ഒരു വസ്തുവോ ജന്തുവോ മനുഷ്യനോ ഭൂപ്രദേശമോ ആശയമോ ഒരു സമൂഹത്തിന്‍റെ പൊതുബോധത്തില്‍ നിഗൂഢമായൊരു മാസ്മരികത നേടുകയും അത് അവരുടെ വിചാരരീതികളെയും മൂല്യബോധത്തെയും ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തെന്നുവരാം. അതിനെയാണു നാം മിത്തെന്നു വിളിക്കുന്നത്. ചരിത്രത്തിലെ ഓരോ സുനാമിയും അതിന്‍റേതായ മിത്തുകള്‍ക്കു ജന്മംകൊടുക്കുന്നു. ഗുജറാത്ത് കൂട്ടക്കുരുതിയില്‍ പിറന്ന രാക്ഷസസമാനമായൊരു മിത്തായിരുന്നു നരേന്ദ്രമോദി. ഇന്ന് അത് സെമറ്റിക് പുരാവൃത്തത്തിലെ രക്ഷകസമാനമായ മറ്റൊരു മിത്തായി പരിണമിച്ചിരിക്കുന്നു. ഈ പരിണാമത്തെയും അതിന്‍റെ പരിണതിയെയും കുറിച്ച് ചില അനുമാനങ്ങളാണ്, നിഗമനങ്ങളല്ല, ഇവിടെ പകര്‍ത്തുന്നത്.
ചരിത്രപശ്ചാത്തലം
ഒരു സമൂഹത്തിന്‍റെ ചരിത്രസ്മൃതികളില്‍നിന്നും പുരാണങ്ങളില്‍നിന്നും കാലപ്രവാഹത്തില്‍ ഉരുണ്ടുകൂടുന്നവയാണ് പ്രാക്തനമിത്തുകള്‍. ചരിത്രപരമായ കാരണങ്ങളാല്‍ ആഗോളസ്വാധീനമാര്‍ജിച്ച രണ്ടു സെമറ്റിക് മിത്തുകളാണ് 'വാഗ്ദത്തഭൂമി'യും 'ലോകരക്ഷക'നും. ക്രൈസ്തവവ്യവഹാരങ്ങളില്‍ വാഗ്ദത്തഭൂമി 'ദൈവരാജ്യ'മായി പരിണമിച്ചു, ക്രിസ്തുമതം അതിന്‍റെ പ്രതീകമായി ദൃശ്യരൂപം പ്രാപിച്ചു. പാശ്ചാത്യവിദ്യാഭ്യാസവും മിഷനറിമാരുംചേര്‍ന്നു പ്രചരിപ്പിച്ച യൂറോകേന്ദ്രിതലോകവീക്ഷണം വികസിതപാശ്ചാത്യലോകത്തെ ദൈവരാജ്യത്തിന്‍റെ പുതിയൊരു പ്രതീകമാക്കി. അതിന്‍റെ വര്‍ത്തമാന രൂപമാണ് സര്‍വശക്തനായ ലോകകമ്പോളം വാണരുളുന്ന പാശ്ചാത്യദൈവരാജ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പുതിയ മിത്തുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ നാസിജര്‍മ്മനി തെളിയിച്ചു. മനുഷ്യരാശിയെ ദൈവരാജ്യത്തിലേക്കു നയിക്കുന്ന രക്ഷകസ്ഥാനം 'നോര്‍ദിക് വംശ'ത്തിനാണെന്നു സ്ഥാപിക്കപ്പെട്ടു. അതിന്‍റെ ദൈവദത്തമായ നായകസ്ഥാനം ഹിറ്റ്ലറില്‍ നിക്ഷിപ്തമായി. ദൈവത്തിന്‍റെ കൈയൊപ്പുണ്ടെന്നവകാശപ്പെടുന്ന എല്ലാ അധികാരസ്ഥാനങ്ങളുടെയും ദുരന്തപരിണാമത്തിന് അതു ദൃഷ്ടാന്തമാവുകയും ചെയ്തു.
ദൈവരാജ്യസങ്കല്‍പത്തിനു ഭാരതീയവിചാരധാരയെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞു. നമ്മുടെ സവര്‍ണപുരാവൃത്തങ്ങളില്‍നിന്നു രൂപംകൊണ്ട 'രാമരാജ്യം' എന്ന പ്രാക്തനമിത്തിന്‍റെ പ്രധാന പരിമിതി അതുണര്‍ത്തുന്ന 'പിന്‍തിരിപ്പന്‍' കാലബോധമാണ്. കഴിഞ്ഞുപോയ രാമരാജ്യമിത്തിനു വരാനിരിക്കുന്ന ദൈവരാജ്യം പോലെ മുന്നോട്ടൊരു ദിശാമാറ്റം വരുത്താനാണ് ഹൈന്ദവനവോത്ഥാനനായകര്‍ പൊതുവേ ശ്രമിച്ചത്. ഈ പുതിയ രാമരാജ്യത്തിലേക്കു നയിക്കുന്ന രക്ഷകനായി രാമായണത്തിലെ രാമന്‍ ഉയര്‍ത്തപ്പെട്ടു. അയോധ്യ, ബേദ്ലഹേംപോലെ, രക്ഷകന്‍റെ ജന്മഭൂമിയായി. രാമനെ ഏകദൈവപീഠത്തിലിരുത്തി ക്രിസ്തുമതംപോലെ ഹിന്ദുമതത്തെയും സുഘടിതമാക്കുകയും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുകയുമാണിന്നു ഹിന്ദുത്വവാദികളുടെ ഉന്നം എന്നു ഫാദര്‍ കാപ്പന്‍ നിരീക്ഷിക്കുന്നു (Spirituality in the New Age of Recolonisation, Jesus and Culture, Chapter 13).
അതിനായി, നാസിപാര്‍ട്ടിയുടെ ചുവടുപിടിച്ച്, രാമരാജ്യത്തെ ഒരു രാഷ്ട്രീയമിത്തായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്.
മോദിമിത്ത്
ഗുജറാത്ത് കലാപം ഹിന്ദുത്വവാദത്തിന്‍റെ തനിനിറം വെളിപ്പെടുത്തി. 'അരുത്' എന്ന ഒറ്റവാക്കുകൊണ്ടുപോലും 2000 പേരുടെ കൂട്ടക്കുരുതി തടയാന്‍ ശ്രമിക്കാതിരുന്ന മുഖ്യമന്ത്രി മോദി അതിവേഗം ജനമനസുകളില്‍ 'രാക്ഷസന്‍' എന്ന പ്രാക്തനമിത്തിന്‍റെ പ്രതീകമായിമാറി. വീണ്ടും അധികാരത്തിലെത്തിയ മോദി മേല്‍സൂചിത പാശ്ചാത്യദൈവരാജ്യമിത്തിനെ കൂട്ടുപിടിച്ചാണു മുന്നോട്ടു നീങ്ങിയത്. ആഗോളമൂലധനശക്തികളുടെ സഹായത്തോടെ വ്യാവസായികവളര്‍ച്ച സാധ്യമാക്കി. അങ്ങനെ ഗുജറാത്തിനെ കമ്പോളഭക്തരുടെ പൂജാവിഗ്രഹമായ 'വികസന'ത്തിന്‍റെ ദൃശ്യരൂപമാക്കാനും അതിലൂടെ തന്‍റെ പ്രതിച്ഛായ ഒട്ടൊക്കെ വീണ്ടെടുക്കാനും മോദിക്കു കഴിഞ്ഞു. കടുത്ത മോദിഭക്തരുടെ മനസ്സിലെങ്കിലും അദ്ദേഹം അകാരണമായി പീഡനങ്ങള്‍ സഹിച്ച് പ്രതിച്ഛായാമരണത്തെ അതിജീവിച്ച രക്ഷകനായിമാറി.
വികസനമാന്ത്രികനെന്ന പുതിയ പ്രതിച്ഛായയുമായി പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിത്വത്തിലേക്കും പ്രധാനമന്ത്രിസ്ഥാനത്തേക്കുമുള്ള മോദിയുടെ ആസൂത്രിതമായ പടയോട്ടത്തില്‍ മിത്തുകള്‍ വലിയ പങ്കാണു വഹിച്ചത്. വലിയ പ്രചാരണതന്ത്രങ്ങളിലൂടെ സംഘപരിവാറിന്‍റെ പൊതുബോധത്തില്‍ അയോധ്യക്കു പകരം ഗുജറാത്ത് രാമരാജ്യത്തിന്‍റെ പ്രതീകമായി പ്രതിഷ്ഠിക്കപ്പെട്ടു. ഒരു പരസ്യത്തില്‍ 'വികസനമാജിക്' കാണാന്‍ അമിതാബ് ബച്ചന്‍ നമ്മെയെല്ലാം ഗുജറത്തിലേക്കു ക്ഷണിച്ചു.
ഗുജറാത്ത്മോഡലില്‍ അണിഞ്ഞൊരുങ്ങുന്ന ഇന്ത്യയിലേക്കു നമ്മെ നയിക്കുന്ന രക്ഷകനും ശ്രീരാമന്‍റെ പുതിയ രൂപവുമായി മോദി പ്രത്യക്ഷപ്പെട്ടു. താമര തുന്നിപ്പിടിപ്പിച്ച കോട്ട് നെഹൃവിന്‍റെ റോസാപ്പൂ തിരുകിയ കോട്ടിനെയും ആ ജനാധിപത്യ-സോഷ്യലിസ്റ്റ് നേതൃബിംബത്തെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ഇതു തന്‍റെ ഹിന്ദുത്വചേരിയെ പിണക്കാതിരിക്കാന്‍ തരംപോലെ വസ്ത്രഭാഷയിലൂടെ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.
അവര്‍ണനായ മോദിയുടെ ഈ മെറ്റമോര്‍ഫോസിസ് അംഗീകരിക്കാന്‍ സവര്‍ണമനസുകള്‍ക്കാവില്ലായിരുന്നു. അവരാണ് മോദിക്കെതിരെ അഡ്വാനിയുടെ പിന്നില്‍ അണിനിരന്നത്. അതിനെ കൗണ്ടര്‍ ചെയ്യാന്‍ സവര്‍ണമന്ത്രോച്ചാരണങ്ങളിലെ 'നമോ' എന്ന പവിത്രശബ്ദത്തെ പ്രചാരകര്‍ നരേന്ദ്രമോദിയുടെ സൂചകമാക്കി പ്രചരിപ്പിച്ചു. 21-ാം നൂറ്റാണ്ടില്‍ ഒരു രക്ഷകന്‍ വരുമെന്നു വിവേകാനന്ദന്‍ പറഞ്ഞതായും പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെ രാമരാജ്യത്തിലെ രാമന്‍റെയും ദൈവരാജ്യത്തിലെ രക്ഷകന്‍റെയും ഒരു കൂട്ടുലോഹവിഗ്രഹമായി മോദി രൂപാന്തരപ്പെട്ടു. ഇലക്ഷന്‍നാളുകളില്‍ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ എന്തുചെയ്തിട്ടുണ്ട് എന്നതിനെക്കാള്‍ മോദി ഗുജറാത്തില്‍ എന്തു ചെയ്തു എന്നതിനു പ്രാമുഖ്യം കിട്ടി. തിരഞ്ഞെടുപ്പുപ്രവര്‍ത്തകര്‍ വീടുകയറി സ്ത്രീകളോടു പറഞ്ഞത് ഗുജറാത്തില്‍ കഴുത്തുനിറയെ ആഭരണവുമിട്ട് രാത്രികാലങ്ങളില്‍ പേടികൂടാതെ ഇറങ്ങിനടക്കുന്ന സ്ത്രീകളെയും സ്ത്രീകണ്ടക്ടര്‍മാരുള്ള ബസുകളില്‍ സുരക്ഷിതമായി യാത്രചെയ്യുന്ന സ്ത്രീയാത്രക്കാരെയും കുറിച്ചുള്ള കഥകളായിരുന്നു.
2004-ലെ ബിജെപിയുടെ മുദ്രാവാക്യം 'ഇന്ത്യതിളങ്ങുന്നു' എന്നായിരുന്നല്ലോ. അതു നമ്മുടെ അനുഭവവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. എന്നാല്‍ 'തിളങ്ങുന്ന ഗുജറാത്ത്' എന്ന മിത്തിനു, പില്‍ക്കാലത്ത് അവിടത്തെ സി. എ. ജി. റിപ്പോര്‍ട്ടു വരുന്നതുവരെയെങ്കിലും, ജനഹൃദയങ്ങളില്‍ സ്ഥാനംപിടിക്കാന്‍ കഴിഞ്ഞു. മോദി വന്നാല്‍ നാളെ ഇന്ത്യയും ഇനി തിളങ്ങും എന്ന വിചാരം അവരിലുണ്ടായി.
ഇതിനിടെ ഒരു ചീങ്കണ്ണിക്കുഞ്ഞിനെ തള്ളയുടെ അടുക്കലെത്തിച്ചു രക്ഷിച്ച ബാലമോദിയെയും ചായവിറ്റുനടന്ന കുമാരമോദിയെയും ലഘുഭക്ഷണംമത്രം കഴിച്ച്, വളരെക്കുറച്ചുമാത്രം ഉറങ്ങി, യോഗയിലും ധ്യാനത്തിലും മുഴുകി, ഋഷിതുല്യനായി ജീവിക്കുന്ന അതിമാനുഷനായ മോദിയെ കുറിച്ചുമുള്ള കഥകള്‍ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എതിരാളികളുടെ പദപ്രയോഗങ്ങളില്‍നിന്നുപോലും മിത്തുനിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്താന്‍ മോദിക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. വെള്ളക്കുതിരപ്പുറത്തു വരുന്ന രക്ഷകനുവേണ്ടി കാത്തിരിക്കരുതെന്നൊരു മുന്നറിയിപ്പ് രാഹുല്‍ ജനങ്ങള്‍ക്കു നല്‍കി. മാസങ്ങള്‍ക്കകം മോദി വെള്ളക്കുതിരപ്പുറത്തു ഹിമാലയത്തിലെ ഒരു പുണ്യസ്ഥലത്തേക്കു യാത്രചെയ്തു, താന്‍തന്നെയാണ് രാഹുലിന്‍റെ കഥയിലെ നായകനെന്നു തെളിയിച്ചു. അമ്മയും മോനും ഭരിക്കുന്ന ജീര്‍ണസാമ്രാജ്യം തകര്‍ക്കാനിറങ്ങിയ ചായവില്‍പനക്കാരന്‍ പയ്യനെന്നു മോദി വാഴ്ത്തപ്പെട്ടു.
ഇന്ത്യന്‍ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ-പിന്നോക്കവിഭാഗങ്ങളെ കൈയിലെടുക്കുക എന്നത് സവര്‍ണസാന്ദ്രതയുള്ള സംഘപരിവാറിന് എന്നുമൊരു വെല്ലുവിളിയായിരുന്നു. ഇതേറ്റെടുക്കാനുതകുന്ന പല ഘടകങ്ങളും മോദിമിത്തിനുണ്ടായിരുന്നു. അരുന്ധതി റോയി ഗാന്ധിയെയും മോദിയെയും താരതമ്യപ്പെടുത്തി നടത്തിയ പരാമര്‍ശം(അസ്സീസി, ഓഗസ്റ്റ് 2014) ഇതിലേക്കു വെളിച്ചം വീശുന്നു. ഗാന്ധിയുടെ എന്‍റെ മാതൃകാ തോട്ടിപ്പണിക്കാരന്‍(മൈ ഐഡിയല്‍ ഭാംഗി), മോദിയുടെ എന്നെ തോട്ടിപ്പണിക്കാരനെന്നു വിളിക്കൂ (കാള്‍ മി ഭാംഗി) എന്നീ കൃതികളാണവര്‍ ചേര്‍ത്തുവായിക്കുന്നത്. ഇരുവരും തോട്ടിപ്പണിയുടെ മഹത്വത്തെ പുകഴ്ത്തുന്നു. അതു ദേവന്മാരുടെ ദാനമാണെന്നുവരെ പറഞ്ഞുവയ്ക്കുന്നു മോദി.
ശൂദ്ര-അവര്‍ണവിഭാഗങ്ങളെല്ലാം ജാതി-വര്‍ണവ്യവസ്ഥയുടെ അഭിന്നാംശങ്ങളാണെന്നും, അതിനാലവര്‍ ജാതിധര്‍മ്മമനുസരിച്ചുമാത്രം ജീവിക്കാന്‍ കടപ്പെട്ടവരാണെന്നും, അതിന്‍റെപേരില്‍ അവരെ ചവിട്ടിത്താഴ്ത്തുകയല്ല അവരുടെ സംരക്ഷണവും ഉദ്ധാരണവും ഏറ്റെടുക്കുകയാണു സവര്‍ണമേലാളര്‍ ചെയ്യേണ്ടതെന്നുമുള്ള ചിന്താഗതിയെ ഗാന്ധിയന്‍സവര്‍ണവാദമെന്നു വിളിക്കാം. ദളിത് ചിന്തകരാല്‍ ഏറെ വിമര്‍ശിക്കപ്പടുന്നെങ്കിലും ഇന്നും പ്രത്യയശാസ്ത്രമേല്‍ക്കൈ നിലനിര്‍ത്തുന്ന ഒന്നാണത്. ഗാന്ധി നമ്മുടെ പൊതുബോധത്തിലെ ശക്തമായൊരു മിത്താണ്. അതുമായുള്ള പൊരുത്തസൂചനയും മോദിയെ ദളിതരക്ഷകനായി അവതരിപ്പിക്കുന്നതിനും അധികാരപ്രാപ്തിയിലേക്കു നയിക്കുന്നതിനും സഹായകമായി.
വിജയാനന്തരം
സംഘപരിവാരത്തിലെ നല്ലൊരു ഭാഗത്തിന്‍റെയും ഹൃദയക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ അയോധ്യ എന്ന രാമജന്മഭൂമിയും അതു പ്രതീകവല്‍ക്കരിക്കുന്ന പ്രാക്തനരാമരാജ്യവുമാണ്. മറ്റൊരു വിഭാഗത്തിന് അത് ഗുജറാത്തും അതു പ്രതീകവല്‍ക്കരിക്കുന്ന പാശ്ചാത്യദൈവരാജ്യവുമാണ്. ഇവ തമ്മിലിണക്കുന്ന അധികാരക്കയറിന്മേലൂള്ള ഞാണിന്മേല്‍ക്കളിയാണ് ഇന്നു മോദി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷാവസാനം മോദിയുടെ ഗുജറാത്ത് ഭരണത്തെ വിലയിരുത്തി പുറത്തുവന്ന സി. എ. ജി. റിപ്പോര്‍ട്ട് ഗുജറാത്ത് മോഡല്‍ എത്രമാത്രം കപടവും ജനവിരുദ്ധവുമായിരുന്നെന്നു വ്യക്തമാക്കിക്കഴിഞ്ഞു. അതിലെ വിവരങ്ങള്‍ ഫലപ്രദമായി സാധാരണക്കാരിലെത്തിക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രതിപക്ഷം നമുക്കില്ലാതെപോയി. എന്നാല്‍ സംഘപരിവാറിനകത്തുതന്നെ മോദിക്കൊരു പ്രതിപക്ഷമുണ്ട്. അവര്‍ പ്രത്യക്ഷമായി മോദിയെ എതിര്‍ക്കുകയല്ല, ഗുജറാത്തിനു ബദലായി അയോദ്ധ്യയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്. അപ്പോഴെല്ലാം ശക്തമായി ഉയരുന്ന പ്രതിഷേധങ്ങളുടെ വേളയില്‍ മോദി സ്വീകരിക്കുന്ന മൗനം വളരെ വാചാലമാണ്. ഇരുകൂട്ടര്‍ക്കും സമാധാനിക്കാമല്ലോ മൗനം സമ്മതലക്ഷണം എന്ന്. തീവ്രഹിന്ദുത്വവാദികളുടെ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുമ്പോള്‍ അദ്ദേഹം മൗനം വെടിയുകയും ന്യൂനപക്ഷസംരക്ഷകന്‍റെ പരിവേഷം നേടുകയും ചെയ്യുന്നു.
തന്‍റെ ജീവചരിത്രകാരനായ മുഖോപാധ്യായയുടെ ചോദ്യത്തിനു മറുപടിയായി മോദി തന്‍റെ നേതൃപാടവത്തെക്കുറിച്ചു പറഞ്ഞതിങ്ങനെയാണ്: "അതു ദൈവദത്തമായ കഴിവാണെന്നു ഞാന്‍ കരുതുന്നു. എനിക്കീ ആശയങ്ങളൊക്കെ കിട്ടുന്നതെവിടെനിന്നാണെന്ന് ഞാന്‍തന്നെ അത്ഭുതപ്പെടാറുണ്ട്." അദ്ദേഹത്തിന്‍റെ ഈ ഞാണിന്മേല്‍കളി നമ്മെ വിനാശത്തിലേക്കു നയിക്കാതിരിക്കാന്‍ ആ ദൈവംതന്നെ മനസുവയ്ക്കാതെ മാര്‍ഗ്ഗമില്ലെന്നു തോന്നുന്നു.