വര്‍ഷത്തില്‍ രണ്ടോനാലോ തവണമാത്രം തോളില്‍ ഒരു മാറാപ്പും അതില്‍ പച്ചമരുന്നുകളും ചിലപ്പോള്‍ ആമയും കീരിയും ചകിരിനാരും, മറുതോളില്‍ നല്ല ഭംഗിയില്‍ കെട്ടിയുണ്ടാക്കിയ ഉറികളും, കൈയില്‍ ആമയെ കുത്തിനോക്കാനുള്ള മുനയുള്ള ഒരു വടിയുമായി പടിപ്പുരയ്ക്ക് പുറത്തു ഒരു നായാടിപ്പാടകലെനിന്ന് "നായാട്യോട്യോ... നായാടട്യോട്യോ മ്ബ്രാട്ട്യെ" നായാടിവാസു വന്നൂട്ടാ. നായാടിക്കുള്ളത് തര്വാ" എന്ന് ചങ്ക്പൊട്ടി വിളിച്ചിരുന്ന, വാറ്റുചാരായത്തിന്‍റെ രൂക്ഷഗന്ധം വമിക്കുന്ന വായനിറച്ചും മുറുക്കാനുമായി, മഞ്ഞ ചുവപ്പിന് വഴിമാറിക്കൊടുത്ത പല്ലുകളും എണ്ണമയം പിണങ്ങിപ്പോയ, ആരെയും അനുസരിക്കാത്ത തലമുടിയുമായി നായാടിവാസുവും ഭാര്യയും.
രാജീടെ അമ്മ മുറത്തില്‍ അരിയും കൈയില്‍ കുറച്ചു നാണയത്തുട്ടുകളുമായി ചെല്ലുമ്പോള്‍ ആദ്യം വായ് പൊത്തിപ്പിടിച്ച് വളഞ്ഞ് പത്തടി പിറകോട്ടുപോയി അതിനുശേഷം മാത്രം വന്നു അതുമേടിച്ച് "പണ്ടാരടങ്ങിപ്പോട്ടേ" എന്ന് പ്രാകിയിരുന്ന നായാടിവാസുവും ഭാര്യയും.
അതുകഴിഞ്ഞ് ചോദിക്കും, "മ്ബ്രാന്‍ വരാറില്ലേ? കുഞ്ഞമ്ബ്രാനും കുഞ്ഞ്മ്ബ്രാട്ടിക്കും സുകല്ലേ?"എന്നൊക്കെ.
അന്നൊരിക്കല്‍ വരുമ്പോള്‍ അവരുടെ കൂടെ രാജിയുടെ അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉണ്ടായിരുന്നു. അന്ന് വാസുവിന്‍റെ ഭാര്യ പറഞ്ഞു:
"ഇവര് എരട്ടെളാ, മ്ബ്രാട്ട്യെ കാണിക്കാന്‍ കൊണ്ടന്നതാ." ഇവള് വല്യകുട്ടിയായേയ്. രാജീടെ അമ്മയ്ക്ക് വിഷമം തോന്നി, രാജിയുടെ അതേ പ്രായം. ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ അതിന്‍റെ വാര്‍ധക്യം എടുത്തുകാണിക്കുന്നു. അന്ന് രാജീടെ അമ്മ അവള്‍ക്കും ആ ആണ്‍കുട്ടിക്കും കുറച്ചു വസ്ത്രങ്ങള്‍ കൊടുത്തുവിട്ടു.
"ന്നി ഇവളെ കൂടെ കൊണ്ടുനട്ക്കണ്ടാട്ടോ" എന്നൊരു ഉപദേശവും.
അപ്പോള്‍ വാസുവിന്‍റെ ഭാര്യ പറഞ്ഞു, "പേട്യാ മ്ബ്രാട്ട്യെ ഇവളെ വീട്ടില്‍ നിറുത്തി പ്പോരാന്‍, ന്നത്തെ കാലല്ലേ"
രാജീടെ അച്ഛനും അമ്മയും ഇച്ചിരി പുരോഗമനവാദികള്‍ ആയതുകൊണ്ടാണ് അകത്തുള്ളവര്‍ ഇങ്ങനെ പടിപ്പുരയില്‍ വന്നു നായാടികള്‍ക്ക് എന്തെങ്കിലും കൊടുക്കുന്നത്. അല്ലെങ്കില്‍ വല്ല പണിക്കാരികള്‍ വശമാകും കൊടുത്തുവിടുക.
ഒരു വര്‍ഷത്തിനുശേഷമാണ് പടിപ്പുരയ്ക്ക് പുറത്തു വാസുവിന്‍റെ ശബ്ദം വീണ്ടും കേട്ടത്. അന്ന് വാസുവിന്‍റെ തോളില്‍ മാറാപ്പോ ഉറികളോ ഉണ്ടായിരുന്നില്ല. അയാള്‍ കൂടുതല്‍ അവശനായിരുന്നു, നില്ക്കാനും നടക്കാനും പാടുപെട്ടിരുന്നു.
"ന്തേന്ന് കുടി കൂടിപ്പോയോ? അരിയിടാന്‍ ഭാണ്ഡം എവിടെ? നിന്‍റെ ഭാര്യ എവിടെ?" രാജീടെ അമ്മ ഇച്ചിരി ദേഷ്യത്തോടെ ചോദിച്ചു.
ഒന്നും മനസ്സിലാകാത്തത് പോലെ നില്ക്കുന്നത് കണ്ടിട്ട് ഒന്നു കൂടി ഉച്ചത്തില്‍ ചോദിച്ചു.
"നായാടി കുടിമാറ്റി മ്ബ്രാട്ട്യെ", അയാള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു, "ന്‍റെ മോളെ ഗോപാലന്‍പോലീസിന്‍റെ മോനും കൂട്ടരും ചേര്‍ന്ന് ചീത്ത്യാക്കീ മ്ബ്രാട്ട്യെ, ആ വെഷമത്തിലവള് കനാലില് ചാടി മരിച്ചു."
"ന്‍റെ ഈശ്വരാ.." രാജീടെ അമ്മയുടെ വായില്‍ നിന്ന് അറിയാതെ വാക്കുകള്‍ തെറിച്ചുവീണു.
നായാടിപ്പാടകലെ നിറുത്തുന്ന ഈ നായാടിയുടെ മകള്‍ക്ക് , അവളെ പ്രാപിക്കാന്‍ വന്നവര്‍ക്ക് മുമ്പില്‍ അയിത്തം ഒരു രക്ഷാകവചമായില്ല.
"പരാതികൊടക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോയതാ മ്ബ്രാട്ട്യെ, അവര് ന്‍റെ കാല് ചവിട്ടിഒടിച്ചു, ചെവി അടിച്ചുപൊട്ടിച്ചു. ഇപ്പൊ ഒന്നേ കേള്‍ക്കൊള്ളൂ. ന്‍റെ മോനെയും അവര് ചവിട്ടിഅരച്ചു. മനസ്സുനൊന്തു ശപിച്ചാല്‍ ഏല്ക്കില്ലല്ലോ..ഞാന്‍ ശപിച്ചാല്‍ അവര്ക്ക് പുണ്യല്ലേ. ശപിക്കാന്‍ പോലും പറ്റാത്ത അച്ഛനാ ഞാന്‍. അന്നേ പറഞ്ഞതാ മ്ബ്രാട്ട്യെ, അവര് വല്ല്യേ ആളുകളാന്നു. മോന്‍ കേട്ടില്ല, നെയമം എല്ലാവര്ക്കും തുല്ല്യാന്നും പറഞ്ഞു പോയതാ.. അവന്‍ ഇപ്പൊ വീട്ടിലൊന്നും വരാറില്ല. നച്ചലൈറ്റാത്ത്രെ, ഇപ്പോളും ഇടക്ക് വീട്ടില് പോലീസു വന്നു തിരയും അവനെ. പ്പൊ പിള്ളേരടമ്മക്ക് പ്രാന്താ.അവളെ ചങ്ങലക്കിട്ടിട്ടാ പോന്നത്. ഇന്ന് ന്‍റെ മോള്ടെ ചാത്താ.. നിക്ക് അരി വേണ്ടാ മ്ബ്രാട്ട്യെ, നിക്ക് നിക്ക്...."
വാസുവിന് എന്തോ പേടിയുള്ളതുപോലെ..
"ന്താ വാസ്വോ പറഞ്ഞോളൂ.. ന്താ വേണ്ടേ?"
രാജീടെ അമ്മയുടെ ആ ചോദ്യം അയാള്‍ക്ക് ധൈര്യം കൊടുത്തപോലെ.
"മ്ബ്രാട്ട്യെ, കുഞ്ഞമ്ബ്രാട്ട്യെ ഒന്നു കാണാനാ, ന്‍റെ മോള്ടെ അതെ പ്രായല്ലേ. അതിനാ ഞാന്‍ ഓടിവന്നേ. മ്ബ്രാട്ടി തന്ന തുണിയുടുപ്പിച്ചാ ന്‍റെ മോളെ ഞാന്‍ അവസാനം യാത്രയാക്കീത്.. ക്ക് അരിവേണ്ടാട്ടാ.. ത്തിരി ചോറുമതി..പിള്ളേരടമ്മക്ക് കൊടുക്കാനാ.."
രാജീടെ അമ്മ ചോറും കറികളും പൊതിഞ്ഞുകെട്ടിവരുമ്പോള്‍ രാജിയും കൂടെയുണ്ടായിരുന്നു.
രാജിയെ കണ്ടതും വാസുവിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കയറും പനയോലയും കൊണ്ടുണ്ടാക്കിയ യന്ത്രം പടിപ്പുരയുടെ വളയത്തില്‍ കെട്ടിയിട്ട് വാസു പറഞ്ഞു:
"ന്‍റെ എല്ലാ ശക്തിയും ആവാഹിച്ചുള്ള യന്ത്രാ അത് കുഞ്ഞ്മ്ബ്രാട്ടിക്കു രക്ഷ്യാകട്ടെ, ചാവ്വോളം ഈ ദിവസം ന്നിക്ക് കുഞ്ഞമ്ബ്രാട്ട്യെ കാണിച്ചുതരണം മ്ബ്രാട്ട്യെ.. ഒരു അപേക്ഷയാണെ.."
ചോറുപൊതിയുമായി നടക്കാന്‍ തുനിഞ്ഞ വാസു വിതുമ്പിക്കൊണ്ട് തിരിഞ്ഞുനിന്നു ശപിച്ചു.. "പണ്ടാരടങ്ങിപ്പോട്ടെ"
"രാജ്യേ ഇന്നത്തെ പത്രം വന്നോ?"
കിഴക്കേലെ ശാന്തേട്ത്തി എന്തോ വലിയ കാര്യം സംഭവിച്ചപോലെയാണ് ഓടി വന്നത്. "അറിഞ്ഞില്ലേ, നായാടി വാസൂന്‍റെ മോനും കൂട്ടരും കൂടി ഇന്നലെ ആ ഗോപാലന്‍ പോലീസിനേം മോനേം വീട്ടീക്കേറി വെട്ടിക്കൊന്നുന്നാ കേള്‍ക്കണേ. അവര് നകസലൈടാത്രേ, പത്രത്തിലുണ്ടോന്നു നോക്കോ"
രാജി ഓടിപ്പോയി പത്രവുമായി വന്നു, "ഉവ്വ് ട്ടോ, സത്യാ..ഇതിലുണ്ട് വാര്‍ത്ത"
രാജി അമ്മയുടെയും ശാന്തെടത്തിയുടെയും മുഖത്തേക്ക് മാറിമാറി നോക്കി.
"ആ കുട്ടി ഒരു പാവായിരുന്നു, അവനെ അങ്ങിനെയാക്ക്യെത് ഇവുടുത്തെ ഈ പോലീസന്ന്യാ രാജീടെ അമ്മ ദേഷ്യത്തോടെ പറഞ്ഞു. ഇനീപ്പോ പോലീസ് വാസൂനെ വെറുതെ വിട്വോ? ആ പാവത്തിനെ ഉപദ്രവിക്കാണ്ടെ വിട്ടാ മത്യായിരുന്നു."
നായാടി വാസുവിനെ പോലീസുകാര് എങ്ങിനെയൊക്കെ ഉപദ്രവിക്കാം അങ്ങിനെയൊക്കെ ഉപദ്രവിച്ചിരുന്നു. തല്ലും ചവിട്ടും കൊള്ളാത്ത ഒരു കടുകിടസ്ഥലം ആ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. മകനെവിടെ എന്ന ചോദ്യത്തിന് ആ പാവം എന്ത് ഉത്തരം കൊടുക്കാനാ.
സാധാരണ പറമ്പിലെ തേങ്ങയുടെയും പാടത്തെ നെല്ലിന്‍റെയും കണക്കല്ലാതെ ലോകത്തിലെ ഒരു കാര്യത്തെപറ്റിയും ചിന്തിക്കാത്ത... ഈ കൃഷിയാണ് ലോകത്തെ താങ്ങിനിറുത്തുന്നത് എന്ന ചിന്തക്കല്ലാതെ മറ്റൊന്നിനും ചെവികൊടുക്കാത്ത കാര്യസ്ഥന്‍ ഉണ്ണിനായര്‍ ചന്തയില്‍ നിന്നു മടങ്ങിവന്നത് ഒരു വാര്‍ത്തയുമായിട്ടായിരുന്നു. തോളില്‍ കിടന്ന തോര്‍ത്തുകൊണ്ട് മുഖം തുടച്ച് ഉമ്മറത്തെ തൂണും ചാരിയിരുന്നാണ്, ഒരു ദീര്‍ഘനിശ്വാസത്തോടു കൂടിയാണ്, ആ വാര്‍ത്ത പറഞ്ഞത്.
"നായാടി വാസുവിനെ പോലീസുകാര് കൊണ്ടുപോയപ്പോ വാസൂന്‍റെ ഭാര്യേ ഉമ്മറത്തെ തൂണിലായിരുന്നൂത്രേ ചങ്ങലക്കിട്ടിരുന്നത്. അടുത്തുള്ള ആരോ വച്ചുകൊടുത്ത ചോറ് എവിടെന്നോ വന്ന നായ്ക്കള്‍ തിന്നാന്‍ നോക്ക്യെപ്പോള്‍ അത് തട്ടിപ്പറിച്ചതിന് ആ നായകള്‍ വാസൂന്‍റെ ഭാര്യെ കടിച്ചു കൊന്നുന്നാ കേട്ടത്.."
"ന്‍റെ ഈശ്വരാ..." രാജിക്കും അമ്മയ്ക്കും വിശ്വസിക്കാനായില്ല.. ڇ"ഹോ ഇങ്ങനെയും മരണം കൊടുക്കോ ഈശ്വരാ"ڈ രാജീടെ അമ്മ ആത്മഗതം കൊണ്ടു."
പിറ്റേന്നത്തെ പത്രത്തിലുണ്ടായിരുന്നു വാസൂന്‍റെ മോന്‍റെ ചിത്രം. മലബാര്‍ സ്പെഷ്യല്‍ പോലീസിന്‍റെ കസ്റ്റ്ടീന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തിരുനെല്ലിക്കടുത്തുള്ള കാട്ടില്‍വച്ച് വെടിവച്ചു കൊന്നു എന്ന വാര്‍ത്തയും.
മകനെ കിട്ടിയ ഉടനെ വാസൂനെ പോലീസു വിട്ടെങ്കിലും എഴുനേറ്റു നടക്കാനോ നിവര്‍ന്നു നില്ക്കാനോ ആ പാവത്തിന് സാധിക്കുമായിരുന്നില്ല.
അന്ന് കറുത്തവാവ് ദിവസം, ഇഴഞ്ഞുവന്നു ഉമ്മറത്ത് ആരെയോ നോക്കിയിരുന്ന വാസുവിനെ നോക്കി വേലിക്കിടയില്‍ക്കൂടി തിളങ്ങുന്ന ആറു കണ്ണുകള്‍...മുരണ്ടുകൊണ്ടു നാക്ക് വെളിയിലിട്ടു മൂന്നു സത്വങ്ങള്‍ ആരുടെയോ ആജ്ഞയ്ക്കായി കാത്തു നില്‍ക്കുന്നപോലെ....
രാജിയുടെ വീടിന്‍റെ അടുത്ത് പട്ടികള്‍ അകാരണമായി ഓലിയിട്ടു കൊണ്ടിരുന്നു.... പടിപ്പുരയിലെ വളയത്തില്‍ കിടക്കുന്ന യന്ത്രത്തില്‍ ഒരു പല്ലി നിറുത്താതെ ചിലച്ചുകൊണ്ടേയിരുന്നു.
രാജിക്ക് അപ്പോഴും കാതുകളില്‍ ആ ശബ്ദം കേള്‍ക്കാമായിരുന്നു.... വിതുമ്പിക്കൊണ്ടുള്ള ആ ശാപവാക്കുകള്‍:"പണ്ടാരടങ്ങിപ്പോട്ടെ"