news-details
ഓര്‍മ്മ

സാഹോദര്യത്തിന്‍റെ തിരുശേഷിപ്പുകള്‍

സാഹോദര്യത്തിന്‍റെ തിരുശേഷിപ്പുകള്‍ സഹോദരഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച വന്ദ്യസന്ന്യാസ സഹോദരന്‍ - ബ്രദര്‍ എജിഡ്യൂസ് ഈ ലോകത്തില്‍നിന്നും യാത്രയായി. ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സന്ന്യാസസമൂഹത്തില്‍ ഒരു വേറിട്ട ജീവിതശൈലിക്ക് ഉടമയായിരുന്നു ബ്രദര്‍. ഈ കാലഘട്ടത്തില്‍ സമര്‍പ്പിതജീവിതത്തിന് നല്‍കപ്പെട്ട ഒരു അടയാളമായിരുന്നു ആ ജീവിതം. പ്രവര്‍ത്തനനിരതമായ സ്നേഹത്തിലൂടെ, 93-ാമത്തെ വയസ്സിലും ദിവസവും മണ്ണില്‍ അധ്വാനിച്ച്, അംഗമായിരുന്ന ആശ്രമങ്ങളിലൊക്കെ സന്ന്യാസസമര്‍പ്പണത്തിന്‍റെ സംതൃപ്തി ഏവര്‍ക്കും കാട്ടിക്കൊടുത്ത ജീവിതം.

ബ്രദര്‍ എജിഡ്യൂസിന്‍റെ 63 വര്‍ഷം നീണ്ടുനിന്ന സന്ന്യാസജീവിതത്തിന് വി. ഫ്രാന്‍സിസ് അസ്സീസിയുടെ ഈ വാക്കുകളില്‍ അര്‍ത്ഥം കണ്ടെത്താനാകും. 'എപ്പോഴും സുവിശേഷം പ്രഘോഷിക്കുക, ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക". ബ്രദറിന്‍റെ ജീവിതം ഏറെ വാചാലമായി സംസാരിക്കുകയായിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ തോട്ടത്തിലുള്ള അധ്വാനത്തിലൂടെ, ചെയ്യുന്ന കാര്യങ്ങള്‍ വിജയിപ്പിക്കുക എന്നതിനെക്കാളുപരി അത് ഒരു ജീവിതശൈലിയായിരുന്നു.

'കരുതലിന്‍റെ ജീവിതത്തിന്' ഉടമയായിരുന്നു ബ്രദര്‍ എജിഡ്യൂസ്. ഈ കരുതലിന്‍റെ കരവലയത്തില്‍നിന്നും ആരും പുറത്തായിരുന്നില്ല. കരുതലുള്ള ഹൃദയത്തിന് 'കാഴ്ചശക്തി' വര്‍ദ്ധിക്കും. അവഗണനാര്‍ഹമാണ് എന്ന് നാം കരുതുന്ന ചെറിയ കാര്യങ്ങളില്‍പോലും ബ്രദര്‍ പുലര്‍ത്തിയിരുന്ന 'അതിശ്രദ്ധ' അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത് സഹോദരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, താന്‍ ഇടപെടുന്ന എല്ലാ മേഖലകളിലും പ്രകടമായിരുന്നു. ഓരോ ചെടികളെയും മാതൃവാത്സല്യത്തോടെ പരിപാലിച്ചിരുന്നപ്പോള്‍ അനുഭവിച്ചിരുന്ന ആനന്ദം വൈകുന്നേരങ്ങളില്‍ തോട്ടത്തില്‍നിന്നും കയറിവരുമ്പോള്‍ ബ്രദറിന്‍റെ മുഖത്ത് ഏറെ പ്രകടമായിരുന്നു. സ്നേഹത്തോടെ ചെയ്യുന്ന ഏത് പ്രവൃത്തിയും നീര്‍ച്ചാലിനരികെ നട്ടതും, യഥാകാലം ഫലം തരുന്നതും, ഇലകൊഴിയാത്തതുമായ ഒരു വൃക്ഷംപോലെയാക്കി 'ഒരുവന്‍റെ ജീവിതത്തെ മാറ്റുമെന്നതിന്‍റെ തെളിവാണ് ബ്രദറിന്‍റെ ജീവിതം. ഇപ്രകാരം പൂത്തുലഞ്ഞുനിന്ന ആ ജീവിതത്തിന്‍റെ സ്നേഹസാമീപ്യത്തിന്‍റെ മധുരിക്കുന്ന ഓര്‍മ്മകള്‍ സഹോദരഹൃദയങ്ങളിലുണ്ട്. 'തോട്ടം ബ്രദര്‍' എന്നു മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന മണ്ണിന്‍റെ മണമുള്ള ഈ മനുഷ്യന് 'സ്നേഹത്തിന്‍റെ ഗന്ധമുണ്ടായിരുന്നന്നു. സ്നേഹിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്ന ജീവിതവീഥിയിലൂടെ, ചെറിയ കാര്യങ്ങള്‍ അസാധാരണമായ സ്നേഹത്തോടെ നിര്‍വ്വഹിച്ച ബ്രദര്‍ എജിഡ്യൂസ് ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സന്ന്യാസസമര്‍പ്പണത്തിന്‍റെ ഉദാത്ത മാതൃകയാണ്; ഫ്രാന്‍സിസ്കന്‍ ചൈതന്യം അടുത്തറിയാനും, ആഴത്തിലനുകരിക്കാനും, പീഠത്തിന്മേല്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു ജീവിതം... "ഇതാ നിങ്ങള്‍ക്കായി ഞാനൊരു മാതൃക നല്‍കുന്നു" എന്ന ഗുരുവചനം മാംസം ധരിക്കപ്പെട്ട ജീവിതം. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും മനോഹരമായി സമന്വയിപ്പിക്കപ്പെട്ട ഈ ധന്യജീവിതത്തിന്‍റെ തിരുശേഷിപ്പുകള്‍ സമര്‍പ്പിതജീവിതത്തിന് ഊര്‍ജ്ജമായി എന്നും നിലകൊള്ളും. ബ്രദര്‍ എജിഡ്യൂസിന്‍റെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥം നമുക്ക് മാര്‍ഗ്ഗദീപമായി എന്നും വഴിനടത്തട്ടെ. 

You can share this post!

മഹാനായ മാര്‍പ്പാപ്പ: ബനഡിക്ട് പതിനാറാമന്‍

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts