news-details
ഓര്‍മ്മ

.കനലെരിയും കാലത്തില്‍ നിന്ന്...

കനല്‍പാകിയ പാതയിലൂടെ യാത്ര ചെയ്ത ചിലരാണ് നാം ജീവിക്കുന്ന ജീവിതത്തിന് അടിത്തറയിട്ടത്. അവര്‍ സഹിച്ച യാതനകള്‍ സമൂഹത്തെ കൂടുതല്‍ സുന്ദരമാക്കി. എന്നാല്‍ അവര്‍ നടന്ന വഴികള്‍ വിഷമം പിടിച്ചതായിരുന്നു. പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ബഹുമുഖമായ പ്രതിസന്ധികള്‍ക്കിടയിലൂടെ നടന്ന്, പുത്തന്‍കിനാവുകള്‍ വിതച്ച ആദ്യകാലനേതാക്കള്‍ ഇന്ന് ജ്വലിക്കുന്ന ഓര്‍മ്മകളാണ്. അവരുടെ ജീവിതം ഇന്ന് നമ്മെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ആലോചിക്കുന്നത് പ്രധാനമാണ്. പുതിയകാലം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും കാറ്റുവീഴ്ച സമ്മാനിച്ചരിക്കുന്നു. ഒരു കാലത്ത് യാതനയുടെ തീച്ചുളകള്‍ കടന്നു വന്നവര്‍ കൈമാറിയ ചില മൂല്യങ്ങള്‍, ആദര്‍ശങ്ങള്‍ നാം എത്രവേഗം കൈവിടുന്നു എന്ന ചിന്ത നമ്മെ വല്ലാതെ അലട്ടുന്നതാണ്. കൂത്താട്ടുകുളം മേരിയെപോലുള്ളവരുടെ സ്മരണയ്ക്കു മുമ്പില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ ആത്മവിചാരണയ്ക്കുള്ള അവസരം കൂടിയായി ഈ സന്ദര്‍ഭം മാറുന്നു. ആദ്യകാല ഇടതുപക്ഷപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലും സ്വാതന്ത്ര്യസമരത്തിലും അവര്‍ വഹിച്ച പങ്ക് കേരളചരിത്രത്തിന്‍റെ ഭാഗമാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ആ പെണ്‍കുട്ടി പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

'കനലെരിയും കാലം' കൂത്താട്ടുകുളം മേരിയുടെ ആത്മകഥയാണ്. 'കമ്യൂണിസ്റ്റ്' എന്ന മേല്‍വിലാസമാണ് അന്നും ഇന്നും എന്നും ഞങ്ങള്‍ക്ക് ഏറ്റവും അഭിമാനം എന്നാണ് അവര്‍ കുറിക്കുന്നത്. അത് ഒരു കാലഘട്ടത്തിന്‍റെ മൂല്യബോധവും പ്രതിജ്ഞാബദ്ധതയുമാണ് പ്രതിഫലിപ്പിക്കുന്നത്. സ്വയം നഷ്ടപ്പെടുത്തി ഭാസുരകാലം സൃഷ്ടിക്കാനുള്ള അദമ്യമായ ആഗ്രഹമാണ് അവരെ  പ്രചോദിപ്പിച്ചത്. സി.പി. രാമസ്വാമി അയ്യരുടെ കീഴില്‍ ജോലി ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ലഭിച്ച ജോലി ഉപേക്ഷിച്ചു അവര്‍. അത്തരം നിലപാടുകളൊന്നും ഈ തലമുറയ്ക്കും എളുപ്പത്തില്‍ മനസ്സിലാവില്ല. കടന്നുപോയ തലമുറകള്‍ കരുതിവച്ച ഈടുവയ്പ്പുകള്‍ താല്ക്കാലികനേട്ടങ്ങള്‍ക്കു വേണ്ടി കൈവിടാന്‍ നമുക്കു മടിയില്ല. സ്വയം നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ അഭ്യുദയത്തിനുവേണ്ടി ജ്വലിച്ചു തീരുക, കഠിനമര്‍ദ്ദനങ്ങള്‍ക്കിയിലും സ്വന്തം ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുക, ഭൗതികമായ നേട്ടങ്ങളെ പരിഗണിക്കാതിരിക്കുക, അസമത്വത്തിന്‍റെയും അനീതിയുടെയും ഭീകരതകളെ എല്ലാവിധത്തിലും ചെറുക്കുക-ഇതെല്ലാമായിരുന്നു കൂത്താട്ടുകുളം മേരിയുടെ ജീവിതം. 'പരോപകാരാര്‍ത്ഥമിദം ശരീരം' എന്നതായിരുന്നു അവരുടെ ആപ്തവാക്യം.

തൊണ്ണൂറ്റിമൂന്നു വര്‍ഷത്തെ അവരുടെ ജീവിതം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? അവരുടെ ജീവിതം എങ്ങനെയാണ് പ്രധാനമാകുന്നത്? നാം ജീവിക്കുന്ന കാലത്തെ കൂത്താട്ടുകുളം മേരിയുടെ ജീവിതകാലം വിചാരണചെയ്യുന്നില്ലേ? അവരെപ്പോലുള്ളവരുടെ മൂല്യബദ്ധമായ ജീവിതം നമുക്കു മാതൃകയാണോ? എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ പെട്ടുഴലുന്ന നമുക്ക് എല്ലാം പരിത്യജിക്കുന്ന ഇത്തരം വ്യക്തിത്വങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ സാധിക്കും? അധികാരവും പണവും പദവിയും ഭൗതികനേട്ടങ്ങളും ഏറ്റവും പ്രധാനമെന്നവിധത്തില്‍ മൂല്യവ്യവസ്ഥ തകിടം മറിയുമ്പോള്‍ കൂത്താട്ടുകുളം മേരിയെപ്പോലുള്ളവര്‍ നമ്മെ തിരുത്താന്‍ ശ്രമിക്കുന്നു. തങ്ങള്‍ കടന്നുവന്ന 'കനലെരിയും വഴി'കളാണ് നമ്മുടെ നാടിനെ ചിലരില്‍ നിന്നെല്ലാം മോചിപ്പിച്ചതെന്ന്  അവര്‍ നിശ്ശബ്ദം വിളിച്ചുപറയുന്നുണ്ട്. വേഗത്തിലും എളുപ്പത്തിലും നടക്കാനുന്ന വഴികളാണ് നമുക്കിഷ്ടം. കനല്‍നിറഞ്ഞ പാതകള്‍ നാം ഒഴിവാക്കുന്നു. കുരിശുമരണങ്ങളെ വാരിപ്പുണര്‍ന്ന ഒരു തലമുറയുടെ ജ്വലിക്കുന്ന സ്മരണകള്‍ കഴിഞ്ഞകാലത്തിന്‍റെ ഈടുവയ്പുകളാണ്. അതെല്ലാം കൈവിട്ടാല്‍ നാം ഓര്‍മ്മകളും ചരിത്രവും ആഴവും ഇല്ലാത്തവരാകും.

കൂത്താട്ടുകുളം മേരി ഇടതുപക്ഷത്തു നിന്നു പ്രവര്‍ത്തിച്ച സ്ത്രീകളില്‍ പ്രധാനിയാണ്. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുക വെല്ലുവിളി നിറഞ്ഞ അനുഭവമാണ്. ഏതുപ്രതിസന്ധിയും ഏറ്റെടുക്കാനുള്ള ആത്മധൈര്യമായിരുന്നു അവരുടെ കൈമുതല്‍. നഷ്ടനേട്ടങ്ങളെക്കുറിച്ചുള്ള ചെറിയ ചിന്തകള്‍ അവരെ അലട്ടിയില്ല. വരാന്‍ പോകുന്ന നല്ലകാലത്തെക്കുറിച്ചുള്ള മഹത്തായ സ്വപ്നം അവരെ പ്രചോദിപ്പിച്ചു. സഹിക്കുന്ന യാതനകള്‍ പുതിയ ഉയിര്‍പ്പിലേക്കുള്ള സംഭാവനകളാണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. ജന്മിത്തവും അസമത്വങ്ങളും അനീതിയും കൊടികുത്തിവാണ ഒരു കാലത്ത് സമത്വത്തിന്‍റെ സന്ദേശം വിളിച്ചോതാന്‍ പുറപ്പെട്ട അവര്‍ പലതും കൈവിട്ടു. സ്വന്തം നേട്ടങ്ങളെക്കാള്‍ സമൂഹത്തിന്‍റെ ഉയര്‍ച്ചയാണ് അവര്‍ സ്വപ്നം കണ്ടത്. ആ സ്വപ്നത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും ചെയ്തു.

കൂത്താട്ടുകുളം മേരിയെപ്പോലുള്ളവര്‍ പാഠപുസ്തകങ്ങളാണ്. സ്വന്തം ഉയര്‍ച്ചമാത്രം ലക്ഷ്യമാക്കി മുന്നേറുന്നവര്‍ക്കുള്ള ചില മുന്നറിയിപ്പുകള്‍ നിറഞ്ഞ പുസ്തകം. നാം നടക്കുന്ന വിശാലമായ പാതകള്‍ അവരുടെയെല്ലാം സൃഷ്ടിയാണെന്ന ഓര്‍മ്മ കൈവിടാതിരിക്കുക. ദിശാവ്യതിയാനം സംഭവിച്ച എല്ലാ പ്രസ്ഥാനങ്ങള്‍ക്കും തിരിഞ്ഞുനോക്കാനുള്ള പ്രകാശഗോപുരമാണവര്‍. 'കനലെരിയും കാലത്തിന്‍റെ' ദീപ്തസ്മരണകള്‍ നമ്മെ കൈപിടിച്ചു നടത്തട്ടെ. മൂല്യബദ്ധമായ ഒരു കാലത്തിന്‍റെ ഓര്‍മ്മകള്‍ നമുക്കു കൈവിടാതിരിക്കാം. കൂത്താട്ടുകുളം മേരിയുടെ സ്മരണയ്ക്കു മുമ്പില്‍ കൂപ്പുകൈ...

You can share this post!

മഹാനായ മാര്‍പ്പാപ്പ: ബനഡിക്ട് പതിനാറാമന്‍

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts