നല്ല സമരിയാക്കാരന്‍റെ ചിരപരിചിതമായ ഉപമയടങ്ങുന്ന ബൈബിള്‍ വചനവായനക്കുശേഷം വൈദികന്‍ നല്‍കിയ വചനവിശകലനം കേട്ട് മുമ്പൊരിക്കല്‍ ഞെട്ടിയിട്ടുണ്ട്. കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് മൃതപ്രായനായി വഴിയരികില്‍ കിടന്ന യാത്രികനെ കണ്ടില്ലെന്ന് നടിച്ച് ആദ്യം കടന്നുപോകുന്നത് ഒരു പുരോഹിതനാണ്. ശുശ്രൂഷക്കായി ദേവാലയത്തിലേക്കു പോകുന്ന പുരോഹിതന്‍ രക്തം സ്പര്‍ശിച്ചാല്‍ അശുദ്ധനായിത്തീരുമെന്നും ശുശ്രൂഷ മുടങ്ങുമെന്നും അക്കാരണംകൊണ്ടാണ് - അതുകൊണ്ടുമാത്രമാണ് - പുരോഹിതന്‍ ആ യാത്രികനെ കടന്നുപോയതെന്നുമായിരുന്നു വചനവിശകലനം. യഹൂദപൗരോഹിത്യത്തിന്‍റെ അടിസ്ഥാന ശാഠ്യങ്ങളെ അല്‍പമൊന്നു പുകഴ്ത്താനും അദ്ദേഹം മറന്നില്ല. അനുഷ്ഠാന ശാഠ്യങ്ങളാണോ ആ നന്മ ചെയ്യുന്നതില്‍നിന്ന് ആ പുരോഹിതനെ തടഞ്ഞതെന്നു നമുക്കറില്ല. എന്നാല്‍ നൂറു മേനിയില്‍നിന്നു ഒരു മണിപോലും കുറയാത്ത യേശുവിന്‍റെ വചനവിസ്മയങ്ങളെ, ലളിതവും എന്നാല്‍ തീക്ഷ്ണവുമായ അതിലെ നിലപാടുകളെ വല്ലാതെ വക്രീകരിക്കുന്നതായിപ്പോയി ആ വചനവിശകലനങ്ങള്‍.
പുരോഹിതന്‍, ലേവായന്‍, വിജാതീയന്‍ എന്ന ബോധപൂര്‍വ്വമായ ഗണനാക്രമത്തിന്‍റെ തിരഞ്ഞെടുപ്പിലൂടെ യേശു സ്വീകരിച്ച നിലപാടുകളെയും, പറയാനാഗ്രഹിച്ച തീക്ഷ്ണ സാക്ഷ്യങ്ങളെയും ജീവിതത്തിലുടനീളം അവന്‍ പുലര്‍ത്തിയ തീവ്ര പക്ഷപാതിത്വങ്ങളെയും അനുഷ്ഠാനത്തിന്‍റെയും അസൗകര്യത്തിന്‍റെയും നിക്ഷ്പക്ഷതയുടെയും പേരിലുള്ള നിസ്സഹായതകൊണ്ട് മറികടക്കുന്നവരാണ് നാം. പുരോഹിതനും ലേവായനും വിശ്വാസിയും ഒക്കെ അനുഷ്ഠാനത്തിന്‍റെയും മറ്റെന്തിന്‍റെയെങ്കിലുമൊക്കെ പേരില്‍ നിസ്സഹായനാകാമെന്ന 'മെസ്സേജ്' യേശുവചനത്തിന്‍റെ എതിര്‍സാക്ഷ്യമാണ്. അനുഷ്ഠാനപരമായ നിസ്സഹായതയാണ് നന്മ ചെയ്യുന്നതില്‍നിന്ന് പുരോഹിതനെയും ലേവായനെയും തടഞ്ഞതെങ്കില്‍ യേശുവിന്‍റെ ഉപമ അപ്രസക്തവും അനാവശ്യവും അര്‍ത്ഥം നഷ്ടപ്പെട്ട ചാപിള്ളയുമായിപ്പോകും - അതങ്ങനെയാവാന്‍ തരമില്ല, പാഴ്വാക്കുകളൊന്നും അവന്‍ പറഞ്ഞതായി ചരിത്ര സാക്ഷ്യങ്ങളില്ല.
പൊതു ഭൂമികയില്‍ നില്‍ക്കുന്നവര്‍ക്കു വേണ്ട തീക്ഷ്ണ നിലപാടുകളെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. യേശുവില്‍നിന്ന് തുടങ്ങണമെന്ന് കരുതിയതല്ല. ജീവിതാഘോഷങ്ങളുടെ മെട്രോ എട്ടുവരിപ്പാത പോയിട്ട് ഒരു നടപ്പാത പോലും സ്വന്തമായില്ലാതെ, ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടുപോകുന്നവര്‍ക്കൊപ്പം നിന്ന് അവര്‍ക്കുവേണ്ടി സംസാരിച്ച്, അവര്‍ക്കുവേണ്ടി മരിച്ച് എല്ലാ കാലഗണനകള്‍ക്കും അതീതനായ ആ തച്ചന്‍റെ മകനില്‍നിന്നല്ലാതെ ആരില്‍നിന്നു തുടങ്ങണം പക്ഷം ചേരലുകളെപ്പറ്റിയുള്ള ഒരോര്‍മ്മപോലും? രണ്ടു തിരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നിടത്തൊക്കെ എത്ര ഹൃദ്യമായാണ് അവന്‍ നന്മയുടെ, കരുണയുടെ, വേദനയുടെ, ഒറ്റപ്പെടലിന്‍റെ, വിശപ്പിന്‍റെ, അനാസക്തിയുടെ അതിരുകളിലേക്ക് ചേര്‍ന്നുനിന്നത്?
വര്‍ത്തമാനകാലം ലളിതമല്ലാത്ത ഒട്ടേറെ സാദ്ധ്യതകള്‍ നമുക്കു മുന്നില്‍ വയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ അസാധ്യമാക്കുംവിധം സങ്കീര്‍ണ്ണമായ സാധ്യതകള്‍. രാഷ്ട്രീയ-മത-സാമൂഹിക രംഗങ്ങളിലൊക്കെ ഈ സങ്കീര്‍ണ്ണതകളുണ്ട്. ഓരോ ചെറിയ നിലപാടുകളും നിലപാടുമാറ്റങ്ങളും വലിയ നഷ്ട-ലാഭ കണക്കുകളായി നമ്മെ അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്നു.
എതിര്‍പക്ഷങ്ങള്‍ സംഘര്‍ഷഭൂമികകളാണെങ്കിലും സംവാദത്തിന്‍റെ അനന്തസാദ്ധ്യതകള്‍ അതവശേഷിപ്പിക്കുന്നുണ്ട്. അവിടെ ആശയങ്ങളുടെ തീവ്ര ഘര്‍ഷണമുണ്ട്, ചിന്തകളുടെ കൊടുക്കല്‍ വാങ്ങലുകളുണ്ട്. അറിവിന്‍റെ ജ്വലനമുണ്ട്, അഭിപ്രായ കൈമാറ്റങ്ങളുണ്ട്, സംവാദങ്ങളുടെ സരള നന്മകളും എതിര്‍പക്ഷ ബഹുമാനത്തിന്‍റെ ആഢ്യത്വവും തിരിച്ചറിവുകളുടെയും സ്വാംശീകരണത്തിന്‍റെയും സ്വച്ഛതയുമുണ്ട്. എതിര്‍പക്ഷ സംവാദങ്ങള്‍ ചെറിയ മുറിവുകളുണ്ടാക്കുമെങ്കിലും ആ മുറിപ്പാടുകളുടെ കടവായിലൂടെ വലിയ വിഷങ്ങള്‍ വലിച്ചുകളഞ്ഞ്, അവയെ ശുദ്ധമാക്കുന്ന വിഷഹാരികൂടിയാണവ. എതിനാല്‍ എതിര്‍പക്ഷങ്ങളെ നാം ഭയക്കേണ്ടതില്ല.
പക്ഷേ നാമേറെ ഭയക്കേണ്ട മറ്റൊന്ന് നമുക്കുചുറ്റും വളര്‍ന്നു പടര്‍ന്ന് പന്തലിക്കുന്നുണ്ട് - ആഗോളതാപനം പോലെ, എബോള വൈറസ് പോലെ. നിഷ്പക്ഷത എന്ന, ആഢ്യഭാവത്തില്‍ പൊതിഞ്ഞ നിസ്സംഗതയുടെ ഒളിപ്പിച്ചുവച്ച പക്ഷംചേരലാണത്. നിങ്ങളെത്ര വലിയ യോദ്ധാവാണെങ്കിലും ശത്രുവിനെ തോല്പിക്കണമെങ്കില്‍ ആദ്യം ശത്രു ആരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. നിങ്ങള്‍ക്കൊപ്പം നിന്ന് നിങ്ങള്‍ക്കുവേണ്ടി എന്ന് തോന്നിപ്പിക്കുംവിധം യുദ്ധം ചെയ്യുന്ന നിങ്ങളുടെ യഥാര്‍ത്ഥ ശത്രുവിനെ നിങ്ങള്‍ തിരിച്ചറിയുന്നത് നിങ്ങളുടെ നെഞ്ചില്‍ തറയ്ക്കുന്ന വാള്‍പ്പിടിയുടെ തിളക്കത്തിലാണെങ്കിലോ? എതിര്‍പക്ഷമെന്നത് നമുക്ക് മുന്നിലുള്ള ഒരു നിശിത യാഥാര്‍ത്ഥ്യമാണെങ്കില്‍ നിക്ഷ്പക്ഷമെന്നത് മുന്നിലോ പിന്നിലോ, ഇടതോ വലതോ എന്ന് തിരിച്ചറിയാനാവാത്തവിധം നിങ്ങള്‍ക്കു ചുറ്റിലും നിങ്ങളിലും നിറയുന്ന കാണാക്കുരുക്കുകളാണ്.
രാഷ്ട്രതന്ത്രത്തിലെ ചാണക്യസൂത്രങ്ങള്‍ക്കപ്പുറം സമൂഹതലത്തിലും വ്യക്തിതലത്തിലും നാം ചേരിചേരായ്മയുടെ അടവുനയങ്ങള്‍ സ്വീകരിച്ചു തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും സംഭവിച്ചതെന്താണ്? അതിജീവനത്തിനുവേണ്ടിയുള്ള അവസാനശ്രമത്തിന് കാടുകളിലും മലനിരകളിലും ആധുനികജീവിതം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഗോത്രവര്‍ഗ്ഗ മേഖലകളിലും മരിച്ചുജീവിക്കുന്നവരെ നാം മൊത്തമായി നക്സലേറ്റുകള്‍ക്ക് നല്കി. അവര്‍ക്കുവേണ്ടി സംസാരിക്കുന്നവരെ തിരഞ്ഞ് എ.കെ. 47 നുമായി കാടരിച്ചുപെറുക്കുന്ന കോമാളിവേഷക്കാരായി നാം. നഗരജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരെ മുഴുവനായി നാം സന്നദ്ധസംഘടനകള്‍ക്കു നല്‍കി. ആഗോളീകരണം ലൈംഗികതയുടെ ഉപോല്പന്നമെന്നു തിരിച്ചറിഞ്ഞ്, കുഞ്ഞുങ്ങളെ നാം അനാഥമന്ദിരങ്ങളുടെ അമ്മത്തൊട്ടിലുകള്‍ക്ക് നല്കി. (ഒരച്ഛന്‍റെയും അമ്മയുടേതുമായല്ലാതെ അനാഥരായി ജനിക്കുന്ന ഒരു കുഞ്ഞുമില്ലെന്നത് നമ്മെ അലോസരപ്പെടുത്തേണ്ടതില്ല).