പുതിയ ഒരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണല്ലോ. പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞു പുതിയ മനുഷ്യനെ ധരിക്കാനുള്ള ഒരവസരം കൂടി നമുക്ക് ലഭിക്കുന്നു. പുതിയ ഒരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ഒരു പിടി ഉല്‍ക്കണ്ഠകള്‍ നമുക്കുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ വന്നുപോയ വീഴ്ചകളെക്കുറിച്ച് അനുതാപവും ഉണ്ട്. ഒരു പിടി പ്രതീക്ഷകളോടെ പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുണ്ടാകേണ്ട ചില പ്രതികരണങ്ങളെക്കുറിച്ചു കൂടി നമുക്കു ധ്യാനിക്കാം. ഇന്നലെകളില്‍ വന്നുപോയ വീഴ്ചകള്‍ക്ക് ഇനി പരിഹാരമില്ല. ഇനിയുള്ള കാലത്ത് ശ്രദ്ധാപൂര്‍വ്വം മുന്നേറുക. കഴിഞ്ഞ കാലങ്ങളെയോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല. ദൈവം അതാഗ്രഹിക്കുന്നില്ല. ഇന്നു നല്‍കപ്പെട്ടിരിക്കുന്ന അവസരങ്ങളോട് സഹകരിക്കുക. ഓരോ നിമിഷവും അവസാന നിമിഷമായി കാണുക. ഓരോ അവസരവും അവസാന അവസരമായി കണ്ട് പ്രതികരിക്കുക. നല്‍കപ്പെടുന്ന നിമിഷങ്ങളോട് കാണിക്കുന്ന വിശ്വസ്തതയാണ് നമ്മുടെ വില നിശ്ചയിക്കുക.
സുബോധത്തോടെ ജീവിക്കാന്‍ കഴിയുന്നതും പ്രധാനപ്പെട്ട കാര്യമാണ്. എന്‍റെ ജീവിതാന്തസിനെക്കുറിച്ചും ഏറ്റെടുത്തിരിക്കുന്ന അവസ്ഥയെക്കുറിച്ചും സുബോധമുണ്ടായിരിക്കണം. കഴിഞ്ഞ വര്‍ഷത്തില്‍ സുബോധമില്ലാതെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതെല്ലാം തിരുത്തി മുന്നേറുക. സ്വന്തം അവസ്ഥയെക്കുറിച്ചുള്ള അജ്ഞത നമ്മെ തകര്‍ത്തുകളയും. തീരുമാനങ്ങളാണ് മനുഷ്യനെ സ്വാധീനിക്കുന്നത്. നല്ല തീരുമാനങ്ങളെടുക്കുന്നവരെ ദൈവം അനുഗ്രഹിക്കും. ഉറച്ച തീരുമാനങ്ങളെടുക്കുന്നവരെ ലോകം ബഹുമാനിക്കും. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ തിരിച്ചറിയുന്നത് ആ വ്യക്തിയെടുക്കുന്ന തീരുമാനത്തിന്‍റെ നിലവാരത്തിലാണ്. എളുപ്പത്തില്‍ വാക്കുമാറ്റുന്നവരെയും തീരുമാനത്തില്‍ ഇളക്കം വരുത്തുന്നവരെയും മനുഷ്യര്‍ പരിഹസിക്കും. ജീവിതാന്തസിനോടുള്ള വിശ്വസ്തതയും കൊടുക്കുന്ന വാക്കിനോടുള്ള വിശ്വസ്തതയും നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. പരിശുദ്ധാത്മാവിന്‍റെ അഭിഷേകമുള്ളവര്‍ക്കേ നല്ല തീരുമാനങ്ങളെടുക്കാന്‍ കഴിയൂ. പുതിയ വര്‍ഷത്തില്‍ ആത്മാവിന്‍റെ അഭിഷേകമുള്ളവരായി ജീവിക്കാന്‍ നമുക്കു ശ്രമിക്കാം.
പശ്ചാത്തപിക്കുന്ന മനസ്സിനെ ദൈവം കാണുന്നു. വന്നു പോയ വീഴ്ചകളെക്കുറിച്ച് വെറുതെ പശ്ചാത്തപിച്ചതുകൊണ്ട് കാര്യമില്ല. ദൈവത്തെയും മനുഷ്യരെയും കുറ്റപ്പെടുത്തിയതിനെ ഓര്‍ത്ത് ജീവിതത്തെ തിരുത്തുന്നതാണ് പശ്ചാത്താപം. വന്നുപോയ വീഴ്ചകളെ ഓര്‍ത്ത് വിലപിക്കുമ്പോള്‍ കുറ്റബോധം വളരും. ദൈവത്തിന്‍റെ കരുണയെ ധിക്കരിച്ചതിനെയോര്‍ത്ത് വിലപിക്കുമ്പോള്‍ പാപബോധത്തില്‍ നാം വളരും. പാപബോധം നമ്മെ തിരിച്ചു നടത്തും. ദൈവത്തിന്‍റെ സ്നേഹത്തെയോര്‍ത്ത് 'ഞാന്‍ പാപത്തെ വെറുക്കും.' നിത്യമായ സ്നേഹത്തെ നിഷേധിച്ചതിനെയോര്‍ത്ത് ഞാന്‍ കരഞ്ഞുതുടങ്ങും. സ്വന്തം പാപങ്ങളെയോര്‍ത്ത് കരഞ്ഞുകൊണ്ട് ദൈവത്തിന്‍റെ മുഖത്തേക്ക് നോക്കുന്ന ഒരു ജീവിതം നമുക്കു നയിക്കാം. തിരിച്ചറിവുകള്‍ നമ്മെ തിരിച്ചു നടത്തും. ധൂര്‍ത്തപുത്രന്‍ പിതാവിന്‍റെ ഭവനത്തിലേക്ക് തിരിച്ചുനടന്നു. നമ്മുടെ ജീവിതത്തിലെ വളഞ്ഞ വഴികളില്‍നിന്നും തിരിച്ചു നടക്കാം. നിത്യപ്രകാശമായ ദൈവത്തിന്‍റെ മനസില്‍ വന്നു നില്‍ക്കുവാന്‍ ഈ പുതുവര്‍ഷം നമ്മെ സഹായിക്കട്ടെ.
ഒരു പുനസമാഗമത്തിന്‍റെ അവസരമായിരിക്കട്ടെ പുതിയ വര്‍ഷം. പിതാവിന്‍റെ പക്കല്‍ തിരിച്ചെത്തിയ ധൂര്‍ത്തപുത്രന് പുനസംഗമത്തിന്‍റെ അനുഭവമുണ്ടായി. ദൈവത്തിലേക്ക് തിരിച്ചുവരുന്നവരെല്ലാം ഒരു പുനസംഗമത്തിലാണ്. അകന്നുപോയവര്‍ വീണ്ടും ഒന്നിക്കുന്ന പുനസംഗമം. ദൈവസന്നിധിയിലേക്കുള്ള തിരിച്ചുവരവ് ഒരു വീണ്ടും സംഗമത്തിന്‍റെ അവസരമാണ്. ഈ പുതിയ വര്‍ഷം അങ്ങനെയുള്ള ഒരു വര്‍ഷമായിത്തീരട്ടെ. ദൈവവുമായുള്ള ഒരു പുനസംഗമം നടക്കുമ്പോള്‍ ആത്മീയമായ ആനന്ദത്തിലേക്കു നാം പ്രവേശിക്കും. ലോകത്തിന് എടുത്തു മാറ്റുവാന്‍ കഴിയാത്ത ഒരു ആത്മീയ നിര്‍വൃതിയാല്‍ നാം അഭിഷേകം ചെയ്യപ്പെടും. പുതിയ വര്‍ഷത്തിലുടനീളം ദൈവം നല്‍കുന്ന ആനന്ദത്താല്‍ നമുക്കു നിറയാം. ലോകം തരുന്ന സന്തോഷവും സമാധാനവും നിഴലുപോലെ കടന്നുപോകും. എന്നാല്‍ ദൈവം തരുന്ന സന്തോഷം ലോകത്തിന് എടുത്തു മാറ്റാനാവില്ല. അതു സുവിശേഷത്തിന്‍റെ സന്തോഷമാണ്. ഭൗതികവസ്തുക്കള്‍ വഴി ലഭിക്കുന്ന നിര്‍വൃതിയെല്ലാം കടന്നുപോകുമ്പോള്‍ സ്വര്‍ഗ്ഗീയ സന്തോഷം ശാശ്വതമായി നിലനില്‍ക്കും. പുതുവസ്ത്രം ധരിക്കുന്ന അവസ്ഥയിലാണ് നാം എത്തിച്ചേരുന്നത്. വീഴ്ചകളെ തിരുത്തി ദൈവത്തിലേക്ക് തിരിയുന്നവര്‍ക്കെല്ലാം ഒരു പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടെയും അവസ്ഥയാണ്. വരപ്രസാദം നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ നാം എത്തിച്ചേരും. പുതിയ വര്‍ഷം ഇങ്ങനെയുള്ള അനുഭവത്തിന്‍റെ അവസ്ഥയായിരിക്കട്ടെ.