news-details
കവർ സ്റ്റോറി

മകന്‍റെ ദൈവശാസ്ത്രം

അപ്പോസ്തലന്‍ പോളിനോടുള്ള എന്‍റെ ബന്ധം ഉഭയഭാവനയുടേതായിരുന്നു. പോള്‍ ക്രിസ്തുമതത്തിന് നല്‍കാന്‍ ശ്രമിക്കുന്ന ബൗദ്ധിക സാധ്യതകള്‍ കുറച്ചുകഴിയുമ്പോള്‍ ഒരു ബാധ്യത യായി മാറുന്നുണ്ടെന്ന തിരിച്ചറിവ് പോളിനെ ചില കാര്യങ്ങളില്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് തോന്നിപ്പിച്ചു. ഒരു വിശ്വാസത്തിന്‍റെ ഏറ്റവും വലിയ പരി രക്ഷകന്‍ തന്നെയാണ് അതിന്‍റെ ഏറ്റവും വലിയ ശത്രു എന്ന് സ്പിനോസ പറയുന്നത് പോളിന്‍റെ കാര്യത്തില്‍ എത്രമാത്രം ശരിയാണെന്ന് അന്വേഷിക്കേണ്ട ഒരു കാര്യമാണ്. പോളിന്‍റെ ചിന്തയുടെ സാര്‍വ്വജനികത പോള്‍ രൂപപ്പെടുത്തിയ മതത്തില്‍ തന്നെ വല്ലാതെ ഘനീഭവിച്ചപ്പോള്‍ പോളിനെ ക്രിസ്തുമതത്തില്‍ നിന്നും മോചിപ്പിക്കേണ്ടതും ആവശ്യമാണെന്ന് തോന്നി. സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് പോള്‍. എന്നാല്‍, പോളിനെ ആര്‍ക്കാണ് മനസ്സിലാക്കാന്‍ സാധിക്കുക? പോളിനെ കൂടാതെ ക്രിസ്തുവിനെയോ ക്രിസ്തുമതത്തെയോ മനസ്സിലാക്കുക സാധ്യമല്ലതാനും. പോള്‍ ഒരു ആഖ്യാതാവാണ്. പോള്‍ എങ്ങനെ ഈ ആഖ്യാനം നിര്‍വ്വഹി ക്കുന്നു എന്നതില്‍ നിന്നാണ് പോളിനെ മനസ്സിലാക്കേണ്ടത്. ക്രിസ്തു ആഖ്യാനത്തില്‍ മുഴുകിയിരിക്കുന്ന പോളിന്‍റെ അസ്തിത്വം രൂപപ്പെടുത്തുന്നത് ഈ ആഖ്യാനം തന്നെയാണ്. ഇവിടെയും ഒത്തിരി അഴിയാക്കുരുക്കുകള്‍ ഉണ്ട്. ആരാണ് ഈ അഴിയാക്കുരുക്കുകളില്‍ നിന്ന് വായനക്കാരനെ രക്ഷിക്കുക? മൈക്കല്‍ സേരസ്സ് എന്ന ഫ്രഞ്ച് ചിന്തകനാണ് എന്‍റെ രക്ഷയ്ക്ക് എത്തിയത്.

ഗ്രീക്ക്, ഹീബ്രു, ലാറ്റിന്‍ എന്നീ മൂന്ന് പൗരാണിക ഘടനകള്‍ രൂപം കൊടുത്ത മനുഷ്യനാണ് പോള്‍ എന്ന് സേരസ് തിരിച്ചറിയുന്നു. ഒരുപക്ഷെ, പാശ്ചാത്യലോകം പോലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഈ മൂന്ന് ഭാവങ്ങള്‍ കൊണ്ടായിരിക്കണം. താര്‍സീസില്‍ ഉള്ള ചിതറിക്കപ്പെട്ട ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ഭക്തനായ ഒരു ഫരിസേയന്‍ ആയിരുന്നു പോള്‍. യഹൂദരുടെ ഏറ്റവും വലിയ റബ്ബികളില്‍ ഒരാളായ ഗമാലിയേലിന്‍റെ കീഴില്‍  മോശയുടെ നിയമത്തിലും തോറയിലും പഠനം നടത്തിയ പോള്‍ ഇതെല്ലാം ഒരു യഹൂദനെന്ന നിലയില്‍  ജീവിതത്തില്‍ പാലിച്ചിരുന്നു. ഗ്രീക്ക് ഭാഷയില്‍ എഴുതുമ്പോള്‍ ഗ്രീക്ക് ചിന്തകന്മാരെ ഉദ്ധരിക്കുന്നതില്‍ നിന്നും ഗ്രീക്ക് തത്വചിന്ത പഠിച്ചിരുന്നു എന്നതും വ്യക്തമാണ്. 'അവനിലാണ് നമ്മള്‍ ചരിക്കുന്നതും ആയിരിക്കുന്നതും' എന്ന് പോള്‍ പറയു മ്പോള്‍ ഗ്രീക്ക് കവിയും ചിന്തകനുമായ എപ്പിമെനഡസിനെ ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. ഒരു റോമന്‍ പൗരന്‍ ആയിരിക്കുന്നതില്‍ അഭിമാനം കൊണ്ടിരുന്ന പോള്‍ റോമന്‍ നിയമങ്ങളും അറിഞ്ഞിട്ടുള്ള ഒരാളായിരിക്കണം. റോമാക്കാര്‍ അദ്ദേഹത്തെ ശിക്ഷിക്കുമ്പോള്‍ അതിനെതിരെ വാദിക്കുവാന്‍ പോളിനു കഴിഞ്ഞിരുന്നു. അങ്ങനെ നിയമം, ചിന്ത, ഭരണക്രമം എന്നിവ രൂപംകൊടുത്ത ഒരു സമഗ്ര മനുഷ്യനായിട്ട് പോള്‍ മാറുന്നു. സംഘടിത സമൂഹം, ചിന്താക്രമമായ ലോകം, സര്‍വ്വശക്തനായ ദൈവം എന്നിവയിലുള്ള ത്രിവിധ അംഗത്വം പോളിന് ഒരു ശ്രേഷ്ഠ സ്വഭാവം നല്‍കുന്നുണ്ട്.

ഇങ്ങനെ ഒരു ത്രിവിധ ശ്രേഷ്ഠതയുമായി ലോകം മുഴുവന്‍ സഞ്ചരിച്ച പോള്‍ വരാനിരിക്കുന്ന ഒരു കാലഘട്ടത്തിന്‍റെ ശില്പി ആയി മാറുന്നു. അത് പക്ഷേ, ഈ ശ്രേഷ്ഠതയില്‍ നിന്നും വിമോചിതനായിക്കൊണ്ടാണെന്നു മാത്രം. പുതിയ കാലഘട്ട ത്തിന്‍റെ വക്താവാകാന്‍ ശ്രമിക്കുന്ന പോളിന് നേരിടേണ്ടി വരുന്നതും മൂന്ന് ദുരന്തങ്ങളാണ്: അവന്‍റെ സുഹൃത്തുക്കളില്‍ നിന്നുള്ള പീഡനം, ഗ്രീക്ക് ചിന്തകന്മാരില്‍ നിന്നുമുള്ള പരിഹാസം, റോമാക്കാരില്‍ നിന്നും വിചാരണയും. ത്രിവിധ പൗരാണിക സമൂഹത്തില്‍ അംഗമായിരുന്ന പോളിന്‍റെ പിന്നീടുള്ള എല്ലാ ശ്രമവും ഈ ഘടനയെ അഴിച്ചുമാറ്റി ഒരു പുതിയ സ്വത്വം രൂപീകരിക്കുക എന്നുള്ളതായിരുന്നു. അതെങ്ങനെ സാധിച്ചു എന്നതാണ് മൈക്കല്‍ സേരസ്സിന്‍റെ പ്രധാന അന്വേഷണം.

ഇതിനുവേണ്ടി എന്താണ് താദാത്മ്യം പ്രാപിക്കലും സ്വത്വം രൂപീകരിക്കലും തമ്മിലുള്ള വ്യത്യാസമെന്ന് സേരസ്സ് അന്വേഷിക്കുന്നു.  പ്രധാനമായും എളുപ്പത്തിലും മനുഷ്യന്‍ ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നത് ഒരു വര്‍ഗ്ഗത്തിന്‍റെയോ സമൂഹത്തിന്‍റെയോ ഭാഗമായിത്തീരുന്നതിലൂടെയാണ്. ഈ വര്‍ഗ്ഗമായിത്തീരലാണ് സ്വത്വം രൂപീകരിക്കുന്നതിന് തടസ്സമായി തീരുന്നതും. സ്വത്വം ഉടലെടുക്കുന്നത് ഒരു പുതിയ സന്ദേശം സ്വീകരിക്കുമ്പോഴാണ്. അതു കൊണ്ട്, ഗ്രീക്ക് ചിന്തയുടെയും, റോമാ സാമ്രാജ്യ ത്തിന്‍റെയും, യഹൂദമതത്തിന്‍റെയും ഒരു ഭാഗമായിരുന്ന പോള്‍ താന്‍ വഹിക്കുന്ന പുതിയ സന്ദേശത്തിനു വേണ്ടി ഈ മൂന്ന് സമൂഹബന്ധങ്ങളെയും അഴിച്ചുകളയുന്നു. ഈ ബന്ധങ്ങളെല്ലാം ഒരാളെ എപ്പോഴും പഴമയുടെയും ആചാരത്തിന്‍റെയും മനുഷ്യനാക്കിക്കൊണ്ടിരിക്കുന്നു. പുതിയ മനുഷ്യന്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന പോളിന് ഇതെല്ലാം ഒരു അപര്യാപ്തതയായി തോന്നാന്‍ തുടങ്ങുന്നു.

ആചാരനിബദ്ധമായ ഒരു മതത്തിന് ഒരാള്‍ക്ക് സ്വത്വം നല്‍കാനാകുമോ? ഇല്ല എന്നുള്ള തിരിച്ചറിവ് പോളിന്  ഉണ്ടാകുന്നു. അതു കൊണ്ട്, ഒരു മതത്തിന് രൂപം കൊടുക്കാനല്ല പോള്‍ ശ്രമിക്കുന്നത്. പകരം, ക്രിസ്തുവിലുള്ള ഒരു ജീവിതചര്യ സൃഷ്ടിക്കാനാണ് പോള്‍ ശ്രമിക്കുന്നത്. ഈ ജീവിതചര്യയാകട്ടെ എല്ലാ സംഘടനാ ബോധ ങ്ങളെയും വിഭാഗീയതകളെയും മറികടന്നു കൊണ്ടുള്ള ഒന്നാണ്. പോള്‍ അടിവരയിട്ടു പറ യുന്നു, നിങ്ങളില്‍ 'യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല.' വര്‍ഗ്ഗം, ലിംഗം, ഭാഷ, രാജ്യം എന്നീ വിഭാഗീയതയില്‍ നിന്നും വിമുക്തനാകുമ്പോള്‍ മാത്രം ഒരാള്‍ക്ക് ലഭിക്കുന്ന ഒന്നാണ് ക്രിസ്തുവിലുള്ള സ്വത്വം. ഈ സ്വത്വത്തെ സേരസ്സ് ഇങ്ങനെ നിര്‍വചിക്കുന്നു, '1=1'. ഇത് കൂടുതല്‍ വിശദീകരിക്കാനായി സേരസ്സ് പോളിന്‍റെ സാക്ഷ്യത്തെ കൊണ്ടുവരുന്നു, 'ദൈവത്തിന്‍റെ കൃപയാല്‍, ഞാന്‍ ഞാനാണ്.' ഇങ്ങനെയാണ് പോള്‍ ഒരു പുതിയ സൃഷ്ടിയാകുന്നത്. പോളിന്‍റെ നവരുപതിയെ സേരസ്സ് ഇങ്ങനെ അവതരിപ്പിക്കുന്നു,  ""I, the adoptive Son of God, through faith in Jesus Christ; I, full of faith and without works, without pride; I, empty, and nothing: univesal."

പോളിന്‍റെ ഈ നവ മനുഷ്യന്‍ വൈരുദ്ധ്യങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്, അവന്‍ സാര്‍വ്വത്രിക മനുഷ്യനായിത്തീരുന്നത് ആരുമല്ലാതായിത്തീരുമ്പോഴാണ്. അതിഭൗതികത ഒരിക്കല്‍ ഒരു വിഭാഗത്തിലേക്ക് മനുഷ്യനായി ജനിപ്പിച്ചു കൊണ്ട് അംഗത്വം നല്‍കി, ഇന്നാകട്ടെ അതിഭൗതികത ഏകത്വത്തിലേക്ക് ഒരു സ്വത്വം നല്‍കി; ഞാന്‍ ഞാനാണ്. ആദ്യത്തെ ഉദ്ധരണി കാണിക്കുന്നത് യഹൂദ, ഗ്രീക്ക്, റോമന്‍ സമൂഹങ്ങളെയും ലിംഗപരമായി നിശ്ചയിക്കപ്പെട്ട അവസ്ഥകളെയുമാണെങ്കില്‍, രണ്ടാമത്തേത് കാണിക്കുന്നത്, ക്രിസ്തുവിന്‍റെ മനുഷ്യാവതാരവും മരണവും ഉത്ഥാനവും എങ്ങനെ മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ ആവിര്‍ഭാവത്തിനു കാരണമായി എന്നതാണ്. സേരസ്സ് പറയുന്നു, 'സ്വത്വം, അങ്ങനെ അംഗത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പോളിന്‍റെ സന്ദേശം വിവിധ വിന്യാസങ്ങളില്‍ നിന്നും മോചിക്കപ്പെട്ടു.'

സേരസ്സ് തിരിച്ചറിയുന്നു: ഉത്ഥാനത്തിലുള്ള വിശ്വാസം തിന്മ നിറഞ്ഞ മാംസത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു എന്നു പറയുമ്പോള്‍ പോള്‍ ഉദ്ദേശിക്കുന്നത് ശരീരത്തെയും അതിന്‍റെ ശീലങ്ങളെയും ആവശ്യങ്ങളെയും അഭിനിവേശങ്ങളെയുമല്ല, പ്രത്യുത, ഒരു വിഭാഗത്തില്‍ ആമഗ്നനാകാനും, അതിന്‍റെ സംയോജിതയുടെ ഇളംചൂട് അനുഭവിക്കാനും, അതിന്‍റെ നിയമങ്ങള്‍ക്ക് സ്വയം വിട്ടുകൊടുത്ത്, പ്രത്യാഘാത ഹിംസകള്‍ സ്വീകരിക്കാനുമുള്ള ഒരു വ്യക്തിയുടെ അഭിലാഷങ്ങളെയാണ്. സത്യത്തെ വിശ്വാസിക്കാതിരിക്കുന്നതാണ് പാപം എന്നത് പോളിന് ക്രിസ്തുവില്‍ നിന്നും ലഭിക്കുന്ന വലിയ വെളിപാടാണ്. പാപത്തെ ശരീരത്തിന്‍റെ പ്രശ്നമായി കാണുന്ന യഹൂദ വിചാരങ്ങള്‍ക്കെതിരെയാണ് ക്രിസ്തുവും നിലകൊണ്ടത്. ആരും അവരാകാതിരിക്കാന്‍ ശ്രമിക്കാതെ, അനുകരണപാതകങ്ങളില്‍ കുടുങ്ങി, അന്ധമായ ആവേശങ്ങളോടെ, കുടുംബ, രാജ്യ, ഗോത്ര താത്പരഐക്യങ്ങളില്‍ വീണ് ചിന്നഭിന്നമായി പോകുമ്പോള്‍ ഏത് മനുഷ്യനാണ് ഞാന്‍ എന്ന് പറയാന്‍ സാധിക്കുക എന്ന് സേരസ്സ് ചോദിക്കുന്നു. മനുഷ്യന്‍റെ ഈ പാപതൃഷ്ണയെ അദ്ദഹം വിളിക്കുന്നത്,"Libido of belonging'എന്നാണ്. സമാധാനത്തിനു വേണ്ടിയുള്ള കൂട്ടം ചേരലുകള്‍ പോലും അവസാനിക്കുന്നത് രക്തചൊരിച്ചിലുകളിലാണ്. സേരസ്സ് വിശേഷിപ്പിക്കുന്ന libido of belonging ചൂഷണം ചെയ്തുകൊണ്ടാണ് എല്ലാക്കാലത്തും ഭരണകൂടങ്ങള്‍ അധികാരം നിലനിര്‍ത്തുന്നതും.

നിയമം കൂടാതെ ഇത്തരം കൂട്ടുചേരലുകള്‍ സാധ്യമല്ല, അതുകൊണ്ടു തന്നെ നിയമത്തില്‍ നിന്നും മോചിതനായി എന്നു പോള്‍ പറയുമ്പോള്‍ സംഘടിത ബന്ധങ്ങളില്‍ നിന്നും മോചിക്കപ്പെട്ടു എന്നു വേണം മനസ്സിലാക്കാന്‍. നിയമത്താല്‍ സംഘടിത ബന്ധത്തിലേക്ക് ചുരുക്കപ്പെട്ട പോള്‍ ക്രിസ്തുവില്‍ ഞാന്‍ എന്ന സ്വത്വത്തിലേക്ക് സ്വതന്ത്രനായി. ഒരു പ്രത്യേകമായ സംസ്ക്കാരത്തിലോ, ഭാഷയിലോ, പാരമ്പര്യത്തിലോ ബന്ധിതമല്ലാത്ത ഒരു പുതിയ വ്യക്തി ആവിഷ്കാരം ഭൂമി മുഴുവന്‍ പടര്‍ന്നു പന്തലിക്കുന്നത് സ്വപ്നം കണ്ടു. ഒരു പ്രത്യേക മതത്തിന്‍റെ സ്ഥാപകനെന്ന് നമ്മള്‍ മനസ്സിലാക്കുന്ന പോള്‍ അപ്പോള്‍ ഒരു മതേത രത്വത്തെ അല്ലെങ്കില്‍ മതമല്ലാത്ത മതത്തെ കാംക്ഷിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. എല്ലാ മതങ്ങളും അന്ത്യത്തില്‍ ആള്‍ക്കൂട്ട വ്യവഹാരങ്ങളായി അധഃപതിക്കുന്ന കാഴ്ച നമ്മുടെ തൊട്ടുമുമ്പിലുണ്ട്.

പോളിന്‍റെ മുമ്പില്‍ മേല്‍വസ്ത്രങ്ങള്‍ ഊരി വച്ചിട്ടാണ് അവന്‍റെ സുഹൃത്തുക്കള്‍ ക്രിസ്ത്യ നിയായ സ്റ്റീഫനെ കല്ലെറിയുന്നത്. കല്ലേറുകളാല്‍ തകര്‍ക്കപ്പെട്ട സ്റ്റീഫന്‍ അപ്പോള്‍ വിളിച്ചു പറയുന്നത്, 'സ്വര്‍ഗ്ഗം തുറക്കപ്പെട്ടതായി ഞാന്‍ കാണുന്നു' എന്നാണ്. ഈ സംഭവമാണ് നിയമത്തിന്‍റെ ദുരന്തഫലത്തെ പോളിനു ബോധ്യപ്പെടുത്തുന്നത്. ആചാരം, ലോഗോസ്, ക്രമം എന്നീ മൂന്ന് പൗരാണിക സംഹിതകളും അടിസ്ഥാനമിട്ടിരിക്കുന്നത് സംഘടിത ഹിംസയിലാണ്. അതുകൊണ്ട് ഉടനെ പോള്‍ എഴുതും, 'നിയമം പാപത്തിന് ജന്മം കൊടുക്കുന്നു.' മാംസം ഉള്ളിടത്ത് മാംസദാഹം ഉള്ളതുപോലെ, നിയമം ഉള്ളിടത്ത് പാപദാഹവുമുണ്ട്. അതുകൊണ്ട്, നിയമത്തില്‍ നിന്നും, സാമൂഹ്യ സംയോജനതകളില്‍ നിന്നും വിമുക്തി നേടേണ്ടത് ആവശ്യമായി വരുന്നു, "deliver yourself from the law, the flesh, sin in other words, death... resurrect yourself...'സംഘര്‍ഷം വ്യക്തിയും നിയമവും തമ്മിലാണ്. ഒരു വ്യക്തി യായിട്ട് നിലകൊള്ളാന്‍ നിയമം അനുവദിക്കത്തില്ല. നിയമം അതിന്‍റെ സംഘടിതശക്തിയാല്‍ വ്യക്തിയെ അടിച്ചു തകര്‍ക്കുന്നു. കൂട്ടം ആണപ്പോള്‍ പാപം. സ്റ്റീഫനു ചുറ്റും ഒരു കൂട്ടം വന്നു ചേരുന്നു, ഒരു 'ഞങ്ങള്‍' വന്നിട്ട് കല്‍ക്കൂമ്പാരത്തിനടിയില്‍ അവനെ മറവു ചെയ്യുന്നു. സംഘം എന്ന കല്‍ക്കൂമ്പാരം വ്യക്തിയെ അതിന്‍റെ അടിയിലിട്ട് മറവു ചെയ്യുന്നു. വിശ്വാസത്തെ നിയമത്തില്‍ നിന്നും മോചിപ്പിച്ച് അതിനെ ഒരു നൈസര്‍ഗ്ഗീകമായ തിരഞ്ഞെടുപ്പാക്കി മാറ്റിയ ക്രിസ്തുവിന്‍റെ പേരിലുള്ള മതം വീണ്ടും വിശ്വാസത്തെ നിയമമാക്കി അവരോധിച്ചപ്പോള്‍ അത് ഹിംസയുടെ മതമായി മാറി. നിയമം പാപത്തിന് ജന്മം കൊടുക്കുന്നു എന്ന് പോള്‍ പറയുന്നത് അപ്പോള്‍ ക്രിസ്തുമതത്തിനെതിരെയുള്ള വിധിയായി മാറി.

'ഞങ്ങള്‍ കാഴ്ചകൊണ്ടല്ല നടക്കുന്നത്, വിശ്വാസം കൊണ്ടാണ്' എന്ന് പോള്‍ പറയുമ്പോള്‍ ആ നടപ്പ് ഉറപ്പിന്‍റെ പ്രതലത്തില്‍ കൂടിയല്ല, വഴുതുന്ന പ്രതലത്തിലൂടെ വിറച്ചും തപ്പിത്തടഞ്ഞുമുള്ള നടത്തമാണ്, 'വിശ്വാസം എന്നത് ഇത്തരം അനിശ്ചിത വിറയലുകളിലേക്കുള്ള ഇറങ്ങിത്തിരിക്കലാണ്.'  ഈ വിശ്വാസം, ഉറപ്പിനെയും സംശയ ത്തെയും വെളിച്ചത്തെയും നിഴലിനെയും അറിവിനെയും അജ്ഞതയെയും ഒന്നിപ്പിക്കുന്നു. തിളങ്ങുന്ന ഒരു വിഡ്ഢിത്തമായി വിശ്വാസം അങ്ങനെ മാറുന്നു. മരണനേരത്ത് അവന്‍റെ പിതാവ് അവനെ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് കരഞ്ഞ ക്രിസ്തുവി നേക്കാള്‍ ആര്‍ക്കാണ് സംശയം ഉള്ളത്? ഒരു സംഘത്തിലേക്കും പൂരിതമാക്കാനാവാത്ത ഈ വിശ്വാസമാണ് ഒരു അഹത്തെ സൃഷ്ടിക്കുന്നത്. Ego, credo എന്നീ ലാറ്റിന്‍ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ട് സേരസ്സ് കൂടുതല്‍ ആഴത്തിലേക്ക് സഞ്ചരിക്കുന്നു. വിശ്വാസത്തിന്‍റെ വിറയലുമായി സഞ്ചരിക്കുന്ന സാര്‍വ്വത്രിക കര്‍ത്തൃത്വം അങ്ങനെ ഉടലെടുക്കുന്നു. ഞാന്‍ ആരാണെന്നതിന്‍റെ ഉത്തരം ഞാനൊരു വിശ്വാസത്തിന്‍റെ ആകസ്മികത ആണെന്നാണ്. തീര്‍ച്ചയുടെ വൈരുദ്ധ്യവും അസ്തിത്വത്തിനും അനസ്തിത്വത്തിനും ഇടയില്‍ ചാഞ്ചാടുന്ന ഒരു ഭീതിയുമാണ് ഞാന്‍. ചുരുക്കത്തില്‍, "I am a consciounsess. I am thus the exit and ending of all belonging.' ആധുനിക അന്തര്‍ ബോധം ഇങ്ങനെ ജന്മം കൊണ്ടു. 'ഇത് അനന്യമാണ്, ബഹുലതയാണ്, വിറകൊള്ളുന്നതാണ്, സമയത്തിലേക്കും നിത്യതയിലേക്കും എറിയപ്പെട്ട താണ്. മേല്‍ക്കൈകളെ ഇത് ഇല്ലായ്മ ചെയ്യുന്നു.'

വിശ്വാസം അതില്‍ത്തന്നെ ഒരു അരക്ഷിതാവസ്ഥയെ സംരക്ഷിക്കുന്നുവെന്ന് മനസ്സിലാക്കുന്ന സേരസ്സ് പ്രത്യാശയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതും വിഭിന്നമാകുന്നില്ല. പ്രത്യാശ എന്നത് മുതിര്‍ന്നവരുടെ പിന്നാലെ നടന്ന് അവരുടെ വസ്ത്രത്തിന്‍റെ പിന്നിലൊളിച്ചും പുറത്ത് ചാടിയും നടക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ്. യാതൊരു വൈഷമ്യവുമില്ലാതെ അവള്‍ ഒരാളുടെ അടുത്തു നിന്നും മറ്റൊരാളിലേക്ക് ഓടുന്നു. അങ്ങനെ അവള്‍ അവര്‍ നടക്കുന്നതിനേക്കാള്‍ ഇരട്ടി ദൂരം നടക്കുന്നു. മുതിര്‍ന്നവര്‍ക്ക് അവരുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള എല്ലാ ആഗ്രഹവുമുള്ളപ്പോള്‍ അവള്‍ക്ക് അങ്ങനെയില്ല, യാത്രയിലുടനീളം ആനന്ദത്തോടെ അവള്‍ അങ്ങോട്ടും ഇങ്ങോട്ടും വരുകയും പോകുകയും ചെയ്യുന്നു. എങ്ങോട്ടേക്കാണ് ഈ പ്രത്യാശ നമ്മളെ നയിക്കുന്നത്? എല്ലാ സംശയങ്ങള്‍ക്കും അതീതമായി വിജയാരവം നിറഞ്ഞ ഒരു ജീവിതത്തെക്കുറിച്ച് പ്രത്യാശ ഉറപ്പു നല്‍കുന്നുണ്ടോ? ഇല്ല എന്നതാണ് സേരസ്സിന്‍റെ കണ്ടെത്തല്‍. 'ഉഴുതുന്നവന്‍ പ്രത്യാശയോടെ ഉഴുതണം,' എന്ന് പോള്‍ പറയുന്നതിലും ഒരു തീര്‍ച്ചപ്പെടുത്തലിന് അടിവാരമിടാനുള്ള ശ്രമമല്ല. സമയത്തിന്‍റെ നിര്‍ദ്ധാരണത്തില്‍ പ്രതീക്ഷകളെ കുടിയിരുത്താനുള്ള ആഹ്വാനം മാത്രമാണുള്ളത്. കാലത്തിലായിരിക്കുന്നതുകൊണ്ടു തന്നെയാണ് നമുക്ക് വിശ്വാസവും പ്രത്യാശയുമുള്ളത്. കാലത്തിലാണ് നമ്മുടെ എല്ലാ കണ്ടുമുട്ടലുകളും പിരിഞ്ഞുപോകലും തുടക്കങ്ങളും അവസാനവും. വിശ്വാസവും പ്രത്യാശയും നമ്മളോട് പറയുന്നത് കാലത്തിന്‍റെ അനിശ്ചിതത്വങ്ങളെ മറക്കാനല്ല, അവയെ ആലിംഗനം ചെയ്യാനാണ്. 'അപ്പോള്‍, വിശ്വാസം നിശ്ചയങ്ങളൊന്നുമില്ലാതെ, ആകസ്മികതയില്‍ നിന്നും ചലിച്ചുകൊണ്ടിരിക്കുന്നു.' 'ദൈവമേ, നീയെന്നെ ചലനം കൊള്ളിക്കുന്നു,' എന്ന് ആവിലയിലെ അമ്മ തെരേസയും പറയുന്നുണ്ട്. ഉറപ്പുകളുടെ വഴിത്താരകളിലൂടെയുള്ള ചലനം കൊള്ളിക്കലല്ല, തികഞ്ഞ ആകസ്മികതകളിലേക്കുള്ള അനിശ്ചിതമായ ചലനമാണത്. ദൈവമെന്നെ കൈ പിടിച്ചു നടത്തുന്നു എന്നതുപോലുള്ള പ്രയോഗങ്ങള്‍ അപ്രസക്തമാകുന്നു. ജീവിതത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കുന്നതല്ല; പ്രശ്നങ്ങളിലേക്ക് തള്ളിയിടുന്നതാണ് യഥാര്‍ത്ഥമായ ദൈവപരിപാലന എന്ന് പോള്‍ റിക്കറും തിരിച്ചറിയുന്നുണ്ട്.

ഉപവിയെക്കുറിച്ച് പോള്‍ സംസാരിക്കുമ്പോള്‍ അതിന്‍റെ വ്യത്യസ്തതയെ സേരസ്സ് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നു. ഉപവി മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെ രൂപീകരിക്കുന്നതും അന്യോന്യതയുടെ പൂര്‍ണ്ണമായ അനിശ്ചിതത്വത്തിലാണ്. ബന്ധങ്ങളുടെ അപകടം പിടിച്ച അനിശ്ചിതത്വത്തെ ഉപവി സ്നേഹത്തോടെയും പ്രതീക്ഷയോടെയും അംഗീകരിക്കുന്നു. സാഹസവും ഔദാര്യവും നിറഞ്ഞ ഈ അംഗീകരിക്കല്‍ എന്നെ മനുഷ്യ കുലവുമായി ബന്ധിപ്പിക്കുന്നു. ബ്രൂണോ ലാതോര്‍ മൈക്കിള്‍ സേരസ്സില്‍ കണ്ടെത്തുന്നതും അനിശ്ചിതത്വത്തിന്‍റെ നന്മയാണ്, "Serres is not too sure. He waves, He fiddles, He sees the irreversibility as reversible.' അനിശ്ചിതത്വത്തിന്‍റെ മഹാസമുദ്രങ്ങളുടെ നടുവില്‍ നിശ്ചിതത്വത്തിന്‍റെ ഭൂമിക വളരെ ചെറുതാണെന്ന് മനസ്സിലാക്കുമ്പോള്‍ മനുഷ്യരക്ഷയ്ക്കായി ഈ അനിശ്ചിതത്വത്തിലേക്ക് ഇറങ്ങിപ്പോ കുന്നതാണ് സ്നേഹം എന്ന മനസ്സിലാക്കല്‍ സേരസ്സിന്‍റെ ചിന്താപദ്ധതിയാണ്. ഹിംസ എങ്ങനെ അസാധ്യമാക്കാം എന്നു ചിന്തിക്കുമ്പോള്‍ നമ്മുടെ കൈവശമുള്ളത് ഉപവി മാത്രമാണ്.

അപ്പോള്‍, സ്വത്വരൂപീകരണത്തിനു വേണ്ടി പോളിന് അവന്‍റെ പിതാമഹന്മാരെതന്നെ ഉപേക്ഷിക്കേണ്ടി വരുന്നു. റോമന്‍, യഹൂദ നിയമത്തിലും ഗ്രീക്ക് വിജ്ഞാനത്തിലും തനിക്ക് ജന്മം നല്‍കിയ പിതാമഹന്മാരെ ഉപേക്ഷിക്കുന്നത് അവര്‍ പരാജയ പ്പെട്ടതുകൊണ്ടാണോ? വിശ്വാസത്തിന്‍റെയും കൃപയുടെയും അനിശ്ചിതത്വം നിയമത്തിന്‍റെ നിഷ്ക്കര്‍ഷതയെ ഉപേക്ഷിക്കുകയും വിജ്ഞാനത്തിനും കരുത്തിനും ബദലായി ഉന്മാദവും ബലഹീനതയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. നിയമവിരുദ്ധനും ബലഹീനനും ഉന്മാദിയും അവിജ്ഞാനിയും എന്നാല്‍ കൃപ നിറഞ്ഞ വനുമായ മകനാണ് ഈ തിരിച്ചിടല്‍ സാധ്യമാക്കുന്നത്. ഭ്രൂണഹത്യ ചെയ്യപ്പെട്ട, ദത്തെടുക്കപ്പെട്ട, ധൂര്‍ത്തനായ, അവധൂതനായ, പോള്‍ പിതാക്കന്മാരുടെ സത്യത്തെയും അധികാരത്തെയും ഉപേക്ഷിക്കുന്നു. എല്ലാവരും പിതാക്കന്മാരുടെ അധികാരവും നേതൃത്വവും കൈയ്യാളാന്‍ ശ്രമിക്കുമ്പോള്‍, പോളില്‍ സേരസ്സ് മകനെ കാണുന്നു, ചിന്തകനായ മകനെ. ഒരിക്കലും തെറ്റുപറ്റാത്ത പിതാക്കന്മാരുടെ കാലത്തിനു ശേഷം കണ്ടുമുട്ടുന്ന പോള്‍ എന്ന ഭ്രഷ്ടനും അനാഥനുമായ മകനില്‍ സേരസ്സ് ഭാവിയുടെ നക്ഷത്രം കണ്ടെത്തുന്നു. ആരാണ് പോള്‍ എന്ന മകന്‍, 'അവന്‍ എപ്പോഴും ശരിയല്ല, അവന് എല്ലാം അറിയത്തില്ല, അവന്‍ ആജ്ഞാപിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നില്ല; അവന്‍ അന്വേഷിക്കുന്നു; അവന്‍ ശങ്കിക്കുന്നു; അവന്‍ ഇടറുന്നു; അവന്‍ അലയുന്നു; അവനു തെറ്റുപറ്റുന്നു; അവന്‍ തിരികെ വരുന്നു; അവന്‍ തെറ്റുകള്‍ക്ക് ധൈര്യപ്പെടുന്നു, ലംഘനം, ചമ്മട്ടിയടി, കല്ലേറ്, കൊടുങ്കാറ്റും കപ്പല്‍ച്ചേതവും, വിശപ്പും ദാഹവും, തടവുശിക്ഷ, ഏകാന്തത, തടവറയുടെ മതിലിലൂടെ കൊട്ടയിലൂടെ ഇറക്ക പ്പെട്ടത്. അവന്‍ ദുര്‍ബലമായ ഒരു മണ്‍പാത്രം, എല്ലാ വശത്തു നിന്നും ഞെരുക്കപ്പെട്ടിട്ടും പൊട്ടിപ്പോകാ ത്തവന്‍, എന്താണ് പ്രത്യാശിക്കേണ്ടത് എന്നുറപ്പി ല്ലാഞ്ഞിട്ടും നിരാശപ്പെടാത്തവന്‍, പീഡിപ്പിക്കപ്പെ ട്ടിട്ടും ഉപേക്ഷിക്കപ്പെടാത്തവന്‍, പ്രഹരിക്കപ്പെട്ടിട്ടും തകര്‍ക്കപ്പെടാത്തവന്‍.' കുറഞ്ഞത് മൂന്നു വ്യത്യ സ്തമായ തലത്തിലും പോള്‍ ഒരു മകനെ പോലെ ചിന്തിക്കുന്നു, മകനെപ്പോലെ ജീവിക്കുന്നു, മകനെപ്പോലെ പ്രവൃത്തിക്കുന്നു, അവന്‍റെ യഹൂദ, ഗ്രീക്ക്, റോമന്‍ പിതാക്കന്മാരെപ്പോലെ ആകാതെ അവന്‍ മകന്‍ മാത്രമായി തീരുന്നു. അവരുടെ മുമ്പില്‍ അവന്‍റെ തെറ്റുകള്‍ കുന്നുകൂടുന്നു: അവന്‍ പീഡിപ്പിക്കപ്പെടുന്നു, കളിയാക്കപ്പെടുന്നു, വിധിക്ക പ്പെടുന്നു.' പിതാക്കന്മാരുടെ എല്ലാ സ്വസ്ഥതകളെയും മകന്‍റെ അസ്വസ്ഥതകള്‍ വിള്ളലുകളാക്കി മാറ്റുന്നു. പൗലോസ് എന്ന വാക്കിന്‍റെ അര്‍ത്ഥം ചെറിയവന്‍ എന്നാണ്, എന്നു വച്ചാല്‍ മകന്‍. അങ്ങനെ പോളിലൂടെ സേരസ്സിന്‍റെ മകന്‍ ദൈവ ശാസ്ത്രം ഉരുത്തിരിയുന്നു.

ഈ തത്വചിന്തകന്‍-പുത്രന്‍ ജനിക്കുന്നത് ഏതെങ്കിലും രക്തബന്ധത്തിലൂടെയല്ല, ദത്തെടുപ്പിലൂടെയാണ്. ക്രിസ്തുവിന്‍റെ ജന്മം തന്നെ രക്തബന്ധത്തേക്കാളും വലിയ ബന്ധമായി ദത്തെടുപ്പിനെ അവതരിപ്പിക്കുന്നുണ്ടെന്ന് സേരസ്സ് മനസ്സിലാക്കുന്നു. ക്രിസ്തു എന്ന മകന്‍ വാസ്തവത്തില്‍ മകനല്ല, മറിയം എന്ന അമ്മ വാസ്തവത്തില്‍ അമ്മയല്ല, ജോസഫ് എന്ന പിതാവ് വാസ്തവത്തില്‍ പിതാവല്ല. ദത്തെടുപ്പിലൂടെ, എന്നാല്‍ ഇവര്‍ കൂടുതല്‍ പ്രിയപ്പെട്ട മകനും അമ്മയും അപ്പനുമാകുന്നു. വാത്സല്യം രക്തബന്ധത്തിനു പകരമായി മാറുന്നു. വംശാവലികള്‍ക്ക് പ്രസക്തി ഇല്ലാതാകുന്നു. ഈ അടുത്ത കാലത്ത് രക്തബന്ധ ങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി തുടങ്ങിയത് രോഗാതുരവും കാലഹരണപ്പെട്ടതുമായ ആശയങ്ങ ളിലേക്കുള്ള നിരാശാജനകമായ തിരിച്ചുപോകലാണെന്ന് സേരസ്സ് പറയുന്നു. രക്തബന്ധത്തിന്‍റെ പിടിവാശികള്‍ നിറഞ്ഞ കുടുംബ, വര്‍ഗ്ഗ, കുല വ്യവസ്ഥിതികളെ കരുണയുടെ ദത്തെടുപ്പ് അതിജീവിക്കേണ്ടത് എല്ലാ കാലത്തിന്‍റെയും ആവശ്യമാണ്. സുവിശേഷവും പോളും മുന്നോട്ടുവച്ച മകന്‍റെ ദൈവശാസ്ത്രം ഹിംസയുടെയും ചേരിതിരിവിന്‍റെയും നമ്മുടെ കാലഘട്ടം തിരിച്ചറിയേണ്ട ഒന്നാണ്.

സേരസ്സ് തുടര്‍ന്ന് ചിന്തിക്കാന്‍ ഉദ്യമിക്കുന്നത് തത്വചിന്തകന്‍-മകന്‍ എങ്ങനെ ചിന്തിച്ചെന്നും മകന്‍റെ ദൈവശാസ്ത്രം എങ്ങനെ രൂപപ്പെട്ടെന്നുമാണ്. കാലാകാലങ്ങളിലായി അരങ്ങേറിക്കൊണ്ടിരുന്നത് യജമാനന്‍റെ പ്രതീകങ്ങളായിരുന്നു. യജമാനന്‍/സേവകന്‍ ദ്വന്ദ്വമാണ് ഇതിന്‍റെ പ്രധാന ഉദാഹരണം. യജമാനനും സേവകനും പരസ്പര വിരുദ്ധമായി തോന്നുമെങ്കിലും ഇവര്‍ രണ്ടുപേരും മരണത്തിന്‍റെ സേവകന്മാരാണ്. യജമാനന്‍ അധികാരം കൈയ്യാളുന്നത് മരണത്തിലൂടെയും അത് സൃഷ്ടിക്കുന്ന ഭീകരതയിലൂടെയുമാണ്. പോള്‍ നിയമത്തില്‍ ഈ മരണത്തെ ദര്‍ശിച്ചതുകൊണ്ട് ജീവിതത്തെ കാംക്ഷിച്ചു, ഒരിക്കലും യജമാനന്‍ ആയിരിക്കാന്‍ ശ്രമിക്കാതെ മരണം ചുമത്തുന്നതിനേക്കാള്‍ മരണം വരിക്കാന്‍ തയ്യാറായി. മക്കളാകാന്‍ ശ്രമിക്കാതെ പിതാക്കന്മാരായി നില കൊണ്ടിരുന്നവര്‍ വംശീയതയുടെ പക്ഷപാതങ്ങളും വൈര്യവും ഭൂമിയില്‍ വിളവെടുക്കുകയായിരിന്നു. അവര്‍ ഒരിക്കലും തിരിച്ചറിയാതിരുന്നത്, പിതാവ് എന്നൊരാളുണ്ടെങ്കില്‍ അയാള്‍ ഇവിടെയില്ല, സ്വര്‍ഗ്ഗത്തിലാണെന്നതാണ്. അതീന്ദ്രിയനും അനശ്വരനുമായ പിതാവിന്‍റെ ലോകം അതിന്ദ്രീയമാണ്. പക്ഷെ, ഈ ലോകം പുത്രന്മാരെ മാത്രമേ അറിയുന്നുള്ളു. പുത്രന്മാര്‍ അധികാരവും നിശ്ചയങ്ങളും ശ്രേണികളും ഉപേക്ഷിച്ചു കൊണ്ട് മരണത്തെത്തന്നെ ഉപേക്ഷിച്ച് ഉയിര്‍ക്കുവാന്‍ ശ്രമിക്കുന്നു. എങ്ങനെ ഒരു പുത്രനാകാം എന്ന ചോദ്യത്തിന് സേരസ്സിന്‍റെ ഉത്തരം മരണത്തിന്‍റെ നിയമത്തിന് അറുതിവരുത്തിക്കൊണ്ട് എന്നാണ്. മരണത്തിന്‍റെ നിയമങ്ങള്‍ നിറഞ്ഞ ബലിഷ്ഠ കായത്തെ ചെറുത്തുനില്‍ക്കുന്ന മകനാകാന്‍ പോള്‍ ശ്രമിക്കുന്നു. നിയമത്തിന് സംശയങ്ങളില്ല, എന്നാല്‍ മകനു സംശയങ്ങള്‍ മാത്രമാണുള്ളത്. സംശയത്തിന്‍റെ ബലഹീനത ഉപയോഗിച്ചാണ് അവന്‍ നിയമത്തിന്‍റെ അസ്ഥിവാരം ഇളക്കുന്നത്. പിതാക്കന്മാര്‍ മരണമടയുമ്പോള്‍, ഈ പുത്രന്‍ മരിക്കുന്നില്ല.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts