news-details
കഥപറയുന്ന അഭ്രപാളി

പുതിയ സിനിമകളിലെ ശ്ലീലാശ്ലീലങ്ങള്‍

ജനപ്രിയസിനിമകള്‍ എന്നും ഒരു എന്‍റര്‍ ടൈയ്ന്‍മെന്‍റ് എന്നതിനപ്പുറം കാര്യമായ ദ്രോഹങ്ങളൊന്നും കാഴ്ചക്കാര്‍ക്ക് വരുത്തിവയ്ക്കാറില്ല. എന്നാല്‍ ഇപ്പോള്‍ മിഥുനത്തിലെ മഴപോലെ തകര്‍ത്ത് ആഘോഷിക്കുന്ന 'പ്രേമം'അതില്‍തന്നെ പറയുന്നതുപോലെ ഒരു തകിടംമറിച്ചില്‍ കാഴ്ച്ചക്കാരില്‍ ഉണ്ടാക്കുന്നു. പൈങ്കിളിസാഹിത്യംപോലെ നിരുപദ്രവകരമല്ല അത്. കൗമാരത്തില്‍നിന്ന് യൗവ്വനത്തിലേക്ക് കടക്കുന്ന യുവത്വമാണ് ഈ സിനിമയെ നെഞ്ചിലേറ്റി നടക്കുന്നത്. മൂന്നും നാലും തവണയാണ് അവര്‍ പ്രേമം തിയേറ്ററില്‍പോയി കാണുന്നത്. അതിലെ ഗാനങ്ങള്‍ എത്രയോ പ്രാവശ്യമാണ് യൂട്യൂബില്‍ ദിവസവും കാണുന്നത്. എന്തൊരു ഹരമാണ് ആ സിനിമയെക്കുറിച്ചു പറയാന്‍. ഇത്രയൊക്കെയായപ്പോള്‍ അത് കാണാതിരിക്കുന്നതെങ്ങനെ?പക്ഷേ ടിക്കറ്റ് കിട്ടാനില്ല. ഞാന്‍ ചില സുഹൃത്തുക്കളോട് ചോദിച്ചു, ഈ സിനിമ കണ്ടോ? അവരൊക്കെ ഒരേ വികാരത്തോടെ പറഞ്ഞു, 'ബോറ്' 'ഞങ്ങള്‍ തീയേറ്ററില്‍ ഇരുന്ന് ഉറങ്ങിപ്പോയി.' അവരില്‍ ചിലര്‍ സിനിമ കണ്ടത് കൗമാരക്കാരും, യൗവനത്തിലേക്ക് കടന്നവരുമായ മക്കളോടൊപ്പമാണ്. അവര്‍ അമ്മമാരോട് പറഞ്ഞത്രെ, അമ്മ ഈ സിനിമ മോശമാണെന്ന് ആരോടും പറയല്ലേ; കേള്‍ക്കുന്നവര്‍ കളിയാക്കും. അമ്മയുടെ വിവരമില്ലായ്മ മറ്റുള്ളവരെ അറിയിക്കണ്ട. അങ്ങനെയിരിക്കെ എനിക്കും ടിക്കറ്റു കിട്ടി. മക്കളോടൊപ്പം സിനിമ കാണാന്‍പോയി. അവരും പറഞ്ഞു, "അമ്മ വരണ്ട, അമ്മയ്ക്കു ബോറടിക്കും. ഒന്നുമല്ലെങ്കിലും പേരു 'പ്രേമം' എന്നല്ലേ, പ്രേമം എങ്ങനെ ബോറടിക്കാന്‍? സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തിയേറ്ററിലെ പ്രേക്ഷകര്‍ക്കൊപ്പം അങ്ങ് ചിരിക്കുകയും ആസ്വദിക്കുകയുമൊക്കെ ചെയ്തു. അതിനിടയിലും അത്രയ്ക്ക് ബാലിശമാകണോ എന്നൊക്കെ തോന്നി. എന്നാല്‍ സീന്‍ കോണ്‍ട്രായാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു നേരംപോക്കുപോലെ അതുവരെ കണ്ടിരുന്ന പ്രേമം അത്ര നേരംപോക്കല്ല എന്നതാണ് 'സീന്‍ കോണ്‍ട്ര' പറയുന്നത്. ഇതാണ് ഞങ്ങള്‍ പുതിയ തലമുറ ആഗ്രഹിക്കുന്ന ജീവിതം. അത് ഇതിനുമുന്‍പുള്ളതിനെ തകിടംമറിക്കലാണ് എന്നവര്‍ തുറന്നുപറയുന്നു. (ഈ തന്തമാര്‍ ഞങ്ങളുടേതല്ല എന്നു പറഞ്ഞുകൊണ്ടാണ് ഇന്നത്തെ ആധുനിക സമൂഹം കടന്നുവന്നത്.) പ്രണയമാണെങ്കിലും ജീവിതമാണെങ്കിലും അമ്മയെക്കൊണ്ട് അവര്‍ക്കുള്ള ആവശ്യം നല്ല മീന്‍കറി ഉണ്ടാക്കലാണ്, അല്ലെങ്കില്‍ രോഗാവസ്ഥയില്‍ അടുത്തിരുന്ന് ശുശ്രൂഷിക്കാനുള്ള ഒരാളാണ്. അപ്പനാണെങ്കില്‍ തോളില്‍ കയ്യിട്ടു നടക്കുന്ന ഒരു കൂട്ടുകാരനാകണം. സിനിമയില്‍ അമ്മ ഒരു ശബ്ദം മാത്രമാണ്, "ഏതു മീനാണ് വാങ്ങേണ്ടതെന്നു" ചോദിക്കുന്ന ശബ്ദം. ക്ലാസില്‍ മദ്യപിച്ചെത്തുന്ന മകനെ കുറ്റപ്പെടുത്തുന്ന പ്രിന്‍സിപ്പാലിനോട് അപ്പന്‍ പറയുന്ന ഡയലോഗ് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നു. (ഞങ്ങളൊക്ക മദ്യപിക്കുന്നവരാണ്. എന്നുവെച്ച് ആരോടും വഴക്കുണ്ടാക്കാന്‍ പോകാറില്ല. ടാ, നിനക്ക് വേണമെങ്കില്‍ വീട്ടിലിരുന്ന് കുടിച്ചൂടേ എന്നാണ്. പ്രിന്‍സിപ്പാളിന്‍റെ റൂമില്‍നിന്ന് പുറത്തിറങ്ങുന്ന അപ്പനോട് മകന്‍ പറയുന്നത് 'കലക്കി' എന്നാണ്.) ഇങ്ങനെയുള്ള അപ്പനെയും അമ്മയെയുമാണ് അവര്‍ക്കു വേണ്ടത്. പ്രേമിക്കലല്ലാതെ പ്രേമനൈരാശ്യം കൊണ്ട് നിരാശരായി നടക്കാനോ, ആത്മഹത്യ ചെയ്യാനോ ഒന്നും അവരെ കിട്ടില്ല. മാത്രമല്ല പെണ്ണാണെങ്കിലും തന്‍റെ പിറകേ പ്രണയവുമായി നടക്കുന്ന നായകനോട് എനിക്ക് നിന്നോടല്ല മറ്റൊരാളോടാണ് പ്രേമം എന്നു പറയാനും അങ്ങനെ പറയുമ്പോള്‍ പിന്നെ സുഹൃത്തായി കാണാനും വേണ്ടസഹായം ചെയ്തുകൊടുക്കാനും പ്രണയപരവശനായ കാമുകന് യാതൊരു പ്രയാസവുമില്ല.

രണ്ടാം പ്രണയത്തിലേക്ക് വരുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് തന്‍റെ അധ്യാപികയോടാണ് പ്രേമം. തിരിച്ചും. തികച്ചും ഒരു അടിപൊളി കാമ്പസാണ് 'ഗസ്റ്റ് ലക്ചററും' ആഗ്രഹിക്കുന്നത്. കാമ്പസ് എന്നാല്‍ പ്രണയിക്കാനും മദ്യപിക്കാനും മറ്റു കള്ളത്തരങ്ങള്‍ കാണിക്കാനുമുള്ള ഇടമാകണം എന്നാണ്. അധ്യാപകര്‍ വരുന്നത് പഠിപ്പിക്കാനല്ല, പ്രണയിക്കാനോ, തിന്നാനോ ഒക്കെയാണ്. ക്ലാസ്മുറിയിലെ മദ്യപാനം വളരെ സ്വാഭാവികമാണ്.

ഇനി മൂന്നാം പ്രണയത്തിലെത്തുമ്പോഴാകട്ടെ അവര്‍ വളരെ പ്രാക്ടിക്കലാണ്. പണ്ട് ആണുങ്ങളുടെ ദുശ്ശീലം മാറാന്‍ പെണ്ണുകെട്ടിക്കാറുണ്ട്. എന്നാല്‍ ഇവിടെ കല്യാണത്തിന്‍റെയന്ന് വരന്‍റെ പെരുമാറ്റം മോശമാണെന്നറിയുമ്പോള്‍തന്നെ ആ കല്യാണം വേണ്ടായെന്നുവയ്ക്കാന്‍ കല്യാണപെണ്ണിന്‍റെ അപ്പനും ധൈര്യപ്പെടുന്നു. മാത്രമല്ല അവള്‍ സ്വയം ഒരാളെ കണ്ടെത്തുന്നു. അത് തന്‍റെ ചേച്ചിയുടെ കാമുകനാണ് എന്നതാണ് അവളുടെ സന്തോഷം. മാത്രമല്ല ആ കല്യാണത്തിന്, വരന്‍റെ രണ്ടാമത്തെ പ്രണയനായികയെ വരന്‍ അറിയാതെതന്നെ ക്ഷണിച്ചുകൊണ്ടുവന്ന് വരനെ അത്ഭുതപ്പെടുത്തുന്നു. ഭര്‍ത്താവിന്‍റെ മുന്‍കാമുകിയോട് ഒരു പരിഭവവുമില്ല. അവര്‍ പരസ്പരം കാണുന്നതിലൊന്നും ഭാര്യക്ക് ഒരു പിണക്കവുമില്ല. കാമുകിയെ ഭര്‍ത്താവിനൊപ്പം കാണുന്നതില്‍ ആദ്യകാമുകനും പ്രത്യേക വികാരമൊന്നുമില്ല. ഇത്രയും മാത്രം പോരാ കഞ്ചാവ് ഉപയോഗിക്കുന്ന വില്ലനെ തല്ലി ശരിപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട്. പക്ഷേ മദ്യവും പുകവലിയും സിനിമയുടെ ഭാഗമാണ്. പുതിയ ജീവിതശൈലി ഇങ്ങനെയൊക്കെയാകണം എന്നാണ് സിനിമ പറയുന്നത്. ഈ സിനിമയ്ക്ക് ഇത്രമാത്രം പിന്തുണ പുതിയ തലമുറ നല്കുമ്പോള്‍ അതിന്‍റെ അര്‍ത്ഥം എന്താണെന്നാണ് മുതിര്‍ന്നവര്‍ മനസ്സിലാക്കേണ്ടത്. പരമ്പരാഗതമായ രീതിയിലുള്ള അശ്ലീലങ്ങളൊന്നും ഇതിലില്ല. ലൈംഗികതയോ, ലൈംഗികചുവയുള്ള സംഭാഷണങ്ങളോ ഒന്നുംതന്നെയില്ല. ഒരു പ്യൂണ്‍ അങ്ങനെ ഒരു ചെറിയ കമന്‍റ് പറയുമ്പോഴേയ്ക്കും അയാളുടെ ചെകിട്ടത്ത് അടിവീഴുന്നു. അപ്പോള്‍ ഇതാണ് പുതിയ കാലം ആഗ്രഹിക്കുന്ന ജീവിതം. ശരിയാണ് അങ്ങനെ ജീവിക്കരുത് എന്നുപറയാനുള്ള അവകാശമൊന്നും നമുക്കില്ല.

ഇതേസമയത്തുതന്നെ  ഒരു തമിഴ് സിനിമ നമ്മുടെ തീയേറ്ററുകളില്‍ ഉണ്ടായിരുന്നു 'കാക്കമുട്ട'. ഒരു തിരക്കും ഉണ്ടായിരുന്നില്ല. ആകെ പത്തിരുപതുപേര്‍. ആഗോളവത്കരണം എങ്ങനെ മനുഷ്യനെ പല തട്ടുകളായി തിരിക്കുന്നു എന്ന് ചലച്ചിത്രഭാഷയിലൂടെ ഒട്ടും അലങ്കാരങ്ങളില്ലാതെ ഈ ചിത്രം കാണികള്‍ക്കു നല്‍കുന്നു. തമിഴ്നാട്ടില്‍ കാക്കമുട്ട ഹിറ്റാണ്. പക്ഷേ നമുക്കത് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതുകണ്ടാല്‍ നമ്മള്‍ ഒന്ന് ചെറുതായി കുലുങ്ങും. 'പ്രേമം' പോലെ ഇളകിയാടാനാകില്ല. എന്നാല്‍ നമുക്കുവേണ്ടത് ആഘോഷമാണ്. അതും ഒട്ടും മേലില്‍ തൊടാത്തതരം ആഘോഷങ്ങള്‍. ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ അപ്പാടെ മായ്ച്ചുകളയുന്ന ഒരു തരം മിഥ്യാബോധത്തില്‍ നമ്മുടെ കൗമാരയുവത്വങ്ങള്‍ കെട്ടപ്പെട്ടുപോയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഈ രണ്ടു സിനിമകളുടെ കാഴ്ച.

എപ്രകാരമാണ് ഈ കാലം ദരിദ്രനെ കൂടുതല്‍ ദരിദ്രനും സമ്പന്നനെ കൂടുതല്‍ സമ്പന്നനും ആക്കുന്നതെന്ന് 'കാക്കമുട്ട' കൃത്യമായി കാണിച്ചുതരുന്നു. അതും ഒരു ന്യൂജനറേഷന്‍ സിനിമ തന്നെ. നമുക്കുശേഷം പ്രളയമല്ല നല്ല കാലമാണ് വരാനിരിക്കുന്നതെന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. മലയാളത്തിലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാല്‍ അവയൊന്നും കാണാനാളില്ല. സിനിമ നന്നാകാത്തതുകൊണ്ടല്ല ആഘോഷിക്കാന്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ് അവ കാണാന്‍ ആളില്ലാതെ പോകുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാന അവാര്‍ഡു കിട്ടിയ രണ്ടു സിനിമകള്‍കൂടി ഈ സമയത്ത് ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. അതും പ്രായം കൊണ്ട് 'ന്യൂജനറേഷന്‍' കാര്‍ ചെയ്തതുതന്നെ. പക്ഷേ അതിനും കാഴ്ചക്കാര്‍ ഉണ്ടായിരുന്നില്ല. നമ്മുടെ അലസമായ ജീവിതത്തെ അലോസരപ്പെടുത്തുന്നതൊന്നും നമുക്ക് വേണ്ടാതായിരിക്കുന്നു. ഇന്ന് ശ്ലീലാശ്ലിലങ്ങളെക്കുറിച്ചുള്ള ധാരണകള്‍ മാറുന്നു. എന്തും ആഘോഷിക്കുക എന്നതാണ് ഇന്ന് മലയാളിക്കിഷ്ടം.

ചാനലുകളിലെ ന്യൂസ്അവറുകളിലെ ചര്‍ച്ചയായാലും കളികളായാലും സീരിയലുകളായാലും എല്ലാം അങ്ങനെതന്നെ. 'പ്രേമം' പോലെയുള്ള ജനപ്രിയസിനിമകള്‍ ചില തകിടംമറിച്ചിലുകള്‍ മൂല്യബോധത്തില്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും വീട്ടകങ്ങളിലെ കുടുംബസദസ്സുകളില്‍ അരങ്ങേറുന്ന മൂന്നും നാലും വര്‍ഷം പിന്നിട്ട സീരിയലുകള്‍ ചെയ്യുന്നത് അതിലേറെ അക്രമമാണ്. കിടന്നുറങ്ങുമ്പോഴും സ്ത്രീകള്‍ പട്ടുസാരിയും ആഭരണങ്ങളും അലങ്കാരങ്ങളും ചാര്‍ത്തിയാണ് കാണപ്പെടുക. പണ്ട് സീരിയലുകളില്‍ സ്ത്രീകള്‍ ദുഃഖപുത്രികളായി കരച്ചിലായിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ ഏറെ കുബുദ്ധികളും പ്രതികാരദാഹികളുമാണ്. മറ്റുള്ളവരെ എങ്ങനെ ചതിക്കാം, ഇല്ലാതാക്കാം, കൊല്ലാം എന്നൊക്കെയാണ് ഓരോ കഥാപാത്രങ്ങളും ചിന്തിക്കുന്നത്. ഒന്നും ഇനി രഹസ്യമാക്കിവയ്ക്കേണ്ട കാര്യമില്ല എല്ലാം പരസ്യമാക്കാം എന്നതാണ് പൊതുവേ ചാനല്‍പാരിപാടികളുടെ തുറന്നുകാട്ടല്‍. മനുഷ്യന്‍റെ ആര്‍ത്തിയെ, ഹിംസയെ എങ്ങനെയൊക്കെ അതിന്‍റെ പാരമ്യത്തിലെത്തിക്കാം എന്നതിന്‍റെ ദൃഷ്ടാന്തമാണ് റിയാലിറ്റിഷോകള്‍. ഒരു ചാനലില്‍ നടന്നുവരുന്ന ലക്ഷങ്ങള്‍ നേടാനുള്ള കളിയുടെ നിയമാവലിതന്നെ മറ്റുള്ളവരെ പറ്റിച്ച് കാശുണ്ടാക്കുക എന്നതാണ്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് പണം കൊടുക്കുന്നതും ഉത്തരം അറിയാത്തവരെ പല രീതിയില്‍ സഹായിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും പല റിയാലിറ്റി ഷോകളിലും അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ മുകേഷ് അവതരിപ്പിക്കുന്ന ഈ പരിപാടി അതിനെയൊക്കെ കടത്തിവെട്ടി. മത്സരാര്‍ത്ഥിക്ക് ചോദ്യത്തിന്‍റെ ഉത്തരം കിട്ടിയില്ലെങ്കില്‍ കാണികള്‍ക്ക് ആ ഉത്തരം മത്സരാര്‍ത്ഥിക്കു വില്‍ക്കാം. അതിന്‍റെ രീതിയാണ് ദയനീയം. കാണികളായി വന്നിരിക്കുന്ന എല്ലാവരും പ്രാര്‍ത്ഥിക്കുക മത്സരാര്‍ത്ഥിക്ക് ഉത്തരം കിട്ടരുതേ എന്നാണ്. കാരണം ഉത്തരം കിട്ടിയാല്‍ കാണികള്‍ക്കാണ് നഷ്ടം. അവര്‍ക്ക് ഉത്തരം വിറ്റ് കാശുണ്ടാക്കാനാവില്ല. മത്സരാര്‍ത്ഥിക്ക് ഉത്തരം കിട്ടാതെ വന്നാല്‍ കാണികള്‍ക്കിടയില്‍ മത്സരമാണ്. അവര്‍ എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ വിളിച്ചുപറയണം, എനിക്ക് ഉത്തരമറിയാം, നിങ്ങള്‍ എന്നെ വിളിക്കൂ. അങ്ങനെ ഒരേ സമയം പലരും ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ വിളിച്ചുകൂവുന്നതുപോലെ വിളിച്ചുകൂവുന്നു. അതില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കാം. തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ വിലപേശലാണ്, എനിക്ക് ഈ ചോദ്യത്തിന് ഉത്തരമറിയാം അതു ഞാന്‍ പറഞ്ഞു തരണമെങ്കില്‍ നിങ്ങള്‍ക്ക് ഇതുവരെ കളിച്ചുകിട്ടിയ മുഴുവന്‍ സംഖ്യയും വേണം എന്നുപറഞ്ഞാണ് ലേലം. അവസാനം വലിയൊരു സംഖ്യയ്ക്ക് ലേലം ഉറപ്പിക്കുന്നു. ലേലം ഉറപ്പിക്കുമ്പോള്‍തന്നെ പണം കൊടുക്കുന്നു. ഉത്തരം തെറ്റോ ശരിയോ ആകാം. തെറ്റിപ്പോയാലും, എനിക്ക് ശരിയുത്തരം അറിയാമെന്നു വാദിച്ചയാള്‍ക്ക് യാതൊരു കുറ്റബോധവും വേണ്ട, കാരണം താന്‍ ഒരു വസ്തു വില്‍ക്കാന്‍ വന്നയാളാണ്, അതു സമര്‍ത്ഥമായി പറഞ്ഞ് ആവശ്യക്കാരനെക്കൊണ്ട് വാങ്ങിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യം, അതു നേടി. ഉത്തരം തെറ്റായിരിക്കുന്നതും അയാളുടെ പണം നഷ്ടമാകുന്നതും വാങ്ങുന്ന ആള്‍ക്ക് വിവരമില്ലാത്തതുകൊണ്ടാണ് എന്നാണ്. മാര്‍ക്കറ്റിന്‍റെ ഈ അന്ധമായ നീതി യില്‍ കളിപോലും ചെന്നുപതിക്കുന്നതിനെ ശ്ലീലമെന്നാണോ അശ്ലീലമെന്നാണോ പറയുക? ഇപ്രകാരം നമ്മുടെ കാഴ്ചകളുടെ ആഘോഷങ്ങള്‍ക്കെല്ലാം  ഒരു തകിടംമറിച്ചില്‍ സംഭവിച്ചിരിക്കുന്നു. സീന്‍ കോണ്‍ട്ര... അതൊരു ആഘോഷത്തിന്‍റെ അടയാളമായിരിക്കുന്നു. ഈ കളിയിലേക്ക,് ആഘോഷത്തിലേക്ക് എത്തിപ്പിടിക്കാന്‍ പറ്റാതെ പോകുന്ന ചെറിയ കാക്കമുട്ടയും വലിയ കാക്കമുട്ടയും (കാക്കമുട്ട എന്ന സിനിമയിലെ നായകകഥാപാത്രങ്ങളായ കുട്ടികള്‍ സ്വയം അവരെ പരിചയപ്പെടുത്തുന്നത് അങ്ങനെയാണ്.) നമുക്കിന്ന് കാഴ്ചക്ക് അശ്ലീലങ്ങളായി പോകുന്നു. 'പ്രേമം' നമുക്ക് കാഴ്ചയുടെ ശ്ലീലമേകുന്നു.    

You can share this post!

ജീവിതം ഒരു ഏകാന്തയാത്ര മാത്രമാകുമ്പോള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts