news-details
കവർ സ്റ്റോറി

ആധുനിക ലോകത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍

കുടുംബം മാനവസമൂഹത്തിന്‍റെ അടിസ്ഥാന ഘടകം എന്ന നിലയില്‍ അനുക്രമമായ ചില വ്യവസ്ഥിതികള്‍ക്കും സുപ്രധാനമായ ചില നിയമസംഹിതകള്‍ക്കും അനുസൃതമായി മുന്‍പോട്ടു പോയാല്‍ അതു നന്നായി നിലനില്ക്കും. കാനായില്‍  കല്യാണവിരുന്നു നടക്കുന്ന ഭവനത്തില്‍ ആദ്യാത്ഭുതത്തിന്‍റെ വാതായനം തുറന്ന് പരസ്യജീവിതം ആരംഭിക്കുന്ന ഘട്ടത്തില്‍ വിവാഹജീവിതത്തിനും കുടുംബങ്ങള്‍ക്കും അനുഗ്രഹാശീര്‍വാദം നല്കിക്കൊണ്ട് കുടുംബജീവിതങ്ങളുടെയും അവ സ്ഥായിയായി നിലകൊള്ളേണ്ടതിന്‍റെ ആവശ്യകതയും അതിന്‍റെ മഹത്വവും പ്രൗഢമായ മാഹാത്മ്യവും മനുഷ്യര്‍ക്കു മുമ്പില്‍ ഒരുത്തമ മാതൃകയായി നല്ലൊരു ദര്‍ശനമായി യേശുതന്നെ വെളിപ്പെടുത്തിക്കൊടുക്കുന്നത് നമുക്ക് കാണാം.

സ്നേഹത്തില്‍ അടിസ്ഥാനം ഊന്നിയുറപ്പിക്കുന്ന ഉദാത്തമായൊരു ഉടമ്പടിയാണ് കുടുംബബന്ധങ്ങളിലുള്ളത്. തികച്ചും സാധാരണമായുള്ളൊരു കൂട്ടുകെട്ടോ പരസ്പര വാഗ്ദാനമോ മാത്രമായി ഒതുങ്ങിക്കൂടുന്ന ഒരു ബന്ധമല്ല കുടുംബത്തിലെ ബന്ധം. ഇതിന് ഉദാത്തമായ മാതൃകയായി നമുക്കുമുമ്പില്‍ നസ്രത്തിലെ കുടുംബമുണ്ട്. പരിശുദ്ധ ത്രിത്വത്തിന്‍റെ ബന്ധത്തോടാണല്ലോ കുടുംബബന്ധത്തെ തിരുസഭതന്നെ പ്രതീകമാക്കിയിരിക്കുന്നത്. ഈ വലിയ സത്യം വ്യക്തികള്‍ രണ്ടുപേരെയും ഒന്നാക്കുന്നതും പരിശുദ്ധാരൂപിയുടെ മാര്‍ഗനിര്‍ദേശത്തില്‍ വളരുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്നേഹക്കുറവ് അനുഭവപ്പെടുമ്പോള്‍ ദൈവവും മനുഷ്യരുമായുള്ള ബന്ധം കുടുംബങ്ങളില്‍ നിന്നും ചോര്‍ന്നു പോകുന്നു. ഇതിനൊരു പ്രധാന കാരണമായി കാണാവുന്നത് ഇന്നത്തെ ലോകത്തിന്‍റെ അതി ഭൗതികതതന്നെയാണ്. ഇന്ന് മനുഷ്യര്‍ പൊതുവില്‍ സുരക്ഷിതത്വം കണ്ടെത്തുന്നുവെന്ന് കരുതുന്ന ആര്‍ഭാടശൈലി, പേരും പെരുമയും, സാമ്പത്തികത്തിളപ്പ്, സ്വാര്‍ത്ഥമനോഭാവം, മദ്യപാനം തുടങ്ങിയവയിലൊക്കെയായതിനാല്‍ ക്രിസ്തീയ മൂല്യങ്ങള്‍ പലതും കുടുംബജീവിതത്തില്‍ നിന്നും വാര്‍ന്നുപോകുന്ന ദുസ്ഥിതിക്ക് നാം സാക്ഷികളാകേണ്ടി വരുന്നു. മനശ്ശാസ്ത്രപരമായി പറയുമ്പോള്‍ പ്രധാനമായും കുടുംബങ്ങളില്‍ ഉണ്ടാകാവുന്ന സംഘര്‍ഷങ്ങള്‍ വളര്‍ച്ചയുടെ പ്രതിസന്ധികള്‍ തന്നെയാണ്. അതായത് രണ്ട് വ്യക്തികള്‍ തമ്മില്‍ ജീവിതം പരസ്പരം പങ്കിടുമ്പോള്‍ ഒരേ രീതിയിലുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രതീക്ഷകളും ആയിരിക്കില്ല ഉണ്ടാവുക. പ്രത്യേകിച്ചും ഇതരമതസ്ഥരുമായുള്ള വിവാഹ ജീവിതാരംഭഘട്ടങ്ങളില്‍ പലരും ഈ പ്രശ്നങ്ങള്‍ അനുഭവിച്ചേക്കാം.

കുടുംബജീവിതത്തില്‍ വന്നു ഭവിച്ചുകൊണ്ടിരിക്കുന്ന  വെല്ലുവിളികള്‍ സധൈര്യം നേരിടണമെങ്കില്‍ പരസ്പരവിശ്വാസവും ധാരണയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമുള്ളതുപോലെ വിവാഹിതര്‍ക്കുള്ള കൗണ്‍സിലിങ്ങും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതാണ്. പ്രാര്‍ത്ഥനാധിഷ്ഠിത ജീവിതശൈലികളും പരിശീലിപ്പിക്കാവുന്നതാണ്. ഇവ ഒട്ടേറെ തോന്നലുകളും ഭയാശങ്കകളും ദൂരികരിക്കാനുതകുന്നതോടൊപ്പം പങ്കാളിയുടെ വിവാഹശേഷ പ്രത്യേകതകളും സ്വാഭാവരീതികളും പരസ്പരം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും തമ്മില്‍ത്തമ്മില്‍ ക്ഷമയോടെ ജീവിതം മുന്നോട്ടു നയിക്കാനും ഇത്തരം ക്യാമ്പുകള്‍ സഹായകമാകും.

മക്കളെ വളര്‍ത്തുമ്പോള്‍

മാതാപിതാക്കള്‍  സ്നേഹവും സംരക്ഷണവും കരുതലും ആഹാരവും കുട്ടികള്‍ക്ക് ചെറുപ്രായം മുതല്‍ത്തനെ നല്‍കി വളര്‍ത്തുന്നതും മൂല്യങ്ങള്‍ക്ക് പ്രാധാന്യമേകി ദൈവഭക്തിയിലും വിശ്വാസത്തിലും സഹജരെ സ്നേഹിച്ചും സമൂഹഭാഗമായും മാറാന്‍ പഠിപ്പിക്കുന്നതും തന്നെയാണ് ശരിയായ വളര്‍ത്തല്‍ ശൈലി. അന്യനാടുകളില്‍ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ഒരുപരിധി വരെയെങ്കിലും ഇക്കാര്യങ്ങളില്‍ അഭാവമുണ്ടാകാം.

ചില വളര്‍ത്തല്‍ തലങ്ങളെപ്പറ്റി ചിന്തിക്കാം. കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായുള്ള വളര്‍ത്തലാണ് ഒരു രീതി. പക്ഷേ ഈ രീതി കുട്ടികളിലെ ആന്തരിക വിവേചനശക്തി നശിപ്പിച്ചുകളയുന്നു. കുട്ടികളെ എന്‍ട്രന്‍സിനൊരുക്കാനും എഞ്ചിനിയറിംഗ്, ഡോക്ടര്‍, നേഴ്സ് തുടങ്ങി ചില സാധ്യതകള്‍ മാത്രം നോക്കിക്കണ്ട് ഇടംവലം തിരിയാന്‍ അനുവദിക്കാതെ പഠിപ്പിച്ചും ട്യൂഷന്‍ കൊടുത്തും തുമ്പിയെക്കൊണ്ട് കല്ല് എന്നതുപോലെ പെടാപ്പാടു പെടുത്തി വലയ്ക്കുന്ന പ്രവണത നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും വളരെ ദോഷകരമായിത്തന്നെ ബാധിക്കുന്നുണ്ട്.

നിയന്ത്രണവളര്‍ത്തലിന് എതിരായ വിധം സ്വാതന്ത്ര്യം കുട്ടികള്‍ക്ക് വിട്ടുകൊടുത്തു വളര്‍ത്തുന്ന ശൈലിയുമുണ്ട്. ഇവിടെ കുട്ടികള്‍ ആരെയും കൂസാക്കാതെ വളരുന്നതു കാണാം. അവര്‍ ലോകം മുഴുവന്‍ ചൊല്‍പ്പടിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. വിപരീതമായി സംഭവിച്ചാല്‍ രക്ഷിതാക്കളോട് പരാതിപ്പെടുന്നു. ഇവരാകട്ടെ അധ്യാപകരോട് പറയുന്നത് അവനെ അഥവാ അവളെ ഒന്നു പൊക്കിനിര്‍ത്തിയാല്‍ മതിയെന്നും ദേഷ്യപ്പെടേണ്ടെന്നുമായിരിക്കും.

ഒരു പടി കൂടി കടക്കുന്ന കടുത്ത യാഥാര്‍ത്ഥ്യമാണ് ക്രിയാശൂന്യമായ വളര്‍ത്തല്‍ശൈലി. ഇവിടെ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നു എന്നതല്ലാതെ മറ്റൊരു ബന്ധവും ഇല്ല. കാരണം രക്ഷിതാക്കള്‍ രണ്ടിടങ്ങളിലോ അന്യസംസ്ഥാനങ്ങളിലോ വിദേശത്തോ ആയിരിക്കും. കുട്ടികള്‍ ബന്ധുവീടുകളിലും ബോര്‍ഡിങ്ങിലുമായി വളര്‍ന്നുതുടങ്ങുന്നു.  ഇവിടെ സ്നേഹസാന്നിധ്യസാമീപ്യം അന്യമാകുന്നു. ചില കുടുംബങ്ങളില്‍ ഭര്‍ത്താവ് മദ്യപാനിയോ, മനോരോഗിയോ, സംശയരോഗിയോ ആവാം. ഇവരും മക്കളെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല. ഇത് കുട്ടികളില്‍ സ്വാതന്ത്ര്യമല്ല, അരക്ഷിതത്വമാണ് ഉണ്ടാക്കുന്നത്.

നീ എന്‍റെ സ്വന്തം എന്ന ബോധ്യത്തോടെ ഒരു കുട്ടിയുടെ സമഗ്രവളര്‍ച്ചയില്‍ ശ്രദ്ധിക്കുന്ന വളര്‍ത്തല്‍ ശൈലിയാണ് ഉത്തരവാദിത്വത്തോടുകൂടിയ ആധികാരിക വളര്‍ത്തല്‍. സാമൂഹികവും സാംസ്കാരികവുമായ മാന്യതകള്‍ പാലിക്കാന്‍ പഠിപ്പിച്ചും ജനിച്ചുവളര്‍ന്ന വിശ്വാസത്തില്‍ അടിപതറാതെ വളര്‍ത്തിക്കൊണ്ടും കുടുംബത്തിനും ദേശത്തിനും രാജ്യത്തിനും വേണ്ടി നന്മ ചെയ്തു വളരാന്‍ പ്രാപ്തരാക്കിയും പഠനം, ജോലി, ജീവിതമൂല്യങ്ങള്‍, മനുഷ്യബന്ധങ്ങള്‍, സര്‍ഗവാസനകള്‍, നര്‍മശീലുകള്‍, സാമൂഹിക പ്രതിബദ്ധത ഇവയെല്ലാം ഉള്‍പ്പെടുത്തി ശ്രദ്ധിച്ചു വളര്‍ത്തുന്ന ഈ ശൈലി ഏറെ ശ്രദ്ധേയമത്രെ. ഇവിടെ ശിക്ഷയും ശിക്ഷണവും മാത്രമല്ല അനുമോദനവും അംഗീകാരവും ആശംസയും ഒപ്പം നല്കുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്‍റെ ലക്ഷ്യം പഠനവും ജോലിയും എന്നത് മാത്രമാകരുത്.

കുഞ്ഞുങ്ങള്‍ ദൈവീകദാനം

മാതൃ-പിതൃബന്ധം / ഭാര്യ-ഭര്‍തൃബന്ധം ഇവ ദൈവിക ഇടപെടലായും അതിലൂടെ ലഭ്യമാകുന്ന മക്കള്‍ ദൈവിക ദാനമായും കരുതി വേണം അവരെ വളര്‍ത്താന്‍. ജീവിതമൂല്യവും വിലയും മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന രക്ഷിതാക്കള്‍ക്ക് വിദഗ്ദ്ധമായ കൗണ്‍സലിംഗ് അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം കുഞ്ഞുങ്ങളെ നന്നായി വളര്‍ത്താന്‍ കഴിയില്ല. ഒരു പഴമൊഴിയുണ്ട്. "അമ്മമാരെ ദൈവം സൃഷ്ടിച്ചത് ദൈവത്തിന് എല്ലായിടത്തും ഒരുപോലെ എത്താന്‍ പറ്റാത്തതുകൊണ്ടാണ്".  ഇതിലൂടെ അര്‍ത്ഥമാക്കുന്നത് മാതൃത്വം ദൈവത്തോട് ഏറ്റം സാമീപ്യമുള്ള വിളിയും ദൗത്യവുമായി സ്വീകരിക്കണം എന്നതാണ്. കുടുംബത്തിലൂടെയുള്ള സംഘയാത്രയും കൂട്ടായ്മയുമാണ് മനുഷ്യരെ പ്രസക്തിയുള്ള വ്യക്തികളാക്കി ബന്ധങ്ങളുടെ മാധുര്യം ആസ്വദിച്ച് കഴിയാന്‍ സഹായിക്കുന്നത്.

ജോലിയില്‍ ഇല്ലാതാകുന്ന കുടുംബങ്ങള്‍

കൗണ്‍സിലിങ്ങിനും മറ്റുമായി വരുന്ന എഞ്ചിനീയറന്മാര്‍, എക്സിക്യൂട്ടീവ്സ് തുടങ്ങിയവരിലൊക്കെയും പ്രകടമായി നിഴലിക്കുന്നത് തൊഴിലിനോടുള്ള അതിരുകവിഞ്ഞ ആത്മാര്‍ത്ഥ ഇടപെടലുകളാണ്. ഇത്തരക്കാര്‍ ജീവിതം ഗൗരവപൂര്‍വ്വം മാത്രം വീക്ഷിക്കുന്നു. തമാശയും സമാധാനവുമുള്ള അന്തരീക്ഷം കുടുംബജീവിതത്തില്‍ കണ്ടെത്താന്‍ കഴിയാതെ ജീവിതം ആകെ ബോറടിയാക്കിമാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെയും തൊഴിലില്‍ കൂടുതല്‍ നൈപുണ്യം നേടി ആരെ ചവിട്ടിയാണെങ്കിലും ഓടിനടന്ന് പിടിച്ചടക്കി കീഴ്പ്പെടുത്തി മുന്നേറുക എന്ന ലക്ഷ്യം മാത്രമായി നീങ്ങുമ്പോള്‍ ആദ്യഘട്ടങ്ങളില്‍ നേട്ടമൊക്കെ തോന്നുമെങ്കിലും പിന്നീട് കുടുംബസംവിധാനം ഉടയാനിടയാകും. പലരും പകല്‍മുഴുവന്‍ ഒരിടവേളയില്ലാതെ ജോലി ചെയ്യും. സന്തോഷവും സംതൃപ്തിയും ലഭിക്കുന്നുമുണ്ടാവും. എന്നാല്‍ ഇപ്രകാരം വിശ്രമമില്ലാതുള്ള ജോലി ശരീരത്തെയും മനസ്സിനെയും ദോഷകരമായി ബാധിക്കും.

ഇന്‍ര്‍നെറ്റ്, ടി.വി., സീരിയല്‍/സിനിമ, മൊബൈല്‍, വാട്ട്സാപ്പ്, ഫേയ്സ്ബുക്ക് തുടങ്ങിയ മാധ്യമാതിപ്രസരം കുടുംബങ്ങളും ബന്ധങ്ങളും തകരുന്നതിനും അരാജകത്വത്തിലേക്ക് നീങ്ങുന്നതിനും കാരണമാകുന്നില്ലേ? ഇത്തരം മാധ്യമഘടകങ്ങളുടെ ദുഷ്ഘടകങ്ങള്‍ യുവതയെയും നന്നായി സ്വാധീനിക്കുന്നുണ്ട്. ആരോഗ്യപരമായ ഒരു സമീപനമല്ല ഇത്തരം ആശയവിനിമയമാര്‍ഗങ്ങളില്‍ പലതിലും കണ്ടുവരുന്നത്. നല്ല മൂല്യങ്ങള്‍ മാത്രം പകര്‍ന്നുകൊടുക്കുന്ന ചിലതെങ്കിലും ഇല്ലാതില്ലെന്നു പറയുന്നില്ല. പക്ഷേ അവ വളരെ വിരളമാവുന്നു. പങ്കാളിയില്‍നിന്നും കുടുംബബന്ധങ്ങളില്‍നിന്നും വിട്ടുനിന്ന് ഇത്തരം കാര്യങ്ങളില്‍ മാത്രം ആഹ്ലാദം കണ്ടെത്തുന്നവര്‍ ദൈവിക ദൗത്യത്തില്‍ പങ്കുചേരുന്നില്ല.

സ്ത്രീയും പുരുഷനും ഒരേ വ്യക്തിത്വത്തിന്‍റെ രണ്ടുതലങ്ങള്‍ പരസ്പരം മനസ്സിലാക്കിയും കീഴ്വഴങ്ങിയും വിനയത്തോടുംകൂടിയുള്ള നിര്‍മ്മലവും ദൈവികവുമായ അഗാധസ്നേഹബന്ധമാണ് വിവാഹത്തിലൂടെ നിത്യവും നയിക്കേണ്ടത് എന്ന വസ്തുത ഒരിക്കലും തള്ളിക്കളയരുത്. എന്നാല്‍ പലരും മഹത്തായ ഈ വൈദേശികോദ്ദേശം നിലനിര്‍ത്താതെ സ്വാര്‍ത്ഥതയില്‍ നീങ്ങുന്നവരും തഴക്കദോഷങ്ങളിലകപ്പെട്ടവരും ആയി മാറി കുടുംബജീവിതമെന്ന പവിത്രമായ ഘടനയെ അടിമുടി ശിഥിലമാക്കുന്ന ദുരവസ്ഥാവിശേഷം ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ കൂടിവരുന്നു. ഓരോരുത്തരും വ്യത്യസ്തരായിരിക്കുന്നതും വ്യത്യസ്തകള്‍ മനുഷ്യര്‍ക്കു ദൈവം നല്കിയിരിക്കുന്നതും പരസ്പരം കരുതല്‍ പകരുന്നതിനും പൂരകങ്ങളായി നന്മ പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് അതല്ലാതെ ദാസജമാന ഭാവങ്ങള്‍ പ്രകടമാക്കുന്നതിനല്ല. നാലു തലങ്ങളിലെങ്കിലും ഊന്നിയുള്ള ആശയവിനിമയം നടക്കുന്നുവെങ്കില്‍ ദൈവം വിഭാവന ചെയ്യുന്ന പൂര്‍ണതയിലേക്കെത്താനെളുപ്പമാകും. അതായത് സ്നേഹം, വിനയം, ക്ഷമ, സ്വയശൂന്യവത്കരണം തുടങ്ങിയവ. ഇവയുണ്ടെങ്കിലേ ഹൃദയത്തിലേക്ക് മറ്റൊരാളെ മനസ്സിലാക്കാനും ശ്രദ്ധയോടെ കേട്ടിരിക്കാനും നന്നായി ആശ്വസിപ്പിക്കാനും നേരോടെ തിരുത്താനും ഉറച്ച ഊന്നല്‍ കൊടുക്കാനും കഴിയൂ.

ക്രിസ്തീയ കുടുംബജീവിതം മനോഹരമാവണം
മഹത്തായൊരു ജീവിതവിളിയാണ് വിവാഹം

ദൈവവചനം പ്രായോഗിക ജീവിതത്തില്‍ ആക്കിത്തീര്‍ക്കുവാനും വിശുദ്ധി പ്രാപിച്ചു വളരാനും മനുഷ്യരെ പരിശുദ്ധ ത്രിത്വത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന മഹത്വമാര്‍ന്നൊരു വിളിയാണ് വിവാഹം എന്ന കൂദാശ. മനുഷ്യാവതാരം കുടുംബങ്ങളിലൂടെയാണ് സംഭവിക്കുന്നതെന്നും ദൈവത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളും പദ്ധതികളും കുടുംബത്തിലൂടെയാണ് വെളിപ്പെടുത്തുന്നതെന്നും നാം അറിയുകയും ഓര്‍ക്കുകയും വേണം. കുടുംബത്തിനെല്ലാമപ്പുറമുള്ള ദൈവരാജ്യത്തിന്‍റെ വിശുദ്ധിയും വ്യാപ്തിയും ബന്ധങ്ങളും ശാരീരിക ബന്ധങ്ങളേക്കാള്‍ വിപുലവും വിശാലവുമാണെന്നത് നാം മറക്കാതെ ഓര്‍ക്കണം. ദൈവരാജ്യത്തിനായുള്ള കെട്ടുപണിയില്‍ നാമെല്ലാം നല്ല ശുശ്രൂഷകരാണല്ലോ. ആ ശുശ്രൂഷയും സ്വയശൂന്യവത്കരണവും കുടുംബങ്ങളിലെ ദൈനംദിന പങ്കുവയ്ക്കലിലൂടെയത്രേ നടക്കേണ്ടത്. പ്രധാനപ്പെട്ട മൂല്യങ്ങളും സുകൃതങ്ങളുമായി പരസ്പര ശുശ്രൂഷ, സ്നേഹം, ബഹുമാനം, പ്രത്യാശ. ഇവയൊക്കെ മനുഷ്യര്‍ പഠിച്ചെടുക്കുന്നത് കുടുംബപശ്ചാത്തലത്തിലുള്ള കൂട്ടായ്മയും കൂട്ടായും വ്യക്തിപരവുമായുള്ള നല്ല അഭ്യാസത്തിലൂടെയാണ്. നസ്രത്തിലെ യേശുവിന്‍റെ കുടുംബം ഇതിനുള്ള ഏറ്റം മഹത്തായ ഉദാഹരണമാണ്. ഭര്‍ത്താവും ഭാര്യയും പൂരകങ്ങള്‍ മാത്രമല്ല തുല്യരും പരസ്പരം വിധേയപ്പെട്ടും കൂട്ടായും ഓരോ ദിവസവും കഴിഞ്ഞു കൂടേണ്ടവരുമാണ്. വരുവാനിരിക്കുന്ന സ്വര്‍ഗരാജ്യത്തിന്‍റെ പ്രഭാപൂര്‍ണമായ പ്രതീകങ്ങളാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും. ഇതിനാവശ്യമായ ചില പ്രധാന ഘടകങ്ങള്‍ കുടുംബത്തില്‍ പാലിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. കാരണം കുടുംബം എന്നത് കെട്ടുറപ്പുള്ള വ്യവസ്ഥിതിയാണ്. വൈകാരികമായും ബൗദ്ധികമായും സാമൂഹികമായും ചില നിയമങ്ങള്‍ അനുദിനം അനുസരിച്ച് പാലിച്ചാല്‍ മാത്രമേ അത് ചാഞ്ചല്യമില്ലാതെ നിലനില്‍ക്കുകയുള്ളൂ. മറ്റേതൊരു വ്യവസ്ഥിതിയിലുമെന്നപോലെ ഓരോരുത്തരും അവരവരുടേതായ ഉത്തരവാദിത്വങ്ങളും ദൈവാരാധനയായി സ്വീകരിക്കണം. അതില്‍ അര്‍ത്ഥം കണ്ടെത്തി തീക്ഷ്ണതയോടെ നിര്‍വഹിക്കുകയും വേണം. നമ്മുടെ അയല്‍ക്കാര്‍ ജീവിതപങ്കാളിയും കുഞ്ഞുങ്ങളുമാണ്. മക്കളെ വളര്‍ത്തുമ്പോള്‍ ശാരീരിക വളര്‍ച്ച, വിദ്യാഭ്യാസത്തിലുള്ള മുന്നേറ്റം ഇവ മാത്രം പോരാ നല്ല മാതൃക, മൂല്യം, സത്യം, നീതി, ഈശ്വരവിശ്വാസം, പരസ്പരാശ്രയത്വം, സ്വയംമതിപ്പ് ഇവയ്ക്കൊപ്പം കരുണയും സാമൂഹിക സേവന മനസ്ഥിതിക്കുതകുന്ന ചിട്ടയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിശീലിപ്പിക്കുകയും വേണം. നല്ല ആശയവിനിമയ വര്‍ത്തന ശൈലിയിലൂടെയാണ് വ്യക്തികള്‍ വളരേണ്ടതും വളര്‍ത്തേണ്ടതും. എഴുതപ്പെടാത്ത ഒരു നിയമാവലി കൃത്യമായി പാലിക്കുന്ന ഭവനങ്ങള്‍ എന്നും അനുഗ്രഹീതമായി നിലകൊള്ളും. വിലപ്പെട്ട സമയം ചാനലുകള്‍ക്കു മുന്നില്‍ ചടഞ്ഞിരുന്ന് വിലകുറഞ്ഞ വികലപ്രവണതകള്‍ക്ക് മാതൃകയാകാതെ പരസ്നേഹത്തിലും പ്രാര്‍ത്ഥനയിലും മക്കളെ വളര്‍ത്തി  സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രതിസന്ധികളെയും തിരിച്ചടികളെയും നേരിട്ടുകൊണ്ട് ദൈവാശ്രയത്തില്‍ വസിക്കുന്നവര്‍ക്ക് മനുഷ്യപ്രവര്‍ത്തിയിലെ വൈരുധ്യങ്ങള്‍ക്ക് മുമ്പില്‍ പതറിപ്പോകാനിടവരില്ല.

You can share this post!

നാലാം സ്ഥലം

ഫാ. ഷാജി സിഎംഐ
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts