news-details
കവർ സ്റ്റോറി

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ഒരു നീണ്ട യൂറോപ്യന്‍ യാത്രയുടെ ഭാഗമായി അസ്സീസിയില്‍ പോയത്. ആ യാത്രാവിവരണം ഇനിയും എഴുതിയിട്ടില്ല. അസ്സീസി യാത്രയെപ്പറ്റിയുള്ള കുറിപ്പുകള്‍ നോക്കി ഇതെഴുതുന്നു.

റോമിലെ മഗ്ലിയാനയില്‍ ഹംഗറിക്കാരായ കന്യാസ്ത്രീകള്‍ നടത്തുന്ന പെന്‍സിയോണെയിലാണ് -ഹോസ്റ്റലില്‍- എന്‍റെ താമസം. രാവിലെ അഞ്ചുമണിക്ക് മണിയടിച്ച് കന്യാസ്ത്രീ എന്നെ ഉണര്‍ത്തി. 5.50ന്‍റെ ബസില്‍ക്കയറി റെയില്‍വേസ്റ്റേഷനിലെത്തി. 7. 25നാണ് അങ്കോണയ്ക്കുള്ള വണ്ടി. ഇടയ്ക്കൊരു സ്റ്റേഷനില്‍ അസ്സീസിക്കു വണ്ടി മാറിക്കയറണം. മൂന്നുമണിക്കൂര്‍ ചില്ല്വാനമാണ് യാത്ര. സഹോദരി ചന്ദ്രനും സഹോദരന്‍ സൂര്യനും വേണ്ടി കവിതയെഴുതിയ സന്ന്യാസിയുടെ നഗരത്തിലേക്കുള്ള യാത്ര എന്‍റെ പഴയ ആഗ്രഹമായിരുന്നു. ഞാന്‍ വണ്ടിയുടെ ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്നു. ഉഴുതു കട്ടപൊട്ടിച്ചിട്ടിരിക്കുന്ന പരന്ന പാടങ്ങള്‍. ചക്രവാളത്തില്‍ ചെറുകുന്നുകള്‍. ഒരു നദി കടന്നു. പിന്നെയങ്ങോട്ട് തുരങ്കങ്ങളായി. ഒന്നു കഴിഞ്ഞാല്‍ ഉടനെ അടുത്തത് വന്നുകഴിഞ്ഞു. ഇടയ്ക്കൊരു അകലക്കാഴ്ച കിട്ടിയപ്പോള്‍ കാരണം മനസ്സിലായി. നിരനിരയായി കിടക്കുന്ന മലകള്‍ക്കു വിലങ്ങനെയാണ് തീവണ്ടിപ്പാത പോകുന്നത്. വണ്ടി അവസാനത്തെ തുരങ്കത്തില്‍നിന്നും തല പുറത്തേക്കു കാണിച്ചപ്പോള്‍ ചെറുമരങ്ങള്‍ നിറഞ്ഞ താഴ്വരയിലാണ് ഞങ്ങള്‍. പിന്നെ മേച്ചില്‍പ്പറമ്പുകളും ആടുമാടുകളും പ്രത്യക്ഷപ്പെട്ടു. ചോളം വിളഞ്ഞു നില്‍ക്കുന്നു. പെട്ടെന്നൊരു മൂടല്‍മഞ്ഞ് താണുവന്നു. അതില്‍നിന്ന് പുറത്തേക്കിറങ്ങിയത് ഉയരമില്ലാത്ത കുന്നുകളുടെയും താഴ്വരകളുടെയും നടുവിലേക്കാണ്. രണ്ട് നദികള്‍കൂടി കടന്നുപോയി. മുന്തിരിത്തോപ്പുകള്‍. കല്ലുകൊണ്ട് പണിത, തേക്കാത്ത ഗ്രാമീണഭവനങ്ങള്‍. ഇടയ്ക്കിടെ ധനികഭവനങ്ങളും. സ്പോളേറ്റോ സ്റ്റേഷന്‍ കഴിഞ്ഞ് മലകളുടെ ഉയരം കൂടുന്നു. മലഞ്ചെരുവുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഗ്രാമങ്ങള്‍ കാണാം. അടുത്ത പട്ടണം അകലെ കണ്ടു. ഒരു മലമുകളിലേക്ക് ചുവന്ന ഓടിട്ട മേല്‍ക്കൂരകളുമായി അത് അടുക്കടുക്കായി കയറിപ്പോകുന്നു. മണിമാളികകളും ഗോപുരങ്ങളും. അതാണ് എന്‍റെ ലക്ഷ്യസ്ഥാനം: അസ്സീസി. സ്റ്റേഷനില്‍നിന്ന് ബസിലാണ് അസ്സീസി മലമുകളിലേക്കുള്ള യാത്ര. പാതയ്ക്കിരുവശവും മുന്തിരിത്തോപ്പുകളും പാടങ്ങളും. പത്തുമിനിറ്റുകൊണ്ട് ബസ് പട്ടണത്തിന്‍റെ ചുവട്ടിലെ ഗോപുരവാതിക്കല്‍ എന്നെ ഇറക്കി. ഇനി മുകളിലേക്ക് നടന്നു കയറണം.

ഉള്ളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ നാം കാണുന്നത് മധ്യശതകങ്ങളില്‍ നിന്ന് പറിച്ചുനടപ്പെട്ട ഒരു പട്ടണമാണ്. കാരണം, സൂക്ഷ്മവും സമര്‍ത്ഥവുമായ പരിരക്ഷണം കൊണ്ട് 800 വര്‍ഷം മുമ്പ് ഫ്രാന്‍സിസിന്‍റെ കാലത്ത് അസ്സീസി എങ്ങനെയായിരുന്നോ ഏതാണ്ട് അങ്ങനെതന്നെ അതിനെ നിലനിര്‍ത്തിയിരിക്കുന്നു. കരകൗശലവസ്തുക്കടകളും റസ്റ്റോറന്‍റുകളും ഹോട്ടലുകളുമാണ് അവിടുത്തെ പ്രധാന വ്യവസായങ്ങള്‍. പക്ഷേ അവയെയെല്ലാം ഒരു പോറല്‍പോലുമില്ലാത്ത പ്രാചീന മുഖവാരങ്ങള്‍ക്കുള്ളില്‍ ഒതുക്കിയിരിക്കുന്നു. പുരാതനങ്ങളായ വീടുകളുടെ തുറന്നുകിടക്കുന്ന വാതിലുകളിലൂടെ നാം കാണുന്നത് ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളാണ്. വിനോദസഞ്ചാരികളുടെ തിക്കും തിരക്കും. കയറ്റങ്ങളുടെയും ഇറക്കങ്ങളുടെയും പട്ടണമാണ് അസ്സീസി. കഷ്ടിച്ച് ഒരു കാറിനു കടന്നുപോകാവുന്ന കല്ലുകള്‍ പാകിയ വളഞ്ഞുപുളഞ്ഞ ഊടുവഴികള്‍.  ഓരോ വളവു തിരിയുമ്പോഴും ഓരോ കയറ്റം കയറിച്ചെല്ലുമ്പോഴും പ്രത്യക്ഷപ്പെടുന്നത് അതിശയിപ്പിക്കുന്ന സൗന്ദര്യമുളള ദൃശ്യങ്ങളാണ്. ഉള്ളിലേയ്ക്കുള്ളിലേക്ക് കയറിച്ചെല്ലുമ്പോള്‍ സമ്പൂര്‍ണ വിജനം. കാറുകളില്ല, ആളുകളില്ല. അങ്ങുമിങ്ങും വെയില്‍ കായുന്ന ഓരോ വൃദ്ധര്‍. പ്രശാന്തി, സമാധാനം. ഇങ്ങനെയൊരു മനോഹരമായ പട്ടണത്തില്‍നിന്ന്  ഫ്രാന്‍സിസിനെപ്പോലെ നന്മനിറഞ്ഞ ഒരുവന്‍ വന്നതില്‍ എന്തത്ഭുതം എന്നു ഞാന്‍ ചിന്തിച്ചു.

തവിട്ടുനിറത്തിലുള്ള കരിങ്കല്ലുകൊണ്ടു പണിത വമ്പിച്ച പള്ളിക്കുള്ളിലൊരു ചെറിയ ചാപ്പലിലാണ് ഫ്രാന്‍സിസിന്‍റെ ശവകുടീരം. 1226 ഒക്ടോബര്‍ നാലിനാണ് ഫ്രാന്‍സിസ് മരിച്ചത്. 1228ല്‍അസ്സീസിയില്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. അതോടെ 'അത്ഭുത'ങ്ങളുടെ ഒരു പ്രളയംതന്നെയുണ്ടായി. 1230ല്‍, ഫ്രാന്‍സിസ് കണ്ടിരുന്നുവെങ്കില്‍ വിട്ടോടിപ്പോകുമായിരുന്നതുപോലെ വമ്പനായ ഒരു ദേവാലയത്തിലേക്ക് അദ്ദേഹത്തിന്‍റെ ശരീരാവശിഷ്ടങ്ങള്‍ മാറ്റി  ആര്‍ക്കും കണ്ടെത്താനാവാത്ത രഹസ്യമായ ഒരു കല്ലറയില്‍ സംസ്കരിച്ചു. 'അത്ഭുത'ങ്ങളുടെ കീര്‍ത്തികൊണ്ട് ഫ്രാന്‍സിസിന്‍റെ ശരീരം മോഷ്ടിക്കപ്പെട്ടേക്കാം എന്ന ഭയംകൊണ്ടാണ് അങ്ങനെ ചെയ്തത്. 1818ലാണ് ഭഗീരഥപ്രയത്നം നടത്തി അതു കണ്ടെത്തി ആളുകള്‍ക്ക് ദര്‍ശനത്തിനായി സ്ഥാപിച്ചത്. ഇന്നത് ഫ്രാന്‍സിസിന്‍റെ ലാളിത്യത്തിനിണങ്ങിയ ഒരു ശവമാടമായി കാണപ്പെടുന്നു. കാട്ടുകല്ലും കുമ്മായവും കൊണ്ടുള്ള ഒരു കെട്ടാണ് ശവപ്പെട്ടി. അതിന്‍റെ മുന്‍വശം തുറന്നതാണ്. അതിന്‍റെയുള്ളില്‍ ഫ്രാന്‍സിസിന്‍റെ മൃതശരീരം ആദ്യം അടക്കംചെയ്ത കല്ലുകൊണ്ടുണ്ടാക്കി ഇരുമ്പുകമ്പികള്‍ കെട്ടിയ ശവപ്പെട്ടി കാണാം. അതിനുള്ളിലാണ് ശരീരാവശിഷ്ടങ്ങള്‍. 1978ലാണത്രെ ഈ പുതിയ നിര്‍മ്മാണം നടത്തിയത്. അങ്ങനെ സഹോദരിയായ മരണത്തോടൊപ്പം മണ്ണിലും കല്ലിലും ശയിക്കാനുള്ള ഫ്രാന്‍സിസിന്‍റെ ആഗ്രഹം സാധിച്ചു.

ആരായിരുന്നു ഫ്രാന്‍സിസ് എന്നുള്ള ചോദ്യത്തിന് ഉത്തരം ഇതായിരിക്കാം:  അദ്ദേഹം യേശുവിന്‍റെ വാക്കുകളെ വിശ്വാസത്തിലും പ്രവൃത്തിയിലും അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തി ജീവിക്കാന്‍ ശ്രമിച്ച ഒരു  മനുഷ്യസ്നേഹിയും സകല ജീവജാലസ്നേഹിയുമായിരുന്നു. ഒപ്പം ക്രിസ്തുദര്‍ശനത്തിലുറപ്പിച്ച തന്‍റെ വ്യത്യസ്തമായ ജീവിതത്തിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം മധ്യശതകങ്ങളിലെ യൂറോപ്യന്‍ ക്രൈസ്തവ സഭയോടുള്ള തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തുകയുമായിരുന്നു. മാര്‍പാപ്പാമാര്‍തന്നെ സൈന്യാധിപന്മാരായി പടയോട്ടം നടത്തുകയും വിശ്വാസത്തിന്‍റെ നാമത്തിലും രാഷ്ട്രീയാധികാരത്തിനുവേണ്ടിയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു അത്. സഭയുടെ ഉന്നതശ്രേണികള്‍ അധികാരാര്‍ത്തിയിലും സുഖലോലുപതയിലും അക്രൈസ്തവമായ നിലപാടുകളിലും ആഴ്ന്നിരുന്നു. അതിനെതിരെയുള്ള ഒരു ജീവിതമാതൃകയും പ്രവര്‍ത്തനപദ്ധതിയുമാണ് ഫ്രാന്‍സിസ് യേശുവിന്‍റെ വാക്കുകളെ അക്ഷരംപ്രതി പിന്‍തുടര്‍ന്നുകൊണ്ട് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചത്. ഫ്രാന്‍സിസിന്‍റെ ശ്രമങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതകാലത്തുതന്നെ പരാജയപ്പെട്ടു. സ്വന്തം പേരില്‍ ഒരു സഭ ഉണ്ടായിവരികയും അതു വളര്‍ന്ന് ശക്തിപ്രാപിക്കുകയും ചെയ്തതോടെ, ആ സഭ ഫ്രാന്‍സിസിന്‍റെ ആദര്‍ശങ്ങള്‍ക്കനുസൃതമല്ലാത്ത വിധം ഔദ്യോഗികവും സംഘടിതവും മാനുഷികമുഖം നഷ്ടപ്പെട്ടതുമായിത്തീര്‍ന്നു. ഫ്രാന്‍സിസ് തന്നെ അതിനു പുറത്തായതുപോലെ ഒരു അവസ്ഥാവിശേഷമുണ്ടായി. പക്ഷേ അദ്ദേഹത്തിന്‍റെ മാനുഷികാദര്‍ശങ്ങള്‍ ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെട്ടു. ഇന്നും, യേശുവിന്‍റെ വാക്കുകള്‍ പോലെ, ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ മനുഷ്യനും പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും സമാധാനത്തിനും സാഹോദര്യത്തിനും ത്യാഗമനസ്ഥിതിക്കുംവേണ്ടി മനുഷ്യഹൃദയങ്ങളില്‍ മുഴങ്ങുന്നു.  

അസ്സീസിയുടെ മതില്‍ക്കെട്ടുകളില്‍നിന്ന് പുറത്തേക്കു നോക്കുമ്പോള്‍ ഫ്രാന്‍സിസ് എന്നുംതന്നെ കണ്ടിരിക്കാവുന്ന ആകാശവും ഭൂമിയും കണ്ടു. വെള്ളമേഘങ്ങള്‍ ഓടുന്ന നീലാകാശം. കുന്നുകളിലും താഴ്വരകളിലുമായി തവിട്ടുമണ്‍നിറം പൂണ്ട് പരന്നുകിടക്കുന്ന കൃഷിസ്ഥലങ്ങള്‍. കര്‍ഷകഭവനങ്ങള്‍. ചക്രവാളത്തില്‍ ഒന്നുരണ്ടു മലകള്‍ അസ്സീസിയോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്നു. താഴെ ഉഴുതുകൊണ്ടിരിക്കുന്ന ട്രാക്ടറിന്‍റെ ശബ്ദം മുകളിലേക്ക് കയറിവരുന്നു. (ഇത് ഫ്രാന്‍സിസ് കേട്ടിട്ടുണ്ടാവുകയില്ല.) ഒരു കോഴി താഴെ വീണ്ടും വീണ്ടും കൂവുന്നു. പട്ടികള്‍  കുരയ്ക്കുന്നു.  ഇതേ ശബ്ദങ്ങളും കാഴ്ചകളുമൊക്കെയാവും പക്ഷിയുടെയും മൃഗത്തിന്‍റെയും കീടത്തിന്‍റെയും പൂക്കളുടെയും സഹോദരന്‍ കണ്ടതും കേട്ടതും - യന്ത്രങ്ങളെ ഒഴിച്ചാല്‍.

പിന്നെയും മലകയറി ഒത്ത ഉച്ചിയിലുള്ള റോക്കോ മഗ്ഗിയോര്‍ എന്ന മദ്ധ്യശതക ജര്‍മ്മന്‍ കോട്ടമുറ്റത്ത് എത്തുന്നു. നാലുചുറ്റും പെറൂജിയ പ്രവിശ്യയുടെ സൗന്ദര്യങ്ങള്‍ വലയം ചെയ്യുന്നു. കല്ലുപാതകളിലൂടെ വളഞ്ഞും തിരിഞ്ഞുമിറങ്ങി ഞാന്‍ വീണ്ടും ഫ്രാന്‍സിസിന്‍റെ പള്ളിമുറ്റത്തെത്തി.  സ്റ്റേഷനിലേക്ക് നടന്നുപോകാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. കാരണം അതായിരുന്നു ഫ്രാന്‍സിസും നഗരവാസികളും അന്ന് വരികയും പോകുകയും ചെയ്തിരുന്ന വഴി. താഴുന്ന സായാഹ്നവെയിലില്‍ അസ്സീസി കുന്നിറങ്ങി കാട്ടുപറമ്പുകളിലൂടെയും ഉഴുതിട്ട വയല്‍വക്കുകളിലൂടെയും ഇടവഴികളിലൂടെയും സ്റ്റേഷനിലേക്കുള്ള മൂന്നുകിലോമീറ്റര്‍ നടന്നു. യാതൊരു അന്യത്വവും തോന്നിയില്ല. വീട്ടുവളപ്പുകളില്‍ കോഴികള്‍ ചികയുന്നു; പൊരുന്നയിരുന്ന് കൊക്കുന്നു. പട്ടികള്‍ കുരച്ചുകൊണ്ട് തുടല്‍ പറിക്കാന്‍ ശ്രമിക്കുന്നു. മുറ്റത്തിട്ടിരിക്കുന്ന കുട്ടിഫിയറ്റുകാറുകള്‍ മറന്നാല്‍, പാലയിലെയോ പാലക്കാട്ടെയോ പറമ്പുകളിലൂടെ കുറുക്കുവഴിയെടുക്കുന്ന പ്രതീതി. വഴിയോരത്ത് പൂക്കള്‍ അങ്ങനെതന്നെ ഉണങ്ങിനില്‍ക്കുന്നു. ഞാനവയില്‍ ചിലതൊടിച്ച് പൂക്കുലയാക്കി കെട്ടിക്കൊണ്ട് ഫ്രാന്‍സിസ് അനേകായിരം തവണ കണ്ട അസ്തമിക്കുന്ന സൂര്യനു നേരെ നടന്നു. സൂര്യന്‍റെ അവസാനത്തെ പ്രകാശം വീണ് സന്ധ്യയിലേക്ക് മായുന്ന അസ്സീസിയിലേക്ക് ഇടയ്ക്കെല്ലാം തിരിഞ്ഞുനോക്കി. പെട്ടെന്ന് ഒരു വീട്. അതിന്‍റെ ഭിത്തിയില്‍ ഫ്രാന്‍സിസ് രോഗിയായി ഭിത്തിയില്‍ ചാരിയിരിക്കുന്ന ശില്പം. ഇവിടെയായിരുന്നു ഫ്രാന്‍സിസ് മരണാവസ്ഥയില്‍ അസ്സീസിയിലേക്കു വരവേ മഞ്ചം ഇറക്കി വിശ്രമിച്ചതും തന്‍റെ പ്രിയപ്പെട്ട  അസ്സീസിയെ നോക്കി അനുഗ്രഹിച്ചതും. അവിടെ അല്പസമയം ഞാന്‍ അസ്സീസിയിലേക്കു നോക്കി നിന്നു; ഫ്രാന്‍സിസിനെ ഓര്‍ത്തുകൊണ്ട്. എന്നിട്ട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള എന്‍റെ യാത്ര തുടര്‍ന്നു. 

You can share this post!

നാലാം സ്ഥലം

ഷാജി സി എം ഐ
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts