news-details
കവർ സ്റ്റോറി

തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ബിരുദാനന്തരപഠനത്തിനെത്തിയപ്പോള്‍ ഉണ്ടായ ഒരനുഭവം: ചെന്നെത്തിയനാളില്‍ ഹോസ്റ്റലില്‍ വച്ച് കോഴിക്കോട്ടുകാരനായ സുഹൃത്ത് ശശിമോഹന്‍ എന്നെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിക്ക് പരിചയപ്പെടുത്തി. അവന്‍ ഉച്ചത്തില്‍ പറഞ്ഞു: 'ന്‍റീശ്വരാ, ഈ ഹോസ്റ്റല്‍ ഒരു ഹോമോ സെന്‍ററായി മാറ്വേ??'. ആദ്യമെനിക്ക് അവനെന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല. പിന്നെ, ശശിയാണ് വിശദീകരിച്ചത്: നമ്മള്‍ കോഴിക്കോട്ടുകാര്‍ മൊത്തം സ്വവര്‍ഗ്ഗ രതിക്കാരാണെന്ന് അവന്‍ കരുതുന്നു. ഈ സുഹൃത്ത് മാത്രമല്ല, ദക്ഷിണ കേരളത്തിലെ പലരും കോഴിക്കോട്ടുകാര്‍ പൊതുവെ ഹോമോസെക്ഷ്വലുകളാണെന്ന് കരുതുന്നുവെന്ന് മനസ്സിലാക്കാനായി. പകരം മലബാറുകാര്‍ക്കിടയില്‍ ഒരു ധാരണയുണ്ട്: 'തെക്കന്മാരെ സൂക്ഷിക്കണം.' തിരുവിതാംകൂറുകാര്‍ പൊതുവെ സ്വാര്‍ത്ഥന്മാരും പ്രായോഗികമതികളുമാണ്. സ്വന്തം കാര്യം നേടാന്‍ എന്തും ചെയ്യും. ഉത്തരകേരളത്തിലെ ഒരാള്‍ മറ്റൊരാളെ ചതിച്ചാല്‍, അയാളുടെ സ്വഭാവദൂഷ്യമെന്ന് പറയുന്ന മലബാറികള്‍ തെക്കന്‍ കേരളത്തിലുള്ള ഒരാളുടെ അത്തരം വ്യവഹാരത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ പറയും: 'തെക്കന്മാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഞാനന്നേരേ പറഞ്ഞില്ലേ?'

ഒരു ദേശത്തുള്ളവര്‍ക്കിടയിലെ ഇങ്ങിനെയുള്ള മുന്‍വിധികള്‍ നമ്മുടെ നാട്ടിലെന്നപോലെ പലേടങ്ങളിലുമുണ്ട്. ഇരുദേശങ്ങളിലുള്ളവര്‍ തമ്മില്‍ തീവ്രമായ മുന്‍വിധികള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇംഗ്ലീഷുകാര്‍ക്ക് അയര്‍ലന്‍റുകാരെക്കുറിച്ചും, അയര്‍ലന്‍റുകാര്‍ക്ക് ഇംഗ്ലീഷുകാരെക്കുറിച്ചും ചിലധാരണകളുണ്ട്. അമേരിക്കക്കാരന് ചൈനക്കാരനെക്കുറിച്ചും, ചൈനക്കാര്‍ക്ക് അമേരിക്കക്കാരനെക്കുറിച്ചും രൂഢമൂലമായ ചില അഭിപ്രായങ്ങളുണ്ട്. മലയാളികള്‍ പൊതുവെ തമിഴരെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന ധാരണ, 'പാണ്ടികള്‍' വൃത്തിയില്ലാത്തവര്‍, തനിഗ്രാമീണര്‍, വിവരം കെട്ടവര്‍, അന്തസ്സില്ലാത്തവര്‍ എന്നൊക്കെയാണെന്ന് മനസ്സിലാക്കാനാവും. കേരളത്തില്‍ കൂലിപ്പണിയെടുക്കാന്‍ വരുന്ന ബീഹാറികളോ ബംഗാളികളോ ആണ് ആ സംസ്ഥാനത്തുടനീളമുള്ളത് എന്ന് വിശ്വസിക്കുന്നവരുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ അവിടുന്നുള്ളവരോട് പെരുമാറുകയും ചെയ്യുന്നു.

ദേശക്കാരോടോ മതവിഭാഗങ്ങളിലുള്ളവരോടോ മാത്രമല്ല, മുന്‍വിധികള്‍ വെച്ചുപുലര്‍ത്തുന്നത്, പ്രായവിഭാഗങ്ങളടിസ്ഥാനമാക്കിയുള്ള മുന്‍വിധികള്‍വരെയുണ്ട്. ഇന്നത്തെ ചെറുപ്പക്കാരെക്കുറിച്ച് മുതിര്‍ന്നവര്‍ക്കുള്ള ധാരണകളില്‍ നിന്ന് അത് തിരിച്ചറിയാനാവും. സംഭവങ്ങളോടോ സന്ദര്‍ഭങ്ങളോടോ മുന്‍വിധികളുണ്ടാകാറുണ്ട്. പ്രേമവിവാഹം എളുപ്പം തകരുമെന്നും, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ മിടുക്കന്മാരാണെന്നും ഒക്കെയുള്ള തീരുമാനങ്ങള്‍ ദൈനംദിജീവിതത്തില്‍ പലരും അറിയാതെ വെളിപ്പെടുത്തുന്നത് കേള്‍ക്കാറുണ്ട്. മലയാളികളുടെ പൊതുവിചാരത്തില്‍ ജീന്‍സും ടീഷര്‍ട്ടുമിടുന്ന പെണ്‍കുട്ടികള്‍ തെറിച്ച വിത്തുകളാണെന്ന കണക്കുകൂട്ടലുകള്‍ നിലകൊള്ളുന്നു. എവിടെയായാലും പൊതുസമൂഹത്തില്‍ വ്യക്തിയെക്കുറിച്ചോ സംഘത്തെക്കുറിച്ചോ ഈ വിധം തെളിവുകളൊന്നുമില്ലാത്ത ധാരണകള്‍ വെച്ചുപുലര്‍ത്തുന്നത് കാണാനാവുന്നു.

ഒരു വ്യക്തി മറ്റൊരു വ്യക്തിയെ, അയാളുടെ ദേശത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ വംശീയതയുടേയോ മതവിഭാഗത്തിന്‍റെയോ അടിസ്ഥാനത്തില്‍ വസ്തുനിഷ്ടാപരമല്ലാതെ വെച്ചുപുലര്‍ത്തുന്ന ധാരണയാണ് മുന്‍വിധി. കാലികമോ സാന്ദര്‍ഭികമോ സാംസ്കാരികമോ ആയ ഘടകങ്ങളുടെ മൂല്യവിചാരം ഒരുകൂട്ടം ആളുകളില്‍ പൊതുമുന്‍വിധികളുണ്ടാക്കുന്നു. വിവിധവിഭാഗങ്ങളുടെ അഭിമുഖീകരണത്തില്‍ നിന്നാണ് പൊതുമുന്‍വിധികള്‍ ഉരുത്തിരിഞ്ഞ് വരുന്നത്. പലപ്പോഴും ഒരു സംഘത്തിനുമീതെയുള്ള അനിഷ്ടങ്ങളോ അടുപ്പമില്ലായ്മയോ ആണ് മുന്‍വിധികളുടെ പ്രധാന ഹേതു. ഇതാവട്ടെ ഒരു വ്യക്തി സ്വയമുണ്ടാക്കിയെടുക്കുന്നതല്ല.

ഒരാള്‍ വളരുന്ന സാമൂഹിക സാഹചര്യങ്ങളാണ്, ചുറ്റുവട്ടമാണ് അയാളില്‍ മുന്‍വിധികളുടെ വേരുകള്‍ പായിക്കുന്നത്. ചുറ്റുമുള്ള പലരും വെച്ചുപുലര്‍ത്തുന്ന ധാരണകളാണ്, അയാള്‍പോലുമറിയാതെ അഭിമതവും, അതിലൂടെ സാമൂഹിക ധാരണയുമായി മാറുന്നത്. ഈ വിചാരങ്ങളോ തോന്നലുകളോ ആന്തരികതലങ്ങളിലെ ഉറച്ച വിശ്വാസമായി മാറുന്നു. അത്തരം വിശ്വാസത്തിന്‍റെ തീവ്രതക്കനുസരിച്ച് കടുത്ത മുന്‍വിധികളായി മാറുകയും ചെയ്യുന്നു. മുന്‍വിധി വ്യക്തിയുടെ പക്ഷപാതിത്വത്തിന് കാരണമാകുന്നു. വിവേചനത്തിന് വഴിവെക്കുന്നു. ഒരു വ്യക്തിയുടെ സംഘാംഗത്വത്താലോ പ്രാതിനിധ്യത്താലോ മറ്റുള്ളവരിലുണ്ടാവുന്ന പക്ഷപാതിത്വവും വിവേചനവും, ആ വ്യക്തിയെ തിരസ്ക്കരിക്കുന്നതിന് മാര്‍ഗ്ഗമാകുന്നു. ചിലപ്പോളത് കടുത്ത ശത്രുതയായി രൂപം കൊള്ളുന്നു. ശത്രുത ശാരീരികമായ ആക്രമണങ്ങളിലോ പീഢനങ്ങളിലോ എത്തിച്ചേരാറുണ്ട്.

മുന്‍വിധികള്‍ ഒരു വ്യക്തിയുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ട്. ആരോടാണോ മുന്‍വിധി വെച്ചുപുലര്‍ത്തുന്നത് അവരോടുള്ള വിദ്വേഷമോ വിവേചനമോ പ്രകടിപ്പിക്കപ്പെടുന്നു. അവ വാക്കുകളായി രൂപാന്തരം പ്രാപിക്കുന്നു. മനഃശാസ്ത്രജ്ഞനായ ഗോര്‍ഡന്‍ ആള്‍പ്പോര്‍ട്ട് മുന്‍വിധിയുടെ ഈയൊരുവസ്ഥയെ വാക്കുകള്‍കൊണ്ടുള്ള പ്രകടനമായി കാണുന്നു. പുച്ഛവും വിദ്വേഷവും പരിഹാസമോ തമാശയോ ആയി പുറത്തുവരുന്നു. പലപ്പോഴും മറ്റുള്ളവരുടെ അഭാവത്തിലാണ് പരിഹാസവും തമാശകളും വെളിപ്പെടുക. മുന്‍വിധിയുടെ പ്രകടനത്തിന്‍റെ രണ്ടാംഘട്ടത്തില്‍ അതു വെച്ചുപുലര്‍ത്തുന്നവര്‍ മറ്റുള്ളവരെ അവഗണിക്കാനും പുറന്തള്ളാനും ശ്രമിക്കുന്നു. ആരെക്കുറിച്ചാണോ മുന്‍വിധി വെച്ചുപുലര്‍ത്തുന്നത് അവരെ ഒഴിവാക്കുന്നു. അവരുമായുള്ള സഹവാസം ഉപേക്ഷിക്കുന്നു. അന്യജാതിയിലോ മതത്തിലോ പെട്ട ഒരാളുമായുള്ള അയല്‍പക്കം ഒഴിവാക്കുന്നത് ഈ ഘട്ടത്തിലാണ്. മുന്‍വിധി പ്രകടമാകുന്ന അടുത്തഘട്ടമാണ് വിവേചനം. വെളുത്ത വര്‍ഗ്ഗക്കാരന്‍ കറുത്ത വര്‍ഗ്ഗത്തില്‍പെട്ട ഒരാളിനെ വംശീയതയുടെ പേരില്‍ ജീവനക്കാരനായി നിയമിക്കാത്തതും, എതിര്‍രാഷ്ട്രീയസംഘടനയില്‍പെടുന്ന ഒരാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതും മുന്‍വിധികളാലുള്ള വിവേചനം കൊണ്ടാണ്. വിവേചനം, ഒരാള്‍ക്ക് അര്‍ഹതപ്പെട്ട അവകാശം ആ വ്യക്തിയുടെ സംഘാംഗത്വത്താല്‍, നിഷേധിക്കപ്പെടുന്നു. മുന്‍വിധിയാല്‍ ശാരീരികമായ പീഢനമോ ആക്രണമോ നടത്തുന്നതാണ് നാലാമത്തെ ഘട്ടം. താഴ്ന്ന ജാതിക്കാരെ ചൂഷണം ചെയ്യന്നതും ഇതുകൊണ്ടാണ്. സാമുദായികമോ, മതപരമോ, വംശീയമോ ആയ ഘടകങ്ങളാല്‍ നടത്തപ്പെടുന്ന അക്രമങ്ങളും കൊള്ളിവെപ്പുകളുമൊക്കെ അരങ്ങേറുന്നത് ഈ ഘട്ടത്തിലാണ്. മുന്‍വിധികള്‍ ചില സമുദായക്കാരേയോ വംശങ്ങളെയോ ഒരു പ്രദേശത്തു നിന്ന് പാടെ ഇല്ലാതാക്കാന്‍ പ്രേരണ നല്കിയ സാഹചര്യങ്ങള്‍ ലോകചരിത്രത്തിലുണ്ട്. അതിനായി ആ സമുദായത്തിലോ വംശത്തിലോപെട്ട ആളുകളെ, കൂട്ടക്കൊല നടത്തി ഉന്മൂലനാശത്തിന് മുതിര്‍ന്ന സംഭവങ്ങള്‍ ചില പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മുന്‍വിധിയുടെ ഏറ്റവും തീവ്രതരമായ പ്രകടനവും പ്രത്യാഘാതവുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ലോകമറിയുന്നത്. നാസിജര്‍മ്മനിയിലെ ജൂതവിദ്വേഷവും ഗുജറാത്തിലെ മുസ്ലീങ്ങള്‍ക്കെതിരെയുണ്ടായ ഇക്കഴിഞ്ഞ ദശകത്തിലെ കലാപ പരമ്പരകളും സാദ്ധ്യമാക്കിയത് ജനങ്ങള്‍ക്കിടയിലെ മുന്‍വിധികളെ ഉണര്‍ത്തിയും ദുരുപയോഗപ്പെടുത്തിയുമാണ്. ഒരു സമുദായത്തിലോ വംശത്തിലോ പെട്ടവരെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കില്ലെങ്കിലും, ഭീതിമുനയില്‍ ഒരു ജനതയെ നിലനിര്‍ത്താനും മറ്റൊരുവിഭാഗത്തെ പ്രതീക്ഷയുടെയും പ്രതികാരത്തിന്‍റെയും ശിഖരങ്ങളില്‍ കൊണ്ടുചെന്നെത്തിക്കാനും ഇതുകൊണ്ട് താല്ക്കാലികമായോ സാന്ദര്‍ഭികമായോ കഴിഞ്ഞേക്കാം. അധികാരം പിടിച്ചടുക്കാനോ നിലനിര്‍ത്താനോ ഒരുവിഭാഗം ആളുകള്‍ക്കിടയില്‍ മുന്‍വിധി നട്ടുവളര്‍ത്തി ദുരുപയോഗപ്പെടുത്തുന്ന ബോധപൂര്‍വ്വമായ പ്രയോഗമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ലോകമറിയുന്നത്.

മനുഷ്യസമൂഹത്തിന്‍റെ വികാസപരിണാമങ്ങളിലെവിടെവച്ചോ മുന്‍വിധികള്‍ സാമൂഹികതയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാംസ്ക്കാരികവും സാമൂദായികവും വര്‍ഗ്ഗീയവുമായ പലകാരണങ്ങളും ഇതിന് പിന്നിലുണ്ട്. ജീവിതരീതികളിലും വിശ്വാസപ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമുള്ള വ്യത്യാസം, സാമൂഹികപദവിയിലുള്ള വൈജാത്യം, സമുദായങ്ങള്‍ തമ്മിലുള്ള അടുപ്പമില്ലായ്മ, ചിലരുടെ വളര്‍ച്ചയിലുള്ള അനിഷ്ടങ്ങള്‍ തുടങ്ങിയ പലവിധഘടകങ്ങള്‍ സാമൂഹിക മുന്‍വിധികളുടെ വേരുകളാണ്. ചിലവിഭാഗങ്ങളുടെ സാമ്പത്തികമായ ഉന്നതി മറ്റുള്ളവര്‍ക്ക് അസൂയയുണ്ടാക്കുന്നു. ഉപരിവര്‍ഗ്ഗത്തിലുള്ളവര്‍ക്ക് കീഴാളരോടും, മറിച്ച് അങ്ങോട്ടും തെറ്റായ ധാരണകള്‍ ഉണ്ടാവുന്നു. സാമ്പത്തികവ്യവഹാരത്തിലെ വൈഭിന്ന്യഭാവം പലവിധ മുന്‍വിധികള്‍ക്കും അടിസ്ഥാനമായിത്തീരുന്നത് ഇങ്ങിനെയാണ്. പതിനയ്യായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിരവാസവും കൃഷിയും കൈത്തൊഴില്‍ക്കുലങ്ങളുടെ ഉത്ഭവവും ആരംഭിക്കുന്നതോടെ നാടും നാടുവാഴിയുമുണ്ടായിത്തീരുകയായിരുന്നു. അതിര്‍ത്തിയും ഭരണവും ദേശങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തു. ഒരുകൂട്ടര്‍ മറ്റൊരൂ കൂട്ടരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനോ ഉറപ്പിക്കാനോ ഉള്ള ശ്രമങ്ങളുണ്ടാവുകയും, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ മുന്‍വിധികളുടെ നിര്‍മ്മിതി അനിവാര്യമാവുകയും ചെയ്തു. പില്ക്കാലത്ത് ദേശത്തുള്ളവര്‍ക്കിടയിലേക്കും, ബഹുമതസമൂഹങ്ങളുടെ ഉത്ഭവത്തോടെ വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ക്കിടയിലേക്കും സംക്രമിക്കുകയും ചെയ്തു.

സാമൂദായികമോ മതപരമോ ആയ മുന്‍വിധികള്‍ കൊച്ചുതമാശകളിലൂടെയോ, പഴമൊഴികളിലൂടെയോ കൈമാറ്റം ചെയ്യുന്നു. ഒരു സമുദായം പരിഹസിക്കപ്പെടുന്നത് ഇത്തരം നിര്‍ദോഷമെന്ന് തോന്നാവുന്ന ജോക്കുകളിലൂടെയാണ്. ഒരു സര്‍ദാര്‍ജിക്കഥ നോക്കുക: ഒരു സര്‍ദാര്‍ജി സുഹൃത്തിനോട് പറഞ്ഞു:'ഞാന്‍ ഹണിമൂണിന്‍റെ ചെലവ് പാതി കുറച്ചു. ഞാന്‍ ഒറ്റയ്ക്കു ഹണിമൂണിന് പോയി ആഘോഷിച്ചു. അന്നേരം സുഹൃത്ത് പറഞ്ഞു: 'ഞാന്‍ നൂറ് ശതമാനവും വെട്ടിച്ചുരുക്കി. ഞാനെന്‍റെ ഭാര്യയെ അയല്‍വക്കത്തെ ചെറുപ്പക്കാരന്‍റെ കൂടെ ഹണിമൂണിന് പറഞ്ഞയച്ചു' ഒറ്റ വായനയില്‍ ഒരു ഭോഷത്തരമെന്ന് മാത്രം തോന്നിയേക്കാമെങ്കിലും ഇത്തരം കഥകളുടെ ആഴങ്ങളില്‍ വിദ്വേഷത്തിന്‍റെയോ അസൂയയുടെയോ കൂരമ്പുകളുണ്ട്. മുന്‍വിധികളുടെ നേരിട്ടല്ലാതെയുള്ള ഇത്തരം വെളിപ്പെടുത്തലുകളില്‍ സാമൂഹികാധിപത്യത്തിന്‍റെ നിഴലാട്ടവുമുണ്ട്. സര്‍ദാര്‍ജിമാരും നമ്പൂതിരിമാരും മാപ്പിളമാരും ഏറെക്കാലമായി സാമൂഹികമുന്‍വിധികളുടെ ഇരയായി മാറിയിരിക്കുന്നു. അന്തര്‍ദേശീയതലങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാരും ജൂതന്മാരും പലസ്തീനികളും രാഷ്ട്രീയ മുന്‍വിധികളാല്‍ രക്തസാക്ഷിത്വം വരിക്കപ്പെടുന്നുണ്ട്.

കഥകളില്‍മാത്രമല്ല, കാര്‍ട്ടൂണുകളിലും നാടകങ്ങളിലും ചലച്ചിത്രങ്ങളിലും മുന്‍വിധികളുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടാവാറുണ്ട്. കാര്‍ട്ടൂണിലെ ഇറച്ചിവെട്ടുകാരനും കള്ളക്കാമുകനും ചില സ്ഥിരചിഹ്നങ്ങളിലൂടെ അടയാളപ്പെടുത്തുന്നത് രൂഢമൂലമായ മുന്‍വിധികളാലാണ്. അതിനപ്പുറം സമൂഹത്തില്‍ വേരോടിയ മുന്‍വിധികളെ എളുപ്പം തൊട്ടുണര്‍ത്തി ഉദ്ദേശിക്കുന്ന ലക്ഷ്യം എളുപ്പം നിറവേറ്റാമെന്നതിനാലുമാണ്. മലയാള ചലച്ചിത്രത്തില്‍ ചില സമുദായങ്ങളില്‍ പെടുന്നവരെ ചിത്രീകരിക്കുന്നതില്‍ ഇന്നും ഇത് നടമാടുന്നുണ്ട്. സിനിമയിലെ മുസ്ലിം മാപ്പിളയും, ക്രൈസ്തവ സ്ത്രീയും, നമ്പൂതിരിയും ഒക്കെ ഒരേ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് മറ്റൊന്നും കൊണ്ടല്ല. ഇന്നും പച്ചബെല്‍റ്റും കയ്യുള്ള ബനിയനും പച്ചക്കള്ളിത്തുണിയും വട്ടത്താടിയും തൊപ്പിയുമണിഞ്ഞ മുസ്ലിം കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നത് മുന്‍വിധികളെ ദുരുപയോഗപ്പെടുത്താനുള്ള താല്‍പര്യം കൊണ്ടുകൂടിയാണ്. സമുദായത്തിന്‍റെ രൂപപരിണാമത്തെ വസ്തുനിഷ്ഠാപരമായോ സത്യസന്ധമായോ ആലേഖനം ചെയ്യാന്‍ മുന്‍വിധികള്‍ ശ്രമിക്കാറില്ല. സ്റ്റീരിയോ ടൈപ്പ് ബിംബങ്ങളിലൂടെ മുന്‍വിധി നിര്‍മ്മിതികള്‍ നടത്തിക്കൊണ്ടേയിരിക്കുന്നതിനെക്കുറിച്ച് വാള്‍ട്ട് ലിപ്മാന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും ഇത് പ്രകടമാണ്. ഏതോ ഒരു പ്രദേശത്ത് ഏതോ ഒരുകാലം നിലകൊണ്ടിരുന്ന ചില ചിഹ്നങ്ങളെയെടുത്ത് ദുരുപയോഗം ചെയ്താണ് ഇത്തരം മുന്‍വിധികളെ ഉണ്ടാക്കിയെടുക്കുന്നത്. പിന്നീടത് സമൂഹത്തിന്‍റെ അബോധതലങ്ങളിലോ അവബോധമണ്ഡലത്തിലോ കുടികൊള്ളുന്നു. ഉറങ്ങിക്കിടക്കുന്ന ഇത്തരം മുന്‍വിധികളെ ബോധപൂര്‍വ്വം ഉണര്‍ത്താനും അബോധപൂര്‍വ്വം ഉപയോഗിക്കാനും ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഒരു വ്യക്തി ജനിക്കുകയും വളരുകയും ചെയ്യുന്ന സമൂഹം വ്യക്തിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഒരു വ്യക്തിയെ സമൂഹത്തിനുതകുന്ന വിധം മാറ്റിയെടുക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം. കുടുംബം, കൂട്ടുകാര്‍, മതം, അയല്‍പക്കം, മാധ്യമങ്ങള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തുടങ്ങിയവ സാമൂഹീകരണത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. വ്യക്തിയുടെ സ്വഭാവവിശേഷങ്ങളും, കാഴ്ചപ്പാടുകളും, മൂല്യങ്ങളും പെരുമാറ്റ രീതികളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ ചുറ്റുവട്ടം സ്വാധീനം ചെലുത്തുന്നുണ്ട്. മുന്‍വിധികള്‍ രൂപപ്പെടുത്തുന്നതിലും സാമൂഹീകരണം സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടിക്കാലത്തെ സമൂഹീകരണം ശക്തമായവിധം മുന്‍വിധികളെ ആന്തരികവല്‍ക്കരിക്കാന്‍ മാര്‍ഗ്ഗമായിത്തീരുന്നുണ്ട്. ക്രമാനുസൃതമായ ഒരു പ്രക്രിയയിലാണ് ഓരോവ്യക്തിയുടെയും മുന്‍വിധികള്‍ അകംപൂകുന്നത്.

സാമൂദായികമോ വര്‍ഗ്ഗീയമോ ആയ ശത്രുതയും സ്പര്‍ദ്ധയും നിലനില്ക്കുന്ന സമൂഹത്തില്‍ മുന്‍വിധികള്‍ എളുപ്പം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. സംഘങ്ങള്‍തമ്മിലുള്ള മാനസികമോ സാമൂഹികമോ ആയ ദൂരം മുന്‍വിധിയുടെ വിളനിലമാണ്. കറുത്തവര്‍ഗ്ഗക്കാരും വെളുത്തവര്‍ഗ്ഗക്കാരും തമ്മിലുള്ള സാമൂഹികദൂരം ഇന്നും പരസ്പര മുന്‍വിധികള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരുവിഭാഗം മറ്റൊന്നിനെക്കുറിച്ച് മുന്‍വിധികള്‍ ഉണ്ടാക്കുന്നത് പ്രകടിപ്പിക്കണമെന്നില്ല. അനുകൂലമായ സാമൂഹിക ചുറ്റുപാടുകളിലേ അവ പ്രകടിപ്പിക്കുന്നുള്ളൂ. അവ സമൂഹമദ്ധ്യത്തില്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഇല്ലാതെപോകുമ്പോള്‍, അവ ആന്തരികതലത്തില്‍ കനല്‍പോലെ കിടക്കുകയോ, രഹസ്യസന്ദര്‍ഭങ്ങളില്‍ വെളിപ്പെടുത്തപ്പെടുകയോ ചെയ്യുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യവും ജനാധിപത്യവ്യവസ്ഥയും സാമൂഹികമുന്‍വിധികള്‍ ഭയമില്ലാതെ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നു.

മുന്‍വിധികള്‍ രൂപം കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്: 1. കുടുംബാന്തരീക്ഷം തന്നെയാണ് പ്രധാനം. മറ്റുള്ളവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ചുറ്റുവട്ടം ഗൃഹാന്തരീക്ഷത്തിലുണ്ടാവാന്‍ ശ്രമിക്കേണ്ടതുണ്ട്.

2. മറ്റുവിഭാഗങ്ങളെക്കുറിച്ച് വസ്തുനിഷ്ഠാപരമല്ലാത്ത കാര്യങ്ങള്‍ കുട്ടികള്‍ക്ക് മുമ്പില്‍ വെച്ച് പറയാതിരിക്കുക. പറയുന്നതിന് മുമ്പെ പറയുന്നതിലെ ആശയത്തെ യുക്തിയോടെ പരിശോധന നടത്താന്‍ ശ്രമിക്കുക.

3. ചുറ്റുവട്ടം കൈമാറ്റം ചെയ്യുന്ന അയുക്തിപരമായ ധാരണകള്‍ കേട്ടപാടെ തിരസ്ക്കരിക്കുക. യുക്തിയും സാമാന്യബോധവും കൈവിടാതെ മറ്റുള്ളവരെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക.

4. മുന്‍വിധികളൊഴിവാക്കാന്‍ മറ്റുവിഭാഗങ്ങളുമായി ഇടപഴകുക. വ്യത്യസ്തവിഭാഗങ്ങളെക്കുറിച്ച് വസ്തുനിഷ്ഠാപരമായ കാര്യങ്ങള്‍ വായിച്ചും കേട്ടും മനസ്സിലാക്കുക.

5. എതിര്‍പക്ഷത്തോ, ദൂരെയോ നിലകൊള്ളുന്ന ഒരു വിഭാഗത്തെക്കുറിച്ചോ സമുദായത്തെക്കുറിച്ചോ മനസ്സില്‍ നിലനില്ക്കുന്ന ധാരണകള്‍ എന്ത് എന്ന് രേഖപ്പെടുത്തുക. എഴുതിവെച്ച ഈ ധാരണകളുടെ സത്യാവസ്ഥ പരിശോധിക്കുക. തെളിയിക്കാനാവാത്ത ധാരണകളെടുത്തുമാറ്റുക.

6. സമുദായങ്ങളും വര്‍ഗ്ഗങ്ങളും തമ്മില്‍ അടുത്തിടപഴകുവാന്‍ ആവശ്യമായ സാമൂഹികാന്തരീക്ഷം ഉണ്ടാക്കുക. മൈത്രിയിലടിയൂന്നിയ ഒരു സാമൂഹികാവസ്ഥയ്ക്ക് പ്രാധാന്യം നല്‍കുക. പരസ്പര അഭിമുഖീകരണം, സംവാദം, ഒന്നിച്ചുള്ള ഭക്ഷണം കഴിക്കല്‍, യാത്ര എന്നിവയ്ക്ക് സാഹചര്യമൊരുക്കുക.

7. സിനിമകള്‍, നാടകങ്ങള്‍, ജോക്കുകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സ്റ്റീരിയോ ടൈപ്പ് ചിഹ്നങ്ങളെ മനസ്സുകൊണ്ട് ചോദ്യം ചെയ്യുവാന്‍ ശീലിക്കുക. അവ വ്യക്തിയുടെ മാനവികതലങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രമിക്കുക.

8. വായനയിലൂടെയും ചര്‍ച്ചയിലൂടെയും വ്യത്യസ്തവിഭാഗങ്ങളെ മനസ്സലാക്കുവാന്‍ ശ്രമിക്കുക. അതിനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് ഒരുക്കുക.

9. കുട്ടികളില്‍ നിന്ന് മുന്‍വിധികളുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോള്‍, ഉടനെ അവ വസ്തുനിഷ്ഠാപരമായ അറിവ് കൊണ്ട് തിരുത്തുക.

10. മറ്റ് വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍, പുണ്യദിനങ്ങള്‍ തുടങ്ങിയവയെ ആദരിക്കുക. വിശേഷദിനങ്ങളില്‍ അന്യമതസ്ഥരെ വീട്ടിലേക്ക് ക്ഷണിക്കുക, ബഹുമാനിക്കുക.

മുന്‍വിധികള്‍ ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നതല്ല, രക്തത്തിലലിഞ്ഞു ചേര്‍ന്നതുമല്ല. അതുകൊണ്ട് തന്നെ ചുറ്റുവട്ടത്തിന്‍റെ നിര്‍മ്മിതിയാണ് മുന്‍വിധി. മതനിരപേക്ഷമായ, സൗഹാര്‍ദ്ദപരമായ, പരസ്പരാദരം വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹത്തിന് കുറേയൊക്കെ മുന്‍വിധികളുടെ ഉത്ഭവത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാവും. 

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts