news-details
കവർ സ്റ്റോറി

മുൻവിധികളുടെ ആഴം കൂടിയ ബലതന്ത്രങ്ങൾ

പല്ലുതേക്കുന്നതുപോലെയോ നഖം മുറിക്കുന്നതുപോലെയോ മുന്‍വിധികള്‍ ഉണ്ടാക്കുന്നതും നേരത്തെ ജീവിച്ചവരാല്‍ ഉപ്പിലിട്ടുവെക്കപ്പെട്ടിട്ടുള്ള അവയെ ചുമ്മാ എടുത്തങ്ങുപയോഗിക്കുന്നതും തീരെ ശരിയല്ലാത്ത കാര്യങ്ങളാണെന്ന് ഞങ്ങള്‍ കുട്ടികളെ സദാ ഓര്‍മ്മിപ്പിച്ചിരുന്ന ഒരാളായിരുന്നു എന്‍റെ അമ്മീമ്മ. ഇന്നലത്തെ മനുഷ്യര്‍ ജീവിച്ച കാലത്തിലും ഇടത്തിലുമല്ല ഇന്നത്തെ മനുഷ്യര്‍ ജീവിക്കുന്നതെന്ന് അവര്‍ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. ഇന്നലത്തെ മനുഷ്യരുടെ വിചാരങ്ങളെ അതുകൊണ്ടു തന്നെ ഇന്നത്തെ മനുഷ്യര്‍ ഈച്ചക്കോപ്പി അടിക്കുന്നതിലല്ല മനുഷ്യപ്രയത്നമിരിക്കുന്നതെന്നും അവര്‍ക്കഭിപ്രായമുണ്ടായിരുന്നു. മനുഷ്യര്‍ മറ്റുജീവജാലങ്ങളോടും  മനുഷ്യരോടുതന്നെയും ആത്മാര്‍ത്ഥമായി ഇടപെടാതിരിക്കുന്നതിനും സ്വാര്‍ത്ഥതയെ പോറ്റി വളര്‍ത്തുന്നതിനുമായി കണ്ടുപിടിച്ച സൂത്രപ്പൂട്ടുകളാണ് മുന്‍വിധികളില്‍ ഏറിയ പങ്കും എന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചുപോന്നു. ഞങ്ങള്‍ കുട്ടികളിലും സ്വതന്ത്രമായ നിരീക്ഷണങ്ങളിലുറച്ച നിശിതബോധം വളരണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. മുന്‍വിധികളില്‍ വിശ്വസിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ പരിശീലനം ആരംഭിച്ചത് അവിടെ നിന്നാണെന്ന് വേണമെങ്കില്‍ പറയാം.

മുന്‍വിധികള്‍ മനുഷ്യരെ ചില പ്രത്യേക ചതുരങ്ങളില്‍ അമര്‍ത്തിക്കളയുന്നു. ചതുരങ്ങളുടെ വേലിക്കെട്ടുകള്‍ പ്രദാനം ചെയ്യുന്ന സുരക്ഷിതത്വത്തിനപ്പുറത്ത് പരീക്ഷണങ്ങളുടെ വിശാലമായ ആകാശത്തില്‍ പാറിക്കളിക്കാനാവശ്യമായ ആത്മവിശ്വാസം നഷ്ടപ്പെടുത്തിക്കളയുന്നു. ഓരോ മുന്‍വിധിയും മനുഷ്യരെ മുറുക്കി മൂടിക്കെട്ടുന്നു. അതിരുകളില്ലാത്ത ഒരു തുറവി അവ ഇഷ്ടപ്പെടുന്നേയില്ല. നിരുപാധികമുള്ള കീഴടങ്ങലാണ്, ഒരു ചോദ്യവും ചോദിക്കാത്ത അനുസരണയാണ് ഒരോ മുന്‍വിധികളുടേയും യഥാര്‍ത്ഥ താല്പര്യം.

വളര്‍ത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും സ്വഭാവവിശേഷങ്ങളെപ്പറ്റിയും അവയില്‍ നിന്നുണ്ടാകാവുന്ന സുരക്ഷാഭീഷണികളെപ്പറ്റിയും എണ്ണിയാലൊടുങ്ങാത്ത മുന്‍വിധികളുണ്ട് നമുക്ക്. പലതും കടുത്ത അറിവില്ലായ്മയില്‍ നിന്നു ജനനം കൊണ്ടവ; അല്ലെങ്കില്‍ നാണം കെട്ട ഭീരുത്വത്തില്‍ മുങ്ങി വളര്‍ന്നവ. പിറവിയോടെ അതു നമ്മില്‍ പലതരത്തില്‍ മുദ്രണം ചെയ്യപ്പെടുന്നതുകൊണ്ട് നമ്മള്‍ സുരക്ഷിതരായിരിക്കും എന്നുറപ്പുള്ള പരിധിക്കപ്പുറം അടുത്തിടപഴകാന്‍ മൃഗങ്ങളെ നമ്മളിലധികം പേരും അനുവദിക്കുകയില്ല. ആ പരിധി അപൂര്‍വ്വമായ മനസ്സാന്നിധ്യത്തോടെ ലംഘിക്കുന്നവരില്‍ നിന്ന് മാത്രമേ വാവ സുരേഷുമാര്‍ ജനിക്കുകയുള്ളൂ. ഡേവിഡ് അറ്റന്‍ബറോമാരും സ്റ്റീവ് എര്‍വിന്മാരും ബിന്‍ഡി എര്‍വിന്മാരും നമ്മോട് ഈ പ്രപഞ്ചസൃഷ്ടികളിലെ അനന്തകോടി ജീവജാലങ്ങളില്‍ കാണപ്പെടുന്ന വൈചിത്ര്യങ്ങളെക്കുറിച്ച് തികഞ്ഞ ആര്‍ജ്ജവത്തോടെ സംസാരിക്കുകയുള്ളൂ. നമ്മളെ വിസ്മയിപ്പിക്കുകയുള്ളൂ. മുന്‍വിധികളുടെ വിശ്വസ്തരായ കൂട്ടുകാര്‍ക്ക്  ഈ പ്രപഞ്ചത്തിന്‍റെ വിസ്മയത്തുമ്പുകള്‍ എന്നും അസ്പൃശ്യമാണ്.

പാമ്പുകളെപ്പറ്റിയുള്ള എല്ലാമുന്‍വിധികളെയും ധീരമായി തോല്പിച്ച വാവ സുരേഷിന് പലവട്ടം വിഷബാധയേറ്റതുമൂലം ഇടതുകൈയിന്‍റെ ചലനശേഷി കുറഞ്ഞുപോയി. ഭൂമിയിലെ സകല ജീവിവര്‍ഗ്ഗങ്ങളെയും അടുത്തറിയാന്‍ പരിശ്രമിച്ച സ്റ്റീവ് എര്‍വിനാകട്ടെ മത്സ്യത്തിന്‍റെ വിഷമുള്‍ക്കുത്തേറ്റ് ജീവന്‍ തന്നെ വെടിഞ്ഞു. ഇതിനൊന്നും പോകാതെ സൂക്ഷിച്ചു ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന് മുന്‍വിധികളുടെ സൂത്രധാരണത്വവും അവയോടുള്ള വിധേയത്വവും കാത്തുസൂക്ഷിക്കുന്ന എല്ലാവരും ചോദിക്കാറുണ്ട്. ആ ചോദ്യം തന്നെയാണ് പലപ്പോഴും മുന്‍വിധികള്‍ സൃഷ്ടിക്കുന്ന നിശ്ചലതയുടെ ശരിയായ ഉത്തരമാകുന്നതും. അറിവിനേയും അതുവഴി സംഭവിച്ചേക്കാവുന്ന വിപ്ലവകരമായ മാറ്റത്തിനെയും ഭയപ്പെടുന്നവരുടെ അത്താണിയാണ് ഏറിയ കൂറും മുന്‍വിധികള്‍. സ്റ്റീവ് എര്‍വിന്‍റെ മകളായ ബിന്‍ഡി എര്‍വിന്‍ അച്ഛന്‍റെ ദാരുണമരണത്തിനുശേഷവും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമേഖലയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നത് തികച്ചും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. അഭിനന്ദനാര്‍ഹമായ കാര്യമാണ്.

ഉപയോഗിച്ച് പഴകിയതുകൊണ്ട് നിര്‍ദോഷമെന്ന് തോന്നുന്നതൊക്കെയും അത്ര നിര്‍ദോഷമല്ലെന്ന് അനുഭവപ്പെടുന്നത് അത് നമ്മെ മാത്രം ലക്ഷ്യമാക്കി കടന്നുവരുമ്പോഴാണ്. മുന്‍വിധികള്‍ ജാതികള്‍ തമ്മിലോ മതങ്ങള്‍ തമ്മിലോ ആവട്ടെ. നിറങ്ങള്‍ തമ്മിലോ ഭാഷകള്‍ തമ്മിലോ ആവട്ടെ, രാജ്യങ്ങള്‍ തമ്മിലോ ഭൂഖണ്ഡങ്ങള്‍ തമ്മിലോ ആവട്ടെ.... ഏതു രീതിയിലായാലും പലരാല്‍ ഒരുക്കപ്പെട്ടതും ഭൂരിഭാഗം സമൂഹത്താലും സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടതും ആയ മുന്‍വിധികളെ ചോദ്യം ചെയ്യുമ്പോള്‍ എത്ര വലിയ ഒരു മതിലിലാണ് തലയിടിപ്പിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കിത്തുടങ്ങും.

ജാതീയവും മതാത്മകവുമായ മുന്‍വിധികള്‍ ജാതികളെ തമ്മില്‍ ഒരിക്കലും അടുക്കാനാവാത്ത വിധത്തില്‍ അകറ്റുന്നു; മതങ്ങള്‍ തമ്മില്‍ ഒരു കാലത്തും അവസാനിക്കാത്ത സ്പര്‍ദ്ധകള്‍ വളര്‍ത്തുന്നു. എല്ലാ മതങ്ങളിലും ആഴ്ന്നുകിടക്കുന്ന വിവിധങ്ങളായ ജാതീയതയെ വെല്ലുവിളിച്ചുനോക്കൂ. ഭയാനകമായ തേറ്റകളുമായി ജാതീയതയുടെ വിചിത്രമായ മുന്‍വിധികള്‍ നിങ്ങളെ വേട്ടയാടാന്‍ തുടങ്ങും.

ജാതികള്‍ തമ്മിലുള്ള മേന്മവ്യത്യാസങ്ങളും എത്ര സമര്‍ത്ഥമായി ഒളിപ്പിക്കാന്‍ ശ്രമിച്ചാലും സവര്‍ണതയില്‍ വൈദഗ്ധ്യത്തോടെ അലിഞ്ഞുചേര്‍ന്നിട്ടുള്ള സ്വയം കേമനെന്ന ഭാവവും മുന്‍വിധികളാണ്. ഓരോ ജാതിയെപ്പറ്റിയും ഇങ്ങനെ പറഞ്ഞുകേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്തിട്ടാണ് ജാതിമേന്മയുടെ ആ പ്രത്യേക ബലതന്ത്രം ഊട്ടിയുറപ്പിക്കപ്പെടുന്നത്.

സവര്‍ണതയുടെയും കൊളോണിയല്‍ വരേണ്യതയുടെയും കൊടിയടയാളമായി കരുതപ്പെടുന്ന വെളുത്ത നിറമാണ് സൗന്ദര്യം എന്ന മുന്‍വിധിയില്‍ വിവാഹാലോചനകളും പലപ്പോഴും മനുഷ്യജീവിതം തന്നെയും തട്ടിനിരത്തപ്പെടാറുണ്ട്. ഒട്ടനവധി ക്രീമുകളും കുഴമ്പുകളും സൗന്ദര്യവര്‍ദ്ധകവസ്തുക്കളും വിപണിയുടെ ചലനങ്ങള്‍ ഉയര്‍ത്താറുണ്ട്. വില കൂടിയ സ്പോഞ്ച് കൊണ്ട് ഉരച്ചുകഴുകി വെടിപ്പുവരുത്തേണ്ട കറുത്തനിറമെന്ന അഴുക്കും ആ നിറമുള്ള മനുഷ്യരില്‍ ആരോപിക്കപ്പെടുന്ന അവസാനമില്ലാത്ത കുറവുകളും ഈ മുന്‍വിധിയുടെ ഭാഗമാണ്.

മതത്തെ വെല്ലുവിളിച്ചുനോക്കൂ... രക്തരൂഷിതമായ കലഹങ്ങളെ വഴിതിരിച്ചുകൊണ്ട് മതം നിങ്ങളെ തുരത്താനാരംഭിക്കും. ജാതികള്‍ തമ്മിലുള്ള ഐക്യവും എല്ലാം ഒന്നാണെന്ന കപടമൊഴികളും വാതോരാതെ പറയുമ്പോഴും അത് ഒരു കാലത്തും നടപ്പിലാകാത്തതിലും ദളിതരെ ആത്മാര്‍ത്ഥമായി പൊതുധാരയിലേയ്ക്ക് ആശ്ലേഷിക്കാനാവാത്തതിലും ന്യൂനപക്ഷമതങ്ങളും ഭൂരിപക്ഷമതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ വിരോധങ്ങളിലും സാമ്പത്തികവും രാഷ്ട്രീയവും അധികാരപരവുമായ കാര്യങ്ങള്‍ക്കൊപ്പം കാലങ്ങളായി സത്യമെന്ന് കരുതപ്പെട്ടുപോരുന്ന മുന്‍വിധികള്‍ക്കും വലിയ പങ്കുണ്ട്. ജാതികളെയും മതങ്ങളെയും അല്പം പോലും സ്വാംശീകരിക്കാത്തവര്‍ക്ക് മാത്രമേ ഇക്കാര്യം തികച്ചും വ്യക്തമാകുകയുള്ളൂ. ജാതീയവും മതാമത്മകവുമായ പല മുന്‍വിധികളും മുലപ്പാലിനൊപ്പം ഉള്ളില്‍ കയറുന്നതുകൊണ്ടാണത്. അത്ര സ്വാഭാവികമായ ഒരു വിഷവല്‍ക്കരണവും വേര്‍തിരിവുമാണ് ജാതികളും മതങ്ങളും മനുഷ്യരിലുണ്ടാക്കുക.

വൃത്തിയുടെ മുന്‍വിധികള്‍ പലപ്പോഴും ജാതീയവും മതാത്മകവുമാണ്. സവര്‍ണരില്‍ ആ ബോധം ചികിത്സിക്കാനാവാത്ത ഒരു ഞരമ്പ് രോഗം പോലെ വാഴുന്നതു കണ്ടിട്ടുണ്ട്. വൃത്തിക്കുറവുള്ളതുകൊണ്ടാണ് അവര്‍ണര്‍ക്കൊപ്പം കഴിയുവാന്‍ ബുദ്ധിമുട്ടെന്ന് ഭാവിക്കുന്നത് സവര്‍ണതയുടെ ഒരു തന്ത്രമാണ്. സവര്‍ണര്‍ ഉണ്ടാക്കിയ വൃത്തിനിയമങ്ങള്‍ക്കൊപ്പം ഓടിക്കിതച്ചെത്തി അത് സ്ഥാപിച്ചെടുക്കേണ്ടത് അവര്‍ണരുടെ ചുമതലയായി മാറ്റുന്നതോടെ അവരുടെ ജീവിതപരിസ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സവര്‍ണത സൂത്രത്തില്‍ പടിയിറങ്ങുന്നു. കര്‍ണാടകയില്‍ സവര്‍ണന്‍റെ എച്ചിലിലയില്‍ ഉരുളുന്ന അവര്‍ണന്‍റെ ദൈന്യം സവര്‍ണന്‍റെ വൃത്തിബോധത്തെ അലട്ടാത്തത് ഈ സൂത്രത്തിന്‍റെ ഇരട്ടത്താപ്പുകൊണ്ടാണ്. ദളിത് പെണ്ണിനെ മാനഭംഗം ചെയ്യാന്‍ സവര്‍ണതയ്ക്കാകുന്നതും എന്നിട്ട് ജാതീയമായ വൃത്തിബോധം കൊണ്ട് സവര്‍ണത അങ്ങനെ ചെയ്യില്ലെന്ന് വിധി പറയാന്‍ കഴിയുന്ന ജഡ്ജിമാരുണ്ടാവുന്നതും ഇതേ മുന്‍വിധി സൂത്രത്തിന്‍റെ ഇരട്ടത്താപ്പു കാരണമാണ്. അവര്‍ണ സ്പര്‍ശമേറ്റ കസേരയും ഫയലും ചാണകം തളിച്ച് ശുദ്ധമാക്കേണ്ടിവരുന്നതും മറ്റൊന്നും കൊണ്ടല്ല. ക്രിസ്ത്യാനിക്കും മുസ്ലീമിനും വൃത്തി കുറവാണെന്ന് പൊതുവെ ഹൈന്ദവമായ മതബോധത്തിനും മുന്‍വിധിയുണ്ട്. മുസ്ലീം പുറത്തുനിന്ന് അകത്തേയ്ക്കു തുപ്പുമെന്നും ക്രിസ്ത്യാനി ആഴ്ചയിലൊരിക്കലേ കുളിക്കുകയുള്ളൂവെന്നുമുള്ള മുന്‍വിധി ഹിന്ദുക്കളില്‍ ഒരു ഉറപ്പായിതീരുന്നതങ്ങനെയാണ്. ഹിന്ദുഅമ്പലങ്ങളില്‍ പോയാല്‍ ചെകുത്താന്‍ കൂടുമെന്ന് ക്രിസ്ത്യാനി വിശ്വസിക്കുന്നതും ഹിന്ദുക്കളെല്ലാം ദോത്തിയുടുക്കുന്ന രാക്ഷസരാണെന്ന് മുസ്ലീമുകള്‍ കരുതുന്നതും ഈ മുന്‍വിധികളുടെ ഭാഗമായി തന്നെ.

സവര്‍ണഭാഷയാണ് സുന്ദരമെന്ന, അനുകരണീയമായതെന്ന മുന്‍വിധി സാഹിത്യത്തിന്‍റെ ജീവനെതന്നെ കുരുതി കൊടുക്കാറുണ്ട്. 'ആലാഹയുടെ പെണ്‍മക്കളെ' അതിന്‍റെ ഭാഷയുടെ പേരില്‍ പണ്ഡിതനായ ഒരു നിരൂപകവര്യന്‍ നിന്ദിക്കുന്നത് കേട്ടിരിക്കേണ്ടി വന്നിട്ടുണ്ട്. ആ നാറ്റം പിടിച്ച നാട്ടുഭാഷ എങ്ങനെ സാഹിത്യമാകുമെന്നായിരുന്നു അദ്ദേഹം ഉല്‍കണ്ഠപ്പെട്ടത്. ചില വാക്കുകള്‍ പൊതുബോധത്തെ ഞെട്ടിക്കുന്നു. ആ വാക്കുകളെ ഭൂമിയില്‍ നിന്നു മാറ്റിക്കളയണമെന്നും ആ വാക്കുള്‍ ഉച്ചരിക്കുന്നവരെ പോലും കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യന്‍ ചെയ്യണമെന്നും പൊതുബോധത്തിനുതോന്നുന്നു. അതെ, സാധാരണക്കാരും അവരുടെ ഭാഷയും ആ ജീവിതവും എല്ലാം നാറ്റം പിടിച്ച നികൃഷ്ടത തന്നെ എന്നുമെന്നും എപ്പോഴുമെപ്പോഴും.

വിദ്യാഭ്യാസപരമായും അനവധി വിചിത്രമായ മുന്‍വിധികള്‍ പുലരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജിലെ പ്രവേശനത്തിനോടനുബന്ധിച്ച് നടന്ന ഇന്‍റര്‍വ്യൂ ചടങ്ങുകള്‍ എനിക്ക് അത്ര എളുപ്പം മറക്കാന്‍ കഴിയുന്നതല്ല. മെക്കാനിക്കല്‍ എന്‍ജിനീയറിംഗിനു പ്രവേശനം ലഭിച്ച പെണ്‍കുട്ടിയെ ഈ ശാഖ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റുന്നതല്ല എന്ന മുന്‍വിധിയോടെ വേറെ എന്തെങ്കിലും ബ്രാഞ്ചിലേയ്ക്ക് മാറൂ എന്ന തുടര്‍നിര്‍ദ്ദേശങ്ങളുമായി എല്ലാവരും ആ കുട്ടിയുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നത് കണ്ടുകൊണ്ടിരിക്കുക വേദനാജനകമായ ഒരു കാര്യമായിരുന്നു. അവള്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ട അധ്യാപകരും മാതാപിതാക്കളും ഒറ്റക്കെട്ടായി അവളെ പിന്തിരിപ്പിക്കുന്നതില്‍ മത്സരിച്ചുകൊണ്ടിരുന്നു. അതിനു കാരണം മെഷീനുകള്‍ കൈകാര്യം ചെയ്യുന്നത് ആണ്‍ എഞ്ചിനീയര്‍മാര്‍ക്ക് ചേരുന്ന ജോലിയാണെന്ന മുന്‍വിധിയാണ്. കൂടുതല്‍ ശാസ്ത്രീയത, കൃത്യത, ചടുലത, അധ്വാനം ഇതൊക്കെ വേണ്ടുന്ന പഠനങ്ങള്‍, അവയുമായി ബന്ധപ്പെട്ട ജോലികള്‍ ഒന്നും സ്ത്രീക്കാവുകയില്ലെന്നത് ഇപ്പോഴും സമൂഹത്തിലെ ഭൂരിപക്ഷം പേരും ഉറപ്പിക്കുന്ന ഒരു മുന്‍വിധിയാണ്.

ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഘോരഘോരം പ്രസംഗിക്കാറുണ്ട്, സ്ത്രീകള്‍ സൈനികരാവുന്നത് ശരിയാവുകയില്ലെന്ന്. സ്ത്രീകളെ നാമമാത്രമായെങ്കിലും സൈന്യത്തിലേയ്ക്ക് എടുത്ത നടപടി ശരിയായില്ലെന്ന്.... എന്നാല്‍ സത്യം അതല്ലല്ലോ. അവരവരുടെ മുന്‍വിധികളില്‍ ഉറച്ചു നില്ക്കേണ്ട ബാധ്യതയുള്ളതുകൊണ്ട് അവയെ തിരുത്തിക്കുറിക്കുന്ന വാസ്തവങ്ങള്‍ കാണുമ്പോള്‍പോലും അത് അറിയാത്ത മട്ടില്‍ ഇരിക്കേണ്ടതായി വരുന്നു. അതുകൊണ്ടാണ് തമിഴ്നാട്ടിലെ പുരുഷ കമാന്‍ഡോകള്‍ക്കൊപ്പം നില്‍ക്കുന്ന വനിതാ കമാന്‍ഡോകളെ ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നത്.

സ്ത്രീകളുടെ വസ്ത്രധാരണം, സംസാരരീതി, പെരുമാറ്റം, വിപ്ലവബോധം, ഫെമിനിസം എന്നു തുടങ്ങി ശരീരത്തിന്‍റെ ചെറുചലനങ്ങളുടെ നേരെ പോലും അസഹിഷ്ണുതയില്‍ കാച്ചിയെടുത്തതും എണ്ണിയാലൊടുങ്ങാത്തതുമായ മുന്‍വിധികളുണ്ട്. അവയില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് പലപ്പോഴും സ്ത്രീപുരുഷ ബന്ധങ്ങളുടെ സമവാക്യങ്ങള്‍ രൂപപ്പെടുന്നതു തന്നെ. ആ വിശ്വാസങ്ങള്‍ പലതും ഭീമാബദ്ധങ്ങളായിരിക്കുമെങ്കിലും അവയെ രൂപപ്പെടുത്താന്‍ പ്രേരകമായ മുന്‍വിധികളെ ചെറുക്കാന്‍ ആരും തുനിയാറില്ല. മാത്രവുമല്ല, സാഹിത്യവും സിനിമയും കലയും സംസ്കാരവും രാഷ്ട്രീയവും ഒക്കെ ഉപയോഗിച്ച് അത്തരം മുന്‍വിധികളെ കുറേക്കൂടി ആഴത്തില്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിക്കുകയാണ് എല്ലാവരും ചെയ്യുക.

"അയ്യോ! ആ വഴിക്ക് പോവല്ലേ... പോയിട്ട് കാര്യമില്ല... ഇനി ഞങ്ങള്‍ പറയുന്നത് കേള്‍ക്കാതെ പോയാല്‍ കോക്കാന്‍ പിടിക്കും" എന്ന് പലഭാഷകളില്‍, പല വേഷങ്ങളില്‍, പല നിറങ്ങളില്‍ എഴുതിവെച്ച് ജീവിതത്തിന്‍റെ പാതയോരത്ത് കാവല്‍ നില്‍ക്കുകയും ഭയപ്പെടുത്തുകയുമാണ് മുന്‍വിധികളുടെ പ്രധാന തന്ത്രമെന്നര്‍ത്ഥം.

ലൈംഗികമായ മുന്‍വിധികളാണ് സ്ത്രീയേയും ലൈംഗിക ന്യൂനപക്ഷങ്ങളേയും എല്ലാത്തരം അതിക്രമങ്ങള്‍ക്കും ഇരയാക്കുന്നത്. സ്ത്രീയുടെ ലൈംഗിക യജമാനനാണ് പുരുഷനെന്നത് സ്ത്രീപുരുഷ ജനനത്തോടെ  അവരില്‍ ഉറപ്പിക്കപ്പെടുന്ന ഒരു മുന്‍വിധിയാണ്. നമ്മുടെ മാസികകളിലൊക്കെ ലൈംഗികത പുരുഷനാവശ്യമുള്ളത് എന്ന മട്ടില്‍ എഴുതപ്പെടുന്നതുകാണുമ്പോള്‍ അത്ഭുതം തോന്നും. സ്ത്രീക്ക് ഇങ്ങനെയൊരു സംഭവമേയില്ലേ, ആവോ? ഭര്‍ത്താവിന്‍റെ ആഗ്രഹം എന്നാണ് നമ്മുടെ പ്രധാനപ്പെട്ട വനിതാ മാസികകള്‍ പറയുക. 'സ്ത്രീക്ക് താല്പര്യക്കുറവ് ഉണ്ടാവും പല കാരണങ്ങളാല്‍' എന്ന് എഴുതാന്‍ ഒരു മടിയുമില്ലാത്ത മാസികകള്‍ പുരുഷന്‍റെ താല്പര്യക്കുറവിനേയും അത് ഭാര്യയില്‍ അല്ലെങ്കില്‍ സ്ത്രീയിലുണ്ടാക്കുന്ന വേദനയേയും നിരാശയേയും പറ്റി സംസാരിക്കുകയേ ഇല്ല. കാരണം പുരുഷന്‍ എന്നും സെക്ഷ്വല്‍ അത്ലറ്റാണെന്ന മുന്‍വിധിയാണ്. അറുപതുകാരന്‍ മുപ്പതുകാരിയെ വശീകരിക്കുന്ന രംഗങ്ങള്‍ നമ്മുടെ സിനിമകളില്‍ സമൃദ്ധമെങ്കിലും അമ്പതുകാരി ഒരു നാല്പതുകാരനെ വശീകരിക്കുന്ന ഒരു രംഗം പോലും നമുക്ക് സങ്കല്പിക്കാന്‍ കഴിയില്ല. 'അന്തര്‍ജലി യാത്ര' എന്ന ബംഗാളി സിനിമയില്‍ മരിക്കാന്‍ കിടക്കുന്ന നരച്ചു കുരച്ച വൃദ്ധന്‍ കൗമാരക്കാരിയായ വധുവിനോട് അയാള്‍ക്കിനിയും ഒരു കുഞ്ഞിനെ ജനിപ്പിക്കാനാവുമെന്ന് വീമ്പ് പറയുന്ന ഒരു രംഗമുണ്ട്. ലൈംഗിക മുന്‍വിധിയുടെ സഹതാപപൂര്‍ണ്ണമായ ഒരു ദയനീയ രംഗമാണത്.

ലൈംഗിക ന്യൂനപക്ഷങ്ങളെ സഹിക്കാന്‍ കഴിയാത്തതും ഇതേ കാരണം കൊണ്ടുതന്നെ. സാധാരണമായ ഒരു കാര്യം അതിങ്ങനെയായിരിക്കണമെന്ന് എല്ലാവരും കരുതുന്നതില്‍ വ്യത്യസ്തത കാണിക്കുമ്പോള്‍, നമ്മെപ്പോലയല്ലാതെ ചിന്തിക്കുന്നവര്‍ ഉണ്ടാവാമെന്ന ആലോചനപോലും ശരി ഇതാണെന്ന മുന്‍വിധികൊണ്ട് അസഹിഷ്ണുതയുണര്‍ത്തുന്നു. അപ്പോള്‍ പുരുഷ കേന്ദ്രീകൃതവും പുരുഷനിയന്ത്രിതവും അല്ലാത്ത ലൈംഗികതയെപ്പറ്റി ആലോചിക്കാന്‍ പോലും സാധിക്കുകയില്ല. അങ്ങനെ ഒരു ലൈംഗികത ഉണ്ടാവുകയില്ല അല്ലെങ്കില്‍ അത് നല്ല തല്ല് കിട്ടാത്തതുകൊണ്ടാണ് അതുമല്ലെങ്കില്‍ മനോരോഗ ചികിത്സ ചെയ്താല്‍ മതി എന്നൊക്കെ ലൈംഗിക ന്യൂനപക്ഷങ്ങളെ അല്പം പോലും അറിയാതെ ആധികാരികമായി മണ്ടത്തരം നിറഞ്ഞ ഉത്തരങ്ങള്‍ പടച്ചുവിടുന്നത് അതുകൊണ്ടാണ്. ലൈംഗികതയുടെയും സമൂഹജീവിതത്തിന്‍റെയും എല്ലാ മുന്‍വിധികളും ദുര്‍ബലര്‍ക്കെതിരാണ്. ലിവ് ആന്‍റ് ലൈറ്റ് ലിവ് എന്ന സഹവര്‍ത്തിത്വത്തിനു എതിരാണ് പലപ്പോഴും ഇത്തരം മുന്‍വിധികള്‍.

രാഷ്ട്രീയത്തെപ്പറ്റി പറയുകാണെങ്കില്‍ ലോകമാസകലം കമ്യൂണിസത്തിനും മാര്‍ക്സിസത്തിനും സോഷ്യലിസത്തിനുമെതിരേ ഒട്ടനവധി മുന്‍വിധികളുണ്ടെന്ന് കാണാന്‍ പ്രയാസമില്ല. സമത്വമെന്ന ആശയത്തോട് പുസ്തകങ്ങളില്‍ വായിച്ചുകൊണ്ടുള്ള പ്രതിബദ്ധതയും ഐക്യപ്പെടലും ആവാമെങ്കിലും അത് നേരിട്ട് ജീവിതത്തില്‍ അങ്ങു കയറി ഇടപെടുന്ന പ്രതിഭാസത്തെ സഹിക്കാന്‍ ആര്‍ക്കും വയ്യ. ഓര്‍മ്മ വെച്ച അന്നുമുതല്‍ നമ്മുടെ കീഴിലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കാര്യങ്ങള്‍, അങ്ങനെ കീഴിലല്ലെന്നും നമുക്കൊപ്പമാണെന്നും ഒക്കെ ആലോചിക്കാന്‍ തന്നെ എന്തൊരു പ്രയാസമാണ്... എന്തൊരു കിടുങ്ങലാണ്... അടിയുറച്ച കമ്യൂണിസ്റ്റുകാരെപ്പോലും ഈ സമത്വചിന്ത നന്നെ പൊറുതിമുട്ടിക്കുന്നുണ്ട്. പിന്നെയാണ് ബാക്കിയുള്ളവരുടെ കാര്യം... സമത്വം അത്യാവശ്യമെന്ന് പറയുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഒട്ടനവധി മുന്‍വിധികളെ എതിര്‍ത്തു തോല്പ്പിക്കേണ്ടി വരും. കാരണം സമത്വമെന്നത് അമ്മാതിരി ഒരുകീറാമുട്ടിയാണ്.

രണ്ടാനമ്മ, രണ്ടാനച്ചന്‍ എന്നിങ്ങനെ പൊറുതിമുട്ടുന്ന രണ്ടു കഥാപാത്രങ്ങളുണ്ട് നമ്മുടെ സമൂഹ ശരീരത്തില്‍. മുന്‍വിധികളുടെ അവസാനമില്ലാത്ത മാറാപ്പു മാത്രമാണ് അവരുടെ ജീവിതം. സിനിമാക്കാരേയും കഥാകൃത്തുകളേയും ഇതുപോലെ രക്ഷിക്കുന്ന ഭയങ്കരവേഷക്കാര്‍ വേറെയില്ല. പൊളിഞ്ഞിടം മുട്ടിനില്‍ക്കുന്ന കഥയിലും എട്ടുനിലയില്‍ പൊട്ടുന്ന സിനിമയിലും രണ്ടാനമ്മയേയും അച്ഛനേയും കുത്തിക്കയറ്റി കരച്ചില്‍ കൊഴുപ്പിച്ചെടുക്കാന്‍ സാധിക്കുന്നതിന്‍റെ സമ്മര്‍ദ്ദതന്ത്രം രണ്ടാനച്ഛനും രണ്ടാനമ്മയും ദുഷ്ടയും രാക്ഷസനുമായിരിക്കുമെന്ന സമൂഹത്തിന്‍റെ മുന്‍വിധി തന്നെയാണ്. കുഞ്ഞിനെ കൊല്ലുന്ന അമ്മയും മകളെ ബലാല്‍സംഗം ചെയ്യുന്ന അച്ഛനും നമ്മുക്കിടയില്‍ സുലഭമാണെങ്കിലും സ്വന്തം കൊച്ചിനെ ആരേലും അങ്ങനെ ദ്രോഹിക്ക്യോ എന്നൊരു പാവം മുന്‍വിധി ചോദ്യം ചോദിച്ച് സമൂഹം ഈ കൊടുംക്രൂരതയെ മാപ്പാക്കുകയും അന്യന്‍റെ കൊച്ചിനെയാവുമ്പോള്‍ ഇതൊക്കെ ചെയ്യാമെന്ന സാധ്യത കാണിച്ച് രണ്ടാനമ്മയേയും രണ്ടാനച്ഛനേയും മുന്‍വിധികളുടെ പത്മവ്യൂഹത്തില്‍ കുടുക്കി കൊന്നുകളയുകയും ചെയ്യുന്നു.

നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ടതെന്ന് മുന്‍വിധികള്‍ അവയുടെ അടിത്തറ ബലപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസമായും ആചാരമായും അനുഷ്ഠാനമായും പഴഞ്ചൊല്ലായും അതിസൂക്ഷ്മമായ ബലതന്ത്രം വിന്യസിക്കുകയാണ് ശരിക്കും ചെയ്യുന്നത്. ആ നൂലാമാലകളുടെ കെട്ടുപാടുകള്‍ക്കുള്ളില്‍ മനുഷ്യജന്മത്തെ കുടുക്കിയിടുകയാണ് ചെയ്യുന്നത്. സ്വാഭാവികമായ എല്ലാറ്റിനേയും പിന്നോട്ടു വലിക്കുകയും തടയുകയും അസ്വാഭാവികതയെ മാത്രം സത്യമാക്കിത്തീര്‍ക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതില്‍ മുന്‍വിധികള്‍ക്ക് വലിയ പങ്കുണ്ട്.

ബലതന്ത്രങ്ങള്‍ എപ്പോഴും കുറച്ച് മനുഷ്യര്‍ കൂടുതല്‍ മനുഷ്യരില്‍ ചെലുത്തുന്ന നിയന്ത്രണമാണ്. അതിനുള്ള ന്യായീകരണമാണ് മുന്‍വിധികളില്‍ തുടങ്ങി പഴഞ്ചൊല്ലില്‍ എത്തുന്ന, എല്ലാവരാലും തരാതരം പോലെ വാഴ്ത്തപ്പെടുന്ന ഔന്നത്യമുള്ള സാംസ്കാരികത. പഴഞ്ചൊല്ലില്‍ ഒരുപാട് പതിരുള്ളതുപോലെ ആ സാംസ്കാരികതയും ഏകപക്ഷീയവും ഒരുപാട് പതിരുമുള്ളതുമാണ്. അത് തീര്‍ച്ചയായും ചെറുത്ത് തോല്പ്പിക്കപ്പെടേണ്ടതുതന്നെ. കാരണം കൂടുതല്‍ മനുഷ്യര്‍ കുറച്ച് മനുഷ്യരുടെ അധീനതയില്‍ ഏക്കാലവും അടിമകളായിത്തീരുന്നതല്ലല്ലോ ശരിയായ ലോക നടത്തിപ്പാകുന്നത്.

പരീക്ഷണങ്ങളിലും, അനുഭവങ്ങളിലും ആഞ്ഞിടിക്കുമ്പോള്‍ മുന്‍വിധികള്‍ മിക്കവാറും ദയനീയമായി തകര്‍ന്നടിയാറുണ്ട്. അയ്യോ! ഞാന്‍ ഇങ്ങനെയല്ലാ വിചാരിച്ചേ, ഇതല്ല പ്രതീക്ഷിച്ചേ എന്നൊക്കെ പലപ്പോഴും ആവര്‍ത്തിക്കേണ്ടി വരുന്നത് മുന്‍വിധികളുടെ അന്ധമായ സ്വാധീനം കാരണമാണ്.

മുന്‍വിധികളെ ചെറുക്കാനും ഉജ്ജ്വലമായ ചിന്തകളുടെ പ്രതിരോധങ്ങളാല്‍ അവയെ തോല്പ്പിക്കാനും ശ്രമിക്കുന്നത് എളുപ്പമല്ല. അസാമാന്യമായ ചങ്കുറപ്പും കൃത്യമായ ബോധ്യങ്ങളും അതിനാവശ്യമുണ്ട്. കൃത്യമായ ബോധ്യങ്ങളുണ്ടാവാന്‍ അതിരുകളില്ലാത്ത തുറവിയും നിര്‍ബന്ധമാണ്.

കാര്യപ്രാപ്തിയും ധൈര്യവീരശൂരത്വവുമെല്ലാം പുരുഷന്‍മാര്‍ക്ക്, അബലത്വവും ചാപല്യവുമെല്ലാം സ്ത്രീകള്‍ക്ക്, അലസതയും മടിയുമെല്ലാം ആദിവാസികള്‍ക്ക്, വൃത്തിയില്ലായ്മയും സംവരണക്കൊതിയുമെല്ലാം ദളിതര്‍ക്ക്, ടെററിസവും വിഘടനവാദവുമെല്ലാം മുസ്ലീമുകള്‍ക്ക്, ആര്‍ത്തിയും അത്യാഗ്രഹവുമെല്ലാം ദരിദ്രര്‍ക്ക്, തിന്മയും അസൂയയുമെല്ലാം രണ്ടാനമ്മയ്ക്ക്, വഞ്ചനയും ക്രൂരതയുമെല്ലാം രണ്ടാനച്ഛന്,.......
ഇങ്ങനെ ഈ പട്ടിക നീട്ടി നീട്ടി എത്രവേണമെങ്കിലും എഴുതാം....
വേണ്ട അല്ലേ.....
അങ്ങനെ പാടില്ലെന്നല്ലേ ഇത്ര നേരം പറഞ്ഞത്.....

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts