news-details
കവർ സ്റ്റോറി

നസ്രത്തിലെ യേശു എന്ന പ്രവാചകൻ

അടിസ്ഥാന സങ്കല്പങ്ങള്‍

പ്രവാചകനും പ്രവചനത്തിനും പല അര്‍ത്ഥതലങ്ങളുണ്ട്. ഇസ്രായേലിന്‍റെ ജീവിതത്തിന്‍റെ സര്‍വ്വമേഖലകളിലും വ്യാപിച്ചുകിടന്ന ഒരു ദൗത്യമായിരുന്നു പ്രവാചകന്മാരുടേത്. എഴുതുകയല്ല പ്രവാചകന്‍റെ മുഖ്യധര്‍മ്മം; പ്രവാചകന്‍ പ്രധാനമായും വചനം സംസാരിക്കുന്നവനാണ്. വചനത്തിന്‍റെ ശക്തനായ പ്രഘോഷകനും ഉപാസകനുമാണ് അദ്ദേഹം. ദൈവത്തില്‍നിന്ന് ലഭിക്കുന്ന 'ദബാര്‍' (dbr=word= വചനം) ആണ് പ്രവാചകന്‍റെ ശക്തി. ഇപ്രകാരമാണ് പ്രവാചകന്‍ ദൈവത്തിന്‍റെ സന്ദേശവാഹകന്‍ ആണ് എന്ന ദൗത്യം രൂപപ്പെട്ടത്. ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയുകയല്ല (foretell) ബൈബിളിലെ പ്രവാചകധര്‍മ്മം. ബൈബിളിലെ പ്രവാചകന്‍ പ്രധാനമായും forthteller  ആണ് - ആളും സ്ഥലവും സാഹചര്യവും ഒന്നുംനോക്കാതെ, പറയേണ്ട കാര്യങ്ങള്‍ നിര്‍ഭയനായി ഉടനടി പറയുന്നവന്‍. നിര്‍ഭയത്വം പ്രവാചകന്‍റെ മുഖ്യസവിശേഷതകളിലൊന്നാണ്. പഴയനിയമത്തില്‍ പ്രവാചകന്‍ ഇസ്രായേലിന്‍റെ കാവല്‍ക്കാരനാണ്-Watchman(എസെ. 3: 17; ഹോസി. 9: 7; ഹബ. 2:1). ഇസ്രായേലിന്‍റെ സംശോധകനായി പ്രവാചകനെ കണ്ടിരുന്നു. (ഏശ. 1: 21-25; ജറെ. 6: 27-30; എസെ. 22: 17-22; സഖ. 13: 9). അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലുമാണ് ജെറെമിയ(ജറെ. 1: 18). രാജാക്കന്മാരുടെയും ഭരണകര്‍ത്താക്കളുടെയും ധനവാന്മാരുടെയും പുരോഹിതരുടെയും മുഖംമൂടി അവര്‍ എടുത്തുമാറ്റി അവരുടെ യഥാര്‍ത്ഥരൂപം ജനത്തിന് വെളിപ്പെടുത്തി (2സാമു. 11, 12; 1 രാജാ. 21 തുടങ്ങിയവ) ബൈബിളിലെ പ്രവചനം ഒരു പ്രതിസംസ്കാരമാണ് (Counter culture).. ഓരോ കാലഘട്ടത്തിലും ജനത്തിന് ദിശാബോധം കൊടുക്കുക എന്നതാണ് പ്രവാചകധര്‍മ്മം. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള സമഗ്രമായ ദര്‍ശനം; കാഴ്ചപ്പാട് ആണ് ബൈബിളിലെ പ്രവചനം. തന്‍റെ വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ജീവിതംകൊണ്ടും ഈ ദര്‍ശനം രൂപപ്പെടുത്തുന്നവനാണ് പ്രവാചകന്‍. അദ്ദേഹം ദൈവത്തിന്‍റെ നിയമം(Torah) പഠിപ്പിക്കുന്നു. അതിന്‍റെ ലംഘനത്തെ കുറ്റപ്പെടുത്തുന്നു; യാഹ്വേ നടപ്പില്‍ വരുത്താന്‍ പോകുന്ന ശിക്ഷാവിധികള്‍ മുന്‍കൂട്ടി അറിയിക്കുന്നു. രക്ഷാകരവാഗ്ദാനങ്ങളും അറിയിക്കുന്നു. (ഏശ. 7: 10-17; 9: 1-7; 11: 1-9; 32:1-8; ജെറെ. 23: 1-8 തുടങ്ങിയവ). ഇസ്രായേലിന്‍റെ ആരംഭങ്ങളെക്കുറിച്ച് അവര്‍ ജനത്തെ അറിയിച്ചു(ജെറെ. 2:2). പ്രവാചകന്മാര്‍ ഇസ്രായേലിന്‍റെ ദൈവശാസ്ത്രജ്ഞന്മാരും മിസ്റ്റിക്കുകളും ദാര്‍ശനികരും വിശുദ്ധരും കവികളുമാണ്. ഉപരിവര്‍ഗ്ഗത്തിന്‍റെ അടിച്ചമര്‍ത്തലിന്‍റെയും ചൂഷണത്തിന്‍റെയും രീതികള്‍ക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തി. സമൂഹത്തിലെ ഏറ്റവും ചെറിയവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കുംവേണ്ടി അവര്‍ നിലകൊണ്ടു. ഏറ്റവും വലിയ സത്യം മനുഷ്യനാണെന്ന് അവര്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

വാക്കുകള്‍കൊണ്ടോ പ്രവൃത്തികള്‍കൊണ്ടോ ജീവിതംകൊണ്ടുതന്നെയോ പ്രവാചകന്‍ വെളിവാക്കേണ്ട ഒരു വിളി, അല്ലെങ്കില്‍ അവിസ്മരണീയമായ ഒരനുഭവം അദ്ദേഹം സ്വീകരിക്കുന്നു. ദൈവത്തിന്‍റെ ദാസനായി, സാക്ഷിയായി, അടയാളമായി പ്രവാചകന്‍ തന്നെത്തന്നെ വിധേയനാക്കുന്നു. ഈ ലോകത്തില്‍ ജീവിതത്താലും വാക്കുകളാലും പ്രവൃത്തികളാലും ദൈവത്തിന്‍റെ ഒരടയാളമായിരിക്കാന്‍വേണ്ടി ദൈവാരൂപിയുടെ പരിപൂര്‍ണ്ണ വിധേയത്വത്തില്‍ നില്ക്കുന്നവനാണ് പ്രവാചകന്‍. തങ്ങളുടെ ആശയങ്ങളുടെ ശക്തിയാലും ധ്യാനത്തിന്‍റെ കരുത്താലും കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. തിന്മയെ വ്യക്തമായി ഗ്രഹിക്കുന്നവനും അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നവനുമാണ് പ്രവാചകന്‍. പ്രവചനത്തിന്‍റെ മുഖ്യവ്യഗ്രത മാറ്റത്തേക്കുറിച്ചും അത് എങ്ങനെ സാധിക്കും എന്നതിനെക്കുറിച്ചുമാണ്. നിലവിലിരിക്കുന്ന സംസ്കാരത്തിന്‍റെ മനുഷ്യത്വരഹിതവും മാരകവുമായ വശങ്ങളെ ഗ്രഹിക്കുന്ന ഒരു ഗ്രഹണശക്തി മനുഷ്യനുണ്ടാകണം. തന്‍റെ സംസ്കാരത്തിന്‍റെ പ്രത്യേകത മരവിപ്പാണെന്ന് പ്രവാചകന്‍ തിരിച്ചറിയുന്നു. പ്രവാചകന്‍റെ ധാരണകള്‍ക്ക് നിരക്കാത്തവയാണ് സോളമന്‍റെ (രാജാക്കന്മാരുടെ) രാജകീയസങ്കല്പങ്ങള്‍. അവര്‍ വിമര്‍ശനത്തിന്‍റെ വായ്മൂടിക്കെട്ടി. എന്നാല്‍ വ്യത്യസ്തമായൊരു ധാരണയ്ക്കും വേറിട്ടൊരു സമൂഹത്തിനും വേണ്ടിയാണ് പ്രവാചകന്‍ നിലകൊള്ളുന്നത്.

യേശു എന്ന പ്രവാചകന്‍
നസ്രത്തിലെ യേശു പ്രവാചകനാണ്. പഴയനിയമ പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകന്‍. അവരിലും വലിയ പ്രവാചകന്‍. പ്രവാചകന്മാരെപ്പോലെ ശക്തമായ വാക്കുകള്‍ അവന്‍ സംസാരിച്ചു. "പൂര്‍വ്വികരോടു പറഞ്ഞിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു..." എന്നതായിരുന്നു അവന്‍റെ ശൈലി. സുവിശേഷങ്ങള്‍ പ്രവാചകനായിട്ടാണ് യേശുവിനെ കാണുന്നത്, പുരോഹിതനായിട്ടല്ല; പ്രവാചകന്‍റെ വിധിയും വിളിയും ഉള്ളവന്‍. പ്രവാചകന്‍റെ സവിശേഷദൗത്യം ഏറ്റുവാങ്ങിയവന്‍, ജെറുസലേമിലേക്ക് യാത്രചെയ്യുന്ന നസ്രത്തില്‍നിന്നുള്ള പ്രവാചകന്‍. ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി പറയുകയല്ല പ്രവചനം എന്ന് ഇവിടെയും ഓര്‍ക്കുന്നത് നല്ലത്. അവന്‍ സമകാലികസമൂഹത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി. രാജാക്കന്മാര്‍ക്കും ഭരണരംഗത്തുള്ളവര്‍ക്കും ധനാഢ്യന്മാര്‍ക്കും പുരോഹിതര്‍ക്കുമെതിരേ അവന്‍ ശക്തമായ ഭാഷയില്‍ സംസാരിച്ചു; അവരെ കുറ്റപ്പെടുത്തി. വാക്കുകളുടെ ഘനവും ജീവിതത്തിന്‍റെ തെളിമയും പ്രാര്‍ത്ഥനയുടെ ആന്തരികതയുമാണ് മതത്തിന്‍റെ ബലം എന്നവന്‍ തറപ്പിച്ചു പറഞ്ഞു. പഴയനിയമത്തിലെ പ്രവാചകന്മാരെപ്പോലെ അവന്‍ പ്രാര്‍ത്ഥനയ്ക്കും ബലിക്കും നൂതന അര്‍ത്ഥവും ആഴവും നല്കി. ദേവാലയം അതില്‍ത്തന്നെ ഒന്നും അല്ലായെന്നും ദേവാലയത്തെ പരിശുദ്ധമാക്കുന്നത് ആരാധകരുടെ ജീവിതമാണെന്നും അവന്‍ വ്യക്തമാക്കി. പ്രാര്‍ത്ഥന, ആരാധന എന്നിവ ആഘോഷങ്ങളും ഉത്സവങ്ങളുമാക്കി മാറ്റുന്നതിനുപകരം അനുതാപത്തിന്‍റെ അനുഭവമാക്കി മാറ്റണം എന്ന് പഴയനിയമപ്രവാചകന്മാരെപ്പോലെ യേശുവും പഠിപ്പിച്ചു. പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം മുതലായവയെക്കുറിച്ചുള്ള അവന്‍റെ നിലപാടാണിത്. പ്രാര്‍ത്ഥനയും ആരാധനയും ദൈവസ്തുതിപ്പുകളുമൊക്കെ ജാടകളും അഭിനയവും പ്രകടനവും ബഹളവുമാക്കി മാറ്റാതെ ജീവിതനവീകരണത്തിനും ആരോഗ്യകരമായ ദൈവിക, മാനുഷിക ബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഉപാധികളായി മാറണമെന്നുള്ളതാണ് യേശുവിന്‍റെ രീതി. അനുഷ്ഠാനങ്ങളേക്കാള്‍ അനുഭവത്തിന് പ്രാധാന്യം കൊടുക്കണം. പ്രാര്‍ത്ഥന, ബലിയര്‍പ്പണം, ഉപവാസം, സാബത്താചരണം, ദാനധര്‍മ്മം മുതലായവയെക്കുറിച്ച് ആമോസും (5: 21-24), ഹോസിയായും (6: 6), ഏശയ്യായും (1: 10-17), ജെറെമിയായും (6: 19-21), മിക്കായും (6: 6-8) പറഞ്ഞിരിക്കുന്നതിന്‍റെ ആറിരട്ടി തീവ്രതയിലാണ് യേശുവിന്‍റെ പ്രബോധനങ്ങളും (ലൂക്കാ5: 33-39; 6: 1-8; 21: 1-4 തുടങ്ങിവ) പ്രഖ്യാപനങ്ങളും.

പഴയനിയമ പ്രവാചകന്മാരുടേതുപോലുള്ള ഒരു വിളിവിവരണമാണ് ലൂക്കാ 4:14-30. താന്‍ ആരാണെന്നും തന്‍റെ ആഗമനോദ്ദേശം എന്താണെന്നും ദൗത്യം എന്താണെന്നും പഴയനിയമപ്രവാചക പാരമ്പര്യം അവലംബമാക്കി അവന്‍ വ്യക്തമാക്കി: "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു (ലൂക്കാ 4: 18-19). എന്നാല്‍ "ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല" (ലൂക്കാ 4: 24) എന്ന് പഴയനിയമ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് അവന്‍ പ്രസ്താവിച്ചു. ഏലിയാ പ്രവാചകന്‍റെ കാലത്ത് മൂന്നുവര്‍ഷവും ആറുമാസവും ക്ഷാമം ഉണ്ടായപ്പോള്‍ സീദോനിലെ സറെപ്തായിലെ വിധവയുടെ അടുത്തേയ്ക്കു മാത്രമാണ് ഏലിയാ അയയ്ക്കപ്പെട്ടത് എന്നതും, ഏലിയാ പ്രവാചകന്‍റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നിട്ടും സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖപ്പെട്ടില്ല എന്നതും തന്‍റെ സമകാലീനരായ ശ്രോതാക്കളെ അനുസ്മരിപ്പിച്ചുകൊണ്ട്, രക്ഷാകരവാഗ്ദാനങ്ങള്‍ ഇസ്രായേലില്‍നിന്ന് എടുത്തുമാറ്റപ്പെടുവാന്‍ പോകുന്നു എന്ന സത്യം യേശു പ്രഖ്യാപിച്ചു. അതിശക്തനായ ഒരു പ്രവാചകനുമാത്രം പ്രഖ്യാപിക്കാന്‍ ധൈര്യം കിട്ടുന്ന പ്രഖ്യാപനമാണിത്.

ആഴമേറിയ ദൈവാനുഭവത്തിന്‍റെ ഉടമ ആയിരുന്നു യേശു. ദൈവത്തെ സ്വന്തം പിതാവ്, ആബാ ആയിക്കാണുകയും ബന്ധപ്പെടുകയും ജീവിക്കുകയും ചെയ്തു. (ലൂക്കാ 9: 28-36, മത്താ 17: 1-8, മത്താ 9: 2-6). "ഇവന്‍ എന്‍റെ പ്രിയപുത്രന്‍; എന്‍റെ തെരഞ്ഞെടുക്കപ്പെട്ടവന്‍. അവന്‍റെ വാക്കു ശ്രവിക്കുവിന്‍." യഹൂദപാരമ്പര്യത്തിലെ പ്രവാചകന്മാരാണ് ഏശയ്യാ, ജെറെമിയാ, എസെക്കിയേല്‍, ദാനിയേല്‍, ഹോസിയ, ആമോസ്, മിക്കാ തുടങ്ങിയവര്‍. യേശുവിന് വഴിയൊരുക്കുവാന്‍ വന്ന സ്നാപകയോഹന്നാന്‍ അതിശ്രേഷ്ഠമായ പുരോഹിത പാരമ്പര്യത്തിന്‍റെ ഉറപ്പുള്ള കണ്ണിയാണ്. യേശുതന്നെയും ആര്‍ദ്രതയുടെയും സ്നേഹത്തിന്‍റെയും ധൈര്യത്തിന്‍റെയും ആള്‍രൂപമാണ്. മതത്തിന്‍റെ യാഥാസ്ഥിതിക നിലപാടുകളെ വെല്ലുവിളിച്ചു തോല്പിച്ചുകൊണ്ട് അവന്‍ പുറംതള്ളപ്പെട്ടവര്‍ക്കും അവശര്‍ക്കുമായി ജീവന്‍ ബലിയര്‍പ്പിച്ചു.

മൂന്നാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടുകൂടി ക്രൈസ്തവസഭയില്‍ പുരോഹിതസംഘടനകളും പുരോഹിതനേതൃത്വവും ശക്തിപ്രാപിക്കുകയും പ്രവാചകശബ്ദം സാവധാനം നിശബ്ദമാക്കപ്പെടുകയും ചെയ്തു. മൂന്നുംനാലും നൂറ്റാണ്ടോടുകൂടി സഭയിലെ പ്രവാചകശബ്ദം നിലച്ചുവെന്നു പറയാം. അങ്ങനെ പ്രവാചകശുശ്രൂഷ തന്നെ സഭയ്ക്ക് അന്യമായി. സഭയിലെ ഇന്നത്തെ പ്രതിസന്ധിക്ക് മുഖ്യകാരണം ഇതാണ്.

മനുഷ്യനെ മനുഷ്യനല്ലാതാക്കിത്തീര്‍ക്കുന്ന ശക്തികളോട് യേശു 'അരുത്' എന്ന് സധൈര്യം പറഞ്ഞു. തങ്ങളുടെ കാലഘട്ടത്തിന്‍റെ ചരിത്രഗതിയില്‍ പൂര്‍ണമായി ഉള്‍പ്പെട്ടു ജീവിക്കുവാന്‍ പ്രവാചകന്മാര്‍ ജനത്തോട് ആഹ്വാനം ചെയ്തു. ദൈവികപദ്ധതി സ്വജീവിതത്തില്‍ ഏറ്റുവാങ്ങി ജീവിക്കുവാന്‍ പ്രവാചകന്മാര്‍ക്ക് സാധിക്കുന്നു. ഉദാഹരണമായി ബി. സി. എട്ടാം നൂറ്റാണ്ടില്‍ (ബി.സി. 760) ഒരു വേശ്യയെ വിവാഹം കഴിക്കാനും അവളില്‍നിന്ന് സന്താനങ്ങളെ ജനിപ്പിക്കാനും താന്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേകപേരുകള്‍ കുട്ടികള്‍ക്ക് കൊടുക്കുവാനും യാഹ്വേ  ഹോസിയാ പ്രവാചകനോട് കല്പിക്കുന്നു. ഉടമ്പടിയോടുള്ള ഇസ്രായേലിന്‍റെ അവിശ്വസ്തത ഹോസിയാ പ്രവാചകന്‍ സ്വജീവിതത്തില്‍ ജീവിച്ചുകാണിക്കാന്‍ വേണ്ടിയുള്ള ദൈവികപദ്ധതിയാണിത്(ഹോസി 1-3). ദൈവമായ കര്‍ത്താവിനെ പ്രവാചകന്‍ അനുസരിക്കുന്നു. എന്നാല്‍ ഏതാണ്ട് ഒന്നരനൂറ്റാണ്ടുകള്‍ക്കുശേഷം (ബി.സി. 640-587) ഇതിന് നേര്‍വിപരീതമായി വിവാഹം പാടില്ല, ഭാര്യ പാടില്ല, മക്കള്‍ പാടില്ല, കുടുംബം പാടില്ല, ആരുടെയും ദുഃഖത്തില്‍ പങ്കുചേരരുത്, ആരുടെയും സന്തോഷത്തിലും പങ്കുചേരരുത് എന്നും, എന്നും ഒറ്റപ്പെട്ടു ജീവിക്കണമെന്നും ജെറെമിയാ പ്രവാചകനോട് യാഹ്വേ ആവശ്യപ്പെടുന്നു(ജെറെ16: 1-9). ഇവിടെയും ജെറുസലേമിനെയും യൂദായെയും "പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും തകിടം മറിക്കാനും നശിപ്പിക്കാനും..." ഉള്ള ദൈവികപദ്ധതി ജെറെമിയ തന്‍റെ ജീവിതത്തില്‍ ജീവിച്ചുകാണിക്കണം. പ്രവാചകന്‍ തന്നെ ഇവിടെ പ്രവചനമായി മാറുന്നു; ഇത് പഴയനിയമപ്രവചനത്തിന്‍റെ ഉച്ചാവസ്ഥയാണ്; അത്യുദാത്ത അവസ്ഥ. വചനം മാംസമാകുന്നു എന്നുള്ള പുതിയനിയമ പ്രബോധനമാണ് ഇതിനടുത്തപടിയും എല്ലാത്തിന്‍റെയും പൂര്‍ത്തീകരണവും. അതിനാല്‍, പ്രവചനം എന്നാല്‍ ഓരോ കാലഘട്ടത്തേയും സംബന്ധിച്ചുള്ള ദൈവികപദ്ധതി, ദൈവികരഹസ്യം സ്വജീവിതത്തില്‍ ഏറ്റുവാങ്ങി ജീവിക്കുക എന്നതാണ.് ആത്യന്തികമായി പ്രവചനം ദൈവികരഹസ്യവുമായും ദൈവിക പദ്ധതിയുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. മറ്റെന്തൊക്കെ പറഞ്ഞാലും ചെയ്താലും പ്രചരിപ്പിച്ചാലും അതൊന്നും പ്രവചനം അല്ല. കാര്യങ്ങളെല്ലാം ശുഭമായിട്ടാണ് പോകുന്നതെന്ന് നടിച്ചിട്ടു കാര്യമില്ലെന്ന് പ്രവാചകന്മാര്‍ മുഖത്തുനോക്കി പറഞ്ഞു. വേണ്ടത്ര വ്യക്തത ഇല്ലാതെ കാര്യങ്ങളെല്ലാം ശുഭമായിരിക്കുന്നു എന്നു പറയുന്നവര്‍ വ്യാജപ്രവാചകന്മാരാണ്. യഥാര്‍ത്ഥ പ്രവാചകന്മാര്‍ വളരെ പ്രത്യേകമായി, ഓരോ സാഹചര്യത്തെയും വ്യക്തികളെയും കണക്കിലെടുത്തുകൊണ്ടാണ് സംസാരിക്കുന്നത്. ജനത്തിന്‍റെ മരവിപ്പിനെയും ആത്മവഞ്ചനയേയും തകര്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. ഇപ്രകാരം പ്രവാചകന്മാര്‍ ആഴമേറിയ ദൈവികധ്യാനത്തിന്‍റെയും വ്യക്തിപരമായ ദൈവാനുഭവത്തിന്‍റെയും രക്ഷാകരമായ സഹനത്തിന്‍റെയും ദൈവികരഹസ്യങ്ങള്‍ സ്വജീവിതത്തില്‍ ജീവിച്ചവരാണ്.

പഴയനിയമത്തിലെ പ്രവാചകന്മാരെപ്പോലെ യേശു പ്രതീകാത്മകപ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. ഫലം തരാത്ത അത്തിവൃക്ഷത്തെ ശപിക്കുന്നു. (മര്‍ക്കോ 11: 12-14; മത്താ. 21: 18-19). യേശുവിന്‍റെ ദേവാലയശുദ്ധീകരണം ശക്തമായ ഒരു പ്രതീകാത്മക പ്രവൃത്തിയാണ് (മത്താ 21: 12-13; ലൂക്കാ 19: 45-46; മര്‍ക്കോ 11: 15-17).

സ്നാപകയോഹന്നാനു ശേഷമാണ് യേശുവിന്‍റെ ആഗമനം. അവന്‍ സമൂഹത്തിന്‍റെ പുറംപോക്കില്‍ ജീവിക്കുകയും പാര്‍ശ്വവത്കരിക്കപ്പെട്ട സഹോദരങ്ങളോട് സംവദിക്കുകയും ചെയ്തു. അവര്‍ അവനെ ശ്രവിച്ചു. അവന്‍റെ ജനനത്തില്‍ എത്തിയ ആട്ടിടയന്മാര്‍ തുടങ്ങി അവനെ പിന്തുടര്‍ന്ന ജനാവലിവരെ എല്ലാവരും അവന്‍റെ ആര്‍ദ്രത പലരൂപത്തില്‍ സ്വീകരിച്ചു. നിലവിലിരുന്ന സാമൂഹികക്രമത്തെ അവന്‍ രൂക്ഷമായി വിമര്‍ശിച്ചു. 'അനുതാപം' എന്നാല്‍ ആത്മീയതലത്തില്‍ മാത്രം നടക്കേണ്ട ഒരു ഭക്തവിചാരം മാത്രമല്ലെന്നും, സാമൂഹികമായ മാറ്റത്തിനും ധാര്‍മ്മികമായ നവീകരണത്തിനും അതു വഴിതെളിക്കണമെന്നും അവന്‍ പഠിപ്പിച്ചു. സാമൂഹികബന്ധങ്ങളില്‍ അലിയാതെയും ദഹിക്കാതെയും കിടക്കുന്ന കാര്യങ്ങള്‍ അലിയിപ്പിക്കുകയും ദഹിപ്പിക്കുകയും ആണ് അനുതാപത്തിന്‍റെ ധര്‍മ്മം. ആരോഗ്യകരമായ സാമൂഹികക്രമം രൂപപ്പെടുത്തുകയാണ് അനുതാപത്തിന്‍റെ മുഖ്യധര്‍മ്മം. അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്ക് അവന്‍ ജനത്തെ നയിച്ചു. നിശ്ശബ്ദമാക്കപ്പെട്ട വേദനയ്ക്ക്  ശബ്ദം നല്കുവാന്‍ അവനു കഴിഞ്ഞതിനാല്‍ അവിടെ നൂതനത്വം പൊട്ടിവിടര്‍ന്നു. പ്രകാശിതമായ വേദന നൂതനത്വത്തിന്‍റെ വാതിലാണ്. മനുഷ്യവംശത്തിന്‍റെ മുഴുവന്‍ വേദനയില്‍ പ്രവേശിക്കുന്നതിന്‍റെയും അതിന് ശബ്ദം നല്കുന്നതിന്‍റെയും ചരിത്രമാണ് നസ്രത്തിലെ യേശുവിന്‍റെ ചരിത്രം.

പഴയനിയമത്തിലെ പ്രവാചകവചനങ്ങള്‍ യേശു ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ശ്രവിക്കുകയും ചെയ്തിരുന്നു എന്നത് അവന്‍റെ വലിയൊരു പ്രത്യേകതയാണ്. വചനം പ്രയോജനപ്പെടുത്തി പ്രലോഭകന് സത്വരം മറുപടി പറയാന്‍ അവനു കഴിഞ്ഞത് അതിനാലാണ് (ലൂക്കാ 4: 1-13). യഥാര്‍ത്ഥമായ ഏകാന്തതയും ദൈവസന്നിധിയിലുള്ള നിശ്ശബ്ദപ്രാര്‍ത്ഥനയും പിതാവിന്‍റെ വഴികളോട് അനുരൂപപ്പെടുവാന്‍  അവനെ പ്രാപ്തനാക്കി. യേശുവിന്‍റെ പ്രവാചകദൗത്യത്തിന്‍റെയും ജീവിതത്തിന്‍റെയും ശക്തിയും സ്രോതസും ദൈവം മാത്രമാണ്. ധ്യാനാത്മകമായ അസ്തിത്വമാണ് പ്രവാചകശുശ്രൂഷയുടെ അടിസ്ഥാനം. സമൂഹത്തിലെ ഏറ്റവും ഭഗ്നാശരായവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും പറയുവാന്‍ പ്രത്യാശയുടെ വാക്ക് അവനുണ്ടായിരുന്നു. പ്രവാചകവചനങ്ങള്‍ ഒരേസമയം അസ്വസ്ഥമാക്കുകയും പ്രത്യാശ നല്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ശുദ്ധീകരിക്കുന്ന സാന്നിധ്യവുമായി അടുത്തായിരിക്കുക ഇതിനാവശ്യമാണ്.    

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts