news-details
കവർ സ്റ്റോറി

'പര്‍പ്പസ് ഓഫ് വിസിറ്റ്' ഹാജര്‍ വെക്കാത്ത ഒരു യാത്രയാണ് ഇത്. എന്താവാം ഒരാളെ യാത്രയ്ക്ക് പ്രേരിപ്പിച്ചുകൊണ്ട് സ്വസ്ഥമായ വീട്ടകങ്ങളില്‍നിന്ന് പുറത്തേക്ക് ഓടിക്കുന്നത്? എന്താണ് ഒരാളെ യാത്രകളെല്ലാം വെടിഞ്ഞ് സ്വന്തം വീട്ടിലേക്ക് വലിച്ചടു പ്പിക്കുന്ന ബലമായി പ്രവര്‍ത്തിക്കുന്നത്? വഴിയുടെ വിളികളും വീടിന്‍റെ ഭൂഗുരുത്വബലവും പരസ്പരം മേളിക്കുന്ന ലോലമായ സമതുലനത്തിന്‍റെ നില തെറ്റി എപ്പോഴാണ് ആദ്യത്തെ ആദ്യത്തേത് മേല്‍ക്കൈ നേടുന്നത്?

യാത്രകള്‍ മനുഷ്യന്‍റെ പ്രാഥമിക രുചിയാണ് ഇതര സമൂഹങ്ങളുടെ പെരുമാറ്റ സമ്പ്രദായങ്ങളിലേക്കും, വ്യക്തിബന്ധങ്ങളുടെ രീതികളിലേക്കും, സംസ്കാരത്തിന്‍റെ സൂക്ഷ്മഭാവങ്ങളിലേക്കും കാഴ്ച നല്‍കുന്നവയാണ് ഓരോ യാത്രയും. ആധുനിക യുവത ഒഴിഞ്ഞ പണസഞ്ചിയും ബാക്ക്പാക്കുമായി അപരിചിത സമൂഹങ്ങളുടെ ആതിഥേയത്വ മനോഭാവങ്ങളിലും നന്മയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള യാത്രകള്‍ ഒരുപാട് നടത്തുന്നുണ്ട്. എല്ലാ മതങ്ങളിലും യാത്രയ്ക്ക് പ്രാധാന്യമുണ്ട് 'നിങ്ങള്‍ നിങ്ങളുടെ ഗൃഹം വെടിഞ്ഞ് ദേശത്തിന്‍റെ പുറത്തേക്ക് പോകുക.' ബുദ്ധമതത്തില്‍ ബുദ്ധമതാനുയായികള്‍ ആ മാര്‍ഗമാണ് അനുസരിക്കുന്നത്. ബുദ്ധന്‍ തന്നെ യാത്രയുടെ ഒരു പ്രതീകമാണ് എന്ന ഒരു സങ്കല്പം ഉണ്ട്.

വിശുദ്ധ പൗലോസ് ശ്ലീഹായുടെ യാത്രയെക്കുറിച്ച് എഴുതണം എന്നു പറഞ്ഞപ്പോള്‍ തൊട്ട ടുത്ത ദിവസം സംഭവിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനവും, 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലെ കഥാപാത്രമായ ജെയിംസ്നോടൊപ്പം ഉള്ള നടത്തവും ഈ ഒരു മഹായാത്രയ്ക്ക് കൂട്ടായി വന്നു. ഉല്ലസിക്കാന്‍, ഊരുകാണാന്‍, ഉദ്യോഗാര്‍ത്ഥം, ബന്ധുജനങ്ങളെ കാണാന്‍ അങ്ങനെ സഞ്ചാരം പലവിധമുണ്ട് ഉലകില്‍. എന്നാല്‍ അമ്മാ തിരി സൈറ്റ്സീയിങ്ങില്‍  നടക്കാത്ത ഒന്നുണ്ട് - 'ആന്തരിക സഞ്ചാരം.' ഈ രണ്ടു യാത്രകളും എത്തിനില്‍ക്കുന്നത് വി. പൗലോസിന്‍റെ യാത്രകളിലേക്കാണ്.

നന്‍പകല്‍ നേരത്ത് മയക്കം: കേരളത്തിലെ ഒരു നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് ഒരു വേളാങ്കണ്ണി യാത്രക്ക് എത്തുകയാണ്. നാടക ട്രൂപ്പിന്‍റെ സാരഥിയായ ജെയിംസും ഭാര്യയും മകനും അമ്മായിയപ്പനും മറ്റു മുതിര്‍ന്ന വരും കുട്ടികളുമായി ഒരു ജാഥയ്ക്കുള്ള ആളുകളുണ്ട് ആ ബസ്സില്‍. മടക്കയാത്രയില്‍, ഭക്ഷണവും കഴിച്ച് ഡ്രൈവര്‍ ഒഴികെ മറ്റെല്ലാവരും ഒരു ഉച്ചയുറക്കത്തിലേക്ക് തെന്നിവീണ സമയം പെട്ടെന്ന് ഞെട്ടിയുണര്‍ന്ന ജെയിംസ് ഡ്രൈവറോട് വണ്ടി നിര്‍ ത്താന്‍ ആവശ്യപ്പെടുന്നു. ഒരു ഉള്‍വിളിയാല്‍ വണ്ടിയില്‍ നിന്നിറങ്ങി നടക്കുന്ന ജെയിംസ് ചെന്നെത്തുന്നത് ഒരു ഉള്‍നാടന്‍ തമിഴ് ഗ്രാമത്തിലാണ്.

ആ ഗ്രാമത്തിലെ ഓരോ വഴിയും, വളവും, തിരിവും, മനുഷ്യനെയും മൃഗങ്ങളെയും പരിചയം ഉള്ളതുപോലെയാണ് ജെയിംസിന്‍റെ പെരുമാറ്റം. ജെയിംസിന്‍റെ നടത്തം അവസാനിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ സുന്ദരത്തിന്‍റെ വീട്ടിലാണ്. സംസാരവും പ്രവൃത്തിയും വസ്ത്രധാരണവുമൊക്കെ സുന്ദരത്തെപ്പോലെ തന്നെ. ഒരു ഉച്ചസമയത്ത് വീട്ടിലേക്ക് കയറിവന്നു സുന്ദരത്തെ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ജെയിംസ് ആ വീട്ടുകാരെയും നാട്ടുകാരെയും ജെയിംസിനൊപ്പം വന്നവരെയും ഒരുപോലെ കുഴക്കുകയാണ്. സുന്ദരത്തെ കാണാതായതുമുതല്‍ അച്ഛനും അമ്മയും ഭാര്യയും മകളും അടങ്ങുന്ന കുടുംബം കാത്തിരിക്കുകയാണ്.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാത്ത അയാളെ തേടി ഭാര്യയും സംഘവും ഇറങ്ങുന്നു.  കഥയില്‍ വഴിത്തിരിവ് ഉണ്ടാകുന്നത് അവിടെ നിന്നാണ്. പിന്നീട് അങ്ങോട്ടുള്ള കാഴ്ചയില്‍ കാഴ്ചക്കാരനും ജയിംസിന് പിന്നാലെ നടന്നു തുടങ്ങുകയാണ്.

ഇന്ത്യയില്‍ പ്രതീക്ഷകളുടെ പ്രഭാതം ഉണ്ടാകുമെന്ന സന്ദേശത്തോടെയാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ അഥവാ ഭാരത ഏകതായാത്ര ശ്രീനഗറില്‍ സമാപിച്ചത്. കന്യാകുമാരിയില്‍ ആരംഭിച്ച് 4000ത്തില്‍ അധികം കിലോമീറ്ററുകള്‍ താണ്ടി കാശ്മീരില്‍ എത്തിയ യാത്രയുടെ നീളം ഉയര്‍ത്തിയ മന്ത്രം 'വെറുപ്പ് തോല്‍ക്കും സ്നേഹം അതിജീവിക്കും' എന്നതാണ്. കൊടുംചൂടും, കൊടും തണുപ്പും, മഴയും, മഞ്ഞുവീഴ്ചയും അനുഭ വിച്ച് 135 ദിവസം ഗ്രാമ നഗരങ്ങളിലൂടെ നടന്ന് ജനജീവിതവുമായി ഇഴുകിച്ചേര്‍ന്ന് മുന്നേറുക എന്നത് പുതിയ ഇന്ത്യയെ കണ്ടെത്തല്‍ തന്നെയാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ സമാപിച്ച ഭാരത് ജോഡോ യാത്ര, ദേശീയ ഐക്യത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ ചുവടുവെപ്പ് എന്ന നിലയിലും, കരുത്തുറ്റ നീക്കം എന്ന നില യിലും ചരിത്രപരമാണ്.  ഭൂരിപക്ഷ വര്‍ഗീയതയുടെയും അപരവല്‍ക്കരണത്തിന്‍റെയും വെറുപ്പിന്‍റെയും പ്രത്യയശാസ്ത്രം രാഷ്ട്രീയ അധികാരം നേടാനുള്ള മൂര്‍ച്ചയുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്ന വര്‍ത്തമാനകാലത്താണ് രാഹുല്‍ഗാന്ധിയും സഹയാത്രികരും ബഹുസ്വരതയുടെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും മൈത്രി യുടെയും ഭാഷ സംസാരിച്ചുകൊണ്ട് ഇന്ത്യയുടെ ഹൃദയത്തിലൂടെ 4080 കിലോമീറ്റര്‍ നടന്നത്. ഒരു രാഷ്ട്രീയ പരിപാടി എന്നതിനേക്കാള്‍ ഏറെ, ദേശീയ പ്രസ്ഥാന കാലത്ത് ഗാന്ധിജി നടത്തിയ പദയാത്രകളെ ഓര്‍മിപ്പിക്കുന്ന സമര്‍പ്പണവും, ലാളിത്യവും, സംവേദനവും ഉള്‍ക്കൊണ്ട് ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്രയായിരുന്നു ഇത്. 'വെറുപ്പിന്‍റെ കമ്പോളത്തില്‍ സ്നേഹത്തിന്‍റെ കടതുറക്കാ'നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന ഒരൊറ്റ സന്ദേശത്തിലൂടെ അദ്ദേഹം ഓരോ ഭാരതീയനുമായി ഹൃദയബന്ധം സ്ഥാപിക്കാന്‍ പരിശ്രമിക്കുക യായിരുന്നു.

രക്താംബരങ്ങള്‍: പൗലോസും സുഹൃത്തുക്കളും ഫിലിപ്പിയ പട്ടണത്തിന് പുറത്ത് ഒരു പുഴയരികില്‍ പോയിരുന്നു പ്രാര്‍ത്ഥനയില്‍ മുഴുകി. അവന്‍ അവിടെ വന്നുചേര്‍ന്ന സ്ത്രീകളോട് സംസാരിച്ചു. ലുദിയ എന്നു പേരുള്ള ഒരു സ്ത്രീ അവനെ കേട്ടുകൊണ്ടിരുന്നു. അവള്‍ അതീവ ഭക്തിയുള്ളവളും,  രക്താംബര  വില്‍പ്പനക്കാരിയും ആയിരുന്നു. പൗലോസ് പറയുന്നത് ശ്രദ്ധിക്കുവാന്‍ തക്കവണ്ണം കര്‍ത്താവ് അവളുടെ മനസ്സ് തുറന്നു.

പൗലോസിന്‍റെ യാത്രാവിവരണത്തില്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെ ടാന്‍ സാധ്യതയില്ലാത്ത ഒരു സംഭവ മാണിത്. ചെമ്പട്ട് വില്പനക്കാരിയായ അവള്‍ക്കുള്ള വിശേഷണം അവള്‍ അതീവ ഭക്തിയുള്ളവളായിരുന്നു എന്നാണ്. പൗലോസ് പറയുന്നത് ശ്രദ്ധിക്കുവാന്‍ തക്കവണ്ണം കര്‍ത്താവ് അവളുടെ മനസ്സ് തുറന്നു എന്നും ചേര്‍ത്തിരിക്കുന്നു. 'കര്‍ത്താവില്‍ വിശ്വസിക്കുന്നവളായി കരുതുന്നുവെങ്കില്‍ എന്‍റെ വീട്ടില്‍ വന്ന് താമസിക്കുക' ലുദിയ പോളിനോട് അപേക്ഷി ക്കുന്നു.

ലുദിയ എന്ന സ്ത്രീയുടെ ജോലിയായി എഴുതിയിരിക്കുന്നത് അവള്‍ രക്താംബരം- ചെമ്പട്ട്-വില്പനക്കാരി ആയിരുന്നു എന്നാണ്. ക്രിസ്തുവിന്‍റെ സങ്കടങ്ങളുടെ അടയാളമാണ് രക്താംബരം.  നാടുവാഴിയുടെ പടയാളികള്‍ യേശുവിന്‍റെ മേലങ്കി മാറ്റി രക്താംബരം അവനെ ധരിപ്പിച്ചു.  'കാല്‍വരി ക്രൂശിന്‍മേല്‍ രക്താംബരം കൊണ്ടുള്ള ഒരു അങ്കി എന്ന് തോന്നിക്കുമാറ് അവന്‍റെ ശരീരം തൂങ്ങിക്കിടക്കും' എന്ന് 1822 -ല്‍ ഐസക് വാട്ട്സ് എന്ന സംഗീതജ്ഞന്‍ കുറിച്ച വരികളും ഇവിടെ ഓര്‍ക്കുന്നു.' നിന്‍റെ അകൃത്യങ്ങള്‍ കടുംചെമപ്പാര്‍ന്നത് എങ്കിലും  ഞാന്‍ അവയെല്ലാം ശുഭ്രവസ്ത്രമാക്കും' എന്ന പഴയനിയമത്തിലെ എഴുത്തും സ്മരണയില്‍ എത്തുന്നു.

"ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നുള്ളതല്ല അത് നമ്മള്‍ എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നതാണ് ജീവിതം." മഹാനായ എഴുത്തുകാരന്‍ മാര്‍ക്വേസിന്‍റെ  വരികള്‍ ആണിത്. പോളിന്‍റെ യാത്രയില്‍ കണ്ടുമുട്ടിയ ലുദിയ എന്ന  പെണ്‍കുട്ടിയുടെ ജീവിതം നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ സഹായിക്കാം എന്നുള്ളതിന്‍മേലുള്ള ഒരു വിചാരമായിരുന്നു ഇത്.  ഹെന്‍ട്രി ന്യുമാന്‍റെ  കവിത പോലെ, ഇരുട്ടുള്ള രാത്രികളില്‍ തരിശുഭൂമികളിലും, ചതുപ്പുനിലങ്ങളിലും, ചെങ്കുത്തായ പാറകളിലും, വേദനകളിലും വീഴാതെ നടക്കാന്‍ നമ്മെ സഹായിച്ച പുഞ്ചിരിക്കുന്ന മുഖമുള്ള മാലാഖയായി ലുദിയായെ ഓര്‍ത്തെടുക്കുവാനുള്ള ഒരു ശ്രമം. അത്തരം മനുഷ്യരെ വേദപുസ്തകം 'മാലാഖമാര്‍' എന്നാണ് പേരിട്ടു വിളിക്കുക. ആ മാലാഖമാര്‍ കൂട്ടുകാരോ മനുഷ്യരോ തന്നെ ആയിരിക്കണമെ ന്നില്ല.  അപരിചിതരായ മൃഗങ്ങളാവാം. ആശയങ്ങളോ നിലപാടുകളോ ആവാം. വിശ്വാസങ്ങളോ ധാരണകളോ ആവാം. പക്ഷേ നിര്‍ണായ നിമിഷത്തില്‍ അവ നമുക്ക് മാലാഖമാരെപ്പോലെ കൂട്ട് വരും. ലുദിയ എന്ന പെണ്‍കുട്ടിയും അവളുടെ രക്താംബരങ്ങളും നമ്മെ വിശ്വാസത്തിലും നമ്മുടെ സങ്കടങ്ങളെ കുരിശിലും അര്‍പ്പിക്കുവാന്‍ പ്രേരണ തരുമാറാകട്ടെ.

You can share this post!

മകന്‍റെ ദൈവശാസ്ത്രം

ജോസ് സുരേഷ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts