അത് എപ്പോഴും അങ്ങനെതന്നെയാണ്. ആത്മീയതയില്‍ ആഴമുള്ള വ്യക്തികള്‍ ബാഹ്യമായി പൊടിപ്പും തൊങ്ങലും ഉള്ളവരല്ല. അത്തരക്കാരെ ഒത്തിരിപേരൊന്നും അറിയുന്നില്ല. അറിയുന്നവരാകട്ടെ ഏതോ നിഗൂഢമായ തിരിച്ചറിവാലെന്നപോലെ ഒത്തിരിപേരോട് അവരെപ്പറ്റി സംസാരിക്കുന്നുമില്ല. അറിയുന്നവര്‍തന്നെയും ഒത്തിരി വലുതായൊന്നും അവരെക്കുറിച്ച് ഗൗനിക്കുന്നുമില്ല.
കപ്പൂച്ചിന്‍ സഭയില്‍നിന്ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുള്ള പലരെക്കുറിച്ചും ഇപ്പറഞ്ഞത് ശരിയാണ്. വിശുദ്ധിയുടെ പരിമണമുള്ളവര്‍ പലപ്പോഴും പ്രച്ഛന്നവേഷധാരികളാണ്. വിശുദ്ധി എപ്പോഴും ഗോപ്യമായി വാഴുന്നു. മറ്റൊരു വഴിക്ക് ചിന്തിച്ചാല്‍ വിശുദ്ധരുമായി പരിചയപ്പെടുന്നവരുടെ കണ്ണുകള്‍ എങ്ങനെയോ മൂടപ്പെട്ടാണിരിക്കുന്നത്. വളരെ അസ്വാഭാവികമായി യാതൊന്നും പുറമേക്ക് എടുത്തുകാട്ടാതെ അവര്‍ കടന്നുപോകുന്നു. എമ്മാവൂസിലേക്ക് യാത്രപോയ ശിഷ്യരോടൊപ്പം അവരുടെ ഉത്ഥിതനായ ഗുരുതന്നെ മുഴുദൂരം യാത്രചെയ്തിട്ടും അവരോട് വാദപ്രതിവാദം നടത്തിയിട്ടും അവര്‍ അവനെ തിരിച്ചറിയാതെ പോകുന്നതുപോലെയാണ് ഇതും. ചുരുക്കം ചിലര്‍ മാത്രം മറ്റുചില സൂചകങ്ങളില്‍നിന്ന് ഈ നിഗൂഢമന്നയെ തിരിച്ചറിയുന്നു.
കപ്പൂച്ചിന്‍ സഭാവയലില്‍ ചെളിയില്‍ പുതഞ്ഞ് മറഞ്ഞുകിടന്ന ബ്രദര്‍ എയ്ജിഡിയസ് എന്ന മാണിക്യകല്ലിന്‍റെ വില തിരിച്ചറിയുന്നവന്‍തന്നെ വയലോടെ വാങ്ങിക്കൊണ്ടുപോയത് ഇക്കഴിഞ്ഞ ഏപ്രില്‍ 15-ാം തിയതിയായിരുന്നു. നന്നായി മൂത്തുപഴുത്ത് ഞെട്ടറ്റുവീഴുന്ന ഫലത്തിന്‍റെ അനായാസതയോടെ കടന്നുപോയ ഈ ജ്ഞാനവൃദ്ധന് അപ്പോള്‍ 95 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ പൂര്‍വ്വാശ്രമത്തെക്കുറിച്ചൊന്നും കുട്ടികളായ ഞങ്ങള്‍ കണ്ടിട്ടും അറിഞ്ഞിട്ടുമില്ല. അതിനാല്‍തന്നെ അതൊന്നും കുറിക്കേണ്ടതില്ല. അഥവാ, അതുകൊണ്ടൊക്കെ എന്തു പ്രയോജനമാണ്! ഗോവയിലെയും കൊല്ലത്തെയും ആലുവയിലെയും ഭരണങ്ങാനത്തെയും മൂവാറ്റുപുഴയിലെയും തെള്ളകത്തെയും കപ്പൂച്ചിന്‍ ആശ്രമങ്ങളില്‍ ജീവിച്ചുതീര്‍ത്ത 65 വര്‍ഷങ്ങള്‍! നൂറ്റൊന്നിന് ആയിരത്തൊന്ന് ആവര്‍ത്തിച്ചെടുത്ത ആ പുണ്യജീവിതത്തെ കണ്ടിട്ടുള്ളവര്‍ക്ക് അദ്ദേഹം എന്നും സ്നിഗ്ദ്ധമായൊരോര്‍മ്മയായിരിക്കും.
പണിയാളുടെ തീര്‍ച്ചയും വഴക്കവും വെളിവാക്കുന്ന മിനുസമുള്ള ഒരു തൂമ്പയും കൈയിലേന്തി, കുപ്പായകൈകള്‍ ചുരുട്ടി തെറുത്തുവെച്ച്, അരയില്‍ക്കെട്ടിയ ചരടിന്‍റെ ഒരറ്റംകൊണ്ട് കുപ്പായത്തിന്‍റെ പിന്നറ്റം കെട്ടി തറ്റുടുത്തപോലെ കുപ്പായത്തെ ആക്കിത്തീര്‍ത്ത്, കുഴിഞ്ഞ കണ്‍തടങ്ങളും ഒട്ടിയകവിളുകളും കഷണ്ടിബാധിച്ച ശിരസ്സും ഉള്ള, മെലിഞ്ഞുണങ്ങി കിളരമുള്ള ഒരു അസ്ഥികൂടരൂപം കുസൃതിനിറഞ്ഞ നോട്ടത്തോടെ അകംനിറയുന്ന പുഞ്ചിരിയോടെ വയലില്‍നിന്നോ തോട്ടത്തില്‍നിന്നോ കയറിവരുന്നു. വെയിലേറ്റ് പാടേനരച്ച കപ്പൂച്ചിന്‍ സന്ന്യാസസഭാവസ്ത്രത്തില്‍ വിയര്‍പ്പിന്‍റെ നിരവധി ഉപ്പുപാടങ്ങള്‍ കാണാവുന്നു. കണ്ണാടിക്കുമുമ്പില്‍ സൗകുമാര്യം വര്‍ദ്ധിപ്പിച്ചിട്ടില്ലാത്ത സ്വാഭാവികമായ താടിമീശയില്‍നിന്ന് വിയര്‍പ്പ്കണങ്ങള്‍ ഇറ്റുവീഴുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു താപസന്‍ എന്ന് ആരും ശരിവെയ്ക്കുന്ന രൂപം.
ഈ സന്ന്യാസിവര്യനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യമേതന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് അദ്ദേഹത്തിന്‍റെ വ്യതിരിക്തമായ കഠിനാധ്വാനമനോഭാവമായിരിക്കും. എന്നാല്‍, പാടത്തും പറമ്പിലും ഒരു യൗവ്വനയുക്തന്‍റെ ചുറുചുറുക്കോടും പ്രസരിപ്പോടുംകൂടി തൊണ്ണൂറാം വയസ്സിലും അതിനുശേഷവും അധ്വാനിച്ചത് പക്ഷേ, അദ്ദേഹം അനുധാവനം ചെയ്ത അസ്സീസിയിലെ സ്നേഹഭിക്ഷുവിന്‍റെ മാതൃകാനുസരണം ദാരിദ്ര്യാരൂപിയെപ്രതിയും സ്നേഹസമൂഹത്തോടുള്ള സംലഭ്യതയെപ്രതിയുമായിരുന്നു. അംഗമായിരുന്ന ഇടങ്ങളിലെല്ലാം ആശ്രമത്തെയും അതിന്‍റെ സൂക്ഷ്മാംശങ്ങളെയും പ്രത്യേകം ശ്രദ്ധിക്കുകയും ഉത്തരവാദിത്വബോധത്തോടെ സ്വന്തം എന്ന മനോഭാവത്തോടെ സ്നേഹപൂര്‍വ്വം പരിചരിക്കയും വൃത്തിയാക്കുകയും ചെയ്തിരുന്നു. 'എന്‍റെ സ്നേഹസമൂഹത്തിന് - എന്‍റെ ജനത്തിന്' എന്ന സ്വന്തമനോഭാവം ഈ സന്ന്യാസശ്രേഷ്ഠനില്‍ അടിമുടി നിറഞ്ഞുനിന്നിരുന്നല്ലോ.
സാഹോദര്യത്തിന് എന്നുംവലിയ മൂല്യം കല്പിച്ച ഈ താപസന്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ഓരോ അംഗത്തെയും സ്നേഹിക്കുകയും വിലമതിക്കുകയും ബഹുമാനപുരസ്സരം ശുശ്രൂഷിക്കുകയും ചെയ്തിരുന്നു എന്നതില്‍ പക്ഷാന്തരമുണ്ടാകില്ല.
കപ്പൂച്ചിന്‍ സഭയുടെ നോവിഷ്യേറ്റ് ഭവനം കൂടിയായ മൂവാറ്റുപുഴ ലൊരേറ്റോ ആശ്രമത്തിന്‍റെ നെല്‍പ്പാടത്ത് ഉച്ചക്ക് 11.30നും കിളയ്ക്കുകയും മണ്ണിണക്കുകയും വളമിടുകയും ചെയ്യുന്ന ഈ അസ്ഥിരൂപം പെട്ടെന്ന് പണികയറി കുന്നുകയറി ആശ്രമത്തിലെത്തി, പൊതു കുളിമുറിയില്‍പോയി ദേഹശുദ്ധിവരുത്തി, ഉടുപ്പുമാറ്റി ആശ്രമാംഗങ്ങള്‍ക്കും നവസന്ന്യാസികള്‍ക്കുമുള്ള വാഴപ്പഴവും കപ്പളങ്ങപ്പഴവും പഴുത്തതുനോക്കി എടുത്തുവച്ചശേഷം 11-45ന് പ്രാര്‍ത്ഥനയ്ക്കുള്ള മണിമുഴങ്ങുംമുമ്പേ തന്നെ പ്രാര്‍ത്ഥനയ്ക്കായി ദേവാലയത്തിലെത്തുന്നത് കണ്ട് തെല്ലൊന്നുമല്ല വിസ്മയിച്ചിട്ടുള്ളത്! നിയോഗിക്കപ്പെട്ട ആഴ്ചകളില്‍ രാവിലെ ഉണര്‍ത്തുമണിയടിച്ചുകഴിഞ്ഞ് അള്‍ത്താരയും മറ്റും ക്രമീകരിച്ച് കഴിയുംമുമ്പേ പ്രാര്‍ത്ഥനയ്ക്കായി ആദ്യം എത്തുന്നതും ബ്രദര്‍ എയ്ജിഡിയസ് ആയിരുന്നല്ലോ! രാത്രിയില്‍ അത്താഴത്തിനും ഉല്ലാസവേളയ്ക്കും ശേഷമുള്ള രാത്രി ജപങ്ങള്‍ കഴിഞ്ഞ് ദേവാലയത്തിലെ വിളക്കുകളെല്ലാം അണച്ചുകഴിയുമ്പോള്‍, മദുബഹായിലെ കെടാവിളക്കിന്‍റെ പ്രകാശത്തില്‍ ക്വയറിലെ അവാസനബഞ്ചില്‍ അവസാനമായി കാണുന്നതും ഇതേരൂപമായിരുന്നല്ലോ! ഒരിക്കലെങ്കിലും ഈ നൈഷ്ഠികബ്രഹ്മചാരി യാമപ്രാര്‍ത്ഥനകള്‍ക്കും വൈയക്തിക ധ്യാനങ്ങള്‍ക്കുമായി ദേവാലയത്തില്‍ എത്താതിരുന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരെക്കുറിച്ചെങ്കിലുമോ എന്തിനെക്കുറിച്ചെങ്കിലുമോ തന്നെക്കുറിച്ചുതന്നെയോ - ജോലിയെയോ ആഹാരത്തെയോ സൗകര്യത്തെയോ കുറിച്ചോ യാതൊരു ആവലാതിയുമില്ലാതെ, എല്ലാറ്റിലും ദൈവഹിതം കണ്ടും അനുഭവിച്ചും കൃതാര്‍ത്ഥനായി, തികഞ്ഞ ആന്തരിക സംതൃപ്തിയോടെ ജീവിച്ച് മരിക്കുക തീര്‍ച്ചയായും ശ്രമകരമായിരിക്കും. പ്രത്യേകിച്ച് മുന്‍കാലങ്ങളില്‍ വൈദിക-അവൈദിക സഹോദരങ്ങള്‍ തമ്മില്‍ കാര്യമായ അന്തരവും പദവി വ്യത്യാസവും നിലനിന്നിരുന്ന കാലങ്ങളില്‍ അതേക്കുറിച്ചൊക്കെ അസ്വസ്ഥരും അസംതൃപ്തരുമായിരുന്ന പല അവൈദിക സഹോദരങ്ങള്‍ക്കുമിടയില്‍ എന്തുകൊണ്ടും വിഭിന്നനായിരുന്നു ഈ സന്ന്യാസിവര്യന്‍. ഒന്നിനെയും ഏതിനെയും കുറിച്ച് അസംതൃപ്തിയില്ലായിരുന്നു എന്നുമാത്രമല്ല, സമ്പൂര്‍ണ്ണ തൃപ്തിയും ആന്തരികമായ ശാന്തിയും ഈ എളിയസഹോദരന്‍ അനുഭവിച്ചിരുന്നു എന്നുതന്നെയാണ് അദ്ദേഹത്തോടൊപ്പം ജീവിച്ചിട്ടുള്ള സഹസന്ന്യാസികള്‍ക്കൊക്കെയും ബോധ്യമായിട്ടുള്ളത്. എന്തൊരു ശാന്തതയായിരുന്നു ആ മനസ്സില്‍! എന്തൊരു ആനന്ദമായിരുന്നു ആ പുഞ്ചിരിയില്‍! എന്തൊരു സ്നേഹമായിരുന്നു ആ വാക്കുകളില്‍!
ദരിദ്രരോടും കൂടെപണിയെടുക്കുന്നവരോടുമൊക്കെ എന്തൊരു അലിവായിരുന്നു ആ മനസ്സില്‍. എല്ലാവരെയും പ്രാര്‍ത്ഥനകൊണ്ടും സ്നേഹംകൊണ്ടും കരുതല്‍കൊണ്ടും ശുശ്രൂഷകൊണ്ടും ഇരന്നുവാങ്ങിയ അര്‍ത്ഥംകൊണ്ടും അദ്ദേഹം സേവിച്ചു. മൂവാറ്റുപുഴയില്‍ എത്രയോ ഹൈന്ദവ-മുസ്ലിം സമുദായക്കാര്‍ തങ്ങളുടെ മരണനേരത്ത് ഒന്നുകാണാന്‍, ഒരുമാത്ര പ്രാര്‍ത്ഥിക്കാന്‍ "ആശ്രമത്തിലെ തോട്ടത്തിലെ ബ്രദറി"നായി ആളയച്ചിരുന്നു! അവിടെയെല്ലാം പോയി മൗനമായി ഈറന്‍മിഴികളോടെ സാന്ത്വനസാന്നിധ്യമായി വിനയാന്വിതനായി അദ്ദേഹം പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമായിരുന്നു.
വലിയ നാടകങ്ങള്‍ക്കൊന്നും ആ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്തിനും ഏതിനും എപ്പോഴും "വല്യ ഉപകാരം കേട്ടോ" എന്ന് അദ്ദേഹം വീണ്ടും വീണ്ടും വിനയംകൊണ്ടിരുന്നു. ഒരുപക്ഷേ, ഒരു വാക്ക് എഴുതാതെ, ഒരു വാക്യം പ്രസംഗിക്കാതെ, ഇത്ര ലളിതമായി കര്‍മ്മംകൊണ്ട് ഫ്രാന്‍സിസ്കന്‍ ആധ്യാത്മികത പ്രസംഗിക്കുകയും എഴുതുകയും ചെയ്ത ഒരു കപ്പൂച്ചിന്‍ സന്ന്യാസിവര്യന്‍ ഈ അടുത്തകാലത്തൊന്നും കേരളത്തില്‍ ജീവിച്ചിരുന്നിരിക്കില്ല. അദ്ദേഹത്തിന്‍റെ പേര് ദ്യോതിപ്പിക്കുംപോലെ തീര്‍ത്തും ഒരു ആട്ടിന്‍കുട്ടിയായിരുന്നു അദ്ദേഹം- ദൈവത്തിന്‍റെ സ്വന്തം കുഞ്ഞാട്ടിന്‍കുട്ടി.
അതീവ ശാന്തമായിരുന്നു ആ കടന്നുപോക്ക്. 15-ാം തിയതി രാവിലെ പത്ത് മണിമുതല്‍ ഭരണങ്ങാനത്തെ കപ്പൂച്ചിന്‍ സാഹോദര്യം തങ്ങളുടെ ആദരണീയനായ ഈ അവൈദിക സഹോദരശ്രേഷ്ഠന്‍റെ പൂജ്യാവശിഷ്ടം മോര്‍ച്ചറിയിലേക്ക് മാറ്റാതെ മുഴുനേരം അമ്പത്തിമൂന്ന് മണി ജപം ചൊല്ലി, പ്രാര്‍ത്ഥനയോടെ ആദരവോടെ സമീപത്തിരുന്ന് കാത്തു - നീണ്ട അമ്പത്തിമൂന്ന് മണിക്കൂറുകള്‍!
അഭൂതപൂര്‍വ്വമായിരുന്നു നാടിന്‍റെ നാനാദിക്കുകളില്‍നിന്ന് വന്നെത്തിയ ജനാവലി. സരളമനോഹരവും ശാന്തവുമായിരുന്നു തിരുക്കര്‍മ്മങ്ങളും അവയിലെ ഭക്തജനങ്ങളുടെയും കപ്പൂച്ചിന്‍ സഹോദരന്മാരുടെയും പങ്കെടുപ്പും. എങ്ങും തികഞ്ഞ ശാന്തതയും ഗൗരവ്വവും മുറ്റിനിന്നിരുന്നു. അഭൗമമായ എന്തോ ഒന്ന് അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു എന്നാണ് സഹോദരസാക്ഷ്യങ്ങള്‍.
മണ്ണിലും ചെളിയിലും നിന്ന് കയറാതെ, പുല്ലിനെയും പുല്‍ച്ചാടിയെയും തൊട്ടുനിന്ന, ഭൂമിയെന്ന ഗ്രഹത്തെ ഒരു നൂറ്റാണ്ടോളം സന്ദര്‍ശിച്ച് കടന്നുപോയ ഒരു ദൈവദൂതന്‍റെ, ഒരവധൂതന്‍റെ ശാന്തമായ കടന്നുപോക്ക്! സ്തുതിപാടാം, ദൈവത്തിന്.