സഹാനുഭൂതി എന്ന പദത്തില്‍തന്നെ ആ വാക്കിന്‍റെ ആന്തരഭാവം പ്രകടമാണ്. മറ്റൊരാളുടെ അനുഭവത്തെ/ അനുഭൂതിയെ കൂടെ അനുഭവിക്കുന്നതായ അവസ്ഥയോ മാനസികഭാവമോ സഹാനുഭൂതിയാണ്. അവിടെ അന്യവത്കരണത്തിന്‍റെതായ അനാസ്ഥയോ നിസംഗതയോ ഉണ്ടാവില്ല. സഹതാപത്തിന് നിര്‍ദ്ധാരണം ചെയ്യാനാവാത്ത ഇടങ്ങളെപ്പോലും തന്‍റേതാക്കാനും കൂടെ നില്‍ക്കാനും വേണ്ടി പ്രവര്‍ത്തിക്കാനും നമ്മെ സജ്ജരാക്കാന്‍ സഹാനുഭൂതിക്കു സാധിക്കും. സഹാനുഭൂതിയും കരുണയും ഒരേ തൂവല്‍പക്ഷികളാണ്. ഒന്നിച്ചു പറക്കുകയും ഒന്നിച്ചു ചുണ്ടുചേര്‍ക്കുകയും ചെയ്യുന്നവര്‍.
മാനവികത എന്ന വാക്ക് വേണ്ടിടത്തും വേണ്ടാത്തിടത്തും എടുത്തുപയോഗിക്കുന്നവരാണ് നമ്മള്‍. മാനവികതയെന്നത് ഒരു മൂല്യവ്യവസ്ഥയായി സംസ്കാരം നട്ടുനനച്ച് വളര്‍ത്തിയെടുത്തതാണ്. സംസ്കാരത്തിന്‍റെ ഉല്പന്നമാണത്. അവിടെ മാനവര്‍ എന്നത് കേവലം ഒരു സ്ത്രീവര്‍ഗം മാത്രമല്ല. സ്വന്തമായ ചില മൂല്യപരികല്പനകളോടു കൂടിയതാണ് മാനവര്‍. മാനവരില്‍ നിന്നാണ് മാനവികതയുടെ നിര്‍മ്മാണം സംഭവിക്കുന്നത്. ചിന്തിക്കാനും ചിരിക്കാനും സ്നേഹക്കാനും കരുണയോടെ പെരുമാറാനും സ്വതന്ത്രമായ ജീവിതത്തിനായി അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും പ്രപഞ്ചത്തിലെല്ലാറ്റിനോടും സാഹോദര്യത്തോടെ പ്രവര്‍ത്തിക്കാനും പരിശ്രമിക്കുന്ന മനുഷ്യര്‍ എന്ന നിര്‍മ്മിതി നൂറ്റാണ്ടുകളിലൂടെയുള്ള സംസ്കാര രൂപീകരണപ്രക്രിയയുടെ ഫലമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം പോലെയുള്ള ഉദാരമാനവികമൂല്യങ്ങള്‍ സഹാനുഭൂതി എന്ന സങ്കല്പത്തെയും നിര്‍വചിക്കുന്നതിനും പുനര്‍നിര്‍വചിക്കുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. വെട്ടിപ്പിടിക്കാനും വെട്ടിനുറുക്കാനും അങ്ങനെ വളരാനും പ്രേരിപ്പിക്കുന്ന മൂല്യവ്യവസ്ഥയെ സംസ്കാരത്തില്‍ അപനിര്‍മ്മിച്ചുകൊണ്ടാണ് സഹാനൂഭൂതി സംസ്കാരത്തില്‍ ഇടപെട്ടുകൊണ്ടിരുന്നത്. വളര്‍ച്ചയെക്കുറിച്ചും നേട്ടത്തെക്കുറിച്ചുമുള്ള പ്രതിസംസ്കാരപാഠങ്ങള്‍ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മൂല്യവ്യവസ്ഥയുടെ കാതല്‍ സഹാനുഭൂതിയാണ്.
യാഗങ്ങളും ബലികളും ഹോമങ്ങളും കൊണ്ട് ഈശ്വരസാധന നിര്‍വഹിക്കുകയും അത്തരമൊരു വ്യവസ്ഥയെ ആധാരമാക്കിക്കൊണ്ടുള്ള പ്രാര്‍ത്ഥനകളും ക്രമങ്ങളും നിലനില്‍ക്കുകയും ചെയ്തിരുന്നിടത്ത് മറ്റൊരു സാധ്യതയായി ബുദ്ധമതം രൂപപ്പെടുമ്പോള്‍, സഹാനുഭൂതിയെന്നത് സംസ്കാരത്തെ പുനര്‍നിര്‍വചിക്കുന്ന സാധ്യതയായി മാറുകയായിരുന്നു. യാഗമൃഗങ്ങളെക്കുറിച്ച് ഒരാള്‍ സഹാനുഭൂതിയോടെ ചിന്തിച്ചു തുടങ്ങുന്നു. സ്വയമേവ തിരുത്തലുകള്‍ക്ക് തയ്യാറല്ലാതെ മറ്റുള്ള ചിലതിലൂടെ സാധ്യമാകാവുന്ന മോക്ഷത്തെ ബുദ്ധമതം നിരാകരിക്കുന്നു. വാക്കും പ്രവൃത്തിയും ചിന്തയും ശരിയാകുന്നതിലൂടെ സംഭവിക്കേണ്ടുന്ന നിര്‍വ്വാണത്തെക്കുറിച്ച് ബുദ്ധമതം പഠിപ്പിക്കുന്നു. അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ അഹിംസ ഉള്‍പ്പെടുന്നു. അഹിംസയെന്നത് സഹാനുഭൂതിയുടെ കൂടെപ്പിറപ്പാണ്. അപ്പോള്‍ സഹാനുഭൂതിയെന്നത് നിലവിലുള്ള മതമൂല്യവ്യവസ്ഥയെ അഴിച്ചുപണിയാനുള്ള ഉപകരണമായിത്തീര്‍ന്നിരിക്കുന്നു. മുടന്തനായ ആട്ടിന്‍കുട്ടിയോട് കരുണ കാണിക്കുന്ന - അംഗുലിമാലനോട് ക്ഷമിക്കുന്ന ബുദ്ധര്‍ മനുഷ്യ -മനുഷ്യേതരങ്ങളായ ജീവനുകളോട് പ്രകടിപ്പിക്കുന്ന കരുണയുടെ സാധ്യതയാണ്. പുല്ലിന്‍റെയും പൂവിന്‍റെയും ആട്ടിന്‍കുട്ടിയുടെയും ജീവനുകളോട് സഹാനുഭൂതി സാധ്യമാകുമ്പോഴാണ് അവിടെ കരുണ വിജയം നേടുന്നത്.
സഹാനുഭൂതിയെ സംവഹിക്കുന്ന മറ്റൊരു സാധ്യത യേശുക്രിസ്തുവാണ്. രോഗികളെയും വിശന്നിരിക്കുന്നവരെയും പരതന്ത്രരെയും ഭ്രഷ്ടരെയും പരദേശികളെയും സഹാനുഭൂതിയോടെ സമീപിക്കാന്‍ യേശുവിനു സാധിച്ചു. രോദം, പരദേശിത്തം, അടിമത്തം, ഭരണകൂടാധികാരത്തോടുള്ള കലഹം എന്നിവയെല്ലാം മനുഷ്യരെ പൊതു എന്ന അവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുത്തിക്കളയുന്നവയാണ്. ഇവയോടെല്ലാം ക്രിസ്തു ജീവിതകാലത്ത് ഇടപെടുന്നുണ്ട്. സഹാനുഭൂതിയോടെ ഓരോരോ രോഗാവസ്ഥയെ കൂടെ അനുഭവിച്ചു. അപ്പോഴാണ് തന്‍റെ വസ്ത്രാഞ്ചലത്തില്‍ തൊട്ടവള്‍ക്കുപോലും സൗഖ്യം കൊടുക്കുന്നത്. രക്തസ്രാവത്താല്‍ എല്ലായിടത്തുനിന്നും മാറ്റി നിര്‍ത്തപ്പെടുന്ന സ്ത്രീയോട് അദ്ദേഹത്തിന് സഹാനുഭൂതി ഉണ്ടാവുന്നു. കുഷ്ഠം പോലെ സാമൂഹ്യമായ ഭ്രഷ്ടും ഒറ്റപ്പെടലും അവകാശമാക്കുന്നവരോടു അദ്ദേഹം സാഹോദര്യത്തോടെ പെരുമാറി. അവരെ തൊട്ടു. തൊടുക എന്നത് ഭ്രഷ്ടരോട് പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ മാനവികതാ പ്രകടനമാണ്. ബന്ധനസ്ഥരെ സ്വതന്ത്രരാക്കുമെന്ന വാഗ്ദാനം നല്‍കുന്നു. ഉഗ്രവാദനിലപാടുകളുള്ളവരെപ്പോലും ശിഷ്യരാക്കുക വഴി അവരോടും അങ്ങേയറ്റം കരുണയോടെ പെരുമാറുന്നു. ഈ സൗഹൃദവും പങ്കാളിത്തവും സഹാനുഭൂതിപരം തന്നെയാണ്.
ജീവിതവും ചരിത്രവും മുന്നേട്ടു പോകുമ്പോള്‍ സഹാനുഭൂതി എന്ന പദം സാമൂഹ്യരാഷ്ട്രീയ മാനങ്ങളുള്ളവയാകുന്നു. സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ സാമൂഹ്യമായും സാമ്പത്തികമായും ഒറ്റപ്പെടലും വിഷമവും അനുഭവിക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് ബദ്ധപ്പാടനുഭവിക്കുന്നവര്‍ മാത്രമല്ല എന്നു നാം വായിക്കുന്നുണ്ട്. ജാതിയവും സാമ്പത്തികവും സാമൂഹ്യവുമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ സമരം നയിക്കുന്നവര്‍ക്കൊപ്പം സഹാനൂഭൂതിയാല്‍ പ്രേരിതരായി കൂടെ നിന്ന മേല്‍ജാതിക്കാരും സാമ്പത്തികമായി ഉന്നതനിലയില്‍ നിന്ന ഫ്യൂഡല്‍ കുടുംബഘടനയില്‍നിന്ന് വന്നവരും ഉണ്ടായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിക്കൊടുക്കാവുന്ന സര്‍ക്കാര്‍ ഉദ്യോഗങ്ങളും അധികാരസ്ഥാനങ്ങളും ഇട്ടെറിഞ്ഞുപോന്നവരും ഉണ്ടായിരുന്നു. തങ്ങളുടെ ഭൗതികമായ നേട്ടങ്ങളെയും സാമ്പത്തികലാഭങ്ങളെയും ഉപേക്ഷിച്ചിട്ട് ദരിദ്രര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും വേണ്ടി നില്‍ക്കാന്‍ പ്രേരിപ്പിച്ച ശക്തിവിശേഷം സഹാനുഭൂതിയാണ്. സ്വാര്‍ത്ഥതയുടെ ബന്ധനങ്ങളെ അഴിച്ചുപണിയാന്‍ ആളുകളെ പ്രാപ്തരാക്കാന്‍ സഹാനുഭൂതിക്കു കഴിഞ്ഞു. ജാതി, സാമ്പത്തിക, സാമൂഹ്യ നിലകളില്‍ ബന്ധനസ്ഥരായവരുടെ വിടുതി സാധ്യമാക്കുന്നതില്‍ സ്വാതന്ത്ര്യബോധത്തോടും ഇച്ഛാശക്തിയോടും ഒപ്പം മറ്റുള്ളവരുടെ കഷ്ടനിലകളോട് സഹാനുഭൂതിപരമായ നിലപാടുകള്‍ പുലര്‍ത്തിയിരുന്നവരും ഉണ്ടായിരുന്നു. കേരളത്തിലെ അയിത്തോച്ഛാടന പ്രക്ഷോഭങ്ങളിലും ക്ഷേത്രപ്രവേശനസമരങ്ങളിലും ഇത് വളരെ വ്യക്തമാണ്. അപ്പോള്‍ സഹാനുഭൂതിക്ക് രാഷ്ട്രീയമായ മാനങ്ങള്‍ കൈവരുന്നു.
വ്യക്തിപരമായ നഷ്ടങ്ങളെ നേരിടാന്‍ തന്നെപ്പോലെ നഷ്ടം അനുഭവിക്കുന്നവരോടുള്ള സഹാനുഭൂതി ഉപാധിയാക്കിയവരെയും നാം കണ്ടിട്ടുണ്ട്. ഷീബാ അമീര്‍ ഒരു ഉദാഹരണമാണ്. ബ്ലഡ്കാന്‍സര്‍ വന്ന് ദീര്‍ഘകാലം ചികിത്സയിലിരുന്നതിനുശേഷം മരണപ്പെട്ട തന്‍റെ മകളെക്കുറിച്ചുള്ള ദുഃഖം നിലനില്‍ക്കുമ്പോള്‍തന്നെ ഇതുപോലെ കഷ്ടം അനുഭവിക്കുന്നവരോടുള്ള സഹാനുഭൂതി ഷീബയെ കൊണ്ടുചെന്നെത്തിച്ചത് സൊളാസ് പോലുള്ള ഒരു സംഘടനയുടെ രൂപപ്പെടലിലാണ്. പതിനെട്ടുവയസ്സില്‍ താഴെയുള്ള ക്യാന്‍സര്‍ രോഗികളെ സൊളാസ് സഹായിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിപരമായ നഷ്ടത്തിന്‍റെ ചുറ്റുവട്ടത്തില്‍ നിന്ന് ഒരുപാട് പേരിലേക്ക് തന്‍റെ മാതൃസ്നേഹത്തെ പകരാന്‍ ഷീബയ്ക്കു സാധിച്ചത് സഹാനുഭൂതിയെ സാമൂഹ്യോന്മുഖമാക്കിയപ്പോഴാണ്. ഇതുപോലെ സഹജീവികളോടുള്ള സഹാനുഭൂതിയാല്‍ പ്രേരിതമായി രൂപപ്പെട്ട് നിലനില്‍ക്കുന്ന എത്രയോ സംഘടനകള്‍ ലോകമെമ്പാടുമുണ്ട്. കൈലാഷ് സത്യാര്‍ത്ഥി എന്ന നോബല്‍ ജേതാവിന്‍റെ പ്രവൃത്തിമണ്ഡലം രൂപപ്പെടുന്നത് കുഞ്ഞുങ്ങളോടുള്ള സഹാനുഭൂതിയില്‍ നിന്നാണ്. അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും പൊരുതാനും പ്രവര്‍ത്തിക്കാനുമുള്ള അടിസ്ഥനഊര്‍ജ്ജം സഹാനുഭൂതിയാണ്. ലോകത്തോട് സാമൂഹ്യബോധത്തോടെ ഇടപെടാനും നിലകൊള്ളാനും സഹാനുഭൂതി ഉപാധിയായി മാറുന്നുണ്ട്. പലപ്പോഴും ഇത്തരം നിലപാടുകള്‍ സാമൂഹ്യമാറ്റങ്ങള്‍ക്കായുള്ള സമരങ്ങളിലേക്കും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലേക്കും എത്തിക്കാറുണ്ട്. അപ്പോള്‍ സഹാനുഭൂതിയെന്നത് നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കലും നീതിസംസ്ഥാപനത്തിനുവേണ്ടി പീഢ അനുഭവിക്കലും ആകുന്നു. അപ്പോള്‍ അതിന്‍റെ സ്വഭാവവും ഉള്ളടക്കവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതായി മാറുന്നു. സഹാനുഭൂതിയുടെ ഇത്തരം പ്രവൃത്തി മണ്ഡലത്തിലെത്തുന്നവരുടെ ജീവിതം സുഖകരവും ആയാസരഹിതവും ആകണമെന്നില്ല.
ജീവിതത്തിന്‍റെ സമസ്തമണ്ഡലങ്ങളിലും സഹാനുഭൂതിപരമായ ഇടപെടലുകള്‍ക്ക് സാധ്യതയുണ്ട്. വീട്ടമ്മയ്ക്ക് വീട്ടുവേലയ്ക്കു വരുന്നവരോട് സഹാനുഭൂതി അത്യാവശ്യമാണ്. കൂലി കൊടുക്കുന്നു എന്നതുകൊണ്ടുമാത്രം നിര്‍വചിക്കപ്പെടുന്നതല്ല ആ ബന്ധം. കരുതലിന്‍റെയും പങ്കുവയ്ക്കലിന്‍റേതും ആയുള്ള തലം ആ ബന്ധത്തിലുണ്ടാകണം. അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളോടും വിദ്യാര്‍ത്ഥികള്‍ക്ക് തമ്മില്‍ തമ്മിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ഭരണാധികാരികളും ഭരണീയരും തമ്മിലുമെല്ലാം സഹാനുഭൂതിയുടെ തലം ആവശ്യമാണ്. പ്രകൃതിയോടുള്ള മനുഷ്യരുടെ ഓരോ ഇടപെടലും സഹാനുഭൂതിപരമായ വ്യാഖ്യാനങ്ങള്‍ ആവശ്യമാണ്. ഭൂമിയില്‍ ജീവന്‍റെ നിലനില്‍പിന് സഹാനുഭൂതിപരമായ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്.