പൂരനഗരിയില്‍ നിന്നുള്ള വേദന തിങ്ങുന്ന ഒരു വാര്‍ത്തയാണ് ഇതെഴുതിത്തുടങ്ങുമ്പോള്‍ മനസ്സു നിറയെ. കൈ-വായ്-ഇടനാഴിയില്‍ ഉതിര്‍ന്നു പോകുന്ന ജീവനം മുറുകെപ്പിടിക്കാന്‍ പാടുപെടുന്ന ഒരു അല്‍പശമ്പളക്കാരന്‍റെ നെഞ്ചില്‍ ഹമ്മര്‍ ഓടിച്ചു കയറ്റുന്ന ധനമേദസ്സ് തിങ്ങിയ ഒരു വിശ്വമലയാളി. ആ മഹാബാഹുക്കള്‍ ഇനിയും സ്റ്റിയറിംഗ് വീലില്‍ വെറിപൂണ്ട് അമര്‍ന്നുനില്‍ക്കുന്നു. പല ജന്മങ്ങളെ അരച്ച് നീങ്ങി ശീലിച്ച കാലുകളില്‍ മരണവേഗങ്ങള്‍ ഒരു നേരംപോക്ക് മാത്രം. തിരുക്കച്ചകളുടെ നെടുനീളം പോലും കാര്യമാക്കാതെ കിതപ്പറിയാതെ ഈ മരണപാച്ചിലില്‍ അണിചേരുന്നവരും വിരളമല്ല. ഹമ്മറും ആ ജാതി യന്ത്രങ്ങളും ആസുരമായ മനസ്സിന്‍റെ പ്രകടഭാവങ്ങള്‍. അദൃശ്യമായി മറുജീവിതങ്ങളെ തച്ചുടയ്ക്കുന്നതാണ് അവയുടെ ശീലമെങ്കിലും അപൂര്‍വ്വമായി അവ ഇങ്ങനെ ദൃശ്യരൂപം പ്രാപിച്ച് പാവപ്പെട്ടവന്‍റെ മേല്‍ ഇരച്ചുകയറാറുണ്ട്. നിയമം അതിന്‍റെ വഴിക്കു നീങ്ങും, നിയമജ്ഞരും. കഥാന്ത്യങ്ങള്‍ വ്യത്യസ്തങ്ങളാകാനാണ് സാധ്യത ഇല്ലെന്നല്ല. കായബലം, യന്ത്രബലം, ആള്‍ബലം, വ്യവസ്ഥാബലം.... മര്‍ദ്ദന സംവിധാനങ്ങള്‍ ബലപ്പെട്ടുവരികയാണ്. ഇത് സാമാന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഹിംസാത്മക ജീവിതരീതിയുടെ ഒരു വ്യത്യസ്ത ഏട് മാത്രം.
മര്‍ദ്ദിതരുടെ കദനകഥനങ്ങള്‍ പത്രത്താള്‍ മറിയുന്ന താളത്തില്‍ നമ്മുടെ ബോധമണ്ഡലത്തില്‍ നിന്ന് മറയും. സുഖസ്ഥലികളില്‍ നിന്ന് അലോസരങ്ങളെ ആട്ടിപായിക്കാന്‍ നാം മിടുക്കരാണ്. അതൊരു ജീവനകലയായി മാറ്റുകകൂടി നാം ചെയ്തു. എന്നാല്‍ കാലം സ്വീകരിക്കാന്‍ മടിച്ച ചില അപ്രിയങ്ങളെ കറതീര്‍ന്ന ഖേദത്തിന്‍റെ മുന്‍കാലപ്രാബല്യത്തോടെ പിന്നീട് കൈക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നുണ്ട്. അടുത്ത നാളുകളില്‍ ആര്‍ച്ച് ബിഷപ്പ് റോമെരോ 'രക്തസാക്ഷി'യാണ് എന്നു കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ പല കണ്ണുകളും സജ്ജലങ്ങളാകുന്നത് അതുകൊണ്ടാണ്. ഇതര സഭാവിഭാഗങ്ങള്‍ ഈ തീരുമാനം പണ്ടേ പ്രഖ്യാപിച്ചതാണ്. എന്നിട്ടും കത്തോലിക്കാ സഭ മുപ്പതോളം വര്‍ഷം എടുത്തവെന്നത് ഏകദേശം ഒരു ഉതപ്പാണ് എന്ന് വിശ്രുത ജസ്യൂട്ട് വൈദികന്‍ ജെയിംസ് മാര്‍ട്ടിന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അനാവശ്യമായ വിവാദങ്ങളും സംശയങ്ങളും റോമെരോയുടെ കാര്യത്തില്‍ വിളമ്പിയിരുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പ്രബോധനപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ട ബാധ്യത സഭയ്ക്കുണ്ട് എന്നത് നിലനില്‍ക്കെ തന്നെ അനാവശ്യമായ പിടിവാശികള്‍ റോമെരോയുടെ നാമകരണനടപടികളെ വിലക്കിയിരുന്നോ എന്നതാണ് ഇവിടെ ചിന്തനീയം. അങ്ങനെ ആ 'അലോസരത്തെ' മുഖ്യധാരയുടെ സംവേദന തലത്തിലേക്ക് തിരുസ്സഭ ഉയര്‍ത്തിയിരിക്കുന്നു. 'റ്യൂട്ടില്ലോ, ഗ്രാന്ദേ' മുതലായ സാല്‍വഡോറന്‍ രക്തസാക്ഷികളുടെ നാമകരണം കൂടി എല്ലാവരും പ്രത്യാശയോടെ നോക്കുകയാണ്. സഭാവിരുദ്ധ ചേരികളിലുള്ളവര്‍ ഈ വ്യക്തികളെ അപഹരണം (co-opt) ചെയ്യാനുള്ള സാധ്യതയും സഭയുടെ വിമുഖതയ്ക്ക് കാരണമാണ്. എന്നാല്‍ കത്തോലിക്ക സഭയിലെ പല പുണ്യവാന്മാരെയും സഭേതരമായ വൃത്തങ്ങളില്‍ ജ്വലിക്കുന്ന സാന്നിദ്ധ്യങ്ങളായി ജനങ്ങള്‍ നെഞ്ചേറ്റിയിട്ടുണ്ട്. വിശ്വാസത്തോടുള്ള വെറുപ്പിന് (odium fidei) വിധേയമായി കൊല്ലപ്പെട്ടു എന്നതാണ് റോമെരോയുടെ രക്തസാക്ഷ്യമായി ദൈവശാസ്ത്രജ്ഞന്മാര്‍ പരിഗണിക്കുന്നത്. എന്നാല്‍ പരമ്പരാഗത കാലം മുതല്‍ ദൈവശാസ്ത്രജ്ഞന്മാര്‍ തമ്മിലുള്ള വ്യക്തിസ്പര്‍ദ്ധ (odium theologicum) ക്രിസ്തുസന്ദേശത്തെ വളരെയധികം ദുര്‍ഗ്രഹമാക്കിയിട്ടുണ്ട് എന്നതും ഇവിടെ ഓര്‍മ്മിക്കപ്പെടണം. മര്‍ദ്ദിതന്‍റെയും ദരിദ്രന്‍റെയും എത്ര കണ്ണീരാണ് ദൈവശാസ്ത്രസദസ്സുകളില്‍ എത്തുന്നതിനു മുമ്പ് ബാഷ്പീകരിച്ചു പോയത്. ഒരു ദൈവശാസ്ത്രജ്ഞനും ദരിദ്രനായിരുന്നിട്ടില്ല, ഒരു ദരിദ്രനും ദൈവശാസ്ത്രജ്ഞനായിട്ടില്ല എന്ന് പറയാറുണ്ട്. റോമെരോയുടെ കാര്യത്തില്‍ സഭ ഇന്ന് കൈക്കൊണ്ടിരിക്കുന്ന നടപടികള്‍ നിരീക്ഷിക്കുമ്പോള്‍ ഈ വാക്യം മാറ്റി എഴുതപ്പെടും എന്ന് തോന്നുന്നു.
വിലങ്ങി നില്‍ക്കുന്ന തോക്കിന്‍കുഴലിന്‍ മുമ്പില്‍ നില്‍ക്കുന്ന Raul Julia എന്ന നടനിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് റോമെരോയെ ആദ്യമായി കാണുന്നത്. ഉയര്‍ത്തിപ്പിടിച്ച ദിവ്യചഷകം: ഇതെന്‍റെ രക്തമാകുന്നു; ദിവ്യനാഥന്‍റെ പരമമായ ആത്മത്യാഗത്തിന്‍റെ സ്ഥാപകവാക്യം, നെഞ്ചുതുളയ്ക്കുന്ന ഒരു വെടിയുണ്ട. തിരുരക്തത്തിന്‍റെ ദിവ്യബലിശീലകള്‍ നിണസാക്ഷ്യത്തില്‍ ശോണിതമാകുന്നു. തന്‍റെ ഘാതകന്‍റെ കണ്ണില്‍ നോക്കാന്‍ മാത്രം അടുത്തായിരുന്നു ആ ചാപ്പലില്‍ അവര്‍ തമ്മിലുള്ള ദൂരം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സഭയോടൊപ്പം ചിന്തിക്കുക എന്നതായിരുന്നു മെത്രാന്‍ എന്ന നിലയില്‍ അദ്ദേഹം തിരഞ്ഞെടുത്ത ആപ്തവാക്യം. താപസദൈവശാസ്ത്രത്തില്‍ ഉന്നത ബിരുദം സമ്പാദിച്ച് സാന്‍സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പായി അവരോധിക്കപ്പെടുമ്പോള്‍ ആ അടുത്ത കാലത്ത് ഉണ്ടായ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പും, പട്ടാളഭരണവും അതിന്‍റെ കൊലയാളി സംഘങ്ങളും ജനങ്ങളെ വേട്ടയാടുന്നതും മനുഷ്യാവകാശധ്വംസനം നടത്തുന്നതും അദ്ദേഹം സാരമാക്കില്ലെന്നു അധികാരികള്‍ പ്രതീക്ഷിച്ചിരുന്നു. തുടര്‍ന്നു വരുന്നജെസ്യൂട്ട് റ്യൂട്ടില്ലോയുടെ കൊലപാതകവും ഇടതുപക്ഷ പോരാളികളോടുള്ള പട്ടാളത്തിന്‍റെ പ്രതികാരനടപടികളും അനേകം വൈദികരുടെ അരുംകൊലയും, നിരപരാധരുടെ നിലവിളിയും സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതിനായി റോമെരോയെ നിര്‍ബന്ധിതനാക്കുകയായിരുന്നു. തങ്ങളുടെ മുനിയറകള്‍ വിട്ടു രാജനഗരികളെ ധാര്‍മ്മിക-പ്രവാചക ശബ്ദം കൊണ്ടു വിറപ്പിച്ച വി. അത്തനേഷ്യസ് മരുഭൂമിയിലെ താപസന്മാരെപ്പോലെ അദ്ദേഹം കാണപ്പെടുന്നു. ശക്തമായ ദൈവാനുഭവത്തില്‍ അദ്ദേഹം ലോകനിരാസമെന്ന പുണ്യത്തെ വെറും അമൂര്‍ത്തമായ തലത്തില്‍ നിര്‍ത്താതെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ദൈവരാജ്യ സംസ്ഥാപനത്തിന്‍റെ ഭൗതിക അടിത്തറയാക്കി മാറ്റി. മനുഷ്യന്‍റെ ദൈവികാന്തസ്സിനെ മാനിക്കാത്ത ഒരു ഭരണവ്യവസ്ഥയും പാലിക്കപ്പെടേണ്ടതില്ല എന്ന് അദ്ദേഹത്തിന്‍റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നു.
ഇസ്രായേലിന്‍റെ രക്ഷകനും രാജാവുമായാണ് ദൈവം സ്വയം വിശേഷിപ്പിക്കുന്നത്. ജനതകളെ അടിച്ചമര്‍ത്തി ഭരിക്കുന്ന രാജാക്കന്മാര്‍ക്ക് ചേരാത്തതാണ് ദൈവരാജ്യവും ശക്തിയും. പീലാത്തോസിന്‍റെ മുന്നില്‍നിന്ന് തന്‍റെ രാജ്യം ഐഹികമല്ല - ഈ കോസ്മോസിനു ചേര്‍ന്നതല്ല എന്ന് അക്ഷരാര്‍ത്ഥത്തില്‍ - എന്ന് ഈശോ പറയുമ്പോള്‍ അനീതിയില്‍ മുങ്ങിനില്‍ക്കുന്ന ഭരണസംവിധാനങ്ങളോടും സാമൂഹിക ഘടനകളോടും സമരസപ്പെട്ടു നില്ക്കുന്ന സഭ തീര്‍ച്ചയായും അസ്തിത്വദുഃഖം അനുഭവിക്കേണ്ടതാണ്. "സഭ പീഡിപ്പിക്കപ്പെടുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം അവള്‍ പാവപ്പെട്ടവരോടു സമരസപ്പെടുന്നത് കൊണ്ടാണല്ലോ അങ്ങനെ സംഭവിക്കുന്നത്" സാല്‍വഡോറന്‍ ജനതയുടെ വേദനയും ഭയവും ദാരിദ്ര്യവും തന്‍റേതുതന്നെയാക്കികൊണ്ട് റോമെരോ പറഞ്ഞു. ആ നിസ്സഹായര്‍ക്ക് സഭ തങ്ങളില്‍ നിന്ന് വിദൂരത്താണ് എന്ന് ഒരിക്കലും തോന്നിയില്ലത്രേ.
മരണക്കിടക്കയില്‍ മാത്രം ശുശ്രൂഷകളുമായി എത്തേണ്ട ഒന്നല്ല സഭ എന്ന് റോമെരോ ഓര്‍മ്മിക്കുമ്പോള്‍ പ്രവൃത്തിയിലൂന്നിയ വിശ്വാസത്തിന്‍റെ സ്നേഹമാധുര്യം പഠിപ്പിച്ച യാക്കോബ് ശ്ലീഹായെ ഓര്‍മ്മ വരുന്നു. റെസ അസ്ലാന്‍ 'Zealot 'എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നതുപോലെ യേശുവിന്‍റെ പച്ചയായ പഠനങ്ങളോടു വളരെ ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണം യാക്കോബിന്‍റെ പ്രബോധനങ്ങള്‍. യേശുവിന്‍റെ സന്തത സഹചാരിയും സഹോദരനുമായിരുന്നല്ലോ ആ ശ്ലീഹാ. ദൈവാനുഭവത്തിന്‍റെ വേറൊരു തലം പൗലോസ് ശ്ലീഹ തുറന്നപ്പോള്‍ നാം മറന്നുപോയ ഈശോ നല്‍കിയ ഉപവിയുടെ പ്രായോഗികപാഠങ്ങള്‍ ഇവിടെ പതിഞ്ഞു കിടപ്പുണ്ട്. യാക്കോബിന്‍റെ ലേഖനങ്ങള്‍ പുനര്‍വായനയ്ക്ക് വിഷയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
റോമെരോയുടെ ചിന്താശകലങ്ങള്‍ കോര്‍ത്തിണക്കിയ Violence of Love എന്ന പുസ്തകം ഇന്‍റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാണ്. അവശ്യം വായിച്ചിരിക്കേണ്ട ഒന്ന്. ജീവിതകാലത്ത് ഇടതുപക്ഷ സഹയാത്രികന്‍ എന്ന് സംശയിക്കപ്പെട്ടു നിരവധി ശാസനകള്‍ സ്വീകരിച്ച വ്യക്തിയാണ് റോമെരോ. എന്നാല്‍ അതിലും എത്രയോ വലുതാണ് മുതലാളിത്തം എന്ന വ്യവസ്ഥിതി നടത്തുന്ന അതിക്രമങ്ങള്‍. ചെറു ഡോസുകളില്‍ അത് മനുഷ്യാന്തസ്സു മുഴുവന്‍ ചോര്‍ത്തിയെടുക്കും. പ്രശമനസഹിഷ്ണുത (repressive tolerance) എന്ന് പറയുന്ന ഒരു പ്രവര്‍ത്തനരീതി മുതലാളിത്ത സമൂഹങ്ങളില്‍ കാണാം. വൈവിധ്യങ്ങളെ ഏകോപിപ്പിക്കാനുള്ള ഒരു ശ്രമമായിട്ടാണ് ഇത് പരക്കെ അറിയപ്പെടുക, എന്നാല്‍ മതം പോലെയുള്ള ധാര്‍മ്മികചോദനകളെ വ്യക്തിപരവും ആപേക്ഷികവുമായ അനുഭവവും കമ്പോളചരക്കുമായി മാറ്റി ധാര്‍മ്മികസ്വഭാവമുള്ള സാമൂഹിക വിമര്‍ശനങ്ങളിലൂടെ വേരറുക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെയാണ് മുതലാളിത്വത്തോടു അനുഭാവം കാണിക്കുന്ന ക്രിസ്തീയ മതവിഭാഗങ്ങള്‍ അമേരിക്ക മുതലായ രാജ്യങ്ങളില്‍ പെരുകുന്നത്. താന്താങ്ങളുടെ മനസ്സാക്ഷി നോവിനെ ശമിപ്പിക്കുന്ന ഒരു സുഗമ-സുഖദ-മത വിശ്വാസമല്ല ഇന്ന് ആവശ്യം. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുക എന്ന് യേശു പറഞ്ഞതില്‍ അവിടുത്തെ വിപ്ലവാഹ്വാനം മുഴുവന്‍ അന്തര്‍ലീനമാണ്. അനുതാപം എന്നാല്‍ സമൂല പരിവര്‍ത്തനം, ജീവിതത്തിന്‍റെ ഒരു വെട്ടിത്തിരിയല്‍. സ്വാര്‍ത്ഥതയിലൂന്നിയ അസമത്വങ്ങളെ ഭേദിക്കുന്നതാണ് തങ്ങള്‍ പ്രഘോഷിക്കുന്ന വിപ്ലവം എന്ന് റോമെരോ കുറിക്കുമ്പോള്‍ ക്രിസ്തു ചൈതന്യം നവമായി ഉയിര്‍ക്കുന്നു. സഭയുടെ സാമൂഹിക ഔത്സുക്യത്തില്‍ ലജ്ജിതരാകേണ്ട ആവശ്യമില്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം അരുളുന്ന യേശുനാഥനെ അനുസ്മരിച്ചുകൊണ്ടു റോമെരോ കുറിച്ചു: "ദൈവച്ഛായയായ മനുഷ്യന്‍ മലിനമായി കാണപ്പെടുന്നു, അടിമത്വത്തിന്‍റെ, സ്വാര്‍ത്ഥതയുടെ പാപത്തിന്‍റെ മലിനത, അവന്‍ കഴുകപ്പെടണം."
മാതൃകാജീവിതമായിരുന്നു യേശുവിന്‍റെ സ്നേഹവിപ്ലവത്തിന്‍റെ ഒരു ബോധനോപാധി. നിരവധി സായുധ വിപ്ലവങ്ങളുടെയും രാഷ്ട്രീയ അടിമത്ത്വത്തിന്‍റെയും കാലത്തും സ്നേഹമെന്ന വിജയമന്ത്രം മാത്രം മുറുകെ പിടിച്ചവനാണ് ഈശോ. ഈ സ്വയം ശൂന്യവത്ക്കരണത്തിലാണ് അവിടുന്നു പാകിയ വിപ്ലവവീര്യത്തിന്‍റെ ശാശ്വതവിജയം. ചരിത്രത്തില്‍ ഇടപെടാന്‍, പാവപ്പെട്ടവന്‍റെ പക്ഷം പിടിക്കാന്‍, ദരിദ്രരില്‍ ദരിദ്രനാകാന്‍ മടി കാണിക്കാത്ത ഒരു ദൈവത്തിന്‍റെ കളരിയിലാണ് നാം വിപ്ലവം പഠിച്ചത്. സഹനങ്ങളുടെ നടുവിലും ദീര്‍ഘദൂരം ഓടിയവനായ ഈശോ സഹനസമരങ്ങളുടെ മുന്‍ഗാമിയാണ്. അതുകൊണ്ടുതന്നെ ചരിത്രത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതില്‍ നിന്ന് പേടിച്ചു പിന്തിരിയത്തക്ക അളവില്‍ ആരും സ്വന്തം ജീവനെ സ്നേഹിക്കേണ്ടതില്ല എന്ന് ക്രിസ്തുഭാഷ്യം കുറിച്ച് റോമെരോ. "ഞാന്‍ ഉയിര്‍പ്പില്ലാത്ത മരണത്തില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ മരിച്ചാല്‍തന്നെയും സാല്‍വഡോറന്‍ ജനതയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും" റോമെരോ പറഞ്ഞു. സലാം മോണ്‍സിഞ്ഞോര്‍ റോമെരോ. ആളുകള്‍ ഇന്നും താങ്കളുടെ സ്നേഹബലി നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നു.
പിന്‍കുറി: ക്ലാസ്സില്‍ റോമെരോയ്ക്ക് വെടിയേല്‍ക്കുന്ന ഉദ്വേഗജനകമായ വീഡിയോ ക്ലിപ്പ് കാണിച്ചിട്ട് സെമിനാരി അദ്ധ്യാപകന്‍ എന്തോ വലിയ കാര്യം ചെയ്ത മട്ടില്‍ നിന്നു. ഒരു സഹോദരന്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു: "നമ്മളാരും എന്തായാലും ഇങ്ങനെ മരിക്കുമെന്ന് വിചാരിക്കുകയേ വേണ്ട." ദേഷ്യം കൊണ്ടു തുടുത്ത മുഖവുമായി അദ്ധ്യാപകന്‍ ചോദിച്ചു: "എന്താ അങ്ങനെ പറഞ്ഞത്?" ആ കുട്ടി ഇന്നും ഉത്തരം തേടുന്നു. ചിലപ്പോള്‍ ആ ചോദ്യം തന്നെ മറക്കുന്നു.