news-details
കവർ സ്റ്റോറി

പ്രവചനവും പ്രവാചകനും

വേദപുസ്തക ചരിത്രത്തില്‍ പ്രവാചകന്മാര്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. മതജീവിതത്തില്‍ പ്രത്യേകിച്ച് സെമിറ്റിക് മതങ്ങളില്‍ എക്കാലത്തും പ്രവാചകന്മാരും പ്രവചനങ്ങളും ഒരു അനിവാര്യതയായിരുന്നു. ആശയപരമായി ഈ സ്ഥാപനത്തിന്‍റെ രൂപത്തിലും ഉള്ളടക്കത്തിലും പരിണാമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വേദപുസ്തകചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമാണ് പ്രവാചകന്മാര്‍ അലങ്കരിക്കുന്നത്. ദൈവത്തിന്‍റെ അഭീഷ്ടങ്ങള്‍ ചരിത്രത്തില്‍ പ്രഘോഷിപ്പിക്കുന്നവനാണ് പ്രവാചകന്‍. അതായത് ദൈവത്തിന്‍റെ വായും വാക്കുമാണ് പ്രവാചകന്‍. പ്രവാചകന്‍ പുറത്തേക്ക് പറയുന്നതോ ദൈവത്തിന്‍റെ അരുളപ്പാടാണ്. ഇതിന് വാക്കിന്‍റെയും അടയാളത്തിന്‍റെയും നിറം ചാര്‍ത്തുന്നത് പ്രവാചകന്‍ എന്ന സാധാരണ മനുഷ്യന്‍. അതുകൊണ്ടുതന്നെ ദൈവവും മനുഷ്യനും ഒരുമിച്ചുചേര്‍ന്ന് ഭൂമിയില്‍ നടത്തുന്ന വലിയ ഇടപെടലാണ് പ്രവചനങ്ങളെന്നു പറയാന്‍ സാധിക്കും.

പ്രവാചകന്മാരെക്കുറിച്ച് പഠിക്കുമ്പോള്‍ ഇന്ന് എന്നപോലെതന്നെ മുന്‍കാലങ്ങളിലും കള്ളപ്രവാചകന്മാര്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ആരാണ് ശരിയായ ദൈവത്തിന്‍റെ പ്രവാചകനെന്നും ആര് പറയുന്നതാണ് ദൈവത്തിന്‍റെ അരുളപ്പാട് എന്നും സംബന്ധിച്ച ഭിന്നത പ്രവചനപുസ്തകങ്ങളില്‍തന്നെ കാണാന്‍ സാധിക്കും. താന്‍ ആര്‍ക്കുവേണ്ടിയാണോ പ്രവചിക്കുന്നത്, അവരുടെ മനസ്സറിഞ്ഞ് ആഗ്രഹനിവൃത്തിക്കുവേണ്ടി പ്രവചനം നടത്തുന്ന പ്രവാചകന്മാരെ നമുക്ക് പഴയനിയമത്തില്‍ കാണാന്‍ സാധിക്കും. ഇതുകൊണ്ടുതന്നെ പ്രവാചകശുശ്രൂഷ വളരെ വിമര്‍ശനങ്ങള്‍ നേരിടുന്നതിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും ഈ സ്ഥാപനത്തിന്‍റെ ആന്തരികചാലകത്വം (Innerdynamics) വിസ്മയാവഹമായ ഒന്നുതന്നെയാണ്. ഈ ചെറിയ കുറിപ്പ് ചരിത്രപരമായ ഒരു അന്വേഷണം സാധ്യമാക്കുക എന്നതിലുപരി പ്രവാചകശുശ്രൂഷ ചരിത്രപരമായി പുലര്‍ത്തിവന്ന ആന്തരികചാലകത്വത്തിലേക്ക് ഒരു അന്വേഷണം നടത്താനുള്ള ഒരു എളിയ ശ്രമവുമാണ്.

പഴയനിയമ പ്രവചനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു നീണ്ടകാല ചരിത്രം ഈ സ്ഥാപനത്തിനുണ്ടെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. അതുമാത്രമല്ല, കാലഘട്ടങ്ങള്‍ക്കനുസൃതമായി വിവിധ പേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ദൈവപുരുഷന്‍, ദീര്‍ഘദര്‍ശി, പ്രവാചകന്‍ എന്നീ പേരുകള്‍ അതിന് ചില ഉദാഹരണങ്ങളാണ്. സാമുവേലിന്‍റെ പുസ്തകത്തില്‍ പ്രവാചകന്‍ അക്കാലത്ത് ദീര്‍ഘദര്‍ശി എന്നാണ് വിളിക്കപ്പെട്ടിരുന്നത് (1. സമു. 9:9) എന്നു പറയുമ്പോള്‍തന്നെ ഇതിന്‍റെ പേരിനോടൊപ്പം പ്രവര്‍ത്തനരീതികള്‍ക്കും മാറ്റമുണ്ടായി എന്നും കരുതാവുന്നതാണ്. ദൈവത്തിന്‍റെ പ്രത്യേക സംരക്ഷണയുടെ അടയാളമായി പ്രവാചകന്‍ എന്ന പദം ഉപയോഗിക്കുന്നുണ്ട് (ഉല്പ. 20:7). ഇസ്രായേലില്‍ രാജഭരണത്തിനു തൊട്ടുമുമ്പുള്ള കാലഘട്ടത്തിലാണ് പ്രവചനം എന്നത് വലിയൊരു പ്രസ്ഥാനമായി രൂപം പ്രാപിക്കുന്നത്. ഇവിടെ യഹോവയുടെ ആത്മാവ് ഒരുവന് പകര്‍ന്നുലഭിക്കുമ്പോള്‍ ഉന്മാദാനുഭവത്തിലേക്ക് പോകുന്നതും പ്രവചിക്കുന്നതുമായിട്ടാണ് കാണുന്നത് (1.സമു. 10:6-8, 10-13). പ്രവാചകസംഘം, പ്രവാചകശിഷ്യന്മാര്‍ (Prophetic guild, Professional prophets, Prophetic disciples)  എന്നീ നിലകളിലെല്ലാം അറിയപ്പെടുന്നുണ്ട്. (1.രാജാ. 20:35, 2.രാജാ. 2:3, 6:1, 5:22) സമുവേലുതന്നെ പ്രവാചകസംഘത്തിന്‍റെ നേതാവായിരുന്നു (1. സമു. 19:20) എന്നും മനസ്സിലാക്കാന്‍ സാധിക്കും. മോശയുടെ കാലത്തും മുകളില്‍ കാണുന്ന രീതികളോടെയുള്ള പ്രവാചകശുശ്രൂഷ നിലനിന്നിരുന്നുവെന്നതു വിസ്മരിക്കാന്‍ സാധിക്കുന്നതല്ല (സംഖ്യ. 11:24-30).

രാജഭരണത്തിനു മുമ്പുള്ള ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായ സ്ഥാനമാണ് ദൈവപുരുഷനായ സമുവേലിനുള്ളത്. ഗോത്രാചാരപ്രകാരമുള്ള ന്യായാധിപന്മാരുടെ ഭരണനേതൃത്വത്തില്‍നിന്ന് രാജഭരണത്തിലേക്കുള്ള പകര്‍ച്ചക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് സമുവേലാണ്. Tribal confederancy നിന്ന് Monarchy ലേക്കുള്ള ദൂരം, ഈയൊരു മാറ്റത്തില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ എന്നിവ അക്കമിട്ട് സമുവേല്‍ നിരത്തുന്നുണ്ട്. (1.സമു.8:10-22) അക്കാലത്ത് രാജാവിനെ തങ്ങള്‍ക്കും വേണം എന്ന ആവശ്യത്തിലേക്ക് യഹൂദന്മാര്‍ എത്താന്‍ കാരണങ്ങള്‍ പലതാണ്. സമുവേല്‍ വൃദ്ധനായിരിക്കുന്നു, ന്യായാധിപന്മാരായി സമുവേലിന്‍റെ മക്കളെ നിയമിച്ചെങ്കിലും അവര്‍ ദ്രവ്യാഗ്രഹികളായിരുന്നു. മറ്റു ജനതകള്‍ക്ക് രാജാവുണ്ട്, ഇതാണ് ഏകീകൃത രാജ്യമെന്ന ആശയത്തിലേക്ക് ഇസ്രായേല്‍ എത്തിച്ചേരാന്‍ കാരണം. ഇവിടെ സമുവേല്‍ നടത്തുന്ന പ്രവചനം രാജഭരണത്തിന് ആഗ്രഹിക്കുന്ന ജനത്തിനുള്ള താക്കീത് മാത്രമല്ല അക്കാലത്ത് രാജഭരണം നിലനിന്നിരുന്ന രാജ്യങ്ങളുടെ രാഷ്ട്രീയജീവിതത്തിന്‍റെ മനോഹരമായ അപഗ്രഥനവുമാണ്. വാസ്തവത്തില്‍ ഈ പ്രവചനമാണ് തുടര്‍ന്നുള്ള കാലഘട്ടത്തിലേക്ക് പ്രവാചകശുശ്രൂഷയെ ബന്ധിപ്പിക്കുന്നത്.

രാജഭരണകാലത്തെ പ്രവാചകദൗത്യം തികച്ചും വ്യത്യസ്തമാണ്. കാരണം സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി എന്നതാണ്. അധികാരം കേന്ദ്രീകരിക്കപ്പെട്ടു, ഈ അധികാരസ്ഥാപനവുമായി ബന്ധപ്പെട്ട് അനേകം ചെറുഅധികാരകേന്ദ്രങ്ങളുണ്ടായി, അധികാരികള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കും ചുറ്റുമായി പ്രവാചകന്മാരും അവരുടെ സമൂഹങ്ങളും പടര്‍ന്നുപന്തലിച്ചു. സമൂഹമദ്ധ്യത്തില്‍ മതപരമായ സ്വീകാര്യത ഉറപ്പുവരുത്തേണ്ടത് രാജാക്കന്മാരുടെ നിലനില്‍പിന് ആവശ്യമായിരുന്നതുകൊണ്ടാണ് ഇത്തരം ഒരു വികസനം ഉണ്ടായത്. ഇത് നിര്‍വ്വഹിച്ചുകൊടുത്തിരുന്നത് വേദപുസ്തകത്തിന്‍റെ ഭാഷയില്‍ കള്ളപ്രവാചകന്മാരായിരുന്നു(ജെറമിയ 28:1-16). എന്നാല്‍ എട്ടാം നൂറ്റാണ്ടില്‍ തുടങ്ങി ഏഴ്, ആറ് നൂറ്റാണ്ടില്‍ ചെറുതും വലുതുമായ പ്രവാചകന്മാരുടെ ശുശ്രൂഷ പരിശോധിക്കുമ്പോള്‍ അധികാരസ്ഥാനങ്ങള്‍ക്കെതിരെ, നീതിനിഷേധത്തിനെതിരെ ദൈവനീതിയുടെ വക്താക്കളാകുകയായിരുന്നു പ്രവാചകന്മാര്‍. ദൈവത്തെ മറന്നുകളഞ്ഞ ജനത്തിന് തക്കശിക്ഷ നല്‍കും എന്ന താക്കീതായിരുന്നു അക്കാലത്തെ പ്രവചന പുസ്തകങ്ങള്‍.മുന്‍പ് പ്രതിപാദിച്ചതുപോലെ ഈയൊരു കാലഘട്ടമാകുമ്പോഴേക്കും രാജഭരണകാലത്തിനുമുമ്പുണ്ടായിരുന്ന പ്രവാചകദൗത്യത്തിന്‍റെ ഊടുംപാവും ആകപ്പാടെ മാറിയിരുന്നു. പ്രമുഖപ്രവാചകന്മാരായിരുന്ന ആമോസും സഖറിയായും പ്രവാചകന്‍ എന്ന വാക്കുകൊണ്ട് തങ്ങളെതന്നെ പ്രതിനിധാനം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് കാണാന്‍ സാധിക്കും. (ആമോസ്. 7:17, സഖറിയ. 13:5) ഈയൊരു കാലഘട്ടമാകുമ്പോള്‍ അധികാരത്തിന്‍റെയും സ്ഥാനമാനങ്ങളുടെയും സ്വാധീനം ഇസ്രായേലിന്‍റെ ഏറ്റവും പ്രധാനശൂശ്രൂഷയായ പ്രവാചകദൈവവിളിയെ വെറുമൊരു സ്ഥാപനമാക്കി അതിന്‍റെ ആന്തരിക ചാലകത്വത്തെ ദൈവനീതിക്ക് എതിരാക്കി എന്നതാണ് വസ്തുത. ഇതിന് മാറ്റംവരുത്തുന്നത് 8-ാം നൂറ്റാണ്ടിലെ പ്രവാചകന്മാരാണ്.

8-ാം നൂറ്റാണ്ടിലും അതിനുശേഷവും ഉണ്ടായ പ്രവാചകന്മാരുടെ കാലമാകുമ്പോഴേക്കും പ്രവചനത്തിന്‍റെ അവതരണരീതിക്കും പ്രവചനവിഷയങ്ങള്‍ക്കും വ്യത്യാസം വന്നു. മുമ്പ് ഇത് പരമ്പരാഗതമായി കൈവന്നുകൊണ്ടിരുന്ന ദൈവവിളി ആയിരുന്നെങ്കില്‍ ഈ കാലഘട്ടമാകുമ്പോള്‍ അതില്‍നിന്ന് പാടെ മാറുകയാണ്. എസെക്കിയേല്‍ ഒരു പുരോഹിതനായിരുന്നു, ഏശയ്യരാജകുടുംബ പരമ്പരയില്‍നിന്നാണ്, മിഖ ഒരു പ്രൊവിന്‍സിന്‍റെ നേതാവാണ്, ആമോസ് ഇടയനാണ് എന്നിങ്ങനെ തങ്ങളെത്തന്നെയും തങ്ങളുടെ ജോലി പാരമ്പര്യങ്ങളെയും ദൈവത്തിന്‍റെ അരുളപ്പാടുകളുടെ അടയാളമാക്കി മാറ്റുന്നവരെയാണ് ദൈവം പ്രവാചകന്മാരായി തെരഞ്ഞെടുക്കുന്നത്. ഏശയ്യ പ്രവാചകന്‍റെ 61-ാം അദ്ധ്യായം താന്‍ ഏറ്റെടുക്കുന്ന വലിയ ദൗത്യങ്ങളെ ധൈര്യപൂര്‍വ്വം ഏറ്റുപറയുകയാണ്. പ്രവാചകദൗത്യം നിറവേറ്റിയതിന്‍റെ പേരില്‍ മാനസികമായും ശാരീരികമായും ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്ന പ്രവാചകനാണ് ജെറെമിയ. താന്‍ പ്രവചിച്ചത് അങ്ങനെതന്നെ നടപ്പാക്കുന്നത് ജീവിതകാലത്തുതന്നെ കാണേണ്ടിവരികയും പിന്നീട് ഈജിപ്റ്റിലേക്ക് നാടുകടത്തപ്പെടുകയും ചെയ്യുന്നുണ്ട് ഇദ്ദേഹം. പിന്നീട് നുകവും കയറും ഉണ്ടാക്കി കഴുത്തില്‍വെച്ച് (ജെറ. 27:2) വരുവാനുള്ള അടിമത്തം തന്നില്‍തന്നെ അടയാളപ്പെടുത്തി പ്രവാചകന്‍ കാണിച്ചുകൊടുക്കുന്നു. സ്വന്തം വിവാഹജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഹോസിയ പ്രവാചകന്‍. അരുളപ്പാടുകള്‍ വാക്കുകൊണ്ട് പ്രസ്താവിക്കുക മാത്രമല്ല, അത് സ്വന്തം ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന ദൈവത്തിന്‍റെ ജീവിക്കുന്ന സാക്ഷികളാണ് പ്രവാചകന്മാര്‍ എന്ന് ജീവിതംകൊണ്ട് സാക്ഷിക്കുന്നവരാവുകയാണ് ഈ പ്രവാചകന്മാര്‍.

പ്രവാചകന്മാരുടെ തെരഞ്ഞെടുപ്പ് പ്രത്യേകം പരാമര്‍ശിക്കേണ്ടതുതന്നെയാണ്. ڇദൈവമായ കര്‍ത്താവ് സംസാരിച്ചു, ആര്‍ക്ക് പ്രവചിക്കാതിരിക്കാന്‍ കഴിയുംڈ(ആമോസ്. 3:8). ജെറെമിയ പ്രവാചകന്‍റെ തെരഞ്ഞെടുപ്പും ഇപ്രകാരമാണ്: ڇ"ഇതാ, എന്‍റെ വചനങ്ങള്‍ നിന്‍റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും, ഇടിച്ചുതകര്‍ക്കാനും, നശിപ്പിക്കാനും, തകിടംമറിക്കാനും, പണിതുയര്‍ത്താനും, നട്ടുവളര്‍ത്താനും വേണ്ടി ഇന്ന് ഇതാ ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ ഞാന്‍ നിന്നെ അവരോധിച്ചിരിക്കുന്നു"(ജെറ. 1:9-10). ഇവിടെ പ്രവാചകന്‍ എന്ന വാക്കിന് നാം കൊടുക്കുന്ന പരിമിതമായ അര്‍ത്ഥത്തിനപ്പുറത്തേക്ക് പ്രവാചക ശുശ്രൂഷ വളരുന്നുണ്ട്. പ്രമുഖരായ മറ്റ് എല്ലാ പ്രവാചകന്മാരുടെ തെരഞ്ഞടുപ്പിലും ഈ പ്രത്യേകത നമുക്ക് കാണാന്‍ സാധിക്കും. അനീതി നടമാടുന്ന സാമൂഹ്യവ്യവസ്ഥിതി, പാവപ്പെട്ടവനെ വീര്‍പ്പുമുട്ടിക്കുന്ന രാഷ്ട്രീയ ഭരണസംവിധാനം, സത്യദൈവാരാധനയില്‍ നിന്നുള്ള അകന്നുപോക്ക് ഇത്തരത്തിലുള്ള അനേക സാമൂഹ്യ-രാഷ്ട്രീയ-മത-സാംസ്കാരിക സാഹചര്യങ്ങളെ വ്യക്തമായി അപഗ്രഥിച്ച് ദൈവേഷ്ടം എന്താണ് എന്ന് തിരിച്ചറിഞ്ഞ് പ്രവാചകന്‍ പ്രഘോഷിക്കുന്നു. സംഘടിതമായ ഘടനകള്‍ക്കെതിരെയാണ് പ്രവാചകന്‍ സംസാരിക്കുന്നത്. അനേക കള്ളപ്രവാചകന്മാരുടെ ഇടയില്‍നിന്നാണ് ഈ പ്രവാചകന്മാര്‍ക്കും പ്രവചിക്കേണ്ടിവരുന്നത്. തങ്ങളിലൂടെ പുറത്തുവരുന്ന ദൈവശബ്ദം അനേകരുടെ ശബ്ദങ്ങളുടെ മുകളില്‍ കേള്‍പ്പിക്കേണ്ടതും പ്രവാചകനാണ്. താന്‍ ദൈവത്തിന്‍റെ പ്രവാചകനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. പ്രവാചകനെ ദൈവം വിളിക്കുന്നതും അരുളപ്പാടുകള്‍ കൊടുക്കുന്നതും തികച്ചും വ്യക്തിപരമായ സാഹചര്യങ്ങളിലാണ്. ജനമധ്യത്തില്‍ അംഗീകാരം നേടിയെടുത്ത് ദൈവവഴിയിലേക്ക് ദൈവജനത്തെ തിരിപ്പിക്കേണ്ട ഭാരിച്ച ഉത്തവാദിത്തമാണ് പ്രവാചകനുള്ളത്. ഇന്ന് ദൈവജനത്തിന്‍റെ മദ്ധ്യേവച്ച് ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ് എന്ന് സാക്ഷ്യപ്പെടുത്തല്‍ ലഭിച്ചാല്‍പോലും ദൈവത്തിന്‍റെ പ്രവാചകനോ പുരോഹിതനോ ആകാന്‍ നമുക്ക് സാധിക്കാതെ പോകുന്നുണ്ട്. സ്തുതിപാഠകരായ അനേക കള്ളപ്രവാചകന്മാരുടെയിടയില്‍ സത്യദൈവത്തിന്‍റെ ശബ്ദം കേള്‍പ്പിക്കാന്‍ പ്രവാചകന് ഇടം കിട്ടിയെങ്കില്‍ അത് ദൈവം നിക്ഷേപിച്ച വാക്ക് വായിലുള്ളതുകൊണ്ടും പ്രവാചകന്‍ എന്ന വ്യക്തിയുടെ ധീരതകൊണ്ടും മാത്രമാണ്.

പ്രവാചകശുശ്രൂഷയുടെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ഈ സ്ഥാപനത്തിന് പലതരത്തിലുള്ള രൂപപരിണാമങ്ങള്‍ സംഭവിച്ചു എന്ന് നമുക്ക് കാണാന്‍ സാധിച്ചു. ആദ്യകാലങ്ങളില്‍ പ്രവാചകന്‍ ഒരു മാധ്യമം മാത്രമായിരുന്നുവെങ്കില്‍, പില്‍ക്കാലത്ത്  പ്രവാചകന്‍തന്നെ അടയാളവും സന്ദേശവും ആവുകയാണ്. അതായത് പ്രൊഫഷണല്‍ ആയ ഒരു പ്രവര്‍ത്തനം മാത്രമായേ ആദ്യകാലങ്ങളില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് പ്രവാചകഗണം (Prophetic guild) പ്രവചനം നിര്‍വ്വഹിക്കുന്നത് തങ്ങളുടെ കയ്യിലുള്ള വാദ്യോപകരണങ്ങള്‍കൊണ്ട് പാട്ടുപാടി നൃത്തംചെയ്ത് ഉന്മാദാവസ്ഥയില്‍ എത്തുമ്പോളായിരുന്നു. അപ്പോള്‍ അവര്‍ വിളിച്ചുപറയുന്നത് പ്രവചനമായി പരിഗണിച്ചിരുന്നു. ഇങ്ങനെയുള്ള വിളിച്ചുപറച്ചിലുകള്‍ തീരുന്നതോടുകൂടി പ്രവാചകസമൂഹത്തിന്‍റെ ദൗത്യവും അവസാനിച്ചിരുന്നു (1. സമു. 10:10-13). ഇവര്‍ ഇത് ഒരു തൊഴിലായി സ്വീകരിച്ചിരുന്നവരായിരിക്കണം എന്നുവേണം അനുമാനിക്കാന്‍. പില്‍ക്കാലത്ത് പ്രവചനം എന്നതോ, പ്രവാചകന്‍ എന്നതോ ഒരാളുടെ ജോലിയല്ല. അത് ഒരു വ്യക്തിയുടെ ആത്മനിഷ്ഠമായ (Subjective experience) ദിവ്യാനുഭവമാണ്. പ്രവാസത്തിനു മുമ്പും പ്രവാസത്തിലിരിക്കുമ്പോഴും പ്രവാസത്തിനുശേഷവും നാം കാണുന്ന ഓരോ പ്രവചനഗ്രന്ഥങ്ങളും ഈ നിലയിലാണ് നമ്മെ ചിന്തിപ്പിക്കുന്നത്.

സാമൂഹ്യ-സാമ്പത്തിക-മത-സാംസ്കാരിക ഘടനകളോടുള്ള സന്ദേശമായിരുന്നു പ്രവചനങ്ങള്‍. അനീതിയുടെ ഘടനകളെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ക്കും അതിനായി രാഷ്ട്രീയ അധികാരം ഉപയോഗിക്കുന്നവര്‍ക്കും മതത്തെ ലാഭക്കണ്ണുകൊണ്ട് കണ്ട് കച്ചവടച്ചരക്കാക്കുന്നവര്‍ക്കും എതിരെയുള്ള ദൈവത്തിന്‍റെ നീതിയുടെ പ്രഘോഷകരായിരുന്നു പ്രവാചകന്മാര്‍. സാമൂഹ്യമാറ്റമാണ് പ്രവാചകന്‍റെ ലക്ഷ്യം. അനീതിയുടെ സാമൂഹ്യഘടനകളെ പരിപോഷിപ്പിക്കുന്ന രാഷ്ട്രീയ-മത അധികാരങ്ങളുടെ മാനസാന്തരമായിരുന്നു പ്രവാചകന്മാരുടെ ലക്ഷ്യം. ഇന്നത്തെ നമ്മുടെ പ്രവചനങ്ങളൊന്നും സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള മുറവിളിയാകുന്നില്ല എന്നത് എന്തുകൊണ്ടായിരിക്കാം? ഇന്നും ബഹുഭൂരിപക്ഷം ആളുകളും പട്ടിണിക്കാരായി സമൂഹത്തിന്‍റെ ഇരുണ്ടകോണിലേക്ക് ആട്ടിപായ്ക്കപ്പെടുമ്പോഴും വന്‍കിടകുത്തകകള്‍ ലാഭക്കണ്ണുകളോടെ നമ്മുടെ പ്രകൃതിയും വിഭവശേഷിയും ജീവനോപാധികളും കവര്‍ന്നെടുക്കുമ്പോഴും കമ്പോളവും അതിന്‍റെ മാസ്മരികലോകവും നമ്മെ വിഴുങ്ങിക്കളയുമ്പോഴും ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന സമ്പദ്വ്യവസ്ഥ ദൈവത്തിന്‍റെ നീതിയെ പിഴുതെറിയുമ്പോഴും എന്തുകൊണ്ട് നാം പ്രവചിക്കുന്നില്ല, ഈ ഘടനകള്‍ക്കെതിരെ? ഇത് ഒരു വലിയ ചോദ്യമാണ്. ഇന്നും നമ്മളും ന്യായാധിപന്മാരുടെ കാലത്ത് ഉന്മാദാവസ്ഥയിലിരുന്ന് പ്രവചനം നടത്തിയിരുന്ന പ്രവാചകരുടെ ശിഷ്യരായിട്ട് പരിണമിച്ചിരിക്കുന്നു. പുരാതനരാഷ്ട്രമായ ഗ്രീസില്‍ ഇന്ന് ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നാമെല്ലാം മനസ്സിലാക്കുന്നതാണ്. യൂറോപ്യന്‍ മൂലധനശക്തികള്‍ വിഴുങ്ങിക്കളഞ്ഞ ആ കൊച്ചുരാജ്യത്ത് അഠങല്‍നിന്ന് പണം ലഭിക്കാതെ വന്നപ്പോള്‍ കുഴഞ്ഞുവീണ വൃദ്ധന്‍റെ ചിത്രം നാം പത്രങ്ങളില്‍ കണ്ടതാണ്. ഇത് നാം മുന്‍കൂട്ടി പ്രവചിക്കേണ്ടതല്ലായിരുന്നോ? ഇത് മുന്‍കൂട്ടി പ്രവചിച്ച അനേകരുണ്ട്. അവരെല്ലാമാണ് ഈ കാലത്തിന്‍റെ പ്രവാചകന്മാര്‍.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts