ലോകത്തിനുമുമ്പാകെ 'കൊളുത്തപ്പെട്ട ദീപ'മാണ് സഭ. മനുഷ്യനെ സംബന്ധിക്കുന്ന കാലികവും കാലാതിശായിയുമായ പ്രശ്നങ്ങളോട് യേശുക്രിസ്തുവിന്‍റെ പ്രബോധനങ്ങളിലൂന്നിനിന്നുകൊണ്ട് ലോകത്തെ പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും ധര്‍മാധര്‍മങ്ങള്‍ വേര്‍തിരിച്ചുകാണിക്കാനും 'ശരി'യുടെ ഭാഗത്ത് ക്രിയാത്മകമായി നിലയുറപ്പിക്കാനും 'മാതാവും ഗുരുനാഥ'യുമായ സഭ സദാ ഉത്സുകയാണ്.
വ്യവസായിക വിപ്ലവത്തിന്‍റെ അനന്തരഫലമായുണ്ടായ പുത്തന്‍സാമ്പത്തികവ്യവസ്ഥയില്‍, മനുഷ്യനെ മറന്നുകൊണ്ടുള്ള നവസാമ്പത്തികമുന്നേറ്റം തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളില്‍ കടുത്ത അപസ്വരം സമ്മാനിച്ചപ്പോള്‍ പ്രാന്തവത്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ട തൊഴിലാളികളുടെയും ഭാഗംചേര്‍ന്നുകൊണ്ട്, സഭ, 'റേരും നോവാരും' എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു. (1891- മാര്‍ ലെയോ13-ാം പാപ്പാ). തൊഴില്‍ സംബന്ധമായ ധാര്‍മികതയെ ഇത്ര കൃത്യതയോടെ സൂക്ഷ്മമായി അപഗ്രഥിക്കുകയും ക്രിയാത്മക പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥമില്ല. രണ്ടുലോകമഹായുദ്ധങ്ങളുടെ 'സമ്മാനമായ' സാമ്പത്തികതകര്‍ച്ചയ്ക്കും പിന്നീട് നവസാമ്പത്തികമുന്നേറ്റം ലോകം അരങ്ങായപ്പോഴും അതതു കാലഘട്ടങ്ങള്‍ക്കനുസൃതമായി സഭ സംവദിച്ചതിന്‍റെ ഫലമായി ഉണ്ടായ സാമൂഹിക ചാക്രികലേഖനങ്ങള്‍ ഇന്നും ഏറെ പ്രസക്തങ്ങളാണ്.
സാമൂഹികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മാത്രം സഭ ഒതുങ്ങിനില്‍ക്കുന്നില്ല. മനുഷ്യസംബന്ധിയായ എല്ലാ പ്രശ്നങ്ങളിലും സഭ ഇടപെട്ടുകൊണ്ടേയിരിക്കുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ സദ്ഫലങ്ങള്‍ മാനവകുലം തെറ്റായി വിനിയോഗിച്ചപ്പോള്‍, കുടുംബം എന്ന അതുല്യസാമൂഹികസംവിധാനത്തിന്‍റെ മഹനീയതയും വ്യക്തിയുടെ മഹത്വവും ദാമ്പത്യത്തിന്‍റെ പരിശുദ്ധിയും അര്‍ഥവും ചോദ്യംചെയ്യപ്പെട്ടു. ആധുനികതാവാദത്തിന്‍റെ ആകര്‍ഷണീയതയില്‍ കുടുങ്ങി, പല ക്രിസ്തീയസഭാവിഭാഗങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ഗര്‍ഭനിരോധനം, വന്ധ്യംകരണം, ഗര്‍ഭഛിദ്രം എന്നിവയെ ന്യായീകരിച്ചു. കുറഞ്ഞപക്ഷം ഇവ തെറ്റെന്ന് പറയാന്‍ മടിച്ചു. സാമൂഹികസാമ്പത്തിക വികസനത്തിന്‍റെ മറവില്‍ മനുഷ്യമഹനീയതയുടെ അടിവേരറുക്കപ്പെട്ടപ്പോള്‍ തിരുസഭ 1931ല്‍ 'കാസ്തി കൊണ്‍നൂബി' എന്ന ചാക്രികലേഖനത്തിലൂടെ (പീയൂസ് പതിനൊന്നാമന്‍ പാപ്പാ) അതിശക്തമായി ആ ദുരവസ്ഥക്കെതിരെ പ്രതികരിച്ചത് സഭയുടെ ധാര്‍മിക മേഖലയിലുള്ള വെളിവാക്കുകയാണ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ സഭ അടിയന്തിരമായി പ്രതികരിക്കേണ്ട കാലികപ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
ഒന്നാമതായി, ദൈവികപദ്ധതിയായ 'കുടുംബം' എന്ന അടിസ്ഥാന സാമൂഹികഘടകത്തിന്‍റെ കടവേരറുക്കാന്‍ പാകത്തിന് വന്നുകൂടിയ മാരകപാപമായ 'സ്വവര്‍ഗരതി' യും ചില രാജ്യങ്ങളിലെങ്കിലും അതിനു സിദ്ധിച്ച നൈയാമിക സാധുതയും. ഒരു 'കത്തോലിക്കാരാജ്യ'മെന്ന് പുകള്‍പെറ്റ അയര്‍ലണ്ട് തന്നെ ആദ്യം ഇടറിവീണപ്പോള്‍, പന്ത്രണ്ടുപേരിലൊരുവന്‍ ഒരു രാത്രിയില്‍, ആ രാവിന്‍റെ കാളിമമുഴുവന്‍ നെഞ്ചകത്തുപേറി ജീവന്‍റെ നാഥന് മരണമൊരുക്കാന്‍ പുറത്തേക്കിറങ്ങിപ്പോയത് ഓര്‍മ വരുന്നില്ലേ? കിടപ്പറ കാമസമ്പൂര്‍ത്തിയുടെ മത്സരക്കളരിയല്ലെന്നും ജീവന്‍റെ വിശുദ്ധാഗാരമാണെന്നും സ്വവര്‍ഗരതിക്കാര്‍ മറന്നുപോകുന്നു. മനുഷ്യസ്വാതന്ത്ര്യത്തിനു കപടവും വികലവുമായ വ്യാഖ്യാനം നല്കിയും മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ ആത്യന്തികലക്ഷ്യം ദൈവേഷ്ടത്തിന്‍റെ പൂര്‍ണമായ അനുസരണമാണെന്നും അവര്‍ ഓര്‍മിക്കുന്നേയില്ല. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്കിക്കൊണ്ട്, ദൈവികനിയമങ്ങളില്‍ സദാപി ഊന്നി നില്‍ക്കേണ്ട മാനുഷികനിയമങ്ങള്‍ക്ക് അവര്‍ അപഭൃംശം വരുത്തുന്നു. ദൈവസന്നിധിയില്‍ പ്രതികാരം ആവശ്യപ്പെടുന്ന പാപങ്ങളെ സാമ്പ്രദായീകരിക്കുന്നതു വഴിയായി, ചരിത്രത്തിലുറങ്ങിക്കിടക്കുന്ന സോദോം, ഗൊമേറാ സംഭവങ്ങളെ, വീണ്ടും ആവര്‍ത്തിക്കാനായി ഉയര്‍ത്തുന്നു.
രണ്ടാമതായി മനുഷ്യജീവനെ വിലയിടിച്ചുകാണിക്കുന്ന അതിനീചപ്രവൃത്തികള്‍ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ഥത്തില്‍ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഢാലോചനയാണ്. ആ ഗൂഢാലോചനയില്‍ അന്താരാഷ്ട്രസ്ഥാപനങ്ങള്‍പോലും ഉള്‍പ്പെട്ടിരിക്കുന്നു. ഗര്‍ഭനിരോധനം, വന്ധ്യംകരണം, ഗര്‍ഭഛിദ്രം എന്നിവയെയും കാരുണ്യവധത്തെപ്പോലും അംഗീകരിക്കുന്ന ഒരു സംസ്കാരത്തെ അവര്‍ പ്രശംസിക്കുന്നു (ജീവന്‍റെ സുവിശേഷം, നമ്പര്‍ 17, വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ). ഇക്കാര്യം ഇപ്പോള്‍ നമുക്ക് അനുഭവവേദ്യമായിക്കഴിഞ്ഞു. ഗര്‍ഭനിരോധനവും വന്ധ്യംകരണവും ഒരു സമ്പ്രദായമായി മാറിക്കഴിഞ്ഞു. ഭ്രൂണഹത്യ നിത്യസംഭവമായി. ഗര്‍ഭഛിദ്രത്തിലൂടെ പുറത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ അവയവവ്യാപാരം ചന്തയില്‍ പൊടിപൊടിക്കുന്നു. മനുഷ്യക്കടത്ത് നവയുഗഅടിമകളെ ചന്തയില്‍ പ്രദര്‍ശിപ്പിക്കുന്നു. മത, വര്‍ഗീയ വൈരങ്ങള്‍ എന്നത്തെക്കാളും അസഹനീയമായിത്തീര്‍ന്നിരിക്കുന്.നു
സ്ഥിതിഗതികള്‍ ഇങ്ങനെയിരിക്കേ, ഈ ഇരുളില്‍ ഒരു മാര്‍ഗദീപമായി ലോകവും സന്മനസ്സുള്ള സകലരും സഭയുടെ പ്രബോധനാധികാരത്തില്‍നിന്ന് ക്രിയാത്മകമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഇപ്രകാരമുള്ള എല്ലാ അപഭ്രംശങ്ങള്‍ക്കുമെതിരെ തന്‍റെ പ്രബോധനാധികാരം സഭ നിര്‍വിശിങ്കം പ്രയോഗിച്ചിട്ടുമുണ്ട്.
പക്ഷേ, മറ്റൊന്നല്ലേ സംഭവിച്ചത്? "എന്നെ, ഈ സമയം ബാധിക്കുന്ന കാര്യമല്ലല്ലോ ഇത് എന്ന് ഞാനും നിങ്ങളുമടക്കം ലോകജനസംഖ്യയിലെ ഏറിയപങ്കും കരുതിക്കൊണ്ടിരിക്കുന്ന 'പ്രകൃതിസംരക്ഷണം' എന്ന 'തണുപ്പന്‍' വിഷയത്തെക്കുറിച്ച് തന്‍റെ ഏറ്റവും പുതിയ സാമൂഹിക പ്രബോധനമായ Laudato Si (അങ്ങേക്കുസ്തുതി) എന്ന ചാക്രികലേഖനത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ എന്തുകൊണ്ട് സംസാരിക്കുന്നു? മുന്‍ഗണന നല്കേണ്ട വിഷയം യഥാര്‍ഥത്തില്‍ ഇതുതന്നെയോ? നാം സംശയിക്കുന്നു.
സഭയുടെ പ്രവാചകദൗത്യത്തിന്‍റെ ഉത്തമവും യുക്തവും ശക്തിമത്തുമായ പ്രകാശനമാണത്. എല്ലാ അടിയന്തരപ്രശ്നങ്ങളുടെയും ധര്‍മച്യുതിയുടെയും അടിവേരൂന്നിയിരിക്കുന്നത് 'ദൈവം - പ്രകൃതി -മനുഷ്യബന്ധത്തില്‍ സംഭവിച്ച വിനാശകരമായ താളപ്പിഴകൊണ്ടാണെന്ന ആഴമേറിയ ഉള്‍ക്കാഴ്ചയാണ് നമ്മുടെ പ്രധാനാചാര്യനെ ഇത്തരമൊരു മഹദ്ഗ്രന്ഥമെഴുതാന്‍ പ്രേരിപ്പിച്ചത്.
ഈ സഭാപ്രബോധനത്തിന്‍റെ പ്രസക്തി തേടി അകലെയെങ്ങും പോകണ്ട. മലയാളത്തിന്‍റെ സ്വന്തം കവയത്രിയും മതനിരപേക്ഷസാഹിത്യത്തിന്‍റെ ആളടയാളവുമായ ശ്രീമതി സുഗതകുമാരി 2015 ജൂലൈ 30ലെ മാതൃഭൂമി പത്രത്തില്‍ ഇപ്രകാരം എഴുതി- "ലോകത്തിലെങ്ങുമുള്ള കോടിക്കണക്കിന് കത്തോലിക്കാസഭാവിശ്വാസികളുടെ പരമാചാര്യനായ സംപൂജ്യഫ്രാന്‍സിസ് പാപ്പാ ഇതാ ഞങ്ങളുടെ ഭാഷയില്‍ വിളിച്ചറിയിക്കുന്നു."
ശ്രദ്ധിക്കണേ, 'ഞങ്ങളുടെ ഭാഷയില്‍' എന്നാണു പ്രയോഗം. മാര്‍പാപ്പാ മലയാളത്തിലല്ല എഴുതിയത് എന്നത് ആ മഹതിക്ക് തീര്‍ച്ചയായും അറിയാം. പിന്നെന്തുകൊണ്ട് അത്തരമൊരു പ്രയോഗം? പണ്ടൊരു പെന്തക്കുസ്താദിവസം, പതിനാറിലധികം ജാതിയില്‍പ്പെട്ട മൂവായിരത്തിലധികം പേര്‍ ഓരോരുത്തരും 'താന്താങ്ങളുടെ മാതൃഭാഷയില്‍' രക്ഷയുടെ സന്ദേശം ശ്രവിച്ചത് ഓര്‍മവരുന്നുണ്ടല്ലോ? ഹൃദയമുള്ള ഏവര്‍ക്കും മനസ്സിലാകുന്നവിധത്തില്‍ ഹൃദയത്തിന്‍റെ ഭാഷയിലാണതു വിരചിതമായിരിക്കുന്നത്.
എന്താണു വിളിച്ചറിയിക്കുന്നത്? ഫ്രാന്‍സിസ് പാപ്പായെ ഉദ്ധരിച്ച് ശ്രീമതി സുഗതകുമാരി തുടരുന്നു; "ഭൂമിയുടെ നിലവിളി കേള്‍ക്കൂ, ദാരിദ്ര്യത്തിന്‍റെ മുറവിളി ശ്രദ്ധിക്കൂ... സമയം വൈകിപ്പോയിരിക്കുന്നു. ഈ ഭൂഗോളം ഒരു വലിയ മാലിന്യകൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. സര്‍വജീവജാലങ്ങളുടെയും നാശത്തിലേക്കാണതു നീങ്ങുന്നത്. വികസനമെന്നാല്‍ കമ്പോളത്തിന്‍റെ വളര്‍ച്ചയല്ല, പണത്തിന്‍റെ കുന്നുകൂടലല്ല. സുഖഭോഗങ്ങളുടെ പിടിച്ചാല്‍ കിട്ടാത്ത വര്‍ധനയുമല്ല."
ആകെ 12 ഖണ്ഡികകള്‍ മാത്രമേ ആ ലേഖനത്തിലുള്ളൂ. അതില്‍ ഭൂരിഭാഗവും ചാക്രികലേഖനം ഉദ്ധരിച്ചതാണ്. അതെന്തേ അങ്ങനെ? സര്‍ഗപ്രതിഭയുടെ അഭാവമല്ല അതിനുകാരണം. പ്രത്യുത, ഒട്ടും പാഴില്ലാത്ത ആ പ്രവാചകവചനങ്ങള്‍ക്ക് ഒരു മുഖവുരയോ വിശദീകരണമോ ആവശ്യമില്ല എന്നതുതന്നെ. 'അങ്ങേക്കു സ്തുതി' എന്ന ഈ ചാക്രികലേഖനത്തെ സംഗ്രഹിക്കാനോ പുനരാഖ്യാനം നടത്താനോ എളുപ്പത്തില്‍ സാധ്യമല്ല. അത്തരമൊരു ചുരുക്കെഴുത്തിനു വഴങ്ങാത്ത വിധം അനാവശ്യ വിവരണങ്ങളോ അതിഭാഷണമോ ഇല്ലാത്ത, ഉറപ്പേറിയ കാമ്പുമാത്രം ഉള്‍ക്കൊള്ളുന്ന കൃതിയാണത്.
ആറ് അധ്യായങ്ങളിലായി ഇരുനൂറ്റിനാല്പത്തിയാറു ഖണ്ഡികകളില്‍ മാര്‍പാപ്പാ സംസാരിക്കുന്നു. "നമ്മുടെ പൊതുഭവനത്തിന് എന്തു സംഭവിക്കുന്നു' എന്ന പേരിലുള്ള ഒന്നാം അധ്യായത്തില്‍ മലിനീകരണം, കാലാവസ്ഥാവ്യതിയാനം, കുടിവെള്ള പ്രശ്നം, അന്യംനിന്നുപോകുന്ന ജീവജാലങ്ങള്‍, വ്യക്തിപരവും സാമൂഹികവുമായി മനുഷ്യജീവിതം നേരിടുന്ന നിലവാരമില്ലായ്മ ഇവയ്ക്കൊക്കെ എതിരെയുള്ള പ്രതികരണങ്ങളുടെ അഭാവവും ഹ്രസ്വതയും അപര്യാപ്തതയും മാര്‍പാപ്പായുടെ ചില പ്രതിപാദന വിഷയങ്ങളാണ്. ബഹുരാഷ്ട്രകമ്പനിയുടെ ലാഭമെടുക്കലിലൂടെ പ്രകൃതിക്കുവരുന്ന ദോഷകരമായ മാറ്റങ്ങള്‍, പ്രകൃതിസംരക്ഷണത്തിന് ഊന്നല്‍ നല്കുന്ന ഇച്ഛാശക്തിയുള്ള ഭരണാധികാരികളുടെ ആവശ്യം... ഇങ്ങനെ എണ്ണിയാല്‍ തീരാത്ത അനേകം പ്രശ്നങ്ങളെ മാര്‍പാപ്പാ ഇവിടെ സ്പര്‍ശിക്കുന്നു.
പരിസ്ഥിതി, ആവാസവ്യവസ്ഥ മുതലായ തീര്‍ത്തും മനുഷ്യനെ മാത്രം ബാധിക്കുന്ന കാര്യങ്ങളില്‍ ദൈവശാസ്ത്രത്തിന് എന്തു പ്രസക്തി? ഈ വകകാര്യങ്ങള്‍ മതനിരപേക്ഷമായ ഒരു പരിപ്രേക്ഷ്യത്തില്‍ നിന്ന് വിശദീകരിക്കുകയല്ലേ കൂടുതല്‍ ഉചിതം? പ്രത്യേകിച്ച് ഇതൊരു 'കത്തോലിക്കാകാര്യ'മല്ലെന്ന് ആര്‍ക്കുമേ അറിയുന്നതിനാല്‍?
ഈ സംശയത്തിന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം മാര്‍പാപ്പാ മറുപടി നല്കുന്നു, രണ്ടാമധ്യായത്തിലെ 39 ഖണ്ഡികകളിലൂടെ. വിശ്വാസിയുടെ ബോധ്യത്തില്‍ നിന്നുരുത്തിരിയുന്ന ബാധ്യതയാണിതെന്നും സഭയുടെ സാമൂഹികപ്രതിബദ്ധതയും വിശ്വാസജന്യമായ ബോധ്യവും ഉരുക്കിച്ചേര്‍ത്ത് മനുഷ്യകുലത്തിനുവേണ്ടി നവമായ ഒരു ചുവട് വെക്കുന്നതിനുള്ള വിശ്വാസിയുടെ ബാദ്ധ്യതയെ മാര്‍പാപ്പാ അയത്നലളിതമായി വിശദീകരിക്കുന്നു. വ്യക്തിയുടെ മഹത്വം, ദൈവം-പ്രകൃതി-മനുഷ്യന്‍ തമ്മിലുള്ള ബന്ധത്തിന്‍റെ മഹത്വം, ഇന്നലെകളില്‍നിന്ന് മനുഷ്യന് ഇന്ന് കിട്ടിയതും നാളെയുടെ തലമുറക്ക് ഏല്പിച്ചുകൊടുക്കേണ്ടതുമായ ഭൂമി എന്ന മനുഷ്യന്‍റെ വീട്, സൃഷ്ടിയുടെ മഹനീയയും സൃഷ്ടജാലങ്ങളുടെ മഹത്വവും എന്നിങ്ങനെയുള്ള നിരവധി നിരവധി കാര്യങ്ങള്‍ യുക്തിപൂര്‍വ്വം മാര്‍പാപ്പാ നിരത്തിവെക്കുന്നു. പ്രകൃതിയുമായുള്ള മനുഷ്യന്‍റെ സ്വരൈക്യം ആദിമനിഷ്കളങ്കതയിലേക്കുള്ള അവന്‍റെ മടങ്ങിപ്പോക്കാണെന്ന് മാര്‍പാപ്പാ സമര്‍ഥിക്കുന്നു.
തന്‍റെ പാപ്പാനാമത്തിനു കാരണഭൂതനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ അടിസ്ഥാനപ്പെടുത്തി, സ്രഷ്ടാവിന്‍റെ മഹിമ, സൃഷ്ടിയുടെ മഹത്വം എന്നിവയെക്കുറിച്ചാണ് മാര്‍പാപ്പാ പിന്നീട് പ്രതിപാദിക്കുന്നത്. സൃഷ്ടലോകത്തോടൊത്ത് ദൈവത്തെ സ്തുതിക്കുവാനുള്ള വി. ഫ്രാന്‍സിസിന്‍റെ ക്ഷണം പാപ്പാ ആവര്‍ത്തിക്കുന്നു. ഏക സ്രഷ്ടാവിന്‍റെ വിവിധസൃഷ്ടികള്‍ എന്ന നിലയില്‍ സൃഷ്ടികള്‍ തമ്മിലുള്ള ആന്തരികബന്ധത്തെ പാപ്പാ എടുത്തുകാണിക്കുന്നു. സര്‍വാശ്ലേഷിയായ ഉത്ഥിതന്‍റെ മഹിമയെ പ്രകീര്‍ത്തിച്ചുകൊണ്ട്, ആത്മീയതയുടെ മാസ്മരികഭാവം പേറുന്ന രണ്ടാം അധ്യായം അവസാനിക്കുന്നു.
മൂന്നാമധ്യായം തീപാറുന്ന 36 ഖണ്ഡികകള്‍കൊണ്ടാണ് വിരചിതമായിരിക്കുന്നത്. രണ്ടാമധ്യായത്തില്‍ക്കണ്ട, പതിഞ്ഞ, മധുരമായ ശബ്ദത്തില്‍ ദൈവ-മനുഷ്യ-പ്രകൃതി ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന സ്നേഹാര്‍ദ്രതയുടെ ആളടയാളത്തെ നാമിപ്പോള്‍ കാണുന്നതേയില്ല. ഇവിടെ കേള്‍ക്കുന്ന ശബ്ദം 'മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ അതേ ഉറപ്പും കെല്പും പ്രവാചകത്വവുമുള്ള ശബ്ദമാണ്. വിട്ടുവീഴ്ചയില്ലാത്ത ഈ ഭാവമാറ്റം അനുവാചകനെ ഒരിത്തിരി അമ്പരപ്പിക്കുകപോലും ചെയ്യും.
മനുഷ്യന് കീഴ്പ്പെട്ടിരിക്കേണ്ട സാങ്കേതികവിദ്യ എന്ന പുത്തന്‍ യജമാനന് മനുഷ്യന്‍ സ്വയം അടിമപ്പെടുത്തുന്നതിനെയോര്‍ത്ത് മാര്‍പാപ്പാ ഏറെ ഉത്കണ്ഠപ്പെടുന്നു. പ്രകൃതി ഒരു അക്ഷയപാത്രമല്ലെന്നും അപ്രകാരം നാം കരുതുന്ന പക്ഷം, പ്രതിസന്ധിയെ നാം ക്ഷണിച്ചുവരുത്തുകയാവും ചെയ്യുന്നത് എന്നും ഒരു സത്യാന്വേഷിയുടെ സ്വരദാര്‍ഢ്യത്തോടെ അദ്ദേഹം മൊഴിയുന്നു. മനുഷ്യന്‍റെ മഹത്വവും പ്രകൃതിയിലെ അവന്‍റെ കാര്യസ്ഥസ്ഥാനവും തൊഴിലിന്‍റെ ആത്മീയമാനവും അദ്ദേഹം പരാമര്‍ശിക്കുന്നു. ആധുനിക മനുഷ്യന്‍റെ സര്‍വോത്കണ്ഠകളേയും മാര്‍പാപ്പാ പുല്‍കുന്നു. പ്രശ്നങ്ങളെ യഥാതഥമായും വിമര്‍ശനാത്മകമായും സമീപിക്കുന്ന ഈ സ്വരത്തിന് 'നിന്‍റെ വാക്ക് അതേ, അതേ എന്നും അല്ല, അല്ല എന്നും ആയിരിക്കട്ടെ' എന്നുപറഞ്ഞ നസറേത്തിലെ കൊച്ചാശാരിയുടെ സ്വരവുമായി നല്ല സാദൃശ്യം!
നാലാമധ്യായം പരിസ്ഥിതിവിജ്ഞാനീയത്തെ സംബന്ധിക്കുന്ന ഒരു ഉണര്‍ത്തുപാട്ടാണ്. എന്താണ് വികസനമെന്നും എന്തല്ല വികസനമെന്നും ലോകത്തിന്‍റെ മൂക്കിന്മേല്‍ വിരലൂന്നി കര്‍ക്കശക്കാരനായ അധ്യാപകനെപ്പോലെ മാര്‍പാപ്പാ പഠിപ്പിക്കുന്നു. "പരസ്പരം മത്സരിക്കുകയും കലഹിക്കുകയും ചെയ്യുന്ന മാനവകുലത്തോട് ഐക്യദാര്‍ഢ്യത്തിന്‍റെയും സാമൂഹികസൗഹാര്‍ദത്തിന്‍റെയും ഓരോ ലംഘനവും പരിസ്ഥിതിയുടെ നാശത്തിലേ അവസാനിക്കൂ" എന്നദ്ദേഹം താക്കീതു നല്കുന്നു. പ്രാന്തവത്കരിക്കപ്പെട്ടവരോടുള്ള പക്ഷംചേരലും ദുര്‍ബലവിഭാഗത്തോടുള്ള കൂട്ടായ്മയും ഭവനരഹിതരോടുള്ള അഗാധമായ കാരുണ്യവും ഒരു ജലധാരപോലെ പ്രവഹിക്കുമ്പോള്‍ നാമറിയുന്നു, നഗരത്തിനു പുറത്തു ക്രൂശിക്കപ്പെട്ട ഒരുവന്‍റെ പിളര്‍ക്കപ്പെട്ട വിലാപ്പുറത്തു നിന്നാണ് അതിന്‍റെ ആദ്യത്തെ ഉറവക്കണ്ണ് പൊട്ടിയതെന്ന്!
പ്രശ്നം ചര്‍ച്ചചെയ്യലും വെറുതേ ഉത്കണ്ഠപ്പെടലുമല്ല നമ്മുടെ ലക്ഷ്യമെന്നും പ്രശ്നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിച്ച് പരിഹാരം തേടുകയും അത് നടപ്പില്‍വരുത്തുകയുമാണ് നമ്മുടെ ലക്ഷ്യമെന്നും അഞ്ചാമധ്യായം വെളിവാക്കുന്നു. ഇരുത്തം വന്ന ഒരു രാജ്യതന്ത്രജ്ഞന്‍റെയും പ്രഗല്ഭനായ ഒരു ശാസ്ത്രകാരന്‍റെയും ആര്‍ദ്രഹൃദയനായ ഒരു ദാര്‍ശനികന്‍റെയും ഒക്കെ ശബ്ദം ഈ മുപ്പത്തൊന്‍പതു ഖണ്ഡികകളില്‍ ഇടകലരുന്നു. യഥാര്‍ഥത്തില്‍ അവലംബിക്കേണ്ട പ്രതിവിധികളുടെ രൂപരേഖയും നിലവിലുള്ള പ്രതിവിധികളുടെ അപര്യാപ്തതയും വിവിധ രാജ്യങ്ങള്‍ നടപ്പിലാക്കിയ പ്രതിവിധികളുടെ ഭാഗികമോ പൂര്‍ണമോ ആയ ദയനീയ പരാജയവും ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം വിവരിക്കുന്നു. പരിസ്ഥിതി സംബന്ധമായ വെല്ലുവിളികള്‍ ഏറ്റെടുത്ത് പരിഹാരം നല്‍കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടാകണമെന്നും വിലകുറഞ്ഞ കച്ചവടതന്ത്രങ്ങളില്‍ കുരുങ്ങാതെ സത്യസന്ധവും വികസനോന്മുഖവുമായ നയപരിപാടികള്‍ എല്ലാ രാജ്യങ്ങളും ആത്മാര്‍ഥതയോടുകൂടെ നടപ്പിലാക്കണമെന്നും, മാര്‍പാപ്പാ നിര്‍ദേശിക്കുന്നു.
നാല്പത്തിനാലു ഖണ്ഡികകള്‍ ഉള്ള അവസാന അധ്യായവും രണ്ടാം അധ്യായവും തമ്മില്‍ അഗാധമായ ഒരു ബന്ധവും സ്വരച്ചേര്‍ച്ചയുമുണ്ട്. പ്രവാചകസഹജമായ ധീരതയെക്കാളുമോ അതിനൊപ്പമോ കരുണാമയനായ ഒരു പുരോഹിതന്‍റെ സ്നേഹമസൃണതയാണ് ആ ശബ്ദത്തില്‍ മുറ്റിനില്ക്കുന്നത്. മനുഷ്യമനസ്സിന്‍റെ നന്മയുടെ ഉറവക്കണ്ണുകള്‍ അടഞ്ഞിട്ടില്ല എന്ന തന്‍റെ ഉറപ്പേറിയ വിശ്വാസം അദ്ദേഹത്തെ പ്രത്യാശയുടെ ആള്‍രൂപമാക്കുന്നു. പ്രപഞ്ചം ഒരു നിത്യവിസ്മയമാണെന്നുള്ള തിരിച്ചറിവില്‍നിന്ന് ഉളവാകുന്ന അനുഭൂതിയിലേക്ക് അദ്ദേഹം മനുഷ്യനെ ആനയിക്കുന്നു. പോരാ, ദിവ്യകാരുണ്യത്തെയും പരിശുദ്ധത്രിത്വത്തിന്‍റെ ത്രിത്വാത്മകസ്നേഹത്തെയും അടിസ്ഥാനപ്പെടുത്തി അദ്ദേഹം സൃഷ്ടപ്രപഞ്ചത്തെ വിശദീകരിക്കുമ്പോള്‍ നാമറിയാതെ ഹൃദയം മുകുളീകൃതമാകുന്നു. തീര്‍ന്നില്ല - നമ്മെ കരുതുന്ന പരിശുദ്ധമറിയവും കരുതലിന്‍റെ മാതൃകയായ വി. യൗസേപ്പും പരാമര്‍ശിതമായശേഷം അദ്ദേഹം എക്കാലവും ജീവിക്കേണ്ട നിത്യതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാമറിയുന്നു - ലോകത്തിനുനല്‍കപ്പെട്ട കൂദാശയാണ് സഭയെന്ന്; അതിന്‍റെ പ്രധാനാചാര്യന്‍ ലോകത്തിന്‍റെ അനുഗ്രഹമാണെന്ന്; ഫ്രാന്‍സിസ് പാപ്പായുടെ കാലത്ത് ജീവിക്കാന്‍ നാം ഭാഗ്യം ചെയ്തവരാണെന്ന്.
അനുബന്ധം
വായന കഴിഞ്ഞ് പുസ്തകമടച്ച് ദൈവത്തിന്‍റെയും പ്രപഞ്ചത്തിന്‍റെയും സഹജീവിയുടെയും മുമ്പാകെ കൈകൂപ്പുമ്പോള്‍ ഒരു മനുഷ്യന്‍റെ മുഖം ഓര്‍മയില്‍ വന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ രാഷ്ട്രപതി മഹാനായ അബ്ദുള്‍ കലാം. ഷില്ലോംഗിലെ ഐ.ഐ.എമ്മില്‍ സംസാരിക്കുന്നതിനുമുമ്പ് പഞ്ചാബ് സംഭവുമായി ബന്ധപ്പെടുത്തി, സന്തതസഹചാരിയായിരുന്ന ശ്രീ സൃജന്‍പാല്‍ സിംഗിനോട് അദ്ദേഹം പറഞ്ഞു; 'മലിനീകരണം പോലെ, മനുഷ്യന്‍റെ ബലപ്രയോഗവും ഭൂമിയെ വാസയോഗ്യമല്ലാതാക്കിത്തീര്‍ക്കുമെന്ന് തോന്നുന്നു.' ഹിംസാത്മകതയും മലിനീകരണവും വീണ്ടുവിചാരമില്ലാത്ത മാനുഷിക കടന്നുകയറ്റങ്ങളും ഇമ്മട്ടില്‍ തുടരുകയാണെങ്കില്‍ നാം ഭൂമിയെ ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാകും.
"ഏകം സത് വിപ്രാ ബഹുധാ വദന്തി."