news-details
കവർ സ്റ്റോറി

ആത്മസാക്ഷാത്കാരത്തിലേക്കുള്ള കാട്ടുപാതകള്‍...

വിമൂകവും നിശ്ചലവുമായ മഴക്കാട്ടില്‍ പ്രവേശിച്ചനിമിഷംതന്നെ ആ മഹാക്ഷേത്രത്തില്‍ സഹവര്‍ത്തിക്കുന്ന രണ്ടു വ്യത്യസ്തലോകങ്ങളെക്കുറിച്ചുള്ള അഗാധമായ ബോധം എന്നെ ഗ്രസിച്ചു. അതേ, ദൃശ്യവും അദൃശ്യവുമായ, ഒന്നിടവിട്ട് മാറിമാറി വരുന്ന രണ്ടു ലോകങ്ങള്‍. നിര്‍മലമായ ഒരിടത്തെത്തിയ അനുഭൂതിയും പൂര്‍ണമായ സ്വച്ഛന്ദതയുടെയും സ്വാതന്ത്ര്യത്തിന്‍റെയും മുക്തിയും സ്വരച്ചേര്‍ച്ചയിലാവുന്ന നിമിഷങ്ങള്‍. എന്‍റെ ഹൃദയത്തിലും ആ വ്യത്യസ്തലോകങ്ങള്‍ ഒന്നാവുന്നതുപോലെ. ഭൗതികലോകത്തിലെ സുരക്ഷിതബോധവും ഏതോ അവ്യക്ത ആത്മീയലോകത്തെക്കുറിച്ചുള്ള അവബോധവും ശ്രുതിചേരുംപോലെ. അതേ, ഈ അനുഭവം അപൂര്‍വവും ക്ഷണികവുമാണ്. എങ്കിലും ആ രണ്ടു ലോകങ്ങള്‍ എന്‍റെയുള്ളില്‍ വളരെയടുത്തുവരുന്ന നിമിഷനേരങ്ങളില്‍ അവയുടെ ഗാഢമായ സ്പര്‍ശം ഞാനറിയുന്നു. ആ നിമിഷങ്ങളില്‍ അദൃശ്യതയുടെ മൂടുപടം മെല്ലെ മാഞ്ഞ് അവ്യക്തമായ മറ്റൊരു വാഴ്വിന്‍റെ സ്പന്ദനം, ശ്വസനം എന്‍റെയുള്ളില്‍ ഞാനറിയുന്നു. ആ നിമിഷത്തേക്ക് മാത്രം രണ്ടു ലോകങ്ങളും അലിഞ്ഞൊന്നാവുന്നതും ഞാനറിയുന്നു.

ആ നിമിഷനേരങ്ങളില്‍ എന്‍റെ ജീവിതവും മനസ്സും ഉറവ വറ്റാത്ത കാട്ടരുവിപോലെ, സൂര്യന്‍റെ വിളികേട്ട് ആകാശത്തേക്കുയരുന്ന ജലകണികപോലെ, സ്നേഹസ്പര്‍ശത്തില്‍ അലിഞ്ഞ് എന്‍റെ ഹൃദയത്തില്‍ നിന്നൊഴുകുന്ന കണ്ണീര്‍കണംപോലെ നിതാന്തമായി ഒഴുകും...

അഗാധപരിസ്ഥിതിജ്ഞാനം (Deep Ecology) എന്നും പാരിസ്ഥിതിക ആത്മീയത (Eco-spirituality) എന്നുമൊക്കെ ഇന്നു പറയുന്ന ദര്‍ശനത്തിന്‍റെ പൊരുള്‍ ഇത്തിരിയെങ്കിലും ഞാനറിയുന്നത് എന്‍റെ വനയാത്രകളിലെ ചില അപൂര്‍വനിമിഷങ്ങളില്‍ മാത്രമാണ്.
'പര്‍വതത്തെപ്പോലെ ചിന്തിക്കുമ്പോള്‍'

1949-ലാണ് അമേരിക്കയിലെ വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന ആല്‍ഡോ ലിയോപോള്‍ഡ് A sand county Almanac’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ലോകോത്തര പാരിസ്ഥിതിക 'മാസ്റ്റര്‍ പീസ്' എന്നറിയപ്പെടുന്ന ഈ കൃതിയില്‍ "പര്‍വതത്തെപ്പോലെ ചിന്തിക്കുമ്പോള്‍" (Thinking like a Mountain) എന്നൊരു ഭാഗമുണ്ട്. അക്കാലത്ത് അമേരിക്കയില്‍ ചെന്നായ്ക്കളെ (Wolf)  ഉന്മൂലനം ചെയ്യുക എന്നൊരു സര്‍ക്കാര്‍ നയമുണ്ടായിരുന്നു. ലിയോപോള്‍ഡും സുഹൃത്തും അക്കാലത്ത് ഈ ഉന്മൂലനത്തില്‍ വിശ്വസിച്ചിരുന്നു. ഒരിക്കല്‍ അവര്‍ ഒരു ചെന്നായയെ വെടിവെച്ചിട്ടു. വെടികൊണ്ടു വീണുകിടക്കുന്ന ചെന്നായയുടെ അരികിലേക്കവര്‍ ഓടിയെത്തി.

"അവളുടെ കണ്ണുകളില്‍ തീക്ഷ്ണമായ, പച്ചനിറത്തിലുള്ള അഗ്നിനാളം (Fierce green fire) അണയുന്നത് ഞാന്‍ കണ്ടു" ലിയോപോള്‍ഡ് എഴുതി. "ആ നിമിഷം ഞാന്‍ മനസ്സിലാക്കി ആ കണ്ണുകളില്‍ ഞാനതുവരെ അറിയാത്ത, എനിക്ക് പുതിയതായ എന്തോ ഒന്നുണ്ടായിരുന്നു എന്ന്. അവള്‍ക്കും പര്‍വതത്തിനും മാത്രമറിയുന്ന എന്തോ ഒന്ന്..."

ചെന്നായയുടെ കണ്ണുകളില്‍ അണഞ്ഞ പച്ചനാളത്തില്‍ തന്‍റെ നിഷ്ഠൂരവും ഹീനവുമായ തെറ്റും അപരാധവും ലിയോപോള്‍ഡ് തിരിച്ചറിഞ്ഞു.

"ഞാനന്ന് ചെറുപ്പക്കാരനായിരുന്നു. തോക്കെടുത്ത് വെടിവയ്ക്കാനുള്ള തരിപ്പ് എന്‍റെ വിരലുകള്‍ക്കുണ്ടായിരുന്നു. ചെന്നായ്ക്കളുടെ എണ്ണം കുറഞ്ഞാല്‍ കൂടുതല്‍ മാനുകളുണ്ടാവുമല്ലോ, എന്നെപ്പോലുള്ള വേട്ടക്കാര്‍ക്ക് ഈ ഭൂമി സ്വര്‍ഗമാവുമല്ലോ എന്നൊക്കെയാണ് ഞാന്‍ കരുതിയത്. പക്ഷേ ആ പച്ചനാളം അണയുന്നതു കാണ്‍കെ, ഞാന്‍ മനസ്സിലാക്കി ചെന്നായയും പര്‍വതവും എന്‍റെ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല എന്ന്...", ലിയോപോള്‍ഡ് എഴുതി.

അമേരിക്കയിലെ വന്യഭൂപ്രദേശങ്ങളില്‍ നിന്നെല്ലാം ചെന്നായ്ക്കള്‍ ഒഴിഞ്ഞുപോവുന്നതും ചെമ്മരിയാടുകളും കന്നുകാലികളും മാനുകളും പെരുകുന്നതും ലിയോപോള്‍ഡ് നിരീക്ഷിച്ചു. പുതിയ 'ചെന്നായരഹിത' പര്‍വതഭൂമികള്‍ മാനുകളും ചെമ്മരിയാടുകളും സ്വതന്ത്രമായി മേഞ്ഞ് വിണ്ടുകീറിയ വന്യഭൂമികളായി മാറുന്നതും കാട്ടരുവികളും നദികളും മരിക്കുന്നതും കാലാവസ്ഥപോലും മാറിപ്പോവുന്നതും ഒടുവില്‍ സസ്യഭുക്കുകളുടെ ആരോഗ്യവും ഓജസ്സും എണ്ണവും ക്ഷയിക്കുന്നതും പ്രകൃതിസ്നേഹികള്‍ ദുഃഖത്തോടെയും ആത്മവിമര്‍ശനത്തോടെയും കണ്ടു. ലിയോപോള്‍ഡും നിരവധി പരിസ്ഥിതിസംരക്ഷകരും നേറ്റീവ് അമേരിക്കന്‍ ഗോത്രവംശജരെപ്പോലെ ചെന്നായ്ക്കളെ ആരാധിക്കാനും അവയെ വന്യഭൂമികളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിക്കാനും തുടങ്ങി. (ഈയടുത്തകാലത്ത് നീണ്ടനിയമയുദ്ധങ്ങള്‍ക്കുശേഷം ചെന്നായ്ക്കളെ തിരിച്ചെത്തിച്ച പ്രദേശങ്ങളില്‍ കാടും കാട്ടരുവികളും മാനുകളുടെ ആരോഗ്യവും ഇന്ദ്രജാലംപോലെ തിരിച്ചുവന്നതായും വിസ്മയകരമായ വാര്‍ത്തകളുണ്ട്). കാലിമേച്ചിലുകാരും വന്യജീവിപ്രേമികളും വനപരിപാലകരും "പര്‍വതങ്ങളെപ്പോലെ ചിന്തിക്കാന്‍" പഠിച്ചേ മതിയാവൂ എന്നാണ് നാമീ ദുരന്തകഥയില്‍നിന്നു പഠിക്കുന്നത്.

മോക്ഷത്തിലേക്കുള്ള കാട്ടുവഴി

1960-കളില്‍ റേച്ചല്‍ കാഴ്സന്‍റെ "നിശ്ശബ്ദവസന്തം" എന്ന ഉത്കൃഷ്ടകൃതി വായിച്ചാണ് ലോകത്ത് ഒരുപാടുപേര്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍ കാരണമുള്ള പാരിസ്ഥിതികത്തകര്‍ച്ചയുടെ ഭീകരത മനസ്സിലാക്കിയതും പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ ആരംഭിച്ചതും. അക്കാലത്ത് നോര്‍വേയിലെ ഓസ്ലോ യൂണിവേഴ്സിറ്റിയിലെ തത്ത്വശാസ്ത്ര അധ്യാപകനായ ആര്‍നെ നീസ് (Arne Naess)  മഹാത്മാഗാന്ധിയുടെയും സ്പിനോസയുടെയും റേച്ചല്‍ കാഴ്സന്‍റെയും കൃതികളും ശാസ്ത്രദാര്‍ശനികതയും വായിച്ചു മനസ്സിലാക്കി അഗാധമായ ജ്ഞാനം നേടിയ ആളായിരുന്നു. അറിവിനും ജീവിതാനുഭവങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന ഒരു യഥാര്‍ഥതത്ത്വജ്ഞാനിയായിരുന്നു നീസ്.
മധ്യനോര്‍വേയിലെ ഹാലിംഗ്സ്കാര്‍വറ്റ് പര്‍വതങ്ങളെ ഗാഢമായി സ്നേഹിച്ച ആര്‍നെ നീസ് 1937- ല്‍ ആ വന്യഭൂമിയില്‍ ഒരു കുഞ്ഞുകുടില്‍ കെട്ടി താമസമാക്കി. വന്യതയിലും വിശാലമായ പര്‍വതഭൂമിയിലും തന്‍റെ മനസ്സിനെ അലട്ടിയ പല ചോദ്യങ്ങള്‍ക്കും നീസിന് ഉത്തരം കിട്ടി. 'അഗാധപരിസ്ഥിതിജ്ഞാനം' (Deep Ecology)  എന്ന് അദ്ദേഹം പിന്നീട് നാമകരണം ചെയ്ത തത്ത്വശാസ്ത്രത്തിന്‍റെയും ജീവിതദര്‍ശനത്തിന്‍റെയും കാതല്‍ നീസിന്‍റെ മനസ്സില്‍ ഉരുത്തിരിഞ്ഞത് ഒറ്റപ്പെട്ട ആ പര്‍വതശാന്തതയിലെ ജീവിതകാലത്താണ്.

അഗാധപരിസ്ഥിതിജ്ഞാനം എന്ന് ആര്‍നെ നീസ് മുന്നോട്ടുവച്ച ആശയത്തിന്‍റെ അര്‍ഥം മനസ്സിലാക്കാന്‍ അദ്ദേഹത്തിന് തിരിച്ചറിവ് നല്‍കിയ ഭൂപ്രദേശത്തെ നമുക്ക് സങ്കല്പിക്കാനാവണം. ഉയരത്തിലുള്ള, ജനവാസകേന്ദ്രങ്ങളില്‍ നിന്നൊറ്റപ്പെട്ട, വിശാലമായ വന്യഭൂപ്രദേശങ്ങളുടെ സുന്ദരത ദൃശ്യമായ രമണീയമായ ഭൂമി. അവിടെയാണ് ഗാന്ധിജിയെയും സ്പിനോസയെയുമൊക്കെ ഗാഢമായി വായിച്ച്, സംസ്കൃതം പഠിച്ച്, നീസ് കുറെ വര്‍ഷങ്ങള്‍ ജീവിച്ചത്. കല്പായലുകളും കുഞ്ഞുകുഞ്ഞ് ആല്‍പൈന്‍ പൂക്കളും മാത്രം വളരുന്ന, വര്‍ഷത്തില്‍ മിക്കവാറും സമയം മഞ്ഞും ഐസും മൂടിയ, ജീവനു പ്രതികൂലമായ സാഹചര്യത്തില്‍ 10 വര്‍ഷത്തിലധികമാണ് നീസ് ജീവിച്ചത്. പര്‍വതങ്ങളെയും വന്യമനോഹാരിതയെയും നിരീക്ഷിച്ചും മലകയറി നടന്നും ചിന്തിച്ചും എഴുതിയും വന്യതയെ ഗാഢമായി സ്നേഹിച്ചും കഴിഞ്ഞ വര്‍ഷങ്ങള്‍. ആ ഉത്തരധ്രുവപ്രദേശത്തെ ആര്‍ട്ടിക് ചുഴലിക്കൊടുങ്കാറ്റുകളിലും മഞ്ഞുപെയ്ത്തിലും പേമാരികളിലുമാണ് നീസിന്‍റെ സുപ്രധാന 'ഡീപ്പ് ഇക്കോളജി' രചനകള്‍ മിക്കവയും ജന്മം കൊണ്ടത്.

തത്ത്വശാസ്ത്രജ്ഞനായിരുന്നെങ്കിലും നീസിന് ജീവശാസ്ത്രത്തിലും നല്ല പാണ്ഡിത്യമുണ്ടായിരുന്നു. ഇക്കോളജി എന്ന തത്ത്വം ജീവശാസ്ത്രത്തില്‍നിന്നാണല്ലോ ഉടലെടുത്തത്. 'ഓയിക്കോസ്' (Oikos) ലോഗോസ് (logos) എന്നീ രണ്ടു ഗ്രീക്ക് വാക്കുകളില്‍ നിന്നാണ് 'ഇക്കോളജി' എന്ന വാക്ക് രൂപംകൊണ്ടത്. ഓയിക്കോസ് എന്നാല്‍ വീട് എന്നും ലോഗോസ് എന്നാല്‍ പഠനം എന്നുമാണര്‍ഥം. ഇക്കോളജി (Ecology) എന്നാല്‍ നമ്മുടെ ഏക വീടായ ഭൂമിയെക്കുറിച്ചുള്ള പഠനം എന്നാണര്‍ഥം. ജീവന്‍റെ ഏക ഗൃഹമായ - ജീവനുള്ള ഗൃഹ  (Living Planet)ത്തിലെ എല്ലാ ജീവാഭയവ്യവസ്ഥകളുടെയും പഠനമാണ് ഇക്കോളജി അഥവാ പരിസ്ഥിതിശാസ്ത്രം. ഏതൊരു വീടി (Home) ന്‍റെയും സുരക്ഷയും സുസ്ഥിരതയും സുസ്വരത (Harmony)യും നിലനിര്‍ത്തുന്നത് അതിലെ അംഗങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ ഉറപ്പാണല്ലോ. അതുപോലെതന്നെ ഭൂമിയെന്ന വീട്ടിലെ ജീവനെയും ജീവസ്സിനെയും നിലനിര്‍ത്തുന്നത് ജീവജാലങ്ങള്‍ തമ്മിലും ജീവജാലങ്ങളും അവരുടെ ജീവിതസാഹചര്യങ്ങള്‍ തമ്മിലുമുള്ള പാരസ്പര്യങ്ങളും പരസ്പരാശ്രിതബന്ധങ്ങളും പരസ്പരപൂരക (Mutually reciprocal and complimentary)  ബന്ധങ്ങളും പരസ്പരസഹകരണപ്രവര്‍ത്തനങ്ങളുമാണ് . ജീവന്‍റെ പരസ്പരാശ്രിത ശൃംഖലജോലികള്‍ (Webs of Life) ചേര്‍ന്ന്, പരസ്പരപൂരക പ്രവര്‍ത്തനങ്ങളിലൂടെ ഒരൊറ്റ ജീവാത്മാവായി വര്‍ത്തിക്കുന്ന മഹാപ്രതിഭാസമാണ് ജീവമണ്ഡലം. ജീവന്‍ തന്നെയാണിവിടെ ജീവന്‍റെ നിലനില്പിനുവേണ്ട എല്ലാ ജീവസാഹചര്യങ്ങളും സൃഷ്ടിക്കുന്നത്.  ഭൗമാന്തരീക്ഷത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഭൂമി ഒരു ഭീമന്‍ ജീവിയെപ്പോലെയാണ് നിലനില്ക്കുന്നതും പ്രവര്‍ത്തിക്കുന്നതും സ്വന്തം മുറിവുകളും അസന്തുലിതാവസ്ഥകളും നേരെയാക്കുന്നതും എന്ന കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്. അവളെ 'ഗയ'(Gaia-ഗ്രീക്ക് ഭൂമിദേവി) എന്നു വിളിച്ച ശാസ്ത്രജ്ഞര്‍ ഈ ആശയത്തിന് 'ഗയ സിദ്ധാന്തം' എന്നും നാമകരണം ചെയ്തു. ഈ ശാസ്ത്രീയകണ്ടെത്തലിനും വിശദീകരണത്തിനും എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പേ ആര്‍നെ നീസും ലോകത്തെമ്പാടുമുള്ള പരമ്പരാഗത മനുഷ്യരും പ്രകൃതിസ്നേഹികളും ഭൂമിയെ ദേവതയായി ആദരിക്കണമെന്നും പരിരക്ഷിക്കണമെന്നും ഭൂമി നമ്മുടെ സ്വകാര്യസ്വത്തല്ലെന്നും മറിച്ച് നമുക്ക് ജന്മം നല്കി പോറ്റിവളര്‍ത്തുന്ന മാതാവാണ് എന്നും ഗാഢമായി വിശ്വസിച്ചിരുന്നു.

സ്ഥിതിവിവരക്കണക്കുകള്‍ക്കും യുക്തിക്കും ശാസ്ത്രീയവിശകലനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന പരിസ്ഥിതിശാസ്ത്രത്തിന് മനുഷ്യന്‍ എങ്ങനെ ജീവിക്കണം, എന്ന ധാര്‍മികചോദ്യത്തിന് ഉത്തരം നല്‍കാനാവില്ല എന്ന് ആര്‍നെ നീസ് തിരിച്ചറിഞ്ഞു. ഇതിനു നമുക്കാവശ്യം പാരിസ്ഥിതികജ്ഞാനവും ദാര്‍ശനികതയുമാണ് എന്നദ്ദേഹം സമര്‍ഥിച്ചു. അഗാധമായ അനുഭവങ്ങളിലൂടെയും അഗാധമായ ചോദ്യങ്ങള്‍ ഉന്നയിക്കലിലൂടെയും അഗാധമായ പ്രതിബദ്ധതയിലൂടെയുമാണ് നമ്മള്‍ അഗാധമായ പരിസ്ഥിതിവിജ്ഞാനത്തില്‍ (Deep Ecology) എത്തുക എന്ന് ആര്‍നെ നീസ് ഉറച്ചു വിശ്വസിച്ചു.

അഗാധമായ അനുഭവജ്ഞാനവും അന്വേഷണത്വരയും പ്രതിബദ്ധതയും വിശ്വാസവും പരസ്പരബന്ധിതമായ ഒരു വ്യവസ്ഥയാണ്. അവയോരോന്നും മറ്റുള്ളവയ്ക്ക് ജന്മം നല്കുന്നു. പിന്‍തുണയ്ക്കുന്നു. പരസ്പരപൂരകമായ ആ വ്യവസ്ഥയാകട്ടെ ഏറ്റവും അഗാധമായ പാരിസ്ഥിതികജ്ഞാനത്തിനും ഹരിതദര്‍ശനത്തിനും വഴിയൊരുക്കുന്നു. ആത്മീയവും അജ്ഞേയവുമായ ഈ ദര്‍ശനത്തെ ഹരിതതത്ത്വജ്ഞാനം (Ecosophy)എന്നാണ് നീസ് വിശേഷിപ്പിച്ചത്.  പരിസ്ഥിതിജ്ഞാനത്തിനും സുസ്വരതയ്ക്കും മൂര്‍ത്തിമത്ഭാവം നല്‍കി, ഹരിതദര്‍ശനതത്ത്വങ്ങളെ ജീവിതത്തിലൂടെയും ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സാക്ഷാത്കരിക്കുക എന്നതാണ് മനുഷ്യന്‍ ചെയ്യേണ്ടത് എന്ന് നീസ് വാദിച്ചു.

അഗാധമായ അനുഭവങ്ങള്‍ - ചോദ്യങ്ങള്‍ - പ്രവൃത്തികള്‍

ആഴമേറിയ തിരിച്ചറിവുകളോടെ ഹരിതപാതയിലൂടെ സഞ്ചരിക്കാന്‍ തയ്യാറാവുന്ന ഒരാള്‍, പ്രകൃതിയുടെ നൈസര്‍ഗിക രൂപരേഖയില്‍ ഒറ്റപ്പെട്ട ഒരൊറ്റ വസ്തുപോലുമില്ലെന്നും നൂറായിരം പരസ്പരബന്ധങ്ങളുടെ, പരസ്പരാശ്രിതത്വത്തിന്‍റെ, വിശാലമായ ജാലികയിലെ കണ്ണികളാണ് ഓരോരുത്തരും എല്ലാ ജീവജാലങ്ങളും എന്നും തിരിച്ചറിയുന്നു. ഇത്തരം അഗാധമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍, എല്ലാമായും നമുക്ക് താദാത്മ്യവും ഏകാത്മകതയുമുണ്ടാവുന്നു. ഈ ഏകതയില്‍നിന്നാണ് മനുഷ്യരോടും എല്ലാ ജീവജാലങ്ങളോടും വന്യതയോടും ഉത്കടമായ അനുതാപവും ഹൃദയത്തെ അലട്ടുന്ന ആകുലതയും കരുതലും നമ്മില്‍ ഉരുവാകുന്നത്.  വന്യവും മനുഷ്യന്‍ കാരണം നാശോന്മുഖവുമായ ജീവജാലങ്ങളെ പരിരക്ഷിക്കാനുള്ള ഏറ്റവും നൈസര്‍ഗികമായ താത്പര്യം അപ്പോള്‍ നമ്മില്‍ ജനിക്കുന്നു.

സൂക്ഷ്മജീവികള്‍ തൊട്ട് ബഹുകോശജീവജാലങ്ങള്‍വരെയും ആവാസവ്യവസ്ഥകള്‍ മുതല്‍ നദീതടങ്ങളും നീര്‍മറിത്തടങ്ങളും വരെയും 'ഗയ' എന്ന ഭൂമീദേവതവരെയും എല്ലാമെല്ലാം അവയുടെ സഹജമായ ജീവനൈപുണ്യങ്ങളുടെ പൂര്‍ണസാധ്യതകള്‍ ഇതള്‍വിരിയുന്ന അതിവിശിഷ്ടമായ പ്രക്രിയയില്‍ മുഴുകിയിരിക്കുകയാണ്. അവയുടെ നിലനില്പിന്‍റെതന്നെ ആത്യന്തിക പരിണാമലക്ഷ്യമാണീ ഇതള്‍വിരിയല്‍. ഈ പ്രക്രിയയെ നമുക്ക് എല്ലാ ജീവന്‍റെയും ആത്മസാക്ഷാത്കാരം  (Self Realization)  എന്നു പറയാം.

ഭൂമിയിലെ എല്ലാ ജീവനും അവരവരുടെ രീതിയില്‍ ആത്മസാക്ഷാത്കാരത്തിനുതന്നെയാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ജീവനിലും ഈ നൈസര്‍ഗികമൂലം കുടികൊള്ളുന്നുണ്ട് എന്നു നാം തിരിച്ചറിയുന്നു. സാമ്പത്തികമായോ ഔഷധമായോ പാരിസ്ഥിതികസേവനങ്ങളുടെ കാര്യത്തിലോ മനുഷ്യജീവിതത്തില്‍ അവയ്ക്ക് മൂല്യമുണ്ടോ എന്നത് അപ്രസക്തമാണ്. ആത്മസാക്ഷാത്കാരത്തിനായുള്ള നമ്മുടെ യത്നം മറ്റെല്ലാ ജീവികളുടെയും ജീവനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പംതന്നെയാണ് നില്‍ക്കുന്നത്. ഈ പരിസ്ഥിതികേന്ദ്രീകൃതമായ (Ecocentric) കാഴ്ചപ്പാട് മനുഷ്യനുമാത്രം മൂല്യം കൊടുക്കുന്ന, നമുക്ക് ഉപയോഗിക്കാനും ചൂഷണംചെയ്യാനുമുള്ള 'വിഭവ'മാണ് പ്രകൃതി എന്ന മനുഷ്യകേന്ദ്രീകൃതമായ സമീപനത്തിന് കടകവിരുദ്ധമാണ്.

ബുദ്ധിയും വിവേകവുമുള്ള പ്രപഞ്ചത്തിന്‍റെയും ജീവനുള്ള ഭൗമഗ്രഹത്തിന്‍റെയും സ്വന്തമാണ്, അവിഭാജ്യഘടകമാണ് മനുഷ്യര്‍ എന്ന തിരിച്ചറിവ് അഗാധമായ അനുഭവങ്ങളിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. ഈ തിരിച്ചറിവ് നിതാന്തമായി നിലനിര്‍ത്താനും നമ്മുടെ അവബോധത്തിന്‍റെയും ദൈനംദിനജീവിതത്തിന്‍റെയും ഭാഗമാക്കാനും ആഴത്തിലുള്ള നിതാന്തമായ ചോദ്യങ്ങള്‍ ഉന്നയിക്കല്‍ ആവശ്യമാണ്. ഏറ്റവും മൗലികമായ വിശ്വാസങ്ങളെ വ്യാഖ്യാനിക്കുകയും തെളിയിക്കുകയും ചെയ്യാനുള്ള ഒരു ചട്ടക്കൂട് നമുക്കാവശ്യമാണ്. ഈ വിശ്വാസങ്ങളെ തീരുമാനങ്ങളും ജീവിതശൈലികളും പ്രവര്‍ത്തനങ്ങളുമാക്കി മാറ്റാനും അനുരൂപമായ ഒരു ചട്ടക്കൂട് വേണം. പ്രവൃത്തിയിലുള്ള ഊന്നല്‍ പ്രധാനമാണ്. മറ്റു പരിസ്ഥിതിതത്ത്വശാസ്ത്രങ്ങളില്‍നിന്ന് അഗാധപ്രകൃതിദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത് നിരന്തരമായ പ്രവര്‍ത്തനമാണ്. അഗാധപ്രകൃതിജ്ഞാനത്തെ തത്ത്വശാസ്ത്രവും ഒപ്പം ഒരു സാമൂഹികപ്രസ്ഥാനവുമാക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ഊന്നലാണ്.

ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുവഴി, നമ്മള്‍ തിരഞ്ഞെടുക്കുന്ന ജീവിതശൈലിക്ക് മാര്‍ഗദീപമാവുന്ന പൂര്‍ണമായ ഒരു കാഴ്ചപ്പാടിലേക്കാണ് നാമെത്തുക. സമൂഹത്തിന്‍റെ ഇന്നത്തെ പോക്കിനെ വിമര്‍ശനബുദ്ധിയോടെ വിശകലനം ചെയ്യുന്നതുവഴി, ഒരു പാരിസ്ഥിതികകാഴ്ചപ്പാടിലൂടെ മനുഷ്യസമൂഹത്തിന്‍റെ വികലമായ സങ്കല്പങ്ങളും വിശ്വാസപ്രമാണങ്ങളും മനസ്സിലാക്കാനാവും. പാരിസ്ഥിതികപ്രതിസന്ധിയുടെ കൂട്ടായ ചുമതലയും അതിനു പിന്നിലുള്ള മനുഷ്യരാശിയുടെതന്നെ മനഃശാസ്ത്രപരമായ കാരണങ്ങളും നാം തിരിച്ചറിയും. പാശ്ചാത്യനാടുകളുടെ ചരിത്രം പരിശോധിച്ചാല്‍തന്നെ നമ്മുടെ, വിനാശകരമായ, മനുഷ്യകേന്ദ്രീകൃതകാഴ്ചപ്പാടിന്‍റെ വേരുകളില്‍ നമുക്കെത്താനാവും. നമ്മുടെ ശാസ്ത്രത്തിലും സാങ്കേതികവിദ്യകളിലും തത്ത്വശാസ്ത്രങ്ങളിലും സാമ്പത്തികവ്യവസ്ഥകളിലുമൊക്കെ ആത്മഹത്യാപരമായ ഈ പ്രകൃതിവിരുദ്ധ സമീപനം കാണാം. ലോകം മുഴുവന്‍ സ്വീകരിച്ചിരിക്കുന്ന പാശ്ചാത്യസംസ്കാരത്തിന്‍റെ ആഗോള(കമ്പോള)വത്കരണവും സ്വതന്ത്രവ്യാപാരവും എങ്ങനെ മനുഷ്യവംശത്തെയും ജീവദായകപ്രകൃതിവ്യവസ്ഥകളെയും നശിപ്പിക്കുന്നു എന്നും നമുക്ക് മനസ്സിലാവും.

പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ വ്യത്യസ്തധാരകള്‍

മുഖ്യധാരാ പാരിസ്ഥിതിക കാഴ്ചപ്പാടുകളുടെ പരിഷ്കരണസമീപനത്തില്‍നിന്ന് വളരെ വ്യത്യസ്തമാണ് മനുഷ്യസംസ്കാരത്തെയും മനുഷ്യനെന്ന ജീവജാതിയുടെതന്നെ സ്വത്വത്തെയും ആഴത്തില്‍ ചോദ്യം ചെയ്യുന്ന അഗാധഹരിതദര്‍ശനം. വ്യവസായശാലകളുടെ മലിനീകരണം നിയന്ത്രിക്കുക, കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുക, മനുഷ്യനു ഗുണകരമായ ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളും സംരക്ഷിക്കുക, ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ കുറയ്ക്കുക.... തുടങ്ങിയ പതിവുരീതികളാണ് 'ഉപരിപ്ലവ പരിസ്ഥിതിബോധം' (Shallow Ecology)  എന്ന് നീസ് വിശേഷിപ്പിച്ച പാരിസ്ഥിതിക അവബോധത്തിന്‍റെ വക്താക്കള്‍ സ്വീകരിക്കുന്ന പരിസ്ഥിതിപ്രവര്‍ത്തനം. അഗാധപരിസ്ഥിതിബോധം വേണമെന്നു ശഠിക്കുന്ന പ്രവര്‍ത്തകര്‍ക്കും മേല്‍പ്പറഞ്ഞ ഹ്രസ്വകാല 'പ്രായോഗിക' ഉത്തരങ്ങളും പ്രവര്‍ത്തനങ്ങളും തന്ത്രപരമായി സ്വീകരിക്കേണ്ടിവരും, പ്രത്യേകിച്ച് മുഖ്യധാരാസമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍. ആ സമയങ്ങളില്‍ സമൂഹത്തിന്‍റെ പോക്കിനെക്കുറിച്ചുള്ള സന്ദേഹങ്ങളും ചോദ്യംചെയ്യലും മാറ്റിവെയ്ക്കേണ്ടിയും വരും. എങ്കിലും ഏതു പ്രവൃത്തി ചെയ്യുമ്പോഴും ജനങ്ങളുമായി സംവദിക്കുമ്പോഴും മനുഷ്യകുലത്തിന് വരേണ്ടുന്ന സമൂലമാറ്റത്തെക്കുറിച്ചുള്ള നിരന്തരസംവാദം തുടരുകയും വേണം.

ആഴത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് നമ്മെ സഹായിക്കാനായി ആര്‍നെ നീസും സുഹൃത്തുക്കളും നാലു തലങ്ങളിലുള്ള ഒരു വ്യവസ്ഥ രൂപകല്പന ചെയ്തു. ഒരു ശിലാകോണിന്‍റെ രൂപത്തിലാണീ വ്യവസ്ഥ സങ്കല്പിച്ചിരിക്കുന്നത്. പിരമിഡിന്‍റെ താഴേതട്ടിലുള്ള പ്രായോഗികതലം (നാലാം തലം - level4) മുതല്‍ പിരമിഡിന്‍റെ മുകളറ്റത്തെ ദാര്‍ശനികവും ആത്മീയവുമായ ഒന്നാം തലം (level1) വരെയാണ് നീസ് വിഭാവനം ചെയ്തത്. ഒരു വ്യക്തിയുടെ ചിന്തകളും കാഴ്ചപ്പാടുകളും പ്രവൃത്തികളും ഉടലെടുക്കുന്ന പാരമ്പര്യവും ആത്യന്തിക ആദര്‍ശവും അനാവരണം ചെയ്യുന്ന തലമാണ് ഒന്നാമത്തേത്. ദൈനംദിന ജീവിതത്തിന്‍റെ എല്ലാകാര്യങ്ങളെയും "എന്തുകൊണ്ട്?" എന്ന് (ഒരു കൊച്ചുകുഞ്ഞ് ചോദ്യംചെയ്യുന്നതുപോലെ) സ്വതന്ത്രവും ധീരവുമായി ചോദ്യം ചെയ്തുകൊണ്ടേയിരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് നിരവധി വര്‍ഷങ്ങളിലൂടെ എത്തിച്ചേരാവുന്ന ഒരു അവസ്ഥയാണീ ഒന്നാംതലം. ഒടുവില്‍ ഈ പ്രക്രിയ വളരെ ആഴത്തിലേക്ക് പോയിട്ടുണ്ടെങ്കില്‍ വിശാലമായ, എല്ലാമെല്ലാമായുള്ള, താദാത്മ്യം പ്രാപിക്കലിന്‍റെ ഒരു മാനസിക-ആത്മീയ അവസ്ഥയില്‍ നാമെത്തുന്നു. അഗാധമായ അനുഭവങ്ങളിലൂടെ ലഭിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ജ്ഞാനവും സഹജാവബോധവും പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ആത്മീയതയാവണം ഇത്.

ഉദാഹരണത്തിന് "എന്തുകൊണ്ട്" എന്ന ചോദ്യം നിരന്തരം ചോദിക്കുന്ന ഒരാള്‍ക്ക് "പ്രകൃതി പരിപാവനമാണ്", "എല്ലാ ജീവനും ഒരേ മൂല്യമാണുള്ളത്", "മനുഷ്യന്‍റെ നിലനില്പും ജീവലോകത്തിന്‍റെ നിലനില്പും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു", "മനുഷ്യനെന്ന ജീവജാതി ഇല്ലാതായാലും ജീവനു തുടരാനും അഭിവൃദ്ധിപ്പെടാനും കഴിയും. പക്ഷെ ജീവജാതികള്‍ അന്യംനിന്നാല്‍ മനുഷ്യന്‍റെ നിലനില്പും ഭീഷണിയിലാവും...." എന്നിങ്ങനെയുള്ള വിശ്വാസങ്ങളിലേക്കെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഈ തിരിച്ചറിവും ഒരു തരത്തിലുള്ള ആത്മസാക്ഷാത്കാരമാണ്. ജീവന്‍റെ നൈപുണ്യങ്ങളുടെ അതുല്യമായ സാധ്യതകള്‍ ഇതള്‍വിരിയുക എന്നതിന്‍റെ നൈസര്‍ഗികമൂല്യം നമ്മുടെ കഴിവുകളുടെയും വാസനകളുടെയും പരിപൂര്‍ണ ഉത്കൃഷ്ടതയില്‍ നാം കാണാന്‍ തുടങ്ങും. ജീവലോകത്ത് മനുഷ്യന്‍റെ സ്ഥാനവും ധര്‍മവും എന്ത്, നാമെങ്ങനെയാണ് പെരുമാറേണ്ടത് എന്നീ ചോദ്യങ്ങള്‍ക്കുള്ള പ്രായോഗിക ഉത്തരങ്ങളും നമുക്കീ തിരിച്ചറിവില്‍നിന്നു ലഭിക്കും.

പാരിസ്ഥിതിക ആത്മീയത (Ecospirituality)

ആത്യന്തികമായ ആദര്‍ശങ്ങള്‍ തത്ത്വശാസ്ത്രത്തിന്‍റെയും ആത്മീയതയുടെയും തലത്തിലാണ്  ഉരുത്തിരിയുക. ഉദാഹരണത്തിന് 'സമ്പന്നത', 'സമ്പന്നജീവിതം' എന്നീ സങ്കല്പങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തകാലങ്ങളില്‍ ഓരോന്നായിരിക്കും. ഏറ്റവും ലളിതമായും സരളമായും, ഏറ്റവും കുറച്ച് വിഭവങ്ങള്‍ ഉപയോഗിച്ചും, ആഴത്തിലുള്ള സംതൃപ്തിയും ആഹ്ലാദവും തരുന്ന ജീവിതാനുഭവങ്ങള്‍ ലഭിക്കാനുള്ള സ്വാതന്ത്ര്യം വളര്‍ത്തിയും, സ്നേഹനിര്‍ഭരമായ ആത്മബന്ധങ്ങള്‍ നിലനിര്‍ത്തിയുമുള്ള ജീവിതമാണ് സമ്പന്നം എന്ന് കുറച്ചുപേര്‍ മനസ്സിലാക്കിയിട്ടുണ്ടാവാം. ധനസമ്പാദനത്തിന്‍റെയും ഉപഭോഗത്തിന്‍റെയും അളവല്ല, മറിച്ച് ആനന്ദകരവും ആരോഗ്യപരവുമായ പാരസ്പര്യങ്ങളുടെയും അനുഭവങ്ങളുടെയും അളവാണ് യഥാര്‍ഥ സമ്പന്നത എന്ന തിരിച്ചറിവ് മനുഷ്യരാശിക്കുണ്ടായാല്‍ പരിസ്ഥിതിനാശവും ദാരിദ്ര്യവും അക്രമവും കുറയും.

മിക്കവര്‍ക്കും ധാരാളിത്തവും ഇഷ്ടംപോലെ ചെലവാക്കാനുള്ള പണവുമായിരിക്കും സമ്പന്നജീവിതത്തിന്‍റെ ലക്ഷണങ്ങള്‍. പക്ഷെ ധനത്തിന്‍റെ ധാരാളിത്തമേയല്ല യഥാര്‍ഥ സമ്പന്നതയും നല്ല ജീവിതവുമെന്ന് തിരിച്ചറിയാന്‍പോലും അതിഭൗതികതയിലൂന്നിയ സമ്പദ്വ്യവസ്ഥ കാരണമുണ്ടാവുന്ന പരിസ്ഥിതിനാശവും സാമൂഹികദുരന്തങ്ങളും നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതു തിരിച്ചറിയാനും മനുഷ്യന് ധാര്‍മികമൂല്യങ്ങളും പാരിസ്ഥിതിക ആത്മീയതയും പരിസ്ഥിതിജ്ഞാനവും കൂടിയേ തീരൂ.

അഗാധപരിസ്ഥിതിജ്ഞാനത്തിന്‍റെ എട്ടു തത്ത്വങ്ങള്‍

അഗാധപരിസ്ഥിതിജ്ഞാനം പ്രായോഗികമാക്കാന്‍ ആര്‍നേ നീസും സമാനചിന്തകരും നിരവധി ചര്‍ച്ചകളിലൂടെ വ്യക്തവും ശക്തവുമായ ഒരു താത്ത്വിക അടിത്തറ പാകിയിട്ടുണ്ട്. അഗാധഹരിതചിന്തയുടെ 8 തത്ത്വങ്ങള്‍ എന്നാണീ മാര്‍ഗരേഖ വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തേപറഞ്ഞ പിരമിഡിന്‍റെ രണ്ടാംതല (stage2) മാണിത്. ആഴമേറിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രക്രിയയുടെ അരിപ്പയായിട്ടാണ് ഈ തലം പ്രവര്‍ത്തിക്കുന്നത്. ഈ തത്ത്വങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമാകാം. കര്‍ക്കശവും അപ്രായോഗികവുമായ കുറേ കേവലസിദ്ധാന്തങ്ങളല്ല ഈ പ്രസ്ഥാനത്തിന്‍റെ അടിത്തറ. നേരേമറിച്ച് കുറേ തുറന്ന ചര്‍ച്ചാവിഷയങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ആര്‍ക്കുവേണമെങ്കിലും ഇവയെ കൂടുതല്‍ വ്യക്തമാക്കാനും വിശദീകരിക്കാനും സ്വാതന്ത്ര്യമുണ്ട്.

1. എല്ലാ ജീവനും അതിന്‍റേതായ നൈസര്‍ഗികമൂല്യമുണ്ട്. അവയ്ക്കെല്ലാംതന്നെ കണക്കാക്കാനാവാത്ത അനന്യതയും പ്രകൃതിയില്‍ ചെയ്യേണ്ടുന്ന ധര്‍മങ്ങളുമുണ്ട്. മനുഷ്യന് അവ നേരിട്ട് ഉപയോഗപ്രദമാണോ എന്നത് അവയുടെ മൂല്യത്തിന്‍റെ മാനദണ്ഡമല്ല.

2. ജീവന്‍റെ സമ്പന്നതയും അനന്തവൈവിധ്യവുമാണ് നമ്മുടെ ജീവിതത്തിന്‍റെ സൗഖ്യം ഉറപ്പുവരുത്തുന്നത്.

3. ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ കാര്യങ്ങള്‍ക്കൊഴിച്ച് മനുഷ്യന് ഈ സമ്പന്നതയെയോ വൈവിധ്യത്തെയോ നശിപ്പിക്കാനോ ശോഷിപ്പിക്കാനോ അവകാശമില്ല.

4. മനുഷ്യന്‍ ഭൂമിയിലുണ്ടാക്കുന്ന ആഘാതം ക്രമാതീതവും നാള്‍ക്കുനാള്‍ രൂക്ഷമാവുന്നതുമാണ്.

5. മനുഷ്യന്‍റെ ജീവിതശൈലികളും ജനസംഖ്യാപ്പെരുപ്പവും ഉപഭോഗവുമാണ് ഈ പ്രത്യാഘാതത്തിന്‍റെ ഏറ്റവും പ്രധാനഘടകങ്ങള്‍.

6. മനുഷ്യന്‍റെ പ്രകൃതിവിധ്വംസന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെട്ടാല്‍ മാത്രമേ ജൈവവൈവിധ്യവും മനുഷ്യസംസ്കാരികവൈവിധ്യവും അഭിവൃദ്ധിപ്പെടൂ.

7. അതുകൊണ്ടുതന്നെ നമ്മുടെ പ്രത്യയശാസ്ത്രപരവും സാമ്പത്തികവും സാങ്കേതികവുമായ സ്ഥാപനങ്ങള്‍ അടിമുടി മാറിയേ തീരൂ.

8. മേല്‍പ്പറഞ്ഞ തത്ത്വങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവാന്‍ ഉത്തരവാദിത്വമുണ്ട്. ഈ യത്നം സമാധാനപരമായും സഹിഷ്ണുതയോടെയും ജനാധിപത്യപരമായും വേണം നടത്താന്‍.

പാരിസ്ഥിതികമായ ചിന്തയിലും പ്രവര്‍ത്തനത്തിലും അര്‍ഥവും ആനന്ദവും കണ്ടെത്തുന്നവര്‍ക്ക് ഘട്ടംഘട്ടമായി സ്വജീവിതത്തില്‍, വ്യക്തിപരമായും കൂട്ടമായും, ഈ ആത്മസാക്ഷാത്കാരത്തിലേക്കുള്ള വഴിയില്‍ പങ്കാളികളാവാം. സാമൂഹികപ്രവര്‍ത്തകര്‍ പരിസ്ഥിതിനാശത്തിലേക്ക് വഴിയൊരുക്കുന്ന സാമൂഹിക അനീതിക്കായിരിക്കും മുന്‍തൂക്കം കൊടുക്കുക. ഇക്കോഫെമിനിസ്റ്റുകളാവട്ടെ ലിംഗപദവി തുല്യത ഉറപ്പുവരുത്തിയാലല്ലാതെ പുരുഷാധിപത്യത്തില്‍നിന്നുരുവാകുന്ന പരിസ്ഥിതിനാശം തടയാനാവില്ല എന്നാണ് വിശ്വസിക്കുന്നത്. പരിരക്ഷണ ജീവശാസ്ത്രജ്ഞര്‍ വന്യഭൂമികളുടെയും വംശനാശഭീഷണി നേരിടുന്ന ജീവജാതികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് പരമപ്രധാനം എന്നു ശഠിക്കുന്നു. പ്രകൃതിയെയും സംസ്കാരത്തെയും നശിപ്പിക്കുന്ന ആഗോളവത്കരണത്തെയും സ്വതന്ത്രവ്യാപാരത്തെയും എതിര്‍ക്കാതെ പരിസ്ഥിതിനാശം തടയാനാവില്ല എന്നു വിശ്വസിക്കുന്നവരുമുണ്ട്. 'ഡീപ്പ് ഇക്കോളജി'യില്‍ അടങ്ങിയ ആത്മീയത വൈവിധ്യത്തെയും ബഹുസ്വരതയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ദര്‍ശനമാകയാല്‍ മേല്‍പ്പറഞ്ഞ എല്ലാ ചിന്താധാരകള്‍ക്കും ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമാകാം.

'അഗാധപരിസ്ഥിതിജ്ഞാന' പ്രസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ വളരെ നീണ്ടതാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തചിന്താഗതികളും മുന്‍ഗണനകളുമുള്ള പരിസ്ഥിതിപ്രവര്‍ത്തകര്‍ തമ്മില്‍ സഹകരണവും സഹനതയും അത്യാവശ്യമാണ്. മൗലികവും വിപ്ലവകരവുമായ ഈ ബഹുസ്വരത (Radical Plurality) അഗാധപരിസ്ഥിതിജ്ഞാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ആര്‍നെ നീസിന്‍റെ അഭിപ്രായത്തില്‍ ഗാന്ധിജിയുടെ സത്യാഗ്രഹരീതിയാണ് പ്രകൃതിപരിരക്ഷകര്‍ ആദ്യം പഠിക്കേണ്ടുന്ന ധര്‍മവും പ്രവര്‍ത്തനശൈലിയും. നമ്മുടെ എതിരാളിയുടെ ഉള്ളില്‍ കുടികൊള്ളുന്ന മൗലികമായ മനുഷ്യത്വത്തോടുള്ള ആദരവ് നാമൊരിക്കലും കൈവിടരുത് എന്നതാണ് ഗാന്ധിയന്‍ ശൈലിയുടെ ആദ്യത്തെ തത്ത്വം. രണ്ടാമത്തേതാവട്ടെ ക്ഷമയോടെയും സഹനതയോടെയും എതിരാളിയെക്കൂടി നമ്മുടെ ചിന്താഗതിയിലേക്ക് കൊണ്ടുവരുക എന്നതും.

ഏറ്റവും ഒടുവില്‍ നാം അഗാധമായ പ്രതിജ്ഞാബദ്ധതയിലെത്തുന്നു. അഗാധമായ അനുഭവങ്ങളും ആഴമേറിയ ചോദ്യങ്ങള്‍ ഉന്നയിക്കലും ഒരുമിച്ചുണ്ടാവുമ്പോഴാണ് നമ്മുടെയുള്ളില്‍ ഗാഢമായ പ്രതിജ്ഞാബദ്ധതയുണരുന്നത്. ഒരു പാരിസ്ഥിതികലോകദര്‍ശനം വികസിപ്പിക്കാന്‍ നമുക്കായാല്‍ മനുഷ്യര്‍ അവരുടെ മൊത്തം വ്യക്തിത്വത്തിന്‍റെ ശക്തിയിലാവും പ്രവര്‍ത്തിക്കാന്‍ തുടങ്ങുക. ഈ ആത്മസമര്‍പ്പണത്തില്‍ നിന്നാണ് ഭൂമിയില്‍ മനുഷ്യനുണ്ടാക്കിയ മുറിവുകള്‍ ഉണക്കാനും പരിരക്ഷണപരമായ ഭൂപരിപാലനം നടത്താനും വേണ്ട ഊര്‍ജവും പ്രതിജ്ഞാബദ്ധതയും നിശ്ചയദാര്‍ഢ്യവും വളര്‍ന്നുവരുക.

'ഡീപ്പ് ഇക്കോളജി'യുടെ കേന്ദ്രത്തില്‍ ആത്മസാക്ഷാത്കാരമാണുള്ളത്. മനുഷ്യന്‍ എന്ന സ്വത്വബോധത്തില്‍നിന്നു നമ്മെ മോചിപ്പിച്ച് എല്ലാ ജീവജാലങ്ങളുമായും വന്യപ്രകൃതിയുമായും ഒന്നാവുക എന്നതാണീ ആന്തരികപരിവര്‍ത്തനം. നമ്മെ കാട്ടിലും കാട്ടുപുഴയിലും പുല്ലിലും പര്‍വതത്തിലുമെല്ലാം കണ്ടുകഴിഞ്ഞാല്‍തന്നെ നമ്മുടെ ചിന്താരീതികളും മുന്‍ഗണനകളും അടിമുടി മാറും. സ്വാഭാവികമായും നമ്മള്‍ ഭൂപരിപാലകരും പരിസ്ഥിതി പുനരുജ്ജീവനത്തില്‍ ജീവിതദൗത്യം കണ്ടെത്തുന്നവരുമായി മാറും. അങ്ങനെ മാത്രമേ നാം നമ്മുടെ ജീവിതത്തില്‍നിന്ന് ആട്ടിപ്പുറത്താക്കിയ വന്യമനോഹാരിത വീണ്ടും നമ്മുടെയുള്ളില്‍ കുടികൊള്ളാന്‍ തുടങ്ങൂ.

ആത്യന്തികമായി പ്രകൃതി/ജീവപരിണാമം നമ്മെ പരീക്ഷിക്കുകയാവാം. മനുഷ്യശിശു മര്യാദ പഠിക്കുമോ? പ്രകൃതി നമ്മെയും പരീക്ഷണവിധേയരാക്കി, ശിക്ഷണത്തിലൂടെയും സ്വഭാവരൂപീകരണത്തിലൂടെയും സംവര്‍ധനം ചെയ്തെടുക്കുന്നുണ്ടാവണം. എല്ലാ ജീവികളെയുംപോലെ നിലനില്ക്കാന്‍വേണ്ടി ചെയ്യുന്ന പ്രവൃത്തികള്‍ പ്രകൃതിയുടെ സമ്പന്നത വര്‍ധിപ്പിക്കുന്നതാക്കി മാറ്റാന്‍ മനുഷ്യകുലം ഇനിയും വൈകിക്കൂടാ. നമുക്ക് മാറാനായില്ലെങ്കില്‍ നാം അന്യം നിര്‍ത്തുന്ന ജീവികള്‍ക്കൊപ്പം നമ്മുടെ വംശനാശവും ഉറപ്പായും സംഭവിക്കും. ജീവനും പ്രകൃതിയും നിതാന്തമായി തുടരും, ഭൂമിയെ വീണ്ടും ജീവന്‍റെ സ്വര്‍ഗമാക്കി മാറ്റും. പക്ഷെ നമ്മളീ സ്വര്‍ഗത്തിലുണ്ടാവുമോ???

You can share this post!

മകന്‍റെ ദൈവശാസ്ത്രം

ജോസ് സുരേഷ്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts