോധം കൊണ്ടും അരക്ഷിതത്വംകൊണ്ടും ആണ് അവന്‍റെ ആണത്തം മുന കൂര്‍പ്പിക്കുന്നത്. സ്ത്രീ അവന് ഒന്നുകില്‍ മോഹിച്ചനുഭവിക്കാനുള്ള ലൈംഗികവസ്തു. അല്ലെങ്കില്‍ മാനുഷികത ചോര്‍ത്തിക്കളഞ്ഞ ഒരു ദേവീവിഗ്രഹം. സത്യത്തില്‍ ഒരു സ്ത്രീയുടെ സ്വതന്ത്രവ്യക്തിത്വത്തെ നേരിടാന്‍ അവന് ഭയമാണ്. സത്യത്തില്‍ അവളില്ലെങ്കില്‍ പുരുഷന്‍ വേരറ്റവനും ക്ഷതകാലങ്ങളിലലഞ്ഞുതിരിയുന്ന തെണ്ടിയുമായിപ്പോകും. സ്ത്രീയെ അബലയായി അവഗണിച്ചും അപമാനിച്ചും ആണത്തം അതിന്‍റെ അസ്തിത്വത്തെ വ്യാജമായി നിലനിര്‍ത്തുകയാണ്. സ്ത്രീ പുരുഷന്‍റെ സ്വകാര്യസ്വത്ത്. കാമപൂര്‍ത്തിയുടെ ഉപകരണം. അടിമയുടെ പ്രതിനിധാനം. കായിക കരുത്തിന്‍റെ മാത്രം ആനുകൂല്യത്തില്‍ പുരുഷന്‍ സ്ത്രീയെ ചരിത്രത്തിന്‍റെ തടവറയിലിട്ടു. തമസ്കരിച്ചു. അദൃശ്യയാക്കി.
എന്നാല്‍ സ്ത്രീയുടെ യഥാര്‍ത്ഥ സത്ത എത്രയോ സ്ഫോടനാത്മകവും സര്‍ഗാത്മകവും മൗലികവും ആധികാരികവുമാണ്. എന്നിട്ടും കൗമാരത്തില്‍ പിതാവ്, യൗവനത്തില്‍ ഭര്‍ത്താവ്, വാര്‍ദ്ധക്യത്തില്‍ പുത്രന്‍ എന്നീ നിലയില്‍ ഒരു സ്ത്രീയുടെ ജീവിതം പുരുഷനില്‍ ചുറ്റിക്കറങ്ങുകയാണ്.
ആസക്തിയിലല്ല, ആത്മശക്തിയിലാണ് ജീവിതത്തെ നിര്‍വചിക്കേണ്ടതും അടയാളപ്പെടുത്തേണ്ടതും. ആണത്തം അടിച്ചേല്‍പ്പിക്കുന്ന വ്യാജബോധങ്ങള്‍ക്ക് ഒരു സ്ത്രീയും അവളുടെ ഉടലിനെ വിട്ടുകൊടുത്തുകൂടാ. അവളെ തൊടുമ്പോള്‍ ആകാശത്തെയാണ് തൊടുന്നതെന്ന വിസ്തൃതമായ ആണ്‍കാഴ്ചയാണ് ഓരോ പുരുഷനും വീണ്ടെടുക്കേണ്ടത്. ജ്ഞാനത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ദിവ്യാനുപാതമുള്ള സ്ത്രീകളിലേക്ക് ആഴത്തില്‍ നോക്കിയപ്പോഴാണ് മഹാരചനകള്‍ ഉജ്ജ്വലമായി ഇളകിമറിഞ്ഞത്. ഓരോ പുരുഷനും അവന്‍റെ ആണത്തത്തിന്‍റെ ഹിംസാരൂപങ്ങള്‍ ചെത്തിക്കളഞ്ഞുകൊണ്ടാണ് അവനിലെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തേണ്ടത്. പുരുഷലോകത്തിന്‍റെ വേട്ടക്കണ്ണില്‍ നിന്ന് ഓരോ സ്ത്രീയും തിരിഞ്ഞുനടക്കണം. പെണ്ണിന്‍റെ യഥാര്‍ത്ഥ സത്ത എത്രയോ സ്ഫോടനസാധ്യതയുള്ളതാണ് എന്ന് അവള്‍ ആണത്തത്തോട് ധീരമായി പ്രഖ്യാപിക്കണം. പുരുഷന്‍ തയ്പിച്ചുകൊടുത്ത ആസക്തികളുടെ ചമയവസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി ഓരോ സ്ത്രീയും അവള്‍ക്കുള്ളിലെ ആത്മശക്തിയുടെ ബദലുടലുകള്‍ സൃഷ്ടിക്കണം. ഒരു സ്ത്രീയുടെ കണ്ണിലേക്കു നോക്കുമ്പോള്‍ ഓരോ പുരുഷന്‍റേയും കണ്ണുകളില്‍ നൈതികതയുടെ പുതിയ സൂര്യനുദിക്കണം. ആസക്തികള്‍ക്കൊണ്ടും ആര്‍ത്തികൊണ്ടും ഹിംസകൊണ്ടും കുഴച്ചുണ്ടാക്കിയ ഐന്ദ്രിയമോഹങ്ങളുടെ വിരുന്നുശാലയല്ല തന്‍റെ കണ്ണുകളെന്ന് അവന്‍ തിരിച്ചറിയണം. ഒളിഞ്ഞുനോട്ടക്കാര്‍ക്കും തുറിച്ചുനോട്ടക്കാര്‍ക്കും ബലാത്സംഗികള്‍ക്കും കമ്പോളങ്ങള്‍ക്കും തന്‍റെ ഉടലിന്‍റെ ഉണ്മയെ തൊടാനാവില്ലെന്ന് ഓരോ പെണ്ണിനും ഒരു ഇച്ഛാശക്തിയുണ്ടാകണം. സ്വന്തം ശരീരത്തില്‍ ബദല്‍ ശരീരങ്ങളെ ആവിഷ്കരിക്കാനുള്ള പ്രചോദനശക്തിയുണ്ടെന്ന് തെളിയിക്കുകയാണ് പ്രധാനം.
ആണ്‍നോട്ടങ്ങളെക്കുറിച്ചുള്ള ഒരു ഏകപക്ഷീയ വിചാരമായി ഈ കുറിപ്പ് മാറിപ്പോകുന്നതില്‍ ഖേദമുണ്ട്. മനുഷ്യരാശിയുടെ ചരിത്രത്തെ മാറ്റിമറിച്ച മഹത്തായ ചില ആണ്‍നോട്ടങ്ങളെ ഓര്‍മ്മയില്‍ കൊണ്ടുവരേണ്ടതുണ്ട്. സ്വന്തം ജീവിതത്തെയും ലോകത്തെ മുഴുവനായും പുതുക്കിനിര്‍മ്മിച്ച കരുണയുടെയും പ്രബുദ്ധതയുടേയും അത്തരം ചില നോട്ടങ്ങളാകണം പുരുഷന് പ്രചോദനമാകേണ്ടതെന്ന് തോന്നുന്നു. ഒരു നഗരസവാരിക്കിടയില്‍ വൃദ്ധനെയും രോഗിയേയും മരിച്ചവനേയും നോക്കാനിടവന്നപ്പോള്‍ സിദ്ധാര്‍ത്ഥരാജകുമാരന്‍ ആസകലം മാറിപ്പോയ കഥ നിനവില്‍ വരുന്നു. നഗരത്തെരുവില്‍ കണ്ട ആ കാഴ്ചയാണ് രാജകുമാരനെ ബുദ്ധനിലേയ്ക്ക് വഴി തുറന്നുകൊടുക്കുന്നത്. ആത്മീയമായ ഉണര്‍വുകളിലേക്ക് ആ നോട്ടം സിദ്ധാര്‍ത്ഥനെ രൂപാന്തരപ്പെടുത്തി.
യേശു നോക്കിയപ്പോള്‍ തനിക്കുള്ളിലെ സ്ത്രീത്വം അഴകിനാലും അഭിമാനത്താലും ജ്വലിച്ചുവെന്നാണ് മഗ്ദനലമറിയത്തിലൂടെ ഖലീല്‍ ജിബ്രാന്‍ മൊഴിഞ്ഞത്. അവന്‍ എന്നെ നോക്കിയപ്പോള്‍ അവന്‍റെ കണ്ണുകളിലെ സൂര്യാസ്തമയം എന്നിലുണ്ടായിരുന്ന വ്യാളിയെ നിഗ്രഹിച്ചു. ഞാനൊരു സ്ത്രീയാവുകയും ചെയ്തു. ഒരു സ്ത്രീയുടെ നേരെ പുരുഷന്‍ നോക്കുമ്പോള്‍ അവള്‍ക്കുള്ളിലെ സ്ത്രൈണ പൂര്‍ണ്ണിമ പ്രകാശിതമാകണം. സുവിശേഷത്തില്‍ യേശുവിന്‍റെ തിരിഞ്ഞുനോട്ടങ്ങള്‍ പ്രകാശത്തിന്‍റെ കവചം ധരിച്ചവയാണ്. കാല്‍വരി കയറുന്നതിനിടയില്‍ രണ്ടുതവണ യേശു തിരിഞ്ഞുനോക്കി. തന്നെ തള്ളിപറഞ്ഞ പത്രോസിലേക്കുള്ള തിരിഞ്ഞുനോട്ടം അയാളെ കണ്ണീരില്‍ കുളിപ്പിച്ച് രൂപാന്തരപ്പെടുത്തി. യേശുവിന്‍റെ കണ്ണുകളിലെ ഉച്ചച്ചൂടുകള്‍ ഒരുപാടുപേരില്‍ സ്വയം തിരിച്ചറിവുകളും സാന്ത്വനങ്ങളും സൗഖ്യങ്ങളും നല്‍കിയിട്ടുണ്ട്. പ്രബുദ്ധവും ദയാദീപ്തവുമായ നോട്ടങ്ങള്‍ക്കൊണ്ട് ആത്മോന്നതിയുടെ മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ പുരുഷനേത്രങ്ങള്‍ക്ക് സാധിക്കുമെന്ന് തെളിയിക്കുന്ന ദൃഷ്ടാന്തങ്ങളേറെ നമുക്കുമുന്നിലുണ്ട്.
കണ്ണുള്ളതുകൊണ്ടല്ല, നോക്കുന്നതുകൊണ്ടാണ് നാം കാണുന്നത്. നോട്ടങ്ങളുടെ പിന്നിലെ ദൈവികതയെ തിരിച്ചുകൊണ്ടുവരണം. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ അവന്‍റെ നോട്ടങ്ങളില്‍ ദൈവച്ഛായ പുനഃസൃഷ്ടിക്കുകയാണ് വേണ്ടത്.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനെഴുതിയ 'നരകശുശ്രൂഷ' എന്ന കവിതയിലെ അവസാനവരി പകര്‍ത്തിവെച്ചുകൊണ്ട് ഈ കുറിപ്പില്‍നിന്നും വിരമിക്കട്ടെ.
ദൈവം എന്നെ നോക്കി.
ഞാന്‍ അന്ധനായി.