news-details
കവർ സ്റ്റോറി

യേശുവിന്‍റെ രാഷ്ട്രീയം

രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് സമകാലീന രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ കുതന്ത്രങ്ങളും അധികാരക്കസേര നേടാനും കിട്ടിയ കസേരകള്‍ നിലനിര്‍ത്താനുമുള്ള പരാക്രമങ്ങളും അതോടനുബന്ധിച്ചുള്ള അഴിമതി കഥകളുമാണ്. അതുകൊണ്ടുതന്നെ പവിത്രതയുടെ പര്യായമായി കാണുന്ന യേശുനാഥനെ അതിനോട് ബന്ധിപ്പിച്ച് ചിന്തിക്കുന്നതുതന്നെ അപരാധമായി തോന്നാം. എന്നാല്‍ രാഷ്ട്രീയം ഇതൊക്കെയാണോ? രാഷ്ട്രീയത്തിന്‍റെ വിശുദ്ധ മേഖലകള്‍ തമസ്കരിക്കപ്പെടുകയാണ്. ബംഗളൂരുവിലെ വിദാന്‍സൗധയുടെ മുന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനം ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ്. ഗാന്ധിജിയെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ പവിത്രമായി കണ്ടിരുന്നൊരു മേഖലയാണ് രാഷ്ട്രീയം. ഇന്ന് അതിന്‍റെ വിശുദ്ധിയുടെ പരിവേഷം നഷ്ടപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസമുള്ള പല യുവാക്കളും എനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലായെന്നു പറയുന്നത് കേട്ടിട്ടുണ്ട്.

പക്ഷേ നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാമെല്ലാം രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും പ്രവര്‍ത്തിക്കാതിരിക്കുന്നതിലും എടുക്കുന്ന നിലപാടുകളിലും രാഷ്ട്രീയമുണ്ട്. ഞാന്‍ രാഷ്ട്രീയത്തോട് ബന്ധപ്പെടാതെ എന്‍റെ കാര്യം നോക്കി ജീവിക്കുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയോട് പൊരുത്തപ്പെട്ടിരിക്കുന്നു എന്നാണ്. എനിക്ക് എന്‍റെ അവകാശങ്ങള്‍ നിഷേധിപ്പെട്ടിരിക്കുന്നു, എനിക്ക് നീതി ലഭിക്കണം എന്ന് തോന്നിയാല്‍ നിങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയില്‍ തൃപ്തനല്ലായെന്നും അതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നു എന്നുമാണ്. നാം രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ശ്രമിച്ചാലും ഇല്ലെങ്കിലും നമ്മള്‍ ഒരു രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്നു. ആ നിലപാടിനെക്കുറിച്ച് നമുക്ക് തിരിച്ചറിവ് ഉണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. അതുകൊണ്ട് യേശുവിന് രാഷ്ട്രീയത്തോട് ബന്ധമില്ല എന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. പ്രത്യുത യേശുവിന്‍റെ രാഷ്ട്രീയം തിരിച്ചറിയുക എന്നതാണ് നാം ചെയ്യേണ്ടത്.

യേശുവിന്‍റെ കാലത്തെ രാഷ്ട്രീയം

യേശു ജനിച്ചുവളര്‍ന്നത് യഹൂദനായിട്ടായിരുന്നു. ഇസ്രായേലില്‍ ആദിമ കാലത്ത് ദൈവഭരണമായിരുന്നു. ഓരോ കാലഘട്ടത്തിലും ദൈവം എഴുന്നേല്‍പ്പിക്കുന്ന മൂപ്പന്മാരും പ്രവാചകന്മാരുമാണ് ദൈവനിര്‍ദ്ദേശപ്രകാരം ഭരണം നടത്തിയിരുന്നത്. അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ഗോത്രപിതാക്കന്മാര്‍, മോശ, ജോഷ്വാ തുടങ്ങിയവര്‍ ആദ്യകാലഘട്ടത്തില്‍ ഭരണം നടത്തി. സാമുവേല്‍ പ്രവാചകന്‍റെ കാലം മുതല്‍ (1. സാമു. 8) ഫെലിസ്ത്യരുടെ അക്രമണങ്ങളെ ചെറുക്കുവാന്‍ തക്കവണ്ണം തങ്ങള്‍ക്കും മറ്റ് ജനതകളിലുള്ളതുപോലെ രാജാവ് വേണം എന്ന് ജനം ശഠിച്ചപ്പോള്‍ ഇസ്രായേലില്‍ രാജഭരണത്തിന് തുടക്കമായി. ദാവീദ് ആയിരുന്നു ഏറ്റവും പ്രമുഖനായ രാജാവ്. യേശുവിന്‍റെ കാലത്ത് രാജഭരണം അവസാനിച്ചിരുന്നു. ബി.സി. 63 മുതല്‍ ഇസ്രായേല്‍ റോമന്‍ ആധിപത്യത്തിനു കീഴിലായിരുന്നു. റോമന്‍ സാമ്രാജ്യത്തിനുവേണ്ടി ചക്രവര്‍ത്തി നിയോഗിച്ച ഹെറോദേസ് ആയിരുന്നു ഇസ്രായേലില്‍ ഗവര്‍ണറായി ഭരണം നടത്തിയിരുന്നത്. കാലക്രമേണ രാജ്യം റോമന്‍ ആധിപത്യത്തിനു കീഴില്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടു.  ഈ രാഷ്ട്രീയ പശ്ചാത്തലത്തോട് വ്യത്യസ്തമായി പ്രതികരിച്ചിരുന്ന അഞ്ച് വിഭാഗം ആളുകളെ കാണാം.

1. എരിവുകാര്‍ (zelots)  2. സാദൂക്യര്‍ 3. പരീശന്മാര്‍ 4. എസ്സീന്‍കാര്‍ (Essenes)- 5. സാധാരണക്കാര്‍ എന്നിവരായിരുന്നു അവര്‍.

യേശുവിന്‍റെ ജനനത്തിനുമുമ്പ് യേശുവിന്‍റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍

യേശുവിന്‍റെ ജനനത്തിനുമുമ്പുതന്നെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. കന്യകാമറിയത്തിനോട് യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള ദൂതുമായെത്തിയ ഗബ്രിയേല്‍ സംസാരിച്ചതു മുഴുവന്‍ രാഷ്ട്രീയമായിരുന്നു. ڇനീ ഗര്‍ഭം ധരിച്ചൊരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിത്തീരും. അത്യുന്നതന്‍റെ പുത്രന്‍ എന്ന് വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവന് കൊടുക്കും. യാക്കോബിന്‍റെ ഭവനത്തില്‍ അവന്‍ എന്നേയ്ക്കും ഭരിക്കും അവന്‍റെ രാജ്യത്തിന് അവസാനമുണ്ടാകയില്ല.ڈ(ലൂക്കാ. 1:31-33) ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദങ്ങളെല്ലാം ശുദ്ധ രാഷ്ട്രീയമാണ്. ദാവീദിന്‍റെ സിംഹാസനം, ഭരണം, രാജ്യം തുടങ്ങിയവ. മിശിഹായുടെ വരവിനെക്കുറിച്ച് പച്ചയായ സ്വപ്നങ്ങള്‍ കൊണ്ടുനടന്നിരുന്ന ഏതൊരു യഹൂദനും ഈ വാക്കുകളുടെ അര്‍ത്ഥം സുവ്യക്തമാണ്.

യേശുവിന്‍റെ ജനനത്തിന്‍റെ രാഷ്ട്രീയം

യേശുവിന്‍റെ ജനനം രാഷ്ട്രീയ പ്രാമുഖ്യമുള്ളതാണ്. വചനം മാംസമായി നമ്മുടെ ഇടയില്‍ കൂടാരം അടിച്ചു(യോഹ. 1:14). ദൈവപുത്രന്‍ പിറന്നുവീണത് ഒരു അഗതിയെപ്പോലെ കാലിത്തൊഴുത്തിലായിരുന്നല്ലോ. ദരിദ്രരില്‍ ദരിദ്രരായവരുടെ കൂടെയാണ് തന്‍റെ രാഷ്ട്രീയ നിലപാടെന്ന് അതിലൂടെ ദൈവം സൂചിപ്പിക്കുകയാണ്. യേശുകുഞ്ഞിനെ സന്ദര്‍ശിച്ച ആട്ടിടയര്‍ അവന്‍റെ ജനനത്തെ ആഘോഷമാക്കി മാറ്റുന്നുണ്ട്. എന്നാല്‍ അത് ഹേറോദേസിന്‍റെ കൊട്ടാരത്തിലും ഭരണതലസ്ഥാനമായ ജെറൂസലേമിലും ഉണ്ടാക്കിയ രാഷ്ട്രീയ പ്രകമ്പനകള്‍ വലുതായിരുന്നു. ڇഹേറോദേസ് രാജാവ് അസ്വസ്ഥനായി. അവനോടൊപ്പം ജെറൂസലേം മുഴുവനും(മത്താ. 2:3). യേശുകുഞ്ഞ്  അവിടെ ഒരു ചേരിതിരിവ് സൃഷ്ടിക്കുന്നുണ്ട്. ദുര്‍ബ്ബല ജനതക്ക് സംഘടിത ശക്തിയായി വളരുവാന്‍ ഒരു നേതാവ് ഉണ്ടാകുന്നു എന്നതാണ് ഭരണത്തിലിരിക്കുന്നവരെ അസ്വസ്ഥമാക്കുന്നത്.

സ്നാനത്തിന്‍റെ രാഷ്ട്രീയം

യേശുവിന്‍റെ സ്നാനം ഒരു ശുദ്ധീകരണ കൂദാശ ആയിരുന്നില്ല. പ്രത്യുത തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ആരോടൊപ്പമാണെന്നുള്ള യേശുവിന്‍റെ പ്രഖ്യാപനമായിരുന്നു. സ്നാപക യോഹന്നാനോട് ചേര്‍ന്ന് അദ്ദേഹം തുടങ്ങിവച്ച പ്രവാചക ദൗത്യത്തില്‍ യേശുവും പങ്കാളിയാവുകയാണ്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും അനീതിയുടെ ഘടനകള്‍ക്ക് എതിരെയുമുള്ള ശക്തമായ മുന്നേറ്റമായാണ് യോഹന്നാന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാനസാന്തരത്തിലേക്കുള്ള ആഹ്വാനവും പ്രവാചകദൗത്യവും (മുഖം നോക്കാതെ ദൈവത്തിന്‍റെ ശിക്ഷാവിധി പ്രഖ്യാപിക്കല്‍) യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും പിന്നീട് വധിക്കപ്പെടാന്‍ കാരണമാവുകയും ചെയ്തു.

ദൈവരാജ്യത്തിന്‍റെ രാഷ്ട്രീയം

യോഹന്നാന്‍റെ ശബ്ദം നിലയ്ക്കുന്നിടത്തുനിന്നാണ് യേശുവിന്‍റെ ശബ്ദം ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. യോഹന്നാന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുമ്പോള്‍ യേശു ദൈവരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്ന് പ്രസംഗിച്ചു തുടങ്ങി. നിശ്ശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമായാണ് യേശുവിന്‍റെ ദൈവരാജ്യം കടന്നുവരുന്നത്. യേശുവിന്‍റെ സുവിശേഷത്തിന്‍റെ കേന്ദ്രബിന്ദു ഈ ദൈവരാജ്യം എന്ന ആശയമാണ്. മത്തായിയുടെ സുവിശേഷത്തില്‍ അത് സ്വര്‍ഗ്ഗരാജ്യം (besalia ton huranon) ആയിരുന്നെങ്കില്‍ ഇതര സുവിശേഷങ്ങളില്‍ അത് ദൈവരാജ്യമായിരുന്നു. (besalia tu theu) ഏതായാലും ദൈവത്തിന്‍റെ അധീശത്വത്തിലുള്ള ഭരണസംവിധാനം എന്ന നിലയ്ക്കാണ് രണ്ട് വാക്കുകളും ഉപയോഗിക്കുന്നത്.

ഇന്ന് ലോകത്തില്‍ നിലനില്‍ക്കുന്ന മൂല്യങ്ങളുടെ കടകവിരുദ്ധമായ മൂല്യങ്ങളാണ് യേശു മുമ്പോട്ടുവെക്കുന്ന ദൈവരാജ്യചിന്തയില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. ദൈവരാജ്യം എന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. (റോമ. 14:17).

ലോകത്തില്‍ ചെറിയവരും, ദുര്‍ബ്ബലരും ദരിദ്രരുമായവരോടുമുള്ള ദൈവത്തിന്‍റെ ആഭിമുഖ്യം ദൈവരാജ്യത്തിന്‍റെ പ്രത്യേകതയാണ്. നാം ജീവിക്കുന്ന ലോകത്തില്‍ പിതാവായ ദൈവത്തിന്‍റെയും യേശുവിന്‍റെയും പ്രതിരൂപങ്ങളായിട്ടാണ് അവരെ യേശു കണ്ടത്. ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യുന്നതെല്ലാം എനിക്കാണ് ചെയ്യുന്നതെന്ന് യേശു കല്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ സമൂഹം ദുര്‍ബ്ബലരായി കാണുന്നവരെ ദ്രോഹിക്കുകയും സഹായിക്കാതിരിക്കുകയും ചെയ്യുന്നത് മഹാ അപരാധമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

നസറേത്ത് പ്രകടനപത്രിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന (ലൂക്ക. 4:18-21 ) ഭാഗത്ത് ഏശയ്യ പ്രവചനം (61:1-2) ഉദ്ധരിച്ചുകൊണ്ട് തന്‍റെ ലോക ദൗത്യം യേശു വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഇല്ലായ്മയും അടിമത്തവും ദര്‍ശനത്തിന്‍റെയും പ്രതീക്ഷയുടെയും അഭാവവും പേറുന്നവര്‍ക്ക് മോചനത്തിന്‍റെ സുവിശേഷം പ്രസംഗിക്കുക എന്നതാണ് തന്‍റെ ദൗത്യം എന്ന് യേശു പ്രഖ്യാപിക്കുന്നു.

യേശുവിന്‍റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തില്‍ (beatitudes) (മത്താ. 5:3-12) യേശു തന്‍റെ രാജ്യത്തിലെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുകയാണ്. ഒന്‍പത് വിഭാഗം ആളുകള്‍ക്ക് കരുതിവച്ചിരിക്കുന്ന സൗഭാഗ്യങ്ങളുടെ പട്ടികയാണിത്. ആത്മാവില്‍ ദരിദ്രരായവര്‍, കരയുന്നവര്‍, സൗമ്യതയുള്ളവര്‍, നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവര്‍, കരുണയുള്ളവര്‍, ഹൃദയശുദ്ധിയുള്ളവര്‍, സമാധാനമുണ്ടാക്കുന്നവര്‍, നീതിനിമിത്തം പീഡിപ്പിക്കപ്പെടുന്നവര്‍, ആക്ഷേപിക്കപ്പെടുന്നവര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒപ്പം തന്നെ ഉള്‍പ്പെടാത്തവര്‍ക്ക് ശിക്ഷാവിധിയും പ്രഖ്യാപിക്കുന്നുണ്ട് (ലൂക്കോ. 6:24-26). ڇസമ്പന്നരേ നിങ്ങള്‍ക്ക് ദുരിതം, നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തിയില്‍ കഴിയുന്നവരേ നിങ്ങള്‍ ദുരിതം, നിങ്ങള്‍ക്ക് വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരേ നിങ്ങള്‍ക്ക് ദുരിതം, നിങ്ങള്‍ ദുഃഖിച്ച് കരയും. മനുഷ്യര്‍ നിങ്ങളെ പ്രശംസിക്കുമ്പോള്‍ നിങ്ങള്‍ക്ക് ദുരിതം, വ്യാജപ്രവാചകരോടും അവര്‍ അങ്ങനെ തന്നെ ചെയ്തുവല്ലോ.

യഹൂദ സമൂഹം രണ്ടാം കിടക്കാരായി കരുതിയ സ്ത്രീകള്‍ യേശുവില്‍ പുതിയ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ദൈവരാജ്യപ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ ഇറങ്ങുന്നുണ്ട്.

ഇവിടെ ദൈവരാജ്യമെന്ന പുതിയ സംവിധാനത്തിലൂടെ നിലവിലുള്ള അധികാരം, അക്രമം, ആര്‍ഭാടം, ആര്‍ത്തി എന്നിവ മുഖമുദ്രയാക്കിയ മൂല്യബോധങ്ങള്‍ക്കും മനുഷ്യരെ അധമരാക്കി മാറ്റുന്ന വ്യവസ്ഥിതികള്‍ക്കുമെതിരെ പുതിയ ബദല്‍ സംവിധാനം യേശു മുമ്പോട്ടുവെയ്ക്കുകയാണ്. ദൈവരാജ്യത്തില്‍ അധികാരത്തെക്കാള്‍ ശുശ്രൂഷക്കും, സമ്പന്നതയെക്കാള്‍ ദാരിദ്ര്യത്തിനും, ആര്‍ഭാടത്തെക്കാള്‍ എളിമയ്ക്കും, അധീശത്വത്തെക്കാള്‍ സൗമ്യതയ്ക്കും, വിഘടനത്തെക്കാള്‍ സമന്വയത്തിനും, അക്രമത്തെക്കാള്‍ സ്നേഹത്തിനും, കൂട്ടിവെക്കുന്നതിനെക്കാള്‍ പങ്കിടുന്നതിനും, സുഖാനുഭവത്തെക്കാള്‍ ത്യാഗത്തിനും, വൈദഗ്ദ്ധ്യത്തെക്കാള്‍ മനുഷ്യത്വത്തിനും, മത്സരത്തെക്കാള്‍ ബലപ്പെടുത്തലിനും ഊന്നല്‍ നല്‍കുന്നു. അതുകൊണ്ടാണ് യേശു പറയുന്നത് വിജാതിയരുടെമേല്‍ അവരുടെ രാജാക്കന്മാര്‍ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കാണുന്നു. എന്നാല്‍ നിങ്ങള്‍ അങ്ങനെ ആകരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും, അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം(ലൂക്കാ. 22:25-26). യേശു സ്വയം അത് ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്നതിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.

ഇതുകൊണ്ട് സമ്പന്നരോടും സുഖിമാന്മാരോടും അധികാരവര്‍ഗ്ഗത്തോടും യേശുവിന് കരുതലില്ല എന്ന് മനസ്സിലാക്കേണ്ടതില്ല. തീര്‍ച്ചയായും യേശു അവരെ സ്നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അവര്‍ മാനസാന്തരപ്പെട്ട് ദൈവരാജ്യ നീതിക്കനുസരിച്ച് പരുവപ്പെടേണ്ടതുണ്ട് എന്ന് ശഠിച്ചു. തങ്ങളെ ചൂഷകരാക്കുന്ന ഘടനകളില്‍ നിന്നും വിമോചനം പ്രാപിച്ച് ശിശുതുല്യമായ നൈര്‍മല്യത്തിലേക്ക് വരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ചുങ്കക്കാരനായ സക്കേവൂസ് മാനസാന്തരപ്പെട്ട് തന്‍റെ അനധികൃത സമ്പാദ്യങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ യേശുപറയുന്നത് ഇവന്‍ അബ്രഹാമിന്‍റെ പുത്രനായിത്തീര്‍ന്നിരിക്കുന്നുവെന്നാണ്.

രാഷ്ട്രീയവും ആത്മീയതയും രണ്ട് എതിര്‍ധ്രുവങ്ങളിലുള്ള മേഖലകളാണെന്നും അതുരണ്ടും തമ്മില്‍ ബന്ധപ്പെടുത്തുന്നത് ശരിയല്ല എന്നുമൊരു ധാരണയുണ്ട്. ഇത് തെളിയിക്കാന്‍ യേശുവിന്‍റെ വാക്കുകളാവും ഉപയോഗിക്കുക. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. യേശു ഇവിടെ രാഷ്ട്രീയവും ആത്മീയതയും വേര്‍തിരിക്കുകയല്ല, പ്രത്യുത നികുതി കൊടുക്കുന്നത് നികുതിദായകരുടെ താത്പര്യമാണെന്ന് പ്രഖ്യാപിക്കുകയാണ്. തങ്ങളുടെ സമ്പത്ത് സീസറിന്‍റേതാണെന്ന് കരുതുന്നവര്‍ക്ക് സീസറിന് കൊടുക്കാം. ദൈവത്തിന്‍റേതാണെന്ന് കരുതുന്നവര്‍ക്ക് ദൈവത്തിന് കൊടുക്കാം.

ദേവാലയ ശുദ്ധീകരണത്തിന്‍റെ രാഷ്ട്രീയം

ദൈവരാജ്യത്തിന്‍റെ കുടക്കീഴില്‍ ആള്‍ക്കൂട്ടത്തെ (ഒക്കലോസ്) ലക്ഷ്യബോധമുള്ള ജനത (ലാവോസ്)യാക്കി മാറ്റുവാനുള്ള യേശുവിന്‍റെ ശ്രമങ്ങളുടെ വിജയമാണ് ഒരു പെസഹാ പെരുന്നാളില്‍ ജെറൂസലേമില്‍ കണ്ടത്. ലാസറിനെ ഉയര്‍പ്പിച്ച യേശുവില്‍ മിശിഹായെ കണ്ടെത്തിയ ജനം യേശുവിനെ യഹൂദരുടെ ഭരണസിരാകേന്ദ്രമായ ജെറൂസലേമിലേക്ക് ആര്‍ഭാടപൂര്‍ണ്ണം ആനയിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഇതിന് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവര്‍ ദാവീദിന്‍റെ പുത്രന് ഹോസാന എന്ന് ആര്‍ത്തുവിളിച്ചു. ഹോസാന എന്ന വാക്കിന്‍റെ അര്‍ത്ഥം 'ഇപ്പോള്‍ ഞങ്ങളെ രക്ഷിക്കൂ' എന്നാണ്.  (മത്താ. 21:1-11, മര്‍ക്കോ. 11:1-11, ലൂക്കോ. 19:28-40). ഈ ജനകീയ മുന്നേറ്റത്തിന്‍റെ പിന്‍ബലത്തില്‍ യേശു ദേവാലയ ശുദ്ധീകരണം നടത്തുന്നു.

കുരിശിന്‍റെയും ഉത്ഥാനത്തിന്‍റെയും രാഷ്ട്രീയം

യേശുവിന്‍റെ വാക്കുകളും പ്രവര്‍ത്തനങ്ങളും യഹൂദ നേതൃത്വത്തിന് സാരമായ അസ്വസ്ഥതകളുണ്ടാക്കി. മോശയുടെ ന്യായപ്രമാണങ്ങളെ പുനര്‍വായനക്ക് വിധേയമാക്കിയതും, യഹൂദസമൂഹം അശുദ്ധിയും ഭൃഷ്ടും കല്പിച്ചിരുന്നവരോട് സൗഹൃദം പുലര്‍ത്തിയിരുന്നതും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതും, യഹൂദ മത നിയമങ്ങള്‍ ലംഘിച്ചതും (സാബത്ത്), യഹൂദ മതനേതാക്കളുടെ ആത്മീയ ജീര്‍ണ്ണത തുറന്നുകാട്ടിയതും, അവര്‍ അനുഭവിച്ചിരുന്ന അധികാരങ്ങള്‍ക്ക് ഉലച്ചിലുണ്ടാക്കിയതും അവരെ ചൊടിപ്പിച്ചിരുന്നു. ഒടുവില്‍ അവരുടെ ഭരണത്തിന്‍റെ സിരാകേന്ദ്രം കയ്യടക്കിയപ്പോള്‍ അവര്‍ പരിഭ്രാന്തരായി. ڇനമുക്കൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് കാണുന്നില്ലേ?ڈ (യോഹ. 12:19) എന്ന് അവര്‍ പരിതപിക്കുന്നുണ്ട്. യേശു യഹൂദപ്രമാണിമാരുടെ പ്രത്യേകിച്ചും സാദൂക്യര്‍, പരീശര്‍ തുടങ്ങിയവരുടെ രാഷ്ട്രീയ നിലനില്‍പ്പിനും സ്ഥാനമാനങ്ങള്‍ക്കും ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവനെ വധിക്കുവാന്‍ അവര്‍ തീരുമാനിക്കുന്നത്.

യേശുവിന്‍റെ മരണം റോമാക്കാരുടെ നിയമം അനുസരിച്ച് രാഷ്ട്രീയ കുറ്റവാളിയായിട്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. യേശുവിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടാണ് അവനെ മരണത്തിലേക്ക് നയിച്ചത്. ഉയര്‍ത്തെഴുന്നേല്‍പ്പ് യേശുവിന്‍റെ രാഷ്ട്രീയ വിജയമാണ്. നീതിക്കുവേണ്ടിയുള്ള സംഘടിത ചെറുത്തുനില്‍പ്പുകളെ പീഡനങ്ങള്‍കൊണ്ടും കൊലപാതകങ്ങള്‍കൊണ്ടും തോല്‍പ്പിക്കാന്‍ ആവില്ല എന്ന ദൂതാണ് ഉത്ഥാനം നല്‍കുന്നത്.

ആദിമ ക്രിസ്തീയ സമൂഹം യേശു വിഭാവനം ചെയ്ത ദൈവരാജ്യത്തിന്‍റെ രാഷ്ട്രീയ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് (അപ്പോ. 2:44-46). ڇവിശ്വാസികള്‍ എല്ലാവരും ഒറ്റ സമൂഹം ആവുകയും തങ്ങള്‍ക്കുള്ളതെല്ലാം പൊതുവായി കരുതുകയും അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുക്കളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിക്കുകയും ചെയ്തു. ആ ശ്രമത്തിനുപോലും അതിന്‍റേതായ രാഷ്ട്രീയ പ്രസക്തിയുണ്ട്.

ഉപസംഹാരം

യേശുവിന്‍റെ രക്ഷാകരമായ മനുഷ്യാവതാര പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ തലത്തിലേക്ക് മാത്രമായി ചുരുക്കി കാണുവാന്‍ ഈ ലേഖനത്തിലൂടെ ആഗ്രഹിക്കുന്നില്ല. എങ്കിലും യേശുവിന്‍റെ സുവിശേഷത്തിന്‍റെ രാഷ്ട്രീയ മാനങ്ങള്‍ സഭ ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു. യേശുവിനെ താന്‍ ജീവിച്ച പശ്ചാത്തലത്തില്‍ അറിയുകയും യേശുവിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ വിശകലനാത്മകമായി മനസ്സിലാക്കുകയും ആ നിലപാടുകളുടെ വെളിച്ചത്തില്‍ നമ്മുടെ നിലപാടുകളെ പുനപ്പരിശോധനക്ക് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ജനനം മുതല്‍ യേശുവിന്‍റെ സാന്നിദ്ധ്യം സ്വന്തം നാട്ടില്‍ രാഷ്ട്രീയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു എന്നത് സത്യമാണ്. ദൈവരാജ്യമെന്ന പുതിയ രാഷ്ട്രീയ വ്യവസ്ഥിതി മുന്നോട്ടുവച്ചുകൊണ്ട് അതിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയും, അന്ന് അതിന് സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവരുടെ പക്ഷത്തുനിന്നും വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ദൈവരാജ്യമൂല്യങ്ങള്‍ അന്ന് നിലനിന്നിരുന്ന മൂല്യ വ്യവസ്ഥിതിക്ക് കടകവിരുദ്ധമായിരുന്നതിനാല്‍ യാഥാസ്ഥിതിക ഭരണ നേതൃത്വത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. ഈ എതിര്‍പ്പുകളുടെ രക്തസാക്ഷിയായി കുരിശില്‍ മരിക്കേണ്ടി വന്നുവെങ്കിലും യേശുവിന്‍റെ ഉയിര്‍പ്പ് മാറ്റങ്ങള്‍ക്കുവേണ്ടി പോരാടുന്ന സകലര്‍ക്കും പ്രചോദനമായി തീര്‍ന്നുകൊണ്ടിരിക്കുന്നു.

ഇന്ന് ക്രിസ്തീയ സഭയുടെ ദൗത്യവും മറ്റൊന്നല്ല. ലോകത്തിന്‍റെ സമഗ്രമായ വിമോചനത്തിന് യേശുവിലൂടെ ദൈവം നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ പ്രസക്തി തികച്ചും വ്യക്തിപരവും വൈകാരികവുമായ തലങ്ങളില്‍ ഒതുക്കുന്നത് വലിയ അപരാധമാണ്. ക്രിസ്തീയ സഭയുടെ നിലപാടുകളെ ദൈവരാജ്യമൂല്യങ്ങള്‍ക്കനുസൃതമായി ക്രമപ്പെടുത്തുവാനുള്ള വലിയ ബാദ്ധ്യത സഭയ്ക്കുണ്ട്. ദുര്‍ബ്ബലരുടെ പക്ഷത്തുനിന്ന് അവരുടെ കണ്ണിലൂടെ സഭയുടെയും രാജ്യത്തിന്‍റെയും അധികാര-സാമ്പത്തിക-രാഷ്ട്രീയ ഘടനകളെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും നോക്കിക്കാണുവാനും, ദുര്‍ബ്ബലര്‍ക്കെതിരായ അതിക്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും, അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായിത്തീരുവാനും, അധികാര കസേരകള്‍ കയ്യടക്കുന്നതിനെക്കാള്‍ സമൂഹശുശ്രൂഷകരായി വര്‍ത്തിക്കുവാനും നമുക്ക് ശ്രമിക്കാം. ദൈവനാമം മഹത്വപ്പെട്ടെ.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts