news-details
കവർ സ്റ്റോറി

യേശുവിൻറെ ആത്മീയതയും രാഷ്ട്രിയവും

നസ്രത്തുകാരന്‍ യേശുവിനെ ദൈവമായി കരുതുകയും ആരാധിക്കുകയും ചെയ്യുന്ന ജനസമൂഹം പലപ്പോഴും അദ്ദേഹത്തെ രാഷ്ട്രീയ നിലപാടുകളുള്ളവനായി കാണാന്‍ ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ ആത്മീയതയില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ല എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിച്ചേരുകയും ചെയ്യും. കൈസര്‍ക്ക് കരം കൊടുക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തെ പാശ്ചാത്യ രാഷ്ട്രീയ സമൂഹം തെറ്റായി വ്യാഖ്യാനിച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന നിലപാടും ഈ ചിന്താഗതിയെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകജീവിതത്തിന്‍റെ സുരക്ഷിതത്വവും സമാധാനവും ഒരേ സമയം ആത്മീയവും രാഷ്ട്രീയവുമായ വിഷയമാകുന്നു എന്ന തിരിച്ചറിവ് ജീവിതത്തില്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ തീര്‍ച്ചയായും യേശുവിന് എന്ത് നിലപാട് ഉണ്ടായിരുന്നു എന്ന് അന്വേഷിക്കേണ്ടത് ക്രൈസ്തവ ജീവിതശൈലിയുടെ നിര്‍ണ്ണായക വിഷയമാണ്.

മനുഷ്യാവതാരം

'ദൈവം മനുഷ്യനായി കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു' എന്നതാണ് ക്രൈസ്തവ സമൂഹത്തിന്‍റെ അടിത്തറ. മനുഷ്യന്‍ എന്നാല്‍ ആത്മീയ ചിന്ത മാത്രം ഉള്ള ഒരു ജീവിയാണ് എന്ന് ചിന്തിക്കാന്‍ വയ്യ. മറിച്ച് മനുഷ്യന് ആത്മീയത്തോടൊപ്പം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ഒക്കെ ആയ ജീവിത തലങ്ങളുണ്ട് എന്നത് വസ്തുതയാണ്. ഇതില്‍ ആത്മീയതലത്തില്‍ മാത്രം ദൈവം മനുഷ്യനായി എന്ന് കരുതാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ദൈവമായിരിക്കെ തന്നെ മനുഷ്യനായി 'നമ്മുടെ ഇടയില്‍ പാര്‍ത്ത' യേശുവിന് ഈ മേഖലകളില്‍ എല്ലാം നിലപാടുകള്‍ ഉണ്ടായിരുന്നു എന്നും അവ അറിഞ്ഞും ആദരിച്ചും അനുകരിച്ചും മാത്രമെ ആര്‍ക്കും അവന്‍റെ ശിഷ്യനാകാന്‍ കഴിയൂ എന്നും അംഗീകരിക്കേണ്ടി വരുന്നു. ഈ നിലപാടിന്‍റെ പ്രത്യക്ഷ ലക്ഷണമാണ് ലൂക്കാ എഴുതിയ യേശുവിന്‍റെ പരസ്യ ജീവിതത്തെക്കുറിച്ചുള്ള രേഖയില്‍ ആദ്യമായി കാണുന്ന യേശു നസ്രത്തിലെ സംഘാലയത്തില്‍ നടത്തിയ പ്രസ്താവന (ലൂക്കാ 4:18-19). ഇത് ഏശയ്യാ പ്രവാചകന്‍ ബാബിലോണില്‍ നിന്നും തിരിച്ചെത്തി തികച്ചും ദരിദ്രമായ അവസ്ഥയില്‍ ജീവിച്ച് പട്ടണവും ദൈവാലയവും പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ച് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ കൊണ്ട് മനസ്സു മടുത്തിരുന്ന ജനത്തോട് നടത്തിയ പ്രഖ്യാപനമാണ് (ഏശയ്യ 61:1മു). 61-ാം അദ്ധ്യായം മുഴുവന്‍ വായിച്ചാല്‍ രാഷ്ട്രീയവും മതപരവും സാമൂഹികവുമായ കുറവുകള്‍ തീര്‍ന്ന ഒരു സ്വതന്ത്ര ലോകത്തെ സൃഷ്ടിക്കാനുള്ള ദൈവത്തിന്‍റെ നിശ്ചയത്തെ പ്രകടമാക്കുന്നതാണ് ഈ പ്രഖ്യാപനം എന്നു കാണാന്‍ കഴിയും.

ദാവീദിന്‍റെ പുത്രന്‍

യേശുവിന്‍റെ ജനനത്തെ അറിയിച്ചുകൊണ്ട് മാലാഖ നടത്തുന്ന പ്രഖ്യാപനം ശ്രദ്ധേയമാണ് ("...ദാവീദിന്‍റെ സിംഹാസനം അവന് കൊടുക്കും..." ലൂക്കാ. 1:32). ദാവീദിന്‍റെ സിംഹാസനത്തിന്‍റെ  അവകാശി ആയി ജനിക്കുന്നവന്‍ തീര്‍ച്ചയായും രാഷ്ട്രീയ കാഴ്ചപ്പാടുള്ളവന്‍ തന്നെ ആയിരുന്നിരിക്കണം. അതുകൊണ്ടുതന്നെ ജനക്കൂട്ടത്തിന്‍റെ ഇടയില്‍ നിന്നുള്ള 'ദാവീദു പുത്രാ....' എന്ന വിളി യേശുവിനെ പ്രവര്‍ത്തന നിരതനാക്കുന്നു എന്ന് കാണാം (മത്തായി 20:31, മര്‍ക്കോസ് 10:47, ലൂക്കാ. 18:39). ദാവീദിനെ യഹൂദ സമൂഹം ഇസ്രായേലിലെ അംഗീകൃത രാജവംശത്തിന്‍റെ അടിത്തറ ആയിട്ടാണ് കണ്ടിരുന്നത്. ലൂക്കാ 3: 22 ലെ 'ഇവന്‍ എന്‍റെ പ്രിയ പുത്രന്‍...' എന്ന ദൈവിക പ്രഖ്യാപനം ഈ സ്വയം ബോധത്തിന്‍റെ പ്രകടഭാവമായി കാണേണ്ടതാണ്. ഇത് രാജകീയ സങ്കീര്‍ത്തനങ്ങളില്‍പെട്ട സങ്കീര്‍ത്തനം രണ്ടില്‍ നിന്നും ഉള്ളതാണെന്നും ദാവീദിന്‍റെ രാജത്വത്തെ സാധൂകരിക്കുന്ന ഒന്നാണെന്നും അറിയുമ്പോള്‍ യേശു തന്നെക്കുറിച്ച് എന്ത് കരുതിയിരുന്നു എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല.

ഇസ്രായേലിന് അതിന്‍റെ നിലനില്പില്‍ രാഷ്ട്രീയവും ആത്മീയവും (അഥവാ ദൈവബന്ധം) തമ്മില്‍  വ്യത്യാസം ഉണ്ടായിരുന്നില്ല. ദൈവമാണ് യഥാര്‍ത്ഥ രാജാവ്. ഒരു രാജാവിനുവേണ്ടിയുള്ള ജനത്തിന്‍റെ ആവശ്യത്തെ ദൈവ മുന്‍പാകെ വയ്ക്കുമ്പോള്‍, തന്നെ നിഷേധിക്കുന്നതിന് തുല്യമാണ് ഈ അപേക്ഷ എന്നാണ് ദൈവം പറയുന്നത്. (...ഞാന്‍ അവരെ ഭരിക്കാത്തവണ്ണം അവര്‍ എന്നെ...ത്യജിച്ചിരിക്കുന്നത് 1 സാമുവേല്‍ 8:7). ആദ്യ രാജാവായ സാവൂള്‍ ഒരു തികഞ്ഞ പരാജയമായ സാഹചര്യത്തിലാണ് ദാവീദ് യഹോവയാല്‍ തെരഞ്ഞെടുക്കപ്പെടുന്നതും (1 സാമുവേല്‍ 16:1,2,13) അവന്‍റെ രാജത്വം എന്നേക്കുമുള്ളതായി സ്ഥിരപ്പെടുത്തപ്പെടുന്നതും(2 സാമുവേല്‍ 7:11 മു). ദാവീദിന്‍റെ മകനായി ജനിച്ച യേശു ദാവീദിന്‍റെ കുലത്തില്‍ നിന്നും ജനിച്ച മനുഷ്യാവതാരം ചെയ്ത ദൈവപുത്രനാണ് എന്നത് യേശുവിന്‍റെ ധാരണ ആയിരുന്നു.  ഇതുകൊണ്ടാണ് പത്രോസിന്‍റെ വിശ്വാസ പ്രഖ്യാപനത്തെ യേശു അംഗീകരിക്കുന്നത് (മത്താ. 16:16). ജെറൂസലേം ദൈവാലയത്തിലേക്ക് കഴുതപ്പുറത്തുള്ള തന്‍റെ യാത്ര (മത്താ. 21:6മു.) യഹൂദ ജനം പ്രതീക്ഷിച്ചിരുന്ന മശിഹായുടെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുമ്പോള്‍തന്നെ അത് രാജകീയ ഭാവമുള്ള മിശിഹായുടെ ശൈലിയിലും പരമ്പരാഗതമായി രാജാക്കന്മാരെ എതിരേല്ക്കുന്ന ശൈലിയിലും ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. (2 രാജാ.9:13, സങ്കീ.118:26, ഏശയ്യ 62:11, സഖറിയ 9:9) അത് യേശു തന്നെ ശ്രദ്ധയോടെ ഒരുക്കിയ ശൈലിയുമായിരുന്നു (മര്‍ക്കോസ്.11:1-3).

ദൈവ ബന്ധത്തിലുള്ള ഒരു പുതുസമൂഹം

ഈ പശ്ചാത്തലത്തിലാണ് തുടര്‍ന്നുള്ള യേശുവിന്‍റെ പ്രവര്‍ത്തനങ്ങളെയും അവയിലെ ആത്മീയതയെയും രാഷ്ട്രീയ നിലപാടുകളെയും പരിശോധിക്കേണ്ടത്. യേശുവിന്‍റെ ആത്മീയ തലം വളരെ വ്യക്തമാണ്. ഒന്നാമത് അവന്‍ പിതൃബന്ധത്തില്‍ ഉറ്റിരുന്നവനാണ്. ദൈവവും താനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ എന്നും തുറന്നു കാണിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു(യോഹ.8:16,18; 10:30). അതോടൊപ്പം ജനത്തിന് നീതിപൂര്‍ണ്ണവും ക്ഷേമപരവും ആയ ജീവിതം ഉറപ്പാക്കുക എന്ന ചുമതല തനിക്കുണ്ട് എന്ന് അവന്‍ വിശ്വസിച്ചിരുന്നു  (മത്തായി 5:6,10; യോഹ.7:24). ഇതിനായി ജനത്തിന്‍റെ ഇടയിലെ സജീവത്വവും അവരുടെ പ്രയാസങ്ങളോടുള്ള പ്രതിബദ്ധതയും, ദുരിതം പരിഹരിക്കാനുള്ള താല്പര്യവും ആത്മീയതയുടെയും അതുപോലെ തന്നെ രാഷ്ട്രീയ നിലപാടിന്‍റെയും പ്രകടഭാവമായിരുന്നു.

നിലനിന്ന സാഹചര്യത്തിന്‍റെ തിരുത്തല്‍ യേശുവിന്‍റെ നിലപാടുകളില്‍ പ്രകടമായിരുന്നു. "നിങ്ങളോ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ.... എന്നാല്‍ ഞാനോ നിങ്ങളോട് പറയുന്നു....." (മത്തായി 5:21 മു.). എന്ന തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമൂഹത്തില്‍ മോശയുടെയും ന്യായപ്രമാണത്തിന്‍റെയും പേരില്‍ കാലഗതിയില്‍ ഉയര്‍ന്നുവന്ന മാര്‍ഗ്ഗ ഭ്രംശനങ്ങള്‍ക്ക് തിരുത്തലായിരുന്നു. ഇവ മറ്റുള്ളവരെ, അത് സാമൂഹികമായും രാഷ്ട്രീയമായും എങ്ങനെ കാണണം എന്നതിന്‍റെ നിര്‍ദ്ദേശമായിരുന്നു. ഇവയൊന്നും താന്‍ പുതുതായി പറയുന്നതല്ല, മറിച്ച് ദൈവം പ്രവാചകന്മാരിലൂടെയും ന്യായാധിപന്മാരിലൂടെയും നിര്‍ദ്ദേശിച്ചവയുടെ അന്തസ്സത്തയും പൂര്‍ത്തീകരണവും ആയിരുന്നു എന്നും യേശു പറയുന്നു (മത്തായി 5: 17മു.). ഇതിലൂടെ നിലനിന്നിരുന്നതിനെ തിരുത്തി പുതിയൊരു സമൂഹത്തെ സൃഷ്ടിക്കാനാണ് താന്‍ ലക്ഷ്യമിട്ടത്. യേശുവിന്‍റെ തിരുത്തല്‍ നിര്‍ദ്ദേശങ്ങളിലൂടെ ദൈവഭരണവും അതുവഴി ആത്മീയാടിത്തറയുള്ള ഒരു പുതുസമൂഹത്തിന്‍റെ രാഷ്ട്രീയവും സൃഷ്ടിക്കുക എന്നത് ലക്ഷ്യമായിരുന്നു എന്നു കരുതാം.  ഏശയ്യാ പ്രവചനം 11-ാം അദ്ധ്യായത്തില്‍ പറയുന്ന '.... യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരികയും.... യഹോവയുടെ പര്‍വതത്തില്‍ ആരും അന്യോന്യം അക്രമിക്കാതിരിക്കുകയും... ലോകം മുഴുവന്‍ ദൈവബന്ധത്തിലും പരിജ്ഞാനത്തിലും ഉറ്റിരിക്കുകയും ചെയ്യുന്ന...' ലോകത്തെക്കുറിച്ചുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള ലക്ഷ്യമാണ് ഇവിടെ പ്രകടമാകുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുമ്പോള്‍ അവിടെ ആത്മീയതയും രാഷ്ട്രീയവും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളായിത്തീരുന്നു. യഹൂദമത നേതൃത്വത്തെ യേശു വിമര്‍ശിക്കുന്നതിന്‍റെ ഒരു പ്രധാന കാരണം അവര്‍ ദൈവത്തിന്‍റെ പേരില്‍ മനുഷ്യരുടെ മേല്‍ വലിയ ചുമടുകള്‍ കയറ്റിവയ്ക്കുന്നു എന്നതായിരുന്നു (മത്താ. 23: 4). ദൈവത്തിന്‍റെ ശ്രദ്ധ ജനത്തിന്‍റെ ക്ഷേമം ആയിരിക്കുമ്പോള്‍ ഇവിടെ, ഇവര്‍ ദൈവത്തിന്‍റെ പേരില്‍ ദൈവജനത്തെ ചൂഷണം ചെയ്യുകയും (മത്താ. 23: 23) അതേ സമയം അടിമത്തപരമായ റോമന്‍ രാഷ്ട്രീയ നേതൃത്വത്തെ സാധൂകരിച്ച് താങ്ങി നിര്‍ത്തുകയും ചെയ്യുന്നു (ലൂക്കാ 23: 2; യോഹ. 19: 15).
"അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും..." എന്ന പ്രയോഗം (മത്തായി 11: 28) തീര്‍ച്ചയായും രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലത്തില്‍ കൂടെ മനസ്സിലാക്കേണ്ടതാണ്. വിദേശ രാഷ്ട്രീയാധിപത്യത്തിന്‍ കീഴില്‍ ദുരിതമനുഭവിച്ച ജനവും ആ സാഹചര്യമുപയോഗിച്ച് സമ്പന്നരായ മതനേതൃത്വവും ഉള്‍ക്കൊള്ളുന്ന സമൂഹത്തിലാണ് ഈ പ്രസ്താവന നടത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. തന്‍റെ ശിഷ്യന്മാര്‍ ലോകാന്തരികളാകണം എന്ന് ഒരിക്കലും യേശു ഉദ്ദേശിച്ചിരുന്നില്ല. "...ഈ ലോകത്തില്‍ നിന്നും എടുക്കേണം എന്നല്ല ദുഷ്ടനെ ജയിക്കേണം" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന (യോഹ. 17: 15). ലോകത്തിലേക്ക് അയയ്ക്കപ്പെട്ടവരും (യോഹ. 17: 18) ലോകത്തില്‍ ഇരിക്കുന്നവരും (യോഹ. 17: 11) ആണ് തന്‍റെ ശിഷ്യന്മാര്‍. ലൗകികത എന്നതുകൊണ്ട് ആത്മീയതക്ക് വിരുദ്ധമായ ഒന്നാണ് അത് എന്ന് ധരിക്കേണ്ടതില്ല എന്നാണ് സന്ദേശം. ലോകത്തിന്‍റെ സ്വാഭാവികതക്ക് വിരുദ്ധമായി നില്ക്കുന്ന ലോക സാഹചര്യത്തെ മാത്രം ആണ് ഇതു സൂചിപ്പിക്കുന്നത്. അതായത് തികച്ചും അടിമത്തപരവും പൈശാചികവും ആയ പ്രവണതകളാണ് ലൗകികത. അല്ലാതെ ലോകവും അതിന്‍റെ വിവിധങ്ങളായ വ്യവഹാരമേഖലകളും അല്ല സൂചിപ്പിക്കപ്പെടുന്നത്. ദുഷ്ടതയുടെ കാര്യവിചാരകരായിരുന്ന യഹൂദ മത നേതാക്കളാല്‍ ആക്രമിക്കപ്പെടുന്നതിന് മുന്‍പുള്ള യേശുവിന്‍റെ പ്രാര്‍ത്ഥനയുടെ ഭാഗമാണിത്.  

കുരിശിലെ രാഷ്ട്രീയം

ക്രൂശിക്കാനായി വിധിച്ചു എന്നുള്ളത് തന്‍റെ രാഷ്ട്രീയ നിലപാടിനെ മറ്റുള്ളവര്‍ അംഗീകരിച്ചിരുന്നു എന്നതിന്‍റെ തെളിവാണ്. റോമന്‍ നേതൃത്വം രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നല്‍കിയിരുന്ന ശിക്ഷാവിധിയാണ് യേശുവിനും ലഭിച്ചത്. അതുകൊണ്ടുതന്നെ പീലാത്തോസിന്‍റെ മുമ്പാകെ ഉന്നയിച്ച കുറ്റം "ഇവന്‍ സ്വയം രാജാവാക്കി..." എന്നതായിരുന്നു (ലൂക്കാ 23: 2-3). ഈ ആരോപണം യേശു അംഗീകരിക്കുകയും ചെയ്യുന്നു (മത്തായി 27: 11; മര്‍ക്കോസ് 15: 2; ലൂക്കാ 23: 3; യോഹ. 18: 37). യേശുവിനെ രാഷ്ട്രീയ കുറ്റവാളികളോടൊപ്പമാണ് ക്രൂശിച്ചതും. അതേ കുറ്റമാണ് അവന്‍റെ കുരിശിന്‍റെ മുകളില്‍ ശിക്ഷാകാരണമായി എഴുതിവച്ചതും (യോഹ. 19: 19,20).

ഉപസംഹാരം

ഇവിടെ വ്യക്തമാകുന്നത് യേശുവില്‍ പൊതുവെ കരുതുന്നതുപോലെ ആത്മീയം ഭൗതീകം (അതില്‍തന്നെ രാഷ്ട്രീയം) എന്ന വ്യവച്ഛേദം ഉണ്ടായിരുന്നില്ല എന്നാണ്. കൈസര്‍ക്ക് അവകാശപ്പെട്ടത് അഥവാ രാഷ്ട്രീയത്തില്‍ വിഹിതമായത് രാഷ്ട്രീയത്തില്‍ തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. അത് ദൈവ നിഷേധമോ ആത്മീയതയ്ക്ക് വിരുദ്ധമോ ആകുന്നില്ല (മത്തായി 22: 21; മര്‍ക്കോസ് 12: 17). താന്‍ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനാണ്. അതുകൊണ്ട് മനുഷ്യപുത്രനുമാണ്. ആ വിധത്തില്‍ മനുഷ്യരുടേതായ എല്ലാ ജീവിത തലങ്ങളും സാഹചര്യങ്ങളും താന്‍ ഉള്‍ക്കൊള്ളുന്നു. ഒരേസമയം പിതാവുമായുള്ള അഭേദ്യമായ ആത്മബന്ധത്തിലുള്ളവനും അതേ സമയം മനുഷ്യരുടെ ജീവിതായോധനത്തിലെ പങ്കാളിയും ആണ്. അതിനാല്‍ മനുഷ്യജീവിതത്തിലെ എല്ലാ തലങ്ങളെയും ആത്മീയ തലത്തില്‍ നിന്നുകൊണ്ട് പരിഷ്കരിക്കാന്‍ നിയോഗിക്കപ്പെട്ടവനും ആയിരുന്നു. മനുഷ്യന്‍റെ സമ്പൂര്‍ണ്ണ വിമോചനത്തെ കരുതിയ യേശു തെറ്റായ മത-ദൈവ ബോധത്തെ തിരുത്തി രാഷ്ട്രീയത്തിലെ പൈശാചികവും അനീതിപരവും അടിമത്തപരവുമായ വഴിപിഴച്ച സാമൂഹിക ബോധത്തില്‍ നിന്ന് പുതിയൊരു സംസ്കാരത്തെ ലോകജനതയ്ക്ക് സംഭാവന ചെയ്യാന്‍ നിയുക്തനായ രാജാവാണ് താന്‍ എന്ന ബോധം യേശുവില്‍ എക്കാലത്തും ഉണ്ടായിരുന്നു. 

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts