news-details
കവർ സ്റ്റോറി

പ്രതിമയും മീവല്‍പ്പക്ഷിയും: സഹാനുഭൂതിയുടെ കാവ്യശാസ്ത്രം

ഓസ്കര്‍ വൈല്‍ഡിന്‍റെ ഹാപ്പി പ്രിന്‍സ് എന്ന കഥ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഹാപ്പി പ്രിന്‍സ് എന്ന കഥാപാത്രത്തിന്‍റെ ജീവിതചക്രത്തിലെ മൂന്ന് ഘട്ടങ്ങളാണ് കഥയില്‍ ചുരുള്‍ നിവര്‍ക്കുന്നത്. ഒന്നാമതായി, ദുഃഖം തീണ്ടാത്ത സാന്‍സ് സൂസി കൊട്ടാരത്തില്‍ മരണംവരെയുള്ള നിര്‍വിചാരമായ സൗഭാഗ്യജീവിതം. രണ്ടാമതായി, മരണാനന്തരം സകലത്തിനും സാക്ഷിയായ് നഗരമദ്ധ്യത്തില്‍ ഉയര്‍ത്തപ്പെട്ട പ്രതിമയുടെ വിഷാദഭരിതമായ ഒറ്റപ്പെട്ട ജീവിതം. ഒടുവില്‍ മൂന്നാമതായി, ദേശാടനത്തിനിടയില്‍ കാലംതെറ്റി കൂട്ടം തെറ്റി നഗരത്തിലെത്തിയ ഒരു മീവല്‍പക്ഷിയുടെ സഹായത്തോടെ തന്‍റെ ശരീരം പൊതിഞ്ഞിരുന്ന പൊന്നും രത്നങ്ങളും സഹായം അര്‍ഹിക്കുന്നവര്‍ക്ക് വിതരണം ചെയ്ത് സ്വയം പൊട്ടിച്ചിതറുന്ന പ്രതിമയുടെ ദയാര്‍ദ്രവും സഫലവും ആയ ആത്മീയജീവിതം. വേര്‍പെട്ടുപോയ കൂട്ടത്തോടൊപ്പം ഒത്തുചേരാന്‍ തിടുക്കം കൂട്ടിയ മീവല്‍പ്പക്ഷിയുടെ ഹൃദയത്തില്‍ സഹാനുഭൂതിയുടെ ആര്‍ദ്രത നിറച്ചു സ്വാധീനിച്ചുകൊണ്ടാണ് പ്രിന്‍സ് അതിനെ തന്‍റെ മിഷനറി ആക്കി കൂടെ നിര്‍ത്തിയത്. ദേശാടനവും കൂട്ടവും വെടിഞ്ഞ മീവല്‍പ്പക്ഷി തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി ജീവന്‍ വെടിയുമ്പോള്‍ നമ്മുടെ ഉള്ളിലും സഹാനുഭൂതിയുടെ നനവ് പടരുന്നു.

കഠിനഹൃദയര്‍, ആര്‍ദ്രഹൃദയര്‍, മറ്റ് ഹൃദയങ്ങളെ അലിയിക്കാന്‍ കഴിവുള്ളവര്‍ എന്നിങ്ങനെ മനുഷ്യരെ മൂന്നായി തിരിക്കാമെന്ന് അര്‍ത്ഥം വരുന്ന ഒരു അറബി പഴമൊഴിയുണ്ട്. പഴമൊഴിയിലെ മൂന്ന് സ്വഭാവഗുണങ്ങളും ഹാപ്പി പ്രിന്‍സിന്‍റെ മൂന്ന് ജീവിതങ്ങളില്‍ യഥാക്രമം പ്രതിഫലിക്കുന്നുണ്ട്. ജീവിച്ചിരുന്നപ്പോള്‍ മറ്റാരെക്കുറിച്ചും തെല്ലും കരുതാതിരുന്ന പ്രിന്‍സിന്‍റെ ഹൃദയം ആര്‍ദ്രമാകുന്നത് മരണാനന്തരം പ്രതിമയായ് നഗരമദ്ധ്യത്തില്‍ നാട്ടിയുറപ്പിച്ച നിര്‍ജ്ജീവനിശ്ചലഘട്ടത്തിലാണ്. ജീവനുള്ള ഹൃദയം കഠിനവും പ്രതിമയുടെ ഹൃദയം ആര്‍ദ്രവുമാകുന്നതെന്തുകൊണ്ടാണ്? സ്വാര്‍ത്ഥമതികള്‍ക്കുനേരെ വിപരീതോപമാനം ഉപയോഗിച്ചു തൊടുത്തുവിടുന്ന പരിഹാസശരമാണിത്. കഠിനഹൃദയരായി ജീവിച്ചുമരിച്ച ബന്ധുക്കള്‍ക്കുവേണ്ടി കുര്‍ബാന കഴിപ്പിച്ചു സംതൃപ്തി അടയുന്നവരും ഈ ശരത്തിന് ലക്ഷ്യമാകും. കഠിനഹൃദയം/ആര്‍ദ്രഹൃദയം എന്ന ദ്വന്ദ്വത്തിലാണ് ഹാപ്പി പ്രിന്‍സ് എന്ന കഥയുടെ കാവ്യശാസ്ത്രം ഉറപ്പിച്ചിരിക്കുന്നത്. ആര്‍ദ്രത ചൊരിയുന്ന സഹാനുഭൂതിയുടെ തട്ടാണ് കഥയില്‍ താണിരിക്കുന്നത്.

കഠിനഹൃദയത്തില്‍നിന്നാണ് ക്രൂരതകള്‍ ഉത്ഭവിക്കുന്നതെന്ന റോമന്‍ ചിന്തകനായ സെനക്കയുടെ അഭിപ്രായം സിംപതി/സഹാനുഭൂതി എന്ന പദത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാന്‍ വിപരീതമായി നമ്മെ സഹായിക്കും. ആര്‍ദ്രഹൃദയത്തില്‍നിന്നാണ് സഹാനുഭൂതി പ്രവഹിക്കുന്നത്.

ഒരു പരോപകാരപ്രവൃത്തി ചെയ്തപ്പോള്‍ തന്‍റെ ശരീരത്തിലുണ്ടായ പ്രതികരണങ്ങളെപ്പറ്റി ലോറന്‍സ് സ്റ്റേണിന്‍റെ എ സെന്‍റിമെന്‍റല്‍ ജേര്‍ണി (1768) യുടെ കാഥികന്‍ പറയുന്നത് ഇപ്രകാരമാണ്: "എന്‍റെ ശരീരത്തിലെ ഓരോ ധമനിയും വികസിക്കുന്നതായി എനിക്കനുഭവപ്പെട്ടു. രക്തവാഹിനികള്‍ ഒരുമിച്ച് വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി... ജീവന്‍ താങ്ങിനിര്‍ത്തിയ സകല ശക്തികളും സ്നിഗ്ദ്ധമായി പ്രവര്‍ത്തിച്ചുതുടങ്ങി." മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമ്പോളാണ് അവര്‍ക്ക് ഉപകാരം ചെയ്യാന്‍ നമുക്ക് പ്രേരണ ഉണ്ടാകുന്നത്.

ചിത്രകാരനായ വിന്‍സന്‍റ് വാന്‍ഗോഖ് കല്‍ക്കരി ഖനികളില്‍ പണിയെടുക്കുന്ന പാവങ്ങളുടെയും ദരിദ്രകര്‍ഷകരുടെയും ഇടയില്‍ ഒരു മിഷനറിപ്രവര്‍ത്തകനായിട്ടാണ് ജീവിതം തുടങ്ങിയത്. തനിക്കുണ്ടായിരുന്ന അധികവസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്തും വയ്ക്കോല്‍ വിരിച്ച തറയില്‍ കിടന്നുറങ്ങിയും പാവങ്ങളോട് ഏകീഭവിച്ച വിന്‍സെന്‍റിനെ അന്തസ്സിനു നിരക്കാത്ത പെരുമാറ്റം ആരോപിച്ച് മിഷനറിസംഘത്തില്‍നിന്ന് പിരിച്ചുവിട്ടു. കല്‍ക്കരി ഖനികളിലും വയലുകളിലും പണിയെടുത്ത് നടുവൊടിഞ്ഞ നിസ്വരോടുള്ള വാന്‍ ഗോഖിന്‍റെ സഹാനുഭൂതിയാണ് ബെയറേഴ്സ് ഓഫ് ദ ബേര്‍ഡന്‍ (1881), ദ പൊട്ടറ്റോ ഈറ്റേഴ്സ് (1885) തുടങ്ങിയ വിഖ്യാത ചിത്രങ്ങളായി പരിണമിച്ചത്. ഫ്രഞ്ച് ചിത്രകാരനായ ഴാങ് മീയേയുടെ ദ ഗ്ലീനേഴ്സ്, ഹാര്‍വെസ്റ്റേഴ്സ് റസ്റ്റിങ്, ദ ഫാഗട്ട് ഗ്യാതറേഴ്സ് പോലുള്ള മിക്ക ക്യാന്‍വാസുകളിലും ദരിദ്രകര്‍ഷകരോടുള്ള സഹാനുഭൂതിയാണ് നിറഞ്ഞു തുളുമ്പുന്നത്. ഫാസിസ്റ്റ് ബോംബിങ്ങില്‍ തകര്‍ന്നടിഞ്ഞ സ്പാനിഷ് കടലോരഗ്രാമത്തോടു പിക്കാസോയ്ക്കു തോന്നിയ സഹാനുഭൂതിയാണ് ഫാസിസത്തോടുള്ള പ്രതിഷേധമായി ഗേര്‍ണിക എന്ന മോണോക്രോമില്‍ തീവ്രമായി പ്രത്യക്ഷപ്പെട്ടത്.മാനസികവും സാമൂഹികവുമായ ജീവിതത്തില്‍ വികാരങ്ങള്‍ക്കുള്ള പങ്ക് എടുത്തുകാട്ടിയ ജോണ്‍ ലോക്കിന്‍റെ എസ്സേ ഓണ്‍ ഹ്യൂമന്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങ് (1689) യുക്തിക്കും സമൂഹത്തിനും പ്രശ്നം സൃഷ്ടിക്കുന്ന യുക്തിഹീനമായ രസങ്ങളാണ് വികാരങ്ങളെന്ന ധാരണ തിരുത്തി. ഇതോടെ ചിന്തയുടെ ഉറവിടമായും ക്രിയാത്മകമായ ഒരു സാമൂഹ്യശക്തിയായും വികാരങ്ങളെ കണ്ടുതുടങ്ങി. ലോക്കിന്‍റെ ശിഷ്യനായ ഡേവിഡ് ഹ്യൂം, യുക്തി വികാരങ്ങള്‍ക്ക് വിധേയമാകണമെന്ന അഭിപ്രായക്കാരനായിരുന്നു. ശരിയിലേക്ക് നമ്മെ നയിക്കാന്‍ കഴിവുള്ള വഴികാട്ടികളാണ് നമ്മുടെ വികാരങ്ങളെന്നു നൈതിക-രാഷ്ട്രീയ ചിന്തകന്മാര്‍ വാദിച്ചുതുടങ്ങി. സാമൂഹ്യമായി കൂടുതല്‍ ഭാഗ്യശാലികളായവര്‍ക്കും അല്ലാത്തവര്‍ക്കും ഇടയിലെ വിവേചനങ്ങള്‍ കുറയ്ക്കാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും നമ്മെ സഹായിക്കുന്നത് മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ കരുതലുകളാണെന്ന കാര്യം അവര്‍ വ്യക്തമാക്കി. വിപുലമായ സാമൂഹ്യമാറ്റങ്ങളോടുള്ള പ്രതികരണമായി പ്രത്യക്ഷപ്പെട്ട ഇത്തരം ചിന്തകള്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് പ്രേരണയായിത്തീരുകയും ചെയ്തു.

സ്വതന്ത്രവിപണിയുടെ സമ്പദ്ശാസ്ത്രജ്ഞനായ ആദം സ്മിത്ത് തിയറി ഓഫ് മോറല്‍ സെന്‍റിമെന്‍റ്സ് (1759) എന്ന അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ സഹാനുഭൂതിയെ നിര്‍വചിക്കുകയും അതിന്‍റെ അര്‍ത്ഥം വിശദമാക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, മറ്റൊരാളുടെ അവസ്ഥയും വികാരവും മനസ്സിലാക്കാനുള്ള ശേഷിയാണ് സഹാനുഭൂതി; അത് വ്യക്തികള്‍ തമ്മിലുള്ള നൈതികബന്ധങ്ങളെ നിയന്ത്രിക്കുന്ന ഒരു ഉപായമാണ്. ആരോഗ്യമുള്ളവര്‍ക്കും രോഗികള്‍ക്കുമിടയില്‍, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയില്‍, എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന സഹാനുഭൂതിയുടെ ബന്ധങ്ങള്‍ ഒട്ടേറെ കലാ-സാഹിത്യ രചനകള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. തോമസ് ഡിക്വിന്‍സിയുടെ അഭിപ്രായത്തില്‍, മറ്റൊരാളുടെ വികാരങ്ങള്‍ നമ്മുടെ മനസ്സില്‍ പുനരുല്പാദിപ്പിക്കുന്ന പ്രവൃത്തിയാണ് സഹാനുഭൂതി. ഇംഗ്ലണ്ടില്‍ പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിനുമിടയില്‍, സഹാനുഭൂതിയുടെ പേരില്‍ ഒരു സാഹിത്യ/സാംസ്കാരിക പ്രസ്ഥാനം തന്നെ നിലവില്‍ വന്നു. സെന്‍സിബിലിറ്റി/സംവേദനം എന്നായിരുന്നു അതിന്‍റെ പേര്.

മറ്റുള്ളവരോടുള്ള മനുഷ്യത്വപരമായ സമീപനത്തിന് സെന്‍സിബിലിറ്റി ഊന്നല്‍ നല്‍കി. അത് ലിബറല്‍/റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചു. അത് പ്രചരിപ്പിച്ച കണ്ണീരിന്‍റെ പദാവലിയും കഷ്ടതകളുടെ ദയനീയവിവരണങ്ങളും വൈകാരികതയും വില്യം വില്‍ബര്‍ഫോഴ്സിനെപ്പോലെ പരിഷ്കരണവാദികളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പ്രയോജനപ്പെട്ട ശക്തമായ വിഭവങ്ങളായിരുന്നു. കേരളത്തില്‍ അടിമവിമോചനത്തിന് നേതൃത്വം നല്‍കിയ മിഷനറിസംഘങ്ങളിലൊന്നായ സി.എം.എസിന്‍റെ സ്ഥാപകരിലൊരാളായിരുന്നു വില്‍ബര്‍ഫോഴ്സ്. അടിമവിമോചനത്തിനും ആഗോളതലത്തില്‍ കോളനിജനതകള്‍ക്കും ദരിദ്രര്‍ക്കും അനുകൂലമായ മനുഷ്യത്വപരമായ പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ സെന്‍സിബിലിറ്റി വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. വില്യം ബ്ലേക്കിന്‍റെ ദ ലിറ്റില്‍ ബ്ലാക് ബോയ്, ചിമ്നി സ്വീപ്പര്‍ തുടങ്ങിയ കവിതകളില്‍ സഹാനുഭൂതിയുടെ രാഷ്ട്രീയമാനം പ്രകടമാണ്.

നിര്‍ഭയ എന്ന പെണ്‍കുട്ടി റെയ്പ് ചെയ്യപ്പെട്ട് മരിച്ചപ്പോള്‍ സഹാനുഭൂതിയുടെ രാഷ്ട്രീയമാണ് ഡല്‍ഹിയുടെ തെരുവുകളില്‍ അണപൊട്ടി ഒഴുകിയത്. മതാന്ധരുടെയും ഫാസിസ്റ്റുകളുടെയും നടപടികളിലൊന്നായ സദാചാരപോലീസിങ്ങിന്‍റെ പീഡനമനുഭവിക്കുന്നവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതായിരുന്നു ഈയിടെ നടന്ന കിസ്സ് ഓഫ് ലവ് എന്ന പ്രതിഷേധപ്രകടനം. വിരുദ്ധമായ രണ്ട് കോണുകളില്‍നിന്നാണ് സഹാനുഭൂതിയുടെ രാഷ്ട്രീയം എതിര്‍പ്പ് നേരിടുന്നത്. വിപ്ലവവിരുദ്ധരാണ് ഒരു കൂട്ടര്‍. സ്ത്രൈണവും ദുര്‍ബലവുമായ രീതിയാണ് സഹാനുഭൂതിയുടേതെന്ന് കരുതുന്നവരാണ് മറ്റൊരു കൂട്ടര്‍.

നിര്‍ഭയയുടെ കാര്യത്തില്‍ അണപൊട്ടിയൊഴുകിയ സഹാനുഭൂതി ദളിതരുടെയും ആദിവാസികളുടെയും കാര്യം വരുമ്പോള്‍ വറ്റിവരണ്ടുപോകുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുമ്പില്‍ ആദിവാസികള്‍ നില്‍പ്പുസമരത്തിലായിരുന്നു. ഈ സമരത്തോട് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ സമദൂരമാണ് പാലിച്ചത്. ആദിവാസികളും മനുഷ്യരാണെന്നും അവരും കേരളത്തിലെ ജനങ്ങളാണെന്നും കരുതാന്‍ വേണ്ട സഹാനുഭൂതി കേരളം അവരോട് എന്നെങ്കിലും കാട്ടുമോ? സ്വര്‍ണം പൊതിഞ്ഞ, രത്നഖചിതമായ ഹാപ്പി പ്രിന്‍സിന്‍റെ പ്രതിമ അവര്‍ക്കുവേണ്ടി ഒരിക്കല്‍ക്കൂടി പൊട്ടിച്ചിതറുമോ?

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts