news-details
കവർ സ്റ്റോറി

ലഹളക്ക് വന്ന് വിരുന്നുണ്ടവന്‍

ആരായിരുന്നു വി. പൗലോസ്? അദ്ദേഹത്തെക്കുറിച്ചുള്ള നമ്മുടെ പൊതുബോധം എന്താണ്? നാം മനസ്സിലാക്കിയവക്കപ്പുറം പൗലോസില്‍ മറ്റെന്തെങ്കിലുമൊക്കെയുണ്ടോ? (പത്രോസിനെയും പൗലോസിനെയും ചേര്‍ത്ത് ദീര്‍ഘമായി ഒരു ലേഖനം ജൂണ്‍ ലക്കത്തില്‍ എഴുതിയിരുന്നതിനാല്‍ അന്നെഴുതിയ പലതും ആവര്‍ത്തിക്കുന്നില്ല). ഏതാണ്ട് യേശുവിന്‍റെ അതേ പ്രായക്കാരനായിരുന്നുവത്രേ പൗലോസും. പല ഭാഷകള്‍ സംസാരിക്കുന്നവന്‍. മതനിയമത്തില്‍ അവഗാഹമുള്ളവന്‍. ഇരട്ടപൗരത്വമുള്ളവന്‍. ചെറുപ്പക്കാരന്‍. മതതീക്ഷ്ണമതി. ഹെബ്രായനു ജനിച്ച ഹെബ്രായന്‍. നിയമത്തെ സംബന്ധിച്ച് ഫരിസേയന്‍. ഇന്നത്തെ ടര്‍ക്കിയില്‍ പെടുന്ന താര്‍സൂസില്‍ നിന്നുള്ള അദ്ദേഹത്തിന് തന്‍റെ നാട്ടില്‍നിന്ന് ജറൂസലേമില്‍ നടന്നെത്താന്‍ (ഏതാണ്ട് 900 കി.മീ) ഇരുപത് ദിവസം വേണ്ടിയിരുന്നു. ജറൂസലേമില്‍ പൗലോസിന്‍റെ സഹോദരി താമസമുണ്ടായിരുന്നിരിക്കണം (Cfr. അപ്പ.23:16). താന്‍ ജറൂസലെമിലാണ് വളര്‍ന്നതെന്ന് പൗലോസ് പറയുന്നുണ്ട് (അപ്പ.22:3). പൗലോസ് തന്‍റെ നിയമ പഠനം ഉള്‍പ്പെടുന്ന മതപഠന ശിക്ഷണം നേടിയത് ജറൂസലെമില്‍ ആയിരുന്നു. ഗമാലിയേലിന്‍റെ പാദത്തിങ്കല്‍ നിന്ന് അധ്യയനം സ്വീകരിച്ചതായി പൗലോസ് പറയുന്നുണ്ട് (അപ്പ.22:3). എക്കാലത്തേക്കുംവച്ച് ഏറ്റവും പ്രധാന യഹൂദ പണ്ഡിതനായിരുന്നു റബ്ബി ഹില്ലേല്‍. റബ്ബി ഹില്ലേലിന്‍റെ പൗത്ര നായിരുന്നു റബ്ബി ഗമാലിയേല്‍. റബ്ബി ഹില്ലേല്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ പണ്ഡിതന്‍. ഗമാലിയേ ലിന്‍റെ ശിഷ്യരില്‍ ഒരാള്‍ എന്ന നിലയില്‍ യഹൂദ ഭരണസിരാകേന്ദ്രത്തില്‍ പൗലോസിന് നല്ല പിടിപാടും സ്വാധീനവുമുണ്ടായിരുന്നിരിക്കണം. സാന്‍ഹെദ്രിന്‍ സംഘത്തിലെ കുറേ പേരെയെങ്കിലും അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നിരിക്കണം. ജറൂസലേമിന്‍റെ മുക്കും മൂലയും അദ്ദേഹത്തിനറിയാമായിരുന്നു. അധികാരസ്ഥാനങ്ങളിേ ലക്കുള്ള ഗോവണിക്കടുത്തു തന്നെയാണയാള്‍ നിലയുറപ്പിച്ചിരുന്നത്. തീര്‍ച്ചയായും നല്ലൊരു നിരീക്ഷകന്‍ കൂടിയായിരുന്നിരിക്കണം അയാള്‍. പന്തക്കുസ്തായിലെ പത്രോസിന്‍റെ പ്രസംഗം അയാള്‍ കേട്ടിരുന്നിരിക്കുമോ?! ഏതായാലും സ്തേഫാനോസിന്‍റെ പ്രസംഗം അയാള്‍ കേട്ടിരുന്നല്ലോ. അവിടെയും അയാള്‍ മാറിനിന്ന് നിരീക്ഷി ക്കുകയായിരുന്നു.  ആ പ്രസംഗം കേള്‍ക്കേ, അയാളില്‍ എന്തെങ്കിലുമൊക്കെ തട്ടിമറിഞ്ഞ് വീണിട്ടുണ്ട്. അത് മറയ്ക്കാനും തീവ്രമത ദേശീയതയില്‍ അടിയുറക്കാനുമായിട്ടാവണം അയാള്‍ പ്രധാന പുരോഹിതന്മാരെ സമീപിക്കുന്നത്!

അവരില്‍നിന്ന് അധികാരപത്രം വാങ്ങി, കൂടെ കുറേ തീക്ഷ്ണമതികളെയും കൂട്ടിനുകൂട്ടിയാണ് ആറര ദിവസം യാത്ര ചെയത് അദ്ദേഹം ഇന്നത്തെ സിറിയയിലുള്ള ഡമാസ്കസില്‍ എത്തുക. അവിടെ യേശുവെന്ന ക്രിസ്തുവില്‍ വിശ്വസിച്ചിട്ടുള്ളവരെ അറസ്റ്റ് ചെയ്ത്, വിചാരണക്കായി ജറൂസലമില്‍ എത്തിക്കലാണ് സ്വയംകൃത ദൗത്യം. ഒരു ഉച്ച നേരത്ത് ഡമാസ്കസിന്‍റെ തൊട്ടടുത്ത് എത്തുമ്പോഴാണ് കത്തിജ്വലിക്കുന്ന സൂര്യന്‍റേതു പോലുള്ള പ്രകാശം അയാളെ വലയം ചെയ്യുന്നത്. അദ്ദേഹം മുഖംപൊത്തി വീണു. കുതിരപ്പുറത്തു നിന്ന് വീണതായിട്ടൊക്കെയാണ് ചിത്രീകരണങ്ങളിലൊക്കെയും. സത്യത്തില്‍ കുതിരയെക്കുറിച്ച് എവിടെയും പരാമര്‍ശമില്ല. പൗലോസ് എവിടെയും കുതിരയെ ഉപയോഗിച്ചിരുന്നതായും സൂചനകളില്ല. സത്യത്തില്‍, ഭക്തരായ യഹൂദര്‍ അശുദ്ധ മൃഗമായ കുതിരയെ സവാരി മൃഗമായി സാധാരണ ഗതിയില്‍ ഉപയോഗിച്ചിരുന്നില്ല. (നിയമ പുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും കുതിരവിരോധത്തിന്‍റെ ചിന്ത പ്രബലവുമാണ്).

"സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്ന തെന്തിന്?"- ചോദ്യം.

"പ്രഭോ അങ്ങ് ആരാണ്?" - മറുചോദ്യം

"നീ പീഡിപ്പിക്കുന്ന നസ്രായനായ യേശുവാണ് ഞാന്‍" - മറുപടി.

കണ്ണു കാണാതായ പൗലോസിനെ മറ്റുള്ളവര്‍ കൈപിടിച്ച് പട്ടണത്തിലെത്തിക്കുന്നു. പരസ്പരം സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തുന്ന ദര്‍ശനം   ക്രിസ്തുവിശ്വാസിയായ അനനിയാസിനും ക്രിസ്തു വിരോധിയായ പൗലോസിനും ഒരേ സമയത്ത് സിദ്ധിക്കുന്നു. അനനിയാസ് പൗലോസിനെ തേടി യെത്തുന്നു. അവന്‍റെമേല്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥി ക്കുന്നു. അയാളുടെ കണ്ണുകളില്‍നിന്ന് 'ചെതുമ്പലുകള്‍ പോലെ' എന്തോ അടര്‍ന്ന് താഴെ വീഴുന്നു! പൗലോസിന് കാഴ്ച വീണ്ടുകിട്ടുന്നു. ഉടനെ പൗലോസ് മാമ്മോദീസ സ്വീകരിക്കുന്നു. (സാവൂള്‍ എന്ന ഹെബ്രായ നാമത്തിന്‍റെ ഗ്രീക്ക് വേരിയന്‍റാണ് പാവുളുസ് - പൗലോസ്. വിജാതീയരുടെ അപ്പസ്തോലന് ഗ്രീക്ക് രൂപം ഉപയോഗിക്കാനാണ് താല്പര്യം ).

പൗലോസ് ശ്ലീഹാ അനനിയാസില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചതുവരെയുള്ള കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമാണ്. എന്നാല്‍, അതിനുശേഷം എന്തു സംഭവിച്ചു എന്നതിനെ സംബന്ധിച്ച് വി. ഗ്രന്ഥം തന്നെ പലവിധ വിവരണങ്ങളാണ് നല്കുന്നത്. അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ 9-ാം അധ്യായത്തിലാണ് പൗലോസിന്‍റെ മാനസാന്തരം നാം ആദ്യം വായിക്കുന്നത്. അതിന്‍പ്രകാരം കാഴ്ച തിരിച്ചുകിട്ടിയശേഷം അവന്‍ ഭക്ഷണം കഴിച്ച് ശക്തി പ്രാപിക്കുകയും സഹോദരങ്ങളോടൊപ്പം ഏതാനും ദിവസം തങ്ങുകയും ചെയ്തു. താമ സിയാതെ അവന്‍ ഡമാസ്കസിലെ സിനഗോഗുകളില്‍ ചെന്ന് യേശുവാണ് ക്രിസ്തു എന്ന് പ്രസംഗിച്ചു. അതിനു ശേഷം ജറൂസലേമിലേക്ക് തിരിച്ചുചെന്ന്, അവിടെയും പ്രസംഗിക്കാന്‍ ആരംഭിച്ചു. (പത്രോസ് ശ്ലീഹായുടെ ദര്‍ശനം പലതവണ ആവര്‍ത്തിക്കുന്നതുപോലെ, പൗലോസ് ശ്ലീഹായുടെ ദര്‍ശനവും പലതവണ ആവര്‍ത്തിക്കുന്നുണ്ട് തിരുലിഖിതങ്ങള്‍).  അപ്പ.പ്ര. 22-ാം അധ്യായത്തിലും 26-ാം അധ്യായത്തിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ പൗലോസ് തന്‍റെ മാനസാന്തര കഥ ആവര്‍ത്തിക്കുന്നതായി ഗ്രന്ഥകാരനായ ലൂക്കാ രേഖപ്പെടുത്തുന്നുണ്ട്.

എന്നാല്‍, ഗലാത്തിയര്‍ക്കുള്ള ലേഖനം 1-ഉം 2-ഉം അധ്യായങ്ങളിലായി തന്‍റെ കഥ പൗലോസ് നേരിട്ട് വിവരിക്കുന്നിടത്ത് ചില്ലറ വ്യത്യാസങ്ങളുണ്ട്. മനുഷ്യരില്‍ നിന്നല്ല താന്‍ സുവിശേഷം സ്വീകരിച്ചത്, മറിച്ച് വെളിപാടുവഴിയാണ് (ഗലാ. 1: 11-12,16) എന്ന് തറപ്പിച്ചുപറയുന്ന പൗലോസ് ആയത് സ്ഥാപിക്കാനായി പറയുന്നത്, തന്‍റെ മാനസാന്ത രത്തിനു ശേഷം താന്‍ ജറൂസലേമില്‍ പോയില്ല, തനിക്കുമുമ്പേ അപ്പസ്തോലന്മാരായവരെ കണ്ടില്ല; മറിച്ച് താന്‍ അറേബ്യയിലേക്കാണ് പോയത് എന്നാണ്. അതിനുശേഷം താന്‍ ഡമാസ്കസി ലേക്ക് തിരിച്ചുവന്ന് ക്രിസ്തുവിനെ പ്രസംഗിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തിനുശേഷമാണ് താന്‍ ജറൂസലേമിലേക്ക് തിരിച്ചുപോയതും കേപ്പായെ കാണുന്നതും രണ്ടാഴ്ച അവനോടൊപ്പം താമസിക്കുന്നതും എന്ന് പൗലോസ് എഴുതുന്നു.

ഈ ഭാഷ്യങ്ങള്‍ തമ്മില്‍ പ്രഥമദൃഷ്ട്യാ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് തോന്നാമെങ്കിലും അങ്ങനെ തോന്നേണ്ടതില്ല. രണ്ടു ഭാഷ്യങ്ങളിലും ഇടയ്ക്ക് പൂരിപ്പിക്കപ്പെടാത്ത കാലവിളംബങ്ങള്‍ ഉണ്ടെന്നേ മനസ്സിലാക്കേണ്ടതുള്ളൂ. പൗലോസിന്‍റെ ഭാഷ്യം ആണ് എനിക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. കാരണം, ഒന്നാമതായി അക്കാര്യം അദ്ദേഹം തറപ്പിച്ചു പറയുന്നു എന്നതുതന്നെ. രണ്ടാമതായി, അദ്ദേഹം മുഖ്യപുരോഹിതരുടെ അടുത്ത്, അങ്ങോട്ട് ചെന്ന് അധികാരപത്രങ്ങള്‍ ചോദിച്ചു വാങ്ങി യിട്ടാണ്, ഡമാസ്കസിലേക്ക് പരിവാരങ്ങളുമായി പോയത്. രണ്ടാഴ്ചക്കുശേഷം, "ഞാന്‍ യേശുവിനെ കണ്ടു, അവന്‍ തന്നെയാണ് ക്രിസ്തു" എന്നു പറഞ്ഞുകൊണ്ട് പ്രധാന പുരോഹിതന്മാരുടെ അടുത്ത് ഇളിഭ്യനായി തിരിച്ചുചെല്ലാന്‍ അയാള്‍ക്ക് ഏതായാലും കഴിയുമായിരുന്നില്ല. മൂന്നാമതായും ഏറ്റവും പ്രധാനവുമായി, യഹൂദ നിയമത്തില്‍ ഉപരിപഠനം നേടിയ ആളായിരുന്നു പൗലോസ്. അയാള്‍ യേശുവിനെ പ്രസംഗിക്കണമെങ്കില്‍ അയാള്‍ക്ക് അവനെ അറിയണമായിരുന്നു. ഒരു ബുദ്ധിജീവിയായ അയാള്‍ക്ക് അതിന് ഒരു മിന്നല്‍ മതിയാവില്ല. ഇന്നത്തെ സിറിയയില്‍ ഉള്‍പ്പെടുന്ന ഡമാസ്കസില്‍ നിന്ന് മൂന്നു ദിവസം യാത്ര ചെയ്താല്‍ത്തന്നെ അക്കാലത്ത് (സൗദി) അറേബ്യ യുടെ അതിര്‍ത്തി കടക്കാമായിരുന്നു. എന്നിട്ടോ? അവിടെ അയാള്‍ എന്താവും ചെയ്തുകാണുക? അയാള്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ വീണ്ടും വായിക്കുകയും തനിക്കുകിട്ടിയ ക്രിസ്തു-വെട്ടത്തില്‍ അവയെ പുനര്‍വായിക്കുകയും ആയിരുന്നിരിക്കണം. അയാള്‍ ധ്യാനിക്കുകയായിരുന്നു; പ്രാര്‍ത്ഥിച്ച് തപസ്സിരിക്കുകയായിരുന്നിരിക്കണം അയാള്‍. ഒരുപക്ഷേ, 'ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ നീളവും വീതിയും ഉയരവും ആഴവും' അളന്നെടുക്കുകയായിരുന്നു അയാള്‍.

(പൗലോസും പൗലോസിന്‍റെ നിര്‍ദേശപ്രകാരമായിരിക്കണം ലൂക്കായും മനഃപൂര്‍വ്വം മൗനം പാലിക്കുകയാണ് അറേബ്യയെക്കുറിച്ചും അവിടെ അയാള്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചും).

പൗലോസിനെക്കുറിച്ച് നമ്മില്‍ മിക്കവര്‍ക്കും ഒരല്പം അകല്‍ച്ചയോ താല്പര്യക്കുറവോ ഉണ്ട്. ഒന്നാമത് അയാള്‍ കടുപ്പം ഭാഷയാണ് ഉപയോഗിക്കുന്നത്. രണ്ടാമത് അയാള്‍ എളുപ്പം ദഹിക്കാത്ത ദൈവശാസ്ത്രമാണ് പറയുന്നത് എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ട്. മൂന്നാമതായി, അയാള്‍ പറയുകയും എഴുതുകയും ചെയ്യുന്ന ചില കാര്യങ്ങളെ ക്കുറിച്ചെങ്കിലും നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. ഇങ്ങനെ പലവിധ കാരണങ്ങളാല്‍ നമുക്കയാളെ ഉള്‍ക്കൊള്ളാനാവാതെയുണ്ട്. അതും പോരാഞ്ഞ്, സുവിശേഷാഖ്യാനങ്ങളിലൂടെ നാം പരിചയപ്പെട്ടു വന്ന അപ്പസ്തോലഗണത്തിന് വെളിയില്‍നിന്ന് കയറി വന്നവനാണ് അയാള്‍ എന്നതിനാല്‍, സ്വാഭാവികമായും നമുക്കയാളോട് അല്പം നീരസവുമുണ്ട്.

എന്നാല്‍, നാമെല്ലാം അയാളെ ഒത്തിരി തെറ്റി ദ്ധരിച്ചിരിക്കയാണെന്ന് തിരിച്ചറിയുന്നുണ്ട് അടുത്ത കാലത്തായി ബൈബിളിനെ ഗൗരവമായി സമീപിക്കുന്നവര്‍. ഒന്നാമതായി, നമ്മള്‍ മിക്കവാറും കരുതും പോലെ ഒരു നലം തികഞ്ഞ ദൈവശാ സ്ത്രജ്ഞനൊന്നും ആയിരുന്നില്ല പൗലോസ്. അദ്ദേഹത്തിന്‍റെ ചിന്തകളുടെ രീതീശാസ്ത്രം തര്‍ക്കികം (Logical) എന്നതിനെക്കാള്‍ ഉള്‍ക്കാഴ്ചാ പരമാണ് (Intuitive). പലരും കരുതുന്നതുപോലെ ഒരു പരിവര്‍ത്തിത സാന്മാര്‍ഗ്ഗികനും(moral convert) ആയിരുന്നില്ല അയാള്‍. അതുകൊണ്ടാണ യാള്‍ പ്രവൃത്തികള്‍ക്ക് അമിത പ്രാധാന്യം നല്കാത്തത്. ഒരു ദൈവശാസ്ത്രജ്ഞനോ ഒരു പരിവര്‍ ത്തിത സാന്മാര്‍ഗ്ഗികനോ എന്നതിനെക്കാള്‍ പൗലോസ് ഒരു മിസ്റ്റിക് ആയിരുന്നു എന്നതാണ് ഇപ്പോള്‍ പലരും എത്തിച്ചേരുന്ന നിലപാട്. അതൊരു പുതിയ നിരീക്ഷണവുമല്ല.

എന്താണ് മിസ്റ്റിസിസം? ആരാണ് മിസ്റ്റിക്? ഭാഷാപരമായി ഒരു രഹസ്യവും രഹസ്യത്തെ നോക്കലും അതിലുണ്ട്. മനുഷ്യജീവിതത്തില്‍ സര്‍വ്വത്ര പതിഞ്ഞുകിടക്കുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധമാണത്. 'ഷെക്കീനാ' (Shekhinah) എന്നാണതിനെ പേരിട്ട് വിളിച്ചിരുന്നത്. അധാര്‍മ്മികമായി നേടാവുന്ന നേട്ടങ്ങള്‍ക്കും സ്വാര്‍ത്ഥതകള്‍ക്കും ഉപരിയായി നില്ക്കുന്ന ദൈവസാന്നിധ്യമാണത്. (എത്ര അനായാസമായാണ് നാം വിശുദ്ധമായവയെ sacrilege ചെയ്യുന്നത്, അല്ലേ?!) പരിവര്‍ത്തനോന്മുഖവും സര്‍വ്വംസ്പര്‍ശിയായതും ദൈവത്തിന്‍റെ നേരിട്ടുള്ളതുമായ സാന്നിധ്യാവ ബോധത്തെക്കുറിക്കുന്ന വിശ്വാസവും ആചാരവും ഉള്‍പ്പെടുന്ന മതാത്മകതയെ ക്രിസ്തീയാര്‍ത്ഥത്തില്‍ നമുക്ക് മിസ്റ്റിസിസം എന്ന് വിളിക്കാം. തീവ്രമായ ഭക്തിയും ആത്മനിന്ദയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുംവിധമുള്ള വ്യക്ത്യധിഷ്ഠി തമായ ദര്‍ശനങ്ങള്‍ക്കും വെളിപാടുകള്‍ക്കുമൊക്കെ നമ്മുടെ കാലത്തും ഒട്ടും പഞ്ഞമില്ല. എന്നാല്‍, അവയൊന്നും മേല്പറഞ്ഞ ഉപാധികളെ പൂര്‍ത്തിയാക്കുന്നതില്‍ വിജയിക്കാറില്ല. പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍ പറഞ്ഞാല്‍ 'അവര്‍ ശിരസ്സിനോട് ഗാഢബന്ധം പുലര്‍ത്തുന്നില്ല' (കൊളോ. 2: 19). ആയിരക്കണക്കിന് പേജുകളില്‍ നിരവധി വാള്യങ്ങളുള്ള സ്വകാര്യ വെളിപാടുകള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍, അവയിലെവിടെയും സാമൂഹിക നീതിയും സഭയുടെ സംഘാതത്വവും പ്രമേയമാകുന്നുണ്ടാവില്ല. വ്യക്തിയുടെയും സഭയുടെയും സമൂഹത്തിന്‍റെയും മാറിത്തീരലും ദൈവരാജ്യം എന്ന സമ്പൂര്‍ണ്ണചിത്രവും അവരില്‍ നിഴലിക്കുന്നുണ്ടാവില്ല. മിസ്റ്റിക്കുകള്‍ക്ക് ദൈവാനുഭവം ഉണ്ടാവണമെന്നില്ല. ദൈവസാന്നി ധ്യാവബോധമേ ഉണ്ടാകേണ്ടൂ.

പൗലോസിനെ നോക്കാം. അവബോധങ്ങളുടെയും അനുഭവങ്ങളുടെയും മനുഷ്യനായിരുന്നു അയാള്‍. ഏതാണ്ട് മുപ്പത്തിമൂന്ന് വയസ്സുള്ള, ആരോഗ്യവാനും തീക്ഷ്ണമതിയുമായ ഒരു ചെറുപ്പക്കാരന്‍, പ്രഹരമേറ്റ് വീണ്, മറ്റുള്ളവര്‍ കൈപിടിച്ച് കൊണ്ടുപോകേണ്ടി വരുന്നിടത്ത് ആരംഭിക്കുന്നു അയാളുടെ തീക്ഷ്ണമായ അനുഭവങ്ങളുടെ ജീവിതം. ആത്മാവിന്‍റെ വര്‍ഷം, ദര്‍ശനങ്ങള്‍, വെളിപാടുകള്‍, ശാരീരിക പീഡനങ്ങള്‍, ചമ്മട്ടിയടികള്‍, വടികൊണ്ടടികള്‍, വിശപ്പ്, അലച്ചില്‍, അപകടങ്ങള്‍, കപ്പല്‍ച്ചേതങ്ങള്‍, കടലില്‍ ഒഴുകി നടപ്പ്, മറ്റുള്ളവരുടെ ഒറ്റലുകള്‍, ഗൂഢാലോചനകള്‍ക്കിരയാകല്‍ എന്നിങ്ങനെ അദ്ദേഹം സഞ്ചരിച്ചതും ഉള്‍ക്കൊണ്ടതുമായ അനുഭവങ്ങള്‍ എത്രയെ ത്രയാണ്!

നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു പ്രധാന കാര്യം, നമുക്ക് ഇന്ന് ഉള്ളതുപോലെ 'സമൃദ്ധമായ ദൈവവചന സമ്പത്ത്' അദ്ദേഹത്തിനു മുമ്പില്‍ അന്ന് ഉണ്ടായിരുന്നില്ല. മറ്റ് അപ്പസ്തോലന്മാരെപ്പോലെ മൂന്നുവര്‍ഷം ഗുരുവിനോടൊപ്പം നടന്ന് ഗുരുവിന്‍റെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും അയാള്‍ കേട്ടിട്ടില്ല. യേശു ചെയ്ത അത്ഭുതങ്ങള്‍ അയാള്‍ നേരില്‍ കണ്ടിട്ടില്ല. പൗലോസ് പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ഘട്ടത്തില്‍ ഒരൊറ്റ സുവിശേഷം പോലും എഴുതപ്പെട്ടിരുന്നില്ല. പത്രോസിന്‍റെയോ യാക്കോബിന്‍റെയോ യോഹന്നാന്‍റെയോ യൂദാസിന്‍റെയോ ലേഖനങ്ങളും എഴുതപ്പെ ട്ടിരുന്നില്ല. പിന്നെ, പൗലോസിന്‍റെ കൈയ്യിലെ ആകെ ആസ്തി എന്നുപറയുന്നത് അയാള്‍ പഠിച്ച പഴയനിയമമാണ്. അതുമായിട്ടാണ് പൗലോസ് അറേബ്യയിലേക്ക് പോകുന്നത്. മിക്കവാറും അവിടെയേതോ മലമുകളില്‍ അയാള്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും, പാര്‍ത്തിരിക്കണം. അവിടെ തന്‍റെ ധ്യാനമനനങ്ങളിലാണ് അതീന്ദ്രിയങ്ങളായ അനു ഭവങ്ങളും വെളിപാടുകളും ദൈവം അദ്ദേഹത്തിന് നല്കുന്നത്. 'ശരീരത്തോടുകൂടിയോ ശരീരമില്ലാ തെയോ മൂന്നാം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഒരുവനെ ക്രിസ്തുവില്‍ എനിക്കറിയാം' (2 കൊറി. 12: 2 -6)എന്ന് എഴുതുന്ന പൗലോസ് 'ആ ഒരാളെ' കണ്ടുമുട്ടുകയായിരുന്നിരിക്കണം അവിടെ. യേശു ക്രിസ്തു അവന്‍റെമേല്‍ വെളിച്ചം വീശി. കാരണം, യേശുവിന് അവനെക്കൊണ്ട് ആവശ്യമുണ്ടാ യിരുന്നു.

ക്രിസ്തു എന്ന വെളിച്ചത്തില്‍ താന്‍ പഠിച്ച നിയമങ്ങളെല്ലാം അര്‍ത്ഥരഹിതവും ഫലശൂന്യവുമായി ഉരുകിയൊലിച്ചു പോകുന്നതായി പൗലോസ് അറിഞ്ഞു. ഒന്നുമില്ല ഇനി അയാളില്‍. ശൂന്യനാണയാള്‍. യേശുവിന്‍റെ പിതാവായ ദൈവത്തോടു പോലും പൗലോസിന് അധികം ബന്ധപ്പെടാന്‍ കഴിയുന്നില്ല. കാരണം, അയാള്‍ അറിയുന്ന യാഹ്വേ ആയ ദൈവം നിയമദാതാവായ ദൈവമാണ്. താന്‍ മനസ്സില്‍ പതിച്ചിരുന്ന ആ ദൈവ സങ്കല്പത്തില്‍നിന്ന് പൂര്‍ണ്ണമായും രക്ഷപെടാന്‍ കഴിയുന്നില്ലാത്തതിനാലാണ് പൗലോസ്, താന്‍ അറിഞ്ഞ, താനറിയുന്ന ക്രിസ്തുവെന്ന ദൈവത്തെ വിടാതെ മുറുകെപ്പിടിക്കുന്നത്.

പ്രപഞ്ചത്തെ ഒന്നാകെ കാണുന്ന രീതി (Cosmic vision) എപ്പോഴുമുണ്ട് പൗലോസില്‍. 'ആധിപ ത്യങ്ങളെയും അധികാരങ്ങളെയും' (കൊളോ. 2: 15) പറ്റിയും "ലോക സ്ഥാപനത്തിനുമുമ്പേ അവിടുന്ന് നമ്മെ തിരഞ്ഞെടു"ക്കുന്നതിനെ (എഫേ. 1:4) പറ്റിയും "സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് .. ഈറ്റുനോവ് അനുഭവിക്കുന്ന"തിനെ പറ്റിയും (റോമ.8:22) മറ്റും മറ്റും നാം മറ്റെവിടെയാണ് കാണുക!

പരിവര്‍ത്തനോന്മുഖത പൗലോസില്‍ എമ്പാടും ചിതറിക്കിടക്കുന്നതു കാണാം. "നിങ്ങളുടെ മന സ്സിന്‍റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍" (റോമ. 12: 2) എന്നുപറയുന്ന പൗലോസ് "നാമെല്ലാവരും മഹത്വത്തില്‍ നിന്ന് മഹത്വത്തിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കയാണ്"  (2 കൊറി. 3:18) എന്നും ഉറപ്പിച്ചെഴുതും. "ഒരു പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം" (ഗലാ. 6:15) എന്ന് പൗലോസ് എല്ലാ അര്‍ത്ഥശങ്കകളും മാറ്റു ന്നതുനോക്കൂ!

പൗലോസിന്‍റെ യഹൂദ ജീവിതത്തെയും അദ്ദേഹത്തിന്‍റെ ക്രൈസ്തവ ജീവിതത്തെയും സമ്യക്കായി അടയാളപ്പെടുത്തുന്നുണ്ട് ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തിലെ അദ്ദേഹത്തിന്‍റെ വീരവാദ ങ്ങളും, അദ്ദേഹം തന്നെ നടത്തുന്ന അവയുടെ നിരാസവും. ശരീരത്തിലല്ല, ക്രിസ്തുവിലാണ് അഭിമാനിക്കേണ്ടത് എന്നു വാദിക്കുന്ന പൗലോസ്, ശരീരത്തില്‍ അഭിമാനിക്കാനാണെങ്കില്‍ തനിക്ക് അതിനും വകയുണ്ട് എന്ന് സമര്‍ത്ഥിക്കുന്നു. ശരീരം എന്ന് ഇവിടെ പൗലോസ് പറയുമ്പോള്‍, പരിഛേദനം, യഹൂദത്വം, കുലമഹിമ, പാരമ്പര്യത്തെക്കുറിച്ചുള്ള തീക്ഷ്ണത, നീതീപൂര്‍ണ്ണത എന്നിവയെല്ലാമാണ് പരിഗണിക്കുന്നത്. ഇവയെല്ലാമാണ് ക്രിസ്തുവിനെപ്രതി നഷ്ടമായി കണക്കാക്കി എന്ന് ഏറ്റുപറയുന്നത്. അപ്പോള്‍, ശരീരത്തെക്കുറിച്ച് മേന്മ ഭാവിക്കണ്ട; പരിഛേദനത്തെക്കുറിച്ച് വേണ്ട; നിയമത്തെ ക്കുറിച്ച് വേണ്ട;  സംസ്കാരത്തെക്കുറിച്ച് വേണ്ട; കുലമഹിമയെക്കുറിച്ച് വേണ്ട; അറിവിനെക്കുറിച്ച് വേണ്ട; പാരമ്പര്യങ്ങളെക്കുറിച്ച് വേണ്ട; വെളിപാടു കളെക്കുറിച്ചും വേണ്ട. ഇവയെല്ലാം ഉച്ഛിഷ്ടം പോലെ കരുതുന്നു പൗലോസ്. വെളിപാടിനെ പോലും പൗലോസ് ഉച്ഛിഷ്ടമായി കരുതുന്നത് കാണുക! നമ്മുടെ കര്‍ത്താവിലും അവിടത്തെ കുരിശിലും മാത്രമേ മേന്മ കാണാന്‍ അദ്ദേഹത്തിന് കഴിയുന്നുള്ളൂ.

എങ്കിലും, തന്‍റെ ദര്‍ശനങ്ങളെയും (1 കൊറി. 9: 1; 15: 8) വെളിപാടുകളെയും (അപ്പ. 22: 17 -21; 23: 11) കുറിച്ച് പറയേണ്ടിവരുന്നുണ്ട് പൗലോസിന്. (പ്രധാനികളില്‍നിന്ന് മിക്കവാറും പൗലോസിന് അനുഭവിക്കേണ്ടിവന്ന തിരസ്കരണമായിരുന്നിരിക്കണം പൗലോസിനെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നത് എന്നാണ് പല വചന പഠിതാക്കളും പറയുന്നത്!). മൂന്നാം സ്വര്‍ഗ്ഗം വരെ ഉയര്‍ത്തപ്പെട്ട അനുഭവത്തെക്കുറിച്ച് നേരിട്ടല്ലാതെ പറഞ്ഞതിനു ശേഷം തനിക്ക് ആത്മപ്രശംസക്കുള്ള ഇച്ഛയുണ്ടെന്ന് അദ്ദേഹം വിനയപൂര്‍വ്വം സമ്മതിക്കുന്നു. പൗലോസിന് ദൈവം നല്കിയ വെളിപാടുകള്‍ ചെറുതല്ലായിരുന്നു എന്നോര്‍ക്കുക. അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഇത്തരം അനുഭവങ്ങളെക്കുറിച്ച് സൂചിപ്പിച്ചതിനുശേഷം അദ്ദേഹത്തിന്‍റെ അടുത്ത വാചകം നമ്മെ ഞെട്ടിച്ചു കളയും! "വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദി ക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്ക് നല്കപ്പെട്ടിരിക്കുന്നു." അദ്ദേഹത്തിന് വെളിപാടുകളുടെ ആധിക്യമുണ്ടായിരുന്നു. ആ ശൃംഗത്തില്‍നിന്ന് പൗലോസ് തന്നെത്തന്നെ തള്ളി താഴെയിടുകയാണ് - ശരീരത്തില്‍ നല്കപ്പെട്ടിട്ടുള്ള മുള്ളിനെക്കുറിച്ച് പറഞ്ഞുകൊണ്ട് (2 കൊറി. 12:7).

പൗലോസിനെ സംബന്ധിച്ചിടത്തോളം താന്‍ എന്ന വ്യക്തി ബന്ധത്തില്‍ മാത്രമേയുള്ളൂ. എല്ലാ യ്പ്പോഴും അദ്ദേഹം ക്രിസ്തുവിന്‍റെയും സഭയുടെയും ഭാഗമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹം എപ്പോഴും 'നാം', 'നമ്മള്‍' എന്ന ഉത്തമപുരുഷ ബഹുവചനമാണ് ഉപയോഗിക്കുക. 'നമ്മെ യോഗ്യരാക്കിയ പിതാവിന് സ്തുതി', 'അവിടന്ന് നമ്മെ വിമോചിപ്പിച്ചു', 'നമ്മെ ആനയിച്ചു', 'നമ്മെ തിരഞ്ഞെടുത്തു' എന്നൊക്കെയാണ് പൗലോസില്‍ നമുക്ക്  എപ്പോഴും വായിക്കാന്‍ കഴിയുക.

എന്നാല്‍, ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ പൗലോസ്  ക്രിസ്തുവുമായുള്ള തന്‍റെ ബന്ധത്തെ വെളി വാക്കും വിധം ഉത്തമപുരുഷ ഏകവചനത്തിലും സംസാരിക്കുന്നതു കാണാം. 'ആകയാല്‍, എന്‍റെ കര്‍ത്താവായ യേശുകിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം' (ഫിലി. 3:8) ; 'അത് അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും...' (ഫിലി. 3: 10); 'ഞാന്‍ ക്രിസ്തുവിനുവേണ്ടി ബന്ധിതനാണ്'(ഫിലി. 1:13) 'ഞാന്‍ ജീവിക്കുന്നു, എന്നാല്‍ ഞാനല്ല, ക്രിസ്തു എന്നില്‍ ജീവിക്കുന്നു' (ഗലാ. 2: 20) എന്നിങ്ങനെ അഗാധമായി അദ്ദേഹം ക്രിസ്തുവുമായി ബന്ധപ്പെട്ടു. വെറുതെയല്ല, "എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്" (ഫിലി. 1: 21) എന്നയാള്‍ പറയുന്നത് !

പൗലോസിന്‍റെ ഏറ്റവും അറിയപ്പെടുന്ന സവിശേഷത 'ക്രിസ്തുവില്‍' (In Christo) എന്ന സമന്വിതത്വമാണ്. എല്ലാവരും, സഭ, താന്‍ ... എല്ലാം ക്രിസ്തുവില്‍ ആണ്. 'ക്രിസ്തുവില്‍ ആത്മ ധൈര്യം' (ഫിലി. 1: 14); 'കര്‍ത്താവില്‍ പ്രത്യാശിക്കുന്നു' (ഫിലി. 2: 24); 'ആത്മാവില്‍ ഏകശരീരമാ കാന്‍' (1 കൊറി. 12: 13); 'ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ' (ഫിലി. 2: 1). ഇങ്ങനെ, പൗലോസ് എല്ലാവരെയും 'ക്രിസ്തുവില്‍' ആണ് കാണുന്നത് എന്നതുതന്നെ അദ്ദേഹത്തിന്‍റെ മിസ്റ്റിക് ദര്‍ശനത്തെ വെളിവാക്കുന്നുണ്ട്.

ക്രിസ്തുവിനുവേണ്ടി എത്ര താഴാനും അയാള്‍ ഒരുക്കമാണ്. 'ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍' (റോമ. 7: 24) എന്നയാള്‍ പറയുമ്പോള്‍ എല്ലാവരെക്കുറിച്ചും ആണെങ്കിലും മുഖ്യമായും അയാള്‍ അവിടെയുണ്ട്. 'എന്‍റെ ബലഹീനതകളെക്കുറിച്ച് ഞാന്‍ പ്രശംസിക്കും' എന്നെഴുതുന്ന പൗലോസ്, 'ബലഹീനനായിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത്' (2 കൊറി. 12: 9,10) എന്ന് സ്വയം ക്രിസ്തുവില്‍ സമര്‍പ്പിക്കും. 'ബലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്ക് ബലഹീനനായി'; 'വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായി'(1 കൊറി. 9: 19-22) എന്ന് സ്വയം ബലികഴിക്കും. കാരണം, സ്നേഹമാണ്, സഹാനുഭൂതിയാണ് അയാളില്‍.

സഹനത്തിന് അതില്‍ത്തന്നെ മൂല്യമൊന്നുമില്ല. എന്നാല്‍, സ്നേഹം എത്ര സഹനമാണയാ ള്‍ക്ക് നല്കിയിട്ടുള്ളത്! അയാള്‍ നടന്ന വേവുള്ള പാതകളെക്കുറിച്ച് നാമാദ്യമേ കണ്ടല്ലോ. അയാള്‍ ഒന്നിനെക്കുറിച്ചും പരാതിപ്പെടില്ല. അയാള്‍ ക്രിസ്തുവുമായി സാത്മ്യപ്പെടുകയാണ്. 'സഭയാ കുന്ന തന്‍റെ ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്‍റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു' (കൊളോ. 1:24) എന്നാണയാള്‍ പറയുക. 'സ്വന്തം കൈപ്പടയില്‍ എത്രവലിയ അക്ഷരങ്ങളിലാണ്' അയാള്‍ എഴുതുന്നത്! (ഗലാ. 6: 11). ചെറുതാക്കിയെഴുതാന്‍ കൈ വഴങ്ങാത്തതാവാം. 'ഞാന്‍ എന്‍റെ ശരീരത്തില്‍ യേശുവിന്‍റെ അടയാളങ്ങള്‍ ധരിക്കുന്നു' (ഗലാ. 6:17) എന്നദ്ദേഹം എഴുതുന്നത് അയാള്‍ സ്വീകരിച്ച ക്രിസ്തുവിന്‍റെ പഞ്ചക്ഷതങ്ങളെക്കുറിച്ചാണെന്ന് കരുതുന്നവരുണ്ട്.

ഒരു മിസ്റ്റിക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത അയാളുടെ ആത്മസംതൃപ്തിയാണ്. 'ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ് ' (2 കൊറി. 12: 10) എന്നദ്ദേഹം തറപ്പിച്ചു പറയുന്നു. 'സംതൃപ്തിയോടെ ജീവിക്കാന്‍.. പരിശീലിച്ചിട്ടുണ്ട്' എന്ന് തന്‍റെ സ്വയംശിക്ഷണത്തെ സൂചിപ്പിക്കുന്നുണ്ട് പൗലോസ്. 'ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു' എന്നെഴുതുന്ന പൗലോസ് റോമിലെ കാരാഗൃഹത്തില്‍ തന്‍റെ രക്തസാക്ഷിത്വം തൊട്ടടുത്ത് കണ്ടുകൊണ്ടാണങ്ങനെ എഴുതുന്നത്. 'ഞാന്‍ നന്നായി പൊരുതി, എന്‍റെ ഓട്ടം പൂര്‍ത്തി യാക്കി' എന്നയാള്‍ പറയുമ്പോള്‍ 'എല്ലാം പൂര്‍ത്തിയായി' എന്ന കുരിശിലെ ക്രിസ്തുവിന്‍റെ മൊഴിയാണയാള്‍ ആവര്‍ത്തിക്കുന്നത്. 'എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു' എന്നതാണ് അയാളുടെ പ്രത്യാശനിറഞ്ഞ സംതൃപ്തി.

നിര്‍ഭയനായ ഒരാള്‍ക്കേ അന്വേഷിയാകാനൊക്കൂ. അന്വേഷിയേ കണ്ടെത്തൂ. പൗലോസ് അന്വേഷിയായി. നൈയമികതയില്‍ നിന്നാണയാള്‍ ഓട്ടം തുടങ്ങിയത്. നൈയമികതയില്‍നിന്ന് ക്രൈസ്തവികതയിലേക്ക് അയാള്‍ ഒരു പാലമിട്ടെങ്കില്‍, അയാള്‍തന്നെ അതിലൂടെ ആദ്യം ഓടിയിട്ടുണ്ട്. അയാള്‍ സ്നേഹിച്ചു. അതുകൊണ്ടാ ണയാള്‍ നിലനില്ക്കുന്നത്. ക്രൈസ്തവ ദൈവശാസ്ത്രത്തിന് അയാള്‍ നല്കിയതിനെക്കാള്‍ കൂടുതല്‍ സംഭാവന തന്നെത്തന്നെ പ്രദാനം ചെയ്തുകൊണ്ട് ക്രൈസ്തവ മിസ്റ്റിസിസത്തിനാണ് അയാള്‍ നല്കിയത്. വെറും മാതൃകയല്ല, ലക്ഷണമൊത്ത മാതൃക തന്നെ.

You can share this post!

മകന്‍റെ ദൈവശാസ്ത്രം

ജോസ് സുരേഷ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts