കായലിലെ കെട്ടി നിര്‍ത്തിയ നാറുന്ന വെള്ളത്തില്‍ മുക്കിയിട്ടപ്പോള്‍ അവിടെക്കിടന്നു അളിഞ്ഞുതീരുകയാണ് എന്‍റെ യോഗമെന്ന് കരുതി.... പിന്നീട് പണിയാളുകള്‍ വടിയെടുത്ത് പൊതിരെ തല്ലി പിച്ചി ചീന്തിയപ്പോള്‍ നാരുകളായി പിരിഞ്ഞു തീരുകയാണെന്ന് കരുതി.... യന്ത്രത്തിനിടയില്‍ കൂട്ടിപ്പിരിച്ചപ്പോഴും ചൂടുമണലിലിട്ടു പരപരാ വലിച്ചപ്പോഴും ഞാന്‍ ഒരു കയറാകുമെന്നു ചിന്തിച്ചതല്ല...

നാറുന്ന ചകിരി മാത്രമായിരുന്നു ഞാന്‍. ബലവാനായ കയറായപ്പോള്‍ അഹങ്കരിച്ചു.... നാലാളറിയുന്നവനാവുകയല്ലേ ഞാന്‍...

കിണറ്റിലെ വെള്ളത്തിനെയും കരയിലെ കൈകളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായ കയര്‍... ഒരു കുറ്റിക്കു ചുറ്റുമുള്ള വ്യാസത്തിന് പുറത്തേക്ക് പോകാതെ ആടുമാടുകളെ നിയന്ത്രിക്കുന്ന നോട്ടക്കാരനായ കയര്‍...

പുരക്കു മീതെ ചാഞ്ഞുനിന്ന കൊമ്പിനെ പിടിച്ചുകെട്ടുന്ന വീരനായ കയര്‍...

ആണ്ടേക്കൊരിക്കല്‍ മല്ലന്മാര്‍ വലിച്ചു ബലം നോക്കുന്ന ശക്തനായ കയര്‍...

എന്തിനധികം... ജീവിതത്തിലേക്ക് ഒരു പങ്കാളിയെ കൂട്ടുമ്പോള്‍ കഴുത്തിലണിയിക്കുന്ന താലിച്ചരടിന്‍റെ പര്യായമാകാവുന്ന കയര്‍...

പക്ഷേ ഒരിക്കല്‍ ഞാന്‍പോലും അറിയാതെ എന്‍റെ രൂപവും ഭാവവും മാറി...

ഒരു ദിവസം ക്ലാസ്സില്‍ വച്ച് 'ഇന്ന് മുതല്‍ നീ എന്‍റെ ആങ്ങളയാണെന്ന്' പറഞ്ഞ് അവന്‍റെ കയ്യില്‍ അവള്‍ ഒരു ചെറിയ രാഖിയാകുന്ന കയര്‍ കെട്ടിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ഞാന്‍ ഒരു സംരക്ഷകനായല്ലോ....!! പിന്നീട് അവന്‍ അവളുടെ വിശ്വസ്തനാകുന്നത് അവന്‍റെ കയ്യിലിരുന്നു ഞാന്‍ കണ്ടു സന്തോഷിച്ചു.

പക്ഷേ ഇന്നലെ അവനും അവന്‍റെ സംഘവും അവളുടെ കൈയും കാലും മറ്റൊരു 'കയറുകൊണ്ട് കെട്ടിയിട്ടു നോവിച്ചപ്പോള്‍ അന്ന് 'കയറുകെട്ടി' അവള്‍ നേടിയ സഹോദരബന്ധത്തോട് എനിക്ക് വെറുപ്പ് തോന്നി...

അതെ... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.... കാരണം അവളുടെ നാശത്തിനു ഞാന്‍ ആണല്ലോ കാരണക്കാരി... അവള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസ്യതയാണല്ലോ അവര്‍ മുതലെടുത്തത്... ഇന്ന് മറ്റൊരു കയറില്‍ അവള്‍ ജീവനൊടുക്കിയപ്പോള്‍ ഞാന്‍ ഒരു കൊലപാതകിയുമായി....!!

അതുകൊണ്ട് എനിക്ക് ഒന്നും വേണ്ട... ഒരു അഹങ്കാരവുമില്ല.... ഞാന്‍ ഒരു വെറും കയറാണ്... വെറും കയര്‍...

പക്ഷേ ഇന്ന് ഞാന്‍ എന്ന 'കയറിനു വിലയുണ്ട്. ആദ്യമായി ഞാന്‍ എന്നെയോര്‍ത്ത് അഭിമാനിക്കുന്നു. വാര്‍ത്തകളില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കുന്നു. കാരണം... അവളെ ഇല്ലാതാക്കിയവന് ഇന്ന് എന്നെ സമ്മാനമായി ലഭിച്ചിരിക്കുന്നു...!! തൂക്കുകയര്‍.

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts