news-details
കാലികം

ഓണത്തിന്‍റെ രാഷ്ട്രീയ സന്ദേശം

മലയാളിയെ സംബന്ധിച്ചിടത്തോളം ഓണം സമത്വസുന്ദരവും സമ്പദ്സമൃദ്ധവുമായിരുന്ന ഒരു നാളിന്‍റെ ഓര്‍മ്മയാണ്. മഹാബലിയെന്ന അസുര രാജാവിന്‍റെ ഭരണകാലത്താണ് ഇത്തരമൊരു ഭരണമുണ്ടായിരുന്നത്. അന്ന് രാജാവ് പ്രജാക്ഷേമതല്‍പരനായിരുന്നതുകൊണ്ട് സത്യവും നീതിയും നടപ്പിലാക്കാന്‍ ഉഗ്രശാസനം നടത്തിയിട്ടുണ്ടാവണം. പ്രജാക്ഷേമതല്‍പരരായ രാജാക്കന്മാര്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വാക്കുപാലിക്കുന്നതിനുവേണ്ടി മഹാബലി തന്നെത്തന്നെ സ്വയം സമര്‍പ്പിച്ചു. സിംഹാസനവും തന്‍റെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് പാതാളത്തിലേക്ക് പോകുവാന്‍ തയ്യാറായി. ഇത് സഹനത്തിന്‍റെ, സത്യാഗ്രഹത്തിന്‍റെ ഒരു പൂര്‍ണ്ണരൂപമാണ്. തന്‍റെ പ്രജകളെ സ്നേഹിക്കുന്ന മഹാബലി ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ, ആണ്ടിലൊരിക്കലെങ്കിലും തന്‍റെ പ്രജകളെ കാണുവാനുള്ള അനുവാദം. തിരഞ്ഞെടുപ്പ് കാലത്തുമാത്രം ഭരണീയരോട് വാത്സല്യം കാണിക്കുന്നവര്‍ ഈ അസുരരാജാവിനെ കണ്ടുപഠിക്കണം.

മഹാബലിയുടെ കാലത്ത് പ്രജകളാണ് ഉണ്ടായിരുന്നതെങ്കില്‍ നാം ഇന്ന് പൗരന്മാരാണ്. പരമാധികാര ജനാധിപത്യറിപ്പബ്ളിക്ക് രാജ്യത്തെ അവകാശമുള്ള പൗരന്മാര്‍. എന്നിട്ടും എന്തുകൊണ്ട് അഴിമതിയും ചൂഷണവും കൈക്കൂലിയുമില്ലാത്ത ഒരു ഭരണസംവിധാനം സാദ്ധ്യമാകുന്നില്ല. സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ടുകളിലധികം പിന്നിട്ടിട്ടും പൗരന്മാര്‍ പ്രജകളെപ്പോലെ ജീവിക്കേണ്ടിവരുന്നു. സര്‍ക്കാര്‍ഓഫീസുകളില്‍, അധികാരസ്ഥാപനങ്ങളിലെല്ലാം പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ടിവരുന്നു. ഒരു അസുര രാജാവിന്, യാതൊരു അധികാരങ്ങളുമില്ലാതിരുന്ന ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്. ഭരണാധികാരി സത്യത്തിലും നീതിയിലും അടിയുറച്ച് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതാണ്. വാക്കുപാലിക്കുന്നതിനുവേണ്ടി മഹാബലി സ്വയം സമര്‍പ്പിച്ചുവെങ്കില്‍ നമ്മുടെ ഭരണാധികാരികള്‍ വാക്കുപാലിക്കുന്നില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കാലങ്ങളായി പാലിക്കപ്പെടാതെ പോകുന്നത്. ആരുടെ വോട്ടും വേണ്ടാത്ത മാവേലി വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇന്നത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പുകാലത്ത് മാത്രം വിനയത്തോടെ ജനങ്ങളെ കാണുന്നു. പൗരന്മാര്‍ ഫണ്ടുകള്‍ക്കുവേണ്ടി ഭിക്ഷാപാത്രവുമായി കാത്തിരിക്കുകയും മുക്കിലും മൂലയിലും ഫ്ളക്സുകള്‍ സ്ഥാപിച്ച് സ്തുതിപാടുകയും ചെയ്യേണ്ടിവരുന്നത് ജനാധിപത്യത്തിന്‍റെ പുഴുകുത്താണ്. മണ്ണും വായുവും ജലവും മലിനീകരിക്കുന്നതു വഴി ആവാസവ്യവസ്ഥയെ തകര്‍ക്കുന്നനയങ്ങളാണ് കാലങ്ങളായി നമ്മുടെ ഭരണാധികാരികള്‍ തുടരുന്നത്. രാസവളം, കീടനാശിനികള്‍ എന്നിവയ്ക്ക് വളരുന്നതിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുന്നു. നമ്മുടെ വിഭവങ്ങളിന്മേല്‍ നമുക്കുണ്ടായിരുന്ന നിയന്ത്രണം ഇല്ലാതായിക്കഴിഞ്ഞു. ജനാധിപത്യത്തില്‍ ഭരണാധികാരി വാക്കുപാലിക്കുന്നവനും സത്യസന്ധനും നീതിമാനുമായിരിക്കണമെങ്കില്‍ ഭരണാധികാരി ജനങ്ങളാല്‍ നിയന്ത്രിക്കപ്പെടണം. ജനങ്ങള്‍ അധികാരമാര്‍ജ്ജിക്കണം. അതിനുള്ള നിയമഭേദഗതികളുണ്ടാകണം. ഗ്രാമസഭക്ക് പരമാധികാരം നല്‍കണം. കോര്‍പ്പറേറ്റ് മേധാവിത്വത്തിന്‍റെ നാളുകളിലേക്കുള്ള പ്രയാണമാണ് ഇന്ന് നടക്കുന്നത്. ഇതിനെതിരെ ചെറുത്ത് നില്‍ക്കണമെങ്കില്‍ നമ്മുടെ വിഭവങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെങ്കില്‍, പൗരന്മാര്‍ക്ക് വിലയുണ്ടാകുന്ന ഒരു സമത്വസുന്ദരകാലമുണ്ടാകണമെങ്കില്‍, തീറ്റമത്സരത്തിനു പിറകേപോകാതെ ഓണത്തിന്‍റെ ഈ രാഷ്ട്രീയസന്ദേശം മലയാളി വായിച്ചെടുക്കേണ്ടതാണ്.

ഇന്ന് മഹാബലി വിപണിയുടെ അംബാസിഡറാണ്. കച്ചവടതാല്‍പര്യത്തിനുള്ള ഉപകരണമായി മാത്രം മഹാബലിയെ ഉപയോഗിക്കുന്നു. ആഘോഷങ്ങളും മത്സരങ്ങളും നല്ലതുതന്നെ. പക്ഷേ ഓണത്തിന്‍റെ യഥാര്‍ത്ഥ സന്ദേശം തിരിച്ചറിയുക എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.  

You can share this post!

തൊട്ടില്‍ക്കാലം

ഷാജി സി എം ഐ
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts