news-details
കഥ

സ്വര്‍ണ്ണ മണല്‍

ഉപ്പയുടെ കണ്ണുകളില്‍ ഞാന്‍ സന്തോഷം കണ്ടിട്ടില്ല, ഇന്നേവരെ. വിഷമമാണോ? വിഷാദമാണോ? അതോ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളെക്കുറിച്ചുള്ള ആശങ്കയാണോ? അറിയില്ല. പക്ഷേ ഒന്നു സത്യമാണ്. സങ്കടം ആ മുഖത്ത് എപ്പോഴും നിഴലിച്ചിരുന്നു.

ഉപ്പ പഴയ ഗള്‍ഫ്കാരനാണ്. കടല്‍മാര്‍ഗ്ഗം ഉരുവില്‍ മരുഭൂമിയിലേക്ക് യാത്ര ചെയ്തവരില്‍ ഒരാള്‍. മരുഭൂമിയിലെ മണല്‍ത്തരി സ്വര്‍ണ്ണത്തരിയാണെന്നു തെറ്റിദ്ധരിച്ച പാവങ്ങള്‍. കൂട്ടത്തിലുള്ള ഒന്നോ രണ്ടോ പേര്‍ രക്ഷപ്പെട്ടു. ഉപ്പ കഷ്ടിച്ച് അഞ്ചു വര്‍ഷം പിടിച്ചുനിന്നു.

പിന്നീടു നാട്ടിലേക്ക്. വീണ്ടും പഴയ വേലയിലേക്ക്. ട്രോളി വലിച്ചും കൈവണ്ടി ഉന്തിയും ഞങ്ങളെ വളര്‍ത്തി. ഇപ്പോള്‍ ശരീരം ശോഷിച്ചു. ആരോഗ്യം നഷ്ടപ്പെട്ടു. കവിളുകള്‍ വലിഞ്ഞു. പാവം! പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്, പഠിത്തം നിര്‍ത്തി ഉപ്പയെ സഹായിക്കാന്‍. പക്ഷേ അതിന് ഉപ്പ സമ്മതിക്കില്ല. പഠിക്കാന്‍ ഒത്തിരി മിടുക്കനായ എന്നെ ഒരിക്കലും ജോലിക്ക് പോവാന്‍ സമ്മതിച്ചിരുന്നില്ല. എസ്എസ്എല്‍സി നല്ല മാര്‍ക്കു വാങ്ങിത്തന്നെ ഞാന്‍ പാസ്സായി. പ്ലസ്ടുവില്‍ ചേര്‍ന്നു. പക്ഷേ ദിവസങ്ങള്‍ കഴിയുംതോറും ഉപ്പയുടെ ആരോഗ്യം മോശമാവുകയായിരുന്നു. എനിക്കു രണ്ട് ഇത്താത്തയും രണ്ടു അനുജത്തിമാരും ആണ് ഉണ്ടായിരുന്നത്. എല്ലാ രാത്രിയും ഉമ്മയുടെ കരച്ചിലും ഉപ്പയുടെ നെടുവീര്‍പ്പുമായിരുന്നു എന്‍റെ കാതുകളില്‍ കേള്‍ക്കാറുള്ളത്. ഇല്ല. ഇനി എനിക്കിതു കേള്‍ക്കാനാവില്ല. പിറ്റേദിവസം തന്നെ ഞാന്‍ ജബ്ബാറിന്‍റെ വീട്ടിലെത്തി. പലരെയും ഗള്‍ഫിലേക്ക് പറഞ്ഞയച്ച ആളാണ്. വിസജബ്ബാര്‍ എന്നാണ് നാട്ടുകാര്‍ വിളിക്കാറുള്ളത്.

"ന്താ, അലവി രാവിലെ തന്നെ?" അയാളുടെ ചോദ്യത്തില്‍ ഒരു കച്ചവടച്ചുവ ഉണ്ടായിരുന്നു.
"അത്, പിന്നെ...."
"മടിക്കണ്ട. പറഞ്ഞോ."
"ഇക്ക, ഇന്ക്കി ഒരു വിസാ ഉണ്ടാവ്മോ?"
"ഹഹ. വിസ ന്താ മിട്ടായിയാ? ചോയ്ക്കുമ്പോ എടുത്തു തരാന്? ഹാ, ഞാന്‍ നോക്കട്ടെ. പിന്നെ കായി ഒത്തിരി വേണ്ടി വരും."
"ശരി, ഇക്ക. ഞാന്‍ കായി തരും. നിങ്ങള് എങ്ങേനെയെങ്കിലും ഒരു വിസ ശരിയാക്കിന്‍..."
പീ...പീ...
ജനലഴിക്കപ്പുറത്തെ വിജനമായ അറ്റം കാണാത്ത റോഡില്‍ നിന്നും പെട്ടെന്ന് എന്‍റെ കണ്ണുകള്‍ പുറത്ത് നില്‍ക്കുന്ന പഴയ പിക്അപ് വാനിലേക്കായി.
പീ.. കമ്പനിവണ്ടി വന്നു. ഡ്രൈവര്‍ പാകിസ്ഥാനിയാണ്. വന്നാല്‍ പിന്നെ അങ്ങനെയാണ്. ഹോണ്‍ അടിച്ചുകൊണ്ടേയിരിക്കും.

കാലം ഒരുപാട് കഴിഞ്ഞു. എന്‍റെ നാല് പെങ്ങന്മാരും ഉമ്മമാരായി. അളിയന്മാര്‍ക്കെല്ലാം തരക്കേടില്ലാത്ത ജോലി ഉണ്ട്. രണ്ടു പേര്‍ ഗള്‍ഫില്‍. രണ്ടു പേര്‍ നാട്ടില്‍ കച്ചവടം. പഴയ ഓടിട്ട വീടിനു പകരം തരക്കേടില്ലാത്ത മാളികവീട്. ഉപ്പയുടെ കണ്ണുകളിലെ വിഷാദം മാറി. ഉമ്മയുടെ പൊട്ടിച്ചിരി ഇപ്പോള്‍ വീടിന്‍റെ എല്ലാ മൂലയിലും കേള്‍ക്കാം.

പീ... ഹോണ്‍ വീണ്ടും മുഴങ്ങി. തന്‍റെ നീളന്‍ കുപ്പായം അണിഞ്ഞു ഞാന്‍ മുടി ചീകാനായി കണ്ണാടിക്കു മുമ്പില്‍ എത്തി. എന്‍റെ കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നു. കവിളുകള്‍ ഒട്ടി എല്ലുകള്‍ മുകളിലേക്ക് ഉന്തിയിരിക്കുന്നു. താടിയില്‍ കറുപ്പിനെക്കാള്‍ കൂടുതല്‍ വെളുപ്പ്. മുടിയെല്ലാം കൊഴിഞ്ഞു. ഇത്തിരിയുള്ളത് പിന്നില്‍ മാത്രമായിരിക്കുന്നു. അതിനും കറുപ്പ് കുറവ്. ഇട്ടിരിക്കുന്ന നീളന്‍ കുപ്പായം തോളെല്ലില്‍ തൂങ്ങിക്കിടക്കുന്നു. എന്‍റെ പടച്ചോനേ....!!!

കാലം ഇത്രയേറെ എന്നെ മാറ്റിയോ?

മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി എല്ലാം ഞാന്‍ ത്യജിച്ചു. കല്യാണം പോലും. ന്നാലും ഒരാശ്വാസം ഉണ്ട്. ഉപ്പയുടെ മുഖത്ത് ആ സങ്കടം ഇപ്പോള്‍ ഇല്ലല്ലോ എന്ന ആശ്വാസം. അതുമതി. ഓരോ പ്രവാസിയുടെയും ആശ്വാസം പോലെ.

ഒത്തിരി വൈകിയപ്പോഴേക്കും പിക്അപ് നിറഞ്ഞു. അതില്‍ നേപ്പാളിയും ശ്രീലങ്കക്കാരും ... പഴയ ആളായതു കൊണ്ടാവാം എനിക്ക് മുന്‍പില്‍ ഇത്തിരി സ്ഥലം മാറ്റി വച്ചിരുന്നു. 

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts