news-details
കഥപറയുന്ന അഭ്രപാളി

പ്രണയത്തിന്‍റെ തോരാമേഘങ്ങള്‍

പ്രണയത്തിന്‍റെയും ജീവിതത്തിന്‍റെയും സ്ഥാപനവത്കരണത്തെ നിരന്തരം എതിര്‍ത്തിരുന്ന സംവിധായകനാണ് ഋതുപര്‍ണഘോഷ്. അത്തരത്തിലുള്ള സ്ഥാപനവത്കരണത്തിനെതിരായ വിപ്ലവമായിരുന്നു ആ ജീവിതവും സിനിമകളും. പ്രണയത്തിന്‍റെ തീവ്ര തലങ്ങളിലേക്ക്, ആ അനുഭൂതിയുടെ അസ്പൃശമായ ആഴങ്ങളിലേക്ക്, അതിന്‍റെ സംഘര്‍ഷങ്ങളിലേക്കും സന്ദിഗ്ധതകളിലേക്കും പ്രേക്ഷകരെ ആനയിക്കുന്ന ഘോഷ് ചിത്രമാണ് 'റെയിന്‍കോട്ട്'.

ആറു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടുന്ന കമിതാക്കളുടെ ആത്മസംഘര്‍ഷങ്ങളും നഷ്ടബോധവും പുതിയ ജീവിതം അവരില്‍ നിര്‍മിച്ച കൃത്രിമത്വത്തിന്‍റെ ഉപരിപ്ലവതയുമെല്ലാമാണ് സിനിമ ചിത്രീകരിക്കുന്നത്. വൈധുര്യവും അവിടെ പ്രണയം തന്നെയായി പരിണമിക്കുമ്പോള്‍, പ്രണയത്തെ അതിന്‍റെ ഭൗതികമായ സ്വാഭാവികതയില്‍ ജൈവികമായ നൈസര്‍ഗികതയില്‍ ആവിഷ്കരിക്കുകയാണ് ഘോഷ്.

ജോലി നഷ്ടപ്പെട്ട്, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് പഴയകാല സുഹൃത്തുക്കളുടെ സഹായം തേടി ഭാഹല്‍പൂര്‍ എന്ന ഗ്രാമത്തില്‍നിന്ന് കല്‍ക്കട്ടാ നഗരത്തിലേക്ക് യാത്രയാകുന്ന മോജിത് (മന്നു/മനോജ്) -ല്‍നിന്നാണ് സിനിമ ആരംഭിക്കുന്നത്. യാത്രയാകുന്ന അയാളോട് "നീയവിടെ അവളെ കാണുമോ?"എന്ന അമ്മയുടെ ചോദ്യത്തില്‍നിന്നു തന്നെ സിനിമ ഒരു പൂര്‍വകാല പ്രണയത്തിന്‍റെ വ്യഥിത താളത്തിലേക്ക് യാത്ര തുടങ്ങുന്നു. കല്‍ക്കട്ടയില്‍, അലോക് എന്ന സുഹൃത്തുമൊത്താണ് മനോജിന്‍റെ താമസം. മറ്റു സുഹൃത്തുക്കള്‍ക്ക് മനോജിനെ പരിചയപ്പെടുത്തിക്കൊണ്ട് അലോകെഴുതിയ കത്തുമായി, അയാളുടെ റെയിന്‍കോട്ടണിഞ്ഞ് മനോജ് നഗരത്തിരക്കിലെ മഴയിലേക്കിറങ്ങുന്നു.

സുഹൃത്തുക്കളെ കണ്ട് പണം വാങ്ങിയശേഷം മനോജ് നേരെപോകുന്നത് നീരജയുടെ വീട്ടിലേക്കാണ്. അവിടെ അവരിരുവരും തങ്ങളറിയാതിരുന്ന തങ്ങളുടെ ജീവിതത്തിലേക്ക് അന്യോന്യം ഇറങ്ങിച്ചെല്ലുന്നു. എന്നാല്‍, അവരവിടെ കൈമാറിയത് നഷ്ടങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. നീരജ, അവിടെ തന്‍റെ സമ്പന്നപതിയുടെ സ്നേഹമസൃണമായ പത്നിയായി. മനോജാകട്ടെ, അവളുടെ മുന്നില്‍ തന്‍റെ മിടുക്കനായ സുഹൃത്തിലേക്ക് പരകായപ്രവേശം നടത്തുന്നു. ഒരു സീരിയല്‍ കമ്പനി നടത്തുന്ന അയാള്‍ കല്‍ക്കത്തയില്‍ ദൂരദര്‍ശന്‍റെ ടൈം സ്ലോട്ട് വാങ്ങിക്കുവാന്‍ എത്തിയതാണ്. എന്നാല്‍, മനോജ് ധരിച്ചു വന്ന റെയിന്‍കോട്ടണിഞ്ഞ് അയാള്‍ക്ക് ഭക്ഷണം വാങ്ങിക്കുവാന്‍ നീരജ പുറത്തുപോയപ്പോള്‍ അവിടെ കടന്നു വന്ന യഥാര്‍ത്ഥ വീട്ടുടമസ്ഥനില്‍ നിന്ന് മനോജ് അവളുടെ ദാരിദ്ര്യത്തിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നു. പത്ത് മാസമായി അവള്‍ വാടകനല്കിയിട്ടില്ലെന്നും, അയാള്‍ നിയമനടപടിക്കൊരുങ്ങുകയാണെന്നും അറിയുന്ന മനോജ്, തനിക്കു ലഭിച്ച പണംകൊണ്ട് അവളുടെ മൂന്ന് മാസത്തെ വാടകക്കുടിശിക തീര്‍ക്കുന്നു. എന്നാല്‍, നീരുവിന്‍റെ രഹസ്യത്തിന്‍റെ വിശ്വാസ്യത തകര്‍ക്കാതെ അയാള്‍ അവള്‍ക്കായി അവിടെ ഒരെഴുത്തെഴുതി വയ്ക്കുന്നു. അലോകിന്‍റെ വീട്ടില്‍ മടങ്ങിയെത്തുന്ന മനോജിന് അലോകിന്‍റെ പത്നി ഷീല അയാള്‍ ധരിച്ചിരുന്ന റെയിന്‍കോട്ടിന്‍റെ കീശയില്‍ നിന്നും ഒരു പൊതിയെടുത്ത് നല്കുന്നു. അതില്‍ നീരുവിന്‍റെ ആഭരണങ്ങളായിരുന്നു. അലോകിന്‍റെ കത്തില്‍ നിന്ന് അയാളുടെ അവസ്ഥ മനസ്സിലാക്കിയ അവള്‍, അയാള്‍ക്കായി ഊരിനല്കിയ അവശേഷിക്കുന്ന സമ്പത്ത്.

ഇവിടെ ഇവര്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് കേവലമൊരു പ്രണയസമ്മാനമല്ല, മറിച്ച് താന്താങ്കളുടെ ജീവിതം തന്നെയാണ്. നീരജയെ കാണാന്‍പോകുന്ന മനോജിനോട് അവള്‍ക്ക് നല്‍കാന്‍ സമ്മാനമൊന്നും വാങ്ങിക്കുന്നില്ലേയെന്ന ഷീലയുടെ ചോദ്യത്തെ ജീവിതദുരിതങ്ങളുടെ പരുക്കന്‍ മുനകൊണ്ട് ഒടിച്ചുകളയുകയാണ് അയാള്‍. എന്നാല്‍, അവര്‍ വേണ്ടെന്നുവയ്ക്കുന്നതാകട്ടെ, വഴിമുട്ടിയ സ്വന്തം ജീവിതത്തെ മുമ്പോട്ടു കൊണ്ടുപോകാനുള്ള നീക്കിയിരിപ്പുകളാണ്. അത് കമിതാവിന്‍റെ വഴിമുട്ടിയ ജീവിതത്തില്‍ പ്രകാമാകുന്നു. അതുകൊണ്ടുതന്നെ ആ സമ്മാനങ്ങള്‍, അവരിലുളവാക്കുന്നത് പ്രണയത്താല്‍ ഗൂഢമായ ഒരു ലോല സ്മിതമല്ല, മറിച്ച് ജീവിതദുരിതങ്ങളും നഷ്ടബോധവും കൂര്‍പ്പിച്ച തേന്മുള്ളു പോറുന്ന വേദനയാണ്. എന്നാല്‍, സ്വയം ശൂന്യവത്കരിക്കുന്ന പ്രേമത്തിന്‍റെ ആത്മതത്ത്വം ആചരിക്കുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, പ്രണയത്തെ ഭൗതികയാഥാര്‍ഥ്യങ്ങളിലധിഷ്ഠിതമായി ആവിഷ്കരിക്കുന്ന സിനിമയാണ് റെയിന്‍കോട്ട്. അതുകൊണ്ടുതന്നെ സൂക്ഷ്മമായ സാമൂഹികബോധമാണ് പ്രസ്തുതചിത്രത്തിന്‍റെ സവിശേഷത. പ്രണയത്തെ ഉള്‍ക്കൊള്ളാത്ത, അംഗീകരിക്കാത്ത, സമൂഹംതന്നെയാണ് അവരുടെ പ്രണയനഷ്ടത്തിന്‍റെ പ്രധാന ഹേതു. വിവാഹമെന്ന സ്ഥാപനം ആവശ്യപ്പെടുന്ന ഉപരിപ്ലവ മാനദണ്ഡങ്ങള്‍ക്ക് അനുരൂപമല്ലാത്തതുകൊണ്ടാണ് മനോജിന് നീരജയെ നഷ്ടപ്പെടുന്നത്. നീരജയുടെ വരന്‍റെ യോഗ്യതകളായി പരിണമിക്കുന്നത് 'ഉയര്‍ന്ന ശമ്പളം നല്കുന്ന ജോലിയും കാറുമാണ്' സിനിമയിലെ കഥാപാത്രങ്ങളെ വിശകലനം ചെയ്യുമ്പോള്‍ സംവിധായകന്‍ പുലര്‍ത്തിയിരിക്കുന്ന ഈ സാമൂഹിക സൂക്ഷ്മത വ്യക്തമാകും. വൈധവ്യത്തിന്‍റെ ആഘാതങ്ങള്‍ മനോജിലും നീരജയിലും വ്യത്യസ്തരീതിയില്‍ വ്യത്യസ്ത അളവുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഇരുവരുടെയും ഉള്ളില്‍ പ്രണയത്തിന്‍റെ കനലെരിയുന്നുണ്ടു താനും. ഈ സന്ദിഗ്ധതയുടെ സംഘര്‍ഷത്തില്‍ നിന്നാണ് ഈ രണ്ടു കഥാപാത്രങ്ങളും സിനിമയില്‍ രൂപം കൊള്ളുന്നത്. അതോടൊപ്പം ജീവിതദുരിതങ്ങളും അവരെ തളര്‍ത്തുന്നു. അവരനുഭവിക്കുന്ന ക്ലിഷ്ടതകള്‍ കേവലദാരിദ്ര്യത്തിന്‍റെ മാത്രം ഉപോത്പന്നമല്ല, ഒരു വ്യവസ്ഥിതി അടിച്ചേല്പ്പിക്കുന്നതാണ്.

സിനിമയുടെ ആദ്യരംഗങ്ങളില്‍നിന്നുതന്നെ മനോജ് എന്ന കഥാപാത്രത്തിന്‍റെ അരക്ഷിതാവസ്ഥയും നിസ്സഹായതയും വ്യക്തമാണ്. നഗരത്തിലേക്ക് യാത്രയാവുന്ന അയാളുടെ പഴ്സില്‍ നിറഞ്ഞിരിക്കുന്നത് പാന്‍മസാല പാക്കറ്റുകളാണ്. മനോജിനെ സഹായിക്കണമെന്നപേക്ഷിച്ചുകൊണ്ട് അലോക്, താനെഴുതിയ കത്ത് വായിച്ചു കേള്‍പ്പിക്കുമ്പോള്‍ വിലക്കിക്കൊണ്ട് "ഞാനിത്രയധികം മാറിയോ" എന്നു ചോദിക്കുന്ന, ബാത്ത്റൂമില്‍ ആരും കാണാതെ പൊട്ടിക്കരയുന്ന, കണ്ണുനീര്‍ വാര്‍ന്നൊലിച്ച കപോലങ്ങളിലെ ശ്മശ്രുക്കളെ, മുഴുവനായും ക്ഷൗരം ചെയ്യാത്ത മനോജില്‍ അരക്ഷിതാവസ്ഥ അടിച്ചേല്പ്പിക്കുന്ന അപകര്‍ഷത വ്യക്തമാണ്. കേവലം, നീരജയുടെ നഷ്ടം മാത്രമല്ല അയാളെ തളര്‍ത്തുന്നത്. അടച്ചുപൂട്ടിയ ജൂട്ട് മില്ലില്‍നിന്നും ജോലി നഷ്ടപ്പെടുന്ന മനോജ്, നഗരവത്കൃതമാകുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ നിസ്സഹായയുവത്വത്തിന്‍റെ പ്രതീകം കൂടിയാവുന്നു.

സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുക്കാന്‍ അവകാശമില്ലാത്ത അസ്വതന്ത്രയായ ഇന്ത്യന്‍ സ്ത്രീയാണ് നീരജ. അവള്‍ ഒരേ സമയം നിരാശയായ കാമുകിയും ഹതാശയായ പത്നിയുമാണ്. പ്രണയകാലത്ത് നിരാശയുടെ കറുപ്പ് പടരുന്നു. മന്നുവുമായുള്ള സംഭാഷണത്തില്‍ ആ പഴയ കാലത്തിന്‍റെ ഊര്‍ജത്തെ തോറ്റിയുണര്‍ത്താന്‍ ശ്രമിക്കുകയാണവള്‍. എന്നാല്‍ അവയെല്ലാം അന്തമില്ലാത്ത നിശ്ശബ്ദതയില്‍ ഒടുങ്ങുകയാണ്. നഗരജീവിതത്തിന്‍റെ ദുസ്സഹമായ ഏകാന്തതയും അന്യതാബോധവും അരക്ഷിതാവസ്ഥയും സംശയഗ്രസ്തതയും ദുരിതങ്ങളും അവളുടെ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്നു.

കഥാപരിസരത്തിനും സിനിമയില്‍ കൃത്യമായ പ്രാധാന്യം ഉണ്ട്. പ്രധാന കഥാപരിസരമായ നീരജയുടെ വാടകവീട് അവരുടെ ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും രൂപകമാകുന്നു. സൗന്ദര്യത്തിന്‍റെ സുതാര്യമായ ചില്ലുജാലകത്തിനപ്പുറം, ദാരിദ്ര്യത്തിന്‍റെ ജീര്‍ണതകളെ ഗോപ്യമാക്കി വച്ചിരിക്കുന്ന ആ ഗേഹം മനോഹരവചസ്സുകള്‍കൊണ്ട് അവര്‍ അന്യോന്യം കൈമാറിയ സ്വപ്നജീവിതത്തിന്‍റെ പിന്നാമ്പുറത്തെ ദുഃഖ ജീര്‍ണതകളുടെ പ്രതീകമാകുന്നു. അതുപോലെ തന്നെ ഒരു പുരാതനകുടുംബത്തിലേക്കു കയറിവന്നാല്‍ പേറേണ്ട സമ്പന്നതയുടെ ഭാരമായി നീരജ പരിചയപ്പെടുത്തുന്ന പഴയ ഫര്‍ണീച്ചറുകളുടെ കൂമ്പാരവും. ആ വാക്കുകളിലൂടെ സമ്പന്നതയുടെ പ്രൗഢരൂപങ്ങളായി വിളങ്ങിയ അവ അല്പസമയത്തിനു ശേഷം ദാരിദ്ര്യഭീകരത ആകാരം പൂണ്ട ഇരുള്‍രൂപങ്ങളായി പരിണമിക്കുന്നു. ജീവിതച്ചെലവിനായി നീരുവും അവളുടെ ഭര്‍ത്താവും ഒരു ഫര്‍ണീച്ചര്‍ കടക്കാരന് അന്യായമായി ആ വീട് ഗോഡൗണായി നല്കിയിരിക്കുകയായിരുന്നു. സിനിമ അവസാനിക്കുന്നത് അയാള്‍ മഴയത്ത് പുതിയ ഫര്‍ണീച്ചറുകളുമായി വരുന്ന ഷോട്ടിലാണ്. സ്വന്തമാക്കാനാകാഞ്ഞ അവരുടെ ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതീകമായി പരിണമിക്കുന്നു ഓരോ രാത്രിയിലും കൂടു മാറേണ്ടി വരുന്ന ആ ഫര്‍ണീച്ചറുകള്‍. അവ, നീരജയുടെ അനാഥത്വത്തിന്‍റെ രൂപകം കൂടിയാകുന്നു.

റെയിന്‍കോട്ടിന്‍റെ മറ്റൊരു സവിശേഷതയാണ് കഥാപശ്ചാത്തലത്തിലെയും കഥാപാത്രങ്ങളിലെയും പശ്ചാത്തലസംവിധാനത്തിലെയും സംഗീതത്തിലെയും മിതത്വദീക്ഷയും കൃത്യതയും. മനോജിനും നീരജയ്ക്കും പുറമേ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ ചെറുകഥാപാത്രവും കേന്ദ്ര കഥാതന്തുവുമായി പൂര്‍ണമായി ഇണങ്ങി നില്ക്കുകയും കഥയുടെ അടിസ്ഥാന പ്രമേയത്തിനും മറ്റു കഥാപാത്രങ്ങള്‍ക്കും കൂടുതല്‍ മൂര്‍ത്തത നല്കുകയും ചെയ്യുന്നു. മനോജിനെ നീരജയുടെ ജീവിതത്തിന്‍റെ ദുരന്തമുഖത്തേക്ക് ആനയിക്കുന്നത് അവളുടെ വീട്ടുടമസ്ഥനാണ്. മനോജിന്‍റെ അന്തര്‍മുഖതകളും പ്രണയതീവ്രതയും വൈധവ്യം അയാളിലേല്പ്പിച്ച ആഘാതങ്ങളും സിനിമയില്‍ അനാവൃതമാകുന്നത് അലോകിന്‍റെ സംഭാഷണങ്ങളില്‍ നിന്നാണ്. സിനിമയുടെ ആദ്യഭാഗത്ത് അലോകുമായും ഷീലയുമായുള്ള മനോജിന്‍റെ ഇടപഴകലില്‍നിന്നാണ് ആ കഥാപാത്രവും അയാളുടെ സ്വഭാവവും പ്രേക്ഷകമനസ്സില്‍ പതിക്കുന്നത്. ഷീലയുടെ കഥാപാത്രമാവട്ടെ സിനിമയെ പ്രണയത്തിന്‍റെ മറ്റു തീവ്രതകളിലേക്ക് ആനയിക്കുന്നു. ഒരു പ്രണയനഷ്ടത്തിന്‍റെ വ്യഥിതസ്മരണയുള്ള അവള്‍, നീരജയുടെ അഭാവത്തില്‍ മനോജിനു മുന്നില്‍ അവളുടെ മറ്റൊരു രൂപമാകുമ്പോള്‍, പ്രണയത്തിന്‍റെ ജൈവികതയാണ് അവിടെ ആവിഷ്കരിക്കപ്പെടുന്നത്.

സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും അടിസ്ഥാനഭാവത്തെ പ്രേക്ഷകരിലേക്ക് സംക്രമിപ്പിക്കുന്നു. ഭാഗല്‍പൂരില്‍ നിന്നും കല്‍ക്കത്തയിലേക്കുള്ള മനോജിന്‍റെ യാത്രയില്‍ പശ്ചാത്തലമായി വരുന്ന 'മധുര നഹര്‍പതി' എന്ന ഗാനം സിനിമയിലുടനീളം ഒരു വിലാപം പോലെ പിന്തുടരുന്നു. മാത്രമല്ല അവരുടെ പ്രണയത്തെ ഈ ഗാനം രാധാകൃഷ്ണ പ്രണയവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു. ചിത്രത്തില്‍ ഇടയ്ക്കിടെ വരുന്ന ഓരോ ഗാനശകലവും അവരുടെ പ്രണയവിരഹങ്ങളുടെ ആരോഹണാവരോഹണങ്ങളെ പകര്‍ന്നാടുന്നു. ഋതുപര്‍ണ ഘോഷിന്‍റെ തന്നെ വരികള്‍ ആ മാധുര്യത്തെ പ്രേക്ഷകമനസ്സിലേക്ക് പെയ്തിറക്കുന്നു. നീരുവിന്‍റെ വീട്ടില്‍, യാഥാര്‍ഥ്യത്തിന്‍റെ പരുക്കന്‍ ജീര്‍ണതകളിലേക്ക് മന്നു ചെന്നെത്തുമ്പോള്‍ പശ്ചാത്തലമേകുന്ന ഗുല്‍സാറിന്‍റെ കവിതയും അവരുടെ ജീവിതത്തിന്‍റെ നേര്‍പകര്‍പ്പാകുന്നു. നീരു ഇടയ്ക്കു മൂളുന്ന ഒരു മൂളിപ്പാട്ടില്‍ പോലും സിനിമയുടെ ആത്മാവ് മിടിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ ഇളകിയ ഓരോ വയലിന്‍ തന്ത്രിയിലും ഓടക്കുഴലിന്‍റെ ആഴത്തിലേക്ക് ഊളിയിട്ട ഓരോ ശ്വാസകണികയിലും ഓരോ നിശ്വാസത്തിലും നിശ്ശബ്ദതയിലും ആ പ്രണയത്തിന്‍റെ വിധുരവിലാപം ശ്രവിക്കാം.

ഒ. ഹെന്‍റിയുടെ 'ദി ഗിഫ്റ്റ് ഓഫ് ദി മാഗീസ്' എന്ന ചെറുകഥയുടെ അനുരൂപണമാണ് 'റെയിന്‍കോട്ട്' അനുരൂപണത്തിന്‍റെ പരിമിതികളെ വിദഗ്ധമായി മറികടന്ന്, അതിന്‍റ അനന്തസാധ്യതകളെ 'റെയിന്‍കോട്ട്' കാണിച്ചുതരുന്നു. ഏതൊരു കലാസൃഷ്ടിക്കും അതിന്‍റേതായ സ്ഥലകാല ബന്ധുത്വം ഉണ്ടായിരിക്കും. ഒരു കലാസൃഷ്ടിയെ അധികരിച്ച് മറ്റൊന്ന് നടത്തുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളി, ഈ ആകര്‍ഷണത്തെ നിഷേധിച്ച വ്യതിരിക്തവും വ്യക്തിത്വമുള്ളതുമായ സ്ഥലകാലയുക്തിയില്‍ അതിനെ അവതരിപ്പിക്കുക എന്നതാണ്. അതുപോലെ തന്നെ, ഒരു മാധ്യമത്തില്‍ അവതരിപ്പിക്കപ്പെട്ടതിനെ മറ്റൊരു മാധ്യമത്തിലേക്ക് പറിച്ചുനടുമ്പോള്‍ അതിന്‍റെ വ്യാകരണത്തിന്നനുസൃതമായ ത്യാജ്യഗ്രാഹ്യങ്ങള്‍ നടത്തുക എന്നത് പ്രയാസകരമാണ്. എന്നാല്‍, ഈ രണ്ടു പ്രതിബന്ധങ്ങളും ഋതുപര്‍ണ്ണ ഘോഷ് അത്യന്തം തന്മയത്വത്തോടെ 'റെയിന്‍കോ'ട്ടില്‍ മറികടന്നിരിക്കുന്നു. തികച്ചും ഭാരതീയമായ, വിശേഷിച്ചും ബംഗാളി പശ്ചാത്തലത്തിലാണ് 'റെയിന്‍കോട്ട്' കഥ പറയുന്നത്. രണ്ടു താള്‍ മാത്രം ദൈര്‍ഘ്യമുള്ള കഥയെ രണ്ടു മണിക്കൂര്‍ നീളുന്ന ചലച്ചിത്രമായി വലിച്ചു നീട്ടുമ്പോള്‍ കഥാപാത്രങ്ങള്‍ക്കും കഥാപരിസരത്തിനുമുണ്ടാകേണ്ട സൂക്ഷ്മതയ്ക്കും വൈശദ്യത്തിനും ഒരു ലോപവും സംഭവിച്ചിട്ടുമില്ല. അതിനാല്‍ തന്നെ ദി ഗിഫ്റ്റ് ഓഫ് ദി മാഗീസില്‍ നിന്ന് റെയിന്‍കോട്ടിലേക്ക് ദേശകാലങ്ങളുടെ ദീര്‍ഘദൂരയാനം അനിവാര്യമാണ്.

ഭാരതീയ പാരമ്പര്യത്തില്‍ നിത്യപ്രണയത്തിന്‍റെ നിതാന്തബിംബമാണ് രാധാകൃഷ്ണന്മാര്‍. നിത്യകാമുകീകാമുകന്മാരായ രാധാകൃഷ്ണന്മാരെത്തന്നെയാണ് തികച്ചും ഭൗതികയാഥാര്‍ഥ്യത്തില്‍ ഘോഷ് അവതരിപ്പിച്ചിരിക്കുന്നത്. ഞാനില്‍നിന്ന് ഞങ്ങളിലേക്കുള്ള സ്വത്വത്തിന്‍റെ വികാസമാണ് പ്രണയത്തിലൂടെ സംഭവിക്കുന്നത്. അവിടെ, 'എന്‍റെ'യും 'നിന്‍റെ'യും ദുഃഖങ്ങളെക്കാള്‍ നമ്മുടെ ദുഃഖങ്ങളാണ് നിലനില്ക്കുന്നത്. സ്വയം ശൂന്യവത്കരിച്ചുകൊണ്ട് പ്രണയത്തിന്‍റെ ഈ ആത്മതത്ത്വമാണ് മനോജും നീരജും മനസ്സിലാക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ 'മുഴുവനാകാത്ത പ്രണയത്തിന്‍റെ മുറിവേറ്റ പല്ലവി' കാഴ്ചയ്ക്കു ശേഷവും പ്രേക്ഷകമനസ്സില്‍ അനുരണനം ചെയ്യുന്നു. 

You can share this post!

പുനര്‍വായിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും...

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts