news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

കറാച്ചിയിലെ വിശുദ്ധ

 
 
 
കേവലമൊരു വിസ പ്രശ്നമാണ് യാത്ര തുടരാനാവാതെ അവളെ കറാച്ചിയില്‍ കുടുക്കിയത്. എന്നാല്‍, വിധി കൊണ്ടുചെന്നെത്തിച്ചിടത്ത് അവളൊരു പ്രകാശഗോപുരമായി. ഒടുവില്‍ 57 വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആ ക്രിസ്തീയ സന്യാസിനിക്ക് രാജ്യം അന്ത്യയാത്രാ മൊഴിയേകുമ്പോള്‍ പാക് പ്രധാനമന്ത്രി ഷാഹിദ് ഖക്കാന്‍ അബ്ബാസി ഇങ്ങനെ പറഞ്ഞു,   "തീരെച്ചെറുപ്പമായിരുന്ന ഒരു രാഷ്ട്രത്തിന്‍റെ പ്രഭാതത്തിലേക്കാണ് അവള്‍ വന്നുകയറിയത്. അഗതികളും രോഗികളുമായ അനേകരുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമായിരുന്നു അവളുടെ ലക്ഷ്യം. ആ ദൗത്യത്തിനിടെ ഈ രാജ്യം അവള്‍ക്ക്  സ്വന്തം ഭവനമായി. ജനിച്ചത് ജര്‍മ്മനിയിലാ യിരുന്നെങ്കിലും ആ ഹൃദയം എല്ലായ്പ്പോഴും തുടിച്ചത് പാക്കിസ്ഥാനുവേണ്ടിയായിരുന്നു."
 
നികൃഷ്ടരെന്നെണ്ണി സമൂഹം അഴുക്കുചാലില്‍ ത്തള്ളിയ പതിനായിരക്കണക്കിന് കുഷ്ഠരോഗി കള്‍ക്ക് സാന്ത്വനത്തിന്‍റെയും വിമോചനത്തിന്‍റെയും ദേവസംഗീതമായെത്തിയ ആ ജര്‍മ്മന്‍ വനിതയെ, ഡോ. റൂത്ത് ഫാവുവിനെ ലോകം വിളിച്ചു, "പാക്കിസ്ഥാനിലെ മദര്‍ തെരേസ".
 
1929 സെപ്റ്റംബര്‍ 9 ന് കിഴക്കന്‍ ജര്‍മനിയിലെ ലെയ്പ്സിങ്ങില്‍ വാള്‍ട്ടറിന്‍റെയും മാര്‍ത്ത ഫാവുവിന്‍റെയും നാലാമത്തെ മകളായാണ് റൂത്ത്  കാതറിന മാര്‍ത്ത ഫാവു ജനിച്ചത്. അവള്‍ക്ക് നാലു വയസ്സായപ്പോഴേക്കും ജര്‍മ്മനി നാസികളുടെ ഭരണത്തിന്‍കീഴിലായിരുന്നു.  ഏറെ വൈകാതെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജര്‍മനിയുടെ കിഴക്കന്‍ മേഖലകളില്‍ സഖ്യക ക്ഷികള്‍ നടത്തിയ ബോംബാക്രമണത്തില്‍ റൂത്തിന്‍റെ ഭവനവും തകര്‍ന്നടിഞ്ഞു. അപ്പോള്‍ അവള്‍ക്ക്  വയസ്സ് പതിനാല്. യുദ്ധത്തെത്തുടര്‍ന്ന്  സോവിയറ്റ് യൂണിയന്‍ കിഴക്കന്‍ ജര്‍മ്മനിയിലേക്ക് അധിനിവേശം ചെയ്തെത്തിയതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. 
 
ആ യുദ്ധകാലത്ത്, രോഗബാധിതനായ അനുജന്‍ വേണ്ടത്ര ചികിത്സ കിട്ടാതെ മരണമടഞ്ഞത് റൂത്തിന് വലിയ വേദനയായി. വൈദ്യശാസ്ത്രം പഠിക്കണമെന്നായി അവള്‍ക്ക്. അങ്ങനെ അച്ഛനൊപ്പം തെക്കന്‍ ജര്‍മനിയിലേക്ക് അവള്‍ പലായനം ചെയ്തു. അവിടെ യൂണിവേ ഴ്സിറ്റി ഓഫ് മെയിന്‍സില്‍ വൈദ്യപഠനത്തിനു ചേര്‍ന്നു. അക്കാലത്ത് കോളേജില്‍ വച്ച് പരിചയപ്പെട്ട ഒരു ഡച്ച് ക്രിസ്ത്യന്‍ വനിതയാണ് അവളിലെ സ്നേഹകാരുണ്യങ്ങളുടെ കനലിനെ ഊതിത്തെളി ച്ചെടുക്കുന്നത്. നാസി ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട്, കാണുന്നവരോടൊക്കെ സ്നേഹത്തിന്‍റെ സുവി ശേഷം പറയാന്‍ തന്‍റെ ശിഷ്ടകാലം ഉഴിഞ്ഞുവച്ച ആ കൂട്ടുകാരിയുടെ വാക്കുകള്‍ അവളെ ആഴത്തില്‍ സ്വാധീനിച്ചു. മാനവസേവനമാണ് തന്‍റെ വഴിയെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. 
പഠനശേഷം ചികിത്സാപരിശീലനാര്‍ഥം മാര്‍ബെര്‍ഗിലേക്ക് റൂത്ത് മാറി. അവിടെവച്ച് ഒരു ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്‍റായി സ്നാനമേറ്റു. പിന്നീട് 1953ലാണ് അവള്‍ റോമന്‍ കത്തോലിക്ക സഭാംഗമാകുന്നത്. ദൈവശാസ്ത്രത്തെ സ്വാഭാവിക യുക്തികൊണ്ട് വിശദീകരിച്ച വി. തോമസ് അക്വിനാസിന്‍റെ ആശയങ്ങളാണ് തന്നെ കത്തോലിക്ക സഭയിലേക്ക് നയിച്ചതെന്ന് പിന്നീടവള്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
 
1957 ഓടെ പാരീസിലെത്തിയ റൂത്ത്, ഡോട്ടേഴ്സ് ഓഫ് ദി  ഹാര്‍ട്ട് ഓഫ് മേരി എന്ന സന്യാസ സമൂഹത്തിന്‍റെ  ഭാഗമായിച്ചേര്‍ന്നു.  അത്തരമൊരു വിളിയെ നിങ്ങള്‍ക്കെങ്ങനെയാണ് നിരസിക്കാ നാവുക. കാരണം ആ വിളി നിങ്ങളുടെ തെരഞ്ഞെടുപ്പല്ല. ദൈവം അവനുവേണ്ടി നിങ്ങളെ വിളിക്കുന്നതാണ്. - സന്യാസജീവിതത്തിലേക്കുള്ള തന്‍റെ വിളിയെപ്പറ്റി പിന്നീടൊരിക്കല്‍ അവള്‍ പറഞ്ഞു. മൂന്നുവര്‍ഷ ങ്ങള്‍ക്കു ശേഷം 1960ല്‍ ആ സന്യാസസമൂഹം റൂത്തിനെ തെക്കേയിന്ത്യയിലേക്കയച്ചു. യാത്രാ മദ്ധ്യേ കറാച്ചിയിലിറങ്ങിയ അവള്‍ക്ക് വിസ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാ നായില്ല. അങ്ങനെ കറാച്ചിയില്‍ തുടരാന്‍ അവള്‍ നിര്‍ബ്ബന്ധിതയാവുകയായിരുന്നു. കറാച്ചിയുടെ ചേരികളില്‍ എല്ലാവരാലുമുപേക്ഷിക്കപ്പെട്ട് ഗതികെട്ട് ജീവിക്കുന്ന അനേകം കുഷ്ഠരോഗികളെ അവള്‍ കണ്ടു. അവിടെയൊരു ചേരിയിലെ ചെറ്റക്കുടിലില്‍ ഒരു താല്‍ക്കാലിക ഡിസ്പെന്‍സറി തുടങ്ങി, രോഗികളെ ചികിത്സിക്കാനാരംഭിച്ചു. 
 
2010ല്‍ ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍, തന്‍റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ ഡോ. റൂത്ത് ഇങ്ങനെ ഓര്‍ത്തെടുക്കുന്നു.  "അന്ന് കറാച്ചിയിലെ ചേരിയി ലുള്ള എന്‍റെ താല്‍ക്കാലിക ക്ലിനിക്കിലേക്ക് ആദ്യമായി കടന്നുവന്ന പത്താന്‍ വംശജനായ ആ ചെറുപ്പക്കാരനാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്. എനിക്കന്ന് 30 വയസ്സാണ്. അവനും അത്രയേ പ്രായമുണ്ടാവൂ. നിങ്ങള്‍ക്കറിയാമോ... കുഷ്ഠരോ ഗിയായ ആ യുവാവ് മുട്ടിലിഴഞ്ഞാണ് എന്‍റെ മുന്നിലേക്കെത്തിയത്. ആ തെരുവിലെ മുഴുവന്‍ ചെളിയും അഴുക്കും അവന്‍റെ ശരീരത്തിലു ണ്ടായിരുന്നു. ഈ കൊടിയ യാതനയിലും അവന്‍റെ മുഖത്ത് കണ്ട ആ സ്വാഭാവിക, നിസംഗഭാവം എന്‍റെ മനസ്സിനെ വല്ലാതെ തകര്‍ത്തുകളഞ്ഞു. എന്‍റെ ഇനിയുള്ള ജീവിതം ആര്‍ക്കും വേണ്ടാത്ത, എല്ലാവരാലും വെറുക്കപ്പെട്ട ഈ മനുഷ്യര്‍ക്കു വേണ്ടി മാറ്റിവയ്ക്കാന്‍ അങ്ങനെ ഞാന്‍ തീരുമാനിക്കുകയായിരുന്നു."
 
1961ല്‍ ഡോ.റൂത്ത് തെക്കേയിന്ത്യയിലെത്തി, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കുഷ്ഠരോഗചികിത്സയില്‍ പ്രത്യേക പരിശീലനം നേടി. തിരികെ കറാച്ചിയിലെത്തിയ അവള്‍ മേരി അഡെലെയ്ഡ് ലെപ്രസി സെന്‍റര്‍ എന്ന ചികിത്സാലയം ആരംഭിച്ചു. വൈകാതെ മറ്റൊരു കുഷ്ഠരോഗചികിത്സാലയവും ഏറ്റെടുത്തു. കറാച്ചിയിലും പാക്കിസ്ഥാന്‍റെ ഇതര ഭാഗങ്ങളിലും നിന്നുമാത്രമല്ല അഫ്ഗാനിസ്ഥാനില്‍ നിന്നുപോലും രോഗികള്‍ ഇവിടേക്കെത്തി. പാക്കിസ്ഥാനിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുഷ്ഠരോഗചികിത്സയ്ക്കായി നിരവധി പരിശീലന പരിപാടികളും ഡോ. റൂത്തിന്‍റെ നേതൃത്വത്തില്‍ നടന്നു.
 
രാജ്യത്ത് ഒരു ക്രിസ്തീയ മിഷണറിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യപ്രവര്‍ത്തന ങ്ങളോട് ആദ്യമൊന്നും പാക് ഭരണകൂടം വലിയ താല്‍പ്പര്യം കാട്ടിയില്ല. എന്നാല്‍ ഡോ. റൂത്തിന്‍റെ കര്‍മ്മകുശലതയും ജനങ്ങള്‍ക്ക് അവരോട് അനുദിനം വര്‍ദ്ധിക്കുന്ന സ്നേഹാദരങ്ങളും ഏറെക്കാലം അവഗണിക്കാന്‍ അവര്‍ക്കാകുമായിരു ന്നില്ല. 1979 ല്‍ ഫെഡറല്‍ അഡ്വൈസര്‍ ഓഫ് ലെപ്രസി ആയി ഡോ. റൂത്ത് ഫാവുവിനെ പാക് സര്‍ക്കാര്‍ നിയമിച്ചു. 
 
കറാച്ചിയില്‍ നിന്ന് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പാക്കിസ്ഥാന്‍റെ വിദൂരഗ്രാമങ്ങളിലേക്ക് കുഷ്ഠരോഗികളെത്തേടി അവള്‍ യാത്രതിരിച്ചു. സ്വന്തം രാജ്യമായ ജര്‍മ്മനിയില്‍ നിന്നും  ഓസ്ട്രിയയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമൊക്കെ ധനം സമാഹരിച്ചുകൊണ്ട് ഇത്തരം മേഖലകളില്‍ ചികിത്സാ സംവിധാനമൊരുക്കുന്ന ദൗത്യത്തില്‍ അവള്‍ വ്യാപൃതയായി. 157 കുഷ്ഠരോഗചികിത്സാലയങ്ങളാണ് പാക്കിസ്ഥാനി ലെമ്പാടും ഡോ. റൂത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടത്. പതിനായിരക്കണക്കിന് കുഷ്ഠരോഗികള്‍ രോഗം മാറി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. 1988ല്‍ പാക് പൗരത്വം നല്‍കിക്കൊണ്ട് ആ മഹാവനിതയെ രാജ്യം ആദരിച്ചു. 
 
അവളുടെ ത്യാഗപൂര്‍ണ്ണമായ അശ്രാന്ത പരിശ്രമത്തിന് ഫലമുണ്ടായി. 1999ല്‍ ഏഷ്യയിലെ ആദ്യത്തെ കുഷ്ഠരോഗ നിയന്ത്രിത രാജ്യമായി പാക്കിസ്ഥാനെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. അന്നാട്ടിലെ പ്രമുഖ വര്‍ത്തമാന പ്പത്രമായ ഡോണ്‍ന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഡോ. റൂത്തിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്തെ കുഷ്ഠരോഗികളുടെ എണ്ണം 1980കളുടെ ആദ്യപാദത്തില്‍ 20000 എന്നത് 2016 ല്‍ കേവലം 531 ആയി മാറി. അനുപമമായ സേവനത്തിന് ആദരമെന്ന നിലയില്‍ പാകിസ്ഥാന്‍റെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതി യായ ഹിലാല്‍ ഇ ഇംതിയാസ്, ഹിലാല്‍ ഇ പാകിസ്ഥാന്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഡോ. റൂത്ത് ഫാവുവിനെത്തേടിയെത്തി.
 
വാര്‍ദ്ധക്യത്തിലും വിശ്രമിക്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു. പാക്കിസ്ഥാനെ പിടിച്ചുകുലു ക്കിയ 2005 ലെ ഭൂകമ്പത്തിലും 2010 ലെ വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി അവര്‍ ഓടിയെത്തി. ദുരിതബാധി തരുടെ ക്യാമ്പുകളില്‍ ടെന്‍റും കുടിവെള്ളവും ഭക്ഷണവും മരുന്നുമൊക്കെ എത്തിച്ചുനല്‍കി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ അനേകം വരുന്ന ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് ഏക ആശാകേന്ദ്രം ഡോ. റൂത്ത് ആയിരുന്നു. 
 
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടു ലൈറ്റ് എ കാന്‍ഡില്‍  ഉള്‍പ്പെടെ നാലു പുസ്തകങ്ങള്‍ അവരുടേതായിട്ടുണ്ട്.
 
ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന്  എണ്‍പത്തിയേഴാം വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തു ടര്‍ന്ന് ഡോ. റൂത്ത് ഫാവു ഈ ലോകത്തോട് വിടപറഞ്ഞു. രാജ്യത്തലവന്മാരും ഉദ്യോഗസ്ഥ പ്രമുഖരും അതിസാധാരണക്കാരുമുള്‍പ്പെടുന്ന വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ രാജ്യം എല്ലാ ബഹുമതികളോടും കൂടി ആ മഹാവനിതയ്ക്ക് യാത്രാമൊഴിയേകി.  
 
ഡോ. റൂത്ത് ഫാവു അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രകാശഗോപുരമായിരുന്നു. രോഗദുരിതങ്ങളുടെ ഇരുണ്ട ഇടനാഴിയിലൂടെ ഉഴറിനടന്ന ഒരു രാജ്യത്തിനാകെ അത് വിമോചനത്തിന്‍റെ വഴികാട്ടിയായി. ദീപം അണഞ്ഞുപോയെങ്കിലും പ്രകാശം നിലനില്‍ക്കുന്നു.

You can share this post!

അതിജീവനത്തിന്റെ മഴവില്ലഴക്

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts