ലോകചരിത്രത്തില്‍ നിലവിലുണ്ടായിട്ടുള്ള നേതാക്കളുടെയൊക്കെ പശ്ചാത്തലം എന്തായാലും അവര്‍ പ്രകൃതിയെയും പരിസ്ഥിതിയെയും അല്പമെങ്കിലും പരിഗണിച്ചിരുന്നു. ചിലപ്പോഴൊക്കെ ഇടിത്തീപോലെ ചിലരെത്തിച്ചേരും. പ്രതീക്ഷകള്‍ക്ക് ദീപം കൊളുത്തി മനുഷ്യനെ ഇരുട്ടിലേക്ക് നയിക്കുന്നവര്‍. ദൗര്‍ഭാഗ്യവശാല്‍ ഭാരതത്തിന്‍റെ വികസനനായകനെന്നു ലോകം പുകഴ്ത്തുന്ന നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി നിലവിലിത്രനാളുകൊണ്ട് തന്നെ അതു തെളിയിച്ചുകഴിഞ്ഞു. അദ്ദേഹത്തിന് വികസനത്തിനോട് മാത്രമേ പ്രതിബദ്ധതയുള്ളു പരിസ്ഥിതിയോടോ പ്രകൃതിയോടോ അശേഷം ഇല്ല.
സത്യത്തില്‍ കൊട്ടിഘോഷിക്കുന്ന വികസനമാതൃക അന്ധമായ പാശ്ചാത്യവികസനമാതൃകയെന്ന ചീട്ടുകൊട്ടാരമാണ്. ഒരു യുദ്ധം. ഒരു കിംവദന്തി താറുമാറാക്കുന്ന സമ്പദ്വ്യവസ്ഥ ഉണ്ടാക്കുന്ന വികസനം. ഇത്ര വായിച്ചുകഴിയുമ്പോഴേക്ക് അത്ര പെട്ടെന്നു വിലയിരുത്താന്‍ മാത്രം സമയമായോ എന്നാവും നമ്മള്‍ ആലോചിക്കുക. ഉവ്വ്. സമയം കഴിഞ്ഞുപോയി. അദ്ദേഹം ചെയ്ത വികസനമാതൃകകളിലെ പരിസ്ഥിതി/പ്രകൃതിനാശത്തെക്കുറിച്ച് നമുക്ക് ഗുജറാത്തില്‍നിന്ന് തുടങ്ങാം. കാരണം മൂന്ന് പ്രാവശ്യം ഒരു സംസ്ഥാനം ഭരിച്ച ഗര്‍വ്വുമായ് വന്നൊരു മുഖ്യനാണ്. വികസനം, വികസനം എന്നുദ്ഘോഷിച്ച് അധികാരത്തിലെത്തിയയൊരാള്‍. മോദിയുടെ പ്രഭാഷണങ്ങള്‍ നിരന്തരം ശ്രദ്ധിക്കുന്നതുകൊണ്ട് ഒരു കുഴപ്പമുണ്ട്. സാംബശിവന്‍റെ കഥാപ്രസംഗം പോലെയാണ്. എല്ലായിടത്തും ഒരേ വാചകങ്ങള്‍ ആവര്‍ത്തിക്കും. "വസുധൈകകുടുംബകം" "സര്‍വ്വേഭദ്രാണിപശ്യന്തി" എന്നിങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കും.
മോദിയുടെ വികസനം രണ്ട് തരത്തില്‍ കണ്ടെത്താം. ഒന്ന് അത് പാശ്ചാത്യമോഡലുകളുടെ അന്ധമായ അനുകരണമാണ്. രണ്ട് ഇന്ത്യന്‍ കുത്തകമുതലാളിമാരുടെ കീശകളെ അത് പതിവിലും വലിയ തരത്തില്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്‍ഡ്യയെപ്പോലെ, ഗ്രാമങ്ങളില്‍ ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്ന ഒരു രാജ്യത്തിന് വേണ്ടത് എന്താണ് എന്ന് രണ്ട് ഹിമാലയന്‍ ഗ്രാമങ്ങളെ ചൂണ്ടിക്കാട്ടി പറയാം. ആധുനികവത്കരണം ഹിമാലയത്തിലെ രണ്ട് തരം ഗ്രാമങ്ങളെ സൃഷ്ടിച്ചതായി നേരില്‍ കണ്ട് മനസ്സിലാക്കിയിരുന്നു. ഹര്‍ദ്വാനിയില്‍നിന്നും നൂറ്റിഇരുപത് കിലോമീറ്റര്‍ അകലെയുള്ള ഒരു ഹിമാലയന്‍ ഗ്രാമം. സ്വന്തമായി ഗ്രാമക്കാര്‍ക്കുള്ള അരിയും ഗോതമ്പും വയലുകളില്‍നിന്ന് കിട്ടുന്നു. ഉരുളക്കിഴങ്ങ് പങ്കിടുന്നു. അത്യാവശ്യം വേണ്ട പയറുവര്‍ഗ്ഗങ്ങളും. പശുവളര്‍ത്തലുമുള്ളതുകൊണ്ട് മറ്റൊന്നിനും ആരെയും ആശ്രയിക്കേണ്ട എന്നതായിരുന്നു. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അവരൊന്ന് പറ്റിയാല്‍ അടുത്തുള്ള ഏതെങ്കിലും ചെറുകിട ടൗണിലൊക്കെ ഒന്ന് പോയെങ്കിലായി. ഇതുവരെ ഹര്‍ദ്വാനി (തൊട്ടടുത്ത ചെറുപട്ടണം) വരെ കാണാത്ത വൃദ്ധജനങ്ങളുണ്ട്. വളരെ കുറഞ്ഞ വര്‍ഷങ്ങളേയായിട്ടുള്ളു വെളിച്ചവും റോഡും വന്നിട്ട്. രാവിലെ നഗരത്തിലേക്ക് പോകുന്ന ഒരു ജീപ്പാണ് ആകെയുള്ള സഞ്ചാരവാഹനം. പക്ഷെ എന്നിട്ടും ആ ഗ്രാമങ്ങളില്‍ പട്ടിണിയില്ല. വിദ്യാഭ്യാസത്തിന് അഭാവമില്ല. സ്വയംപര്യാപ്തമായ സാമ്പത്തിക സാമൂഹികസാഹചര്യങ്ങള്‍ ഉണ്ട്. തീര്‍ച്ചയായും വലിയ ആസ്പത്രികളും കോളേജുകളും വന്നിട്ടില്ലായിരിക്കും. എങ്കിലും ഗ്രാമസ്വരാജ് എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചിരുന്നത് എന്താണ് എന്ന് അവിടങ്ങളില്‍ ചെന്നാല്‍ മനസ്സിലാകും.
ഇനി കേദാര്‍നാഥ് പ്രളയസമയത്ത് ചില ഗ്രാമങ്ങളില്‍ സഹായഹസ്തവുമായി ചെന്നപ്പോഴാണ് രണ്ടാമത്തെ ഗ്രാമീണരെ കണ്ടുമുട്ടിയത്. ഭക്ഷണത്തിന് ഒന്നുമില്ല, ഗ്യാസില്ല, നിത്യോപയോഗസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നു. എല്ലാവരും സഹായവുമായി വരുന്ന ദുരിതാശ്വാസപ്രവര്‍ത്തകരെ കാത്തിരിക്കുന്നു. ഹിമാലയത്തിലെ സാമൂഹ്യരംഗത്ത് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഹേമന്ദ്ധ്യാനി ഞങ്ങള്‍ ചെയ്യുന്ന കാര്യത്തെ തീരെ ആവശ്യമില്ലാത്തത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"സ്വാമിജി, ഈ പ്രളയം വന്നപ്പോള്‍ നിങ്ങളുടെ സഹായത്തിനായ് കൈനീട്ടുന്ന ഈ ഗ്രാമീണരുണ്ടല്ലോ അവരാരും പരസ്പരം സഹായിക്കില്ല. എല്ലാവരും ഗവണ്മെന്‍റിനെ കാത്തിരിക്കുകയാണ്. കൈയ്യൂക്കും പാര്‍ട്ടിസ്വാധീനവും ഉള്ളവര്‍ ആവശ്യം വേണ്ടത് ഇതിനിടയില്‍ ഈ ദുരന്തത്തെ വിറ്റ് നേടും. എന്‍റെ ചെറുപ്പകാലത്തും ഇവിടെ മേഘസ്ഫോടനം ഉണ്ടായിട്ടുണ്ട്. ഇതിനെക്കാള്‍ വലിയ വഴിതടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിലും വലിയ ദുരന്തമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ എല്ലാവരും പരസ്പരം സഹായിച്ച് ദുരന്തത്തെ നേരിട്ടിരുന്നു. ഇന്ന് ആ സ്ഥാനത്തേക്ക് ഗവണ്മെന്‍റ് കയറി വന്നു. ഗ്രാമീണരുടെ ഐക്യം, ജോലി ചെയ്തു ജീവിക്കാനുള്ള സന്മനസ് ഒക്കെ ഇല്ലാതായി. പകരം സര്‍ക്കാര്‍ വെള്ളം തരട്ടെ, കരണ്ട് തരട്ടെ, റോഡ് തരട്ടെ, നിത്യതൊഴില്‍ തരട്ടെ എന്നിങ്ങനെ പറഞ്ഞ് കാത്തിരിക്കുന്നു."
സത്യത്തില്‍ ആ സമയത്ത് അദ്ദേഹത്തോട് യോജിക്കാന്‍ തോന്നിയില്ലെങ്കിലും പിന്നീട് ചിന്തിച്ചപ്പോള്‍ അത് സത്യമാണെന്ന് തോന്നി. ഗ്രാമസ്വരാജ് എന്നാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സൗജന്യങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ആയി കാത്തിരിക്കലല്ല. അത് വിഭവങ്ങളെ നിര്‍മ്മിക്കുകയും സ്വയംപര്യാപ്തത നേടുകയും ചെയ്യുകയാണ്. മോദിവികസനം എന്നു പറയുന്നത് പാശ്ചാത്യമാതൃകയിലുള്ളതാണ്. അത് കേവലം ധനികരെ വീണ്ടും ധനികരാക്കുകയും പട്ടിണിപ്പാവങ്ങളെ വീണ്ടും പട്ടിണിപ്പാവങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളെ കാത്തിരിക്കുന്നവരും ഭിക്ഷക്കാരും ആക്കും.
ഇന്‍ഡ്യ പ്രധാനമായും ഗ്രാമങ്ങളില്‍ അധിഷ്ഠിതമാണ്. ജനങ്ങളില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലാണ്. അവരെ ജോലി ചെയ്തു സ്വയംപര്യാപ്തമായ് ജീവിക്കുന്നതിനു പ്രേരിപ്പിക്കുന്നതിനുപകരം എല്ലാവരെയും പല ഗ്രേഡുകളായി വിഭജിച്ച് ഒരു രൂപയ്ക്ക് 100 കിലോ അരിയും 150 ദിവസത്തെ ജോലിയുമൊക്കെ കൊടുത്ത് മടിയന്മാരാക്കുന്നതിനു ഇതിന്മുമ്പുള്ള സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.
മോദിയുടെ വികസനം പാശ്ചാത്യമാതൃകയിലുള്ളതാണെന്ന് പൂര്‍ണ്ണമായും പറയാന്‍ പറ്റില്ല. പാശ്ചാത്യര്‍ ഒരിക്കലും അവരുടെ പ്രകൃതിവിഭവങ്ങളെ നശിപ്പിക്കാനോ കൊള്ളയടിക്കാനോ കൂട്ടുനില്ക്കാറില്ല. പക്ഷെ നിലവില്‍ മോദിസര്‍ക്കാര്‍ പലസ്ഥലത്തും അത് ചെയ്തുകഴിഞ്ഞു. ഗുജറാത്തില്‍ അധാനി ഗ്രൂപ്പ് കാണിച്ച പരിസ്ഥിതിനാശത്തിന് അവര്‍ കൊടുത്ത 44 മില്ല്യന്‍ ഫൈന്‍ ചൂണ്ടിക്കാട്ടിയാണ് ആസ്ത്രേലിയായില്‍ അധാനി ഗ്രൂപ്പിന്‍റെ വ്യവസായത്തിനു അനുമതി കിട്ടാതിരുന്നത്. നിലവില്‍ ലേഖകന്‍ പെറ്റീഷണറായ ഗംഗയിലെ ഡാമുകള്‍ സംബന്ധിച്ച സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച 13 അംഗ വിദഗ്ദധസമിതി ഒന്നടങ്കം ഒരു കാരണവശാലും പരിസ്ഥിതിലോകപ്രദേശത്ത് പണിയുവാന്‍ സാധിക്കില്ല എന്നു എഴുതിക്കൊടുത്ത ഡാമുകള്‍ പണിയുന്നതില്‍ ഞങ്ങള്‍ക്കൊരു എതിര്‍പ്പും ഇല്ല എന്ന് അറ്റോര്‍ണിജനറല്‍ തിരുത്തിപ്പറയുന്നത് ഞാനും എന്‍റെ ചെവികള്‍കൊണ്ട് കേട്ടത്. പരിസ്ഥിതി മന്ത്രാലയവും ഗംഗാമന്ത്രാലയവും പ്രധാനമന്ത്രിക്ക് എതിരായിട്ടും "ഹൈയര്‍ അതോറിറ്റി ഇന്‍ഡ്യയില്‍ തിരികെവന്നാല്‍ (മോദിതന്നെ) ഈ കാര്യത്തില്‍ ഒരു തീരുമാനം ആകും" എന്ന് കഴിഞ്ഞ പതിമൂന്നാം തീയതി (13.4.2015) സുപ്രീം കോടതിയില്‍ അറ്റോര്‍ണിജനറല്‍ പറയുന്നത് വീണ്ടും കേട്ടതാണ്. മദ്ധ്യപ്രദേശിലെ എലിഫണ്ട് കോറിഡോറിലൂടെ റോഡ് വന്നാല്‍ : "അരേ ഏക് ദോ ജാര്‍ വിര്‍മര്‍ജായേംഗ" എന്നു പറഞ്ഞ ഒരാളില്‍നിന്നാണ് നമ്മള്‍ വികസനം പ്രതീക്ഷിക്കുന്നത്. അരുണാചല്‍പ്രദേശിലെ ഡാമിന്‍റെ കാര്യത്തിലും ആര്‍.എസ്.എസ്. ഒരു കാരണവശാലും പണിയുവാന്‍ സാധിക്കില്ല എന്നു പറഞ്ഞ ഡാമിന്‍റെ നിര്‍മ്മാണത്തിനു കേന്ദ്രസര്‍ക്കാരിന് ഒരു പ്രയാസവും ഇല്ല എന്ന് കോടതിയില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനെതിരായി ആര്‍.എസ്.എസ്. ഇത്രയും സമരം നടത്തിയിട്ടും മോദിയുടെ പതിനാല് പ്രൊജക്ടുകളില്‍ അതും പെട്ടിട്ടുണ്ട്. അദ്ദേഹം പ്രകൃതിവിരുദ്ധവികസനനായകനാണ്. അത് പാശ്ചാത്യമോഡലല്ല.
പാശ്ചാത്യര്‍ ഗ്ളോബലൈസേഷന്‍റെ ഭാഗമായി കുത്തകമുതലാളിമാര്‍ക്കായി വിപണികള്‍ തുറന്നുകൊടുത്തപ്പോഴും സ്വന്തം ദേശത്തെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചിരുന്നു. ഇവിടെ ആ കരുണപോലും പ്രതീക്ഷിക്കേണ്ട എന്നു ചുരുക്കം.
രാജ്യം ഗുരുതരമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ഒരു പ്രാവിശ്യം നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാത്ത പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തില്‍ ദീര്‍ഘകാഴ്ചയുള്ള നേതൃത്വത്താല്‍ അത് സംരക്ഷിക്കപ്പെടണം. മണ്ണുമായും പ്രകൃതിയുമായും ഒരു ബന്ധവും ജന്മനാ ഇല്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയായി എന്ന അത്യന്തം അപകടകരമായ ഒരു അവസ്ഥയിലാണ് നമ്മുടെ രാജ്യം.
ജനങ്ങളുടെ സമരങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മനസ്സിനെ എത്രമാത്രം ഇളക്കാന്‍ സാധിക്കും എന്നത് അറിയില്ല. പണക്കാര്‍ക്കുവേണ്ടി പണക്കാരാല്‍ ഉണ്ടാക്കിയ ഒരു മന്ത്രിസഭയാണിതെന്ന് അധാനിയുടെ പ്രൈവറ്റ് ജറ്റില്‍ ഭരണം ഏല്ക്കാന്‍ ഇറങ്ങിയ മോദി രാജ്യത്തെ അറിയിച്ചിരുന്നു. കാത്തിരുന്നു കാണാന്‍ ഒന്നുമില്ല. തുറന്ന സമരഭൂമികളല്ലാതെ.
ഗ്ലോബലൈസേഷന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ എങ്ങനെ നിരാശ്രയരാക്കി എന്നത് നേരില്‍ കണ്ട ചില അനുഭവങ്ങളെപ്പറ്റി പറയാം.
അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഒക്കെ സഞ്ചരിക്കുമ്പോള്‍ എല്ലായിടത്തും നിന്നും കണ്ട ഒരു പ്രത്യേകത സാധാരണ കര്‍ഷകര്‍ എന്നൊരു വിഭാഗം അസ്തമിച്ചു. വലിയ ഫാമുകള്‍ മാത്രം നിലനില്ക്കുന്നു. ഗുജറാത്തില്‍തന്നെ അത്തരം പരീക്ഷണങ്ങള്‍ മാമ്പഴത്തില്‍ തുടങ്ങിവെച്ചിട്ടുണ്ട്. അമ്പാനി ഗ്രൂപ്പിന്‍റെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് നിന്നും ഏറ്റവും ഗുണമേന്മയുള്ള മാമ്പഴം ഉല്പാദിപ്പിക്കുന്നു. ഇതു ചൂണ്ടിക്കാണിക്കുന്നത് ഇന്‍ഡ്യന്‍ വിപണിയില്‍ ചെറുകിട മാമ്പഴക്കച്ചവടക്കാര്‍ക്കുള്ള പിടിച്ചുനില്പ്പുകള്‍ അസ്തമിക്കാന്‍ ഇനി അധികം നാളുകള്‍ വേണ്ടിവരില്ല എന്നാണ്. വൈകാതെ ഓരോന്നോരോന്നായ് വന്‍കിട കമ്പനികള്‍ അവരുടെ മാളുകളിലേക്കായ് നേരിട്ട് വാങ്ങും. അവര്‍ തന്നെ വിള നിശ്ചയിക്കും. അവര്‍ തന്നെ വിലയും.
അന്‍പത് വര്‍ഷം മുന്‍പ് യൂറോപിലെ ഗ്രാമഗ്രാമാന്തരങ്ങളിലുണ്ടായിരുന്ന പശുക്കളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. പശുവളര്‍ത്തുന്നുണ്ടെങ്കില്‍ത്തന്നെ അവിടെനിന്നും പാല് വാങ്ങി കഴിക്കുന്ന കാര്യം ചിന്തിക്കേണ്ട. ശുദ്ധീകരിക്കാത്ത പാല് കഴിക്കുന്നതിനു വിലക്കുണ്ട്. എന്നുവെച്ചാല്‍ കറവയുള്ള ഏതെങ്കിലും വീട്ടില്‍ നിന്നും പാല്‍ വാങ്ങിക്കഴിക്കുക എന്നത് അവിടെ ചിന്തനീയമല്ല. കുത്തകമുതലാളിമാരെ സംരക്ഷിക്കാനായി തുടങ്ങിയ ഒരു പരിപാടിയാണ് ശുദ്ധീകരിച്ച പാലെന്ന കളവ്. ചില സ്ഥലത്തെ പ്രായം ചെന്ന ഗ്രാമീണരോട് ചോദിക്കുമ്പോള്‍ കാലാന്തരത്തില്‍ ഇവര്‍ പണ്ട് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ഒക്കെ ഇല്ലാതായ കഥ പറഞ്ഞു.
വിദൂരദേശത്ത് ഒരു യുദ്ധം വന്നാല്‍ ഇന്ന് ഇന്ത്യയിലെ ഓഹരിവിപണികളും കച്ചവടങ്ങളും മാന്ദ്യത്തിലാകുന്നു. എന്നാല്‍ അത്തരം പ്രയാസങ്ങള്‍ പണ്ടു കാലത്തില്ലായിരുന്നു. പക്ഷെ ഗ്ലോബലൈസേഷന്‍ നമ്മളെയും അവിടെ അവസാനം കൊണ്ടുചെന്നെത്തിച്ചു. അത് കൊണ്ടുണ്ടാവുന്ന ദുരന്തങ്ങളെ ഭാരതംപോലൊരു രാജ്യത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. മോദിയുടെ വികസനമാതൃക തകര്‍ത്തെറിയുന്നത് ദരിദ്രരെ മാത്രമല്ല. ഭക്തസാമ്രാജ്യങ്ങളെക്കൂടിയാണ്. വികസനത്തിനായ് ആരാധനാലയങ്ങളെ ഇന്ന് പൊളിച്ചടുക്കുന്നുണ്ട്. ഒരുപക്ഷെ അതിബുദ്ധിശാലിയായ മോദിയല്ലാതെ മറ്റാരു ചെയ്താലും പരാജയപ്പെട്ടു പോയേക്കാമായിരുന്ന കാര്യങ്ങളാണ് ഗുജറാത്ത് മാതൃകയില്‍ നമുക്ക് കാണാന്‍ കഴിയുക. രാമന്‍ ജനിച്ചത് സരയൂ നദിയുടെ ഏത് കരയിലാണ് എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ട്. രാമായണത്തില്‍ പറഞ്ഞ പ്രകാരമുള്ള കരയിലല്ല ഇപ്പോഴുള്ള രാമജന്മഭൂമി. പക്ഷെ അതിനെക്കാള്‍ പഴക്കമുള്ളതും ഭാരതത്തിന്‍റെ എല്ലാ കോണിലും ഏറ്റവും അധികം ആരാധിക്കപ്പെടുന്നതുമായ ദേവന്‍ ശിവനാണ്. അയോദ്ധ്യയിലെ തര്‍ക്ക മന്ദിരത്തേക്കാള്‍ പഴക്കമുണ്ടായിരുന്ന പുരാണപ്രസിദ്ധമായ മാതംഗേശ്വരനും വൃദ്ധകലേശ്വരനും അടക്കം 23 ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ മോദി ഡാം പണിക്കായ് പിഴുത് മാറ്റി 100 കിലോമീറ്റര്‍ വരെ അകലെയ്ക്ക് കൊണ്ടുപോയി. അയ്യായിരത്തോളം ഗ്രാമക്ഷേത്രങ്ങള്‍ ഡാമില്‍ മുങ്ങിപ്പോയി. ഇനി ആലോചിച്ചുനോക്കു മറ്റേതെങ്കിലും സര്‍ക്കാരോ മറ്റേതെങ്കിലും നേതാക്കള്‍ക്കോ ഇത്ര ധൈര്യം കാണുമോ?
ഇതേ ന്യായംവെച്ച് വികസനത്തിനുവേണ്ടി മാറ്റിസ്ഥാപിക്കാവുന്നതാണ് ക്ഷേത്രമെങ്കില്‍ (പള്ളികള്‍ പണ്ടുമുതലെ വികസനത്തിനായ് മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ) അയോദ്ധ്യപ്രശ്നത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം മോദി കാണിച്ചത് തന്നെയാണ്. മുസ്ലീങ്ങള്‍ ബാബറി പള്ളി ഒരു പത്ത് കിലോമീറ്റര്‍ മാറ്റി സ്ഥാപിക്കട്ടെ. ഹിന്ദുക്കള്‍ രാമക്ഷേത്രം പുരാണത്തില്‍ പറയുംപോലെ സരയൂനദിയുടെ പഴയ കരയിലേക്ക് തിരിച്ച് കൊണ്ടുപോവട്ടെ. അതൊക്കെ കണ്ടുപിടിക്കാന്‍ വിഷമമൊന്നുമില്ല. നമ്മളിന്നു കാണുന്ന വൃന്ദാവന്‍ എന്ന ശ്രീകൃഷ്ണലീലകളാടിയ ഭൂമി കണ്ടുപിടിച്ചത് മറ്റാരുമല്ല ചൈതന്യ മഹാപ്രഭുവാണ്. ചൈതന്യമഹാപ്രഭുവിനോളം പഴക്കമേയുള്ളു മധുര വൃന്ദാവനത്തിലെ വൃന്ദാവനത്തിന്. അതുപോലെ രാമക്ഷേത്രവും മാറട്ടെ. അങ്ങനെ വരുമ്പോള്‍ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന വര്‍ഗ്ഗീയതയ്ക്ക് ഇരുകൂട്ടരും ചേര്‍ന്ന് ഉചിതമായ പരിഹാരം കണ്ടെന്നുമാവും. അപ്പോള്‍ മോദിയുടെ ആരാധനാലയം മാറ്റി സ്ഥാപിക്കല്‍ പരിപാടി ഇത്തരം സ്ഥലത്ത് കൂടുതല്‍ ഉപയോഗപ്രദമാകും എന്നത് നമ്മള്‍ കാണാതിരിന്നുകൂടാ. ഈ നീക്കത്തെ അഭിനന്ദിക്കാമെന്നുവെച്ചാല്‍ അതിനും പറ്റില്ല അതെന്തുകൊണ്ടെന്നു ചോദിച്ചാല്‍ അതാണ് യഥാര്‍ത്ഥ പ്രശ്നത്തിലേക്കുള്ള കാതല്‍. പരിസ്ഥിതി നാശം.
മോദിയുടെ വികസനമാതൃക അടിസ്ഥാന ജനങ്ങളുമായി യാതൊരു ബന്ധമുള്ളതല്ല. അത് കുത്തക മുതലാളിമാരുടെ വമ്പന്‍ പ്രോജക്ടുകള്‍ക്കായിട്ടുള്ളതാണെന്നാണ് പ്രധാന ആരോപണം. ഡാമിലെ ജലംകൊണ്ട് കൃഷി വളരും എന്നു പറയുമ്പോള്‍ ആദ്യകാര്യം ചിന്തിക്കേണ്ടത് ജനങ്ങളില്‍ എത്ര പേര്‍ക്ക് സ്വന്തമായ് ഭൂമിയുണ്ടെന്നാണ്. ജമീന്ദാര്‍മാര്‍ക്കും കുത്തക മുതലാളിമാര്‍ക്കും ഉള്ള നീണ്ട പാടശേഖരങ്ങളില്‍ ഈ രാജ്യത്തെ 60 ശതമാനത്തിനു മുകളില്‍ വരുന്ന പട്ടിണിപ്പാവങ്ങളുടെ വികസനത്തെ ഏതു തരത്തിലാണ് സഹായിക്കുന്നതെന്ന് പറയുന്നില്ല. മോദി ഗുജറാത്തില്‍ കെട്ടിപ്പൊക്കിയ ഡാമുകളൊക്കെ തന്നെ ജലസേചനവും ഗ്രാമങ്ങളിലെ കൃഷിവികസനത്തിനും വേണ്ടിയാണെന്നായിരുന്നല്ലോ പറച്ചില്‍. ഇത്രയൊക്കെ കഷ്ടപ്പെട്ട് വികസിപ്പിച്ചിട്ടും ഗ്രാമീണ വികസനത്തിലും കൃഷിവികസനത്തിലും ഗുജറാത്തിന്‍റെ സ്ഥാനം എത്രയാണെന്ന് ചിന്തനീയമാണ്. നര്‍മ്മദ ഡാമിന്‍റെ ഉയരം വര്‍ദ്ധിപ്പിക്കാനായുള്ള ആദ്യ തീരുമാനം തന്നെ ഭാരതത്തിന്‍റെ പ്രധാനമന്ത്രി പദത്തില്‍ കയറി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും നടത്തിയെടുത്തു. ആയിരക്കണക്കിനു ഏക്കര്‍ ഭൂമി ഒരു രൂപയ്ക്ക് നല്കി, ടാറ്റ അംബാനി തുടങ്ങിയവര്‍ ഒരു സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കി സ്വന്തം കീശ വര്‍ദ്ധിപ്പിക്കുന്നു. അതൊന്നും കൊണ്ട് ഗുജറാത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം മാറുന്നില്ല. അത് മോദിയുടെ അമ്മയെപ്പോലെ പഴയ ഒറ്റമുറി ദുരിതത്തില്‍ തുടരുകയാണ്.
നിലവിലെ പാശ്ചാത്യ മാതൃകയിലുള്ള വികസനം രാജ്യത്തെ വിരലിലെണ്ണാവുന്ന മനുഷ്യരുടെ കയ്യില്‍ രാജ്യത്തെ എണ്‍പത് ശതമാനം വരുന്ന ധനം എത്തിച്ചു. അത് തുടരാന്‍ പറ്റിയ ഒരാളായിട്ടാണ് മോദി എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്തായാലും അത് അത്ര നല്ലതിനാണെന്ന് നമുക്ക് ഒരിക്കലും വിചാരിക്കാന്‍ സാധിക്കില്ല. അടുത്ത കാലത്ത് പൗരസ്ത്യ പാശ്ചാത്യദേശങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ഭരണകൂടങ്ങളെ നേരിട്ടത് സ്വജന പക്ഷപാതവും അഴിമതിയും തൊഴിലില്ലായ്മയും ഒക്കെ കൂട്ടിച്ചേര്‍ന്ന് രാജ്യം അസ്ഥിരമായപ്പോഴാണ്. രാജ്യം എന്ന വിവക്ഷ അത് എല്ലാവിഭാഗം ജനങ്ങളെയും പ്രതിനിധാനം ചെയ്യുമ്പോഴാണ്. എല്ലാവര്‍ക്കും ധനമുണ്ടാവുമ്പോഴാണ് രാജ്യത്തിനു സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നു പറയേണ്ടത്. എന്നാല്‍ ഇപ്പോള്‍ കുത്തകമുതലാളിമാരും വമ്പന്‍പ്രസ്ഥാനങ്ങളും നേടിയ ശതകോടികളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സാമ്പത്തിക വളര്‍ച്ച. മോദിയും അതിനു വ്യത്യാസം വരുത്തുവാന്‍ ആഗ്രഹിക്കുന്നില്ല. പ്രകൃതി പരിസ്ഥിതിബോധം അശേഷമില്ലാത്ത ഒരു കൂട്ടം ആളുകള്‍ ഭരണത്തിലേറി ചെയ്യുന്ന കൊള്ളരുതായ്മകളെ വരുംകാല കുഞ്ഞുങ്ങളുടെ ജീവിതത്തിനു മേലുള്ള ആണിപ്പഴുതുകളായി കണ്ട് പ്രതിരോധിച്ചേ മതിയാവൂ.