news-details
കവർ സ്റ്റോറി

മുന്‍വിധികളുണ്ടായിരിക്കണം

പിന്നറ്റത്തുനിന്ന് പറഞ്ഞുതുടങ്ങാം. യഹൂദരെയും ക്രിസ്ത്യാനികളെയുമായി ഹിറ്റ്ലര്‍ വംശഹത്യ നടത്തിയത്  അമ്പത്തഞ്ചുലക്ഷം പേരെയായിരുന്നു. മാവോ അടക്കം ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നത് ആറരകോടി മനുഷ്യരെ. സോവ്യയറ്റ് റഷ്യയില്‍ സ്റ്റാലിന്‍ കൊന്നൊടുക്കിയത് തന്‍റെതായ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് മറുതലിച്ച രണ്ടുകോടി മനുഷ്യരെ. കമ്പോഡിയയില്‍ പോള്‍ പോര്‍ട്ടിന്‍റെ വക ഇരുപതുലക്ഷം. അങ്ങനെ, വടക്കന്‍ ആഫ്രിക്കയിലും ഉത്തരകൊറിയയിലും പൂര്‍വ്വയൂറോപ്പിലും തെക്കെ അമേരിക്കയിലും വിയറ്റ്നാമിലും മറ്റുമായി കമ്മ്യൂണിസ്റ്റുകള്‍ കൊന്നുതള്ളിയത് പത്തുകോടിയോളം മതവിശ്വാസികളെയും വിമത രെയും. റോമന്‍ കത്തോലിക്കാസഭ ആഹ്വാനം ചെയ്ത എട്ടുപത്ത് കുരിശുയുദ്ധങ്ങളിലൂടെ കൊല്ലപ്പെട്ടത് രണ്ടരലക്ഷത്തോളം. അവയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഏതാണ്ട് സമാസമം. ഇന്‍ക്വിസിഷന്‍ എന്ന മതവിചാരണയില്‍ വിവിധ രാജ്യങ്ങളില്‍ ദഹിപ്പിക്കപ്പെട്ടത് മൂവായിരത്തോളം വിശ്വാസികളും ആഭിചാരക്കാരും.

നമ്മുടെ ഈ കൊച്ചുകേരളത്തില്‍നിന്നുവന്ന് സര്‍വ്വജ്ഞപീഠം പൂകിയ സാക്ഷാല്‍ ആദിശങ്കരന്‍റെ മുന്‍കൈയില്‍ നടന്ന ഹൈന്ദവ ഇന്‍ക്വിസിഷന്‍റെ ഏറ്റവും മൃദുവായ ചരിത്രം കാലടിയിലെ സ്തൂപത്തിന്‍റെ രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണല്ലോ. ഇന്‍ഡ്യയിലെ ദളിതുകളുടെ പീഡകചരിത്രം ആരും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ തീവെയ്ക്കപ്പെട്ടതും മുച്ചൂടും തകര്‍ക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതുമായ ദളിത് ഗ്രാമങ്ങളുടെയും പത്തനങ്ങളുടെയും എണ്ണത്തെയോര്‍ത്ത് നമുക്കാര്‍ക്കും ശിരസ്സ് താഴ്ത്തേണ്ടതായി വരുന്നില്ലെന്നുമാത്രം! സമാധാനത്തിന്‍റെ മതമെന്നറിയപ്പെടുന്ന ഇസ്ലാം ഉള്‍പ്പെടെയുള്ള ഇതരമതങ്ങളും മുന്‍വിധികളുടെ പേരില്‍ നടത്തിയിട്ടുള്ള കൊലപാത കങ്ങളുടെയും വംശഹത്യകളുടെയും കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചമായിരുന്നിട്ടുണ്ട്. ഇതൊക്കെയാണ് ചരിത്രം.

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, വംശീയതകളുടെ പേരില്‍, മതവിശ്വാസങ്ങളുടെ പേരില്‍, ജാതിതാല്‍പര്യങ്ങളുടെ പേരില്‍, സാമൂഹിക-സാമ്പത്തിക വര്‍ഗ്ഗങ്ങളുടെ പേരില്‍, ലൈംഗികാഭിമുഖ്യങ്ങളുടെ പേരില്‍, സാംസ്കാരിക വ്യത്യാസങ്ങളുടെ പേരില്‍, സംസാരഭാഷകളുടെ പേരില്‍, ഒക്കെ മനുഷ്യര്‍ വച്ചു പുലര്‍ത്തിയ മുന്‍വിധികളായിരുന്നു ഇത്രയേറെ മനുഷ്യരക്തംകൊണ്ട് ഭൂമിയാകെ മലിനപ്പെടാന്‍ മുഖ്യകാരണം.

ഇംഗ്ലീഷില്‍ bias-നെും prejudiceനും മലയാളത്തില്‍ മുന്‍വിധി എന്നുതന്നെയാണ് മിക്കവാറും അര്‍ത്ഥം പറയാറ്. ബയസ് പക്ഷേ, ഒരു മുന്‍ധാരണ മാത്രമേ ആകുന്നുള്ളു. ബയസ് എന്നത് മിക്കവാറും അബോധപൂര്‍വ്വകമായിരിക്കുമ്പോള്‍, തെറ്റായതും എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കാത്തതുമായ സാമാന്യവല്കരണത്തില്‍നിന്നും ഉണ്ടായിവരുന്ന വെറുപ്പാണ് പ്രിജ്യുഡിസ്. വാര്‍പ്പുരൂപ (stereotype) വിശ്വാസങ്ങള്‍, മുന്‍വിധികളുടെ ഭാഗമാണെന്നിരിക്കിലും പ്രിജ്യുഡിസുകള്‍ വാര്‍പ്പുരൂപങ്ങളെക്കാള്‍ എത്രയോ പ്രശ്നകാരികളാണ്. വാര്‍പ്പുരൂപങ്ങള്‍ മിക്കവാറും ചൊല്ലുകളായി, പ്രയോഗങ്ങളായി, വിശ്വാസങ്ങളായി നമ്മുടെയൊക്കെ സമൂഹങ്ങളില്‍ കുടിപാര്‍ക്കുന്നുണ്ട്. 'പെലേന്‍റെ കാര്യം (പുലയന്‍റെ കാര്യം) പെലന്നാലറിയാം (പുലര്‍ന്നാലറിയാം)' എന്നൊരു ചൊല്ലു നോക്കൂ. എത്രകണ്ട് ദളിത് വിരുദ്ധവും അപമാനവീകരണം നിറഞ്ഞതുമാണത്! അച്ചൊല്ല് പാടുന്ന വരേണ്യവര്‍ഗ്ഗക്കാരന്‍ ദളിതന് ചാര്‍ത്തിക്കൊടുക്കുന്ന ജുഗുപ്സ നിറഞ്ഞ വൈകാരികവിശ്വാസത്തിന് ആനു പാതികമായി ദളിതന്‍ സാമൂഹിക സ്വത്വസ്ഥലികളില്‍ നിന്ന് ആട്ടിയകറ്റപ്പെടുകയും അതിന് വിപരീതാനുപാതികമായി വരേണ്യവര്‍ഗ്ഗക്കാരന്‍ തനിക്കായി ചാര്‍ത്തിയെടു ക്കുന്ന മേനിനാട്യത്തിന്‍റെയും വരേണ്യതയുടെയും ഗര്‍വ്വിന്‍റെയും സാമൂഹികാധികാരത്തിന്‍റെയും പ്രദേശങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നു. 'പെലേന്‍ (പുലയന്‍) പോലീസായപോലെ' എന്ന പ്രയോഗം നോക്കുക. ഇതുപോലെ ദളിത് വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ, കീഴാള വിരുദ്ധമായ എന്തെന്ത് ചൊല്ലുകളും പ്രയോഗങ്ങളും ശൈലികളും അവയിലൂടെയെല്ലാം നിര്‍മ്മിക്കപ്പെടുന്ന വാര്‍പ്പുരൂപങ്ങളും അവ വഴിയായി ഊട്ടിയുറപ്പിക്കപ്പെടുന്ന വിശ്വാസങ്ങളും സാമൂഹിക മിത്തുകളും മാറ്റിക്കളഞ്ഞാല്‍ നമുക്ക് നമ്മുടെ ശ്രേഷ്ടമായ മാതൃഭാഷതന്നെ നഷ്ടമായെന്നുവരും.

സമൂഹത്തിന്‍റെ സംഘമനസ്സില്‍ പതിഞ്ഞ വിശ്വാസങ്ങള്‍തന്നെയായ മിത്തുകളിലൂടെ, അവയുടെ കൂടുതല്‍ ഉപയോഗക്ഷമമായ വാര്‍പ്പുരൂപങ്ങളിലൂടെ, ചൊല്ലുകള്‍, ശൈലികള്‍, ഉപമകള്‍, രൂപകങ്ങള്‍ എന്നിവ വഴിയുള്ള വിനിമയങ്ങളിലൂടെ, വ്യക്തി ഒറ്റയ്ക്കും സമൂഹം ഒന്നാകെയും നിര്‍മ്മിച്ചുകൊണ്ടി രിക്കുന്നതും ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ മുന്‍വിധികളെ ഒഴിവാക്കാന്‍ നമുക്കു കഴിയുമോ എന്നത് പ്രസക്തമായ ചോദ്യമാണ്.

വ്യക്തിത്വ മനഃശാസ്ത്രത്തിന്‍റെ പിതാവായ ഗോര്‍ഡണ്‍ ഓള്‍പോര്‍ട്ട് നിരീക്ഷിക്കുംപ്രകാരം മുന്‍വിധിയുടെ പ്രകാശനങ്ങള്‍ വ്യത്യസ്ത പടികളില്‍ സംഭ വിക്കാം. 1. വഴിമാറല്‍, 2. ഒഴിവാക്കല്‍, 3. വിവേചനം, 4. ആക്രമണം, 5. ഇല്ലായ്മചെയ്യല്‍ എന്നിങ്ങനെയാണ് അതിന്‍റെ ക്രമവികാസം. ആദ്യപടവുകളില്‍ ഒട്ടൊക്കെ ഗുപ്തമായും ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെയും മുന്‍വിധികള്‍ നിലകൊണ്ടുകൊള്ളും. അനുകൂലമായ സാഹചര്യങ്ങളില്‍ ഓരോ പടവും മുന്നോട്ട് നീങ്ങുന്ന തനുസരിച്ച് മുന്‍വിധികള്‍ അവയുടെ ബീഭത്സരൂപം വെളിക്കുകാട്ടുന്നു എന്നതാണ് ചരിത്രത്തില്‍ നാം കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യം. രാഷ്ട്രീയ പാരമ്പര്യങ്ങള്‍ മൂലമോ, സാംസ്കാരിക ഘടകങ്ങള്‍ മൂലമോ എന്നതിനെക്കാള്‍ വ്യക്തികളുടെ മനസ്സില്‍ അന്തര്‍ലീനമായ ചിന്താരൂപങ്ങളുടെ അടിസ്ഥാനത്തിലാണ്  ആളുകള്‍ മുന്‍വിധികളില്‍ വളരുന്നത്. നമ്മുടെ സമൂഹത്തില്‍ത്തന്നെ നമ്മോടൊപ്പം ജീവിച്ചിരിക്കുന്ന ചിലര്‍തന്നെ യല്ലേ നമ്മില്‍ ചിലരെ മാനഭംഗപ്പെടുത്തുകയോ ബലാത്സംഗം ചെയ്യുകയോ ഒക്കെ ചെയ്യുന്നത്! ഒരേ വീട്ടില്‍ ഒരേ മാതാപിതാക്കള്‍ക്ക് പിറന്നയൊരാള്‍ സ്ത്രീപീഡകനാകുന്നതും മറ്റൊരാള്‍ക്ക് അത്തരം ഒരു കാര്യം ചിന്തിക്കാന്‍പോലുമാവാത്തതും അതുകൊണ്ടായിരിക്കില്ലേ?! ബലാത്സംഗങ്ങള്‍ നടക്കുന്നത് അടിസ്ഥാനപരമായി ലൈംഗിക മുന്‍വിധികളുടെ വിരുന്നറകളില്‍ തന്നെയാണ്.

യുക്തിപൂര്‍വ്വം ചിന്തിച്ചെടുക്കാതെയോ ശാസ്ത്രീയമായ പഠനങ്ങളുടെ വെട്ടമില്ലാതെയോ ഒരു വ്യക്തിയോ സമൂഹമോ, വെറുതേ ഒരു ഇതരവ്യക്തിയെയോ സമൂഹത്തെയോ കുറിച്ച് പരുവപ്പെടുത്തിയെടുക്കുന്ന, സാമാന്യവത്കരിക്കപ്പെട്ട വിദ്വേഷം നിറഞ്ഞ നിഗമന ങ്ങളെ മുന്‍വിധികള്‍ എന്നു പറയാം. വൈകാരികവും പ്രതീകപരവുമായ വിശ്വാസങ്ങള്‍മൂലമോ, ഭയത്തില്‍ നിന്നോ, വേണ്ടത്ര അറിവില്ലായ്മമൂലമോ മുന്‍വിധികള്‍ രൂപപ്പെടാം. നന്നേ ചെറുപ്രായത്തില്‍ വീണുകിട്ടുന്ന അശാസ്ത്രീയമായ ചില നിലപാടുകളോ വീക്ഷണങ്ങളോ പില്ക്കാലത്ത് രൂഢമൂലമായ മുന്‍വിധികളായി മാറാം. ചിലപ്പോള്‍ ഒരാള്‍ കൈക്കൊണ്ട മുന്‍വിധികള്‍ക്ക് വിരുദ്ധമായ എത്രതന്നെ പഠനങ്ങളോ തെളിവുകളോ സംലഭ്യമായാലും പൂര്‍വ്വാര്‍ജിത മുന്‍വിധികളെ വിട്ടുപേക്ഷിക്കാന്‍ പലരും തയ്യാറാകുന്നില്ല എന്നും കാണാം.

സമൂഹാധീശത്വ തത്ത്വപ്രകാരം പൊതുസമൂഹം നിരവധി ഉപസമൂഹങ്ങളുടെ സഞ്ചയമാകുന്നു. ഓരോ സമൂഹവും പൊതുസമൂഹത്തില്‍ അധീശത്വത്തിന്‍റെ മേല്‍ക്കൈനേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള അധീശത്വമത്സരത്തില്‍ പൊതുവേ താത്ക്കാലികമായെങ്കിലും വന്നുചേരുന്ന ഒരു അധീശത്വക്രമമുണ്ട്. അധീശസമൂഹങ്ങള്‍ തങ്ങളുടെ അധീശത്വപദവിക്ക് പലവിധ ന്യായീകരണങ്ങളും കാരണങ്ങളും കണ്ടെത്തുകയും, അവയെ നീതിമത്കരിക്കുന്ന മിത്തുകള്‍ നിര്‍മ്മിക്കുകയും, ആയവ കീഴാളസമൂഹങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു. അതോടെ കീഴാള സമൂഹങ്ങള്‍ തങ്ങളുടെ കീഴാളത്വപദവി അംഗീകരിച്ച് തങ്ങളുടെ സാമൂഹിക കീഴാളത്വത്തില്‍ വിഷണ്ണരായും ചുണകെട്ടും ജീവിക്കുന്നു. വലിയൊരളവോളം കേരളത്തിലെ ആദിവാസിസമൂഹങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളത് ഈ ദുരവസ്ഥയാകാം.

എന്നാല്‍, മുന്‍വിധികള്‍ ഉണ്ടായിരിക്കുക എന്നത് അടിസ്ഥാനപരമായി മനുഷ്യന്‍ എന്ന ജീവി വര്‍ഗ്ഗത്തിന്‍റെ പ്രത്യേകതയാണെന്നു പറയണം. സങ്കീര്‍ണ്ണമായ ചിന്താപ്രക്രിയയുടെ ഭാഗമായി മനുഷ്യന്‍ നടത്തുന്ന വര്‍ഗ്ഗീകരണങ്ങളുടെ ഫലമായാണ് മുന്‍വിധികള്‍ രൂപപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവത്തിന്‍റെ ഭാഗംതന്നെയാണോ മുന്‍വിധികള്‍? അമേരിക്കയിലെയാലേ യൂണിവേഴ്സിറ്റിയിലെ നേഹ മഹാജന്‍ എന്ന ഗവേഷക, പ്യോര്‍ട്ടോ റിക്കോയിലെ കായോ സാന്‍റിയാഗോ ദ്വീപില്‍ കാണപ്പെടുന്ന റേസൂസ്  കുരങ്ങന്മാരില്‍ നടത്തിയ പരീക്ഷണങ്ങളില്‍, സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ട കുരങ്ങന്മാരോട് സാധാരണത്വം നിറഞ്ഞ സഹിഷ്ണുതയോടെയും തങ്ങളില്‍നിന്ന് വ്യത്യസ്തരായ ഇതര വിഭാഗങ്ങളിലേതെന്ന് തോന്നിച്ച കുരങ്ങന്മാരോട് മുന്‍വിധികളോടെയും അവ പെരുമാറുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാരിലിന്‍ ബ്ര്യൂവര്‍ എന്ന മനഃശാസ്ത്രജ്ഞയുടെ നിരീക്ഷണത്തില്‍ ഇതര സമൂഹങ്ങളോടുള്ള വെറുപ്പല്ല, മറിച്ച് സ്വന്തം സമൂഹത്തോടും സാമൂഹികക്രമങ്ങളോടുമുള്ള പ്രത്യേക പ്രതിപത്തിയും ലയവും അഭിമാനവുമാണ് മനുഷ്യരില്‍ ഇതരര്‍ക്കെതിരേ മുന്‍വിധികള്‍ സൃഷ്ടിക്കുന്നത് എന്നു കാണുന്നു.

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്രജ്ഞ കാതറിന്‍ കോട്രെല്ലിന്‍റെ അനുമാനത്തില്‍ മനുഷ്യന്‍റെ സമൂഹജീവിതം തന്നെയാണ് മുന്‍വിധികളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. സാമൂഹിക വര്‍ഗ്ഗീകരണ പ്രക്രിയയാണ് മനുഷ്യനെ മുന്‍വിധിയുള്ളവരാക്കുന്നത് എന്ന ഓള്‍പോര്‍ട്ടിന്‍റെ നിരീക്ഷണം മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. ഓള്‍പോര്‍ട്ടിന്‍റെ അഭിപ്രായത്തില്‍ മുന്‍വിധി സ്വാഭാവികവും സാധാരണവുമാണ്. ഒരാള്‍ ഒരിക്കല്‍ രൂപീകരിച്ച വര്‍ഗ്ഗീകരണം പിന്നീടുള്ള അയാളുടെ ജീവിതത്തില്‍ സാധാരണ തീരുമാനങ്ങള്‍ക്കും മുന്‍ധാരണകള്‍ക്കും അടിത്തറയായി വര്‍ത്തിക്കുന്നു. ആര്‍ക്കും അത് ഒഴിവാക്കാന്‍ കഴിയില്ലതന്നെ. ക്രമബദ്ധമായ ജീവിതം മുന്‍വിധികളെ ആശ്രയിച്ചാണിരിക്കുന്നത്. കുടുംബം, സമൂഹം, മതം, വിശ്വാസം, ദേശീയത എന്നിങ്ങനെ എല്ലാ സ്വത്വനിര്‍മ്മിതികളും അടിസ്ഥാനപരമായി മുന്‍വിധി രൂപീകരണത്തിന്മേലാണ് ആശ്രയപ്പെട്ടിരിക്കുന്നത്.

ഭാഷാദാര്‍ശനികന്‍ റോളന്‍റ് ബാര്‍ത്ത്സിന്‍റെ അഭിപ്രായത്തില്‍ നമ്മുടെ സര്‍വ്വത്ര വിനിമയങ്ങളും വര്‍ഗ്ഗീകരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംഭവിക്കുന്നത്. വിശ്വാസങ്ങളും മിത്തുകളും വാര്‍പ്പുരൂപങ്ങളും മുന്‍വിധികളുടെ കള്ളികളെ നിര്‍മ്മി ച്ചിരിക്കുന്നതിനാലാണ് വിനിമയം ക്ഷണസാദ്ധ്യമാകുന്നത്. ഒരു സ്വാമി, ഒരു ഡോക്ടര്‍, ഒരു ആര്‍ക്കിടെക്റ്റ്, ഒരു മന്ത്രവാദി എന്നെല്ലാം കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ ആ രൂപം ഏതാണ്ട് പ്രത്യക്ഷപ്പെട്ടു കഴിയുന്നു. ഒരു ചലച്ചിത്രം കാണുമ്പോള്‍ ഒരൊറ്റ സീനിലൂടെ അഥവാ ഒരൊറ്റ ഷോട്ടിലൂടെ, ഒരുപക്ഷേ ഒരൊറ്റ ഡയലോഗിലൂടെ ഒരു കഥാപാത്രത്തെ അയാളുടെ മിക്കവാറും എല്ലാ സാമാന്യ സ്വഭാവ വിശേഷങ്ങളോടും കൂടി നാം മനസ്സിലാക്കികഴിയുന്നതെങ്ങനെ? പത്രങ്ങളും പുസ്തകങ്ങളും അച്ചുകൂടത്തില്‍ അച്ചുനിരത്തി അച്ചടിച്ചിരുന്ന കാലത്ത്, കംപോസിറ്റര്‍ അച്ചടി ഉപയോഗം കഴിഞ്ഞ അച്ചുകളെ അഴിച്ച് അപ്പര്‍കേസിലെയും ലോവര്‍കേസിലെയും ഓരോ അക്ഷരത്തി ന്‍റെയും തനതു കള്ളികളിലേക്ക് വേര്‍തിരിച്ച് ഇടുന്നതു പോലെ നാം നമ്മുടെ അനുദിനജീവിതത്തില്‍ വിനിമയം ചെയ്യുന്ന ആശയങ്ങളെ നമ്മുടെ സ്വയാര്‍ജിത മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിച്ച് കള്ളിതിരിച്ച് അടുക്കുകയാണ് ചെയ്യുന്നത്.

മുന്‍വിധികള്‍ സ്വാഭാവികവും സാധാരണവുമാണെങ്കില്‍, മനുഷ്യന്‍റെ പ്രകൃതത്തിന്‍റെയും അയാളുടെ സങ്കീര്‍ണ്ണമായ ബൗദ്ധികവ്യാപാരങ്ങളുടെയും വിനിമയരീതിയുടെയും അടിസ്ഥാനസ്വഭാവമാണതെങ്കില്‍ മുന്‍വിധികളെ കൂടുതല്‍കൂടുതല്‍ ശാസ്ത്രീയതയുടെ അടിത്തറയില്‍ സംശുദ്ധീകരിച്ച് സാര്‍വ്വത്രികചിന്തയുടെ അഗ്നിയില്‍ വിമലീകരിച്ച് അവയില്‍നിന്ന് അന്യത്വവിദ്വേഷങ്ങളും അന്യത്വ ഭീതികളും ഒഴിവാക്കിയെടുക്കുകയാണ് സംസ്കൃതമാനവര്‍ എന്നനിലയില്‍ നാം ചെയ്യേണ്ടത്. കൂടുതല്‍ വെട്ടം കിട്ടുന്നതനുസരിച്ച് നാം നമ്മുടെ ചില മുന്‍വിധികളുടെ കൊമ്പും മുള്ളും ഒടിച്ചുകളയുന്നതില്‍ വിജയിക്കുന്നുണ്ടെങ്കില്‍പോലും ഇതര മേഖലകളില്‍ മുന്‍വിധികള്‍ സ്വതസിദ്ധമായ ക്രൗര്യത്തോടെ പതുങ്ങികിടക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ചാനലുകളില്‍ ചര്‍ച്ചിക്കുന്നവരും ചര്‍ച്ചിപ്പിക്കുന്നവരും തുടങ്ങി കണ്ഠവിക്ഷോഭികളും സര്‍വ്വമാനകീടങ്ങളും മുന്‍വിധികള്‍ ഛര്‍ദ്ധിക്കുന്നതിനാല്‍ പേര്‍ത്തുംപേര്‍ത്തും മലീമസമായിക്കൊണ്ടിരിക്കുന്ന സമകാലിക സാംസ്കാരിക - രാഷ്ട്രീയ - സാമൂഹിക പരിസരത്ത്, നിലനില്പിനായി അറിവാര്‍ജിക്കലിന്‍റെയും ഭീതിവെടിയലിന്‍റെയും തദനുഭൂതിപ്പെടലിന്‍റെയും (empathising) പരസംക്രമണത്തിന്‍റെയുമല്ലാതെ മറ്റു വഴികളുണ്ടോ?

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts