news-details
കഥ

ഇന്നും തിരയുന്ന ദൈവം

അന്നായിരുന്നു ദേവന്‍ തന്‍റെ സൃഷ്ടിക്കു സമയം കണ്ടെത്തിയത്. ആദ്യം ഒരുവനെ സൃഷ്ടിച്ചു. അയാള്‍ വിരൂപനും ദുര്‍ബ്ബലനുമായിരുന്നു. അയാള്‍ തന്‍റെ സ്രഷ്ടാവിനു നേരെ തിരിഞ്ഞു പറഞ്ഞു; "എനിക്ക് വിശക്കുന്നു. അന്നം തരിക." "നീ പോയി മറ്റുള്ളവരോട് ഭിക്ഷ യാചിച്ച് അന്നം കണ്ടെത്തുക."

ദേവന്‍ തന്‍റെ അടുത്ത സൃഷ്ടി നടത്തി. ആള്‍ അടങ്ങാത്ത ആര്‍ത്തിയുള്ളവനായിരുന്നു. അയാള്‍ ദേവനോട് ചോദിച്ചു; "എനിക്ക് വല്ലാതെ വിശക്കുന്നു" ഞാന്‍ എങ്ങനെയാണ് അന്നം കണ്ടെത്തേണ്ടത്?" അയാളുടെ വാക്ചാതുരിയില്‍ വിശ്വാസമുണ്ടായിരുന്ന ദേവന്‍ പറഞ്ഞു; "നീ മറ്റുള്ളവരെ സേവിച്ച് നിനക്കുവേണ്ട അന്നം കണ്ടെത്തുക."

ദേവന്‍ അടുത്ത സൃഷ്ടിയാരംഭിച്ചു. ഇത്തവണ ഒരു കരകൗശലക്കാരനെയാണ് സൃഷ്ടിച്ചത്. അവന്‍റെ കുശാലബുദ്ധിയില്‍ വിശ്വാസമുണ്ടായിരുന്ന ദൈവം പറഞ്ഞു; "നീ മറ്റുള്ളവരുടെ സമ്പത്ത് അപഹരിച്ച് അന്നം കണ്ടെത്തുക."

ദേവന്‍ വീണ്ടും സൃഷ്ടിയാരംഭിച്ചു. ഇത്തവണ ഒരു സുന്ദരിയായ യുവതിയായിരുന്നു. "നീ നിന്‍റെ സൗന്ദര്യംകൊണ്ട് അന്നം കണ്ടെത്തുക."

ദേവന്‍ വീണ്ടും സൃഷ്ടി തുടര്‍ന്നു, ഇത്തവണ നിഷ്കളങ്കനായ ഒരു പുരുഷനായിരുന്നു. അയാള്‍ ദേവനോട് ചോദിച്ചു; "ദേവോ, ഞാന്‍ എന്താണ് ചെയ്യേണ്ടത്?" അവന്‍റെ നിഷ്കളങ്കമനസ്സുകണ്ട് ദേവന്‍ പറഞ്ഞു; "നീ എനിക്കു പറ്റിയ ഒരു കയ്യബദ്ധമാണ്. അങ്ങനെയൊരു മനസ്സ് ഞാന്‍ സൃഷ്ടിക്കാനാഗ്രഹിച്ചിരുന്നില്ല. നിനക്ക് വേണ്ട അന്നം നീ തന്നെ കണ്ടെത്തുക."

ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ കാണാന്‍ വരണമെന്ന് പറഞ്ഞ് ദേവന്‍ എല്ലാവരെയും ഭൂമിയിലേക്കയച്ചു. തന്‍റെ ആദ്യ നാല് സൃഷ്ടികളുടെയും രേഖകള്‍ ദേവന്‍ സൂക്ഷിച്ചുവച്ചു. അഞ്ചാമന്‍റെ രേഖകള്‍ ചുരുട്ടി വലിച്ചെറിഞ്ഞു കളഞ്ഞു. ഒരു വര്‍ഷം തികയുന്ന ദിവസം ദേവന്‍ തന്‍റെ സൃഷ്ടികള്‍ തന്നെ കാണുവാന്‍ വരുന്നതും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരുന്നു. എന്നാല്‍ ആരും വന്നില്ല. ദേവന്‍ അവരെ കാണാന്‍ ഭൂമിയിലേക്ക് ചെന്നു. ആദ്യം അയാള്‍ ഭിക്ഷയെടുക്കുന്നവന്‍റെയടുത്തു ചെന്നു.

"നീ എന്താണ് എന്നെ കാണാന്‍ വരാതിരുന്നത്?"

അയാള്‍ പറഞ്ഞു: "ഒരു ദിവസം ഭിക്ഷയെടുക്കാതിരുന്നാല്‍ എന്‍റെ വിശപ്പ് മാറില്ല. വിശപ്പു മാറിയിട്ട് അങ്ങയെ കാണാന്‍ വരാമെന്ന് കരുതി."

"നിനക്ക് എന്തെങ്കിലും വിഷമമുണ്ടോ?" ദേവന്‍ വീണ്ടും ചോദിച്ചു.

"പ്രഭോ, എല്ലാവരും എന്നെ അവജ്ഞയോടെ നോക്കുന്നു." അയാള്‍ വേദനയോടെ പറഞ്ഞു.
ദേവന്‍ അടുത്തയാളെ കാണാന്‍ ചെന്നു. "നീ എന്തേ എന്നെക്കാണാന്‍ വന്നില്ല?" "ഒരു ദിവസം ഞാന്‍ മാറിനിന്നാല്‍ എനിക്ക് വളരെ നഷ്ടം വരും. എന്‍റെ കാണുവാന്‍ വരുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്ത് അവരില്‍നിന്നും പ്രതിഫലം വാങ്ങിയാണ് ഞാന്‍ ജീവിക്കുന്നത്. ആളൊഴിഞ്ഞ ദിവസം വരാമെന്ന് കരുതി"

"നിനക്കു ദുഃഖം വല്ലതുമുണ്ടോ?" ദേവന്‍ വീണ്ടു ചോദിച്ചു. "ആളുകള്‍ എന്നെ അഴിമതിക്കാരന്‍ എന്നു പറഞ്ഞു കഴിയാക്കുന്നു."

ദേവന്‍ അടുത്തയാളെ തേടി ചെന്നു. "നീയെന്തേ എന്നെ കാണാന്‍ വരാഞ്ഞത്?" "രാത്രി മുഴുവന്‍ പണിയെടുത്തിട്ടു പകല്‍ മാത്രമാണ് ഉറങ്ങാന്‍ കഴിയുന്നത്. ക്ഷീണം മാറിയിട്ട് വരാമെന്നു കരുതി" അവന്‍ പറഞ്ഞു. "നിനക്കു വിഷമം വല്ലതുമുണ്ടോ?" ദേവന്‍ അവനോടും ചോദിച്ചു. "നിയമപാലകരെയും നാട്ടുകാരെയും ഭയന്ന് എനിക്ക് പുറത്തിറങ്ങുവാന്‍ കഴിയുന്നില്ല. എല്ലാവരുമെന്നെ കള്ളനെന്നു വിളിക്കുന്നു." അയാള്‍ വേദനയോടെ പറഞ്ഞു.

ദേവന്‍ താന്‍ സൃഷ്ടിച്ച സ്ത്രീയെ തേടിചെന്നു. "മകളെ, നീയെന്തേ എന്നെ കാണാന്‍ വരാഞ്ഞത്?" "എന്നെത്തേടി ആളുകള്‍ ഇവിടെ കാത്തുനില്‍ക്കുന്നു. എന്‍റെയീ സൗന്ദര്യം നശിക്കുന്നതുവരെയല്ലേ ഇവര്‍ കാണുകയുള്ളു. അതുകൊണ്ട് ഈ തിരക്കൊഴിഞ്ഞിട്ട് വരാമെന്ന് കരുതി." നിനക്കെന്തെങ്കിലും വിഷമമുണ്ടോ?" ദേവന്‍ അവളോടും ചോദിച്ചു. "രാത്രിയില്‍ എന്‍റെയരികില്‍ വരുന്നവര്‍ പകല്‍ എന്നെ കാണുമ്പോള്‍ ഒളിച്ചിരിക്കുന്നു. ആളുകള്‍ എന്നെ അവജ്ഞയോടെ നോക്കുന്നു." ദേവന്‍ തന്‍റെ സൃഷ്ടികളെയോര്‍ത്തു നിരാശനായി.

എന്തായാലും വന്നതല്ലേ അവസാനത്തെയാളെയും ഒന്ന് കാണാമെന്ന് കരുതി ദേവന്‍ അവസാനത്തെയാളുടെ അടുത്തേക്ക് ചെന്നു. ദേവന്‍ മറ്റുള്ളവരോട് ചോദിച്ച ചോദ്യം ആവര്‍ത്തിച്ചു. "നീയെന്തേ എന്നെക്കാണാന്‍ വരാഞ്ഞത്"? "പ്രഭോ, ഞാന്‍ കൃഷിചെയ്തുണ്ടാക്കിയ ധാന്യങ്ങള്‍ നാളെയാണ് വിളവെടുക്കുക. അതിനുശേഷം അല്പം ധാന്യവുമായി അങ്ങയെ കാണാന്‍ വരാമെന്നു കരുതി." അയാളുടെ മറുപടിയില്‍ ദേവന്‍ സന്തോഷിച്ചു. അയാളുടെ കൃഷിയിടങ്ങള്‍ കണ്ടു പുളകിതനായി. "മകനെ നിനക്കെന്തെങ്കിലും വിഷമമുണ്ടോ?" ദേവന്‍ അവനോടും ചോദിച്ചു. അയാള്‍ വിനീതനായി മറുപടി പറഞ്ഞു; "ഇല്ല പ്രഭോ, ഇതുവരെയും ഞാന്‍ സന്തുഷ്ടനാണ്. എന്‍റെ കൃഷിയെല്ലാം നന്നായി വിളവു തരുന്നു. ഞാന്‍ സന്തോഷവാനാണ്." അവന്‍റെ മറുപടി കേട്ടു ദേവന്‍ കൃതാര്‍ത്ഥനായി. തന്‍റെ മാളികയില്‍ മടങ്ങിയെത്തിയ ദേവന്‍ ചവറ്റുകുട്ടകളിലും കാനകളിലും അരിച്ചുപെറുക്കുവാന്‍ തുടങ്ങി, താന്‍ പണ്ട് വലിച്ചെറിഞ്ഞ സൃഷ്ടിയുടെ വിശദാംശങ്ങള്‍ക്കായി. എന്നാല്‍ അത് കണ്ടുകിട്ടിയില്ല. കാനകളിലും ചവറ്റുകുട്ടകളിലും തെരുവുകളിലും ദേവന്‍ ഇന്നുമത് തിരഞ്ഞുകൊണ്ടേയിരിക്കുന്നു.

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts