നമ്മുടെ ശരീരം ദേവാലയമാണെന്ന് വചനങ്ങള്‍ പഠിപ്പിക്കുന്നു. ദേവാലയത്തിനു കൊടുക്കുന്ന പ്രാധാന്യം ശരീരത്തിനും കൊടുക്കണം. ദേവാലയത്തിനകത്ത് കള്ളുഷാപ്പും, ചായക്കടയും, ഇറച്ചിക്കടയും നടത്തുകയില്ലല്ലോ. നമ്മുടെ ശരീരത്തിനകത്ത് കള്ളും, പുകവലിയും, മലിനചിന്തകളും ജഡത്തിന്‍റെ ആസക്തികളും സൂക്ഷിക്കാമോ? അവയെല്ലാം എന്‍റെ ശരീരമാകുന്ന ദേവാലയത്തെ മലിനമാക്കാം. അനാവശ്യമായ ചിന്തകള്‍പോലും ഉള്ളില്‍ താലോലിക്കരുത്. അത് നമ്മുടെ വ്യക്തിത്വത്തെ മലിനമാക്കും. പഴയനിയമത്തില്‍ ലേവ്യരുടെ പുസ്തകത്തില്‍ മനുഷ്യന്‍ സൂക്ഷിക്കേണ്ട വിശുദ്ധിയെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ചില ജീവജാലങ്ങളുടെ മാംസം ഭക്ഷിക്കരുത് എന്നു പറഞ്ഞുകൊണ്ട് ഭക്ഷണത്തില്‍ സൂക്ഷിക്കേണ്ട വിശുദ്ധിയെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അശുദ്ധമായ വസ്തുക്കളില്‍നിന്നും, അശുദ്ധിയുള്ള സ്ഥലങ്ങളില്‍നിന്നും, വിശുദ്ധിയില്ലാത്ത മനുഷ്യരില്‍നിന്നും അകന്നു നില്‍ക്കുവാന്‍ ലേവ്യരുടെ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനലക്ഷ്യം ശരീരത്തെയും ജീവിതത്തെയും ശുദ്ധിയുള്ളതാക്കി സൂക്ഷിക്കണമെന്നതത്രേ.
പലതില്‍നിന്നും അകന്നുനില്‍ക്കുമ്പോഴാണ് വിശുദ്ധിയില്‍ വളരുവാന്‍ കഴിയുന്നത്. മര്‍ക്കോസ് 8:22-26 വാക്യങ്ങളില്‍ പറയുന്നു; "നിന്‍റെ പഴയഗ്രാമത്തിലേയ്ക്കു നീ പോകരുത്" എന്നെ തിന്മയിലേക്കു വലിച്ചിഴയ്ക്കുന്ന പഴയ പ്രവണതകളിലേക്കു ഞാന്‍ പോകരുത്. വള്ളം വെള്ളത്തില്‍ കിടക്കുമ്പോഴും അതില്‍ വെള്ളം കയറാതെ നില്ക്കും. നമ്മള്‍ ഈ ലോകത്തിലാണെങ്കിലും ഈ ലോകത്തിന് അനുരൂപരാകരുത്. വ്യത്യസ്തമാണ് നമ്മുടെ ബലം. സമൂഹത്തിന്‍റെ മൂല്യങ്ങളില്‍നിന്ന് അകന്നുമാറി സ്വയം താഴ്ന്നുകൊണ്ട് വ്യത്യസ്തരാകരുത്. മറ്റുള്ളവരേക്കാള്‍ മൂല്യങ്ങളിലുറച്ചുനിന്നുകൊണ്ടു വ്യത്യസ്തത കാണിക്കണം. എല്ലാവരും വസ്ത്രം ധരിച്ചുനടക്കുന്ന ലോകത്തില്‍ തുണിയില്ലാതെ ഓടി നടന്നു വ്യത്യസ്തത കാണിക്കാം. ശരിയായി വസ്ത്രം ധരിച്ചും വ്യത്യസ്തത കാണിക്കാം. ആനയുടെ പ്രത്യേകത നാം ശ്രദ്ധിക്കണം. എവിടെച്ചെന്നാലും അതിനൊരു തലയെടുപ്പുണ്ട്. ദേവാലയമുറ്റത്ത് കുരിശിന്‍റെ രൂപത്തിലും ക്ഷേത്രമുറ്റത്ത് ശൂലത്തിന്‍റെ രൂപത്തിലും അതു വളയില്ല. തലയുയര്‍ത്തി ഗാംഭീര്യത്തോടെ ആന നടക്കും. അതുപോലെ എല്ലാക്കാര്യത്തിലും ഒരു വ്യത്യസ്തത നമ്മള്‍ പ്രകടിപ്പിക്കണം.
അശുദ്ധിയിലേക്കു തള്ളിവിടുന്ന സകല പ്രവണതകളില്‍നിന്നും നാം ഓടിയകലണം. പലതിനെയും ഒരു കല്ലേറുദൂരെ നാം മാറ്റി നിറുത്തണം. ശത്രുവായ സാത്താന്‍ അലറുന്ന സിംഹത്തെപ്പോലെ നമ്മെ വിഴുങ്ങുവാന്‍ വരുമ്പോള്‍ നാം ജാഗരൂകരായിരിക്കണം. ലോകത്തിന്‍റെ മോഹനവാഗ്ദാനങ്ങള്‍ നമുക്കു ചുറ്റും വലയെറിയുമ്പോള്‍ സര്‍പ്പത്തിന്‍റെ വിവേകവും പ്രാവിന്‍റെ നിഷ്ക്കളങ്കതയും നാം കാത്തുസൂക്ഷിക്കണം. ശരീരത്തില്‍പ്പതിയുന്ന ഏതു മാലിന്യവും പ്രാവ് കൊത്തിക്കളയും. അതുപോലെ കടന്നുവരുന്ന ഏതു തിന്മയേയും നാം തുടച്ചുകളയണം. അപകടവഴികളില്‍നിന്നും സര്‍പ്പം ഇഴഞ്ഞ് അകലും. തിന്മയുടെ തരംഗങ്ങളെ തിരിച്ചറിഞ്ഞു നാം അകന്നുപോകണം. പ്രഥമശിഷ്യനായ പത്രോസില്‍ക്കൂടി സാത്താന്‍ കടന്നുവന്നപ്പോള്‍ യേശു തിരിച്ചറിഞ്ഞു ശാസിച്ചു. നമ്മുടെയുള്ളിലേക്ക് ആഴത്തില്‍ ഇറങ്ങി നാം ആത്മശോധന ചെയ്യണം. അനാവശ്യമായിപ്പറയുന്ന വാക്കുകള്‍ നമ്മെ തിന്മയിലേക്കു നയിക്കാം. ഫോണിലൂടെയുള്ള സഭ്യതയില്ലാത്ത സംസാരങ്ങള്‍ ശരീരത്തെ ദുര്‍ബ്ബലമാക്കാം. ചീത്തയായ ആലോചനകള്‍ ദീര്‍ഘസമയം ഉള്ളില്‍ സൂക്ഷിച്ചാല്‍ നാം പാപത്തിന് അടിമപ്പെടാം. മറ്റുള്ളവരെക്കുറിച്ചു നാം പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. ആധുനിക ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ ജീവിതത്തെ മലിനമാക്കാറുണ്ട്. സദാ ജാഗരൂകരായി നാം ജീവിച്ചില്ലെങ്കില്‍ നമ്മള്‍ അശുദ്ധിയുള്ളവരായി മാറാം. ഈ ലോകത്തിന് അനുരൂപരാകാനുള്ള പ്രലോഭനം എല്ലാക്കാലത്തും മനുഷ്യരിലുണ്ട്. ഇതില്‍നിന്നും നാം മോചനം നേടണം. വിശുദ്ധര്‍ അവരുടെ ശരീരത്തെയും ഹൃദയത്തെയും നിര്‍മ്മലമായി കാണുന്നവരാണ്. തിന്മയുടെ ചെറിയ പൊടിപോലും അവര്‍ തുടച്ചുകളഞ്ഞു. ജീവിതത്തില്‍ നല്ല ഓട്ടം ഓടുവാന്‍ അവര്‍ ശ്രദ്ധിച്ചു. ഓട്ടം നല്ലതാകണമെങ്കില്‍ കുറുക്കുവഴിയിലൂടെയും, മതിലുചാടിയും ഓടരുത്. ഓട്ടം നേരായ ട്രാക്കില്‍കൂടിയാകണം. നേരായ ട്രാക്ക് കാണിച്ചുതരുന്നത് വിശുദ്ധ ബൈബിളാണ്. തിരുവചനം കാണിച്ചുതരുന്ന വഴികളിലൂടെ ഓടിക്കൊണ്ട് ശരീരത്തെയും ആത്മാവിനെയും നമുക്കു വിശുദ്ധീകരിക്കാം.