news-details
കവർ സ്റ്റോറി

വ്യാജ പ്രവാചകര്‍

കസന്‍ദ്സാക്കിസ് സാമുവല്‍ പ്രവാചകനു പുനര്‍വ്യാഖ്യാനം നല്‍കുന്നത് അവനില്‍ രൗദ്രഭാവത്തെ നിറച്ചുകൊണ്ടാണ്. ഒരേസമയം തന്നോടും ദൈവത്തോടും കലഹിക്കുന്നവന്‍. അവനെ വഴിയില്‍വച്ച് കണ്ടുമുട്ടുന്നവരെല്ലാം പേടിച്ചുവിവശരായി മുഖം തിരിച്ചുകളഞ്ഞു. അവനൊരു ഗ്രാമത്തിലെത്തുമ്പോള്‍ ഗ്രാമീണരെല്ലാം വീടുകളിലേക്ക് ഓടിയൊളിച്ച് വാതില്‍ കൊട്ടിയടയ്ക്കുന്നു. സാമുവലിന്‍റെ മുന്നില്‍ വിജനത മാത്രം അവശേഷിക്കുന്നു.

നൂറ്റാണ്ടുകളുടെ ഭാരം തലയിലേറ്റി അവശനായി സാമുവല്‍ ദൈവത്തോടു കരഞ്ഞപേക്ഷിക്കുന്നു: "എന്നെ കൊന്നുകളയൂ, എന്നെ കൊന്നുകളയൂ." "ഞാന്‍ സംസാരിക്കുന്നത് മാംസത്തിനോടല്ല, മാംസത്തെ ഞാന്‍ വെറുക്കുന്നു. ഞാന്‍ സംസാരിക്കുന്നത് സാമുവലിനോടാണ്" ദൈവം സാമുവലിനോട് ആക്രോശിക്കുന്നു. മറ്റൊരാളെ രാജാവാക്കാന്‍ ശ്രമിച്ചാല്‍ സാവൂള്‍ എന്നെ കൊന്നുകളയും എന്നു പ്രവാചകന്‍ പറയുമ്പോള്‍ ദൈവം സാമുവലിനു ഒരു തിരിച്ചറിവു നല്‍കുന്നു. "എനിക്കതു പ്രശ്നമല്ല. എന്‍റെ സേവകന്മാരുടെ ജീവിതത്തിനു ഞാന്‍ ഒരിക്കലും വില നല്‍കിയിട്ടില്ല."

ബൈബിള്‍ എനിക്ക് അധിക ഉയരമുള്ള പര്‍വ്വതനിരകളെപ്പോലെ തോന്നിച്ചുവെന്നും അതില്‍നിന്നും ഉഗ്രതപികളായ പ്രവാചകന്മാര്‍ വള്ളികള്‍ ചുറ്റിക്കെട്ടി, പഴന്തുണികള്‍ വാരിചുറ്റി ഇറങ്ങിവന്നുവെന്നും സാക്കീസ് എഴുതുന്നു. സ്നാപകയോഹന്നാന്‍ അവന്‍റെതന്നെ ജീവിതത്തെ കലാപമാക്കി ഉയര്‍ത്തിപ്പിടിച്ചു. ക്രമങ്ങളെല്ലാം ചൂഷണവും കൊള്ളിവയ്പുംകൊണ്ട് നിറഞ്ഞപ്പോള്‍ അവന്‍ ജീവിതത്തെ അക്രമത്തിന്‍റെ ചോദ്യശരമാക്കി. കാടിന്‍റെ വന്യതകൊണ്ട് നാട് നിറഞ്ഞപ്പോള്‍ യോഹന്നാന്‍ കാടിന്‍റെ നിഷ്കളങ്കതയിലേക്ക് തിരിച്ചുപോയി. മനുഷ്യന്‍റെ ഭക്ഷണങ്ങളെല്ലാം പൂഴ്ത്തിവയ്പിന്‍റെയും പിടിച്ചുവാങ്ങലിന്‍റെയും ഇരത്തോട്ടങ്ങളില്‍ നിന്നായപ്പോള്‍ സ്നാപകന്‍ വെട്ടുക്കിളിയും കാട്ടുതേനുമാകുന്ന സ്വച്ഛാഹാരത്തെ തേടിപ്പിടിച്ചു.

വസ്ത്രധാരണം പുറംമോടിയുടെയും പ്രൗഢിയുടെയും ഗംഭീരപ്രകടനമായപ്പോള്‍ അവന്‍ തോല്‍വാറിന്‍റെ നിഷ്കാമത്തെ വരിച്ചു. സത്യത്തിനു മരണത്തിന്‍റെ ആഘാതമുണ്ടെന്നറിഞ്ഞിട്ടും യോഹന്നാന്‍ ചൂണ്ടുവിരലിനെ മുറിച്ചുകളഞ്ഞില്ല. ശിരസ്സു നമിച്ചു രാജിയായി അതിജീവനം നടത്തുന്ന പുല്ലുകളേക്കാള്‍ കൊടുങ്കാറ്റിന്‍റെ മുമ്പില്‍ ഉയര്‍ന്നുനിന്ന് അതിന്‍റെ ശക്തി മുഴുവന്‍ നെഞ്ചിലേറ്റി കടപുഴകി വീഴുന്ന ഓക്കുമരമാകാനാണ് യോഹന്നാന്‍ ശ്രമിച്ചത്.

ആരാണ് പ്രവാചകന്‍ എന്ന ചോദ്യത്തിന് പോള്‍ റിക്കര്‍ നല്‍കുന്ന മറുപടി "A prophet is one who inherits misfortunes'' എന്നാണ്. പ്രവാചകന്‍ ദൗര്‍ഭാഗ്യങ്ങളുടെ അവകാശിയാണ്. ദൈവം ഒരു ഭാഗ്യം ആകണമെന്നില്ല. പക്ഷേ അവന്‍ തീര്‍ച്ചയായും ഒരു ദൗര്‍ഭാഗ്യമാണ്. അവനില്‍നിന്നും അനുഗ്രഹങ്ങള്‍ പിടിച്ചുവാങ്ങാനായി ധ്യാനകേന്ദ്രങ്ങള്‍ കയറിയിറങ്ങാനും പള്ളിപെരുന്നാള്‍ നടത്താനും മതം ജനത്തെക്കൂട്ടുമ്പോള്‍ പ്രവാചകന്‍ വരുന്നത് ദൈവത്തിന്‍റെ നിര്‍ഭാഗ്യങ്ങളെ സ്വന്തമാക്കിക്കൊണ്ടാണ്. ദൈവം നിലകൊള്ളുന്നതുതന്നെ സ്വയം നിരസിച്ചും ഇല്ലാതാക്കിയുമാണ്. സൃഷ്ടി ദൈവത്തിന്‍റെ ആത്മനിരാസമാണ്. പ്രപഞ്ചം വികസിക്കാന്‍വേണ്ടി ദൈവം പിന്‍വാങ്ങുന്നു. ദൈവം നഷ്ടപ്പെട്ട പ്രപഞ്ചത്തില്‍ ദൈവത്തിനുവേണ്ടി നിലകൊള്ളുന്നവനാണ് പ്രവാചകന്‍. ഇതില്‍പ്പരം സാഹസികമായി മറ്റൊന്നില്ല.

വ്യവസ്ഥകളെ എതിര്‍ക്കുക അവന്‍റെ കടമയാണ്. കാരണം എല്ലാ വ്യവസ്ഥകളിലും അധികാരം നടത്തുന്ന ചൂഷണത്തിന്‍റെ പിന്നാമ്പുറങ്ങളുണ്ട്. ഈ പിന്നാമ്പുറങ്ങളുടെ പിണിയാളന്മാരെ എതിര്‍ത്തുകൊണ്ട് ആല്‍ബര്‍ട്ട് കാമ്യു എഴുതി, I rebel therefore I exist''  ഉന്നതമായ ചിന്തകള്‍ പുലര്‍ത്തുന്നവന്‍റെയും ദാരിദ്ര്യത്തിലും തലയുയര്‍ത്തിപ്പിടുച്ചു നില്‍ക്കുന്നവന്‍റേയും മുന്‍പിലേ ഞാന്‍ ശിരസ്സു നമിക്കുകയുള്ളൂ. ഇതിന്‍റെയിടയില്‍ കിടക്കുന്നതാണ് സമൂഹം. അതിനോടെനിക്ക് പുച്ഛമാണെന്നും കാമ്യൂവിന്‍റെ എതിര്‍പ്പിന്‍റെ കാലം പ്രസ്താവിക്കുന്നു. എതിര്‍ക്കുക എന്നുള്ളതാകുന്നു നമ്മുടെ ഏക കടമ എന്നു ഹെര്‍മന്‍ ഹെസ്സെ എഴുതുന്നു. ഈ കടമ നിര്‍വ്വഹിക്കുന്നവനാണ് പ്രവാചകന്‍. ഭരണകൂടത്തിന്‍റെയും പൗരോഹിത്യദുഷ്പ്രഭുത്വത്തിന്‍റെയും പാദസേവ ചെയ്യുന്നവരേ പ്രവാചകര്‍ എന്നു വിളിക്കാനാവില്ല. സ്തുതിപാഠകന്മാരുടെ കേളീരംഗമായി അധപ്പതിച്ച കേരളത്തിലെ പുരോഹിതരുടെ ഇടയില്‍നിന്നും ഒരു പ്രവാചകന്‍ ഇറങ്ങിവരുമെന്നു പ്രതീക്ഷയില്ല. വിദേശരാജ്യങ്ങളുടെ കാലഹരണപ്പെട്ട ദൈവശാസ്ത്രത്തെയും ബൈബിള്‍ വ്യാഖ്യാനത്തെയും ചാനലുകളിലൂടെ ഛര്‍ദ്ദിക്കാനായി മത്സരിക്കുകയാണിവര്‍. ഡോഗ്മാകളുടെ തടവറയില്‍ കിടക്കുന്നവനല്ല പ്രവാചകന്‍. ഡോഗ്മാകള്‍ പറയുന്നത് ഇന്നലെ എന്തു സംഭവിച്ചുവെന്നും നാളെ എന്തു സംഭവിച്ചേക്കുമെന്നുമാണ്. ഇന്ന് എന്തു സംഭവിക്കുന്നു എന്നത് ഡോഗ്മാകള്‍ക്ക് പറയാനാവില്ല എന്നു വിറ്റ്ഗെന്‍ സ്റ്റെയിന്‍ പറഞ്ഞതു സത്യമാണ്. തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സത്യങ്ങളാണ് പ്രമാണങ്ങള്‍ എന്നു ഹെര്‍മന്‍ ഹെസ്സെയുടെ മുന്നറിയിപ്പ.് സത്യത്തിനുവേണ്ടി നിലകൊള്ളുന്നവന്‍ അസത്യത്തിന്‍റെ വിചാരണകള്‍ നേരിടേണ്ടി വരും. സൗന്ദര്യത്തിന്‍റെ പരിരക്ഷകനാകാന്‍ ശ്രമിക്കുന്നവനു വൈരൂപ്യത്തിന്‍റെ  തോല്‍വാര്‍ ധരിക്കേണ്ടിവരും. The prophet Sanity who became Insane  എന്നു നീഷേയെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്.  

പ്രവചനം എന്നുവെച്ചാല്‍ ഭാവിയുമായി നടത്തുന്ന പകിടകളിയാണെന്നു ധരിച്ചു ധ്യാനകേന്ദ്ര ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നവരെയും പത്രപരസ്യങ്ങള്‍ നടത്തുന്നവരെയും ഭാവിതന്നെ തമസ്കരിക്കും. കാപട്യത്തിന്‍റെയും മതവ്യവഹാരത്തിന്‍റെയും കമ്പോളമായി ദേവാലയത്തെ നശിപ്പിച്ചവര്‍ക്കു നേരേ ചാട്ടവാറോങ്ങിയ ക്രിസ്തുവിന്‍റെ പരാഗരേണുക്കള്‍ വഹിക്കുന്ന പുതിയ പ്രവാചകന്മാര്‍ ഉദയം ചെയ്യും. 

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts