എല്ലാ ജീവികളും സുഖവും, സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നു. ഏതൊരു മനുഷ്യനും പ്രവര്‍ത്തിക്കുന്നതും ഇതേ ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ്. ഏറ്റവും എളുപ്പത്തില്‍ ഈ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിന് മറ്റുള്ളവര്‍ക്കും ഇതു നല്കുക എന്നതുതന്നെയാണ് ഏക മാര്‍ഗം. ചുരുക്കത്തില്‍ നമ്മുടെ സമാധാനവും സന്തോഷവും ചുറ്റുമുള്ളവരുടെ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും അടിസ്ഥാനത്തില്‍ നിലകൊള്ളുന്നു എന്നു പറയാം.
ശ്രീ നാരായണ ഗുരുദേവന്‍ മനുഷ്യനന്മയ്ക്കായി അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനും സുഖത്തിനായി വരേണം എന്ന് ഉദ്ഘോഷിക്കുകയുണ്ടായി, ലോകാസമസ്താ സുഖിനോഭവന്തു എന്ന മന്ത്രത്തിലും ഈ അര്‍ത്ഥം തന്നെയാണല്ലോ ഉള്‍ക്കോണ്ടിരിക്കുന്നത്.
ശ്രീയേശുദേവന്‍ ലോകത്തോടായി എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. അതു നിങ്ങള്‍ അന്ന്യോന്യം പങ്ക് വയ്ക്കുവിന്‍ എന്ന് അരുള്‍ ചെയ്തതും ഇതേ സൂചനയാണല്ലോനല്‍കുന്നത്. എന്തെന്നാല്‍ ജീവന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ പങ്ക് വയ്ക്കല്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ അവിടുന്ന് നല്‍കിയ ഈവരദാനത്തെ പൂര്‍ണ്ണമായി ഉള്‍ക്കോള്ളാന്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. ഇതിനായി നമ്മുടെ ചിന്തകളെ നമുക്ക് തിരിച്ചറിയേണ്ടതുണ്ട്. മനസ്സിനെ ഒരു സുഹൃത്തെന്നപോലെയോ, ഒരു കൊച്ചുകുഞ്ഞെന്നപോലെയോ കൂട്ടുപിടിച്ച് ചിന്തകളുടെ ആഴങ്ങളെ മനസ്സിലാക്കുകയും തിരിച്ചറിയുകയും വേണ്ടവയെ മാത്രം നിലനിര്‍ത്തി അനാവശ്യമായവയെ ഉപേക്ഷിക്കാനും തയ്യാറാകണം. ഇതിനായി നിരന്തര അഭ്യാസം ആവശ്യമാണ്. ഈ ശ്രദ്ധ നാം നമ്മോടുകാണിക്കുന്ന സഹനുഭൂതിയാണ്.
നാം വലിയ അളവില്‍ സഹാനുഭൂതിയുള്ളവരാണെന്ന് സ്വയം അഭിമാനിക്കുന്നവരാണ്. ഞാനും മറിച്ചല്ലാ ചിന്തിച്ചിരുന്നത്. എന്‍റെ മനസ്സിനെ തിരിച്ചറിയാന്‍ നടത്തിക്കൊണ്ടിരുന്ന നിരന്തരശ്രമത്തിനിടയില്‍ ഒരു ഭാഗ്യം വീണുകിട്ടി. ഗുരു നിത്യചൈതന്യയതിയുടെ പ്രിയ ശിഷ്യന്‍ ശ്രീ ഷൗക്കത്തുമായി പരിചയപ്പെടാന്‍ ഈ അടുത്ത് സാധിച്ചു. അദ്ദേഹത്തിന്‍റെ പലചോദ്യങ്ങളും എന്‍റെ മനസ്സിന്‍റെ ഉള്ളറകളുടെ താക്കോലുകളായിരുന്നു. അവയിലൊന്ന് ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കുന്നു.
മൂന്ന് പേര്‍ക്ക് വീതം ഇരിക്കാവുന്ന സീറ്റുകളുള്ള ഒരു ബസ്സില്‍ നിങ്ങള്‍ യാത്രചെയ്യുന്നുവെന്നിരിക്കട്ടെ. എല്ലാസീറ്റുകളിലും രണ്ട് പേര്‍ വീതം ഇരിക്കുന്നുണ്ട്. ഒരു യാത്രക്കാരന്‍ കയറി വരുന്നു. നിങ്ങളുടെ മനസ്സില്‍ ഉണ്ടാകാനിടയുള്ള ചലനങ്ങളെ ശ്രദ്ധിക്കുക. ആ വ്യക്തി നിങ്ങളുടെ സീറ്റിനടുത്തേക്കെത്തുമ്പോഴേക്കും നിങ്ങളില്‍ ഒരു അസ്വസ്ഥത കൂടുതലായി അനുഭവപ്പെടുമോ.
കസേരകളിയുടെ മനശാസ്ത്രവും നമുക്കൊന്ന് പരിശോധിക്കാം. പതിനാല് കസേരകളും പതിനഞ്ച് കളിക്കാരും ഉള്ളപ്പോഴാണല്ലോ കസേരകളി എന്ന മത്സരം ഉണ്ടാകുന്നത്. ഓരോ ഊഴത്തിലും കസേര ലഭിക്കുവാനുള്ള ആവേശത്തില്‍ എല്ലാ മത്സരാര്‍ത്ഥികളോടും, പ്രത്യേകിച്ച് തോട്ടുമുന്‍പിലുള്ളവ്യക്തിയോട് ഒരു നിമിഷനേരത്തേക്കെങ്കിലും ഒരു ശത്രുതാ ഭാവം മനസ്സില്‍ ഉടലെടുക്കുന്നത് നമുക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ പലപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ബാഹ്യവും ആന്തരികവുമായ ഈ മത്സരം വിജയിയേയും പരാജിതനേയും ഒരുപോലെ ക്ഷീണിപ്പിക്കുന്നതായാണ് അനുഭവപ്പെടാറുള്ളത്. കസേര ലഭിക്കാത്തവര്‍ക്ക് കസേര നല്കി, എല്ലാവരിലും സ്പര്‍ദ്ധയ്ക്ക് പകരം സാഹോദര്യം നിറക്കേണ്ടിടത്ത് കസേരകള്‍ കുറച്ച്കൊണ്ട് വന്ന് മത്സരം കടുപ്പിക്കുകയാണ് ചുറ്റുമുള്ളവര്‍ ചെയ്യുന്നത്. സ്വന്തം വിജയം മാത്രം ലക്ഷ്യമാക്കി കുതിക്കുന്ന നമുക്ക് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ സമയം എവിടെ. എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത് നമ്മുടെ സ്കൂളുകളില്‍ നിന്നും എല്ലാ രീതിയിലുമുള്ള മത്സരങ്ങളെയും നിരോധിക്കണമെന്നാണ്. മത്സരങ്ങള്‍ക്ക് വേണ്ടിയല്ലാത്ത പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും കൂടുതല്‍ പ്രഭയുള്ളവയായിരിക്കുമെന്നാണ് അനുഭവവും.
സഹാനുഭൂതിയുടെ ആദ്യപാഠം അവിടെനിന്ന് തുടങ്ങാം. എന്തെന്നാല്‍ ഏതുമത്സരത്തിലായാലും സ്ഥിരം തോല്‍വി സഹാനുഭൂതിക്കായിരിക്കാം.
ഇതിന്‍റെ ആഴവും പരപ്പും മനസ്സിലാക്കുവാന്‍ കുടുംബങ്ങളിലേക്ക് നമുക്കൊന്ന് പോകാം.
പരീക്ഷക്ക് മാര്‍ക്കെങ്ങാന്‍ കുറഞ്ഞാല്‍ അമ്മമാര്‍ ദേഷ്യവും നിരാശയും കൂട്ടികലര്‍ത്തി ആക്രോശിക്കുന്നത് കേള്‍ക്കാം നിന്നെ കുറിച്ചിള്ള പ്രതീക്ഷകളെല്ലാം തീര്‍ന്നു, നിനക്ക് വേണമെങ്കില്‍ നീ പഠിച്ചോ എനിക്ക് വേണ്ടി പഠിക്കണ്ടാ.ഇതു കേള്‍ക്കുന്ന കുട്ടി അവനു വേണ്ട എന്ന തീരുമാനത്തില്‍ മറ്റിടങ്ങളിലേക്ക് ശ്രദ്ധതിരിച്ചാല്‍ കുറ്റം പറയാനുണ്ടോ. അമ്മയുടെ മനസ്സില്‍ നുരഞ്ഞ് പൊന്തുന്ന മാത്സര്യമാണ് ഇങ്ങിനെ പറയിപ്പിക്കുന്നത്. പക്ഷേ കുട്ടി പിന്നീട് പലതും അമ്മയോട് മറയ്ക്കാന്‍ തുടങ്ങും എന്നതാണ് പൊതുവേ കണ്ടുവരുന്നത്.
ചുരുക്കത്തില്‍ എല്ലാ മൂല്ല്യങ്ങളും ആരംഭിക്കുന്നത് ദയയില്‍ നിന്നും സ്നേഹത്തില്‍ നിന്നുമാണ്. സമൂഹത്തിന്‍റെ ദുഖം കണ്ട് കൊട്ടാരം വിട്ട് അറിവിലേക്കിറങ്ങിയ സിദ്ധാര്‍ത്ഥ രാജകുമാരനെ ഇത്തരുണത്തില്‍ നമുക്കോര്‍ക്കാം.
സഹാനുഭൂതിയും കരുണയും ഏറ്റവും ലഭിക്കേണ്ട വൃദ്ധജനങ്ങള്‍ക്കാണ് ഇന്ന് ആയത് ഏറ്റവും നിഷേധിക്കപ്പെടുന്നതെന്നുള്ളതും ഒരു സത്യമാണ്. നമ്മുടെ നാട്ടില്‍ പൊതുവേ കുടുംബപേര് ഒരു മഹത്ത്വത്തിന്‍റെ അളവുകോലായി നാം കൊണ്ടുപോരുന്നു. എന്നാല്‍ പ്രായമായവരോടുള്ള അവഗണനയുടെയും പരിഗണനയുടെയും അടിസ്ഥാനത്തില്‍ ആയത് പുതുക്കി നിശ്ചയിക്കുന്നത് നന്നായിരിക്കും. ഇത്തരുണത്തില്‍ എന്‍റെ ഒരടുത്ത സുഹൃത്തിന്‍റെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം ഒരു പെണ്ണ് കാണല്‍ ചടങ്ങില്‍ പോയിട്ട് വരുന്ന വഴിയാണ്. പെണ്‍കുട്ടിയുടെ മറ്റ് യോഗ്യതകളേക്കാള്‍ കൂടുതല്‍ അവള്‍ ചിലതെല്ലാം പരിശോധിക്കുന്ന പതിവുണ്ട്. അവയിലൊന്ന് ആ വീടിന്‍റെ ഭിത്തികളില്‍ പതിഞ്ഞിട്ടുള്ള കൈപ്പാടുകളാണത്രെ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ആ പാടുകള്‍ വീട്ടില്‍ പ്രായമായവര്‍ക്ക് സ്വാതന്ത്യമുണ്ടെന്നുള്ളതിന്‍റെ തെളിവാണെന്നാണ്. ഭിത്തിയുടെ സൗന്ദര്യത്തെക്കാള്‍ മനസ്സിന്‍റെ സൗന്ദര്യത്തിന് വിലനല്‍കുന്നവര്‍.
എല്ലാ ജീവജാലങ്ങള്‍ക്കുമെന്നപോലെ മനുഷ്യരായ നമ്മുക്കും ഒറ്റക്ക് നിലനില്‍ക്കാനാവില്ലാ എന്ന സത്യം ആഴത്തിലനുഭവിക്കാന്‍ തുടങ്ങുമ്പോള്‍ നാമറിയാതെ സഹാനുഭൂതി തേടുകയും, അത് നല്‍കുവാന്‍ തീരുമാനിക്കുമ്പോള്‍ മാനവ സംസ്കാരം പൂര്‍ണ്ണതയിലേക്ക് നീങ്ങുകയും ചെയ്യുന്നു.
സ്നേഹത്തിന് ഭാഷകളുണ്ടത്രേ. വിഖ്യാതനായ ഗാരി ചാപ്മാന്‍ സ്നേഹത്തിന്‍റെ ഭാഷയെ പറ്റിപറയുന്നത് ഒന്നു കാണൂ. സ്നേഹം എന്നത് മനസ്സില്‍തോന്നുന്ന ഒരു വികാരമോ വിചാരമോ അല്ലാ. മറിച്ച് ഒരു പ്രവര്‍ത്തനമാണ് സ്നേഹം. സ്നേഹിക്കപ്പെടുന്ന വ്യക്തിയാണ് തീരുമാനിക്കേണ്ടത് അത് സ്നേഹമായിരുന്നുവെന്നത്.
നമുക്ക് തുടക്കത്തിലേക്ക് തിരിഞ്ഞു നോക്കാം. ഓരോവ്യക്തിയും ഓരോനിമിഷവും ആഗ്രഹിക്കുന്നത് ശാന്തതയും സമാധാനവുമാണ്. അതു ലഭിച്ചാല്‍ മാത്രമേ ഒരുവന്‍ സ്നേഹത്തിലേക്ക് വളരുകയുള്ളൂ. അതിനുള്ള ഭാഷ ഇവയാണ്.
1, സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന നല്ല വാക്കുകള്‍, ആശയവിനിമയങ്ങള്‍.
2, സമ്മാനങ്ങള്‍ നല്‍കല്‍.
3, ആവശ്യത്തിലും ആപത്തിലും സഹായം ലഭ്യമാക്കല്‍.
4, സ്നേഹിക്കുന്നവര്‍ക്കായി ഗുണപരമായി ചിലവഴിക്കുന്ന സമയം.
5, സ്നേഹമസൃണമായ സ്പര്‍ശനങ്ങള്‍.
മേല്‍പറഞ്ഞ ഭാഷകള്‍ സംവദിക്കുമ്പോഴാണ് സ്നേഹിക്കപ്പെടുന്ന വ്യക്തിക്ക് അത് അനുഭവത്തില്‍ ബോധ്യം ആകുന്നത്.
ചുരുക്കത്തില്‍ നിങ്ങള്‍ മേല്‍ ഭാഷകളില്‍ ഈ ദിവസങ്ങളില്‍ ആരോടും സംസാരിച്ചിട്ടില്ലാ എങ്കില്‍ നിങ്ങള്‍ ഈ ദിവസങ്ങളില്‍ ആരേയും സ്നേഹിച്ചിട്ടില്ലാ എന്ന് പറയാം. നിങ്ങളുടെ ഉള്ളില്‍ തോന്നിയ വികാരവിചാരങ്ങള്‍ ആ വ്യക്തിയോട് തോന്നിയ ഇഷ്ടം മാത്രമാണ്. സ്നേഹവും ഇഷ്ടവും തിരിച്ചറിയുന്നത് നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവിത വിജയത്തിന് അത്യന്തം സഹായകമാകും. നമുക്ക് ലഭിച്ച നന്മകള്‍ ചുറ്റുമുള്ളവരുമായി പങ്ക് വയ്ക്കാന്‍ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. മേല്‍പറഞ്ഞ ഭാഷകളിലൂടെ നമുക്ക് സ്നേഹം സംസാരിക്കാം.