ഇന്ന് അവധി ദിവസം. അതാണ് നേരത്തെ നടക്കാനായി ഇറങ്ങിയത്. സമയം 6.30 കഴിഞ്ഞിരുന്നെങ്കിലും വേനലിന്‍റെ സൂര്യപ്രകാശം മാനത്ത് തങ്ങി നില്‍പ്പുണ്ടായിരുന്നു.
തണുത്ത കാറ്റിന് കടലിന്‍റെ ഉപ്പുരസം കലര്‍ന്ന ഗന്ധം. ഇയര്‍ഫോണില്‍ "ജബ് ദീപ് ജലേ ആനാ..." യേശുദാസിന്‍റെ മാസ്മര ശബ്ദം...
അങ്ങിനെ നടക്കുമ്പോഴാണ് ഈ കാഴ്ചകള്‍.
കാഴ്ച ഒന്ന്.
വാകപ്പൂക്കള്‍ വാടിക്കിടക്കുന്ന നടപ്പാതയില്‍ വച്ചാണ് അവരെ കണ്ടത്. ഒരുമിച്ച് നടന്നുവരുന്ന വൃദ്ധ ദമ്പതികള്‍. സ്ത്രീയുടെ വലതു കൈയില്‍ ഒരു വാക്കിംഗ് സ്റ്റിക്. രണ്ടാളുടെയും മുടി ഏകദേശം മൊത്തമായിത്തന്നെ നരച്ചിരുന്നു. പതുക്കെ അടി വെച്ച് നടക്കുന്ന സ്ത്രീയുടെ ഇടത്തേ കൈയില്‍ അയാള്‍ മുറുക്കെ പിടിച്ചിരുന്നു. അവര്‍ എന്തൊക്കെയോ തമ്മില്‍ പറഞ്ഞ് ചിരിക്കുന്നു. പഴയ ഏതോ കാലത്ത് ജീവിക്കുന്നതുപോലെ. അവരുടെ യൗവനം എന്തായിരുന്നിരക്കും എന്ന് വെറുതെ ചിന്തിച്ചു.
കാഴ്ച രണ്ട്.
കുറച്ച്കൂടി മുന്നിലേക്ക് ചെന്നപ്പോള്‍ പാര്‍ക്കിന്‍റെ അരികിലായി രണ്ട് പെണ്‍കുട്ടികള്‍ കളിക്കുന്നു. ഏഴെട്ട് വയസ്സ് പ്രായം കാണും രണ്ടാള്‍ക്കും. മുഷിഞ്ഞ ഡ്രസ്സിട്ട കുട്ടി വീട്ടുജോലിക്ക് വരുന്ന ആരുടെയോ മകള്‍ ആണ്. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച പെണ്‍കുട്ടിയുടെ കൂടെ പന്തു തട്ടിക്കളിക്കുകയാണ് അവള്‍. സാധാരണ കാണാത്ത ഒരു കാഴ്ച. അസ്തമയ ആകാശത്തിന്‍റെ നിറംപോലെ തന്നെ അവരുടെ മുഖത്തെ തിളക്കവും.
കാഴ്ച മൂന്ന്
തൊട്ടപ്പുറത്ത് പാര്‍ക്കിന്‍റെ ഉള്ളിലെ പുല്‍ത്തകിടിക്ക് അടുത്തുള്ള കല്‍ബഞ്ചില്‍ ഒരാള്‍ ചമ്രം പടിഞ്ഞ് ഇരിക്കുന്നു. താഴെ വിരിച്ച ഷീറ്റുകള്‍ക്ക് മുകളില്‍ കുറേ ആളുകള്‍. ഏകദേശം നാല്‍പത് വയസ് തോന്നിക്കും അയാള്‍ക്ക്. ജീവിതത്തെപ്പറ്റിയുള്ള വീക്ഷണങ്ങള്‍, ഉപദേശങ്ങള്‍, സമത്വസുന്ദരമായ ലോകം, സ്നേഹിക്കാന്‍ ആരും ഇല്ലാതെ ഒറ്റപ്പെടുന്ന ജീവിതങ്ങള്‍, ഇയര്‍ ഫോണ്‍ ഊരി മാറ്റിയപ്പോള്‍ കേട്ടത് അങ്ങിനെ എന്തൊക്കെയോ ആണ്. അവര്‍ ഇന്നത്തെ സെഷന്‍ അവസാനിപ്പിക്കുകയാണ്. ഉപദേശിയാവുന്നത് ഇക്കാലത്തെ ഒരു ഫാഷന്‍ ആണെന്ന് നടന്ന് നീങ്ങിയപ്പോള്‍ മനസ്സില്‍ തോന്നി.
വാല്‍ക്കഷണം :
പാര്‍ക്കിന് അപ്പുറമുള്ള വളവില്‍ വാട്ടര്‍ ഫൗണ്ടന്‍റെ അരികില്‍ വെള്ളത്തിന്‍റെ അടിയില്‍നിന്നും തിളങ്ങുന്ന ബള്‍ബുകള്‍ നോക്കി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടത്. നോക്കുമ്പോള്‍ നേരത്തേ കണ്ട, ജീന്‍സിട്ട് കളിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടിയെ വലിച്ചുകൊണ്ട് ആ ഉപദേശി നടന്നുവരുന്നു. അയാള്‍ പറയുന്നത് അടുത്തെത്തിയപ്പോള്‍ ആണ് കേട്ടത്. "നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട്. ആ നശിച്ച പെണ്ണിന്‍റെ കൂടെ കളിക്കരുത് എന്ന്. വടീം കുത്തിപ്പിടിച്ച് നടക്കുന്ന അമ്മയോട് പറഞ്ഞിട്ടും കാര്യമില്ല...." പിന്നെയും എന്തൊക്കെയോ അയാള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.
പൊടുന്നനെ സമത്വസുന്ദരമായ ലോകം ചക്രവാളത്തിന്‍റെ അപ്പുറം മറഞ്ഞ് ഇരുട്ട് എങ്ങും നിറഞ്ഞ് നിന്നു.