news-details
കഥപറയുന്ന അഭ്രപാളി

മരണം കാത്തുകിടക്കുന്നവന്‍റെ ബഹുലോകകാഴ്ചകള്‍

എല്ലാ കാലഘട്ടത്തിലും സിനിമയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍, നവസങ്കേതങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഫ്രഞ്ച് സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിനിമയുടെ അന്തകനായി ടെലിവിഷന്‍ കടന്നുവന്ന് പടര്‍ന്നുപന്തലിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സിനിമ അതിജീവനത്തിന്‍റെ പുതുപാതകള്‍ തേടിക്കൊണ്ടിരിക്കുന്നു. ജൂലിയന്‍ ഷ്നാബെല്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ  ദി ഡൈവിങ് ബെല്‍ ആന്‍ഡ് ദി ബട്ടര്‍ഫ്ളൈ എന്ന സിനിമ സര്‍വ്വമേഖലകളിലും അത്തരമൊരു പൊളിച്ചെഴുത്തിന്‍റെ വഴിവെട്ടല്‍ സാദ്ധ്യമാക്കുന്നുണ്ട്. യഥാര്‍ത്ഥ ജീവിതകഥയില്‍ നിന്നുരുവായ അതേ പേരില്‍ തന്നെയുള്ള നോവലിനെ ഉപജീവിച്ചാണ് സിനിമ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ സിനിമയുടെ കാഴ്ചാഭാഷയെ അതീവസൂക്ഷ്മമായി അടയാളപ്പെടുത്തുന്നിടത്ത് സംവിധായകന്‍ ഈ സിനിമയെ ഉന്നതമായ കലാസൃഷ്ടിയാക്കി പരുവപ്പെടുത്തുന്നു.

ഒറ്റവരിയില്‍ തീരുന്നതാണ് സിനിമയുടെ കഥാഗതി. വലിയൊരു ഫാഷന്‍ മാഗസിനിന്‍റെ എഡിറ്ററായിരുന്ന ബോബി ശരീരം പൂര്‍ണ്ണമായി തളര്‍ന്ന് മരണം കാത്ത് കിടക്കുന്നതും മരണമെത്തുന്നതുവരെ അയാള്‍ക്കുള്ളിലൂടെ കടന്നുപോകുന്ന ചിന്തകളുമാണ് സിനിമയുടെ ഇതിവൃത്തം. കണ്‍പോളകള്‍ മാത്രം അനക്കാന്‍ സാധിക്കുന്ന അവസ്ഥയില്‍ അയാള്‍ തന്‍റെ ചിന്തകളെയെല്ലാം ചേര്‍ത്തുവച്ച് ഒരു പുസ്തകമെഴുതുന്നു. അതാണ് څദി ഡൈവിങ് ബെല്‍ ആന്‍ഡ് ദി ബട്ടര്‍ഫ്ളൈچ. അയാളിതെഴുതുന്നതെങ്ങനെ എന്നതാണ് കാതലായ ഭാഗം. അയാളുമായി കരാറിലുണ്ടായിരുന്ന പുസ്തകപ്രസാധക കമ്പനി അയച്ചുകൊടുത്ത യുവതിയുടെ സഹായത്തോടെയാണ് അയാള്‍ക്കത് സാദ്ധ്യമാകുന്നത്. അവള്‍ അയാളുടെ മുന്നിലിരുന്ന് ഇംഗ്ലീഷ് അക്ഷരമാല ഉരുവിടും. തനിക്കാവശ്യമുള്ള അക്ഷരം എത്തുമ്പോള്‍ അയാള്‍ ഒരുവട്ടം കണ്ണുചിമ്മും. വരി തീരുമ്പോള്‍ രണ്ടുവട്ടം കണ്ണുചിമ്മും. അങ്ങനെ തന്‍റെ മരണക്കിടക്കിടക്കയില്‍ കിടന്ന് അയാള്‍ നോവല്‍ പൂര്‍ത്തിയാക്കുന്നു. അയാളെഴുതുന്നതിന്‍റെ ദൃശ്യസമ്മേളനമാണ് സിനിമയില്‍ സംഭവിക്കുന്നതും. അതൊരു നേര്‍രേഖയിലുള്ള കഥയല്ല, മറിച്ച് ശിഥിലമായ ചിത്രങ്ങളുടെ ക്രമം തെറ്റലുകള്‍ക്കിടയില്‍ ഉറവയാകുന്ന സ്വാഭാവികമായ ഒഴുക്കാണ്.

സിനിമയില്‍ ഒരിടത്ത് അയാള്‍ പറയുന്നുണ്ട്. ചലനമറ്റ ഈ കിടപ്പില്‍ കിടന്നുകൊണ്ട് തനിക്ക് എന്തും ഏതും ഭാവന ചെയ്യാമെന്ന്. മഞ്ഞുനിറഞ്ഞ മലനിരകളില്‍ സ്കീയിങ് നടത്താന്‍ പോകാം, ഇഷ്ടം തോന്നിയ സ്ത്രീയോടൊത്ത് കടല്‍ത്തീരത്ത് ഉല്ലസിക്കാം, ചരിത്രത്തില്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാം, അങ്ങനെ എന്തുതന്നെ വേണമെങ്കിലും സാധിച്ചെടുക്കാം. സത്യത്തില്‍ അതുതന്നെയാണ് സിനിമയിലും സംഭവിക്കുന്നത്. വ്യവസ്ഥകളില്ലാതെ മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും എല്ലാ സാധ്യതകളിലേക്കും കയറിയിറങ്ങുന്ന അയാളുടെ ഭൂതകാലവും വര്‍ത്തമാനവും ഓര്‍മ്മകളും ഭാവനകളും ഭീതികളും അനുഭൂതികളും ഇടകലര്‍ന്നുകിടക്കുന്ന സങ്കീര്‍ണ്ണ ദൃശ്യശ്രാവ്യസമ്മേളനമാണ് സിനിമ. മരണക്കിടക്കയില്‍ ശരീരത്തിന്‍റെ ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കിടക്കുന്ന മനുഷ്യന്‍റെ മനസ്സ് വ്യഥിതമായി സഞ്ചരിക്കാനിടയുള്ള ആയിരം വഴികളിലേക്ക് ഈ ആഖ്യാനം നീണ്ടുചെല്ലുന്നു. ഈ നോണ്‍ലീനിയര്‍ നറേഷനിടയില്‍ത്തന്നെ നായകന്‍റെ ഭൂതകാലം സിനിമ അടയാളപ്പെടുത്തുന്നുണ്ട്. അയാളുടെ അച്ഛന്‍, വിവാഹമോചനം നേടിയ ഭാര്യ, അവരിലുണ്ടായ രണ്ട് മക്കള്‍, അയാളുടെ പുതിയ കാമുകി, ഫാഷന്‍ മാഗസിന്‍റെ തൊഴിലിടം എന്നിവയിലൂടെയെല്ലാം അയാളുടെ ജീവിതത്തിന്‍റെ സങ്കീര്‍ണ്ണമായ അവ്യക്തചരിത്രം അത്യന്തം ശിഥിലമായി പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. മനുഷ്യജീവിതം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് വെളിവാക്കി തരുമ്പോഴും അത് മരണത്തിലേക്ക് മാത്രം നീളുന്ന ഒരു യാത്രയാണെന്നും സിനിമ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ സിനിമയിലെ ആഖ്യാനം തന്നെ തീവ്രമായ അനുഭവതലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

The Diving Bell and The Butterfly  എന്ന ഈ സിനിമയുടെ വേറിട്ട ആഖ്യാനത്തെ ഇത്രമാത്രം അനുഭവവേദ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ക്യാമറയുടെ പ്രയോഗമാണ്. സങ്കേതബദ്ധമായ കലയെന്നനിലയില്‍ സിനിമയിലെ സാങ്കേതികസാധ്യതകള്‍ സംവിധായകര്‍ ഏതുവിധത്തില്‍ ഉപയോഗപ്പെടുത്തുന്നുവെന്നതും അതെങ്ങനെ കഥാസന്ദര്‍ഭത്തിന് യോജി ക്കുന്നുവെന്നതും അന്വേഷണവിധേയമാക്കേണ്ട വസ്തുതകളാണ്. ഇവിടെ സിനിമയിലുടനീളമുള്ളത് നായക കഥാപാത്രത്തിന്‍റെ കാഴ്ചയാണ്. സാങ്കേതികമായി പറഞ്ഞാല്‍ അയാളുടെ പോയന്‍റ് ഓഫ് വ്യൂ. സിനിമയുടെ പകുതിയോളം കാഴ്ചകളെല്ലാം അയാളുടെ കണ്ണിലൂടെ തന്നെയാണ് കാട്ടിത്തരുന്നത്. സിനിമ ആരംഭിക്കുന്നതുതന്നെ അയാള്‍ കിണഞ്ഞ് കണ്‍പോളകള്‍ തുറക്കാന് ശ്രമിക്കുന്നിടത്താണ്. അവിടെ ക്യാമറ കണ്‍പോളകള്‍ക്കുള്ളിലാണെന്ന പ്രതീതി ഉളവാക്കുന്നു. ഒരു വശത്തേയ്ക്കുമാത്രം ചെരിച്ചുവച്ച തലയുടെ പരിമിതമായ കാഴ്ചാകോണില്‍ നിന്നുകൊണ്ട് കണ്‍ചലനങ്ങളാല്‍ മാത്രം അയാള്‍ കാണുന്നവയെ ക്യാമറയിലൂടെ അവതരിപ്പിക്കുകയാണ്. കാഴ്ച മങ്ങിയ ഒരു കണ്ണ് അടച്ചുവയ്ക്കാനായി ഡോക്ടര്‍ പോളകള്‍ തുന്നിച്ചേര്‍ക്കുന്നതും കണ്ണിനുള്ളില്‍ നിന്നെന്നപോലെയാണ് കാട്ടിത്തരുന്നത്. അങ്ങനെ കിടക്കയിലായിരിക്കുന്നവന്‍റെ ശാരീരികമായ പരിമിതിയും മാനസിക അസ്വസ്ഥതകളും ഒരുപോലെ നമ്മിലേക്കെത്തുന്നു. ഫുട്ബോള്‍ കളി കാണുന്നതിനിടയില്‍ ടി.വി.ക്കു മുന്നില്‍ വരുന്നയാളെ പറഞ്ഞുമാറ്റാനോ അയാള്‍ ടി.വി ഓഫാക്കുമ്പോള്‍ തടുക്കാനോ കഴിയാതെ നിസ്സഹായനാവുന്ന നായകന്‍റെ യാതന നമുക്ക് നേരിട്ടറിയാനാവുന്നത് ക്യാമറയുടെ സൂക്ഷ്മപ്രവര്‍ത്തികളിലൂടെയാണ്. മറ്റിടങ്ങളില്‍ ശിഥിലമായ ഓര്‍മ്മകളും ഭൂതകാലദൃശ്യങ്ങളും കാണിക്കുന്നിടത്ത് ക്യാമറ വേറിട്ട വേഗവും ചടുലതയും ഉപയോഗപ്പെടുത്തി പോയിന്‍റ് ഓഫ് വ്യൂകളിലുണ്ടാകുന്ന മാറ്റത്തെയും അടയാളപ്പെടുത്തുന്നു. അങ്ങനെ മുന്‍പറഞ്ഞ ആഖ്യാനസവിശേഷതയെ ക്യാമറയുടെ സങ്കേതത്തിലൂടെ സംവിധായകന്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.

ഈ പറഞ്ഞുവയ്ക്കപ്പെട്ട സാങ്കേതിക വിതാനങ്ങളിലൂടെ സന്നിഹിതമാകുന്ന ആശയ പരിസരത്തിലൂടെ കഥാപാത്രസൃഷ്ടിയുടെ ജൈവികതയിലേക്ക് ഒരാള്‍ ഇറങ്ങിച്ചെല്ലുന്നു. മരണമാണ് സിനിമയെ ചൂഴ്ന്നുനില്‍ക്കുന്ന യാഥാര്‍ത്ഥ്യം (മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലും അങ്ങനെതന്നെയാണ്). മരണം തൊട്ടുമുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ചലനശേഷിയില്ലാതെ നരകിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് അയാള്‍ ആഗ്രഹിച്ചുപോകുന്നു. പക്ഷേ പിന്നീട് തന്‍റെ ഉള്ളിലുണര്‍ന്ന ചിന്തകളെയെല്ലാം ചേര്‍ത്തുവച്ചെഴുതാനൊരുങ്ങുന്ന പുസ്തകത്തിലൂടെ അയാള്‍ മരണത്തെത്തന്നെ ജയിക്കുകയാണ്. എന്നാല്‍ ഇത് മതാത്മകമായ ഒരാത്മീയ ദര്‍ശനമായിട്ടല്ല സിനിമ അവതരിപ്പിക്കുന്നത്, മറിച്ച് ജീവിതത്തിലെ ഓരോ നിമിഷവും അനുഭൂതികളാല്‍ സമ്പന്നമാക്കുന്ന തുടിപ്പാണത്. വിഗ്രഹങ്ങളുടെ കാപട്യത്തെ തന്‍റെ ഓര്‍മ്മകളിലൂടെ അയാള്‍ വെറുപ്പോടെ ഓര്‍ക്കുന്നതും സിനിമയില്‍ കാണാനാവും. അങ്ങനെ അസ്തിത്വവ്യഥയെന്ന മനുഷ്യചരിത്രത്തിലെ ഏറ്റവും പഴയ അന്വേഷണത്തിന്‍റെ പുതിയ അദ്ധ്യായമായി സിനിമ മാറുന്നു. കലയെത്തന്നെ സിനിമ അതിജീവനമാര്‍ഗ്ഗമായി അവതരിപ്പിക്കുന്നു. ശരീരം നിശ്ചലമാകുന്ന വേളയിലും മനസ്സിലെ ഭാവനാപ്രപഞ്ചം ഒരാളെ പോരാട്ടത്തിന് തയ്യാറാക്കുന്നു. ഒടുവില്‍ മരണം അയാളെ കീഴടക്കുമ്പോള്‍ അയാള്‍ മരണത്തെ ജയിച്ചുകഴിഞ്ഞിരുന്നു.

സിനിമയ്ക്കിടയില്‍ തകര്‍ന്നുവീഴ്ചയുടെ ദൃശ്യങ്ങള്‍ പലവട്ടം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ജീവിതത്തിന്‍റെ കുത്തനെയുള്ള കയറ്റത്തില്‍നിന്ന് അയാള്‍ താഴെ അഗാധതയിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. പക്ഷേ സിനിമയുടെ എന്‍ഡ് ക്രൈഡിറ്റ്സ് എഴുതിക്കാണിക്കുമ്പോള്‍ തകര്‍ന്നുവീണവയെല്ലാം കൂടിച്ചേരുന്നതിന്‍റെ തിരികെയൊന്നാവുന്നതിന്‍റെ ദൃശ്യങ്ങള്‍ പിന്നണിയിലോടുന്നു. ഒരു വലിയ യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുമ്പോഴും ജീവിതമെന്ന അനുഭൂതിയുടെ ആഴങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാന്‍ സിനിമയ്ക്കാവുന്നു.

Bauby എന്ന കേന്ദ്രകഥാപാത്രത്തോട് ബന്ധപ്പെട്ട ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന സിനിമ ആ ബന്ധങ്ങളിലെ വൈകാരിക വ്യാപ്തികളെ അളക്കാന്‍ ശ്രമിക്കുന്നുണ്ട്. അയാളുടെ മുന്‍ഭാര്യയെയും മക്കളെയുമാണ് നാം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഒന്നോ രണ്ടോ ഷോട്ടുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കാമുകി ആരെയും ഞെട്ടിക്കുന്ന കഥാപാത്രത്തെയാണ്. തന്‍റെ കാമുകന്‍ ഒരു വിറകുകൊള്ളിപോലെ കിടക്കുന്നതുകാണാന്‍ ശേഷിയില്ലാതെ അവര്‍ ഒഴിഞ്ഞുമാറി നടക്കുന്നു. ഇടയ്ക്ക് ഫോണ്‍ വിളിക്കുമ്പോള്‍ അയാള്‍ തന്‍റെ സാമീപ്യം എപ്പോഴും കൊതിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്ന കാമുകി ഫോണ്‍ കട്ട് ചെയ്യുന്ന ഒറ്റ ഷോട്ടില്‍ ആ ബന്ധത്തെ സൂക്ഷ്മായി അടയാളപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് അവള്‍ അയാളെ കാണാന്‍ വന്നില്ല എന്നതിന് സിനിമ മുഴുവന്‍ ഉത്തരമാണ്. അഴിച്ചെടുക്കാനാവാത്ത വിധമാണ് മനുഷ്യബന്ധങ്ങള്‍ സങ്കീര്‍ണ്ണമായി ഇണചേര്‍ക്കപ്പെട്ടിരിക്കുന്നത്. അതുപോലെതന്നെയാണ് ബോബിയും അച്ഛനും തമ്മിലുള്ള ബന്ധം. അയാളുടെ ഓര്‍മ്മകളിലൂടെ അവസാനം അച്ഛനെ സന്ദര്‍ശിച്ചത് നാം കാണുന്നുണ്ട്. ശേഷം അച്ഛന്‍ ആശുപത്രിയിലേക്ക് വിളിക്കുന്നതും, നഴ്സിന്‍റെ സഹായത്തോടെ കഷ്ടപ്പെട്ട് സംഭാഷണം നടത്തുന്നതും, ഫോണ്‍ വച്ചശേഷം അച്ഛന്‍ പൊട്ടിക്കരയുന്നതും, അത് അറിഞ്ഞിട്ടെന്നപോലെ ബോബിയുടെ കണ്ണില്‍ നിന്നും കണ്ണുനീരൊഴുകുന്നതും വളരെ കുറഞ്ഞ ഷോട്ടുകളില്‍ അതിതീവ്രമായി അവതരിപ്പിക്കപ്പെടുന്നു. സിനിമയില്‍ ഈ ബന്ധങ്ങളെ അതിവൈകാരികമാവാതെ സൂക്ഷിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പല ബന്ധങ്ങളിലുമുള്ള പൊള്ളത്തരങ്ങളും, അര്‍ത്ഥമില്ലായ്മയും പുറത്തുകൊണ്ടുവരാന്‍ സിനിമയ്ക്കാവുന്നുണ്ട്. മലയാളിയുടെ കണ്ണീര്‍ സീരിയല്‍ പാരമ്പര്യത്തിനു പുറത്ത് ജീവിതത്തിന്‍റെ സമഗ്രമായ വൈകാരികപ്രപഞ്ചത്തെ സിനിമ അഭിമുഖീകരിക്കുന്നു. ജീവിതത്തെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ പലതും ബോബിയിലൂടെ ചോദിക്കുമ്പോള്‍ അര്‍ത്ഥ വത്തായ ഒരു ചിരി പലപ്പോഴും നമ്മുടെ ചുണ്ടില്‍ ബാക്കിയാവുന്നതും അതിനാല്‍ത്തന്നെയാവണം.

ഇത്തരത്തില്‍ രോഗഗ്രസ്തമായ ശരീരത്തെ അവതരിപ്പിച്ച പല സിനിമകളുമുണ്ട്. അവയില്‍ പലതും നിശ്ചലതയെത്തന്നെ വിഷയീകരിച്ചിട്ടുമുണ്ട്. പക്ഷേ അവയില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന അനുഭൂതിയുടെ തലം ഈ സിനിമയ്ക്ക് പ്രദാനം ചെയ്യാനാവുന്നത് മേല്‍പ്പറഞ്ഞവയുടെയെല്ലാം സങ്കലനത്താലാണ്. റെനെയുടെ ഹിരോഷിമാ മോണ്‍ അമോറിലും മറ്റുമാരംഭിച്ച നോണ്‍ലീനിയര്‍ സങ്കേതം ഈ സിനിമയുടെ സങ്കീര്‍ണ്ണമായ ഭാവതലവുമായി ചേര്‍ന്നു നില്ക്കുന്നു. ഭാഷയെ, ആശയവിനിമയ മാധ്യമത്തെ, എഴുത്തിനെ, കലയെയൊക്കെ സിനിമ പ്രമേയത്തില്‍ ആവാഹിച്ചെടുത്തിരിക്കുന്നു. കാഴ്ചയുടെ ബഹുലോകങ്ങള്‍ നമുക്കു മുന്നില്‍ തുറന്നുവയ്ക്കുന്ന ദി ഡൈവിങ് ബെല്‍ ആന്‍ഡ് ദി ബട്ടര്‍ഫ്ളൈ മരണം കാത്തുകിടക്കുന്നവന്‍റെ മാത്രമല്ല ജീവിക്കുന്നവരുടെയും ബഹുലോകകാഴ്ചായാനങ്ങളാകുന്നു.

You can share this post!

പുനര്‍വായിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും...

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts