news-details
കവർ സ്റ്റോറി

മദ്യം മലയാളി മലയാളം

മുന്‍കൂര്‍ ജാമ്യാപേക്ഷയോടെ പറയട്ടെ, ഈയുള്ളവന്‍ ഒരു മദ്യ പണ്ഡിതനല്ല. മദ്യത്തെയും മദ്യനയത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഒരു സാമൂഹിക ചിന്ത മാത്രമേ ഉദ്ദേശ്യമുള്ളൂ.

എന്താണ് മദ്യം? വിവിധങ്ങളായ സാംസ്കാരിക അര്‍ത്ഥങ്ങളുള്ളതും, ഒരേസമയം പ്രജ്ഞയെ ഉണര്‍ത്താനോ തളര്‍ത്താനോ കഴിയുന്നതും, പ്രതിസന്ധികളെ തരണംചെയ്യുന്നതിനോ സാമൂഹിക പാരസ്പര്യങ്ങളെ ത്വരിപ്പിക്കുന്നതിനോ വേണ്ടി ഉപയോഗിക്കപ്പെടുന്നതും, ഭരണകൂടത്താല്‍ നിയന്ത്രിതവുമായ ഒരു പാന്യപദാര്‍ത്ഥമാണ് മദ്യം എന്നു പറയപ്പെടുന്നു.

നുരപ്പിച്ചോ പുളിപ്പിച്ചോ സ്വേദനംവഴിയോ വിവിധ നിലവാരത്തിലുള്ള മദ്യങ്ങള്‍ ഉണ്ടാക്കുന്നു. വിവിധ മദ്യങ്ങളുടെ വീര്യാംശങ്ങള്‍ വ്യത്യസ്തമാണ്. ഒരു മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ അംശം അഥവാ എഥനോള്‍ അംശത്തെയാണ് മദ്യത്തിന്‍റെ വീര്യം എന്നു പറയുക. ധാന്യമാവ് നുരപ്പിച്ച് (Brewed) ഉണ്ടാക്കുന്നവയാണ് ബിയറുകള്‍. ഇവയിലെ വീര്യം മൂന്നു മുതല്‍ പത്ത് ശതമാനം വരെയാണ് എന്ന് പരിഗണിക്കപ്പെടുന്നു. മധുവോ പഴച്ചാറോ പുളിപ്പിച്ച് (Fermented) ഉണ്ടാക്കുന്നവയാണ് കള്ളും വീഞ്ഞും. ഇവയിലെ വീര്യം എട്ടു മുതല്‍ പതിനാല് ശതമാനം വരെയാണ് എന്ന് വിലയിരുത്തപ്പെടുന്നു. ബിയര്‍, കള്ള്, വീഞ്ഞ് എന്നിവയെ വീര്യം കുറഞ്ഞ മദ്യങ്ങളായി (light liquors) പരിഗണിക്കുന്നു. മതിയായ അളവില്‍ നുരപ്പിച്ചതോ പുളിപ്പിച്ചതോ ആയ, മദ്യാംശമുള്ള ലായനിയെ ബാഷ്പീകരിച്ച് ബാഷ്പത്തെ തണുപ്പിച്ച്/വാറ്റി നിര്‍മ്മിക്കുന്ന മദ്യങ്ങളെ സ്വേദനം ചെയ്ത മദ്യങ്ങള്‍ (Distilled Spirits) അഥവാ വീര്യം കൂടിയ മദ്യങ്ങള്‍ (Hard Liquors) എന്നു വിളിക്കുന്നു. സാമാന്യേന ഇവയിലെ വീര്യത്തിന്‍റെ അളവ് ഇരുപതു മുതല്‍ എഴുപത് ശതമാനംവരെയായിരിക്കും.

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്‍ഡ്യയിലെ മൊത്തം മദ്യ ഉപഭോക്താക്കളില്‍ 93% വീര്യംകൂടിയ Distilled Spirits ഏകദേശം ഏഴു ശതമാനത്തില്‍ താഴെ മാത്രം ബിയറും ഒരു ശതമാനത്തില്‍ താഴെ മാത്രം വീഞ്ഞുമാണ് ഉപയോഗിക്കുന്നത് (കള്ളിന്‍റെ കണക്ക് അവരുടെ കൈവശവുമില്ല). 2011-12 വര്‍ഷത്തില്‍ കേരളീയര്‍ രണ്ടുകോടി നാല്പത്തിമൂന്ന് ലക്ഷത്തി അമ്പത്തൊന്നായിരം കെയ്സ് സ്പിരിറ്റും തൊണ്ണൂറ്റേഴ് ലക്ഷത്തി എണ്‍പത്തിരണ്ടായിരം കെയ്സ് ബിയറുമാണ് ഉപയോഗിച്ചത്. 2012-13 വര്‍ഷത്തില്‍ ഇവിടെ വിറ്റഴിഞ്ഞത് രണ്ടുകോടി നാല്പത്തിനാല് ലക്ഷത്തി മുപ്പത്തിമൂവായിരം കെയ്സ് സ്പിരിറ്റുകളും ഒരു കോടി ഒരു ലക്ഷത്തി അറുപത്തിനാലായിരം കെയ്സ് ബിയറുമാണ്. പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ചാണ് ഇത്തരം കണക്കുകള്‍ നിരത്തുന്നതെങ്കില്‍ അവ ഏറെക്കുറെ വിശ്വാസ്യങ്ങളായിരുന്നേനെ. കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന കള്ളുകൂടി ചേര്‍ക്കുമ്പോള്‍ പ്രതിശീര്‍ഷ ഉപഭോഗം വര്‍ധിക്കുന്നു. ഇത്രയും നിയമവിധേയമായ, രേഖപ്പെടുത്തപ്പെട്ട മദ്യഉപയോഗം. നിയമവിധേയമായ, എന്നാല്‍ രേഖപ്പെടുത്തപ്പെടാത്ത മദ്യങ്ങളുമുണ്ട്. കേരളത്തിലെയും കേരളത്തിനു വെളിയിലെയും മിലിറ്ററി കാന്‍റീനുകളില്‍നിന്ന് വാങ്ങപ്പെടുന്ന മദ്യം; കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും അയല്‍സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന വിമാനങ്ങളിലെ മലയാളികളായ NRI കള്‍ ആളോഹരി കൊണ്ടുവരുന്ന മദ്യം ഇവയൊക്കെ കണക്കില്‍പ്പെടാത്ത മദ്യങ്ങളാണ്.

ഇതിനു പുറമേയാണ് വിവിധങ്ങളായ നിയമവിരുദ്ധ മദ്യങ്ങള്‍. (വ്യാജമദ്യം എന്നാണ് പത്രഭാഷ. മദ്യമെന്ന വ്യാജേന വില്ക്കപ്പെടുന്ന വെള്ളമല്ല ടി വസ്തു എന്നതിനാല്‍ അനധികൃത മദ്യമോ നിയമവിരുദ്ധ മദ്യമോ -Illicit liquor- ആണവ.) വാണിജ്യാടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട്, സര്‍ക്കാര്‍ അനുമതിയില്ലാതെ കേരളത്തിലെത്തുന്ന മദ്യം, പൂര്‍ണ്ണമായും കേരളത്തിനകത്തു സ്ഥിതിചെയ്യുന്ന മാഹിയിലൂടെ വിറ്റഴിക്കപ്പെടുന്ന, കേരളസര്‍ക്കാര്‍ കണക്കുകളില്‍ രേഖപ്പെടുത്തപ്പെടാത്ത മദ്യം, സ്വന്ത ഉപയോഗത്തിനോ ചില്ലറ വില്പനയ്ക്കോ ആയി ആദിവാസിപ്പാടികളിലുള്‍പ്പെടെ നിര്‍മ്മിക്കപ്പെടുന്ന മദ്യം, സ്വന്ത ഉപയോഗത്തിനായി വീടുകളില്‍ നിര്‍മ്മിക്കപ്പെടുന്ന വീഞ്ഞ്-അരിഷ്ടം ഇത്യാദികള്‍: എല്ലാം ചേര്‍ന്നാല്‍ കേരളത്തിലെ മദ്യപസമൂഹം ഉപഭോഗിക്കുന്ന ആളോഹരി മദ്യത്തിന്‍റെ അളവ് ഒരുപക്ഷേ, ലോകോത്തരമാവും!

മദ്യത്തിന്‍റെ ഉല്പാദനവും ഉപയോഗവും എല്ലാ രാജ്യങ്ങളിലും നിയന്ത്രിതമോ അനുവദനീയമല്ലാത്തതോ ആയിക്കണ്ടിട്ടുണ്ട്. കേരളത്തില്‍ നിലവിലുള്ള അബ്കാരിനയംപോലും പഴയ തിരുകൊച്ചിയുടെ മദ്യനയത്തിന്‍റെ തുടര്‍ച്ചയാണ്. ഇന്ന് ലോക രാജ്യങ്ങളില്‍ പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും മതനിയമപ്രകാരം മദ്യത്തിന്‍റെ ഉല്പാദനവും വിപണനവും ഉപയോഗവും നിരോധിതമാണ്. അമേരിക്കയുള്‍പ്പെടെയുള്ള ഇതര രാജ്യങ്ങളിലെല്ലാംതന്നെ മദ്യത്തിന്‍റെ ഉപയോഗം ഭരണകൂടങ്ങളാല്‍ നിയന്ത്രിതമാണ്.

മദ്യ ഉപയോഗം കുറയ്ക്കുന്നതിനായി ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പലതാണ്. ഒന്നാമതായി, സമ്പത്തടിസ്ഥിത നിയന്ത്രണം. അതായത് ഉയര്‍ന്ന നികുതി ഈടാക്കി മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു നിറുത്തുക. അങ്ങനെ കൂടുതല്‍ പണം ചെലവാകുമെന്നതിനാല്‍ മനുഷ്യര്‍ അത്യാവശ്യ മദ്യം മാത്രം വാങ്ങുന്ന സ്ഥിതി വരുത്തുക. രണ്ടാമതായി പ്രായനിയന്ത്രണം. ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും പ്രായനിയന്ത്രണം നിലവിലുണ്ട്. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് ചില രാജ്യങ്ങളില്‍ വീര്യം കുറഞ്ഞ മദ്യങ്ങള്‍ അനുവദനീയമാണ്. ചില രാജ്യങ്ങളില്‍ മദ്യോപയോഗ പ്രായം 25 വയസ്സ് എന്ന് നിലവിലുണ്ട്. മൂന്നാമത്തേത് വിതരണനിയന്ത്രണമാണ്. മദ്യം വില്പന നടത്തുന്നതിന് സര്‍ക്കാരില്‍നിന്ന് പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നതും ആയതിനെ എണ്ണത്തില്‍ നിയന്ത്രിക്കുന്നതും നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിശ്ചിത ദൂരപരിധി ഏര്‍പ്പെടുത്തുന്നതുമൊക്കെ ഇത്തരം നിയന്ത്രണത്തിന്‍റെ ഭാഗമാണ്. ലഭ്യതാ നിയന്ത്രണമാണ് നാലാമത്തേത്. നിശ്ചിത വിതരണകേന്ദ്രങ്ങളില്‍പോലും ഒരാള്‍ക്ക് ഇത്ര കുപ്പി വീര്യം കുറഞ്ഞ മദ്യവും ഇത്രയളവ് വീര്യം കൂടിയ മദ്യവും മാത്രമേ നല്കപ്പെടൂ എന്നുള്ളതോ ആവശ്യക്കാര്‍ക്ക് ഐഡി സംവിധാനമുപയോഗിച്ചോ റേഷന്‍ കാര്‍ഡ് സംവിധാനത്തിലോ പ്രതിമാസം നല്കാവുന്ന മദ്യത്തിന്‍റെ പരിധി നിശ്ചയിക്കുന്നതോ ലഭ്യതാ നിയന്ത്രണത്തില്‍പ്പെടും. സമയനിയന്ത്രണം അഞ്ചാമതുവരുന്നു. നിശ്ചിത വിതരണ കേന്ദ്രങ്ങളുടെയും ബാറുകളുടെയും പ്രവര്‍ത്തന സമയം അഥവാ മദ്യ ലഭ്യതാ സമയം നിശ്ചയിച്ച് നിയന്ത്രിക്കുന്നതും അതുവഴിയായി മദ്യ ലഭ്യത കുറയ്ക്കുന്നതുമാണ് അത്. ആറാമതായി, സംഭരണ നിയന്ത്രണം. ഒരാള്‍ക്ക് ഒരു സമയം കൈവശം സൂക്ഷിച്ചുവയ്ക്കാവുന്ന മദ്യത്തിന്‍റെ തോത് നിശ്ചയിക്കുന്നതാണത്. നിലവില്‍ ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന മദ്യത്തിന്‍റെ പരമാവധി പരിധി പതിനഞ്ച് ലിറ്ററാണ്. സ്ഥല നിയന്ത്രണമാണ് അടുത്തത്. ഇന്നയിന്ന സ്ഥലങ്ങളില്‍ വച്ചേ മദ്യപാനം ആകാവൂ അഥവാ ഇന്നയിന്ന സ്ഥലങ്ങളില്‍ മദ്യപാനം പാടില്ല എന്നു വിലക്കുന്ന നിയന്ത്രണമാണത്. പൊതുസ്ഥലങ്ങളിലോ പൊതുയാത്രാവാഹനങ്ങളിലോ വില്പനാ ലൈസന്‍സ് ഇല്ലാത്ത ഭക്ഷണശാലകളിലോ ഒന്നും മദ്യപാനം അനുവദിക്കപ്പെട്ടിട്ടില്ല. എട്ടാമതായി, പ്രവൃത്തി നിയന്ത്രണം. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഇതര ജീവനക്കാരോ തങ്ങളുടെ പ്രവൃത്തി സമയങ്ങളില്‍ മദ്യം ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം നിലവിലുണ്ട്. അതിനു പുറമേ ലോകത്തെവിടെയും മദ്യപിച്ചശേഷമോ മദ്യപിച്ചുകൊണ്ടോ വാഹനമോടിക്കുന്നത് വിലക്കിയിട്ടുണ്ട്. ഓരോ രാജ്യത്തും പൊതുനിരത്തില്‍ വാഹനമോടുമ്പോള്‍ ഓട്ടുന്നയാളുടെ രക്തത്തില്‍ ആകാവുന്ന മദ്യത്തിന്‍റെ തോത് അല്പസ്വല്പ വ്യത്യാസങ്ങളോടെയാണെങ്കിലും ഏറ്റവും താഴ്ത്തി നിശ്ചയിച്ചിരിക്കുകയും ആയത് ഏറ്റവും കണിശമായി നടപ്പിലാക്കി വരികയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ഏറ്റവും ഉദാരീകരിക്കപ്പെട്ട ആനുകാലിക സമൂഹങ്ങള്‍പോലും മദ്യത്തിന്‍റെ ഉദ്പാദന-വിപണന-വിതരണ-ഉപഭോഗങ്ങളിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്നന്വേഷിച്ചാല്‍ അത് സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളില്‍ ഉണ്ടാക്കുന്ന ആരോഗ്യ ഹാനികളാണ് (harms) അവയ്ക്കു കാരണം എന്നു കാണാം.

1. ആത്മഹത്യയാണ് ഒന്നാമത്.

2. ലോകമെമ്പാടും, പ്രത്യേകിച്ച് കേരളത്തിലും വര്‍ധിച്ചുവരുന്ന മദ്യപാനാസക്തിരോഗ(alcoholism) മാണ് രണ്ടാമത്. സ്വന്തം ശരീരത്തിലും ആരോഗ്യത്തിന്മേലും മദ്യപാനം ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് ബോധവാനായിരിക്കുമ്പോഴും, അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെ ഏറ്റം ഞെരുക്കുമ്പോഴും, മദ്യത്തില്‍നിന്ന് പിന്മാറാന്‍ കഴിയാതെ വരികയും അതിലേക്ക് വര്‍ധിതമായ ആസക്തിയോടെ കൂപ്പുകുത്തുകയും, വല്ല കാരണത്താലും അല്പനേരം പിന്മാറിയാല്‍ ശരീരം വിറയാര്‍ന്ന് ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്ന അവസ്ഥയാണത്.

3. മദ്യജന്യമായ മാനസികരോഗം (alcohol psychosis) വിഭ്രമകരമായ മാനസികാവസ്ഥയും സാമൂഹിക ഇടപെടലുകള്‍ക്ക് സാരമായ പ്രശ്നങ്ങള്‍ ഉളവാക്കുകയും ഒരുവേള അക്രമാസക്തി പ്രകടമാക്കുകയും ചെയ്യുന്ന മദ്യപാനാസക്തിയുടെ രണ്ടാംഘട്ടമാണത്.

4. കരള്‍വീക്കം അഥവാ മഹോദരം (Liver Cirrhosis), 5. പാന്‍ക്രിയാസ് വീക്കം (Pancreatitics), 6. നിരന്തരമായ ആരോഗ്യ പീഡകള്‍, 7. മറിഞ്ഞുവീണും മറ്റുമുണ്ടാകുന്ന ക്ഷതങ്ങള്‍, 8. ഗാര്‍ഹിക പീഡനങ്ങള്‍, 9. സാമ്പത്തിക തകര്‍ച്ച, 10. ഋണബാധ്യത എന്നിവയെല്ലാം വ്യക്തിക്കും കുടുംബാംഗങ്ങള്‍ക്കും ഹാനികരമായ മദ്യപാനജന്യ പ്രശ്നങ്ങളാണ്.

1. വിഷമദ്യപാനം മൂലമുണ്ടാകാവുന്ന മരണങ്ങള്‍, കാഴ്ചനഷ്ടങ്ങള്‍, 2. മദ്യപിച്ച് വാഹനമോട്ടുന്നതുവഴി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍, 3. മദ്യലഹരിയില്‍ സംഭവിക്കുന്ന കൊലപാതകങ്ങള്‍, 4. ജോലി സംബന്ധമായ പ്രശ്നങ്ങള്‍, 5. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയായ്ക, 6. ജോലിക്ക് ഹാജരാകാന്‍ കഴിയാതെ വരികയാലുള്ള ലീവുദിനങ്ങളുടെ വര്‍ധന, 7. ഉല്പാദന ക്ഷമമല്ലാത്ത ജോലിദിനങ്ങള്‍ (Low work productivity) 8. മദ്യപാനാസക്തിയുടെ വിവിധ ഘട്ടങ്ങളില്‍ അത്തരക്കാരെ ചികിത്സിക്കുന്നതുവഴി സര്‍ക്കാരിന് വന്നുഭവിക്കുന്ന സാമ്പത്തിക ഭാരം, 9. ഇവയെല്ലാം വഴി രാഷ്ട്രത്തിനുണ്ടാകുന്ന ഉല്പാദന-വികസന നഷ്ടം എന്നിവയെല്ലാം മദ്യപാനം മൂലം സമൂഹത്തിനും രാഷ്ട്രത്തിനും വന്നുഭവിക്കുന്ന ഹാനികളാണ്.

ലോകമെമ്പാടും ഇന്നത്തെ ഉത്തരാധുനിക സാമ്പത്തിക സാമൂഹിക സാംസ്കാരിക പരിതസ്ഥിതിയില്‍ വര്‍ധിതമായ മദ്യാസക്തിയും മദ്യഉപഭോഗവും ദൃശ്യമാണെന്നിരിക്കിലും വളരെ പ്രകടമായ രീതിയില്‍ നമ്മുടെ ഈ കേരളത്തിനുമാത്രം എന്താണ് പറ്റിയത്? കേരളത്തിന്‍റെ ആളോഹരി വരുമാനവുമായും ആളോഹരി കടബാധ്യതയുമായും മാറുന്ന മദ്യ ഉപഭോഗത്തിന് ബന്ധമുണ്ടോ? കേരളത്തിന്‍റെ പ്രത്യേക സാമൂഹിക-സാംസ്കാരിക പ്രത്യേകതകളുമായി ഇവിടത്തെ മദ്യഉപഭോഗ ശരാശരിക്ക് ബന്ധമുണ്ടോ? ഇതില്‍നിന്ന് ആധ്യാത്മികമായ ഏതെങ്കിലുമൊക്കെ സൂചകങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നുണ്ടോ?

വര്‍ധിതമായ മദ്യപാന പ്രവണതയിലേക്ക് കേരളസമൂഹത്തെ നയിക്കാന്‍പോന്ന കുറേ ഘടകങ്ങള്‍ കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക-മാനസിക ഘടനയില്‍ത്തന്നെ അന്തര്‍ലീനമാണെന്നു തോന്നുന്നു. കേരളത്തിന്‍റെ പൊതുമനസ്സിനെയും സാംസ്കാരിക പെരുമാറ്റങ്ങളെയും നിരീക്ഷിച്ചാല്‍, എന്തിലും ഏതിലും ഒത്തിരി ഗൗരവം കാണുന്ന സമൂഹമാണ് നമ്മുടേതെന്ന് തോന്നുന്നു. നര്‍മ്മത്തെ ഒരു പാപമായിപോലും കേരളസമൂഹം കാണുന്നുണ്ടോ? കുടുംബങ്ങളിലും സമൂഹത്തിലും ഇന്‍ററാക്ഷന്‍സില്‍ ഹാസ്യപ്രധാനമായ നിമിഷങ്ങള്‍ (light moments) ഇത്തിരിയെങ്കിലും ഉണ്ടോ?

കുടുംബങ്ങളിലും സമൂഹത്തിലും ചിരികളികള്‍ എവിടെയാണ്? അവയ്ക്ക് സ്ഥാനമോ, ഇടമോ ഉണ്ടോ? കുട്ടികളും കൗമാരക്കാരും ചെറുപ്പക്കാരും തെരുവിലിറങ്ങി, വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ പരസ്പരം വര്‍ണ്ണങ്ങള്‍ പൂശുകയും കളറുവെള്ളം കോരി ഒഴിക്കുകയും ചെയ്യുന്ന ഉത്തരേന്‍ഡ്യയിലെ ഹോളി പോലൊരു ഉത്സവത്തെക്കുറിച്ച് കേരളത്തിന് ചിന്തിക്കാനാവുമോ? കേരളത്തില്‍ കുടുംബപരമായ അഥവാ സാമൂഹികമായ ആഘോഷരീതികള്‍ എങ്ങനെയാണ്? നമുക്ക് ആഘോഷങ്ങള്‍ ഉണ്ടോ? ഉത്സവങ്ങളും പൂരങ്ങളുംപോലും പരസ്പരം കണ്ണില്‍ക്കണ്ണില്‍ നോക്കാത്ത വ്യക്ത്യധിഷ്ഠിതമായ (individualistic) നില്പുകളും ഇരിപ്പുകളുമല്ലേ? മലയാളികള്‍ക്ക് ആട്ടമുണ്ടോ? അവര്‍ക്ക് സംഘമായി ആടാനേ കഴിയില്ല. ജീവിതത്തില്‍നിന്ന് ആട്ടത്തെയും പാട്ടിനെയും കളിയെയും തമാശയെയും ആട്ടിയൊഴിപ്പിച്ച് മലയാളി ജീവിതം പടുത്തു. കൂത്ത് നടത്തിയവളെ നാം കൂത്തിച്ചി എന്നു വിളിച്ചു. മഴവെള്ളത്തില്‍ കളിച്ച, ആറിലും തോട്ടിലും തിമിര്‍ത്ത കാലങ്ങള്‍ മലയാളിക്ക് ഓര്‍മ്മകളാണ്. ആട്ടമില്ലാത്ത മലയാളി ഇന്ന് മെയ്യനക്കുമ്പോള്‍ അകമേ അന്യവല്കരണം അനുഭവിക്കുകയും പുറമേ ഗോഷ്ടിയായിത്തീരുകയും ചെയ്യുന്നു. ഓണാഘോഷങ്ങള്‍ പോലും ഇന്ന് ടൂറിസം മേളകളായിപോയിട്ടുണ്ട്. ലൈംഗിക മിശ്രണമുള്ള, ആണും പെണ്ണും ഒരുമിച്ച് ചേര്‍ന്നുള്ള ആഘോഷങ്ങളുടെ അഭാവത്തില്‍ ആണും പെണ്ണും ഒരുമിച്ചുചേരുമ്പോള്‍ അവ ലൈംഗികകേളികളായി മാറുന്നു.

പഴയ ചന്തകളും ചായക്കടകളും പൈപ്പിന്‍ചുവടുകളും ആറ്റിറമ്പുകളും കളിക്കളങ്ങളും കുളിക്കടവുകളും നാട്ടുവര്‍ത്തമാനങ്ങളും ഒക്കെ നഷ്ടപ്പെട്ട മലയാളി ഇന്ന് ആകപ്പാടെ കണ്ടെത്തുന്ന മുഖ്യ വിനോദോപാധി കള്ളുകുടിയായിപ്പോകുന്നു. കേരളീയ പുരുഷന്മാരുടെ വിശ്രമവേളകളെ നിറയ്ക്കുന്ന ഉപാധിയായി ((leisure time activity) മാറിയിരിക്കുന്നു പാനോത്സവങ്ങള്‍. കേരളത്തില്‍ നമുക്കിന്നും പൊതു ഉല്ലാസ ഇടങ്ങളുണ്ടോ? ഓരോ ഗ്രാമത്തിലും ഒരഞ്ചുസെന്‍റ് പാര്‍ക്കെങ്കിലും! അഥവാ വാഹനമൊഴിഞ്ഞ ഒരു നിരത്തെങ്കിലും! നാലഞ്ച് ബീച്ചുകളും പട്ടണസ്ഥിതങ്ങളായ ഏതാനും ഉദ്യാനങ്ങളും ചില്ലറ ഡാമുകളും ഇന്നിപ്പോള്‍ കുറേ ഥീം പാര്‍ക്കുകളുമല്ലാതെ മലയാളിക്ക് മാനസികോല്ലാസത്തിന് ഇടങ്ങളെവിടെ? ടെലവിഷനും ഹോം തിയേറ്ററും സിനിമാകൊട്ടകകളെ പൊളിച്ചടുക്കി. ഇന്നിപ്പോള്‍ നഗരങ്ങളില്‍ ചില്ലറ മള്‍ട്ടിപ്ലക്സുകളുണ്ട്.

കുറേയായി, ഓണത്തിനും ക്രിസ്തുമസിനും ഈസ്റ്ററിനും വിഷുവിനും മറ്റും വര്‍ധിച്ചുവരുന്ന മദ്യോപഭോഗത്തെ തള്ളിപ്പറയുന്നതുകൊണ്ടോ കളിയാക്കിയതുകൊണ്ടോ വലിയ ഫലമുണ്ടാകുന്നില്ല. അപകടകരമായ മദ്യോപഭോഗത്തിലേക്ക് നീങ്ങുന്നവര്‍ രണ്ടു തരക്കാരാണ്. ഒന്ന്: സാമൂഹിക പദവിനഷ്ടത്താല്‍ അപകര്‍ഷതപ്പെടുന്നവര്‍. രണ്ട്: പ്രതിസന്ധി കൈകാര്യശേഷി (crisis managability) കുറഞ്ഞവര്‍. രണ്ടുകൂട്ടരും സാമൂഹികവും ആത്മീയവുമായ നിഷ്ക്രമണം നടത്തുന്നവരാണ്. ആദ്യകൂട്ടരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കും രണ്ടാമത്തെ കൂട്ടരെ രക്ഷിക്കാന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനുമാണ് കഴിയുക. മതസ്ഥാപനങ്ങള്‍ക്കും നല്ലൊരളവ് ഇതിന് കഴിഞ്ഞേക്കും.

ഇത്രയും സാമൂഹിക സാമ്പത്തിക സാംസ്കാരിക ആഘാതങ്ങള്‍ക്ക് നിമിത്തമാക്കുന്ന മലയാളിയുടെ മദ്യപാന ശീലങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ജീവിതാവസ്ഥ, സാംസ്കാരികാവസ്ഥ, മദ്യപാനരീതികള്‍, മദ്യപാന സംബന്ധിയായ സാമ്പത്തിക സാമൂഹിക ആരോഗ്യ ഹാനികള്‍, വികസന ഗ്ലാനി എന്നിവയെക്കുറിച്ചെല്ലാം ഗൗരവപൂര്‍ണ്ണമായ വിശകലനാത്മക പഠനങ്ങള്‍ ഉണ്ടാവേണ്ടതാണ്. ഇനിയും സര്‍ക്കാര്‍ മുന്‍കൈകളിലോ, മതസംഘടനാ മുന്‍കൈകളിലോ അത്തരം പഠനങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍, ഇവിടെയാരും ഇതേക്കുറിച്ചൊന്നും വലിയ താല്പര്യമുള്ളവരല്ല എന്നാണോ അര്‍ത്ഥമെടുക്കേണ്ടത്?

ഇനി ഒരു അനുഭവം പങ്കുവയ്ക്കാം. ഇംഗ്ലണ്ടില്‍ ഒരു ഇടവകയില്‍, ഇടവക വൈദികന് വര്‍ഷാവര്‍ഷമുള്ള ഒരു മാസത്തെ വെക്കേഷന്‍ വേളയില്‍ പകരക്കാരനായി ചെന്നതായിരുന്നു. വൈദിക ഭവനവും പള്ളിയും അതിന്‍റെ ഓരോ വിശദാംശങ്ങളും വിവിധ വൈദ്യുതോപകരണങ്ങളും അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. പള്ളിയുടെയും വൈദികമന്ദിരത്തിന്‍റെയും താക്കോലുകള്‍ തന്നു. ആവശ്യത്തിന് ചെലവഴിക്കാന്‍ കൈക്കാശ് തന്നു. ഒന്നാം നിലയിലുള്ള അദ്ദേഹത്തിന്‍റെ മുറിയിലും തീന്‍മുറിയിലും മുകളിലേക്കുള്ള കോവണിപ്പടികളിന്മേലും നിറയെ തിങ്ങിനിറഞ്ഞ് മദ്യക്കുപ്പികള്‍. എല്ലാം വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിലയേറിയ ഇനങ്ങള്‍. പല രൂപത്തിലും നിറത്തിലും. അദ്ദേഹം പറഞ്ഞു. "ജോര്‍ജ്, തനിക്ക് വേണമെങ്കില്‍ ഇവയില്‍ ഏതും എത്രയും ഉപയോഗിക്കാം. കൂട്ടുകാരെ എത്രപേരെ വേണമെങ്കിലും ഇവിടെ വിളിച്ച് സല്‍ക്കരിക്കാം. ഒരു പ്രശ്നവുമില്ല. പക്ഷേ, ഒരു ജ്യേഷ്ഠനെന്നപോലെ പറയട്ടെ, ഒറ്റയ്ക്ക് മദ്യപിക്കരുത്. അത് ആപത്താണ് (ഒരു വൈദികന്‍ സഹോദര വൈദികനു നല്കിയ ഹൃദ്യമായ ഉപദേശം). എനിക്ക് സുഹൃത്തുക്കള്‍ സമ്മാനമായി തന്നവയാണ് ഈ മദ്യമൊക്കെ. ഞാനൊന്നും ഉപയോഗിച്ചിട്ടില്ല. കാരണം എന്നോടൊത്ത് മദ്യപിക്കാന്‍ എനിക്ക് പറ്റിയ സുഹൃത്തുക്കളും അതിനുള്ള സമയവും എനിക്കില്ല." ഒരു മാസത്തിനുശേഷം അദ്ദേഹം തിരിച്ചെത്തുമ്പോഴും അവയിലൊന്നിനുപോലും സ്ഥാനചലനം സംഭവിച്ചിരുന്നില്ല.

ഇനി മദ്യ നിരോധന വിഷയം. മദ്യവര്‍ജ്ജനം എല്ലാവരും ചെയ്യേണ്ട കാര്യമാണ്. മദ്യനിയന്ത്രണം ഭരണകൂടങ്ങള്‍ ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ മദ്യനിരോധനം - അത് ജനത്തോട് ചോദിച്ച് മാത്രം സര്‍ക്കാര്‍ ചെയ്യേണ്ടുന്ന ഒന്നാണ്. കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം വേണമോ വേണ്ടയോ എന്ന് ജനം പറയണം. അതിന് അക്കാര്യം ജനത്തോട് ചോദിക്കണം. അക്കാര്യത്തിനു മാത്രമായി ഒരു റഫറന്‍റം നടത്തണം. ഭൂരിപക്ഷസമൂഹം സമ്പൂര്‍ണ്ണ മദ്യനിരോധനം വേണം എന്നാവശ്യപ്പെട്ടാല്‍ അത് നടപ്പിലാക്കണം. (അത് എളുപ്പമുള്ള കാര്യമാണ്. എന്തെന്നാല്‍ കേരളത്തിന്‍റെ 50% സ്ത്രീകള്‍, 12% മദ്യം ഹറാമാണെന്ന് വിശ്വസിക്കുന്ന മുസ്ലിം പുരുഷന്മാര്‍, 9% മദ്യം പാപമാണെന്ന് പറയുന്ന ക്രൈസ്തവ പുരുഷന്മാര്‍ - ഇവരെല്ലാം മദ്യനിരോധനത്തിനായി വോട്ടു ചെയ്യുമല്ലോ. മൊത്തം 71%.)

ഏദന്‍തോട്ടത്തില്‍നിന്ന് നന്മതിന്മകളുടെ മരം വെട്ടിക്കളയുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. സമൂഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അതിസങ്കീര്‍ണ്ണമായ ഒരാവാസവ്യവസ്ഥയാണത്. ഇത്തരം തിന്മകളുടെയൊക്കെ ആഘാതം കുറച്ചുകൊണ്ടുവരുവാന്‍ എല്ലാവരും ശ്രമിക്കണം. എന്നാല്‍ അത്തരമൊരു സാധ്യതയെതന്നെ നിരാകരിക്കരുത്. കാരണം പ്രഷര്‍കുക്കറിന്‍റെ സേഫ്റ്റിവാല്‍വ് അടച്ചുകളഞ്ഞാലെന്നപോലെ അത് മറ്റനേകം വഴികളിലൂടെ ബഹിര്‍ഗമനമാര്‍ഗ്ഗം കണ്ടെത്തും. ഒരുപക്ഷേ മയക്കുമരുന്നുപയോഗമായി, അതല്ലെങ്കില്‍ ക്രൈമുകളായി. പൗലോസ് ശ്ലീഹാ പറയുന്ന 'നശിപ്പിക്കപ്പെടാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ക്രോധപാത്രങ്ങളെ' ഇവിടെ ഓര്‍ക്കുന്നതുനന്ന്. ക്രോധപാത്രങ്ങളെ ഒഴിവാക്കാനാവില്ല. അവരോട് വലിയ കാരുണ്യമേ സാധ്യമായിട്ടുള്ളൂ.

നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന് ആധാരം. ഉത്തരവാദിത്വപൂര്‍ണ്ണമായ സാമൂഹിക പക്വതയിലേക്കും സ്വാതന്ത്ര്യവിനിയോഗത്തിലേക്കും പൊതുസമൂഹം ഉയര്‍ന്നുവരിക ഏറെക്കാലത്തെ പിച്ചവെപ്പുകള്‍ക്കും വീഴ്ചകള്‍ക്കും ശേഷമാവാം. മറ്റൊന്നുള്ളത്, മിക്കവാറും സാമൂഹികമായ പല മാറ്റങ്ങളും തിരകള്‍ കണക്കെ സംഭവിക്കുന്നുവെന്നതാണ്. വിദേശ രാജ്യങ്ങളിലും ഇത്തരം സാമൂഹിക പ്രതിഭാസം സുവിദിതമാണ്. ഒരു ഘട്ടത്തില്‍ പുകവലിയുടെ ഒരു വലിയ തിര സമൂഹത്തെയാകമാനം മൂടുന്നു. പതുക്കെ പതുക്കെ ആ തിര പിന്നാക്കം വലിഞ്ഞ് ഇല്ലാതാകുന്നു. പിന്നെ, ഒട്ടൊരു കാലത്തേക്ക് ചുരുക്കം പേര്‍ മാത്രം പുകവലി തുടരുകയും പിന്നീടെപ്പോഴോ പുകയില ഉപയോഗത്തിന്‍റെ മറ്റൊരു തിര സമൂഹത്തിലേക്ക് കടന്നുകയറുകയും ചെയ്യുന്ന രീതി. തിര സമാനമായ ഈ സാമൂഹിക പ്രതിഭാസം ഒട്ടുമിക്ക കാര്യങ്ങളിലും പ്രകടമാണ്. മറ്റൊരു ഉദാഹരണമാണ് അശ്ലീല ചലച്ചിത്രങ്ങള്‍. ചില കാലങ്ങളില്‍ അവയുടെ വേലിയേറ്റം തന്നെ കാണാം. അങ്ങനെ നോക്കുമ്പോള്‍, ലോകത്തിലാകമാനം സംഭവിക്കുന്ന മദ്യഉപഭോഗത്തിന്‍റെ ഈ വേലിയേറ്റം നാളെ താഴ്ന്നുപോകാവുന്നതേയുള്ളൂ.

എന്നിരിക്കിലും, പൊതുസമൂഹത്തിന്‍റെ സുസ്ഥിതിക്ക് ഇത്രയേറെ ഹാനി സംഭവിപ്പിക്കുന്ന മദ്യോപഭോഗത്തെ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് സാമൂഹിക നേതൃത്വങ്ങളും മതസ്ഥാപന നേതൃത്വങ്ങളും സാംസ്കാരിക നേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരുകളും ചെറുക്കുകയും നിയന്ത്രണവിധേയമാക്കി നിറുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. അക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ പാടില്ല.

1. ഇന്‍ഡ്യന്‍ ഭരണഘടന അടിസ്ഥാനപരമായി മദ്യനിരോധന താല്പര്യം പുലര്‍ത്തുന്ന ഒന്നാണ്. എന്നാല്‍, ഭരണഘടനയനുസരിച്ച് മദ്യനിയന്ത്രണവും മറ്റും കേന്ദ്രവിഷയമല്ല, സംസ്ഥാനവിഷയമാണ്. എന്നിരിക്കിലും ഇന്‍ഡ്യയ്ക്കാകമാനം ബാധകമാകുന്ന ഒരു പൊതു കേന്ദ്ര മദ്യനയം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. അതിനോട് ചുവടുപിടിച്ച് സംസ്ഥാനങ്ങളും സ്വന്തമായ മദ്യനയങ്ങള്‍ക്ക് രൂപം നല്കട്ടെ. അത് തീര്‍ച്ചയായും ഒരാവശ്യമാണ്.

2. രാജ്യത്താകമാനം നഗരങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും, കേരളത്തിന്‍റേതുപോലുള്ള സാമൂഹികാവസ്ഥകളില്‍ ഗ്രാമങ്ങളിലും പൊതുവായ ഉല്ലാസ സൗകര്യങ്ങളോ പൊതു ഇടങ്ങളോ രൂപപ്പെടുത്തണം. പ്രാദേശികോത്സവങ്ങളെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുകയും വേണം.

3. നിശ്ചിത പ്രായമെത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് മദ്യം വില്ക്കുന്ന വിപണനകേന്ദ്രങ്ങളുടെ ലൈസന്‍സ് ഹ്രസ്വകാലത്തേക്കെങ്കിലും പിന്‍വലിക്കുകയും അവയില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്യണം. അതുപോലെ ലഹരിപിടിച്ചുകഴിഞ്ഞ മദ്യപന് വീണ്ടും മദ്യം വിറ്റുകൂടാ എന്ന് ഒരു നിയന്ത്രണം കൂടി നിലവില്‍ വരുത്തണം. അതേപോലെ, ബാറുകളില്‍ ഒരു വ്യക്തിക്ക് വിളമ്പാവുന്ന മദ്യത്തിന് അളവ് പരിധി നിശ്ചയിക്കുകയും അതിലേറെ മദ്യം ആവശ്യപ്പെടുകയോ ബഹളമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ പെറ്റിക്കേസ് എടുക്കുകയും ചെയ്യണം. ഇതിനായി ബാറുകളോടനുബന്ധിച്ച് പൊലീസ് സര്‍വെയ്ലന്‍സ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

4. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുകയും അങ്ങനെ സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും ആവര്‍ത്തിച്ച് നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് എന്നേക്കുമായി റദ്ദാക്കുകയും വേണം.

5. കൂടുതല്‍ ആരോഗ്യകരമായ ജീവിതശീലങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യണം. സാമൂഹികമായ ബോധവല്കരണത്തിനും സര്‍ക്കാരുകളോടൊപ്പം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അണിചേരണം.

6. അനിയന്ത്രിതമായി മദ്യപരായ എഴുത്തുകാരെയും കവികളെയും സാംസ്കാരിക നായകരെയും ഒട്ടൊരു താരപരിവേഷത്തോടെ പ്രൊമോട്ട് ചെയ്യുകയും അവരെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. എന്നുമാത്രമല്ല, അത്തരക്കാര്‍ക്കെതിരേ ഒട്ടൊരു ഉപരോധം ഏര്‍പ്പെടുത്തുകയും വേണം. മിതമായ തോതില്‍ മാത്രമുള്ള മദ്യോപഭോഗത്തിന്‍റെ നല്ല വശങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും അമിതമായ മദ്യോപഭോഗത്തിന്‍റെ അനന്തര ഫലങ്ങളെ ഹൈലൈറ്റ് ചെയ്യുകയും വേണം. അമിതമായ മദ്യോപഭോഗം സാമൂഹികമായി സ്വീകാര്യമല്ല എന്ന കൃത്യമായ സന്ദേശം എല്ലാവരിലും എത്തിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണം.

കേരളത്തില്‍ മദ്യപിക്കാതെ ബാക്കി ശേഷിക്കുന്നത് ഗാന്ധിപ്രതിമകള്‍ മാത്രമാണെന്നുവരുമ്പോള്‍, Rum Kerala Rum എന്ന മുദ്രാവാക്യത്തോടെ മനുഷ്യര്‍ അവിടവിടെ ചടഞ്ഞുകൂടുന്ന ഒരു സംസ്കാരത്തില്‍, Run Kerala Run എന്ന് മുദ്രാവാക്യം തിരുത്തി, ആരോഗ്യകരമായ അധ്വാന-ഭക്ഷണ-പാനീയ-ആരോഗ്യ സംസ്കാരത്തിലേക്ക് കേരളത്തെ ഉണര്‍ത്താന്‍ സര്‍ക്കാര്‍-സര്‍ക്കാരിതര-പൊതു-സ്വകാര്യമേഖലാ സംവിധാനങ്ങളത്രയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക ഇന്നിന്‍റെ മാത്രമല്ല നാളെയുടെയും മുഖ്യമായ ആവശ്യമാണെന്നു വന്നിരിക്കുന്നു.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts