news-details
കവർ സ്റ്റോറി

ഫ്രാന്‍സിസ് വീണ്ടും വന്നാല്‍

1. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം

ദൈവമാകാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് സന്തോഷം തോന്നി. ആദ്യമായാണ് താന്‍ ദൈവമാകുന്നത്. തന്നില്‍ താനായിരിക്കുന്ന താന്‍ എന്നും ദൈവമായിരുന്നു. എന്നാല്‍ തന്നോടൊപ്പം ഇച്ഛയും ചിന്തയും കല്പനയും ഭാവനയും സൃഷ്ടിവൈഭവവും പങ്കുവയ്ക്കാന്‍ അനുവദിച്ച് താന്‍ സൃഷ്ടിച്ച മനുഷ്യകുലം, തന്‍റെ ഛായയിലും സാദൃശ്യത്തിലും താന്‍ രൂപം നല്കിയവര്‍ പക്ഷേ, തന്നെ ദൈവമായി കരുതി ആരാധിക്കുന്നുണ്ടായിരുന്നില്ല. ഒന്നും ഒറ്റയുമായി ഓരോരോ കാലങ്ങളില്‍ ചിലരൊക്കെ അങ്ങനെ ചെയ്തിരുന്നു. താന്‍ തെരഞ്ഞെടുത്ത തന്‍റെ ഇഷ്ടജനതയും ചില മുഹൂര്‍ത്തങ്ങളില്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ചെറുതെങ്കിലും ഒരു സമൂഹമൊന്നാകെ തങ്ങളുടെ ജീവിതം തനിക്കായി സമര്‍പ്പിച്ച് സത്യത്തിലും ആത്മാവിലും തന്നെ ആരാധിക്കുന്ന ഒരു ആരാധനാ സമൂഹമായി തീര്‍ന്നിരിക്കുന്നത് ഇപ്പോള്‍ മാത്രമാണ് എന്ന് ദൈവമായ കര്‍ത്താവ് സ്വയം നിരൂപിച്ചു.

2. ഭൂമിയില്‍ തന്‍കൃപ നിറഞ്ഞവര്‍ക്ക് സമാധാനം

കുറ്റിയറ്റുപോകാതെ തളിര്‍ത്തുവന്ന ജെസ്സെയുടെ വെട്ടപ്പെട്ട ചുവട്: ജീര്‍ണ്ണനത്തിന് സ്വയം വിട്ടുകൊടുക്കാത്ത യാഹ്വേയുടെ ദരിദ്രഗണം - അവശിഷ്ടവിഭാഗം - അവിടത്തെ ചെറിയ അജഗണം: ഭൂമിയുടെ ലവണാംശം: രണ്ടിടങ്ങഴി മാവില്‍ കുഴച്ചുചേര്‍ക്കപ്പെട്ട അല്പാംശമായ പുളിമാവ്: ഭൂമുഖത്തെ ആദ്യത്തെ സത്യാരാധനാസമൂഹം - അവര്‍ ഭൂമി മുഴുവന്‍റെയും സമാധാനമാവുകയാണ്.

3. വചനത്തിന്‍റെ പ്രാഥമ്യം

ആകാശവും ഭൂമിയും കടന്നുപോകുവോളം ഒരു വള്ളിയോ പുള്ളിയോ മാറിപ്പോവുകയില്ലാത്ത ദൈവവചനം: ആത്മാവും ജീവനുമായ വചനം - സര്‍വ്വസൃഷ്ടിക്കും ആധാരമായ വചനം - വചനം തന്നെയായ പുത്രന്‍ - വചനം തന്നെയായ ആത്മന്‍. വചനത്തെ തങ്ങളുടെ അഭീഷ്ടത്തിനനുസരിച്ച് കൊള്ളുകയും തള്ളുകയും ചെയ്യുന്ന - തങ്ങളുടെ അഭിരുചിക്കിണങ്ങിയ വചനപ്രഘോഷകരെ വിളിച്ചുകൂട്ടുന്ന ഭൂരിപക്ഷസമൂഹം. അതില്‍നിന്ന് വിഭിന്നമായി ഇതാ ഇവിടെ, വചനത്തോട് സര്‍വ്വാത്മനാ കൂറുപുലര്‍ത്തുന്ന, വചനത്തിന്‍റെ പേരില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാത്ത, നീക്കുപോക്കുകള്‍ക്ക് വശംവദരാകാത്ത ഒരു ജനതയുടെ രംഗപ്രവേശം. തീര്‍ച്ചയായും അത് ഭൂമിയില്‍നിന്നാവാന്‍ തരമില്ല.

4. സാഹോദര്യത്തിന്‍റെ പ്രാഥമ്യസമാനത

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായിരിക്കുന്നു ഇന്നീ സമൂഹം. മതിലുകളെല്ലാമിടിഞ്ഞ് മനസ്സിന്‍റെ അതിരുകള്‍ ആകാശമായിരിക്കുന്നു. മനുഷ്യര്‍ കണ്‍തുറന്ന് അടുത്തുനില്ക്കുന്നവനെയും അടുത്തുനില്ക്കുന്നവളെയും കാണാന്‍ തുടങ്ങിയിരിക്കുന്നു. കാണാന്‍ തുടങ്ങിയതോടെ അവരെ സഹോദരരായി തിരിച്ചറിയാനും. ദുഃഖിതനെ, പീഡിതനെ, നിരാലംബനെ, ഒക്കെ കാണുന്ന കണ്ണുകളില്‍ ഇപ്പോള്‍ നനവുപടരുന്നു. കണ്ണിലെ നനവ് ഹൃദയത്തിലേക്കും ആര്‍ദ്രത പടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.

5. പ്രപഞ്ചത്തിന്‍റെ അദ്വിതീയത

തന്നില്‍നിന്ന് ഏറെ ഭിന്നമല്ലാതെ, തനിക്കുമുന്നേ ദൈവം സൃഷ്ടിച്ച ജ്യേഷ്ഠസൃഷ്ടികളെ അവര്‍ തിരിച്ചറിയുന്നുണ്ട്. അതില്‍നിന്ന് കുറെ പൊടിവാരിക്കുഴച്ച് അതിലേക്ക് നിശ്വസിച്ചതിനാലായിരുന്നല്ലൊ താന്‍ ഉയിരെടുത്തുവന്നത്. അതുകൊണ്ടുതന്നെ തന്‍റെ ഭൂമികയാണിത്. താന്‍ വരയപ്പെട്ട ക്യാന്‍വാസ്. പൂര്‍ണ്ണമാനവനെ പ്രസവിക്കുന്നതിലൂടെ സര്‍വ്വസൃഷ്ടികളുടെയും പൂര്‍ണ്ണതയും രക്ഷയും സാധ്യമാകുമെന്നതിനാല്‍ അനന്തമായി പ്രസവവേദനയാല്‍ ഞരങ്ങുന്ന പ്രപഞ്ചം. ഭീമാകാരം പൂണ്ട താന്‍ തന്‍റെ ഗദായുധത്താല്‍ നിസ്സാരമെന്നോണം ചിള്ളിമാറ്റാന്‍ നോക്കി പരാജയപ്പെട്ടപ്പോള്‍ തിരിച്ചറിവിന്‍റെ വെളിച്ചത്തിലേക്ക് തന്നെ അടുപ്പിച്ച ജ്യേഷ്ഠസൃഷ്ടി.

6. ബന്ധങ്ങളുടെ മൂല്യ പുനര്‍നിര്‍ണ്ണയം

മനുഷ്യജീവിതം ബന്ധങ്ങളുടെ ഒരു വിശ്വ-വ്യാപക-വല(WWW)യാണെന്ന് ഇതാ മനുകുലം തിരിച്ചറിഞ്ഞിരിക്കുന്നു. താനുണ്ടാക്കിയെടുത്ത കളിക്കോപ്പുകളെക്കാള്‍ കളിക്കൂട്ടുകാര്‍ക്ക് ഈ കുട്ടികള്‍ ഇന്ന് മൂല്യം കല്പിക്കുന്നു. കളിക്കളത്തില്‍ താന്‍ വരയുന്ന വരകളുടെ പേരിലുള്ള തര്‍ക്കങ്ങളെക്കാള്‍ (അതിര്‍ത്തി തര്‍ക്കങ്ങള്‍) കളിക്കോപ്പുകളെ ചൊല്ലിയുള്ള കശപിശകളെക്കാള്‍ (സ്വത്തുതര്‍ക്കങ്ങള്‍) കളിസംഘങ്ങളുടെ വീതംവെപ്പിനെ ചൊല്ലിയുള്ള പിടലപിണക്കങ്ങളെക്കാള്‍ കളികൂട്ടുകാര്‍ക്കും കളിക്കു തന്നെയും മൂല്യം കൈവന്നിരിക്കുന്നു. അങ്ങനെ മനുഷ്യകുലം മൃഗത്തില്‍നിന്ന് വിടുതല്‍ നേടുകയാണ്.

7. താഴ്മതാനഭ്യുന്നതി

ടെറിടോറിയാലിറ്റി എന്ന മൃഗവാസനയില്‍നിന്ന് വിമോചനം നേടിയതോടെ അഹത്തിന്‍റെ ദംശനത്തില്‍നിന്നുകൂടി ഏറെക്കുറെ അവര്‍ വിമുക്തരായി. തത്ഫലമായി സ്വാര്‍ത്ഥം തേടാതെ അപരനെ സ്നേഹിക്കാനും ശുശ്രൂഷകള്‍ ചെയ്യാനും സാധ്യമാകും എന്ന നിലവന്നു. അഹത്തിന്‍റെ പത്തിതാഴ്ന്നതോടെ വിനയാന്വിതരാവുക എന്ന മഹത്ഭാവം എല്ലാവരിലും ഉടലെടുത്തു. അന്നോളം അസാധ്യമായത് എന്നു തോന്നിച്ചിരുന്ന, ബാലികേറാമല എന്നു കരുതലുളവാക്കിയിരുന്നവ ക്ഷിപ്രസാധ്യമാം ആനന്ദവിഷയങ്ങളായി പരിണമിച്ചു. താഴ്മയോടെയുള്ള പാദശുശ്രൂഷയെന്നത് ചുരുക്കം ചില ആത്മീയാചാര്യന്മാരുടെ മുന്നില്‍ മാത്രമല്ല എല്ലാവരോടുമുള്ള പെരുമാറ്റത്തിന്‍റെ സ്വഭാവമായിത്തീര്‍ന്നു.

8. ഭക്തിയുടെ അകളങ്കിതത്വം

സര്‍വ്വനന്മസ്വരൂപനായ ദൈവപിതാവിനോടും തന്‍റെ കുരിശുമരണത്തോളമുള്ള സ്നേഹം വഴിയായ് നമ്മെ രക്ഷിച്ച പുത്രനോടും നമ്മുടെ ഭാഗം ചേര്‍ന്നുനിന്ന് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്ന പരിശുദ്ധാത്മാവിനോടുമുള്ള ഹൃദയത്തില്‍ ചാലിച്ച സ്നേഹവും ഭക്തിയും ഒരിക്കലും ഒരു പുറംപൂച്ചായിരുന്നില്ല. സ്നേഹം സ്നേഹിക്കപ്പെടുന്നില്ല എന്ന ധ്യാനത്തിനൊടുവില്‍ കരഞ്ഞുകൊണ്ട് ഓടിയ; ഓരോ ദേവാലയത്തിലും പ്രവേശിക്കുമ്പോഴും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ കുമ്പിട്ടാരാധിക്കുന്നതായി പ്രാര്‍ത്ഥന ചൊല്ലിയ; പുല്ക്കൂട്ടിലെ ഉണ്ണിയെക്കുറിച്ച് പ്രസംഗിച്ചപ്പോഴെല്ലാം അമ്മിഞ്ഞ നുണയുന്ന ദിവ്യപൈതലിനെ കൊഞ്ചിക്കുന്ന ഭക്തിപ്രഹര്‍ഷം അനുഭവിച്ച അതേ പാരമ്പര്യം ഓരോ അണുവിലും ഇന്ന് പ്രകടമാകുന്നുണ്ട്.

9. കീഴാളത്തത്തിന്‍റെ സവിശേഷത

ദരിദ്രരോടും അഗതികളോടും പീഡിതരോടും മറ്റും ഒരു പ്രത്യേക പരിഗണന സാധാരണമാണ്. എന്നാല്‍ ഇവിടെ കാണുന്നത് അതല്ല; അവരോടൊക്കെയുള്ള ഒരു പ്രത്യേക പക്ഷപാതിത്വമാണ്; അവരോടൊപ്പമുള്ള ജീവിതമാണ്; അവരെ മാനിക്കുന്ന വ്യവസ്ഥിതി വന്നുചേര്‍ന്നിരിക്കുന്നു എന്നതാണ് അതിനേക്കാള്‍ ശ്രദ്ധേയമായ കാര്യം. അതു സംഭവിച്ചതാകട്ടെ കീഴാളത്തം ആത്മനാ വരിച്ച് കീഴാളസംഘം എന്നു സ്വയം നാമകരണം ചെയ്തതിനെത്തുടര്‍ന്നാണെന്ന് പറയാം.

10. സുവിശേഷത്തിന്‍റെ ശാന്തിയും അശാന്തിയും

ലോകത്തിന്‍റെ രീതികള്‍ പണ്ടും ഇന്നും ഒരുപോലെയാണ്. അതിന്‍റെ വഴികള്‍ ഒന്നുതന്നെ. അതിന്‍റെ ആവേഗത്തിലും പ്രവേഗത്തിലും വ്യത്യാസമുണ്ടായിരിക്കാം. ആ വ്യത്യാസംപോലും നന്മയിലേക്കുള്ള ചായ്വാണോ തിന്മയിലേക്കുള്ള ചായ്വാണോ വര്‍ധിതമാക്കുന്നത് എന്നതില്‍ മാത്രമേ തര്‍ക്കമുള്ളൂ. അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കുമാണ് സുവിശേഷക്ഷണം. മാനസാന്തരത്തിലേക്ക് ക്ഷണിക്കുമ്പോള്‍ തിന്മയെ തള്ളിപ്പറയാതെ വയ്യതാനും. ഈ ആദിമ തിരസ്കാരവും ക്ഷണവും ഒട്ടുവളരെക്കാലം നിലച്ചുപോയത് ഇന്ന് അവര്‍ വീണ്ടും സമാരംഭിച്ചിരിക്കുന്നു.

11. പ്രാര്‍ത്ഥനയുടെ നാനാത്വം

വ്യക്തിഗത പ്രാര്‍ത്ഥനകള്‍ക്ക് നിയതമായ രൂപമില്ല. തമ്പുരാനുമുമ്പില്‍ ഓരോ ആളുടെയും സ്വത്വപ്രകാശനത്തിനും കുമ്പിടലിനും മനസ്സിന്‍റെ ആവിഷ്കാരത്തിനും വിഭിന്ന രൂപങ്ങളാണ്. ഈണം നല്കപ്പെട്ടവന് ഈണത്തിലും താളം നല്കപ്പെട്ടവന് താളത്തിലും നടനം നല്കപ്പെട്ടവന് നടനത്തിലും മൊഴി നല്കപ്പെട്ടവന് മൊഴിയിലും ആശയം നല്കപ്പെട്ടവന് ആശയത്തിലും ഭാവന നല്കപ്പെട്ടവന് കലയിലും അതാവിഷ്കരിക്കാം. ആരുമാരും തന്നെത്തന്നെ ഏകകമാക്കി മറ്റുള്ളവരുടെ കാലുമുറിച്ചുനീക്കാനും തല വലിച്ചുനീട്ടാനും മുതിരുന്നില്ലതന്നെ.

12. ആരാധനയുടെ ലാളിത്യം

ബ്രഹ്മാണ്ഡമായ പടുകൂറ്റന്‍ ദേവാലയത്തിലെ മനോഹരമായ കൊത്തുപണികളെ നോക്കി അദ്ഭുതം കൂറിയവരോട് അതേക്കുറിച്ച് തീരെ മതിപ്പില്ലാതെ സംസാരിച്ച ഗുരുവിന്‍റെ മനസ്സോടൊപ്പം ദരിദ്രനായവനെ, ക്രൂശിതനായവനെ, മഹത്ത്വംവിട്ട് താണിറങ്ങിയവനെ, ആരാധിക്കാന്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ത്രോണോസുകളും രത്നഖജിതങ്ങളായ തിരുവസ്ത്രങ്ങളും അനാവശ്യവും ദരിദ്രരെ, അന്യഥാ അപഹസിക്കുന്നതും അപകര്‍ഷതപ്പെടുത്തുന്നതും അപമാനവീകരിക്കുന്നതുമാണെന്ന തിരിച്ചറിവില്‍ ആരാധനയിലും അതിനു ചുറ്റുവട്ടത്തും മനസ്സിന്‍റെ നൈര്‍മ്മല്യം കാത്തുസൂക്ഷിപ്പാന്‍തക്ക ലാളിത്യം മാത്രം എപ്പോഴും കാണാവുന്നു.

13. കുടുംബത്തിന്‍റെ വ്യാപനം

നാം യാതൊന്നിനെ സ്നേഹിച്ച് പെറ്റുപോറ്റുന്നുവോ അതിനെ കുടുംബം എന്നു പറയാമെങ്കില്‍ ഇവിടെ കുടുംബത്തിന്‍റെ ചുമരുകള്‍ ഒന്നൊന്നായി ഇടിയുകയാണ്. ആലംബഹീനരായവര്‍ക്കുമപ്പുറം കരുതലിന്‍റെ കരങ്ങള്‍ സംരക്ഷണഭിത്തിതീര്‍ക്കുന്നു. ശരത്കാലത്ത് തങ്ങളുടെ ജീവന്‍റെ നിലനില്പിനായുള്ള ഭക്ഷണം കണ്ടെത്താന്‍ കഴിയാതെ പോകുന്ന പക്ഷിക്കും പാറ്റയ്ക്കും ഈച്ചയ്ക്കും ഉറുമ്പിനും അപ്പം നല്കേണ്ടുന്ന ഉത്തരവാദിത്തം സ്വയം ഏല്ക്കുന്ന കുടുംബനാഥന്മാരുടെയും കുടുംബനാഥകളുടെയും കുടുംബത്തിന്‍റെ വ്യാപ്തി എവിടെവരെയെന്നാരുകണ്ടു!

14. ചൂഷണത്തില്‍നിന്നുള്ള വിമുക്തി

ചൂഷണം ഇരയുടെ മാത്രമല്ല വേട്ടക്കാരന്‍റെയും പ്രശ്നം തന്നെയാണ്. അതിനാല്‍ ചൂഷണത്തില്‍നിന്നുള്ള വിമുക്തി ഒരേസമയം ചൂഷകനില്‍നിന്ന് ചൂഷിതന്‍റെയും ചൂഷിതയുടെയും വിമുക്തിയും ചൂഷണത്തില്‍നിന്ന് ചൂഷകന്‍റെ വിമുക്തിയുമാണ്. ചൂഷണത്തില്‍നിന്നുള്ള വിമുക്തി നിര്‍ഭയ സമൂഹത്തെയാണ് ഉണ്ടാക്കിത്തീര്‍ക്കുന്നത്. പുരുഷന്‍ സ്ത്രീയെയും സ്ത്രീ പുരുഷനെയും ദുര്‍ബലന്‍ ശക്തനെയും ഭയക്കേണ്ടതില്ലാത്ത നിര്‍ഭയത്വം.

15. അധ്വാനത്തിന്‍റെ സുഖപ്രസവം

ദൈവം ഭൂമിയില്‍ മനുഷ്യനു നല്കിയ ആദ്യകല്പന അധ്വാനത്തിന്‍റെ വിയര്‍പ്പില്‍നിന്ന് അപ്പം ഭുജിക്കുക എന്നായിരുന്നെങ്കില്‍, അതിനെ ശാപമായി നണ്ണിയവര്‍ അധ്വാനിക്കാതെ അപരന്‍റെ അപ്പം നുണയുക എന്നായി അതിനെ വായിച്ചു. കുടുംബത്തിന്‍റെ ചുമരുകള്‍ മാറ്റിപണിതവര്‍ അധ്വാനത്തെ സ്നേഹത്തിന്‍റെ കര്‍മ്മമായി കണ്ട് നിഷ്കാമപൂര്‍വ്വം ഭൂമിയില്‍ കൂടുതല്‍ അപ്പമുണ്ടായതിനെ ഓര്‍ത്ത് സന്തോഷിക്കാന്‍ തുടങ്ങി.

16. ആനന്ദത്തിന്‍റെ അഭൗതികത

ആനന്ദം ഭോജ്യത്തിലോ പാന്യത്തിലോ സമ്പത്തിലോ രതിയിലോ ചൊല്പടിയിലോ ആണെന്നു ധരിച്ചിരുന്നവര്‍ മാനസാന്തരം പ്രാപിച്ചപ്പോള്‍ ആനന്ദം പദാര്‍ത്ഥികമോ ഭൗതികമോ ശാരീരികമോ അല്ലെന്നും അതിന് സ്ഥൂലമാനങ്ങള്‍ തീരെ ഇല്ലെന്നും തിരിച്ചറിയുകയായിരുന്നു. ആനന്ദത്തെ പദാര്‍ത്ഥത്തില്‍നിന്നും ശരീരത്തില്‍നിന്നും വിമോചിപ്പിക്കുമ്പോള്‍ അതിന് മനസ്സിലും ആത്മാവിലും ഇടം ലഭിക്കുന്നു. അതോടെ അഹത്തെയും സ്വാര്‍ത്ഥതയെയും നിഹനിക്കുന്നതിലും പരാര്‍ത്ഥമായ കര്‍മ്മങ്ങളിലും ആനന്ദം പീലിവിരിച്ചാടുകയായി.

17. പ്രകടനപരതയുടെ ശോഷണം

അകമേ കാമ്പില്ലാത്ത കാലത്ത് ശരീരത്തില്‍ പ്രത്യാശവയ്ക്കുകയും ശരീരത്തില്‍നിന്ന് കാളക്കുട്ടിക്ക് രൂപംനല്കുകയും ചെയ്തതില്‍നിന്ന് ഭിന്നമായി ആത്മാവില്‍ തിടംവെച്ചപ്പോള്‍ ശരീരമാത്രപരത നൈസര്‍ഗ്ഗികമായി ശോഷിച്ചു പോവുകയായിരുന്നു. അതോടെ, പ്രകടനപരതയും മണ്‍പാത്രത്തിന്‍റെ ആടയാഭരണങ്ങളും ആര്‍ഭാടങ്ങളും ക്രമേണക്രമേണ ഉപേക്ഷിക്കപ്പെടുകയോ വലിച്ചെറിയപ്പെടുകയോ ആയിരുന്നു!

18. മത അന്യത്വങ്ങളോടുള്ള കീഴ്വഴക്കം

മതങ്ങളുടെ നാനാത്വം ഒരു യാഥാര്‍ത്ഥ്യം ന്നെയായിരുന്നു. പക്ഷേ, മതാനുയായികളുടെ നോട്ടപ്പാടിലും കാഴ്ചപ്പാടിലും മാറ്റങ്ങളേറെ വന്നിരുന്നു. ഈ അഭിനവസമൂഹം ആരെയും നോവിക്കാതെ, ആരോടും കൊമ്പുകോര്‍ക്കാതെ, എല്ലാവരോടും വിധേയത്വപൂര്‍വ്വം കീഴ്വഴങ്ങുക മാത്രം ചെയ്തു. രക്ഷിതമായ സമൂഹമെന്ന ദൃഢവിശ്വാസം അവരില്‍ ഒട്ടുവളരെ ആത്മവിശ്വാസം ചാര്‍ത്തി. വാക്കിലും നോക്കിലും ആത്മവിശ്വാസവും ആനന്ദവും സമാധാനവും സ്നേഹവും പുലര്‍ത്തുമ്പോഴും അവര്‍ എളിമയോടെ എല്ലാവര്‍ക്കും കീഴ്വഴങ്ങി ജീവിച്ചു.

19. സമ്പത്തിന്‍റെ നിഷ്കാസനം

അധികാരം പടിയിറങ്ങിയതോടൊപ്പം സമ്പത്തിനും സിംഹാസനം നഷ്ടമായി. ഏറ്റവും വലിയ മൂല്യം എന്നനിലയില്‍നിന്ന് സമ്പത്ത് നിഷ്കാസനം ചെയ്യപ്പെട്ടു. ആരുംതന്നെ സമ്പത്തിന് വലിയ പരിഗണന നല്കാതായി. വിലയെക്കാള്‍ മൂല്യത്തിന് പ്രാധാന്യം കൈവന്നു. ചെറിയവനും ദരിദ്രനും മുമ്പേതന്നെ മാന്യത കൈവന്നുതുടങ്ങിയിരുന്നല്ലോ.

20. രൂപയുടെ പിന്‍വാങ്ങല്‍

പണം ക്രയവിക്രയം ചെയ്യാതെ ഒരാളുടെ അക്കൗണ്ടില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയെഴുതി മാത്രം  ലോകത്തിന്‍റെ ചിത്രം മാറ്റിക്കൊണ്ടിരുന്ന നെറ്റ്ബാങ്കിങ്ങ് അടക്കമുള്ള ബാങ്കിങ്ങ് മേഖല മറ്റെല്ലാ ധനകാര്യസ്ഥാപനങ്ങളെയുംപോലെ പതുക്കെ മന്ദഗതിയിലാവുകയോ പലതും നിലച്ചുപോവകുയോ ചെയ്തു. മറ്റുള്ളവരെ ആദരവോടെ ശുശ്രൂഷിക്കുന്ന, സ്വന്തം കുടുംബത്തിന്‍റെ ചുമരുകള്‍ വിപുലമാക്കപ്പെട്ട ഒരു കാലത്ത് രൂപതന്നെയും കാലഹരണപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തുകൊണ്ടിരുന്നു.

21. ഉപഭോഗപരതയുടെ പടിയിറക്കം

മനുഷ്യര്‍ ലളിതമായി ചിന്തിക്കാനും ലളിതമായി ജീവിക്കാനും ആരംഭിച്ചതോടെ പ്രകടനപരത ഇല്ലാതായി. ആനന്ദം അഭൗതികമായി നിര്‍വ്വചിക്കപ്പെട്ടുതുടങ്ങിയതോടെ, ഉപഭോഗപരത മെല്ലെ പടിയിറങ്ങി. മനുഷ്യര്‍ ഉപഭോഗ ജീവികളല്ലാതായതോടെ വിപണിയും കോമേഴ്സ് തന്നെയും അവശ്യമേഖലകളിലേയ്ക്കൊതുങ്ങിക്കൊണ്ടു. മര്‍ത്ത്യജീവിതത്തിലും ജീവിതശൈലിയിലും, സമൂഹത്തിലും സംഭവിച്ച വലിയ മാറ്റങ്ങളെതുടര്‍ന്ന് രോഗാവസ്ഥകള്‍ തന്നെയും കീഴ്പ്പോട്ടിടിഞ്ഞു. മരുന്നുകള്‍പോലും ജീവന്‍ രക്ഷാഗണത്തിലേക്കൊതുങ്ങിപ്പോയിരിക്കുന്നു.

22. സാങ്കേതികവിദ്യയുടെ പ്രാദേശികനിര്‍മ്മിതി

ആരൊക്കെയോ എവിടെയൊക്കെയോ രൂപംനല്കിയ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ വന്‍വില നല്കി ഇറക്കുമതി ചെയ്യുന്നതില്‍നിന്നു ഭിന്നമായി പ്രാദേശികമായി വികസിപ്പിക്കപ്പെടുന്ന ലളിതമായ സാങ്കേതികവിദ്യകളോടും അവയുപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉപകരണങ്ങളോടും താല്പര്യം ഏറിവന്നു. സ്വയം ചെയ്ത പാചകത്തിന് രുചികൂടുന്നതുപോലെ മനുഷ്യര്‍ താന്താങ്ങള്‍ നിര്‍മ്മിച്ചെടുത്തതോ തങ്ങളുടെ സുഹൃത്തുക്കളോ ചാര്‍ച്ചക്കാരോ വികസിപ്പിച്ചതോ ആയ സാങ്കേതികവിദ്യയെ ഒട്ടൊരു ഇഷ്ടത്തോടെ സ്വീകരിക്കാനും ഉപയോഗിക്കാനും തുടങ്ങി. അതിനാല്‍ ഓരോ ലഘുസാങ്കേതികവിദ്യയുടെ ഉപയോഗവേളയിലും മനുഷ്യര്‍ വര്‍ദ്ധിതമായ സംതൃപ്തി അനുഭവിച്ചു.

23. ക്ലാര: വ്യക്തതയുള്ളതും കാരുണ്യം വഴിയുന്നതുമായ മാധ്യമചക്ഷുസ്സ്

തങ്ങളെ വലുതായി ബാധിക്കാത്ത, ഒത്തിരി വിദൂരമായ ദേശങ്ങളിലെ കാഴ്ചകള്‍ കാണാനും കേള്‍ക്കാനും ജനം ആര്‍ത്തികാട്ടാതായി. തങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാവുന്നതോ ഇടപെടാന്‍ കഴിയുന്നതോ മാറ്റിത്തീര്‍ക്കാന്‍ കഴിയുന്നതോ ആയ കാര്യങ്ങള്‍ മാത്രം മുഖ്യമായും അറിഞ്ഞാല്‍ മതിയെന്ന് ജനം ആശയടക്കി. അതനുസരിച്ച് പ്രാദേശികമായി ഒട്ടനവധി കാര്യങ്ങളിലും പ്രശ്നങ്ങളിലും ഇടപെടുകയാല്‍ അവരുടെ സമയവും ഊര്‍ജ്ജവും സമ്പത്തും അവ്വിധം നഷ്ടമായിക്കൊണ്ടിരുന്നു. എങ്കിലും അത്തരം നഷ്ടത്തെ ലാഭമായിത്തന്നെ ഏവരും പരിഗണിച്ചു.

24. മാത്സര്യത്തിന്‍റെ ചരമം

മനുഷ്യരെക്കൊണ്ട് തേനീച്ചകളെപ്പോലെ പണിയെടുപ്പിക്കുകയും കുതിരപ്പന്തയങ്ങളിലെന്നപോലെ ടാര്‍ഗറ്റ് തികയ്ക്കാന്‍ തത്രപ്പെടുത്തുകയും എലികളെപ്പോലെ പാഞ്ഞുനടത്തുകയും ചെയ്ത, അവരില്‍ കൃത്രിമമായി വളര്‍ത്തിയെടുക്കപ്പെട്ട മാത്സര്യബോധമെന്ന വികാരത്തിന് ഒട്ടൊരു ശമനം വന്നതോടെ മനുഷ്യര്‍ കൂടുതല്‍ മനുഷ്യരെപ്പോലെ പൊരുതാന്‍ തുടങ്ങി. അതോടെ മനുഷ്യര്‍ തമ്മിലുള്ള സ്പര്‍ദ്ധകളും ഒട്ടൊക്കെ അവസാനിച്ചു.

25. കോടതികളുടെ കൊഴിഞ്ഞുപോകല്‍

മനുഷ്യര്‍ തമ്മില്‍തമ്മില്‍ വ്യവഹാരങ്ങള്‍ വേണ്ടെന്നുവന്നു. തര്‍ക്കങ്ങളും മത്സരങ്ങളും അവസാനിച്ചതോടെ കോടതികളിലെ തിരക്കുകളും പഴങ്കഥയായി. സാങ്കേതികവിദ്യയുടേതടക്കം ഉത്പാദനം പ്രാദേശികമായതോടെ കാണാമറയത്തിരുന്നുകൊണ്ടുള്ള നിയമയുദ്ധങ്ങള്‍ക്കും കോടതിവ്യവഹാരങ്ങള്‍ക്കും അറുതിയായി.

26. ഫാസിസത്തിന്‍റെ മരിച്ചടക്ക്

ഫാസിസ്റ്റ് എന്നു വിളിക്കപ്പെടുന്നതിലോ മുദ്രയടിക്കപ്പെടുന്നതിലോ മാത്രമല്ല, ചിന്തയിലോ വ്യാപാരത്തിലോ ഫാസിസത്തിന്‍റെ വിദൂരമായ ഗന്ധം കലരുന്നതിനെപോലും വെറുക്കുന്ന മനുഷ്യര്‍ തങ്ങളിലെ ഫ്യൂഡല്‍ തമ്പുരാക്കന്മാരെ നരകത്തീയിലേക്ക് ഇറക്കിവിട്ടു. സാമ്രാജ്യത്വത്തിന്‍റെയും അധീശത്വത്തിന്‍റെയും കോയ്മയുടെയും ശക്തിപ്രയോഗങ്ങളുടെയും ഒന്നുമേ ആരും കൊണ്ടാടിയില്ല. സഹസ്രാബ്ദങ്ങളായി മനുഷ്യരെ ഭരിച്ച, ഭരിക്കാന്‍ സഹായിച്ച രീതിശാസ്ത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ശവക്കുഴി തീര്‍ക്കേണ്ടതായി വന്നിരിക്കുന്നത്.

27. ഏലയാസിന്‍റെ പശ്ചാത്തലം

പടുകൂറ്റന്‍ ദേവാലയം നിര്‍മ്മിക്കുക ഏലയാസിന്‍റെ രീതിയായിരുന്നു. ഫ്രാന്‍സിസിനുശേഷം ഫ്രാന്‍സിസ്കന്‍ സമൂഹത്തിന്‍റെ സാരഥ്യം വഹിച്ച ഏലയാസ് എന്ന അതികായന്‍റെ. അതിബൃഹത്തായ കര്‍മ്മപദ്ധതികളായിരുന്നു അദ്ദേഹത്തിന്‍റേത്. അതിജീവനത്തിന്‍റെ മന്ത്രം തന്‍റെ പാതയാണെന്ന് അദ്ദേഹം ഊറ്റംകൊണ്ടിരുന്നു. എന്നാല്‍ ഭയം വിന്യസിക്കപ്പെടുന്ന ബസിലിക്കകളില്‍ ആളുകള്‍ കുറഞ്ഞതോടെ, അതേസമയം ചെറുതിന്‍റെ മനോഹാരിത നിലനിര്‍ത്തപ്പെട്ട ഇടങ്ങളിലേക്ക് കൂടുതല്‍ മനുഷ്യര്‍ ആകൃഷ്ടരായടുക്കുന്നതുകാണുക കൂടി ചെയ്തതോടെ, പാതി പണിത ദേവാലയമാമത്തുകളെ പാതിവഴിയില്‍ സ്വയം നാശത്തിനു വിട്ടുകൊടുത്തിട്ട് ഏലയാസും കൂട്ടുകാരും ചെറുതുകളിലേക്ക് മടങ്ങിപ്പോയി.

ഒമേഗ: ഏദെന്‍റെ പുനര്‍ജനി

അവര്‍ അവിടെ തിരിച്ചെത്തുകതന്നെ ചെയ്തു. ആദിമ ഏദന്‍ പുനഃസ്ഥാപിക്കപ്പെട്ടു. മനുഷ്യര്‍ ദൈവത്തോടൊപ്പം പാര്‍ത്തു. ദൈവം മനുഷ്യരോടൊപ്പവും. നായും നരിയും നരിച്ചീറും നരനോടൊപ്പം പാര്‍ത്തു. നരനും നാരിയും നരിയോടും നരിച്ചീറിനോടും ഇണങ്ങി. പറുദീസതേടിപ്പോയി പറുദീസ നഷ്ടപ്പെടുത്തിയവരുടെ അവാന്തര തലമുറയെത്തേടി പറുദീസ തിരിച്ചെത്തി. അവിടെ സ്നേഹം പൂത്തു. കരുതല്‍ വിളഞ്ഞു. ദൈവവും മനുഷ്യരും പ്രപഞ്ചവും സംഗമിച്ചു. ഇത് ഏദന്‍തോട്ടം.

You can share this post!

മകന്‍റെ ദൈവശാസ്ത്രം

ജോസ് സുരേഷ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts