ഇന്നലെ രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കുമ്പോളാ മനസ്സിലായത് മിന്നുമോളെ നേഴ്സറിയില്‍ ചേര്‍ക്കുന്നതിനുകൂടെ അച്ഛനെയും ഒരിടത്ത് ചേര്‍ക്കുന്നുണ്ടെന്ന്. അച്ഛന്‍റെ പ്രായമുള്ള ഒത്തിരിപേര് അവിടെ ഉണ്ടാവുമെന്നും അവിടെ എനിക്കൊരു കുറവും വരില്ലെന്നും സംസാരത്തിനിടയില്‍ നിങ്ങള്‍ പറയുന്നത് കേട്ടു.
നിങ്ങള്‍ പറയണത് ഒളിച്ചുനിന്നു കേട്ടതല്ലട്ടോ പ്രായായില്ലേ ഉറക്കൊന്നും വരാറില്ല രാത്രികളില്‍.
മാവേലിയില്‍ പോയി വരി നില്ക്കാനും, ഫോണ്‍ ബില്ലടയ്ക്കാനും മാര്‍ക്കറ്റില്‍ പോകാനുമൊന്നും ഇപ്പൊ അച്ഛന് പഴയപോലെ വയ്യാണ്ടായിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഒരു ഭാരം തന്നെയായി മാറിയിരിക്കുന്നു. വീട്ടിലിരുന്ന് ഉണ്ണാന്‍ കിളവന് പ്രയാസമില്ലല്ലോ എന്ന വാക്ക് നിഷ പറയണത് കേട്ടു. അവളോട് മോന്‍ പറയണം മടികൊണ്ടാല്ല അച്ഛന് പഴയപോലെ വയ്യാത്തോണ്ടാണെന്ന്.
ഈ കത്തെഴുതുമ്പോള്‍പോലും കൈ വിറച്ചിട്ട് വയ്യ മോനെ. ഓര്‍മ്മകളില്‍ ഒക്കെ ആകെ ഒരു പുക മാത്രം. കണക്കും കണക്കുകൂട്ടലും ഒക്കെ പിഴക്കുന്നു. നിന്‍റെ അമ്മ മരിച്ചിട്ട് പതിമൂന്നു വര്‍ഷങ്ങളായി. അവളുള്ളപ്പോള്‍ തെറ്റിയ ഓര്‍മ്മകളെ തിരുത്താന്‍ ഒരാളുണ്ടായിരുന്നു. അവള് പോയപ്പോ ഞാന്‍ സത്യത്തില്‍ പകുതി അന്നേ മരിച്ചിരുന്നു. അച്ഛനെ മോന്‍ വൃദ്ധസദനത്തില്‍ ആക്കണോണ്ട് വിഷമമൊന്നും ഇല്ല... പക്ഷെ അവിടെ മാസം മാസം ചിലവിന് കൊടുക്കേണ്ടിവരും. ഇപ്പോള്‍ മോന് ഒത്തിരി ചെലവുകള്‍ ഉള്ളതല്ലേ. അതിനിടയില്‍ ഇതുംകൂടി ശരിയാകില്ല. ഞാന്‍ പോവ്വാ മോനെ നീ എണീക്കാന്‍ കാത്ത് നിക്കണില്ല. ചെലപ്പോ ഇനി കണ്ടാ അച്ഛന് പോവാന്‍ തോന്നില്ല.
പോവുമ്പോ അച്ഛന്‍ ഒന്നും കൊണ്ടുപോണില്ല. കുത്തിപ്പിടിക്കാന്‍ ഈ വടിയല്ലാതെ... വടി കുത്താന്‍ പ്രായമായാ പിന്നെ ഈ വടിയാ നമ്മടെ വഴികാട്ടി. അതില്ലാതെ നടക്കാനൊക്കില്ല.
ഈ ചുമരിനപ്പുറം വിശാലമായ ഒരു ലോകമുണ്ട്. അതിലെനിക്ക് നടക്കാം. കടത്തിണ്ണയോ, ആല്‍ത്തറയോ, അവസാനിക്കുന്ന ഒന്നില്‍ അന്തിയുറങ്ങാം. വിശക്കുമ്പോളല്ലേ, അതിനും ഒരു വഴിയുണ്ടാവും. സന്തോഷമായി മാത്രം അച്ഛന്‍ പടിയിറങ്ങുന്നു.
അമ്മേടെ അസ്ഥിത്തറയില്‍ വിളക്ക് വെക്കാനോ, ആണ്ട് തോറും ഓര്‍ത്ത് ബലിയിടാനോ സമയം കളയരുത്. ജീവിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കപ്പെടാനേ അമ്മക്ക് ആഗ്രഹമുണ്ടായിരുന്നുള്ളു.... ന്നാലും അച്ഛന്‍ ഇറങ്ങുമ്പോ അമ്മേടെ അസ്ഥിത്തറയില്‍ ഒരു തിരി കത്തിക്കും. വെറുതെ അവളോട് പറയാതെ പടിയിറങ്ങാന്‍ വയ്യാ...!
മോന്‍ ഒറങ്ങിക്കോട്ടോ അച്ഛന്‍ ശരീരം കൊണ്ട് പോകുന്നു. മനസ്സിവിടുണ്ട്... പിന്നെ ഞാന്‍ കുത്തിപ്പിടിച്ച് നടക്കുന്ന ഈ വടി നീയാണെന്നാ കരുതുന്നത്. ഇല്ലേല്‍ നടക്കാന്‍ പറ്റില്ല. കൂടുതല്‍ പറയാന്‍ വയ്യ. കണ്ണും, കൈയ്യും കുഴയുന്നു....!
സ്നേഹത്തോടെ,
അച്ഛന്