news-details
ധ്യാനം

ദൈവവുമായി മല്‍പ്പിടുത്തം

ഉല്‍പ്പത്തി പുസ്തകം 32-ാമദ്ധ്യായത്തില്‍ ദൈവത്തിന്‍റെ ദൂതനുമായി യാക്കോബ് നടത്തുന്ന മല്‍പ്പിടുത്തം നാം കാണുന്നുണ്ട്. മല്‍പ്പിടുത്തം നടത്തിയത് ഒരു രാത്രിയിലായിരുന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ പ്രഭാതമായി. ദൈവവുമായുള്ള ബന്ധത്തിന്‍റെ പ്രത്യേക തലത്തെയാണിതു സൂചിപ്പിക്കുന്നത്. ദൈവാനുഭവം തേടിയുള്ള മനുഷ്യന്‍റെ യാത്ര ഒരു മല്‍പ്പിടുത്തം തന്നെയാണ്. ഒരു ഇരുണ്ട അനുഭവത്തിലൂടെ കടന്നുപോകലാണത്. അവസാനം ഒരു പുലരിവെളിച്ചത്തിന്‍റെ തിളക്കം അവന്‍ അനുഭവിക്കും. ഈ ദൈവാനുഭവത്തിന്‍റെ വഴിയില്‍ യാക്കോബിന്‍റെ ഇടുപ്പെല്ലുകള്‍ തെറ്റുകയും അവന്‍ ഞൊണ്ടിനടക്കുകയും ചെയ്യുന്നു. ഒരു 'ചതവ്' ഒരു 'ഉളുക്ക്' ദൈവാന്വേഷകന്‍റെ ജീവിതത്തില്‍ സംഭവിക്കും. ഏതെങ്കിലും ഒരു മുറിവിന്‍റെ അനുഭവത്തിലൂടെ അവനു കടന്നുപോകേണ്ടി വരും. ഇതൊരു രഹസ്യമാണ്. ആരെല്ലാം ദൈവത്തോടു കൂടുതല്‍ അടുത്തോ അവരെല്ലാം മുറിവിന്‍റെ അനുഭവത്തിലൂടെ  കടന്നുപോകണം. ശാരീരികമോ, മാനസികമോ ആയ ഒരു മുറിവാകാം ഇത്. മോശ ദൈവാന്വേഷണത്തിലൂടെ കടന്നുപോയപ്പോള്‍ കുടുംബത്തില്‍നിന്നും ജനത്തില്‍നിന്നും മാനസിക മുറിവുകള്‍ ഏറ്റുവാങ്ങി. വിശുദ്ധനായ പൗലോസ് 2കൊറി. 12-ാമദ്ധ്യായത്തില്‍ 6 മുതലുളള വാക്യങ്ങളില്‍ ഇങ്ങനെ പറയുന്നു: "വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അഹങ്കരിക്കാതിരിക്കേണ്ടതിന് എനിക്കൊരു മുള്ളുതന്നു." ഒരു മുള്ളിന്‍റെ കുത്തലിന്‍റെ വേദന ദൈവാന്വേഷകര്‍ക്കു ലഭിച്ചുകൊണ്ടിരിക്കും. ഇതിന് ബുദ്ധികൊണ്ടും യുക്തികൊണ്ടും വ്യാഖ്യാനമില്ല. വിശ്വാസപൂര്‍വ്വം രണ്ടുകൈയും നീട്ടി സ്വീകരിക്കണം. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, യേശുവിനോട് ഏറ്റവും അടുത്തപ്പോള്‍ സ്വന്തം ശരീരത്തില്‍ പഞ്ചക്ഷതങ്ങള്‍ ഏറ്റുമേടിച്ചു. വിശുദ്ധ പാദ്രേപിയോ പ്രാര്‍ത്ഥനയില്‍ വളര്‍ന്നപ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവുകള്‍ സ്വീകരിച്ചു. അതുകൊണ്ടാണ് വിശുദ്ധ അമ്മത്രേസ്യാ വിശുദ്ധ കുര്‍ബാനയക്ക് ഒരുക്കുമ്പോള്‍ കുരിശുരൂപത്തെ നോക്കി ഇപ്രകാരം പറയുന്നത്: "ആരെല്ലാം നിന്നോട് കൂടുതല്‍ അടുക്കുന്നുവോ അവര്‍ക്കെല്ലാം നീ കുരിശുകൊടുക്കും."

പൂര്‍വ്വപിതാവായ യാക്കോബ് മുടന്തനായി നടന്നുനീങ്ങുമ്പോള്‍ അവനൊരു സ്വരം കേട്ടു: "ഇന്നുമുതല്‍ നീ ഇസ്രായേലായിരിക്കും. നീ അനുഗൃഹീതനായിരിക്കും." കര്‍ത്താവില്‍നിന്ന് ഒരു മുറിവ് സ്വീകരിക്കുന്നവന് ദൈവം നല്കുന്ന സമ്മാനമാണ് 'അനുഗ്രഹം.' അവന്‍റെ സഹനത്തോട് ചേര്‍ന്നുനില്ക്കുന്നവര്‍ക്കെല്ലാം അവന്‍ അനുഗ്രഹം നല്കും. അന്യായമായ വിമര്‍ശനങ്ങള്‍ ഏറ്റുമേടിക്കുമ്പോള്‍, അകാരണമായി വിമര്‍ശിക്കപ്പെടുമ്പോള്‍, മറ്റുള്ളവരാല്‍ തിരസ്കൃതരാകുമ്പോള്‍ നാം നിരാശപ്പെടരുത്. ഒരനുഗ്രഹം നമുക്കായി കാത്തിരിപ്പുണ്ട്. പ്രാര്‍ത്ഥിക്കുന്ന ഏതൊരു വ്യക്തിക്കും ദൈവം നല്കുന്ന സമ്മാനമാണ് അനുഗ്രഹം.

അനുഗ്രഹമെന്ന സമ്മാനവുമായി യാക്കോബ് മുന്നോട്ടുനീങ്ങുമ്പോള്‍ സഹോദരന്‍ ഏശാവ്വിനെ കണ്ടുമുട്ടുന്നു. നാളുകളായി ബദ്ധവൈരികളായിരുന്ന അവര്‍ തമ്മില്‍ അനുരഞ്ജനപ്പെടുന്നു. ദൈവത്തില്‍നിന്നു മുറിവും അനുഗ്രഹവും ഏറ്റുമേടിക്കുന്നവര്‍ അനുരഞ്ജനത്തിലേയ്ക്കു നീങ്ങുന്നു. ആത്മാര്‍ത്ഥമായി ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കും അവനെ കണ്ടെത്തിയവര്‍ക്കും ക്ഷമിക്കുവാനും ക്ഷമ കൊടുക്കുവാനും കഴിയും. കര്‍ത്താവിനെ കണ്ടെത്തിയവര്‍ക്കു ക്ഷമിക്കാതിരിക്കാനാവില്ല. യേശുവിനെ ശത്രുവായി കണ്ടവരുണ്ട്. പക്ഷേ യേശുവിന് ശത്രുക്കളില്ല. ശത്രുക്കള്‍ യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ യേശു ശത്രുതയെ കുരിശില്‍ വധിച്ചു. പ്രാര്‍ത്ഥന വഴി ലഭിക്കുന്ന വലിയ കൃപയാണ് ക്ഷമിക്കുവാനുള്ള മനസ്സ്.

ഈ ഭൂമിയില്‍ നമ്മളെല്ലാം തീര്‍ത്ഥാടകരാണ്. യുഗാന്ത്യോന്മുഖമായ ഈ തീര്‍ത്ഥയാത്രയില്‍ കര്‍ത്താവിനെ കണ്ടെത്തുവാനുള്ള ഓട്ടത്തിലാണല്ലോ നമ്മള്‍. ദൈവം അനുവദിക്കുന്ന ഏതു കയ്പ്പേറിയ അനുഭവത്തെയും പരിഭവം കൂടാതെ നമുക്കു സ്വീകരിക്കാം. അതിന്‍റെ പിന്നില്‍ മറഞ്ഞിരിക്കുന്ന ദൈവാനുഗ്രഹത്തെ കാത്തിരിക്കാം. ഇതുവഴി ലഭിക്കുന്ന ക്ഷമിക്കുവാനുള്ള കൃപയെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം.   

You can share this post!

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts